ഉടൽപൂക്കൾ

കണ്ണ്കൊണ്ടെന്റെ
കരള് പുകച്ച്
പടിയിറങ്ങി
നീ പോയതാണ്

മഴ ചിണുങ്ങുന്നു
പിന്നെ ആർത്തിരമ്പുന്നു,
വഴിക്കണ്ണുമായ്
മക്കളും നനയുന്നു

നിന്നെ കാത്ത് കാത്ത്
മുറ്റം നിറയെ
പാഷൻഫ്രൂട്ടുകൾ,
പേരക്കായകൾ
ഇലകൾ,പൂക്കൾ

നിന്റെ നീൾവിരൽ
സ്പർശം
ഓർത്ത് ഓർത്ത്
ചില്ല് ടീപ്പോയീൽ
താഴേക്ക് തൂങ്ങിയ
പത്രങ്ങൾ,
പുസ്തകങ്ങൾ

കണ്ണാടിയിലെ നിന്റെ
വലിയ ചുവന്ന പൊട്ട്
കൈലേസിലെ കരിമഷി
ചിത്രങ്ങൾ

ചീർപ്പിൽ കുടുങ്ങിയ
ഒരേയൊരു നരച്ചമുടി
ദൈവമേ; എന്റെ
ഉടലെവിടെ !?

അടുക്കളയിൽ
കാത്തിരിക്കുന്നുണ്ട്
വിറകടുപ്പ്
നിന്റെ നെഞ്ചിലെ
കനലിൽ കരിയാൻവേണ്ടി

നിന്റെ മീൻചട്ടിയിൽ
കിടന്നുരഞ്ഞുരഞ്ഞ്
തീരണമെന്ന് കല്ലുപ്പ്

നമുക്കുമപ്പുറത്തേക്ക്
മൂന്നാമിടത്തേക്ക്
ഒരു വഴിപോലും ഇപ്പോഴില്ല
സത്യം, നെഞ്ചിലിനി
ആ ചൂരില്ല

ഒന്നു ചാരിനിർത്തി
കൈകകൾക്കുള്ളിലൊതുക്കി
ഇഴഞ്ഞ്തീരും മുമ്പേ
ചുമര് പിളർന്ന്
പിന്നാമ്പുറത്തെ
വാതിൽ ചവുട്ടിതുറന്ന്
ആരും കാണാതെ
വെയിൽകാർന്ന
ഏത് പകലിലേക്കാണ്
നീ ഇറങ്ങിനടന്നത്

നിന്റെ ശൂന്യതയ്ക്ക്മേൽ
അടയിരുന്ന് അടയിരുന്ന്
വളഞ്ഞ് വട്ടത്തിൽ
വലിയ പൂജ്യചിഹ്നമായ് ഞാൻ
ദേവമേ എന്റെ ഉടലെവിടെ?

തൃശ്ശൂർ, ഇരിങ്ങാലക്കുട സ്വദേശിനി. LSGD എഞ്ചിനീയറിംഗ് വിംഗിൽ ജോലിനോക്കി വരുന്നു 'ഖമർ പാടുകയാണ്' ആദ്യകവിതാസമാഹാരം. ആനുകാലികങ്ങളിൽ എഴുതിവരുന്നു