ചിന്തകൾ കാട് കയറിയപ്പോഴാണ് പേപ്പറും പേനയുമെടുത്തയാളിരുന്നത്. ക്ഷമിക്കണം, സാംസങ്ങ് നോട്ട്സും ചൂണ്ട് വിരലുമെടുത്ത്. കുറച്ച് പഴക്കമുള്ള ജെനുസ്സാണെങ്കിലും താൻ ന്യൂജെൻ തലമുറയിൽ പെട്ടതാണെന്ന് സ്വന്തത്തോട് ഇടക്കിടക്കയാൾ ബോധ്യപ്പെടുത്തിക്കൊടുക്കാറുണ്ട്.
ന്യൂജെൻ ഫീലിന് വേണ്ടി കുറച്ച് കസർത്തുകളൊക്കെ ഒപ്പിക്കാറുമുണ്ട് ടിയാൻ. ഫോർ എക്സാംബ്ൾ, മുണ്ടും ഷർട്ടും വല്ലപ്പോഴുമാക്കി, സ്ഥിരം ജീൻസും ടീഷർട്ടും എന്നതിലേക്ക് വസ്ത്രധാരണം മാറ്റി. പിന്നെ, മൊബൈൽ കപ്പാസിറ്റി 128GB യിൽ നിന്ന് 586GB യുള്ളതും ഫ്രണ്ട് കേമറയുടെ കപ്പാസിറ്റി 2MB യിൽ നിന്ന് 13MB യുള്ളതുമായ പുതിയ ഫോൺ വാങ്ങി. പശുക്കുഞ്ഞും കയറും കണക്കെ വർത്തിച്ചിരുന്ന ഇയർഫോൺ മാറ്റി, ചെവിട്ടിൽതിരുകി വെച്ച് ടുംടും എന്ന് രണ്ട് മുട്ട് കിട്ടിയാൽ ഓണാകുന്ന “ഇയർപോഡ്” ആക്കി. അങ്ങനെ കുറേകാര്യങ്ങൾ..
സിറ്റൗട്ടിലെ ചാരുകസേരയിൽ ഗമയിലിരുന്ന് സാംസങ്ങ് നോട്ട്സിലെ കാറ്റഗറിയിൽ കൊത്തി ‘ഷോർട്ട് സ്റ്റോറീസിൽ’ വീണ്ടും തോണ്ടി പുതിയൊരു പേജെടുത്തു. ആദ്യം തന്നെയൊരു തലക്കെട്ട് കൊടുക്കണം.. ബോഡിയില്ലാതെ ഹെഡ്ഡാദ്യം കൊടുക്കുന്നതിലെ അസാംഗത്യം അലട്ടിയെങ്കിലും പലകുറിയീ ട്രിക്ക് വിജയിച്ചിട്ടുണ്ടെന്നതാണയാൾക്കൊരു പ്രചോദനമായത്. പക്ഷേ തലക്കെട്ട് മാറിമറിക്കൊടുത്തിട്ടും തൃപ്തി വരുന്നില്ല. ചില സമയങ്ങളിൽ താൻ നല്കുന്ന തലക്കെട്ടുകൾ കാണുമ്പോൾ അയാൾക്ക് സ്വന്തം തലക്കിട്ടൊന്ന് കൊട്ടാൻ തോന്നാറുണ്ട്.
ഇന്നെന്തായാലും കട്ടക്കലിപ്പിലാണ് തുടക്കം.. ത്രെഡ് കുരുങ്ങാതെയുള്ള ഈ ഇരുത്തത്തിൻ്റെ അന്തർധാര അത്രക്ക് സജീവമല്ലാത്തതായി അയാൾക്ക് തോന്നി.
എന്തായാലും ഉറക്കം ന്യൂജെൻ കമിതാക്കളെ പോലെ ‘വിതിൻ നോ ടൈം’ തല്ലിപ്പിരിഞ്ഞിരിക്കുന്നു. ത്രെഡ് സ്റ്റോക്കില്ലെങ്കിലും ഒന്നുണ്ടാക്കിയിട്ട് തന്നെ കാര്യമെന്ന് നിനച്ച് അയാൾ കാലുകളെടുത്ത് അട്ടത്ത് വെച്ചു. അതങ്ങനെയാണ്, തൂക്കണാം കുരുവി സ്റ്റൈലിൽ തല കുത്തനെ കിടക്കുമ്പോൾ അയാൾക്ക് ബുദ്ധി വരിക തുറന്നുവിട്ട ഡാം പോലെയാണ്. കൂലംകുത്തിയൊഴുകി സകലതും തട്ടിമറിച്ചുപായുന്ന ചിന്താശകലങ്ങളെ ചങ്ങലക്കിടാൻ കുറച്ചൊന്നുമല്ല പാടുപെടാറ്. അയാളോർക്കാറുണ്ട്, ഒരു വേള, ഷേക്സ്പിയർ പോലെയുള്ള എഴുത്തുകാരൊക്കെ മഹാരഥൻമാരായത് ചിന്തകളുടെ ഈ മലവെള്ളപ്പാച്ചിലിനെ അണകെട്ടി നിറുത്താതെയിരുന്നതു കൊണ്ടായിരിക്കാം. തനിക്കും ഒരൊഴിവ് കണ്ടെത്തി കുറച്ചുകാലം അതിനൊന്നു ശ്രമിച്ചാലോ എന്നോർത്തതും, മൂന്നു മക്കളുടെ മുഖങ്ങളും തുറന്നിരുന്നാൽ മാത്രം വട്ടച്ചെലവൊത്തുപോകുന്ന പലചരക്കുകടയും അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചു..
ത്രെഡ്ഡുകൾ പരതുമ്പോഴുള്ള ആദ്യ ടെക്നിക്കായ ശ്വാസം ശക്തിയായി ഉള്ളിലേക്കെടുക്കൽ എന്ന പ്രക്രിയ ചെയ്ത് വളരെ സാവധാനം വായിലൂടെ പുറത്തേക്ക് വിട്ടപ്പോഴുള്ള മിമിക്രിക്കാരൻ്റെ കൊടുങ്കാറ്റ് പോലെയുള്ള ‘ഒച്ച’ കേട്ട് പത്താം ക്ലാസ്കാരി മകൾ പുറത്ത് വന്ന് നോക്കി. അഛനെ കണ്ടതും പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അവൾതിരിഞ്ഞു നടന്നത് അയാളെ കുറച്ച് അസ്വസ്ഥനാക്കി. അറ്റ്ലീസ്റ്റ്, “ആ… അഛാ.. കഥയെഴുത്തിലാണല്ലെ” എന്നെങ്കിലും ചോദിച്ച് തന്നെ പരിഗണിച്ചുവെന്നു വരുത്തി അഛൻ – മകൾ ബാന്ധവത്തിൻ്റെ ഊഷ്മള ഭാവത്തെയവൾക്ക് അരക്കിട്ടുറപ്പിക്കാമായിരുന്നു.
കീഴ്ക്കാം തൂക്കായ ഇരുത്തം ഊര കടയിപ്പിച്ചപ്പോൾ ഉയരങ്ങളിൽ അഭിരമിക്കാൻ പോയ സ്വന്തം നിലനില്പിനെ അയാൾ താഴെയിറക്കിവെച്ച്, “എഴുന്നേറ്റുനില്ക്കുക – ഇരിക്കുക” എന്ന പ്രോസസ്സ് മൂന്ന് പ്രാവശ്യം ആവർത്തനങ്ങൾക്ക് വിധേയമാക്കി. റിലാക്സ്..! അയാൾ ശരീരത്തോട് ആജ്ഞാപിച്ചു.! ഇനി ചിന്തകളെ സ്വതന്ത്രമാക്കാം. ആദ്യം അവയെ മെല്ലെ കാറ്റിൽ പറത്തി വിടാം, പട്ടം പറത്തുന്ന പോലെ! അവ ചിറക് വിടർത്തി മന്ദം മന്ദം വിഹായസ്സിലേക്ക് നൃത്തം ചവിട്ടി ഇളകിയാടിയുയരും. ഇടക്ക് അല്പം ത്വരിതഗതിയിൽ.. തുടർന്ന് സ്വല്പം മന്ദഗതിയിൽ.
കയ്യിലെ നൂലയാൾ അയച്ച് കൊണ്ടിരുന്നു.. കുതിക്കട്ടെ.. ഉയരങ്ങളിലേക്ക്… അത്യുന്നതങ്ങളിലേക്ക്.. കയ്യിലെ നൂലയഞ്ഞയഞ്ഞ് ഇല്ലാതായപ്പോൾ ചിന്തകൾക്കിപ്പോൾ ഒരു സ്ഥായിയായ പ്രവേഗം കരഗതമായപോലെ അയാൾക്കുതോന്നി. ഒരു പക്ഷേ ഇതായിരിക്കും ഷേക്സ്പിയറിനും മലയാളത്തിൽ എംടിക്കും ബഷീറിനുമൊക്കെ ഉണ്ടായ അവസ്ഥ..! എന്തോ കണ്ട് പിടിച്ച ശാസ്ത്രജ്ഞനെ പോലെ അയാൾ ഉറക്കെച്ചിരിച്ചു. ചിന്തകളുടെ ചിറ തുറന്നു വിട്ടാൽ തന്നെപിന്തുടർന്നു പിടികൂടുന്ന കുട്ടികളെയും പീടികക്കച്ചവടത്തെയും ഇത്തവണ എന്തോ അയാൾ ഗൗനിച്ചില്ല..!
കയ്യിലെ നൂലവസാനിച്ചതായി ബോധ്യം വന്നപ്പോൾ അയാൾ എഴുന്നേറ്റു നിന്നു. ഇരുകൈകളും ആകാശത്തിലേക്കുയർത്തിപ്പിടിച്ച് നൂലയച്ച് കൊടുത്തുകൊണ്ട് ചിന്തകൾക്ക് പരമാവധി ഔന്നത്യം കരസ്ഥമാക്കാൻ സഹായിച്ചു. ഇല്ല.., ഇനിയും വിട്ട് കൊടുക്കാൻ ഒരിഞ്ച് നൂല് പോലുമില്ല. മറുതലയ്ക്കൽ നിന്നുള്ള ഒരു ശക്തമായ തിരിച്ചു പിടിക്കൽ ഇപ്പോൾ അയാൾക്ക് അനുഭവവേദ്യമായിത്തുടങ്ങി. കാലുകൾ കുതിയിലുയർത്തിയയാൾ ഏന്തിവലിഞ്ഞു നിന്നു. ഇനിയും ചിന്തകളുടെ നിയന്ത്രണം ഏറ്റെടുത്താൽ അത് തന്നെയും കൊണ്ടേ പോകൂ എന്നയാൾക്ക് ബോധ്യം വന്നപ്പോഴേക്കും നിലത്ത് നിന്നൊരടി പൊന്തിയിരുന്നു. താനും ഭൂമിയുമായുള്ള ബന്ധം വിഛേദിക്കപ്പെടാൻ പോവുകയാണെന്ന തിരിച്ചറിവിൽ ചിന്തകളെ സ്വതന്ത്രമാക്കി അയാൾ നിലത്തേക്ക് ചാടിയതും, മറിഞ്ഞു വീണു. ശക്തമായവീഴ്ച്ചയിൽ ഒതുക്കുകല്ലിൽ തലയിടിച്ച് രക്തമൊഴുകുന്നുണ്ടായിരുന്നുവെങ്കിലും, ഉടനെ മനസ്സിലേക്കോടിവന്ന മക്കളുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾകണ്ട് അയാളും പുഞ്ചിരിപൊഴിച്ചു.