ആൾപ്പാർപ്പില്ലാത്ത വീട്

ആൾപ്പാർപ്പില്ലാതെ അടഞ്ഞുകിടക്കുന്ന
ഓരോ വീടിന്റെയും
ജാലകങ്ങൾ കൊതിക്കുന്നുണ്ടാകും
ആരെങ്കിലും വെളിച്ചത്തിന്റെ ലോകം
തുറന്നു തന്നിരുന്നെങ്കിലെന്ന്

അഴുക്കു പിടിച്ച പ്രതലവും,
മാറാല നിറഞ്ഞ മേൽക്കൂരയും,
പായൽ കെട്ടിയ ഭിത്തിയുമെല്ലാം
മോഹിക്കുകയാകും
ആരെങ്കിലും തേച്ചു മിനുക്കി
തിളക്കമുള്ളതാക്കിയെങ്കിലെന്ന്

മൂകമായ മുറികൾ
ആഗ്രഹിക്കുകയാകും
സല്ലാപവും സന്തോഷവും
പൊട്ടിച്ചിരികളുമായി
ഉന്മേഷവും ഉണർവും
നിറഞ്ഞിരുന്നെങ്കിലെന്ന്

പൊടിപിടിച്ച കിടക്കയും
സ്വപ്നം കാണുന്നുണ്ടാകും
ആരെങ്കിലും കരുതലോടെ തട്ടിക്കുടഞ്ഞ്
സ്നേഹത്തിന്റെ ഗന്ധമുള്ള
വിരിപ്പുകൾ നീർത്തിയിട്ടിരുന്നെങ്കിലെന്ന്

വരണ്ടു പോയ മുറ്റം ചിന്തിക്കുകയാകും
ആരെങ്കിലും കരിയിലക്കൂട്ടങ്ങളെ
വകഞ്ഞു മാറ്റി
പൂക്കളുള്ള ചെടികളും,മരങ്ങളും
നട്ടുനനച്ച്‌
കുളിരും തണലുമേകിയെങ്കിലെന്ന് .

അടുക്കളയിലെ
അടഞ്ഞു കിടക്കുന്ന ഭരണികൾ
രുചിക്കൂട്ടുകളെ തുറന്നെടുക്കുന്നതും
കാത്തിരിക്കുകയാകും

അടഞ്ഞു കിടക്കുന്ന വീടിന്നെപ്പോഴും
വഴിക്കണ്ണുമായി കാത്തിരിക്കുന്ന
അമ്മമനസ്സിന്റെ സ്പന്ദനമാണ്

കൃത്യമായ പരിചരണവും
കരുതലും ലഭിക്കുകയാണെങ്കിൽ
ഏതൊരുവീടും ചിതലുകൾ
തുള വീഴ്ത്താതെ,
പൂപ്പലുകൾ നിറം മായ്ക്കാതെ
സുരക്ഷിതത്വത്തിന്റെ മേൽക്കൂരക്ക് താഴെ
സ്നേഹത്തിന്റെ കരങ്ങളാൽ
നമ്മെ പൊതിഞ്ഞ്  
ആഹ്ളാദത്തോടെയും
ആയുസ്സോടേയുമിരിക്കും.

എറണാകുളം ജില്ല. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. കവിതാസമാഹാരങ്ങളുടെ ഭാഗമായിട്ടുണ്ട്.