രാവിലെ മുതലുള്ള അലച്ചിലാണ്. എന്തെങ്കിലും കഴിച്ചിട്ട് കിടക്കണം. നല്ല ക്ഷീണമുണ്ട്.
സച്ചിൻ മുറി തുറന്ന് അകത്തു കയറി. മൾട്ടിനാഷണൽ കമ്പനിയിൽ സെയിൽസിലെ ജോലി പണ്ടത്തേപ്പോലെ സുഖമുള്ളതല്ല. ഓരോ വർഷം കഴിയും തോറും കൂടുതൽ സംഘർഷവും മത്സരവുമാണ്. മാറി വരുന്ന നിയമങ്ങൾ, മാസാമാസങ്ങളിലുള്ള ടാർജറ്റ്. മാസാവസാനം തെറ്റില്ലാത്ത ശമ്പളം കിട്ടുന്നതു കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. പ്രൈവറ്റ് മേഖലയിൽ മറ്റെവിടേയും ഇത്ര ശമ്പളവും ആനുകൂല്യങ്ങളുമില്ല.
ഡിഗ്രി കഴിഞ്ഞ് ജോലി അന്വേഷണം തുടങ്ങിയ കാലം. സുഹൃത്തായ അലനാണ് അവൻ്റെ അങ്കിൾ ജോലി ചെയ്യുന്ന കമ്പനിയിൽ ഒഴിവുണ്ടെന്ന് പറഞ്ഞത്. പത്താം ക്ലാസ്സുവരെ ഡൽഹിയിലായിരുന്നു പഠിച്ചത്. എൽഐസിയിൽ ജോലി ചെയ്തിരുന്ന അച്ഛൻ റിട്ടയർ ചെയ്തപ്പോൾ നാട്ടിലേയ്ക്ക് പോന്നു. ഡൽഹിയിൽ പഠിച്ചതുകൊണ്ട് ഹിന്ദിയും ഇംഗ്ലീഷും താൻ അനായാസമായി സംസാരിയ്ക്കുമായിരുന്നു.കോളേജിൽ ചേർന്നപ്പോൾ കൂട്ടുകാർക്കിടയിൽ ഒരൽപം ബഹുമാനം നേടാൻ തനിയ്ക്കതു കൊണ്ട് കഴിഞ്ഞു എന്നതാണ് സത്യം .
കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു.
നാട്ടിൽ അച്ഛനു ഭാഗമായി കിട്ടിയ സ്ഥലത്ത് വീടുവച്ചു. റിട്ടയർ ചെയ്യുമ്പോൾ അച്ഛനു കിട്ടിയ തുകയിൽ നിന്ന് നല്ലൊരു പങ്ക് വീടു പണിയ്ക്ക് ചിലവായി. അച്ഛനുമമ്മയും സഹോദരിയും താനുമടങ്ങുന്ന ചെറിയ കുടുംബമാണെങ്കിലും തങ്ങളുടെ പഠനവും നിത്യ ചിലവുകളുമൊക്കെക്കൂടി അച്ഛൻ കഷ്ടപ്പെടുന്നതു മനസ്സിലാക്കിയപ്പോഴാണ് ഒരു ജോലി വേണമെന്ന് തോന്നിയത്.
ജോലി കിട്ടി… മൾട്ടിനാഷണൽ കമ്പനി ആയതു കൊണ്ട് ആകർഷകമായ ശമ്പളം തന്നെ കിട്ടി. നല്ല ശമ്പളം കയ്യിൽ കിട്ടിത്തുടങ്ങിയപ്പോൾ അച്ഛനെ സഹായിയ്ക്കണമെന്നതിനേക്കാൾ തൻ്റെ ജീവിതം ആഘോഷ പൂർണ്ണമാക്കണമെന്ന ചിന്തയും കൂടെക്കൂടി.
ജോലി സ്ഥലത്തിനടുത്ത് കൂട്ടുകാരുമൊത്ത് വീടെടുത്ത് താമസമാക്കി. തീറ്റയും കുടിയും യാത്രകളുമായി ആഘോഷമാക്കിയ ദിനരാത്രങ്ങൾ! വല്ലപ്പോഴുമാണ് വീട്ടിൽ പോവുക. അച്ഛൻ ഒരിയ്ക്കൽ പോലും തന്നോടൊരു സഹായവും ചോദിച്ചില്ല. കണ്ടറിഞ്ഞ് താനൊട്ട് ചെയ്തുമില്ല…
സഹോദരിയുടെ വിവാഹമുറപ്പിച്ച സമയം. വീട്ടിൽ ചെന്ന തൻ്റെ മുറിയിലേയ്ക്ക് അച്ഛൻ വന്നു.
പതിവില്ലാത്തതാണല്ലോ ഈ വരവ് എന്ന ചിന്തയോടെ നോക്കിയപ്പോൾ അതു മനസ്സിലാക്കിയിട്ടെന്നോണം ചെറു ചിരിയോടെ പതുക്കെ പറഞ്ഞു തുടങ്ങി . “തൻ്റെ സഹായോം കൂടി വേണ്ടിവരും. എന്നേക്കൊണ്ട് മാത്രം കഴിയൂന്ന് തോന്നണില്ല.”
“ബാങ്കിൽ കിടക്കണ തുകയും കയ്യിലുള്ള സ്വർണ്ണവും കൂടി കഷ്ടി ആഭരണങ്ങളും സദ്യയുമൊപ്പിയ്ക്കാം .”
“എന്നാലും മറ്റ് അല്ലറ ചില്ലറ ചിലവുകൾ ബാക്കി വരും.. അതിനു തൻ്റെ സഹായം വേണ്ടി വരും .”
ഇതാണോ ഇത്ര വലിയ കാര്യം. ആഭരണോം സദ്യേം കഴിഞ്ഞാൽ പിന്നെന്തു ചിലവ്? എന്നാണ് താൻ ചിന്തിച്ചത്.
കയ്യിൽ കിട്ടുന്ന ശമ്പളം അതാതു മാസം തീർത്തു പോന്നിരുന്നതാേണ്ട് ഒന്നും കയ്യിലുണ്ടായിരുന്നില്ല.
സുഹൃത്തിൻ്റെ സഹായത്തോടെ ഒരു ലോൺ സംഘടിപ്പിച്ചു. കല്യാണച്ചിലവുകൾ താൻ ചിന്തിയ്ക്കുന്നതിലും കൂടുതലാണെന്ന് മനസ്സിലായി. ലോൺ എടുത്ത തുകയ്ക്ക് പുറമേ സുഹൃത്തുക്കളിൽ നിന്നും സഹായം തേടേണ്ടി വന്നു.
സഹോദരിയുടെ വിവാഹ സമയത്താണ് അഞ്ചാറു വർഷം ജോലി ചെയ്തിട്ടും തൻ്റെ കയ്യിലൊന്നുമില്ലല്ലോ എന്ന തിരിച്ചറിവുണ്ടായത്. അതു വരെ ചങ്കുകളായി കൂടെയുണ്ടായിരുന്നവർ ഒരാവശ്യം വന്നപ്പോൾ കൈ മലർത്തുന്നതും അപരിചിതരേപ്പോലെ പെരുമാറുന്നതും കണ്ടപ്പോൾ ഇനിയും മാറിച്ചിന്തിയ്ക്കണം എന്നൊരു തിരിച്ചറിവുണ്ടായി.
പിന്നീട് പുതിയൊരു സച്ചിനെയാണ് സുഹൃത്തുക്കൾ കണ്ടത്. ടൗണിലെ വാടക വീട് ഒഴിവാക്കി. ഒരു മണിക്കൂർ ബൈക്ക് യാത്ര ചെയ്ത് വീട്ടിലേയ്ക്കെത്താൻ തുടങ്ങി. കൈയ്യിൽ കിട്ടുന്ന ശമ്പളത്തിൽ നിന്ന് കൂടുതൽ ഭാഗം മാറ്റിവയ്ക്കാൻ പഠിച്ചു.
വീട്ടു ചിലവുകൾ അപ്പോഴും അച്ഛൻ തന്നെയാണ് നടത്തിയിരുന്നത്. പാടത്തും പറമ്പിലുമായി കുറച്ച് കൃഷിയുണ്ട്. ആ വരുമാനത്തിൽ വീട്ടുകാര്യങ്ങൾ കഴിഞ്ഞു പോയി.
കുളി കഴിഞ്ഞ് മുറിയിലെത്തുമ്പോൾ ഇന്നു ടൗണിൽ വച്ച് അമ്പലത്തിനടുത്തു താമസിയ്ക്കുന്ന കൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തി.
ഞായറാഴ്ച പതിവുള്ള ഉച്ചയുറക്കം കഴിഞ്ഞ് ചായയുമായി ടിവിയ്ക്കു മുന്നിലിരിയ്ക്കുമ്പോഴാണ് രജനി ആദ്യമായി വിളിയ്ക്കുന്നത്.
കോളേജ് കാലത്തെ സുഹൃത്ത് ദിനേശൻ്റെ കസിനാണ് രജനി. അവൻ്റെ വീട്ടിൽ പോകുമ്പോൾ പലപ്പോഴും കണ്ടിട്ടുണ്ട്. താൻ ഡിഗ്രി ഫൈനലിയറാകുമ്പോൾ തൻ്റെ ജൂനിയറായി രജനി കോളേജിലെത്തിയിരുന്നു. അതിൽ കൂടുതലൊരു ബന്ധവുമുണ്ടായിരുന്നില്ല.
അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസമെന്നും ദിനേശൻ്റെ കയ്യിൽ നിന്നും നമ്പർ വാങ്ങിയാണ് വിളിയ്ക്കുന്നതെന്നും കഴിയുമെങ്കിൽ വീട്ടിലൊന്ന് വന്നിട്ടു പോകണമെന്നും പറഞ്ഞാണവൾ വിളിച്ചത്.
കൂടുതലൊന്നുമാലോചിച്ചില്ല. പണ്ട് ദിനേശനോടുണ്ടായിരുന്ന സൗഹൃദമായിരുന്നു മനസ്സുനിറയെ. കോളേജുവിട്ടതോടെ വല്ലപ്പോഴുമുള്ള കോളുകളിലും മെസേജുകളിലും ഒതുങ്ങിപ്പോയെങ്കിലും ഇന്നും ആ സൗഹൃദം തങ്ങൾക്കിടയിലുണ്ട്.
ചായ കുടിച്ചവസാനിപ്പിച്ച് മുഖം കഴുകി ഇറങ്ങാനൊരുങ്ങുമ്പോൾ മുറ്റത്ത് ഉണക്കാനിട്ട തുണികളുമെടുത്ത് അമ്മ ചോദ്യഭാവത്തോടെ മുന്നിലുണ്ട്. ഇപ്പോൾ വരാമെന്നു പറഞ്ഞ് ഇറങ്ങി. സന്ധ്യയാകാറായി, ചെറിയ മഴക്കാറുമുണ്ട്. അമ്പലമെത്തുന്നതിന് മുൻപുള്ള വളവിനോടു ചേർന്നാണ് രജനി താമസിയ്ക്കുന്നതെന്നാണ് പറഞ്ഞത്.
വലിയ ബുദ്ധിമുട്ടില്ലാതെ വീടുകണ്ടു പിടിച്ചു. വലിയ സന്തോഷത്തോടെ രജനിയും അമ്മയും സ്വീകരിച്ചു. അടുത്തുള്ള പ്രൈമറി ഹെൽത്ത് സെൻ്ററിൽ പോസ്റ്റിങ്ങ് കിട്ടിയപ്പോഴാണ് അവരവിടെ താമസമായത്. അച്ഛനില്ല. ചേച്ചി വിവാഹം കഴിഞ്ഞ് ഭർത്താവിനോടൊപ്പം വിദേശത്താണ്.
കുറച്ചു നേരം സംസാരിച്ചിരുന്നു. എട്ടു മണിയോടെ അവിടുന്ന് ഇറങ്ങി. ഒന്നു കറങ്ങി വീട്ടിലെത്തി. ഇടയ്ക്ക് രജനി വിളിയ്ക്കും. വല്ലപ്പോഴും വീട്ടിലേയ്ക്ക് പോകും. എന്നാൽ തൻ്റെ അവിടേയ്ക്കുള്ള പോക്ക് നാട്ടിൽ സംസാരവിഷയമായത് താനറിഞ്ഞിരുന്നില്ല.
നാട്ടിൽ തന്നെക്കുറിച്ച് വേണ്ടാത്ത കഥകൾ പ്രചരിയ്ക്കുന്നുണ്ട്. അച്ഛനേയും അമ്മയേയും പേടിച്ച് താൻ രഹസ്യമായി രജനിയെ കൊണ്ടുവന്നു താമസിപ്പിച്ചിരിയ്ക്കുകയാണത്രേ. ഈ കഥകൾ രജനിയുടേയും അമ്മയുടേയും ചെവിയിലെത്താതിരിയ്ക്കട്ടെ.
കൃഷണനത് പറഞ്ഞപ്പോൾ ചിരിച്ചു തള്ളിക്കളഞ്ഞുവെങ്കിലും മനസ്സിൽ വല്ലാത്തൊരു ഭാരം. ഇതുവരേയും ചീത്തപ്പേരൊന്നും കേൾപ്പിക്കാതെയാണ് ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയാവും. മനസ്സിലെ ഭാരമൊന്ന് കളയണം. ഇന്നുതന്നെ ലീവിന് അപേക്ഷിയ്ക്കണം. ഒരു യാത്ര പോവാം.
കുളികഴിഞ്ഞ് ഭക്ഷണം കഴിച്ച് മുറിയിൽ കയറുമ്പോൾ ഫോൺ റിങ്ങു ചെയ്യുന്നുണ്ട്ഫോൺ കയ്യിലെടുത്തു. രജനിയാണ്. ” കോൾ എടുക്കേണ്ടെന്നു തോന്നി. അത്യാവശ്യമൊന്നുമുണ്ടാവില്ല. പിന്നീട് തിരിച്ചുവിളിക്കാം.”
തുടർച്ചയായി മൂന്നാമത്തെ തവണ ഫോൺ റിങ്ങു ചെയ്തപ്പോൾ കോൾ എടുത്തു.
“ഹലോ സച്ചിൻ , വീടിന് പുറത്ത് എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. ഒന്നു വരാമോ? പേടിച്ചിട്ടാണ്, അസമയത്ത് വിളിച്ച് ബുദ്ധിമുട്ടിയ്ക്കുകയാണെന്നറിയാം. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാ.. പ്ലീസ്….
ഒരു നിമിഷം സംശയിച്ചു.പിന്നീട് ഫോണെടുത്തു സാറാമ്മയെ വിളിച്ചു. കൂടെപ്പഠിച്ച സാറാമ്മ തഹസിൽദാരാണ്. താക്കോലെടുത്ത് ഇറങ്ങുമ്പോൾ “വാതിൽ പുറത്തു നിന്ന് പൂട്ടി പൊയ്ക്കോളൂ”ന്ന് പറഞ്ഞ് അമ്മ താക്കോൽ നീട്ടി. വല്ലപ്പോഴും സെക്കൻ്റ് ഷോയ്ക്ക് പോകുമ്പോൾ ഇതു പതിവുളളതാണ്. താൻ സിനിമയ്ക്ക് പോവാന്ന് അമ്മ കരുതിക്കാണും.
രജനിയുടെ വീട്ടിൽ എത്തി. ചുറ്റും ലൈറ്റുകളിട്ടു വച്ചിട്ടുണ്ട്. വണ്ടിയുടെ ശബ്ദം കേട്ട് സംശയത്തോടെ അകത്തുനിന്ന് നോക്കിയ രജനിയും അമ്മയും തന്നെക്കണ്ട് ഓടി വന്ന് വാതിൽ തുറന്നു..
കുറച്ചു ദിവസങ്ങളായി വീടിനു പല ഭാഗത്തു നിന്നും ശബ്ദം കേൾക്കുന്നുണ്ട്. വാതിലിലും ജനലിലും മുട്ടുകൾ കേൾക്കണുണ്ട്. പേടിച്ചിട്ട് ഉറക്കമില്ല. നിവൃത്തികെട്ടിട്ടാണ് വിളിച്ചത് എന്ന് രജനിയുടെ അമ്മ പറഞ്ഞു നിർത്തുമ്പോഴേയ്ക്കും പത്തുപന്ത്രണ്ടു പേർ പടികടന്നെത്തി.
മുൻവശത്തെ വാതിൽ തുറന്ന നിലയിൽ തന്നെയായിരുന്നു. കൂട്ടത്തിലൊരാൾ മുന്നിലേയ്ക്കു വന്നു.
“താനെന്താ ഈ സമയത്ത് പെണ്ണുങ്ങൾ താമസിയ്ക്കുന്ന ഈ വീട്ടിൽ ?”
“ഇവിടെ ഞങ്ങളൊക്കെയുണ്ട്. ചോദിയ്ക്കാനും പറയാനും ആരുമില്ല എന്നൊന്നും കരുതണ്ടാ . “
എന്തു പറയണമെന്നറിയാതെ നിശ്ചലനായി നിൽക്കുമ്പോഴേയ്ക്ക് പോലീസ് ജീപ്പ് പടി കടന്നെത്തി.
ആൾക്കൂട്ടം തീരെ പ്രതീക്ഷിയ്ക്കാത്ത ഒന്നായിരുന്നു. അവർ പിന്തിരിഞ്ഞ് പോകാനൊരുങ്ങിയപ്പോൾ ജീപ്പിൽ നിന്നിറങ്ങിയ പോലീസുകാരൻ ഗേറ്റടച്ചു കുറ്റിയിട്ടു..
രജനിയും അമ്മയും ആത്മവിശ്വാസത്തോടെ മുന്നോട്ടുവന്നു.
താമസിയ്ക്കാൻ വന്ന ദിവസം മുതൽ അനുഭവിയ്ക്കേണ്ടി വന്ന അരക്ഷിതാവസ്ഥയെക്കുറിച്ച്, നാട്ടുകാരുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
അതുവരെ സദാചാരം പ്രസംഗിച്ചിരുന്നവൻ എങ്ങനേയും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന ഭാവത്തിൽ നിന്നു പരുങ്ങി.
സദാചാരസഹോദരന്മാരെ മുഴുവൻ ജീപ്പിൽ കയറ്റി പോലീസ് ജീപ്പ് അകന്നു പോയപ്പോൾ അതുവരെയില്ലാത്തൊരു ആത്മവിശ്വാസം രജനിയുടെ മുഖത്തു തെളിയുന്നയാൾ കണ്ടു.
“അടുത്തയാഴ്ചയോടെ നാട്ടിലേയ്ക്ക് മാറ്റം കിട്ടും. അതിനിടയ്ക്ക് ഒന്നു രണ്ടു വട്ടം കൂടി പോലീസിനെ വിളിയ്ക്കേണ്ടി വരൂന്നാ തോന്നണേ…”
“ദൈവത്തിൻ്റെ സ്വന്തം നാടല്ലേ?ഇവിടെ ഇങ്ങനേയാ, നമ്മളെ നോക്കാൻ ഒരു പാട് രക്ഷകരുണ്ട്.” പൊട്ടിച്ചിരിയോടെയുള്ള രജനിയുടെ വാക്കുകൾ കേട്ട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അന്നത്തെ ദിവസം സാർത്ഥകമാക്കിയൊരു ചാരിതാർത്ഥ്യം സച്ചിൻ്റെ മുഖത്തുണ്ടായിരുന്നു.