ആൺ മണം

മണ്ണും മലർമണവും മഴയും ഒരുമിച്ചു നെയ്തെടുത്ത ദൃശ്യഭംഗി ചില്ലു ജാലകത്തിനപ്പുറമാക്കി നരച്ചു മങ്ങിയ ഭൂതകാലക്കൂട്ടിനുള്ളിൽ അൻസ നിന്നു. ചില്ലുജാലകത്തിനുമേലൊട്ടി നില്ക്കാനാവാതെ, മഴത്തുള്ളികൾ ഒന്നിനു പിറകേ മറ്റൊന്നായി താഴേക്കൂർന്നു വീഴുന്നതോടൊപ്പം അൻസയുടെ ചിന്തകളുമടർന്നു വീഴുന്നുണ്ടായിരുന്നു. തൂക്കുചട്ടികളിൽ കുളിർന്നു നില്ക്കുന്ന പന്നൽച്ചെടികളിലേക്ക് അൻസയുടെ നോട്ടം പാറി വീണു. മണ്ണും മഴയും മാരുതനും എത്ര കാമിച്ചാലും പൂക്കാത്ത പന്നൽച്ചെടികളോട് അവൾക്കൊരു മമതയുണ്ട്.

“മാഡം, പന്നൽച്ചെടികളോട് പതിവ് കുശലം പറഞ്ഞു തീർന്നില്ലേ?” അൻസ നീല ഓവർക്കോട്ട് നേരെയാക്കി, ടൈ അല്പം ലൂസാക്കിക്കൊണ്ടു തിരിഞ്ഞു നിന്നു ചോദിച്ചു.

“ദിശാ, ഇനിയുമാളുകളുണ്ടോ വരാൻ?”

“309, തിലെ കപ്പിൾസ് മാത്രമേ വരാനുള്ളൂ. ഇന്നലെ വൈകിയാണവരെത്തിയതെന്നു തോന്നുന്നു.” വെൽവെറ്റിൽ കടും ചുവപ്പരികു തുന്നിയ തീൻമേശവിരിപ്പുകൾ നേരെയാക്കി കൊണ്ടവൾ പറഞ്ഞു.

ഗുരുവായൂരിലെ ഔട്ടർ റിങ് റോഡിലെ “ഗീതാഞ്ജലി” ആഡംബര ഹോട്ടലിലെ റസ്റ്റോറന്റ് മാനേജർമാരാണ് അൻസയും ദിശപ്രഭയും.

നീങ്ങിമാറിയ ചില്ലു വാതിലിലൂടെ സുന്ദരിയായ ഒരു സ്ത്രീ, ഒക്കത്തിരുന്നു കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന കുഞ്ഞുമായി അകത്തേക്ക് കടന്നു. ദിശ അവരെ സ്വാഗതം ചെയ്തു തീൻമേശയിലേക്ക് നയിച്ചു. കുഞ്ഞിനെ പാവക്കസേരയിലിരുത്താൻ ശ്രമിച്ചെങ്കിലും കുസൃതിക്കുടുക്ക ചിണുങ്ങിക്കൊണ്ട് അമ്മയുടെ മാറിലള്ളിപ്പിടിച്ചിരുന്നു.

അൻസ വേഗം അവരുടെ അടുത്തേക്ക് നടന്നെത്തി. “മാഡം, കുഞ്ഞിനെ ഞാനെടുക്കട്ടെ” കണ്ണുകളുയർത്തി അവർ അൻസയെ നോക്കി. “പറ്റുമെങ്കിലൊന്നു ശ്രമിച്ചു നോക്കൂ” എന്നു കണ്ണുകളാലോതി.

അൻസ കുഞ്ഞിന്റെ പുറം മൃദുവായി തലോടി, കവിളിലിക്കിളി കൂട്ടി, മുടിയിഴകളിലൂടെ വിരലുകളോടിച്ചു, ചുമരിലെ ഭംഗിയാർന്ന ഒരു കലാസൃഷ്ടിയിലേക്ക് വിരൽ ചൂണ്ടി, കുഞ്ഞിനു നേരെ ഇരുകൈകളും നീട്ടി. കുഞ്ഞ് അൻസയുടെ കൈകളിലേക്ക് ചാടിയിറങ്ങി.

അപ്രാപ്യമായതെന്തോ കിട്ടിയ ആനന്ദത്തോടെ അൻസ കുഞ്ഞുമായി റെസ്റ്റോറിന്റെ കോർണറിലേക്ക് നടന്നു. കുഞ്ഞിന്റെ മിനുത്ത കവിളുകളും നീണ്ടു ഭംഗിയാർന്ന മൂക്കും നീലക്കണ്ണുകളും, മറവിക്കപ്പുറത്തുനിന്നു ഓർമ്മപുതുക്കാനെത്തിനോക്കുന്ന ഏതോ നിഴൽ രൂപത്തെ ഓർമ്മിപ്പിച്ചു.

ചായത്തട്ടിലെ നിറങ്ങളെന്ന പോലെ പ്ലേറ്റിൽ വിവിധ വിഭവങ്ങളെടുത്തു തീൻ മേശമേൽ വെച്ചു, അൻസയുടേയും കുഞ്ഞിന്റെയും അഭിമുഖമായി അവർ കസേരയിട്ടിരുന്നു.

അൻസയുടേയും കുഞ്ഞിന്റെയും കൊഞ്ചലുകളും മൃദുമൂളലുകളും വാത്സല്യത്തിന്റെ സിംഫണി സൃഷ്ടിച്ചു. തൂവാല പിരിച്ചുണ്ടാക്കിയ പാവക്കുട്ടി നൃത്തം വെക്കുമ്പോളവൾ പൊട്ടിച്ചിരിച്ചു. അതിനിടയിൽ കുഞ്ഞിന്റെ അച്ഛനും റെസ്റ്റോറൻറിലെത്തിയിരുന്നു. അവർ അൻസയുടെയും കുഞ്ഞിന്റെയും കളിചിരി നോക്കിക്കണ്ടു, പ്രാതലാസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു.

കളിക്കിടയിൽ നിലത്തു വീണു പോയ തൂവാലപ്പാവയെടുക്കാൻ പിച്ചവെച്ചിറങ്ങിയ കുഞ്ഞ്, തെന്നി വീണതും ഒച്ചവെച്ചു കരഞ്ഞതും ഒരുമിച്ചായിരുന്നു. അൻസയുടെ ആശ്വസിപ്പിക്കലിനു മേലെ കരച്ചിലുയർന്നപ്പോൾ കുഞ്ഞിന്റെ അച്ഛൻ അവർക്കരികിലെത്തി.

അപ്പോഴായിരുന്നു അൻസയും അയാളും പരസ്പരം കണ്ടത്. നിമിഷാർദ്ധത്തിൽ കണ്ണുകളിൽ ചിതറിയ പരിചയത്വത്തിന്റെ സ്ഫുംലിഗത്തെ ബോധപൂർവ്വമണച്ചുകൊണ്ടു ഇരുവരും അവരുടേതായ വഴികളിൽ തിരിച്ചു നടന്നു. അൻസയുടെ മൂക്കിലൊരു പ്രത്യേക ‘ആൺമണം’ ഇരച്ചു കയറുന്നുണ്ടായിരുന്നു.

ബ്രേക്ക് ഫാസ്റ്റ് സെഷൻ ക്ലോസ് ചെയ്തതിനുശേഷം, ലഞ്ച് സെഷൻ മാനേജ് ചെയ്യാൻ ദിശയെ ചുമതലപ്പെടുത്തി അൻസ ഹോട്ടലിൽ നിന്നിറങ്ങി.
അൻസയുടെ ജീവിത പങ്കാളിയായ ഗഗൻ രംഗ് ഹോട്ടലിലെ ഫ്രണ്ട് ഓഫീസ് മാനേജരാണ്. ഹോട്ടലിനരികത്തുള്ള ‘ലൈലാക്ക്’ ഫ്ലാറ്റിലാണിരുവരും താമസം. ഫ്ളാറ്റിലെത്തുമ്പോൾ, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞെത്തിയ ഗഗൻ നിദ്രയിലായിരുന്നു. കറുപ്പിലും നീളത്തിലും സമ്പന്നമായ മുടിയിഴകൾ പാറിക്കിടക്കുന്നു. ഭംഗിയാർന്ന മുഖത്ത് പരിഹാസ ശരങ്ങളേറ്റ പാടുകളും ഒരു സമൂഹത്തിന്റെ വേദനകളും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

ഗായത്രിയെന്ന തമിഴ് പെൺകുട്ടിയിൽ വിങ്ങിനിന്ന ആൺമനസ്സ് കൂടുമാറി കുടിയേറിയ ഗഗൻ രംഗിനെ പുരികക്കൊടി പോലും വളയ്ക്കാതെ മിഴിക്കകത്തേക്കെടുക്കുവാൻ, അൻസയ്ക്ക് കഴിഞ്ഞിരുന്നു.

പോണ്ടിച്ചേരിയിലെ ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന സമയത്തായിരുന്നു പൊടിമീശയും, കിളിശബ്ദവും, ഭംഗിയാർന്ന മുഖവും ഉയർന്ന മാറിടവുമുള്ള ഗഗൻ അൻസയുടെ മനസ്സിലിടം തേടിയത്. ഗഗനിലെ ആണത്തെത്തേക്കാൾ അവളിഷ്ടപ്പെട്ടത് അവനുള്ളിലെ കരുതലിൻ്റെയും സ്നേഹത്തിൻ്റെയും പെൺമണമായിരുന്നു.

‘കുടുംബം നശപ്പിക്കാനുണ്ടായ ശാപ ജന്മങ്ങൾ’ എന്ന വാക്കിലൊതുക്കി, ബന്ധുക്കൾ ഊരുവിലക്ക് ഏർപ്പെടുത്തിയും സമൂഹം സദാചാര മതിലുകൾ കെട്ടിയും അകറ്റിയവരാണ് തങ്ങളെന്നോർത്തപ്പോൾ അൻസയുടെ ചുണ്ടിലൊരു വരണ്ട ചിരി വഴുതിനിന്നു.

ഓർമ്മകൾ വീണ്ടും മനസ്സിനെ ദംശിച്ചു പരിക്കേല്പിക്കാനെത്തുമെന്നു തോന്നിയപ്പോഴാണ് നീരാടി കുളിരാമെന്നു തോന്നിയത്. ഡ്രസ്സെടുക്കാൻ അലമാര തുറന്നതും, മുകളിലത്തെ കള്ളിയിൽ അടുക്കിവെച്ചിരിക്കുന്ന ‘സ്റ്റേഫ്രീ’ പാക്കറ്റുകൾ മുഴവനും താഴെ വീണു. സാവധാനം ഓരോ പാക്കറ്റുകൾ എടുത്തു മടിയിൽ വെക്കുമ്പോൾ കണ്ണുകളിൽ നോവ് നനഞ്ഞു നീറുന്നുണ്ടായിരുന്നു. പിന്നിലെത്തിയ ഗഗൻ അവളെ പിടിച്ചതും അവന്റെ മൃദു മാറിൽ വീണവൾ പൊട്ടിക്കരഞ്ഞു. ചുണ്ടുകൾ അവളുടെ നെറുകയിലമർത്തി,കണ്ണുനീരവൻ തുടച്ചു.

“ആരെ ബോധിപ്പിക്കാനാണ് നീ ഇതിങ്ങനെ വാങ്ങിച്ചു കൂട്ടുന്നത്? പരസ്പരം അറിഞ്ഞു നമുക്കായ് ജീവിക്കണമെന്നും ഒരുമിച്ചു ജീവിക്കുക എന്നതിലുപരി ഒന്നായ് ജീവിക്കുക എന്നു പ്രതിജ്ഞയെടുത്തു ജീവിക്കാൻ തുടങ്ങിയവരാണ് നമ്മൾ. നീയതു മറന്നോ?”

“സോറി,ഗഗൻ ഇനിമുതൽ ഞാനിതു വാങ്ങിക്കില്ല”

”ഞാനൊന്നു കുളിക്കട്ടെ, അപ്പോഴേക്കും നീ ഓർമ്മയിടത്തിൽ പോയി അല്പമൊന്നു വിശ്രമിക്കൂ” മനസ്സിനെ കുളിർപ്പിക്കാൻ ബാൽക്കണിയിലവർ സജ്ജീകരിച്ചയിടമാണ് ‘ഓർമ്മയിടം’. തൂക്കു കസേരയും ചുവന്ന പനിനീർച്ചെടികളും നീന്തിത്തുടിക്കുന്ന സ്വർണ്ണ മത്സ്യങ്ങളുള്ള അക്വേറിയവുമുണ്ടവിടെ. തണുത്ത കാറ്റും, നിലാവും,സൂര്യനും നക്ഷത്രങ്ങളുമവിടുത്തെ വിരുന്നുകാരാണ്.

ഓർമ്മയിടത്തിൽ ചെരാതു കത്തിച്ചു, ആട്ടു കസേരയിലിരുന്നു തണുത്ത കാറ്റിൽ, ഭൂതകാലത്തേക്കവൾ ഊഞ്ഞാലാടി.

പാടവും തൊടിയും കുളവും ദൃശ്യ വിരൊന്നൊരുക്കിയ വീടിന്റെ പൂമഖത്ത്, രാവിലെ കടയിലേക്കിറങ്ങാൻ ഒരുങ്ങിനില്ക്കുന്ന അച്ഛൻ. വാഴയിലയിൽ പൊതിഞ്ഞ ചോറും കാലൻ കുടയുമായി നടന്നവരുന്ന അമ്മ. വൈകുന്നേരം കൊണ്ടുവരേണ്ട സാധനങ്ങളുടെ ചെറുകുറിപ്പിനു മേലുള്ള വിസ്താരവും വെട്ടിച്ചുരുക്കലും, അമ്മയെ സഹായിക്കാനെത്തുന്ന ചേട്ടൻ ആദിലും അൻസയും. ദൃശ്യങ്ങൾ വേദനയോടെ അൻസയുടെ മനസ്സിലെത്തി നോക്കി.

“ആദീ, യാത്രയുടെ ഒരുക്കങ്ങളെല്ലാം ഓകെ അല്ലേ? ‘ഓ അച്ഛാ,”

“എടാ, മോനേ ഈ കാന്തരിപ്പെണ്ണിനെ കൂടെ ജർമ്മിനിക്ക് കൊണ്ടു് പോയ്ക്കോ, എനിക്കല്പം സ്വൈര്യം കിട്ടട്ടെ”

“മം, ഇവൾക്കൊരാളെ നോക്കുന്നുണ്ട് ഞാനവിടെ, നല്ലൊരു സായിപ്പു കുട്ടിയെ”

ഉമ്മറത്തു കൂട്ടിവെച്ചിരിക്കുന്ന അടക്കകൾ ആദിലിന്റെ മേൽ വീണു. ഒച്ചയിട്ടു കോക്രി കാണിച്ച് അകത്തേക്കോടി അൻസ. ചേട്ടൻ ആദിൽ ഉന്നത പഠനത്തിനായ് ജർമ്മനിയിലേക്ക് പോയതോടെ, തറവാട്ട് പറമ്പിൽ തന്നെ പണികഴിപ്പിച്ച ടെറസ്സ് വീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചു.

സ്ഥലം മാറി വന്ന ബാങ്ക് ഉദ്യേഗസ്ഥരായ ജയദേവനും ഭാര്യ ശാലിനിയും ഏക മകൻ ഹിരണും, ഒഴിച്ചിട്ട വീട്ടിൽ വാടകക്കാരായെത്തി. ഇടവഴികളും പാതയോരങ്ങളും, കാവുകളും നാട്ടിൻപുറവും കൃഷിയുമൊക്കെ ഇഷ്ടപ്പെട്ട ജയദേവൻ അൻസയുടെ അച്ഛനുമായി വളരെ വേഗത്തിലായിരുന്നു അടുത്തത്.

ആദിലിന്റെ വിദേശയാത്രയോടെ ഏകാന്തത കേറി പാർത്ത തറവാട്ടിലും മനസ്സിലും വീണ്ടും ആളനക്കവുമുണ്ടായി. അൻസ പഠിച്ചുകൊണ്ടിരുന്ന സ്കൂളിലും ഒരേ ക്ലാസിലുമാണ് ഹിരണും ചേർന്നത്. പഠനവും യാത്രയും ഭക്ഷണവുമെല്ലാം അവരൊരുമിച്ചായിരുന്നു.

പത്താം ക്ലാസിലെ പഠനച്ചൂടിനിടയിലാണ്, സ്കൂളിലെ മുൻ അധ്യാപകയുടെ ദേഹവിയോഗം, അവിചാരിതമായ ഒരവധി സമ്മാനിച്ചത്. പരിചയമില്ലാത്ത അധ്യാപികയുടെ മരണം ദുഃഖിപ്പിച്ചെങ്കിലും അവധി ഒരാശ്വാസമായിരുന്നു. അന്ന് അൻസയുടെ അച്ഛനും അമ്മയും കല്യാണത്തിനു പോയിരുന്നു.

ഹെർബേറിയം ഉണ്ടാക്കാൻ കിണർ വക്കിൽ നിന്നു പറിച്ചു കൊണ്ടു വന്ന പന്നൽച്ചെടികൾ സോഫമുകളിൽ വിരിച്ചു വെക്കുമ്പോഴായിരുന്നു ഹിരണകത്ത് കയറി വന്നത്.

“നീ ഹെർബേറിയം ഉണ്ടാക്കിയോ?

“ഇല്ല” അവൻ കവറിൽ നിന്നൊരു സി.ഡി കൈയ്യിലെടുത്തു കറക്കി അവളെ കാണിച്ചു.

“പുതിയ സിനിമയാണെങ്കിൽ വേഗം വെക്ക്, അമ്മ വന്നാൽ സമ്മതിക്കില്ല, 24 മണിക്കൂറും പഠി പഠി എന്നല്ലാതെ വേറൊരു ശരണവുമില്ല” അവളവനരികിൽ സോഫമേലിരുന്നു.

“സിനിമയൊന്നുമല്ല, നീ ആവശ്യപ്പെട്ടൊരു സാധനമാ” സ്കൂളിലെ, 8 ഡി യിലെ തക്കാളി വട്ട മുഖമുള്ള തടിച്ച പെൺകുട്ടിയുടെ പേര് കുട്ടികൾ കളിയാക്കി ചിരിക്കുന്നത് എന്തിനാണെന്ന് ഹിരണിനോട് ചോദിച്ചപ്പോഴാണ് അവളുടെ പേര് ഏതോ ഇക്കിളി പടത്തിലെ നായികയുടെ പേരാണെന്നു അവൻ പറഞ്ഞത്. നായികയുടെ മനസ്സ് തിന്നുന്ന നോട്ടങ്ങളും വിരിഞ്ഞ ചുണ്ടുകളും അവൻ വിവരിച്ചപ്പോൾ അതൊന്നു കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതു സത്യം പക്ഷേ…

“കാണാം അല്ലേ, ആരുമറിയേണ്ട? അവൻ ചോദിച്ചു കൊണ്ട് സിഡി പ്ലയർ ഓണാക്കി. ടി.വി സ്ക്രീനിലെ കേളീരംഗങ്ങളും മദിപ്പിക്കുന്ന ശീൽക്കാരങ്ങളും സിരകളിൽ വികാരങ്ങളെ വികസിപ്പിക്കാൻ തുടങ്ങി. ഇളം വള്ളികളെപ്പോലെ അവരുടെ വിരലുകൾ പരസ്പരം പിണഞ്ഞു. സ്പർശന സംഗീതം ഉടലുകളെ ഉത്തേജിപ്പിച്ചു.

നവ വസന്തം തളിരിട്ടവളുടെ ദേഹദേശങ്ങളിലെ നിമ്ന്നോന്നതങ്ങളിലെ പച്ചിളം മൊട്ടുകളവൻ അധരങ്ങളാലിറുത്തു. പുതുമഴത്തുള്ളികൾ വീഴുന്ന നീർച്ചാലുകളിലൂടെ പരക്കം പായുന്ന മീൻ പരലുകളെ പോലെ അവനവളിലെ നിഗൂഢനദികളിലെ ഊഷ്മളതയിൽ നീന്തിത്തിമിർത്തു.

ഭാരരഹിതമായി അപ്പൂപ്പൻതാടിപോലെ പറന്ന ദേഹങ്ങൾ, വികാരങ്ങൾ വരച്ച അബദ്ധ ഗോളങ്ങളിൽ കറങ്ങിക്കറങ്ങി വീണു കിതച്ചു. സോഫയിലമർന്ന പന്നൽ ചെടികൾ ചിത്രം വരച്ച മേനിയിൽ ഈർപ്പം തേടുന്ന വേരുകളെപ്പോലെ വിവേകം ഇഴഞ്ഞെത്തിയപ്പോഴേക്കും ഗതിവേഗമാർജ്ജിച്ച വികാരങ്ങളമർന്നിരുന്നു.

തെറ്റുകളുടെ വ്യാപ്തിയറിയാതെ, രണ്ടുപേരും വേഗമകന്നുമാറിയെങ്കിലും രതിതീരങ്ങളിൽ അവളനുഭവിച്ച ‘ആൺമണം’ ഒരു കുറ്റബോധമായി പൊതിഞ്ഞിരുന്നു.

ഹൃദയങ്ങൾ ചേർത്തുവെച്ചെഴുതിയൊരു പ്രണയസമവാക്യം അവർ തമ്മിൽ ഇല്ലായിരുന്നു. അനുകൂല അന്തരീക്ഷവും സ്വാതന്ത്ര്യവും ചേർന്നു നൽകിയ മാംസ സംയോജന സൂത്രങ്ങൾ മാത്രമായിരുന്നു.

അതിരുവിട്ട കാമനകളുടെ മുകുളം ഉദരമധ്യത്തിലെ തൂവൽക്കൂട്ടിൽ നാമ്പിട്ടത് അൻസ ഞെട്ടലോടെ ഹിരണിനെ അറിയിച്ചു. വളരുന്ന മുകുളം സൃഷ്ടിച്ച തുടിപ്പും മനം പുരട്ടലുകളുമാരും കാണാതെ ഒളിപ്പിച്ചുവെച്ചു. ഹിരണെവിടുന്നൊക്കെയോ കണ്ടെത്തി കൊണ്ടുവന്ന പച്ചമരുന്നുകളും പച്ച പപ്പായയും കൈതച്ചക്കയുമടക്കമുള്ള ഒറ്റമൂലികളും പരീക്ഷിച്ചു കൊണ്ടിരുന്നു.

ഓണപ്പരീക്ഷ കഴിഞ്ഞു വീട്ടിലേക്കുള്ള ഇടവഴി പകുതി പിന്നിട്ടപ്പോഴായിരുന്നു, പിറകേ ഉരുണ്ടു വന്ന കരിമേഘച്ചുരുൾ കെട്ടഴിച്ചിട്ട പോലെ മഴപ്പെയ്ത്തായത്. കനപ്പിച്ചെത്തിയ മഴയിൽ നിന്നു രക്ഷപ്പെട്ടു ആൾപാർപ്പില്ലാത്ത രാവുണ്ണിയേട്ടന്റെ പുരയിടത്തോട് ചേർന്നുള്ള ചായ്പ്പിൽ അൻസ അഭയം തേടി.

ആടിയുലഞ്ഞു ചൂളം വിളിച്ച കാറ്റാടിമരങ്ങളോടൊപ്പം മഴ വെള്ളിവാൾ കിലുക്കി വീശി ഉറഞ്ഞു തുള്ളിയിരുന്നു. അൻസ പേടിച്ചു ചായ്പ്പിലെ ഓലക്കെട്ടിനോട് അമർന്നു നിന്നു. പഴകിയ കരിയോലകളുടെ വക്കിലൂടെ വലിയ അകമ്പടിയോടെ പെണ്ണുറുമ്പ് മുട്ട കൊണ്ടുപോകുന്നത് അൻസ ആകാംഷയോടെ നോക്കി. അവളുടെ കൈ അറിയാതെ അടിവയറ്റിലേക്ക് നീണ്ടു. വയറിനുള്ളിൽ വേദനയുടെ തിരമാലകളാഞ്ഞടിച്ചു, സങ്കോചങ്ങൾ ദ്രുത താളത്തിൽ നൃത്തം വെച്ചു. അസഹനീയമായ വേദനയിൽ അവളുച്ചത്തിൽ കരഞ്ഞു. തുടകളെ നനച്ചിറങ്ങിയ ചോര പാവാടയെ കുതിർത്തു പുറത്തു വന്നു. പാവാട മടക്കിലൂടെ കടുംചോരയുടെ കുതിച്ചുചാട്ടം കണ്ട് അൻസ, വെളിച്ചമില്ലാത്ത നിഴലുകളില്ലാത്ത അബോധത്തിന്റെ പാതാളത്തിലേക്ക് വഴുതി വീണു.

ആശുപത്രിക്കിടക്കയിൽ, ചോദ്യങ്ങളുടെ ചാട്ടുളി പ്രഹരമേറ്റു അൻസ തളർന്നു. നാവിനുമേൽ ദീർഘ തപസ്സിരുന്ന സത്യങ്ങൾ അമ്മയോടു പറഞ്ഞു. അതോടെ സ്നേഹത്തിന്റെ ഒരണു പോലുമില്ലാത്ത ആശുപത്രി മുറിയിലെ വായു ശ്വസിച്ചു കിടന്നവൾ.

പിന്നീടുള്ള അവളുടെ ജീവിതം അകലങ്ങളിലുള്ള ബന്ധുവീട്ടിലും, കോളേജുകളിലുമായിരുന്നു. ഒരിക്കലും നാട്ടിൽ പോയിട്ടില്ല. അല്ല അച്ഛനും അമ്മയും അനുവദിച്ചിരുന്നില്ല.

ഹിരണിനെ പിന്നീട് അൻസ കണ്ടിരുന്നില്ല, സത്യം പറഞ്ഞാൽ അവളവനെ അന്വേഷിക്കുകയോ കണ്ടെത്താനോ ശ്രമിച്ചിട്ടില്ല എന്നതായിരുന്നു സത്യം.

എന്നാൽ അറുത്തുമാറ്റപ്പെട്ട ഗർഭപാത്രത്തെ ഓർക്കുന്ന നിമിഷങ്ങളിൽ ഹിരണൊരു “ആൺ മണമായ്’ മനസ്സിൽ കടന്നു വരാറുണ്ട്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ചേട്ടനും സ്നേഹ സമ്പന്നരായ അച്ഛനും അമ്മയും അവളുടെ മിഴികളിൽ നിറഞ്ഞപ്പോൾ, ധാരയായ് കണ്ണീർ പുറത്തേക്കൊഴുകി.

കുളികഴിഞ്ഞെത്തിയ ഗഗൻ, പിറകിലൂടെ വന്നവളെ കെട്ടിപിടിച്ചു അവളുടെ കണ്ണു നീർ തുടച്ചവളെ അകത്തേക്കു കൂട്ടികൊണ്ടുപോയി.

“ഇന്നെന്തെങ്കിലും, പ്രത്യേകിച്ചുണ്ടായോ?”

അവളൊന്നും പറയാതെ, അവന്റെ മാറിടത്തിൽ അമർന്നു തേങ്ങി. അന്നു വൈകീട്ടു ദിശപ്രഭ അവളെ കണ്ടയുടനെ അരികിലേക്കോടി വന്നു.

“309 ലെ ആൾ ലഞ്ചിനു വന്നപ്പോൾ നിൻ്റെ കാര്യങ്ങൾ അന്വേഷിച്ചിരുന്നു, നിനക്കയാളെ പരിചയമുണ്ടോ?

അവൾ മറുപടിയൊന്നും പറയാതെ ഉദാസീനതയോടെ ദിശയെ നോക്കി.

“അവർ ഉച്ചയോടെ, വെക്കേറ്റായി, ങാ, പിന്നെ നിനക്ക് തരാനൊരു കവർ തന്നിട്ടുണ്ട്. ഒരു കുഞ്ഞിനെ കുറച്ച് നേരം കളിപ്പിച്ചപ്പോഴേക്കും, ന്തെല്ലാ? “

ദിശ കവർ കൈമാറി പറഞ്ഞു

“വല്ല ചെക്കുമായിരിക്കും” അൻസ റെസ്റ്റോറൻറിന്റെ പിറകുവശത്തുള്ള പൂന്തോട്ടത്തിലേക്ക് നടന്നു. തൂക്കുചട്ടികളിൽ തൂങ്ങിക്കിടക്കുന്ന പന്നൽച്ചെടികളുടെ ചുവട്ടിലൂടെ ഒഴുകുന്ന മഴവെള്ളച്ചാലിൽ പൊട്ടിക്കാത്ത കവർ ചെറു കഷ്ണങ്ങളാക്കി ഒഴുകി. രാത്രി ഉറങ്ങാനൊരുങ്ങുമ്പോൾ മാറിൽ ചേർത്തു പിടിച്ചു, ഗഗനെന്നും ചോദിക്കുന്ന ചോദ്യം അവളിൽ പ്രതിദ്ധ്വനിച്ചു.

“അൻസാ, എനിക്ക് ആണിന്റെ മണമുണ്ടോ?

“ബലിഷ്ഠമായ ശരീരത്തിൽ നിന്നോ, വിരിഞ്ഞു രോമാവൃതമായ നെഞ്ചിൽ നിന്നോ അല്ല ‘ആൺ മണം’ ഉയരുന്നത്, എന്നെ ഞാനായ് മനസ്സിലാക്കി പ്രാണനിൽ കൂടൊരുക്കിയ നിന്റെ മണമാണ് എനിക്കെന്നും ഇഷ്ടമുള്ള ‘ആൺ മണം'”

അൻസ ഉച്ചത്തിൽ അവളുടെ ഉള്ളിൽ പറഞ്ഞു.