ഉപേക്ഷിക്കപ്പെട്ട ഒരാൾ

സ്റ്റേജിൽ‍ ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. ആളുകൾ‍ വരാൻ‍ തുടങ്ങിയിട്ടേ ഉള്ളൂ. സംഘാടകർ‍ നിറഞ്ഞ സന്തോഷത്തോടെ എന്നെ സ്വീകരിച്ചിരുത്തിയതിന് ശേഷം മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞു. വിശാലമായ ഹാളിലെ സ്റേറജിൽ മഹാബഹളത്തിലെ ചെറു മൗനമായി ഞാനിരുന്നു.

സ്റേറജ് വളരെ വലുതായിരുന്നു. അതിൽ പത്തു മുപ്പതു കസേരകൾ നിരത്തിയിട്ടുണ്ട്. ഒരു പക്ഷെ, കാണികൾക്കുള്ളതിനേക്കാളും കസേരകൾ സ്റ്റേജിലാണുള്ളത് എന്ന് തോന്നും അതൊക്കെ കാണുമ്പോൾ. മുൻ‍ നിരയിൽ ഒക്കെ നല്ല കസേരകൾ അവ ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. അവ സമ്മേളനം ഉൽഘാടനം ചെയ്യാൻ‍ വരുന്ന വി ഐ പിക്കും അത് പോലെ മറ്റ് പ്രധാനികൾക്കുമുള്ളതായിരിക്കും. അതിനു പിറകിൽ‍ ചെറിയ കസേരകളാണ്. മുന്നിലത്തെ വലിയ കസേരകളുടെ മറവിൽ അവ നാണിച്ചിരിക്കുന്നതായി എനിക്ക് തോന്നി. സംഘാടകർ എന്നെ ഇരുത്തിയത് അത്തരം ഒരു ചെറിയ കസേരയിലാണ്. രണ്ടാം നിരയിലെ ഏകദേശം മധ്യത്തിലുള്ള കസേരയിൽ‍. അവയ്ക്ക് പിന്നിൽ‍ പിന്നെയും രണ്ടു നിര കസേരകൾ‍ കൂടി ഇട്ടിട്ടുണ്ട്. അവക്കെല്ലാം രണ്ടാം നിരയിലുള്ള കസേരയുടെ വലിപ്പം മാത്രമേ ഉള്ളൂ. അവ പൊടി പിടിച്ച് വൃത്തിഹീനമായി കിടന്നു.

നിരവധി കസേരകൾ ഉണ്ടായിരുന്നെങ്കിലും അവയിലൊന്നും ആരുമുണ്ടായിരുന്നില്ല. അതിഥികൾ വന്ന് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. കാലം തെറ്റിയ ഒരതിഥിയായി ഞാൻ മാത്രം കസേരകളുടെ ഒരു മഹാവനത്തിൽ‍ കുടുങ്ങിയ ഒരാളെപ്പോലെ ആരെയോ കാത്തിരുന്നു. കസേരകളുടെ ആ കൊടും വനത്തിൽ എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി. സംഘാടകരിലൊരാൾ എന്റെ വെപ്രാളം കണ്ടിട്ടാവും അരികിൽ‍ വന്നു വെള്ളം വേണോ എന്ന് ചോദിച്ചു. വേണ്ട എന്ന് പറഞ്ഞപ്പോള്‍ ഉടനെ പോവുകയും ചെയ്തു.

അപ്പോഴേക്കും കുടുംബങ്ങൾ വന്ന് തുടങ്ങിയിരുന്നു. അവരോടൊപ്പം അവരുടെ കുട്ടികളുമുണ്ടായിരുന്നു. കുട്ടികളൊക്കെ ഒഴിഞ്ഞ ഹാളിൽ‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത് തുടങ്ങി. ഹാൾ വളരെ വലുതായിരുന്നു. അത് കൊണ്ട് കുട്ടികൾക്ക് കളിക്കാൻ ഇഷ്ടം പോലെ സ്ഥലമുണ്ടായിരുന്നു.

സംഘടനയുടെ രജത ജൂബിലി ആഘോഷത്തിന്റെ സമാപനമാണ് ഇന്ന്. ഒരു വർഷമായി നടന്നു വരുന്ന ആഘോഷങ്ങൾ ഇന്ന് ഈ സമ്മേളനത്തോടെ അവസാനിക്കും. സമ്മേളനത്തിൽ ആദ്യകാലപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങുണ്ട്. അതിനാണ് എന്നെ ഇവിടെ വിളിച്ച് വരുത്തിയിരിക്കുന്നത്. എന്നെ മാത്രമല്ല എനിക്കു ശേഷവും മുൻപും പ്രവർത്തിച്ച എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടത്രെ. അവരൊക്കെ ഇപ്പോൾ എത്തുമായിരിക്കും.

സമ്മേളനം തുടങ്ങാൻ ഇനിയും കുറെ സമയമെടുക്കും എന്നാണ് തോന്നുന്നത്. പ്രധാന അതിഥി ഏതോ വലിയ എഴുത്തുകാരനാണ്. അയാൾക്ക്‌ അന്ന് നിരവധി പരിപാടികളിൽ പങ്കെടുക്കേണ്ടതായിട്ടുണ്ട്. അതിൽ അത്ര തന്നെ പ്രധാനപ്പെട്ടതല്ല ഈ പരിപാടി. പിന്നെ സംഘാടകരുടെ നിർബന്ധത്തിന് വഴങ്ങി എന്ന് മാത്രം. രാഷ്ട്രീയ ഇടപെടലുകളെ ഭയക്കാത്ത ഏത് എഴുത്തുകാരനാണുള്ളത്. അവാർഡുകൾ, കമ്മിറ്റി അംഗം, ഫെലോഷിപ്പ് തുടങ്ങി നിരവധി സ്ഥാനങ്ങൾ നിശ്ചയിക്കുന്നത് അവരല്ലേ.

എനിക്ക് വല്ലാത്ത മടുപ്പ് തോന്നിത്തുടങ്ങി. ആർക്കും വേണ്ടാത്ത ഒരു വയസ്സൻ പട്ടിയെപ്പോലെ വലിയ സ്റ്റേജിലെ കസേരക്കൂട്ടങ്ങൾക്കിടയിൽ ഞാൻ നാണിച്ചിരുന്നു. ഒരു സമ്മേളനത്തിനും കൃത്യസമയത്ത് എത്തരുത് എന്ന പാഠം ഞാൻ മറന്ന് പോയിരുന്നു. അത് കൊണ്ട് അസമയത്ത് എത്തിയ വിഡ്ഢിയായ ഒരു മനുഷ്യണെ പോലെ ഞാൻ കസേരകളുടെ തടവറയിൽ കുരുങ്ങിക്കിടന്നു. ഒരു രക്ഷകനെയാണ് ഞാൻ അപ്പോൾ ആഗ്രഹിച്ചത്.

എല്ലാ മനുഷ്യർക്കും തിളക്കത്തിന്റെയും ഇരുളിന്റെയും അവസ്ഥകളിലൂടെ കടന്നു പോകേണ്ടതായിട്ടുണ്ട്. തിളക്കത്തിൽ ചുറ്റും അനുയായികളുടെയും ആരാധകരുടെയും അവസാനിക്കാത്ത വൃത്തങ്ങളിലൂടെയായിരിക്കും നമ്മുടെ യാത്ര. പിന്നീടെപ്പോഴെങ്കിലും തിളക്കം കെട്ടടങ്ങുകയും ഇരുളിന്റെ പാളികൾ നമ്മെ കീഴടക്കുകയും ചെയ്യും. അഡോൾഫ് ഹിറ്റ്ലറെ കുറിച്ചുള്ള പ്രശസ്ത സിനിമ “ഡൗൺഫാൾ” കാണുന്നവർക്കു അതു ബോധ്യമാവും. അധികാരത്തിന്റെ എത്ര വലിയ ശിഖരത്തിൽ നിന്നുമാണ് മരണത്തിന്റെ പടുകുഴിയിലേക്ക് അയാൾ തകർന്നു വീണത്. ഒരു കാലത്ത് അയാൾക്ക് മുൻപിൽ ഒച്ഛാനിച്ചു നിന്നവർ ഒരു അനുഭാവവും കാണിക്കാതെ മുഖം തിരിച്ച് കടന്നു പോയപ്പോൾ മരണമല്ലാതെ മറ്റെന്താണ് അയാൾക്ക് മുന്നിൽ അവശേഷിക്കുന്നത്? അധികാരത്തിൻറെ കൊടുമുടികളിൽ വിരാജിക്കുന്ന പലർക്കും ഈ സത്യം പിന്നീടാണ് ബോധ്യപ്പെടുക.

പഴയ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങുകൾ ഞാൻ കാണുന്നത് ഇപ്പോൾ മാത്രമല്ല, പക്ഷെ അതിലൊരാ‍ളാകുന്നത് ആദ്യമായിട്ടാണ്. ഇത്തരം ചടങ്ങുകളിൽ പിൻ നിരയിലിരുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. അന്നൊക്കെ അവർക്ക് അത് വലിയ ഒരു സമ്മാനമായിട്ടായിരുന്നു എനിക്ക് തോന്നിയിരുന്നത്. പക്ഷെ ഇന്ന് ആ സ്ഥാനത്ത് വന്നപ്പോഴാണ് അതിന്റെ നൊമ്പരം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. അവരൊക്കെ അന്ന് മുഖത്ത് കാണിച്ച ആ ആഹ്ളാദം വെറും അഭിനയം മാത്രമായിരുന്നു എന്നും അവരുടെയൊക്കെ മനസ്സിൽ അലയടിച്ചിരുന്നത് അധമബോധമായിരുന്നെന്നും ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത്. സംഘാടകരുടെ നിർബന്ധത്തിന് വഴങ്ങിയാവും അവരൊക്കെ അവിടെ ഇരുന്നിട്ടുണ്ടാവുക എന്ന് എനിക്ക് തോന്നി.

പതുക്കെ പതുക്കെ ആളുകള്‍ വരാൻ തുടങ്ങി. ഹാളും സ്റേറജും സാവകാശം ആളുകളെ കൊണ്ട് നിറഞ്ഞു. അവരോടൊപ്പം അതിഥികളും എത്തിത്തുടങ്ങി. സംഘാടകർ അവരെ എന്നെ പോലെ തന്നെ നിരത്തിയിട്ട കസേരകളിൽ ആദരപൂർവം കൊണ്ടു വന്നിരുത്തി. അവരിൽ ചിലരെയൊക്കെ എനിക്ക് പരിചയമുണ്ടായിരുന്നു. പലപ്പോഴായി സംഘടനയെ നയിച്ചവരായിരുന്നു അവരിൽ മിക്കവരും. അവരുമായി ഞാൻ സൗഹൃദം പുതുക്കുകയും പരിചയമില്ലാത്തവരെ പരിചയപ്പെടുകയും ചെയ്തു. വീണ്ടും മുള്ളുകൾ നിറഞ്ഞ ഏകാന്തത എന്നെ തേടി വന്നു.

അപ്പോൾ ഒരു ആരവം ഉയർന്നു. ആളുകൾ ഭക്തിയോടെ എഴുന്നേറ്റ് നിന്നു. സംഘാടകർ ആവേശത്തോടെ പുറത്തേക്ക് പാഞ്ഞു. അവർ ഒരാളെ ആദരവോടെ സ്റ്റേജിലേക്ക് ആനയിച്ചു കൊണ്ടു വന്നു. അദ്ദേഹത്തെ എനിക്കറിയാമായിരുന്നു. പ്രശസ്തനായ ഒരു എഴുത്തുകാരനായിരുന്നു അത്. അദ്ദേഹത്തിന്റെ ഒരു കഥക്ക് വേണ്ടി പത്രാധിപന്മാർ അദ്ദേഹത്തിന്റെ വീട്ടിനു മുൻപിൽ ക്യൂ നിൽക്കുന്ന കാലം. സംഘാടകർ അദ്ദേഹത്തെ ആദരപൂർവം സ്റ്റേജിൽ കൊണ്ട് വന്ന് ഇരുത്തി. ഉടനെ യോഗം തുടങ്ങുകയും ചെയ്തു.
ചെത്തി മിനുക്കിയ പൊള്ളയായ വാക്കുകളും ആശംസകളും ചുറ്റും വീണു ചിതറി. പഴയ സഹപ്രവര്‍ത്തകർ അവരുടെ സ്നേഹവായ്പുകൾ പങ്കു വെച്ചു. മുഖ്യാഥിതിയെ കുറിച്ചുള്ള പൊള്ളയായ വാക്കുകൾ ഹാളിൽ വീണ് ഞരങ്ങി.

പെട്ടെന്നു എനിക്ക് വല്ലാതെ ഓക്കാനം വന്നു. എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനു മുൻപെ ഞാൻ പെട്ടെന്നു ഛർദ്ദിച്ചു. അത് എന്റെ നേരെ മുന്നിൽ ഇരിക്കുന്ന വിശിഷ്ടാഥിതിയുടെ തലയിലോടെ താഴേക്കു ഒലിച്ചിറങ്ങുന്നത് ഒട്ടൊരു തമാശയോടെ ഞാൻ നോക്കി നിന്നു.

പയ്യന്നൂർ സ്വദേശി . ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയി റിട്ടയർ ചെയ്തു. ഒരു കഥാപുസ്തകം പുറത്തിറക്കിയിട്ടുണ്ട്.