ഇരുട്ടിന്റെ കാവൽക്കാർ

ഫോണിന്റെ റിംഗ് കേട്ടാണ് ചെറിയ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. ചാടിപ്പിടഞ്ഞെഴുന്നേറ്റ് പോക്കറ്റിൽ തപ്പി ഫോൺ കയ്യിലെടുത്തപ്പോഴേക്കും റിംഗ് നിന്നു.

അപ്പോൾ മാത്രം സ്ഥലകാലബോധം വന്നത് പോലെ ഞാൻ നാലുപാടും നോക്കി. തൂവെള്ള വെളിച്ചം വീഴുന്ന കോൺക്രീറ്റ് സൗധങ്ങൾക്ക് കീഴിൽ ഞാനും പിന്നെ ഞാനും മാത്രം.

ആരാണ് വിളിച്ചത്.
ഫോണെടുത്തു നോക്കി.
ഗോമതിയാണ്.
ആ വിളി എന്തിനായിരിക്കുമെന്ന് തനിക്കൂഹിക്കാൻ കഴിയുന്നുണ്ട്.

വലിയ ബോർഡുകളുടെയും തൂണുകളുടെയും നിഴലുകൾ ഭീമാകാരനായ സത്വത്തെപ്പോലെ വാ പൊളിച്ചു നിന്നു. വെളിച്ചത്തിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച് പ്രാണികൾ കൂട്ടം ചേർന്നിട്ടുണ്ട്. അതിൽത്തന്നെ സമരമുഖത്തെ പോരാളികൾ വെളിച്ചത്തിലേക്ക് ധൈര്യപൂർവ്വം നടന്നടുക്കുകയും തൽഷണം മരിച്ചു വീഴുകയും ചെയ്യുന്നു. അവരുടെ പേരാണത്രെ രക്തസാക്ഷികൾ. ഭൂമിയിൽ ചില ജന്മങ്ങൾ എന്നും ഇരുട്ടിൽ കഴിയേണ്ടവർ തന്നെയെന്നോർമിപ്പിക്കുന്നു കാഴ്ചകൾ.

ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് രണ്ടു ചാൽ നടന്നു. കാലിനിപ്പോഴും ചെറിയ വേദനയുണ്ട്. എത്ര മരുന്ന് കഴിച്ചിട്ടും ഓരോ ദിവസവും അത്‌ കൂടിക്കൂടി വരുന്നുണ്ട്. ഇനി താനും ഗോമതിയെപ്പോലെ…
ഓ…
ഒന്നുമോർക്കണ്ട.
ഓർത്തു വിഷമിച്ചിട്ടെന്തു കാര്യം.
വീണ്ടും പഴയ സ്ഥലത്ത് തന്നെ വന്നിരുന്നു. ഇവിടെ, ജോലിക്കിടയിൽ ഉറങ്ങാൻ പാടില്ലെന്നാണ്. പക്ഷേ, മരുന്ന് കഴിച്ചാൽ ഒരു മയക്കം വരും. അതുകൊണ്ട് പലപ്പോഴും മരുന്ന് കഴിക്കാൻ മടിയാണ്. കാലിന്റെ വേദനയോർക്കുമ്പോൾ കഴിക്കാതിരിക്കാനും വയ്യ. അല്ലെങ്കിലൊരുപക്ഷേ താനും…

ഓരോന്നോർത്ത് തലയിൽ നിന്ന് തൊപ്പിയൂരി മടിയിൽ വെച്ചു. തന്റെ തലക്ക് ഒരിക്കലും പാകമാവാത്ത ആ തൊപ്പിയിലെ നക്ഷത്ര ചിഹ്നത്തിലേക്കയാൾ വെറുതെ നോക്കിയിരുന്നു.

നീല യൂണിഫോമിൽ തന്റെ കറുത്തു മെലിഞ്ഞ ശരീരം ഒട്ടും ചേർച്ചയില്ലാത്തതാണ്‌. എന്നിട്ടും ശരീരത്തോട് ചേർന്ന് അതൊട്ടിക്കിടക്കുന്നു.

പോക്കറ്റിന് മീതെ പതിച്ച ഫലകത്തിൽ അയാളുടെ കണ്ണുകളുടക്കി.
‘സെക്യൂരിറ്റി’.
കാവൽക്കാരൻ.
അതേ, ജീവിതം മുഴുവൻ താനൊരു കാവൽക്കാരനാണ്. കാത്തു വെച്ചു കാവലിരുന്നത് പക്ഷേ, കാക്കപ്പൊന്നിനായിരുന്നു.

നോട്ടം പിന്നെയും നീണ്ടു. റോഡിൽ തിരക്ക് നന്നേ കുറവാണ്. ചെറു വാഹനങ്ങൾ തീരെയില്ല. കുറച്ചുകൂടി രാത്രി വളർന്നാൽപ്പിന്നെ എപ്പോഴെങ്കിലുമുള്ള ദീർഘദൂര ചരക്ക് വാഹനങ്ങൾ മാത്രം വലിയ ശബ്ദമുണ്ടാക്കി കടന്നു പോവും. വീണ്ടും ഗോമതിയെ ഓർത്തു.

യാത്രകൾ ഒരുപാടിഷ്ടമായിരുന്നു ഗോമതിക്ക്.

ഒരു ദിവസം അവളെയും കൊണ്ട് പുറത്തു പോവണം. പണ്ടൊക്കെ അതിന് കഴിവുണ്ടായിരുന്നിട്ടും പോയില്ല. താൻ നിർബന്ധം പിടിച്ചാലും ഒരു നേരം അമ്മയെ പിരിഞ്ഞിരിക്കാൻ വയ്യാത്ത മക്കളെ വിട്ട് അവളും പോരില്ല. എന്നാലോ, മക്കളെയും കൊണ്ട് പലയിടത്തും പോയിട്ടുമുണ്ട്. അവരുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും മാത്രം നോക്കിയായിരുന്നു അവളും തന്റെ ഇഷ്ടങ്ങൾ തീരുമാനിച്ചിരുന്നത്. അന്നൊക്കെ അവൾ സ്വകാര്യമായി പറയും. മക്കളൊക്കെ വലുതായി സ്വന്തം കാലിൽ നിൽക്കാനായാൽ നമുക്ക് രണ്ടു പേർക്കും കൂടി ഈ ലോകം മുഴുവനും കറങ്ങി നടക്കണം.

അതൊന്നും ഒരിക്കലും നടക്കില്ലെന്നറിഞ്ഞത് കൊണ്ടാവും ഇന്നിപ്പോൾ ഇടക്കൊക്കെ അവൾ പറയും.
“നമുക്ക് രണ്ടു പേർക്കും കൂടി കടൽക്കരയിൽപ്പോയി കാറ്റും കൊണ്ട് കുറേ നേരമിരിക്കണം. തിരമാലകളോട് കിന്നാരം പറഞ്ഞ് അസ്തമയ സൂര്യനെയും കണ്ട് കഴിയുമെങ്കിൽ രാത്രി ആ മണൽപ്പരപ്പിൽ തന്നെ കിടന്നുറങ്ങി പിറ്റേന്ന് സൂര്യോദയം കണ്ടു തിരിച്ചു പോരാം.”
“നിന്റെ കാലിനിപ്പോ…?”
എന്റെ ചോദ്യം പൂർത്തിയാക്കും മുമ്പേ ഉത്തരമെത്തും.
“ഈ കാലിനി ഇത്രയൊക്കെത്തന്നേ സുഖപ്പെടൂ.
അതോർത്ത് നിങ്ങള് വിഷമിക്കണ്ട.” നീട്ടി വച്ച കാലിൽ മെല്ലെ  തടവിക്കൊണ്ട് അവൾ പറയും.
അവളുടെ വലതു കാൽ അപ്പോഴും വല്ലാതെ തടിച്ചിരുന്നു.

സ്വാധീനക്കുറവ് കണ്ടപ്പോഴാണ് ഡോക്ടറെ കണ്ടത്. എല്ലു തേയ്മാനമാണെന്ന് പരിശോധന കഴിഞ്ഞപ്പോഴറിഞ്ഞു. അഞ്ചു മക്കളെ ചുമലിൽ താങ്ങി നടന്നതല്ലേ… എങ്ങനെ തേയാതിരിക്കും.
എന്തോ ഓർത്ത്‌ അയാളൊന്ന് നെടുവീർപ്പിട്ടു.

പിന്നേയും എന്തൊക്കെയോ ഉണ്ടെന്നാണ്. അതിനൊക്കെ ഇനിയും ഒരുപാട് പരിശോധനകൾ വേണം. എല്ലാം ചെയ്യണം. ഈ മാസത്തെ ശമ്പളം കിട്ടിയാൽ മരുന്നിനുള്ളത് മാറ്റി വെച്ചിട്ട് അവൾക്കൊരു സാരി വാങ്ങണം. അവൾ പറഞ്ഞിട്ടല്ല, കീറിയ ഭാഗം താൻ കാണാതെ അവൾ മറച്ചു പിടിക്കുന്നത് കണ്ടിട്ടും കാണാത്ത ഭാവം നടിച്ചതാണ്.

അവളെ വിളിച്ചില്ലല്ലോ എന്ന് പെട്ടെന്നാണ് ഓർത്തത്. ഫോണെടുത്തു കണ്ണിന് അടുത്ത് പിടിച്ചു നമ്പറെടുത്തു.
ഈയിടെയായി കണ്ണിന് ലേശം മങ്ങലുണ്ട്. ശരിയാണെന്ന് ഒരിക്കൽക്കൂടി ഉറപ്പ് വരുത്തി കാൾ ബട്ടൺ അമർത്തി ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു. അങ്ങേത്തലക്കൽ ഫോൺ എടുത്തെന്നുറപ്പായതോടെ ലൗഡ് സ്പീകർ ഓണാക്കി. കേൾവിക്കും വ്യക്തത വരണമെങ്കിൽ അല്പം ഉച്ചത്തിൽ തന്നെ ആവണമെന്നായിരിക്കുന്നു.

“ഹലോ…”
അങ്ങേത്തലക്കൽ പതിഞ്ഞ സ്വരം.
“നിങ്ങള് കഴിച്ചോ..
കാലിന്റെ വേദന എങ്ങനെയുണ്ടിപ്പോ…
ഒരേയിരിപ്പ് ഇരിക്കരുതേ, ഇടക്കൊന്നെഴുന്നേറ്റ് നടക്കണേ…
രണ്ടീസം കഴിയുമ്പോ നിങ്ങള് വരില്ലേ.
അവിടെ അടുത്തെങ്ങാനും നമ്മക്ക് രണ്ടാൾക്കും കൂടി താമസിക്കാൻ പറ്റണ വല്ല സ്ഥലോണ്ടോ നോക്കണേ.
യ്ക്കി വയ്യ ങ്ങളെ കാണാണ്ടെ.
മാമ്പഴക്കാലമായില്ലേ.
നമ്മള് നട്ട തേൻമാവ് കായ്ക്കാൻ തുടങ്ങിയിട്ടിപ്പോ ആറാമത്തെ കൊല്ലാ ഇത്.
ഇപ്രാവശ്യോം ണ്ടാവും ല്ലേ മാവ് നെറച്ചും മാങ്ങ.
ണ്ടായിട്ടെന്താ, നമ്മക്ക് കിട്ടൂലല്ലോ ല്ലേ.”

നൂറ് ചോദ്യങ്ങൾ, പരാതികൾ, പരിഭവങ്ങൾ…

തേൻമാവിലെ ആദ്യ മാമ്പഴം ഉണ്ണിക്കുട്ടനുള്ളതാണെന്ന് അത് നട്ടു നനക്കുമ്പഴേ അവൾ ഉരുവിട്ടിരുന്നതാണ്. ആ മൊഴി കേട്ടാണ് ഉണ്ണിക്കുട്ടൻ വളർന്നതും. ഇന്നിപ്പോൾ മാവ് തന്നെ ഉണ്ണിക്കുട്ടന് മാത്രമായി.

മൂന്ന് വർഷം കഴിഞ്ഞു, മാറാ വ്യാധികളുമായി അവൾ കിടപ്പിലായിട്ട്. അടുത്ത് നിന്ന് മാറാൻ ഇഷ്ടമുണ്ടായിട്ടല്ല. മാറാതെ പറ്റില്ലല്ലോ. ഒരു വരുമാനം വേണ്ടേ. വിശപ്പിനുള്ള അരി വാങ്ങണ്ടേ.
പണ്ട്, പത്തായത്തിൽ നിറച്ചു വെച്ച നെല്ല് കുത്തി അരിയാക്കി മുറം കൊണ്ട് ചേറിയെടുക്കുമ്പോൾ അവളതിൽ നിന്നും എന്തൊക്കെയോ തിരഞ്ഞു പെറുക്കിയെടുത്ത് പുറത്തേക്കെറിയുന്നത് കണ്ടു ചോദിച്ചിട്ടുണ്ട്. എന്താണ് കളയുന്നതെന്ന്.
“ഇരുന്ന് പഴകി എല്ലാം ചത്തു പോയി.
ഒക്കെ ചത്ത അരിയാ.”

“ചത്ത അരിയോ..?
അരിക്കും ജീവനുണ്ടോ.”
തനിക്ക് അതിശയമായിരുന്നു.
“അതേ.. ഈ കറുത്ത് കിടക്കുന്നതൊക്കെ ചത്ത അരിയാണ്.” അവൾ പറയും.

ചത്ത അരി കറുത്തിട്ടാണത്രേ. നിറം കറുപ്പായ ചില മനുഷ്യരും ചത്തു ജീവിക്കുന്നുണ്ട് ഭൂമിയിൽ.

പാതിരായായിരിക്കുന്നു. കണ്ണുകൾ അടഞ്ഞു തുടങ്ങിയപ്പോൾ എഴുന്നേറ്റ് വീണ്ടും രണ്ടു ചാൽ നടന്നു.
നിധി കാക്കുന്ന ഭൂതമാണ് താൻ. ഉറങ്ങാൻ അനുവാദമില്ല. ഒരു ഭാഗത്തായി ജ്വല്ലറിയുടെ പരസ്യബോർഡിൽ നിറയെ ആഭരണങ്ങളണിഞ്ഞ സുന്ദരിയായൊരു പെൺകുട്ടി പുഞ്ചിരിയോടെ നിൽക്കുന്നു.ഏകാന്തത മടുപ്പിക്കുമ്പോൾ ഇടക്കൊക്കെ ചെന്ന് അവളോട് മിണ്ടാറുണ്ട്. ജീവനില്ലെങ്കിലും ജീവനുള്ളതുപോലെ അവൾ ചിരിച്ചു കാണിക്കും. തന്റെ വിഷമങ്ങളും പരാതികളും കേൾക്കാൻ നിന്നു തരുന്ന അവളെ അയാൾക്കും ഒരുപാടിഷ്ടമാണ്.

“നിന്നെപ്പോലെ ഒരു മകളെ എനിക്ക് ദൈവം തന്നില്ലല്ലോ…”
അവൾക്കടുത്തു നിന്ന് പോരുമ്പോൾ എപ്പോഴും അയാളുടെ അവസാന വാചകം അതാണ്.

ഗോമതിയുടെ ആദ്യത്തെ പ്രസവം കഴിഞ്ഞത് മുതൽ രണ്ടു പേർക്കും പ്രാർത്ഥനയായിരുന്നു. അടുത്തത് പെൺകുട്ടിയാവണേ എന്ന്. പക്ഷേ, ദൈവം അഞ്ചാൺമക്കളെയാണ് തന്നത്. അവർക്കൊന്നും ഇപ്പോ തങ്ങളെ കാണുന്നത് പോലും ഇഷ്ടമല്ല. എന്നിട്ടും പിടിച്ചു നിന്നു. പക്ഷേ, അവരുടെ ഭാര്യമാർ ഗോമതിയോട് കാണിക്കുന്ന ക്രൂരത സഹിക്കാതായപ്പോഴാണ് അവളെയും കൊണ്ട് വീടുവിട്ടിറങ്ങിയത്.

മരുന്ന്, ഭക്ഷണം. മുന്നിലുള്ള ഒരേയൊരു വഴി ഇതാണ്. ചെറിയൊരു കാറ്റടിച്ചാൽപ്പോലും വീഴുന്ന കുറേ കിഴവാന്മാർക്കാണ് പലപ്പോഴും സെക്യൂരിറ്റി കുപ്പായം നന്നായി ഇണങ്ങുന്നത്.  അയാൾ താനിട്ട വസ്ത്രത്തിലേക്കും ജ്വല്ലറിയുടെ ഷട്ടറിലേക്കും മാറി മാറി നോക്കി. മക്കളുപേക്ഷിച്ചവർക്കും മക്കൾക്ക് ഭാരമായവർക്കും ശേഷിച്ച കാലം ജീവിക്കാൻ വേണ്ടി ആരോ തുന്നിയ കുപ്പായമാണിത്. അയാൾ വീണ്ടും തന്റെ കസേരയിൽ വന്നിരുന്നു.

പിറ്റേന്ന്, പകൽ. മാനേജർ തന്ന കത്ത് കയ്യിൽ കിട്ടിയപ്പോൾ ആകാംഷയായിരുന്നു. വെള്ളെഴുത്തു വീണു തുടങ്ങിയ കണ്ണുകൾ അക്ഷമയോടെ  അക്ഷരങ്ങളെ തിരഞ്ഞു…
‘പ്രായം അധികരിച്ചത് കൊണ്ടും ശാരീരിക ക്ഷമത കുറഞ്ഞത് കൊണ്ടും താങ്കളുടെ സേവനം ഇനി മുതൽ ഈ സ്ഥാപനത്തിന് ആവശ്യമില്ല’ എന്നതായിരുന്നു അതിന്റെ ചുരുക്കം.

അയാളുടെ കണ്ണുകൾ നീർജലങ്ങളായി. കയ്യിലിരുന്ന കടലാസിലേക്ക് അത് തുള്ളികളായി അടർന്നു വീണു.
അരുതേ എന്നപേക്ഷിച്ചു കൊണ്ടയാൾ  പലരെയും ചെന്നു കണ്ടു. വിറ പൂണ്ട കൈകൾ പലരുടെയും മുന്നിൽ തൊഴുതു വണങ്ങി. പക്ഷേ, എല്ലാവർക്കും തിരക്കായിരുന്നു.

വൈകിട്ട് തന്റെ ജംഗമ വസ്തുക്കൾ സഞ്ചിയിൽ നിറച്ച് യാത്രയാവാൻ നേരം പരസ്യ ബോർഡിലെ പെൺകുട്ടിയുടെ ഫോട്ടോക്കരികിൽ ചെന്നുനിന്ന് ആ മുഖത്തേക്കയാൾ കുറേ നേരം നോക്കി നിന്നു. അപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ അവൾ അയാളെ നോക്കുന്നുണ്ടായിരുന്നു.
“മോളേ…”
ആ വിളിയിൽ അയാളുടെ എല്ലാ സങ്കടങ്ങളും അടക്കം ചെയ്തിരുന്നു. പക്ഷേ, അയാളുടെ ഉള്ളിൽ നിന്നാ വിളി പുറത്തേക്ക് വന്നില്ല. അടഞ്ഞ മനസ്സിന്റെ വാതിൽപ്പടിയിൽ ചെന്നുതട്ടി അത് പ്രകമ്പനം കൊണ്ടു.

പോവുന്ന വഴിയിൽ എന്തോ അന്വേഷിച്ച് അയാൾ ഒരുപാട് കടകൾ കയറിയിറങ്ങി. പലയിടത്തുനിന്നും അയാൾ എന്തൊക്കെയോ വാങ്ങി. വീട്ടിലെത്തിയപ്പോൾത്തന്നെ ഒരുപാടലഞ്ഞു താൻ വാങ്ങിയ, കൂട്ടത്തിലെ എറ്റവും മൂല്യമുള്ളതെന്ന് തോന്നിയ ഒരു കൂടെടുത്ത് അയാൾ ഭാര്യക്ക് നേരെ നീട്ടി. കൗതുകത്തോടെ അതഴിച്ചു നോക്കിയ ഗോമതിയുടെ കണ്ണുകൾ നിറഞ്ഞു. അതിൽ നിറയെ തേൻമാമ്പഴങ്ങളായിരുന്നു.
രണ്ടുപേരും അതുപങ്കിട്ടു കഴിച്ചു.

പുതിയ സാരിയും അവൾക്കിഷ്ടമുള്ള പലഹാരങ്ങളുമെല്ലാം അയാൾ അവൾക്ക് നീട്ടി.പിന്നെ അയാൾക്ക് തിരക്കായിരുന്നു. ഭാര്യയെ പരിപാലിച്ചും അവൾക്കിഷ്ടമുള്ള ഭക്ഷണങ്ങളുണ്ടാക്കി നിർബന്ധപൂർവ്വം കഴിപ്പിച്ചും അയാൾ സന്തോഷം കണ്ടെത്തി.  അയാൾ പതിവിലേറെ സന്തോഷവാനായത് കണ്ട് ഗോമതി ചോദിച്ചു.

“എന്താ ഇന്നിത്രക്ക് സന്തോഷം. കാലിന്റെ വേദന കുറഞ്ഞോ.?”

“നീ പറയാറില്ലേ ഗോമതീ, ഉദയ സൂര്യനേയും കാത്തു കടൽക്കരയിൽ പാതിരാക്കാറ്റേറ്റ് കിടക്കുന്നത്. നാളെ നമ്മൾ ആ സൂര്യനെ തേടി പോവുന്നു.”

അയാൾ പറഞ്ഞത് കേട്ട് അവൾക്കും ഒരുപാട് സന്തോഷമായി. തന്റെ തടിച്ചു വീർത്ത കാലിൽ മെല്ലെ തലോടിക്കൊണ്ടവൾ എന്തോ ഓർത്തു നെടുവീർപ്പിട്ടു.

പിറ്റേന്ന് ഗോമതിയെ കൂട്ടി കടപ്പുറത്തു പോയി കാറ്റു കൊണ്ടിരിക്കുമ്പോൾ അയാൾ ചോദിച്ചു.

“ചത്ത അരി വേവിച്ചാൽ പിന്നെ ചാവുമോ ഗോമതീ…”
അവൾക്കൊന്നും മനസിലായില്ല.
“ഭൂമിയിൽ നമ്മുടെ അരി ചത്തു പോയെടീ, കൂടെ നമുക്കും…”

അവൾ അയാളെത്തന്നെ നോക്കിക്കൊണ്ടിരുന്നു. നാല് കണ്ണുകൾ പരസ്പരം നോട്ടം കോർത്തു വലിച്ചു. ആ കണ്ണുകളിലൊന്നിലും അല്പം പോലും നിരാശയില്ലായിരുന്നു. പകരം പരസ്പര സ്നേഹവും കരുതലും അപ്പോഴും അവയിൽ തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു. എന്നിട്ടും എന്തിനോ അവയിൽ നിന്നും നീർമുത്തുകൾ ഉരുണ്ടു ചാടി. അതുകണ്ട് കടൽ വേദന കൊണ്ടലറി വിളിച്ചു. അയാൾ പോക്കറ്റിൽ തപ്പിതാൻ കഴിക്കുന്ന മരുന്നുകൾ കയ്യിലെടുത്തു. പിന്നെ അത് കടലിലേക്ക് വലിച്ചെറിഞ്ഞു. അത് കഴിച്ചിട്ടും വേദനക്ക് ശമനം വരാതെ കടൽ പിന്നേയും വെപ്രാളം പൂണ്ടു പിടഞ്ഞു.

അയാൾ ഭക്ഷണപ്പൊതിയെടുത്ത് അഴിച്ചു വെച്ച് മടിയിൽ നിന്നൊരു ചെറിയ കുപ്പിയെടുത്ത്‌ അതിലെ ദ്രാവകം ഭക്ഷണത്തിലേക്ക് പകർന്നു. പിന്നെ അത് കുഴച്ചെടുത്തു പ്രിയതമയുടെ വായിലേക്ക് വെച്ചു. കൂടെ ഒരു പിടി അയാളും കഴിച്ചു. അപ്പോൾ അയാളുടെ കണ്ണുകളിലെ ജലാംശം പൂർണമായും വറ്റി കടലിലേക്കിറങ്ങിയിരുന്നു. അതുകൊണ്ടാവും കടൽ ആർത്തു വിളിച്ചു കൊണ്ട് കരയിലേക്കടിച്ചു കയറി.

കടലിൽ കണ്ണാടി നോക്കിയിരുന്ന പൊന്നമ്പിളിയുടെ മുഖം പെട്ടെന്ന് വിളറി വെളുത്തു. അയാളവളെ തന്നോട് ചേർത്തു പിടിച്ച് ആ മണൽത്തരികളിൽ നീണ്ടു നിവർന്നു കിടന്നു. അപ്പോൾ ആകാശം പതിവിലേറെ ഇരുണ്ട് ഭൂമിയെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

ആഴക്കടലിൽ മുങ്ങി നിവർന്ന പ്രഭാത സൂര്യൻ അവൾക്ക് കാണാൻ വേണ്ടി പിറ്റേന്ന് നേരത്തേയെത്തി. മലർന്ന് മണ്ണിൽ കിടന്നു കൊണ്ട് തന്നെ തുറിച്ചു നോക്കുന്ന ചത്ത കണ്ണിന്റെ നോട്ടം കണ്ടു പ്രഭാത സൂര്യൻ മേഘങ്ങൾക്കുള്ളിലൊളിച്ചു.

അപ്പോഴും തിരമാലകൾ കരയിൽ തല തല്ലി അലറിക്കരയുന്നുണ്ടായിരുന്നു.

സുബ്രഹ്മണ്യൻ വിപി ചെല്ലൂർ എന്ന് മുഴുവൻ പേര്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി. ഇപ്പോൾ കോട്ടക്കൽ ആയുർവേദ കോളേജിൽ ജോലി ചെയ്യുന്നു."ആട്ടിൻതലകൾ, ചലിക്കാത്ത പാവകൾ" എന്നിങ്ങനെ രണ്ടു ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്.