ഇരുണ്ട വെളിച്ചം

നടത്തത്തിന് തന്നെ
കാലു കഴയ്ക്കാൻ തുടങ്ങിയിട്ട്
കുറച്ചധികം നാളുകളായി

പ്രകൃതമാകെ ഇരുട്ടാണ്.
അല്ല, കറുപ്പ്.
കറുപ്പിന് വല്ലാത്ത കറുപ്പാണ്.
വട്ട് പറയുന്നതാണെന്ന് വിചാരിക്കല്ലേ..
കാര്യം ഉള്ളത് തന്നെ.

ഈ അലസമായ കാൽവെപ്പുകൾ
പ്രകാശമോ പ്രതീക്ഷയോ
കണ്ടുമുട്ടിയിരുന്നെങ്കിൽ…

ഇടയ്‌ക്കെപ്പഴോ ഒരു
ആട്ടിൻ കരച്ചിൽ
ഒച്ചയുണ്ടാക്കി.
നജീബിന്റെ കഥകൾ പറഞ്ഞുതന്നു.
കറുപ്പ് മനുഷ്യനെ –
കാർന്ന് തിന്നുതാണെന്ന് പറയാൻ തോന്നി.

നീല വെളിച്ചത്തിലെ
കന്യകയും വന്നിരുന്നു.
കടൽ കണ്ടു തീർത്ത്
മരുഭൂ കാണാനിറങ്ങിയതത്രെ.

അല്ല,
വരേണ്ടതിവരാരുമല്ല.
പാവങ്ങളിലെ മെത്രാനോ മറ്റും
ഉള്ളം പറഞ്ഞൊപ്പിച്ചു.

കന്യകയുടെ ശരീരത്തിലൂടെ
തെണ്ടിയലഞ്ഞത്
കടലിന്റെയൊരംശം
ദേഹത്തുണ്ടോന്നറിയാനായിരുന്നു.
ഇരുട്ട് കയറിയടഞ്ഞ
കണ്ഠത്തിലൂടെ
അവയ്ക്ക് ആർത്തിയോടെ
വഴിയൊരുക്കാൻ വേണ്ടി

കടലിൽനിന്നിറങ്ങിയവളിൽ
നീലിമയുണ്ടായിരുന്നു.
മരുഭൂ താണ്ടിയപ്പോൾ
ബഷീറിന് ബദലായി
ഞാനിരുണ്ട വെളിച്ചമെഴുതി.

വിശ്വചരിത്ര പുസ്തകത്തിലെ
ഇരുണ്ട വെളിച്ചത്തെ സാക്ഷിയാക്കി
ഞാൻ ഇരുണ്ടവർക്കൊപ്പം
പിറകിലാവുന്ന കാലുകളെ
മുമ്പോട്ട് വെച്ചു.

പ്ലസ് ടു വിദ്യാർത്ഥി ആണ് . കാസർഗോഡ് ബദിയക്കര സ്വദേശി.