ഇന്നലെയും ഇന്നും

ഇന്നലെയും ഇന്നും
അത്രയും മഴ പെയ്തതുകൊണ്ടാവും
ആകാശമാകെ നരച്ചു പോയിരിക്കുന്നു .

ഇരുളിനെക്കാൾ ഇരുണ്ട രാത്രിയായതിനാലാവും
ഇന്നത്തെ വെയിലിനു വാടിയ
ഇതളിന്റെ തളർച്ച .

കാറ്റിനാൽ അത്രയും
ആട്ടിയോടിക്കപ്പെട്ടതിനാലാവും
നിഴൽപോലുമിളകാതെ
ആ മരമിങ്ങനെ നോക്കുന്നത് .

ഇന്നലെ അത്രെയും കൂടുതൽ സംസാരിച്ചതിനാലാവും
ഇന്നിപ്പോൾ വാക്കുകൾ കൂട്ടിതൊട്ടശുദ്ധമാകാതെ
നിശബ്ദമായി നോക്കിനിൽകുന്നത് .

ഇന്നലെ ആകാശമയച്ച തീമഴയുടെ
നാമ്പുകൾ നക്കിത്തുടച്ചതിനാലാവണം
മുറ്റമാകെ വിണ്ടുകീറി
നാവുനനയ്ക്കാൻ കാത്തിരിക്കുന്നത് .

ഇന്നലെ കറുത്ത ദിവസമായതിനാലാവണം
ഇന്നവളുടെ മുടിയാകെ നരച്ചു കൊഴിഞ്ഞിരിക്കുന്നു
കണ്ണുകളിൽ ഇരുട്ടുകൂടു വെച്ചിരിക്കുന്നു
കാലിലെ കറുത്തു തിണർത്തയൊരു ഞരമ്പിൽ
നിന്നും കരിമേഘങ്ങൾ കൂട്ടമായി പറന്നുയരുന്നു .

ഇന്ന് …
കാട് പുകയുന്നു
കാവ് പിളരുന്നു
കാല് കടയുന്നു
കടല് കരയുന്നു
വയലുകളിലാകെ കരിന്തേള് മൂളുന്നു.

ചങ്ങനാശ്ശേരി സ്വദേശി. ആസ്‌ട്രേലിയയിൽ നേഴ്സ് ആയി ജോലി നോക്കുന്നു . നവമാധ്യമങ്ങളിൽ സജീവം.