ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം(കവിതകൾ)

മനുഷ്യജീവിത പരിണാമചക്രത്തിൽ ഒരു ദശാസന്ധിയിൽ അവളും അവനും വേറിട്ട രണ്ടു വ്യക്തികളായി പരാവർത്തനം ചെയ്യപ്പെടുകയുണ്ടായി. അന്നുവരെ ഒന്നായി ഒരുപോലെ ജീവിച്ചു രമിച്ചു മരിച്ച മനുഷ്യകുലത്തിൽ അപ്പോൾ മുതൽ അവൻ , അവൾ എന്നിങ്ങനെ രണ്ടു സ്വത്വബോധങ്ങളുണ്ടായി. അതു വരേയും ഒരു പോലെ വേട്ടയാടിയും ഇര പിടിച്ചും വഴക്കിട്ടും തോളോട് തോൾ ചേർന്നു നിന്നവർക്ക് ലിംഗം, യോനി എന്നിവ പെട്ടെന്നു മുളച്ചതു പോലെയായി. ബലാബലങ്ങളിൽ, പന്തികളിൽ, വീതം വയ്ക്കലുകളിൽ ഒരു രണ്ടാമൻ്റെ ലോകമായി അവൾക്ക് സ്ഥാനം. ചിന്താധാരകളിൽ പൊടുന്നനെ സംഭവിച്ച ഈ മാറ്റം പിന്നീടങ്ങോട്ട് നൂറ്റാണ്ടുകൾ പിന്നിട്ടും മാറ്റമില്ലാതെ തുടരുന്നു. പ്രകൃതിക്ക് ഒരു നിയമമുണ്ടത്രേ! ആണിനാണ് സൗന്ദര്യമെന്നും , കരുത്തെന്നും , അധികാരമെന്നും അവൻ തീരുമാനിച്ചു കഴിഞ്ഞു. എതിർത്തു നിന്നൊരു യുദ്ധത്തിനവൾ പ്രാപ്തയായിരുന്നു അന്നെങ്കിലും നിർഭാഗ്യവശാൽ എന്തോ അജ്ഞാത കാരണങ്ങളാൽ അവൾക്കതിനന്നു കഴിഞ്ഞില്ല. ഇന്നവൾ അതോർത്ത് കുണ്ഠിതപ്പെടുന്നു. ഇന്നതിൽ നിന്നും കുതറി മാറാൻ അശ്രാന്തം പരിശ്രമിക്കുന്നു.

കലയുടെ ഉത്ഭവ കാലം തൊട്ടേ കവിതയിൽ അവൻ മാത്രമായിരുന്നു മേധാവി എന്ന് കരുതുക വയ്യ തന്നെ. ജീവിതസമരത്തിൽ അവൻ വമ്പുകാട്ടി തൻ്റെ ചുമലേറ്റിയ അധ്വാനഭാരത്തിൽ അവൻ്റെ ദിനങ്ങൾ വ്യാപരിക്കപ്പെട്ടപ്പോൾ , ഒഴിവുവേളകൾ ഒരുപാട് ലഭിച്ച അവളാകണം കവിതകൾ ആദ്യമായി ചൊല്ലിത്തുടങ്ങിയിട്ടുണ്ടാവുക. പക്ഷേ അധികാര വികേന്ദ്രീകരണവും അടിമവംശ സംബ്രദായവും നിലവിൽ വരുത്തിക്കൊണ്ടവൻ ആ മേഖലയും സ്വന്തമാക്കിയിട്ടുണ്ടാകണം. ദൈവനീതികൾ രചിച്ചു കൊണ്ട് അവൾക്ക് മൂടുപടങ്ങൾ അണിയിച്ച അവൻ രണ്ടാംകിട പൗരയെന്ന ആണിയടിച്ചു കൊണ്ടവളെ സമൂഹമധ്യത്തിൽ നിന്നും നിഷ്കാസിതയാക്കി. അവൾ പിന്നെ എഴുതിയതൊക്കെ അവനു വേണ്ടിയായിരുന്നു. അവൻ്റെ പ്രണയം, കരുണ, സ്നേഹം, പരിഗണന ഒക്കെയും തേടിക്കൊണ്ട് … അപേക്ഷിച്ചു കൊണ്ട് അവൾ പുതിയ തലത്തിൽ കാവ്യരചന തുടങ്ങി വച്ചു. അവനത് വളരെ ഇഷ്ടമായി. അവളെ അവനതിനാൽത്തന്നെ തുടരാനുമനുവദിച്ചു. രാധയും, മീരയും, ഒക്കെ അങ്ങനെ കവിതകളിലൂടെ അവളുടെ അവനെ , അവൻ്റെ പ്രണയത്തെ , കാമത്തെ ഒക്കെ ഓർത്ത് നോവും, വിരഹവും, ഭ്രാന്തും രചിച്ചു. ഇക്കാവമ്മയ്ക്കും മറ്റൊന്നുമില്ലായിരുന്നല്ലോ പറയുവാൻ.

കാലം അതിവേഗം കടന്നു പോയി. ഇന്ന് കവിത അവൻ്റെ കുടുംബസ്വത്തല്ല. വിഷയങ്ങൾ അവൻ്റെ ദയാവായ്പോ കരുണാ കടാക്ഷങ്ങളോ അല്ല. ഭക്തമീരയല്ല ഇന്നവൾ. ആ പ്രതിരോധ കാലത്തിൽ ഇവിടെ ഈ നൂറ്റാണ്ടിൽ ‘ലിഖിത ദാസ്’ തൻ്റെ “ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം” നിർമ്മിക്കുമ്പോൾ ഇതിലെ 29 കവിതകളിൽ 29 അവളുമാരുണ്ട്. കഴിഞ്ഞ ദിവസം ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റിൽ പ്രകാശിപ്പിച്ച ഒരു പുസ്തകത്തിൻ്റെ പേര് 21 വാരിയെല്ലുകൾ എന്നായിരുന്നു. 21 സ്ത്രീകളുടെ കഥകൾ. അവ എന്താണുള്ളടക്കങ്ങൾ എന്നറിയില്ല. പുരുഷൻ്റെ വാരിയെല്ലെന്ന ചിന്തയുടെ കാര്യമൊക്കെ പറയുന്നത് കേൾക്കാമായിരുന്നു. പക്ഷേ അതിനുമപ്പുറം ആ തലക്കെട്ടിൽ മുകളിൽ പറഞ്ഞുവന്ന അവളുടെ കുതിപ്പിനെ മണത്തു. ലിഖിതയുടെ കവിതകൾ 29 എണ്ണമാണ്. സാധാരണ ഗതിയിൽ ഒരു മണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന കവിതകൾ ആണ് ആ എണ്ണം. പക്ഷേ വായിക്കുന്തോറും നീളമേറുകയും വായന ശ്വാസം മുട്ടലുകൾ തീർക്കുകയും ചെയ്യുന്ന 29 അവളുമാർ. തങ്ങളുടെ പ്രണയം. രതി, കാമനകൾ, പ്രതിഷേധം, പ്രതിരോധം, ക്രോധം, പ്രതികാരം തുടങ്ങി എല്ലാ വന്യതകളുമായി അവളുമാർ മുന്നിൽ നിന്നു വായനയിൽ.

നിസാരമായി വായിച്ചു പോകാൻ കഴിയുന്ന വായനകളല്ല ഒന്നും തന്നെ. വിപുലമായ വായനാ തലം തേടുന്ന കവിതകൾ. അവയ്ക്ക് ഓരോ രാഷ്ട്രീയമുണ്ട്. നിലപാടുണ്ട്. സ്വത്വബോധമുണ്ട്. തൻ്റെ ചിന്തകൾക്ക് ഭ്രമാത്മകമായ ഒരു മഴവില്ലു നല്കുന്നു കവി ഈ കവിതായാത്രയിൽ. ഓരോ കവിതകളും എടുത്ത് ഇഴകീറി പരിശോധിക്കുന്നില്ല. കവിത്വം ഉണ്ടോ കാവ്യമാണോ എന്ന് നോക്കുന്നില്ല. ഗദ്യകവിതയുടെയും പദ്യ കവിതയുടെയും സർപ്പ സൗന്ദര്യമുറങ്ങുന്ന ഈ കവിതകൾ ആസ്വാദ്യകരമായ ഒരു വിരുന്നു തന്നെയാണ്.

ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം(കവിതകൾ)
ലിഖിത ദാസ്
ധ്വനി ബുക്സ്
വില: ₹100. 00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.