അഴുക്ക് തഴമ്പുകെട്ടിയ തറ
ഉരച്ചിളക്കി തുടച്ചപ്പോൾ
അകം ചില്ലുപോലെയായി.
വീടിപ്പോൾ തലകുത്തി നിൽക്കുന്നു
കാലിൽ നിന്നും കാൽ
താഴോട്ട് താഴോട്ട് ഇറങ്ങി
പിന്നെ ഉടലിറങ്ങി
തലയിൽ ചങ്ക് ചേർക്കുന്നു.
താഴേക്കിറങ്ങി നിൽക്കുന്ന ജനൽ
ഭൂമിക്കടിയിലും വെളിച്ചത്തിൻ്റെ
വാതിലുകൾ തുറക്കുന്നു.
പടിഞ്ഞാറെചുമരിൽ
കടലിൻ്റെ ഒരു ചിത്രമുണ്ട്.
താഴെ അത് ആകാശമായിരിക്കുന്നു.
ടെറസ് പറ്റികിടക്കുന്ന ഒരു പല്ലി!
നിലം അതിനെ പറ്റികിടക്കുന്നു.
മുകളിൽ നിന്നും തുറിക്കുന്ന
രണ്ട് ഹുക്കുകൾ
താഴെ തലയുയർത്തുന്ന
രണ്ട് മുളകൾ.
അയലിലൂടെ ഒരുറുമ്പ് നടക്കുന്നു.
താഴെയപ്പോൾ ഒരാൾ
തെരുവുസർക്കസ് കാണിക്കുന്നു.
മൂലയിൽ ഒരു കുഞ്ഞുജീവി വല കെട്ടുന്നു.
ചേരിയിൽ തുണിപോലും ചുറ്റാനില്ലാത്ത
ഒരുകുടിൽ കൂടിയുണ്ടാകുന്നു.
പഴയ ഒരു എഴുത്തു മേശയുണ്ട്.
താഴെ, തൂങ്ങിക്കിടക്കുന്ന തൊട്ടിൽ.
മേശപ്പുറത്ത് നിരന്നിരിക്കുന്ന
പല കളറുള്ള തൊപ്പിവച്ച പേനകൾ.
താഴെ പുറങ്ങളൊന്നും കാണ്മാനേയില്ല.
ചില്ലലമാരയിൽ
വലത്തോട്ട് ചാഞ്ഞിരുന്ന പുസ്തകങ്ങൾ.
താഴെയത് ഇടത്തോട്ട് ചാഞ്ഞിരിക്കുന്നു.
സൂക്ഷിച്ചു നോക്കൂ, മറ്റൊന്നുകൂടി കാണാം.
എല്ലാ പുസ്തകങ്ങളും തലതിരിഞ്ഞിരിക്കുന്നു.