തവള ഒരു പാവം.
കടന്നുപിടിക്കുന്നവരെ
എതിരിടാൻ
മൂർച്ചയുള്ള പല്ലുകളില്ല
കണ്ണുവെക്കുന്നവരെ
കാണിക്കാൻ
കൂർത്ത നഖങ്ങളുമില്ല.
തൊലിയുരിക്കുന്ന
നോട്ടങ്ങളിൽ നിന്നും
ശരീരം പുതയ്ക്കാനൊരു
രോമത്തിൻ്റെ
പാളിപോലുമില്ല.
ചാറ്റൽ മഴ
പെയ്യുമ്പോഴൊക്കെ
തണുത്ത
അടിവയറിൻ്റെ
മൃദുലതയും
ചുമലുകളുടെ
മാംസളതയും
മറയ്ക്കാനായി
വെയിൽ കീറിയിട്ട
നിഴൽക്കുപ്പായത്തിൻ്റെ
ഒരു തുണ്ടെങ്കിലും തേടി
പാതയോരങ്ങളിലൂടെ
അവ ചാടിപ്പോകാറുണ്ട്.
അപ്പോഴൊക്കെയും
അവയെ അടിവയറ്റിൽ
ആരൊക്കെയോ
പിടുത്തമിടാറുണ്ട്
തുടയിൽ കയറിപ്പിടിച്ച്
ഇരുളിലേക്ക് വലിച്ചു
കൊണ്ടു പോകാറുണ്ട്.
പൊന്തക്കാടുകൾക്കുള്ളിൽ നിന്ന്
കരച്ചിലുകൾ
കേൾക്കാറുണ്ടെങ്കിലും
ആരും അത്
ഗൗനിക്കാറില്ല.
അത് വെറും സാധു.
പല്ലില്ലാത്ത,
നഖമില്ലാത്ത –
മാംസളത മാത്രമുള്ള
സ്വന്തമായി പേരുപോലുമില്ലാത്ത
ഒരു ഇര.