ഇമ്പം

ഉറക്കമറ്റ മിഴികളുമായി
പാതിരാവോളം
കമ്പ്യൂട്ടറിനു
മുന്നിലിരിക്കുന്ന
അയാളെ കാണുമ്പോൾ,
ഒരിക്കലും തെളിഞ്ഞു
വരാത്തപോലവൾ
സ്വിച്ച് ഓഫായിപ്പോകും.

കനപ്പെട്ട
ഫയലുകൾക്കുള്ളിലേക്ക്
കണ്ണും തുറന്നു
പിടിച്ചയാളിറങ്ങുമ്പോൾ
ചുവപ്പുനാടയുടെ
കുരുക്കിൽപ്പെട്ട് അവൾ
വരിഞ്ഞു മുറുകും.

തണുത്ത പ്രഭാതത്തിൽ
തിരക്കിട്ട് അയാൾ,
യാത്ര പറഞ്ഞിറങ്ങുമ്പോൾ
അത്രയും നേരം
ഓടിക്കൊണ്ടിരുന്നവൾ
ചലിക്കാതാകും.

എങ്കിലും,
അവിചാരിതമായിക്കിട്ടുന്ന
മിഠായിത്തുണ്ടും
പുസ്തകങ്ങളും
കാണുമ്പോൾ
മയിലിനെപ്പോലെയവൾ
തുള്ളിച്ചാടും,
കുയിലിനെപ്പോലെ പാട്ടു പാടും,
പരൽമീനിനെപ്പോലെ
നീന്തിത്തുടിക്കും.

അല്ലേലും,
കുഞ്ഞുകുഞ്ഞു
കാര്യങ്ങൾക്ക്
കുന്നോളം ഉയരത്തിൽ
സന്തോഷിക്കാനും
കടലോളം ആഴത്തിൽ
വേദനിക്കാനും
മനുഷ്യർക്കല്ലാതെ വേറെ
ആർക്കാണ് കഴിയുക?

ഒറ്റവാക്കിൽ
പിണങ്ങാനും
ഒറ്റനോട്ടത്തിൽ
ഇണങ്ങാനും
തമ്മിൽ കണ്ടാൽ
മിണ്ടാതിരിക്കാനും
കണ്ണിൽപ്പെട്ടാൽ
കണ്ടില്ലെന്നു നടിക്കാനും
മനുഷ്യർക്കല്ലാതെ വേറെ
ആർക്കാണു സാധിക്കുക?

അകന്നതൊക്കെയും
അണച്ചുപിടിക്കാനും
അടുത്തതിനൊക്കെയും
ചേർത്തുപിടിക്കാനും
വേർപെട്ടു പോകുന്നതിനെ
മുറുകെപ്പിടിക്കാനും
മനുഷ്യർക്കു മാത്രമേ കഴിയൂ.

അല്ലേലും, കൂടുമ്പോഴല്ലേ
ഇമ്പമുണ്ടാകുന്നത്?
കൂടുമ്പോൾ മാത്രമാണ്
ഇമ്പമുണ്ടാകുന്നതും!

എറണാകുളം ജില്ലയിലെ ആയവന സ്വദേശിനി. ഡിജിറ്റൽ മാഗസിനുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമായി കഥയും കവിതയും എഴുതുന്നു.