ഇരട്ടകൾ

ഭാഗിച്ച് കിട്ടിയ
വീടിനകത്ത്
വീണ്ടും അതിരിട്ടാണ്
അടുക്കള രണ്ടാക്കിയത്

അടുപ്പത്ത് വേവുന്ന
അരിക്കലത്തിൽ
ഒന്ന് കുറുവയും
മറ്റേത് പൊന്നിയും

പുളളംകള്ളിക്കൈലിയിൽ
കള്ള് ഷാപ്പിലേക്ക്
പോകുന്ന എന്നോട്
നീ മിണ്ടാറേയില്ല
നിന്നോട് ഞാനും

ഒരേ മുറ്റത്തെ
കളിപ്പാട്ടങ്ങൾ
ടാങ്കറുകളായി
വെടിയുതിർത്ത്
ശത്രുക്കളായി തീരുന്നുണ്ട്
കുട്ടികൾക്കിടയിൽ
ചില നേരം അതിർത്തി
ഭേദിച്ച് നമുക്കിടയിലും

സത്യത്തിൽ
ഇരട്ടകൾ എന്നത്
പുറം സാമ്യതയുടെ
മുഖംമൂടി മാത്രമാണെന്ന്
നമ്മളറിഞ്ഞു തുടങ്ങിയത്
എപ്പോഴാണ് ……

കണ്ണൂർ മയ്യിൽ വേളം സ്വദേശി. ഐ ടി പ്രൊഫഷണൽ. ഇപ്പോൾ എറണാകുളത്ത് ജോലി ചെയ്യുന്നു