വിത്തില്ല പൂവില്ല കായില്ല
ശിഖരങ്ങളൊട്ടില്ല ഭൂകാണ്ഡമില്ല
ഒറ്റ ഇലത്തുമ്പിനറ്റത്തു
പറ്റിപ്പിടിച്ച ചിനപ്പുമാത്രം.
എത്ര നിശബ്ദം നിഗൂഢമെങ്കിലു
മെത്രയതി സങ്കിർണ്ണമീ
ജീവന്റെ ഗൂഢരൂപം
ഇലതൊട്ട ഭൂവിന്റെ മണമൊ-
ന്നാശ്ലേഷിച്ചുരുവിട്ട മന്ത്രമീ-
യതീജീവനം.
ഒറ്റ കുളമ്പടിയിലറ്റു പോമെങ്കിലു
മിത്തിരി പച്ചയിലാർത്തുലയ്ക്കും.
കാറ്റൊരു നേരവും ചേർത്തുപിടിച്ചില്ല
മഴയൊന്നുമെന്നെ കൂടെ വിളിച്ചില്ല
കായില്ല കനിയില്ല മാടിവിളിക്കാൻ
പൊട്ടിത്തെറിച്ചുന്മാദിക്കാനാശ മാത്രം.
ഒരു മൃഗതൃഷ്ണയാലൊട്ടിട പൊട്ടി –
ച്ചടർത്തിയിട്ടോടിക്കളിക്കുമി പൈതങ്ങളും
ഒരു കാൽക്കുളമ്പിന്റെ ഓരത്തിലമരുന്ന
കുഞ്ഞിളം ഇലാഗ്രത്തിലും
അതിജീവനത്തിന്റെ മന്ത്രമുരുവിട്ട്
അകലങ്ങളിലേക്ക് ഞാൻ മിഴിനീട്ടിട്ടും.
തളരുവാനില്ലിനി നിമിഷങ്ങളോടുമേ
ഇട്ടിട്ടം തളിർക്കുമിലമുളച്ചി ഞാൻ.