ഇനി അധികനാളില്ല

ഞെട്ടറ്റ് വീഴുവാൻ ഇനി
അധികനേരമില്ല,
ആ പൂവിന്റെ നിറം ചേർത്ത്,
സുഗന്ധം നിറച്ചുവെക്കുക.

മകരത്തിലെ
രാത്തണുപ്പേറ്റ പുൽനാമ്പിന്റെ
ചുണ്ടിൽ ഉരുണ്ട മഞ്ഞു
സ്ഫടികത്തെ ഒന്നുകൂടി
നുകരുക.
ഇനി എത്ര നാൾ ഇങ്ങനെ …?

മധുരമായി ചിലയ്ക്കുന്ന
കിളിയെ നോക്കിയിരിക്കാൻ
ഇനി അധികനേരമില്ല…

ഇനി പാടാം എന്നോർക്കാതിരിക്കുക,,
ഇപ്പോൾ പാടുക,
ഇനിയെത്ര നാൾ
എന്നാർക്കറിയാം…..!!

മണ്ണിനെ തൊട്ട്,
ഒരു തരി
കയ്യിലെടുത്ത് കാത്തുവെക്കൂ …
ഇതൊക്കെ ഇനിയെത്ര നാൾ…?
വൈകരുത്…!!!

കവിത പോലെ എന്തൊക്കെയോ
എഴുതാമെന്നോർത്ത്,
കാത്തിരിക്കുന്നതെന്തിനാണ് …?
ഇപ്പോൾ,
ഇവിടെ കുറിക്കൂ ….
നാളെയല്ല….!!!

ഇണയെ
മടി വെടിഞ്ഞൊന്നമർത്തി
ചുംബിക്കുവാൻ,
ഇനിയും
വൈകുന്നതെന്തിന് …?
അധികനാളിനിയില്ല …

തൻ നാവിന് രുചിയേറ്റാം,
ഇന്നല്ല, പിന്നെ.
ഇന്നിവരെയാകട്ടെ .
ഇന്നീയാലോചന നിർത്തുക,
ഇപ്പോൾ രുചിക്കൂ
സമയമേറെയിനിയില്ല.

മുറ്റത്ത് വീഴുന്ന
പകൽ മഴനൂലിൻ
തിരശ്ശീലയിൽ അലിയാൻ
നാളെയെ കരുതരുത്.
ഇന്ന് നനയുക,
ഇഷ്ടങ്ങൾ നഷ്ടമാക്കരുത്.
ഇനി കാലമേറെയില്ല….

എല്ലാം മറന്നൊന്നുറങ്ങുവാൻ
കണ്ണുകൾ കൂമ്പുമ്പോൾ,
സമയമായില്ലെന്ന്
ഇനിയും പറയരുത്.
ഇനി അധികനേരമില്ല…!!!

ഒരു പ്രണയനിലാവാന്റെ
ഇതളോർമ്മയെ
തടവിലാക്കി,
വിങ്ങുവതെന്തിനാണ് …?
ഇനി നാളേറെയില്ല;
അനുരാഗം ഭുമിയിൽ മാത്രം
പൂക്കുന്ന വിസ്മയം.

പുഴയുടെ, കടലിന്റെ ,
കാറ്റിന്റെ ഗന്ധവും
കിനാവും കാണാതെ
മടങ്ങല്ലേ;
കാലം കരുതിയത് കാണാതെ
പോകരുത്.
ഇനി ഇങ്ങോട്ട്
മടക്കമില്ലല്ലോ ….

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചുങ്കത്തറയാണ് സ്വദേശി. എരത്തി മങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനാണ്. വായന, എഴുത്ത്, നാടക പ്രവർത്തനങ്ങൾ എന്നിവ ഇഷ്ടമുള്ള മേഖലകളാണ്. സോഷ്യൽ മീഡിയയിൽ കവിതകൾ എഴുതാറുണ്ട്.