ഈ മഴയും തോരാതിരുന്നെങ്കിൽ

നീണ്ട വരൾച്ചക്കപ്പുറം
ഒരു ചാറ്റൽമഴ വന്നു
കാറ്റിനൊപ്പം കുളിർമയും
കുളിരിനൊപ്പം പ്രണയവും

ചാറ്റൽ വളർന്ന് പെയ്തു,

നനയാതിരിക്കാൻ
കുടകൾ തേടി
ചോർന്നൊലിക്കാത്ത
കൂരകൾ തേടി

മഴ പിന്നേയും പെയ്തു,

വഴികളിലെല്ലാം
ചെളി നിറഞ്ഞു
വെളിച്ചം പതിയെ
പോയ്മറഞ്ഞു

മഴ പെയ്തു കൊണ്ടേയിരുന്നു,

താഴ്ന്ന നിലങ്ങളിൽ
വെള്ളം കയറി
ഉള്ളിലൊരായിരം
നിലവിളികളും

മഴ നിന്നില്ല,

കുറച്ചുപേരെ
ഓർമ്മകൾ കൊണ്ടുപോയി
കുറേ ഓർമ്മകളെ മനുഷ്യരും…

അപ്പോൾ പൊടുന്നനെ,

മനസ്സുകളിലെല്ലാം
കരുണ നിറഞ്ഞു
പോർവിളികളില്ലാത്ത
മനുഷ്യത്വം പിറന്നു
ജാതി-മത-പണ ചിന്തകൾ
പാടേപോയിമറഞ്ഞൂ
പലവഴി ചിതറിക്കിടന്നവർ
പറഞ്ഞു …’ഞമ്മളൊന്ന് ‘

മഴ തോർന്നു,

പച്ചപ്പ് കിളിർത്തു
വസന്തം പൂത്തുലഞ്ഞു

പിന്നെ,
വെയിൽ വന്നു
വെളിച്ചം വന്നു പുറമെ,

ഉള്ളിലൊരു വേനലും വന്നു
നമ്മളായിരുന്നവർ
നീയും ഞാനും ആയി

ഒന്നിച്ചിരുന്നവർ
ഒരിടത്തിൽ നിന്നും
പല തുരുത്തുകളിലേക്ക്
വീണ്ടും യാത്രയായി…..

ജാതിവന്നു, മതം വന്നു
പണം വന്നു, പകവന്നു
അങ്ങനെ അങ്ങനെ
നമ്മളായിരുന്നവർ
തമ്മിലകന്ന് തമ്മിലടിച്ചുതുടങ്ങി…

പാഠങ്ങൾ കാലം തരുന്നു
പഠിക്കാൻ ആരുമില്ലാത്ത
പള്ളിക്കൂടങ്ങളിൽ
നീതിതൻ ജ്വാലയില്ലാതെ
ചില ജീവതങ്ങൾ മാത്രം
അടുത്ത മഴവരുംവരെ
തിമിർത്തുകൊണ്ടേയിരുന്നു…!

പാലക്കാടൻ അതിർത്തി പ്രദേശമായ ഗോപാലപുരം സ്വദേശി. പാലക്കാട് കൃഷ്ണാ കോച്ച് ബിൽഡേഴ്സിൽ മാനേജരായി ജോലി ചെയ്യുന്നു. 'മൗനത്തിന്റെ മറുകര ' ,'കരിമ്പനക്കാട്ടിലെ നിഴൽച്ചില്ലകൾ ' എന്നീ രണ്ട് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പന്ത്രണ്ടോളം മലയാള കവിതാപുസ്തകങ്ങളിലും , ആനുകാലികങ്ങളും കവിതകൾ വെളിച്ചം കണ്ടിട്ടുണ്ട്. ഓൺലൈൻ, സോഷ്യൽ മീഡിയകൾ എന്നിവയിൽ സജീവ സാന്നിധ്യം.