ഇന്നത്തെ റെസിപ്പി

മിഴികൾ തളരാതെയല്ല;
പടിവാതിൽക്കലേയ്ക്ക്‌ തന്നെ
നോക്കി നോക്കി
ഇരിപ്പാണ്
മിനുട്ടുകൾ തെല്ലു വൈകിയേ ഉള്ളൂവെങ്കിലും
മകൻ എത്തുവാൻ.

ഈയിടെ, നിത്യവും
ച്യുയിംഗ്‌ ഗം ചവച്ചാണോ
ഗേറ്റ്‌ കടന്നുള്ള അവന്റെ വരവ്‌?
ചുണ്ടിൽ അവൻ ഇല്ലെന്നു ശഠിക്കുന്ന
ഒരു കരിപ്പാടുണ്ടോ?
വായുവിൽ ഒരു പുതു പുകഗന്ധമുണ്ടോ?
വലയ്ക്കുള്ളിലേയ്ക്കിറങ്ങി
അവൻ ചെലവിടുന്ന
വൈകുന്ന രാത്രികൾ
കവിളെല്ലിനു മീതെ
കറുപ്പായി പടരുന്നുണ്ടോ?

ചുവന്നു കലങ്ങിയവയാണോ
അവന്റെ കണ്ണുകൾ,
നടപ്പും വാക്കും
സ്വാഭാവികം തന്നെയോ?
തീരാത്ത അമ്മയാധികൾ
തീർക്കാൻ
കൂടെക്കൂടെ ഞാൻ
അരികിൽ ചെല്ലാറുണ്ടീയിടെ.

ഇൻഡോർ പാർക്കുകൾ,
മാൾ സന്ദർശനങ്ങൾ,
എത്ര കളിച്ചാലും ജയിച്ചേ അടങ്ങൂ
എന്ന വാശിയിൽ
ആവർത്തിച്ച ഊനോ, ലൂഡോ
കളികൾ.
ഒക്കെ വേണ്ടെന്നു വച്ചിവൻ
എന്നാണിങ്ങനെ വളർന്നു?
റോഡ്‌ മുറിച്ചു കടക്കുമ്പോൾ
കൈകളിൽ മുറുക്കിപ്പിടിച്ചിരുന്നവൻ
വീട്ടിലെ പിറന്നാൾ പാർട്ടികളിൽ
അതിഥികളുടെ എണ്ണം
കൂട്ടിക്കൂട്ടിക്കൊണ്ടുവന്നിരുന്ന
കുസൃതിക്കുഞ്ഞ്‌!
ഇന്നവന്റെ ആഘോഷങ്ങൾ
എങ്ങനെ, ആർക്കൊപ്പം, എവിടെ?

ആധി!
വീട്ടിലേയ്ക്ക്‌
തിരിച്ചുവരാൻ കയറിയ
കെ. എസ്‌. ആർ. ടി. സി ബസിൽ
അടുത്തു നിന്നൊരുവന്റെ
‘ടിക്കറ്റ്‌ ഞാനെടുത്താലോ?’
എന്ന ദുഷിച്ച
അന്തരർത്ഥങ്ങളുള്ള
ചോദ്യം,
ഓഫീസിലെ സഹപ്രവർത്തകരിൽ
ഏതെങ്കിലും ഒരാളുടെ
മകനാവാം ഒരു പക്ഷേ,
ആ കോളേജ്‌ പയ്യൻ.

വൈകീട്ട്‌
വാർത്താച്ചാനലിൽ കണ്ട
കൈയാമങ്ങളിട്ട ചെറുപ്പക്കാരിൽ
ഒരുവനിൽ നിന്ന് പിടിക്കപ്പെട്ട,
സ്ക്രീനിൽ പ്രദർശ്ശിപ്പിയ്ക്കപ്പെട്ട
പാക്കറ്റുകൾക്കരികിൽ
പന്ത്രണ്ടാം ക്ലാസിലെ
പാഠപുസ്തകമൊന്നു കണ്ടു.
ഹോ!
പതറാതിരിയ്ക്കുന്നതെങ്ങനെ?

ഇനിയുമെത്താത്ത
പതിനാറുകാരൻ മകനെ
ഓർത്തുള്ള ദണ്ണം.
നാളുകളായുള്ള
ഉറക്കമില്ലായ്മ തളർത്തുന്ന
മിഴികളോടു ഞാൻ പറഞ്ഞു,
“കണ്ണേ, മടങ്ങാതിരിയ്ക്കുക”
വാതിൽക്കൽ അവൻ വരും വരെ.

ടി.വി യിൽ അപ്പോൾ
ഏതോ മാർക്കറ്റിൽ
ബോംബിട്ടതിന്റെ
ദൃശ്യങ്ങൾ കാട്ടുന്നു.
കോഫീ ടേബിളിൽ
മലർന്നിരിയ്ക്കുന്ന
പത്രത്തിലുണ്ട്‌
വായിയ്ക്കാൻ അറയ്ക്കുന്ന
വാർത്തകൾ.
രണ്ടും ഞാൻ പൂട്ടിവച്ചു.

അകലങ്ങൾ!
വലുതായിക്കൊണ്ടിരിയ്ക്കുന്ന
വീടുകളിലെ
അകന്നകന്നു പോയിക്കൊണ്ടിരിയ്ക്കുന്ന
മുറികൾ;

ഊൺ മേശയിൽ
ഒപ്പമുണ്ണുമ്പോഴും,
ഒരുമിച്ച്‌ ഒരേയിടത്തേയ്ക്ക്‌
പോകുമ്പോഴും
കുനിഞ്ഞിരുന്ന്
കൈവെള്ളയിലെ
ഇലക്ട്രോണിക്‌ ലോകത്തിലേയ്ക്ക്‌
ചുരുങ്ങിപ്പോകുന്ന
കാഴ്ചകൾ.

തളർച്ച!
ആവലാതികളിൽ കുഴഞ്ഞ്‌
മിഴികൾ ഒന്നടയുന്നു.
കാർ വിൻഡോയിൽ
ഒരു ദരിദ്രബാലൻ മുട്ടുന്നു.
ഡാഷ്ബോർഡിനുള്ളിൽ
വച്ചിരിയ്ക്കുന്ന
കുപ്പിവെള്ളം അവനു നീട്ടുമ്പോൾ
ഒരു നന്ദിനോട്ടത്തോടെ
ഫുട്പാത്തിൽ ഇരിയ്ക്കുന്ന
കുഞ്ഞനിയത്തിയോടത്‌
പങ്കിടാനവൻ
തിരക്കു വകഞ്ഞുമാറ്റിക്കുതിയ്ക്കുന്നു.

ഒഴിഞ്ഞൊരു സ്ട്രീറ്റ്ലൈറ്റ്‌ ചുവട്ടിൽ
ചേരിയിലെ പിള്ളേർക്ക്‌
അക്ഷരം പഠിപ്പിയ്ക്കുന്ന
കുറച്ചു
വിദ്യാർത്ഥികൾ.
അലഞ്ഞു തിരിയുന്ന
ഉപേക്ഷിയ്ക്കപ്പെട്ട
മൃഗങ്ങൾക്കായി
പ്രവർത്തിയ്ക്കുന്ന
ഷെൽറ്ററിന്റെ പരസ്യപ്പലക.
മിന്നൽക്കാഴ്ചകൾ!

ഒരു ഞൊടിയിൽ ഞാൻ
ഉണരുന്നു.
തണുത്തൊരു
കാറ്റടിയ്ക്കുന്നുണ്ട്‌.
ഗേറ്റ്‌ തുറന്നവൻ
വരുന്നുണ്ട്‌.

പണ്ടേ പോലെ ഇന്നും
അവൻ നിഷ്കളങ്കമായി
ചിരിയ്ക്കുന്നുണ്ട്‌.
അവന്റെ കയ്യിൽ
ആരോ കൈ കൊണ്ട്‌
വരച്ചുണ്ടാക്കിയൊരു
കാർഡുണ്ട്‌.
വടിവില്ലാത്ത
ഇപ്പോൾ പഠിച്ച
അക്ഷരങ്ങളിൽ
എഴുതിയിരിയ്ക്കുന്നു,
“നന്ദി”.

ആശ്വാസം!
നന്മമരങ്ങൾ
ഇപ്പോഴും പൂക്കുന്നുണ്ട്‌.

ഞാനൊന്നു ശരിക്ക്‌ കാണട്ടെ
ഇവനെ.
കാണണം,
അറിയണം.
കാഴ്ചകളെ,
കാഴ്ചപ്പാടുകളെ.
തെറ്റുന്നിടത്ത്‌
തിരുത്തണം.
പൊട്ടിപ്പോയ
വർത്തമാനച്ചരട്‌
പുതുക്കിയൊന്നു പണിയണം.
വീടുകളോരോന്നിലെയും
കൊച്ചുലോകങ്ങളിൽ നിന്നല്ലേ
പരന്നു കിടക്കുന്ന
ഈ വലിയ ലോകവും
സംഭവങ്ങളും
ഉരുത്തിരിഞ്ഞുണ്ടാവുന്നത്‌.

നന്മമരങ്ങളിൽ നിന്ന്
ഇനിയും വിത്തുകൾ വീഴട്ടെ,
തൈകൾ ഉയിർക്കട്ടെ.

ലോക്ക്ഡൗൺ നേരമ്പോക്കിനു
തുടങ്ങിയ
യൂ-ട്യൂബ്‌ പാചകചാനലിലെ
ബിരിയാണി റെസിപ്പി വീഡിയോയ്ക്ക്‌ താഴെ
കമൻഡ്‌ സെക്ഷനിൽ വന്ന
കുറിപ്പിലേയ്ക്ക്‌ ഒന്നു നോക്കി.

“ബിരിയാണിയേക്കാൾ
അതുണ്ടാക്കിയ ആളെയിഷ്ടം,
സാരിയിൽ നിങ്ങൾ സെക്സി”,
എന്ന കുട്ടിരാഷ്ട്രീയക്കാരന്റെ
കുറിപ്പിനും,
ചുവന്ന ചുണ്ടിമോജികൾക്കും
ഒരുഗ്രൻ മറു കുറിപ്പ്‌
തൊടുത്തു വച്ച്‌,
നെല്ലിക്ക ചേർത്തുള്ള
ജ്യൂസ്‌ ഉണ്ടാക്കുന്ന വിധം
പരിചയപ്പെടുത്താനുള്ള
വീഡിയോ
എടുക്കാൻ
ഞാൻ
ക്യാമറ ഓൺ ആക്കി.

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.