ഇരുട്ട്

കടന്നു പോയേതോ
വഴിയിലെങ്ങോ
കളഞ്ഞു പോയെന്റെ
ജീവിതം തേടി ഞാൻ
പിറകിലേക്കു
തിരഞ്ഞു നടന്നിതാ
കടന്നു പോകുന്നു.

ജന്മജന്മാന്തര
മൃതിയുറയുന്ന
ശിശിരമൗനത്തിന്റെ
വഴിയൊടുങ്ങുന്ന
തമോഗർത്ത താഴ്വര.

അകലെയേതോ
വിജനതീരങ്ങളിൽ
തിരയടിക്കുന്ന
രോദനം കേട്ടുവോ?

രജതതാരക
പെൺകൊടിയാളൊരാൾ
ഒളിയൊടുങ്ങാൻ
പിടയുന്നതാകുമോ?

ഒടുവിലെല്ലാമൊടുങ്ങും
തമസ്സിന്റെ വലയമദ്ധ്യേ
വിലയമായ് തീർന്നിടും
വെട്ടമെല്ലാം പൊലിഞ്ഞു
കബന്ധമായ്
ഉയിരൊടുങ്ങു
മുഡുക്കളും സൂര്യനും

തണുത്തുറഞ്ഞു
തമോസാഗരത്തിന്റെ
ആഴക്കയങ്ങളില്‍
മുങ്ങും വസുന്ധര.

ഇരുളു മാത്രമേ
ശാശ്വതം പാരിതിൽ,
ഇരുളിലെല്ലാ
മൊടുങ്ങുന്നു നിർണയം.

അതിനു മേലെയെൻ
കനവും കവിതയും
കൊതുമ്പു വള്ളത്തി
ലേറിത്തുഴഞ്ഞു പോം
ഒളിയൊടുങ്ങാത്തൊ
രജ്ഞാത ദ്വീപിലെ
പുലരിവെട്ടം തേടി
തുടരുമെന്‍ യാത്രകൾ .

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും കഴിഞ്ഞ മെയ് 31 ന് വിരമിച്ചു. സര്‍വീസിലിരിക്കെ നിരവധി വര്‍ഷം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുഖമാസികയായ 'സെക്രട്ടേറിയറ്റ് സര്‍വീസി'ന്റെ പത്രാധിപര്‍ ആയിരുന്നു. നവീനമാധ്യമങ്ങളില്‍ സജീവമായി എഴുതാറുണ്ട്. തൃശൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ തിരുവനന്തപുരത്തു സ്ഥിരതാമസം.