ഇച്ചിരി നാട്ടു വിശേഷങ്ങൾ

“നാരായണൻ കുട്ട്യേ …. ഇന്നത്തെ പത്രം എവിടെ”
വായനശാലയിൽ എത്തിയ  ഗിരിമാഷ് അകത്തിരിക്കണ നാരായണൻ കുട്ടിയോട് വിളിച്ചു ചോദിച്ചു …
“അവിടെക്കാണും മാഷെ ….”
“എവിടെ ..അന്നോട് ഞാൻ നൂറ് പ്രാവിശ്യം പറഞ്ഞിട്ടുണ്ട് … വായന കഴിഞ്ഞാൽ അതാത് സ്ഥാനത്ത് തന്നെ  തിരിച്ച് വെച്ചിരിക്കണമെന്ന് “
“തുടങ്ങി.അങ്ങേരുടെ ഉപദേശ ക്ലാസ് … ” ഗിരി മാഷുടെ വാക്കുകൾ ഇഷ്ടപെടാത്തെന്നോണം നാരായണൻ കുട്ടി പതിയെ പറഞ്ഞു ….

നാരായണൻ കുട്ടി ഒരു ബി ടെക് കാരനാണ്. പക്ഷെ തന്റെ സ്വന്തം ഗ്രാമം വിട്ട് പോകാൻ നാരായണൻ കുട്ടിക്ക് പറ്റില്ല. ആ നാട്ടിലെ ജനങ്ങളും അവിടുത്തെ പെരുന്നാളും ഉത്സവവും  ചൂടും തണുപ്പും അവിടുത്തെ വഴക്കും വക്കാണവും പരദൂഷണവും എല്ലാം എല്ലാം നാരായണൻ കുട്ടിയുടെ ജീവവായുവാണ്. അത് കൊണ്ട് തന്നെ അതൊക്കെ വിട്ട് മറ്റൊരു നാട്ടിലെ ജീവിതം നാരായണൻ കുട്ടിക്ക് ആലോചിക്കാനെ വയ്യ…

“ഓന് പ്പൊ ന്താന്ന് .. ഒറ്റ മോൻ … ഏക്കറ് കണക്കിന് സ്ഥലം. തന്തപ്പിടി ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടീട്ട്ണ്ട്. – പിന്നെന്താപ്പാ വായനശാലയും നോക്കി അങ്ങനെ നടന്നാ പോരേന്ന് … “

ആലിൻചുവട്ടിലിരുന്ന് കുട്ടൻ മറ്റുള്ളവരോടായി പറയും. കുട്ടൻ എന്ന് പറഞ്ഞാ ഞരമ്പ് കുട്ടൻ … നാട്ടുകാർ അറിഞ്ഞു നൽകിയ പേരാണ്…. നാൽപ്പത്തഞ്ച് കഴിഞ്ഞിട്ടും കുട്ടന് ഇത് വരെ പെണ്ണൊന്നും ഒത്തില്ല. അതിന്റെ സൂക്കേടാണൊ എന്നറിയില്ല അത് വഴി പോകുന്ന ഓരോ പെണ്ണിനെയും കുട്ടൻ നോക്കുന്ന നോട്ടം കണ്ടാൽ ചിരി ച്ചു കൊണ്ട് അവര് തന്നെ പറയും ..

“ന്റെ കുട്ടാ യ്യ് ങ്ങനെ നോക്കല്ലെ … തുണി അഴിഞ്ഞു പോണ് ….”

കിടപ്പുമുറിയുടെ ജനവാതിൽ ചൂട് കാലത്തും പോലും  വലിച്ചടക്കാതെ ആരും ഉറങ്ങില്ല. പ്രത്യേകിച്ച് പുതിയതായി വിവാഹം ചെയ്തവർ. മിക്കവാറും കുട്ടൻ ജനവാതിലിനപ്പുറത്ത് കണ്ണു തുറന്നിരിപ്പുണ്ടാകും എന്നാണ് നാട്ട് മൊഴി. ചില സമയങ്ങളിൽ കുട്ടൻ സദാചാര പോലീസായി മാറുകയും ചെയ്യും.

അന്നൊരു വ്യാഴാഴ്ചയായിരുന്നു. ദീപ്തി വായനശാലയിലേക്കിറങ്ങി.. ചെത്തുകാരൻ സോമന്റെ മകൾ ദീപ്തി …. അത്യാവിശ്യം  കവിതയുടെയും കഥയുടെയും രോഗമുണ്ട്. ആൽത്തറയിലിരിക്കുമ്പോൾ ചെത്തുകാരൻ സോമൻ അഭിമാനത്തോടെ അതുറക്കെ പറയും.

“ന്റെ മോൾ ടെ കഥ പത്രത്തില് വന്നിനി “

ദീപതിയുടെ  കഥയിൽ ഒരു കഥാപാത്രത്തിന്റെ പേര് ഞരമ്പ് കുട്ടൻ ആണെന്നറിഞ്ഞ കുട്ടന് ദീപ്തിയോട് ഇച്ചിരി കലിപ്പുണ്ട് ….

വായനശാലക്കുള്ളിലേക്ക് കയറിയ ദീപ്തി മേശപ്പുറത്ത് കണ്ട മാസികകളിലൂടെ ഒന്ന് കണ്ണോടിച്ചു. അകത്തേക്ക് നോക്കി. നാരായണൻ കുട്ടി അന്ന് പുസ്തകമെടുക്കാൻ വന്നവരുടെയും പുസ്തകം കൊടുക്കാൻ വന്നവരുടെയും പേരുകൾ റജിസ്ട്രറിൽ എഴുതുന്ന തിരക്കിലായിരുന്നു. തന്റെ മാറോടടുക്കി പിടിച്ച മൂന്ന് പുസ്തകങ്ങളും ദീപ്തി മേശപ്പുറത്ത് വെച്ചു. ഇന്ന് മൂന്നും മാറ്റി പുതിയ പുസ്തകങ്ങളെടുക്കണം.. ആൾക്കാർ പുറത്തിറങ്ങിയപ്പോൾ ദീപ്തി അകത്തേക്ക് കയറി….നാരായണൻ കുട്ടി ദീപ്തിയെ നോക്കി പുഞ്ചിരിച്ചു …. ദീപ്തി തിരിച്ചും . പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ പതിയെ  ഷെൽഫിന്നരികിലേക്ക് നീങ്ങി … നിമിഷങ്ങൾ കഴിഞ്ഞില്ല …. ദീപ്തിയുടെ ഒരലർച്ചയായിരുന്നു കേട്ടത്. :

“അയ്യോ പാമ്പ് “
കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും ചാടി പുറത്തേത്തിറങ്ങി. എന്തൊക്കെയൊ മുറുമുറുത്തു കൊണ്ട് പലരും കിട്ടിയ പുസ്തകങ്ങളുമായി വീട്ടിലേക്ക് നടന്നു. ആലിൻ ചുവട്ടിൽ ഇരിക്കുന്ന ഞരമ്പ് കുട്ടന് ആദ്യം കാര്യം പിടികിട്ടിയില്ല.
“വായനശാലക്കകത്ത് പാമ്പൊ … അപ്പുറത്തെ കുളത്തിൽ നിന്നായിരിക്കാം ” എല്ലാവരും കേൾക്കെ കുട്ടൻ പറഞ്ഞു.
“അതെങ്ങിനെയാ കുട്ടാ അനക്ക് ത്ര കൃത്യമായി പറയാൻ പറ്റണ ത് “
“ശാന്തമ്മ  കുളിക്കാൻ വരുമ്പോ അവിടത്തെ നിത്യ സന്ദർശകനല്ലെ ഓൻ ….”
പിന്നീട് ഒരു കൂട്ട ചിരിയായിരുന്നു … കുട്ടൻ എല്ലാവരെയും രൂക്ഷമായൊന്നു നോക്കി. മുണ്ടൊന്ന് മുറുക്കിയുടുത്ത് അവിടം വിട്ടു …. വീടിന് മുൻപുള്ള റേഷൻ കടയിലെ ബഞ്ചിൽ കുട്ടനിരുന്നു ..

“എന്താ കുട്ടാ ആലോചന “
“രാജേട്ടാ …മ്മടെ ദീപ്തി വായനശാലയിൽ നിന്ന് മടങ്ങി പോയൊ …”
“ന്റെ കുട്ടാ അനക്കീ പെൺകുട്ട്യോൾടെ കാര്യം വിട്ടൂടെ ടൊ … “
“ഇങ്ങള് കാര്യം പറയീന്ന് … “
“ഓള് വായനശാലയിലേക്ക് പോണത് കണ്ട് . പക്ഷെ തിരിച്ചു പോണത് കണ്ടില്ല”

പെട്ടെന്ന് എന്തോ കത്തിയെന്നോണം കുട്ടൻ മുണ്ടും മടക്കി കുത്തി വായനശാലയിലേക്ക് വിട്ടു. കുട്ടൻ മനസ്സിൽ കണ്ടത് തന്നെ നേരിൽ കണ്ടു. നാരായണൻ കുട്ടിയും ദീപ്തിയും പതിയെ വായനശാലയുടെ വാതിലും അടച്ച് പുറത്തേക്കിറങ്ങുന്നു. ഹോ അത് ശരി ഇതാണ് പാമ്പിന്റെ കളി…. അങ്ങിനെ വരട്ടെ, പൊതുവെ ദീപ്തിയെ ഇഷ്ടമില്ലാത്ത കുട്ടന് ചൊറിഞ്ഞു വന്നു.

“എന്ത് പാമ്പാ നാരായണൻ കുട്ട്യേ …. ” കളിയാക്കുന്ന സ്വരത്തിൽ കുട്ടൻ ചോദിച്ചു

“കുട്ടാ ഞാനല്ല കണ്ടത്. ഓളാ…” കുട്ടൻ ദീപ്തിയെ മുനവച്ച പോലെ ഒന്നു നോക്കി.,

“റെട്ടികുലേട്ടഡ് പൈയ് തോൺ…. ന്തെ അനക്ക് മനസ്സിലായൊ … ” പൊതുവെ കുട്ടനെ ഇഷ്ടമില്ലാത്ത ദീപ്തി തിരിച്ചടിച്ചു …

“വായനശാലയിൽ ഒരു പാമ്പും കളി . നിർത്തി തരാടി ഞാൻ ” കുട്ടൻ മന്ത്രിച്ചു

“വേണ്ടായിരുന്നു ..” നാരായണൻ കുട്ടി ദീപ്തിയോടായി പറഞ്ഞു
“എന്ത് “
“കുട്ടനോട് അങ്ങിനെ പറയണ്ടായിരുന്നു. “
“ഹോ പിന്നെ . അവനാരാ സദാചാര പോലീസൊ. ഞരമ്പൻ …….” നാരായണൻ കുട്ടി ഒന്നും മിണ്ടിയില്ല.

പിന്നെ കുറച്ച് ദിവസം വായനശാലയെ ചുറ്റിപറ്റി പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ ഉണ്ടായി. ഒന്ന് രണ്ടാഴ്ച കഴിഞ്ഞ ഒരു വെള്ളിയാഴ്ച . വൈകീട്ട് ആറ് ആറരയായിക്കാണും .വായനയിൽ മുഴുകിയിരുന്ന രണ്ടു മൂന്ന് പേർ പാമ്പ് പാമ്പ് എന്നലർച്ച കേട്ട ഉടനെ പുറത്തേക്കിറങ്ങി ഓടി. കുട്ടനപ്പൊ ആ പരിസരത്ത് ഉണ്ടായിരുന്നില്ല. ജോസുട്ടിച്ചായന്റെ കടയുടെ മുന്നിലിരുന്ന് തായം കളിയായിരുന്നു.

“വായനശാലയില് വീണ്ടും പാമ്പ് നെ കണ്ട് …..”

നടന്നു പോയ ഒരുത്തൻ ആരോടെന്നില്ലാതെ പറഞ്ഞു. എല്ലാവരും തായം കളിയിൽ ശ്രദ്ധിക്കയായിരുന്നു. പെട്ടെന്നാണ് കുട്ടന് കത്തിയത് …. വായനശാലയില് വീണ്ടും പാമ്പ് …. ങ്ങേ ദീപ്തി വീട്ടിലുണ്ടൊ. അതൊ വായനശാലയിൽ ആയിരിക്കുമൊ. ഈ ഇടക്കിടക്കുള്ള പാമ്പും കളി ഇന്ന് നിർത്തിയിട്ടു തന്നെ കാര്യം .

പോകുന്ന വഴി കുട്ടൻ ദീപതിയുടെ വീട് വഴി ഒന്ന് കറങ്ങി …
“വീണ്ടും വായനശാലയിൽ പാമ്പ് കയറി ” ആരോടെന്നില്ലാതെ കുട്ടൻ ഉറക്കെ വിളിച്ചു പറഞ്ഞു ….
“അയ്യോ കുട്ടാ ദീപ്തി വായനശാലയിലാ ….”

അപ്പൊ അത് തന്നെ കാര്യം. ഇവൾ വായനശാലയിൽ പോകുമ്പോൾ മാത്രമാണല്ലൊ പാമ്പ് കയറുന്നത്. ഇന്ന് ഞാൻ പാമ്പിനെ പിടിക്കും. കാണിച്ചു തരാടി നിന്റെ പാമ്പിൻ കളി… ദീപതിയെ എങ്ങിനെയെങ്കിലും ഒതുക്കാൻ തക്കം കാത്തിരിക്കുന്ന കുട്ടന് അതൊരു നല്ല അവസരമായി തോന്നി.  ഇത്തവണ കുട്ടൻ ഒററക്കായിരുന്നില്ല. മൂന്ന് നാല് പേരെ കൂടെ കൂട്ടി. രണ്ടും കൽപ്പിച്ചായിരുന്നു,കുട്ടനും കൂട്ടരും വായനശാലയുടെ അകത്തേക്ക് ശബ്ദമുണ്ടാക്കാതെ കയറി. കുട്ടന്റെ കയ്യിൽ ഒരു ചെറിയ വടിയുണ്ടായിരുന്നു. വിശാലമായ റീഡിങ്ങ് റും കടന്ന് പതിയെ കുട്ടനും കൂട്ടരും നാരായണൻ കുട്ടിയിരിക്കുന്ന മുറിയിലേക്ക് കയറി. അവിടെയെങ്ങും ആരുമില്ലായിരുന്നു. കുട്ടൻ ആംഗ്യം കാണിച്ചതനുസരിച്ച് എല്ലാവരും പതിയെ ശബ്ദമുണ്ടാക്കാതെ കുട്ടനെ അനുഗമിച്ചു. പുസ്തകങ്ങൾ വെച്ച ഷെൽഫ് മുറിയിലേക്ക് അവർ കയറി. കുട്ടൻ എന്ത് മനസ്സിൽ സംശയിച്ചുവൊ അതവിടെ കണ്ടു. ഷെൽഫ് മുറിയുടെ വടക്കെ മൂലയിൽ ഒരു ഷെൽഫിന് പിറകിലായി എല്ലാം മറന്ന് കണ്ണടച്ച്  കെട്ടിപിടിച്ചു നിൽക്കുന്നു നാരായണൻ കുട്ടിയും ദീപ്തിയും.
” ഹോ ഇത് ഏത് പാമ്പാണാവൊ …. ഇംഗ്ലീഷ് പാമ്പായിരിക്കും….”

കുട്ടന്റെ ശബ്ദം കേട്ട പെട്ടെന്ന് പിടി വിടുവിച്ച് രണ്ടു പേരും പകച്ചു നിന്ന് പോയി.
“വായനശാലയിലെ പാമ്പിനെ പിടിച്ചേയ് ….”
കുട്ടന്റെ ആർപ്പുവിളി ആ ഗ്രാമം ഏറ്റ് പിടിച്ചു.
“ആ നാട്ടിലെ ജന്മിയായ ബാലഗോപാലൻ നമ്പ്യാരുടെ മകൻ നാരായണൻകുട്ടിയും ചെത്തുകാരൻ സോമന്റെ മകൾ ദീപ്തിയും ഇഷ്ടത്തിലാണെന്ന് . രണ്ടു പേരെയും വായനശാലക്കകത്ത് വെച്ച് കുട്ടൻ കയ്യോടെ പിടിച്ചത്രെ. കുട്ടൻ ആള് കേമനാണേയ്… “

നാട്ടിൻ പുറത്തെ ഈ വായ്മൊഴികൾ അപ്പൂപ്പൻ താടി പോലെ പടർന്നൊഴുകി. വഴക്കും വക്കാണവും തല്ലും ഭീഷണിയും അതിന് പിറകെയായി പല രൂപത്തിൽ അരങ്ങേറിയെങ്കിലും ദീപ്തിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ആ നാടും നാട്ടാരും ബാലഗോപാലൻ നമ്പ്യാരും മുട്ടു കുത്തി. ആ മുട്ടുകുത്തലിന് കാരണമായി നാട്ടാര്  സ്വയം പറഞ്ഞ് ബോദ്ധ്യപെടുത്തിയത് ഇങ്ങനെയാണ് …

“ഓള് ….മറ്റേതാ . ഫെമിനിച്ചി… മ്മള് ഒന്നും കൂട്ട്യാ കൂടൂല….” അവർ അതിൽ ആശ്വാസം കൊണ്ടു .

മംഗലം നടക്കുന്നതിന് മുൻപ് ബന്ധുവാണെന്നും പറഞ്ഞ് വീട്ടിലേക്ക് കയറി പോകരുതെന്നും കയറിയാൽ നിന്റെ മകൾ അനുഭവിക്കുമെന്നും ചെത്തുകാരൻ സോമനെ നമ്പ്യാരുടെ  കിങ്കരന്മാർ ഭീഷണി പെടുത്തിയെന്നും മകളെ ഓർത്ത് സോമൻ അത് സമ്മതിച്ചു എന്നും നാട്ടിൽ ചിലരുടെ ഇടയിൽ ഒരു സംസാരമുണ്ട്. എന്തായാലും സോമന് അതൊരു പ്രശ്നമല്ല. തന്റെ മകളെ കാണണമെന്ന് തോന്നുമ്പോൾ സോമൻ നാരായണൻകുട്ടിയുടെ വീടിന്നരികിലുള്ള തേങ്ങേൽ കയറും. തന്റെ മകളെ മതിയാവോളം കണ്ട് പതിയെ ഇറങ്ങും.

എന്നാൽ ഈ കല്യാണം നടന്നതിൽ ഏറ്റവും വിഷമിച്ചത് ഞരമ്പ് കുട്ടനായിരുന്നു. ദീപ്തിയെ ശരിക്കൊന്ന് നാണം കെടുത്താൻ തന്നെയാണ് കുട്ടനന്ന് ആൾക്കാരെയും കൂട്ടി വായന ശാലയിൽ എത്തിയത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ഇപ്പഴും ആൽത്തറ വഴി നടന്നു പോകുമ്പോൾ കുട്ടനെ കണ്ടാൽ ദീപ്തി ചിരിച്ചു കൊണ്ട് പറയും

“ടാ ഞരമ്പ് കുട്ടാ നീയന്ന് ആളെക്കൂട്ടി വായന ശാലയിൽ കയറി ആ ഷോ കാണിച്ചത് കാരണം കാര്യങ്ങൾ ഒക്കെ പെട്ടെന്ന് നടന്ന്… ഇല്ലെങ്കിൽ ഞങ്ങടെ കല്യാണം ത്ര പെട്ടെന്ന് നടക്കുവാ താങ്ക്സ് ട്ടൊ കുട്ടാ….”

അത് കേൾക്കുമ്പോൾ അടക്കാനാവാത്ത നീരസത്തോടെ കുട്ടൻ പല്ലിറുമ്മും …… എന്നാൽ നാടിനെ നടുക്കിക്കൊണ്ടാണ് ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച ഉച്ചക്ക് ഏതാണ്ട് ഒരു മണിയോടെ ആ അലർച്ച നാട്ടാര് കേട്ടത് ……

“കുട്ടൻ ചത്തേ മ്മടെ ഞരമ്പ് കുട്ടൻ ചത്തേ …….”

“കുട്ടൻ വിഷം തീണ്ടി കുളത്തിന്നടുത്തെ പൊന്തക്കാട്ടിൽ ചത്ത് കിടക്കുന്നേ …….”

“ശാന്തമ്മ ചേച്ചീടെ കുളി കാണാൻ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന കുട്ടനെ പാമ്പു കൊത്തിയേ …..” കുളത്തിൽ മീൻ പിടിക്കാൻ പോയ വത്സനും കണ്ണനും അലറി വിളിച്ചു കൊണ്ട് ഓടി ..

“ടാ ശാന്തമ്മ ചേച്ചിടെ കുളീടെ കാര്യം ഇപ്പൊ പറയണ്ട …. അത് മാറ്റ് ” വത്സനോട് കണ്ണൻ പറഞ്ഞു

“ആണോ .. ന്നാ പിന്നെ അതങ്ങ് എഡിറ്റ് ചെയ്യാല്ലെ ….” എഡിറ്റ് ചെയ്ത് ബാക്കി ഭാഗങ്ങൾ കേട്ട ആ നാട് നടുങ്ങി .. ചായക്കട അടച്ചു, പച്ചക്കറി കട താഴിട്ടു .വായനശാല പൂട്ടി. ബാർബർ ഷാപ്പ് ഷട്ടറിട്ടു. പഞ്ചായത്താപ്പീസിന്റെ വാതിൽ പകുതി ചാരി ജീവനക്കാർ പുറത്തേക്കിറങ്ങി. അംഗൻവാടിയിലെ ടീച്ചർമാർ ചെമ്മൺ പാതയിലേക്കിറങ്ങി വന്നു.  അവിടവിടെ അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ ചെവി വട്ടം പിടിച്ചു. കുട്ടന്റെ മരണം അവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു.

——

വർഷങ്ങൾ കുറച്ച് കഴിഞ്ഞു. ആ നാട്ടിലും പല വിശേഷങ്ങളും ഉണ്ടായി.ദീപ്തിക്കും നാരായണൻ കുട്ടിക്കും രണ്ട് മക്കൾ. കുട്ടനെ വലിയ ഇഷ്ടമായിരുന്ന നാരായണൻ കുട്ടി തന്റെ രണ്ടാമത്തെ മകനെ കുട്ടാന്നാ വീട്ടിൽ വിളിക്കുന്നെ. ദീപ്തിക്ക് അതിഷ്ടമല്ല. ആ പേരും പറഞ്ഞ്  പലപ്പോഴും വഴക്കുണ്ടാകാറുണ്ട്. ബാലഗോപാലൻ നമ്പ്യാർ ഒരു ദിവസം കുഴഞ്ഞ് വീണ് മരിച്ചു. പ്പൊ സോമൻ തന്റെ മകളെ കാണാൻ ധൈര്യപൂർവ്വം വീട്ടിലേക്ക് കയറി ചെല്ലും. ചെല്ലുമ്പോഴൊക്കെ മരുമോന് ഒരു കുപ്പി നല്ല ഇളം കള്ള് കൊണ്ടു കൊടുക്കും.

വായനശാല നോക്കി നടത്തുന്നത് റിട്ടയർ ചെയ്ത വൽസല ടീച്ചറാണ്.  തൊഴിലുറപ്പിലെ ഒന്ന് രണ്ട് സ്ത്രീകൾ മാസത്തിൽ മൂന്ന് ദിവസം വായനശാല അടിച്ചു തുടച്ച് വൃത്തിയാക്കും. വായനാശാലയുടെ റീഡിങ്ങ് റൂമിന്റെ കിഴക്ക് വശത്തെ ചുമരിൽ കുട്ടന്റെ ഒരു ഫോട്ടം ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്. അത് നാട്ടുകാരുടെ ഒരാവിശ്യമായിരുന്നു.

അന്നും പതിവുപോലെ തൊഴിലുറപ്പിലെ രണ്ടു പേർ വായനശാല അടിച്ചു വൃത്തിയാക്കാൻ വന്നു.

“അയ്യോ …. പാമ്പ് …. ” കുട്ടന്റെ ഫോട്ടോയുടെ പിറകിലെ മാറാലയും പൊടിയും അടിക്കാൻ നോക്കുമ്പോഴാണ് പാമ്പ് തല പൊക്കിയത്. പേടിച്ചു വിറച്ച അവർ  അലറി വിളിച്ചു കൊണ്ട് പുറത്തേക്കോടി.പതിയെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ നല്ല കറുത്ത നിറമുള്ള നീളം കൂടിയ ഒരെണ്ണം ഇഴഞ്ഞിഴഞ്ഞ് ജനവാതിൽ വഴി സമീപത്തുള്ള കുളത്തിന്റെ മുന്നിലുള്ള പൊന്തക്കാടിലേക്ക് പോകുന്നത് കണ്ടു.

വായനശാലക്ക് മുമ്പിൽ ജനം തടിച്ചു കൂടി.അവർ ഓരോന്നായി വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ..

“കുറച്ച് കാലം ഇവിടെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല …. വീണ്ടും തല പൊക്കി “

“അതും കുട്ടന്റെ ഫോട്ടോയുടെ പിറകിൽ കുടിയിരിക്കുണു “

“ഇത് കുട്ടിക്കളിയല്ല “

“അടിയന്തരമായി പ്രശ്നം വെപ്പിക്കണം “

“ഇത് സർപ്പത്തിന്റെ സ്ഥലമാണ്. ഇവിടെ കുട്ടനെ കൂടിയിരുത്തണം സർപ്പാരാധന നടത്തണം ഇല്ലാച്ചാ ദുർമ്മരണങ്ങൾ ഇനിയുമുണ്ടാകും” പെട്ടെന്നാരോ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു

“ഈ വായനശാല പൊളിക്കണം ഇവിടം ഒരു സർപ്പക്കാവ് പണിയണം …..” പലതരം ചൊല്ലുകൾ… പറച്ചിലുകൾ …നാട്ടു മൊഴികൾ..   വായ്ത്താരികൾ…. അഭിപ്രായങ്ങൾ…. വിശ്വാസ പ്രമാണങ്ങൾ…. പ്രതിഷേധങ്ങൾ…. ആവായനശാലയുടെ മുമ്പിൽ നിന്നും പൊടി പാറും കണക്കെ  പൊങ്ങി …

അത് ആ നാട്ടിലെ ചെമ്മൺ പാതകളിൽ തട്ടി,മൺതിട്ടകളിൽ തട്ടി, വീടുകളിൽ തട്ടി,.കടകളിൽ തട്ടി ,പൂക്കളിലും ഇലകളിലും തട്ടി, പുരുഷനിലും സ്ത്രീയിലും തട്ടി, പുഴയിലും കുളത്തിലും തട്ടി, മേഘങ്ങളിലും ആകാശങ്ങളിലും തട്ടി,അങ്ങിനെ തട്ടി തട്ടി തട്ടി, ആ നാട് മുഴുവൻ പരന്ന് പരന്ന് പരന്ന് പടർന്നു കൊണ്ടേയിരുന്നു.

ഒച്ചയും ബഹളവും കൊണ്ട് പൊറുതിമുട്ടിയ വായനശാലയും പാമ്പും അന്തം വിട്ട്  മുഖാമുഖം നോക്കി

നീണ്ട കാലം പ്രവാസി ആയിരുന്നു. ഇപ്പോൾ എറണാകുളത്ത് താമസം. ആനുകാലികങ്ങളിലും എഴുതുന്നു.