
നമ്മൾ മഴകൾ
പെയ്യാതെ പെയ്യുന്ന നോവുകൾ.
ആർത്തിരമ്പുന്നൂ കടൽ,
തിരകളിൽ ഉപ്പു കാറ്റിൻ ഗന്ധം .
പാതിവിടർന്ന നിശാമലരുകൾ താരകം,നിലാവ്,
തുറന്നിട്ട ജാലകം
പതിവു വായനകൾ, സങ്കീർത്തനങ്ങൾ,
കത്തും മെഴുതിരി
ഞാനുമീ രാവും
നമ്മൾ നിറയുന്നതേതു സ്വർഗ്ഗസീമകളിൽ .
നമ്മൾ അകന്നേ പോകുന്നതേതു വനവീഥികളിൽ .
നമ്മളൊന്നിച്ചു നടന്ന
നാട്ടുവഴികൾ,
പൂവിട്ട പൊൻ ചെമ്പകച്ചോടുകൾ,
വർണ സൗരഭങ്ങൾ
നീ മറന്നുവോ ?
നമ്മൾ തുഴഞ്ഞ പുഴയും
മഴക്കാലവും മറന്നുവോ ?
നിലാവ് പെയ്ത കിനാവിൻ പാടങ്ങൾ
പാട്ടുമൂളും രാക്കിളികൾ
നീ ചൊല്ലുമെന്റെ വരികൾ
ഒക്കെയും മറന്നുവോ സഖേ…..
നമ്മൾ മഴകൾ
പെയ്യാതെ പെയ്ത നോവുകൾ
എന്റെ മഴക്കാലങ്ങളെ നീയെടുക്കരുത് !
കത്തുന്ന വേനലുകളെ
വനവസന്തത്തെ
ഈ ശിശിരത്തെ
ഒന്നു പോലും …..
പകരമെടുത്തുകൊള്ളുക
എന്റെ വരികൾ, തൂലിക,
ഈ മഷിക്കൂടുകൾ ….
ഇനിയും പാട്ടുകാരാ മറന്നേ പോകുക ,
വഴിയിൽ കളഞ്ഞേ പോകുക
സംഗീതമകന്ന
ഈ പാഴ് മുളംതണ്ടിനെ.








