ഉപരോധം(നോവൽ)

ചരിത്രത്തിന്റെ ഇടനാഴികളില്‍ പതിഞ്ഞിട്ടും പതിയാതെ പോയ ചരിത്രമാണ് കാലം കീഴാളനെന്ന് അടയാളപ്പെടുത്തുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതം. അധികാരത്തിന്‍റെയും വര്‍ഗ്ഗ,വര്‍ണ്ണ ബോധത്തിന്റെയും അഹംഭാവത്താല്‍ മനുഷ്യര്‍ പരസ്പരം അവയെ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്തു. “തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍. കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ ഒട്ടല്ലഹോ! ജാതിക്കോമരങ്ങള്‍” എന്ന്‍ കവി വിലപിച്ചത് കേരളത്തിന്റെ അവസ്ഥയില്‍ മനം നൊന്തായിരുന്നല്ലോ. കാലം കഴിഞ്ഞു പോയിട്ടും അതിനൊട്ടും വ്യത്യാസം സംഭവിച്ചില്ല . “തങ്ങളില്‍ തങ്ങളില്‍ മുഖത്ത് തുപ്പും പിന്നെ നമ്മളൊന്നെന്ന് ചൊല്ലും ചിരിക്കും” എന്ന തലത്തിലേക്ക് എത്തിയതേയുള്ളൂ ഇന്നും മനുഷ്യര്‍ എന്ന് ആധുനിക കവി വാക്യം സൂചിപ്പിക്കുന്നു . മണ്ണിന്റെ മണമുള്ള എഴുത്തുകള്‍ സാഹിത്യത്തില്‍ അധികം സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു . കറുത്ത മനുഷ്യരുടെ കവിതകള്‍ എന്നൊരു സമാഹാരം സച്ചിദാനന്ദന്‍ മാഷ് ക്രോഡീകരിച്ചത് ആഫ്രിക്കന്‍ ജനതയുടെ കവിതകള്‍ സമാഹരിച്ചാണ് . കേരളത്തില്‍ കര്‍ഷകരുടെ ഇടയില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കവിതകളോ കഥകളോ സമാഹരിക്കാന്‍ കഴിയാതെ പോയത് ഇവിടെ സാഹിത്യ വാസന ഉള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല അവരെ കണ്ടെത്താന്‍ യാത്ര ചെയ്യാനോ അവ സമാഹരിക്കാനോ ആര്‍ക്കും മനസ്സുണ്ടാകാഞ്ഞിട്ടാകാം. ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ വായിച്ചു നെടുവീര്‍പ്പിടുന്ന മനുഷ്യരില്‍ പോലും മനസ്സില്‍ നിന്നും തങ്ങളുടെ ജാതീയത തുടച്ചു നീക്കാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗവും . 

സി വി ബാലകൃഷ്ണന്റെ “ഉപരോധം” എന്ന നോവല്‍ ഇത്തരത്തില്‍, ജീവിച്ചിരുന്നിട്ടും അടയാളപ്പെടുത്താതെ പോയ അടിയാളരുടെ ചരിത്രമാണ് എന്നു പറയാം . കാല്‍പനികത ഒട്ടും തന്നെ ഇല്ലാതെ ഒരു കാലത്തിന്റെ ചരിത്രത്തെ രാമനിലൂടെയും കോടിയാനിലൂടെയും സി വി അവതരിപ്പിക്കുമ്പോള്‍ പറഞ്ഞെഴുതിക്കപ്പെട്ട ചരിത്രങ്ങള്‍ കളവ് പറയുമ്പോഴും കേള്‍വിയിലും നേര്‍ചരിത്രങ്ങളിലും നിറയുന്ന  സംഭവങ്ങളെ കോര്‍ത്തിണക്കാനും മനസ്സിലാക്കാനും വായനക്കാരന് എളുപ്പം കഴിയുന്നു . ഒരു കാലത്ത് നമ്മുടെ സമൂഹം എങ്ങനെയാണ് നമ്മുടെ സഹജീവികളോട് പെരുമാറിയിരുന്നതെന്ന് അറിയാന്‍ കഴിയുന്നു . അടുത്തിടെ ഒരു വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നും ഉണ്ടായിരുന്നു. ഗ്രാമത്തിലെ പൊതുകിണറില്‍ നിന്നും വെള്ളം എടുക്കുകയോ അതിന്റെ സമീപത്ത് വരികയോ ചെയ്താല്‍ ഉള്ള ശിക്ഷാവിധിയും പിഴകളും വിശദീകരിക്കുന്ന ഒരു വിളംബരം നടത്തപ്പെട്ടത്. അത് നടത്തിയതാരാണ് എന്നതാണു കൂടുതല്‍ കൌതുകകരമായ വസ്തുത. അതേ പതിതരായ മനുഷ്യരില്‍ നിന്നൊരാളെ കൊണ്ടാണ് ഈ വിളംബരം നടത്തപ്പെട്ടത്. ഇന്നത് വായിക്കുമ്പോള്‍, കേള്‍ക്കുമ്പോള്‍ ഒട്ടും അതിശയോക്തി തോന്നാത്തത്തിന് കാരണം നമ്മുടെ ചരിത്രവും അങ്ങനെ തന്നെയാണല്ലോ എന്ന അറിവിനാല്‍ ആണ് . ബ്രാഹ്മണ്യം തങ്ങളുടെ ശാസനകള്‍ നടപ്പില്‍ വരുത്തിയിരുന്നത് നായര്‍ പടയാളികളിലൂടെ ആയിരുന്നെങ്കില്‍, നായര്‍ പ്രമാണികള്‍ ശാസനകള്‍ നടപ്പില്‍ വരുത്തിയിരുന്നത് അടിയാളരെ കൊണ്ടാണ് . ഇന്നും ജന്‍മാഷ്ഠമിക്ക് മാത്രം കോളനികളില്‍ പോയി കറുത്ത മക്കളെ കൃഷ്ണനാക്കി ശോഭായാത്ര ഒരുക്കുന്ന ആള്‍ക്കാരെ കാണാമല്ലോ നമുക്കിടയില്‍ . പറമ്പിലും പാടത്തും പണിയെടുക്കുന്ന പുലയരെക്കൊണ്ടാണ് അധികാരികള്‍ കോടിയാനെയും രാമനെയും മര്‍ദ്ദിക്കുന്നതും, അടിയാളന്മാരെ കൊല്ലുന്നതും. ഒരു വേള ഈ കൂലിപ്പണിക്കാര്‍, തങ്ങള്‍ ഇത് ചെയ്യില്ല എന്നും അവരും ഞങ്ങളുടെ രക്തമാണെന്നും ചിന്തിക്കുകയും, അടിമപ്പണി മതിയാക്കി, തല്ലാന്‍ പറയുന്നവനെ തിരിച്ചു തല്ലാനും ഒരുങ്ങിയിരുന്നെങ്കില്‍ ചരിത്രം ഇത്ര ക്രൂരതയുള്ളതാകുമായിരുന്നോ? പക്ഷേ അതിനു പിന്നേയും കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നുവല്ലോ.

വഴി മാറാതിരുന്നതിന് കോടിയോനെ തല്ലാന്‍ വന്ന ജന്‍മിയുടെ അംഗരക്ഷകരെ തല്ലിക്കൊണ്ടു കോടിയാനും, ചീലപ്പെണ്ണിനെ മാനഭംഗപ്പെടുത്താന്‍ വന്ന അധികാരിയെ പൊതിരെ തല്ലിക്കൊണ്ട് രാമനും തുടക്കമിട്ട വിപ്ലവം അടിയാളരില്‍ ഉണ്ടാക്കിയ സമ്മിശ്ര വികാരങ്ങളും വിചാരങ്ങളും ആണ് പിന്നെ ആ ഗ്രാമം കാണുന്നത്. ഒരിടത്ത് കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ പ്രാപിച്ചു കടന്നു പോയ അധികാരിയെ ചോദ്യം ചെയ്യാന്‍ ചെന്ന അടിയാന്‍ മരിച്ചു വീണപ്പോള്‍ അവസാനങ്ങളില്‍ മറ്റൊരിടത്ത്, സ്വന്തം വധുവിനെ തൊടാന്‍ വന്ന അധികാരിയുടെ മുഖത്ത് ഒരിയ്ക്കലും മായാത്ത ഒരു മുറിവ് നല്കിയ അടിയാളന്‍റെ പരിണാമത്തെ കാണാന്‍ കഴിയും. കോടിയോനെ കൊന്നതു കണ്ടത് കോടതിയില്‍ തെളിവ് കൊടുക്കുമ്പോള്‍ പുതിയ തലമുറ ഭയം നിറഞ്ഞിട്ടാണെങ്കിലും സത്യങ്ങള്‍ വിളിച്ച് പറയുമ്പോള്‍ കോടിയാന്റ് ഭാര്യ അധികാരി വര്‍ഗ്ഗം പഠിപ്പിച്ചത് പറഞ്ഞുകൊണ്ട്  കാലത്തിനു മുന്നില്‍ പഴമയുടെയും പുതുമയുടെയും രണ്ടു മുഖങ്ങളെ വരച്ചുകാട്ടുന്നു . നോവല്‍ എന്നതിനുപരി ഒരു ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ ആയി വായിച്ചു പോകാന്‍ കഴിഞ്ഞ ഈ നോവല്‍, പക്ഷേ അതിന്റെ ഭാഷയില്‍ ചില കല്ലുകടികള്‍ സമ്മാനിച്ചു . ആദിയില്ല അന്തമില്ലാ എന്നു പറയുമ്പോലെ വിഷയങ്ങളെ തൊട്ടും തൊടാതെയും പറയാനുള്ള ഒരു ശ്രമം പലയിടത്തും തോന്നിച്ചതാണത്. വായനക്കാര്‍ കൂട്ടിയോജിപ്പിച്ചു മനസ്സിലാക്കട്ടെ അല്ലെങ്കില്‍ അവര്‍ ഊഹിച്ചുകൊള്ളട്ടെ എന്നൊരു അലംഭാവം അവിടെയൊക്കെ അനുഭവപ്പെട്ടതൊഴിച്ചാല്‍ നല്ലൊരു നോവല്‍ വായന സമ്മാനിച്ചു ഉപരോധം .

ഉപരോധം(നോവൽ)
സി.വി.ബാലക്രിഷ്ണൻ
പ്രഭാത് ബുക്ക് ഹൌസ്
വില. 60 രൂപ

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.