ഇരയിലേയ്ക്കാഴുമ്പോൾ

കൈതോലപ്പച്ച നിറഞ്ഞ
തോട്ടുവക്കിൽ ചൂണ്ടയെറിഞ്ഞ്
കാത്തിരിപ്പാണ് ഞാൻ
തൊട്ടരികെ
ധ്യാനഭാവമോടൊരു-
വെള്ളക്കൊറ്റി.

തെളിവെള്ളത്തിൽ
പുളഞ്ഞ് പായുന്നുണ്ട് മീനുകൾ .
ചൂണ്ടയിൽ തുളഞ്ഞ്
പുളപ്പിന്നന്ത്യയാമമരികെ
ഇരയുടെ യാത്രാമൊഴി .
ഒരേ താളമാണ് ഇരയുടേത്.

ധ്യാനത്തെ കുടഞ്ഞെറിഞ്ഞ്
വെള്ളക്കൊറ്റി
നെടുവീർപ്പോടെ ഞാനാ വെളുപ്പിൽ
സമാധാനത്തിന്റെ പൂഞ്ചോല കണ്ടു.
കൈതോലക്കാട് ഇളകിയാടി
മന്ദമാരുത സ്പർശത്തിൽ
പ്രണയരാഗം പൊഴിഞ്ഞു.

കാറ്റ്
കൊറ്റി
ഇരയുടെ പിടച്ചിൽ
മീൻകുതിപ്പ്..
കാത്തിരിപ്പിൻ കണ്ണിൽ ഇരുൾ നൃത്തം

ചൂണ്ടയുപേക്ഷിച്ച് പിൻമടങ്ങുമ്പോൾ
തോറ്റ ജന്മമെന്ന് വീറ് മുഴുക്കി-
മീൻ പുഞ്ചിരിയാട്ടം.
വെള്ളക്കൊറ്റി
സമാധാനത്തിന്റെ ചിറകുവീശി ദൂരേക്ക്.

കാറ്റ് വീശിയെറിഞ്ഞ്
കാർമേഘങ്ങളെ ചുബിച്ചുണർത്തി.
എല്ലാവരും അവരവരിലേയ്ക്ക്…!
വീട്ടിലേക്ക് നടക്കുമ്പോൾ
ഒറ്റപ്പെട്ടൊരു ശ്വാസഗന്ധം
കാൽവിരലുകളെ
ചുംബിച്ചു കടന്നു പോയി.

തൃശൂർ ജില്ലയിലെ കാച്ചേരിയിൽ താമസം. ആയൂർവ്വേദ കമ്പനിയിൽ സെയിൽസ് ഓഫീസിർ. 'കണ്ണാടിയിൽ നോക്കുമ്പോൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക മാധ്യമങ്ങളിൽ കവിതയും, ലേഖനവും എഴുതാറുണ്ട്.