ഇരുളുമെന്നോർമ്മതൻ പടിവാതിലിലിന്നു
കനവിന്റെ മുള്ളുകൾ ബാക്കിയായി
വെറുതെയീ ജന്മംമുഴുവനുമേതോ
നിനവുകൾക്കായി ഞാൻ കാത്തിരുന്നു.
ഇവിടെയെല്ലാമിരുട്ടാണു ചുറ്റിലും
വിധിയെഴുത്തിന്റെ കൂരമ്പുകൊള്ളന്നു
വരണമാല്യമായെത്തുവതെന്നു നീ
മരണമേയെന്റെ ജീവ സൗഭാഗ്യമേ..
അനുഭവങ്ങങ്ങളെ നിങ്ങളൊരിക്കലും അനുവദിക്കില്ലെന്റെ സ്വപ്നം രചിക്കുവാൻ.
കരുതിവച്ചീല കരളിലൊരിക്കലും കദനമേറ്റുവാനൊരു കണികപോലുമേ ..
പരിചയിച്ചീല നിനവിലൊരല്പവും
പുതിയകാലത്തിന്റെ ഭാവപകർച്ചകൾ
ജഡിലജീവിതത്തെരുവിലലഞ്ഞെന്നെ
കരുണകാട്ടിവിളിച്ചൊരാ നാളുകൾ
പ്രണയമാല്യം കൊരുത്തു കൊരുത്തുനീ ഹൃദയപൂർവ്വം വിളിച്ചൊരാ നാളുകൾ
പടിയിറങ്ങീട്ടുമെന്നിലെയോർമ്മയിൽ
സുഖദഗീതമഴയായ് പൊഴിയുന്നു.
വ്രണിതമാക്കിയപഴയ കാലത്തിന്റെ ചിതയിൽ നിന്നും കൊളുത്തിയ പന്തങ്ങൾ
ഹൃദയരക്തത്തിൽ മുക്കിച്ചുവപ്പിച്ചറുതിയില്ലാതെ കോമരംതുള്ളുന്നു.
കഥയറിഞ്ഞിട്ടുമെന്തിനാണെന്നുമെൻ
കരളിലേയ്ക്കൂ കനൽക്കാറ്റുതുപ്പുന്നു
ഇനിവരേണ്ടിനിയെന്നിലേയ്ക്കൊന്നിനും
കനവുകാണാൻ വിളിക്കേണ്ട പിൻവിളി .
സഹതപിക്കേണ്ട സഹചരേ നിങ്ങളീവ്രണിത ജീവനെതെല്ലും പഴിക്കേണ്ട
ഉദയമാകില്ലൊരിക്കലും ഞാനിനി ഇവിടൊടുങ്ങട്ടെയെൻ ജീവയാത്രകൾ