ആഹിർ ഭൈരവ്,ആ രാഗത്തിനോട് ഒരു പ്രത്യേക ആകർഷണം എപ്പോഴും തോന്നിയിരുന്നു. ജീവിതത്തിൽ സ്ഥായി ഭാവമായിരുന്ന വിരക്തിയെ ആ രാഗം പലപ്പോഴും ഉത്തേജിപ്പിക്കുന്നതായി തോന്നി. അതൊരു പ്രത്യേക തരംവേദന അയാളിൽ നിറച്ചു, ഒറ്റപ്പെടലിന്റെ ഒരുതരം തീവ്രമായ ആനന്ദം അയാൾ അനുഭവിച്ചു. വേനൽ ചൂടിൽലക്ഷ്യമില്ലാത്ത ട്രെയിൻ യാത്രകൾ, വറ്റിയ പുഴയുടെ തീരത്ത് എന്തിനെന്നറിയാതെ കാത്തിരിപ്പ്, മദ്യപിച്ചു അലഞ്ഞു തീർത്ത ദിനരാത്രങ്ങൾ എന്നിങ്ങനെ എല്ലാം മനസ്സിലൂടെ കടന്നു പോകും. വിഷാദം നിറച്ച ഒരു സന്ധ്യയിൽ, വിദൂരതയിൽ ഉള്ള ഒറ്റപ്പെട്ട ഒരു തുരുത്തിൽ ഇരുന്ന് ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ചോർത്ത് വേവലാതി പൂണ്ടിരിക്കുന്ന തന്റെ ചിത്രം ഓർമ്മ വരും. ആ സംഗീതത്തിൽ അലിഞ്ഞപ്പോൾ മനസ്സ് എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞുകൊണ്ടിരുന്നു. നഷ്ടപ്പെട്ട ഒരു പ്രണയത്തെക്കുറിച്ചുള്ള ഓർമ്മകൾ ഒരു സിറിഞ്ചു നിറയെഗൃഹാതുരത്വം അയാളുടെ ഞരമ്പുകളിൽ നിറച്ചു.
മരുന്നുകളുടെ കൂടിക്കുഴഞ്ഞുള്ള ഗന്ധവും ആ ചെറിയ മുറിക്കകത്തെ എസിയുടെ തണുപ്പും വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോൾ അയാൾ ടൈപ്പ് ചെയ്യുന്നത് നിർത്തി, ലാപ്ടോപ്പ് അടച്ചുവച്ചു. ശക്തിയായി ഒരുവട്ടം ശ്വാസോച്ച്വസ്സം ചെയ്ത് മരുന്നിന്റെ കയ്പ്പിനെ ശ്വാസനാളത്തിൽ നിന്നും പുറത്തുകളയാൻ വൃഥാ ശ്രമിച്ചു. മെലിഞ്ഞു തളർന്ന് നനഞ്ഞ ഒരു ചുള്ളിക്കമ്പു പോലെ ബെഡിൽ കിടക്കുന്ന തന്റെ കയ്യ് കഷ്ടപ്പെട്ടുയർത്തി നഴ്സിനെ വിളിക്കാനുള്ള ബെല്ലമർത്തി.
ധൃതിയിൽ ബെഡ്‌ഡിനടുത്തേക്ക് വന്ന അവരോടു അയാൾ ശബ്ദമുയർത്തി ഏസി കുറക്കാൻ പറഞ്ഞെങ്കിലും, പൊട്ടിയ ഒരു മുളംതണ്ടിൽ നിന്നുമെന്ന പോലെ ചിലമ്പിയ ഒരു വായു ശബ്ദം മാത്രമേ പുറത്തേക്കു വന്നുള്ളൂ. സ്വയം ചത്തൊടുങ്ങിയ കോശങ്ങൾ അയാളുടെ തൊണ്ടയിൽ സൃഷ്ടിച്ച ദ്വാരങ്ങളിലൂടെ ആ ശബ്ദം ശിഥിലമായിപ്പോയി.
അയാൾ കേട്ടുകൊണ്ടിരുന്ന ഹിന്ദുസ്ഥാനി കൃതി അടഞ്ഞ ലാപ്ടോപ്പിനിടയിൽ പെട്ട് ഞെരുങ്ങി ഇല്ലാതെയായി. മുറിയിലെ തണുപ്പ് കുറച്ചു വച്ചതിനു ശേഷം നേഴ്സ് അടുത്ത് വന്ന് കാതിൽ പതിയെ ചോദിച്ചു “വേദന കൂടുതൽ ഉണ്ടോ?” അതൊരു പുതിയ ചോദ്യം അല്ലാത്തതുകൊണ്ടും പുതിയ ഒരു അവസ്ഥ അല്ലാത്തതുകൊണ്ടും അയാൾക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല. “ഇല്ല” എന്ന് കണ്ണടച്ച് കാണിച്ചപ്പോൾ അവരുടെ കണ്ണിൽ നിറഞ്ഞു നിന്നിരുന്ന വാത്സല്യം അയാൾ ശ്രദ്ധിച്ചു. നെഞ്ചിൽ നിന്നും ഉയർന്നു പൊങ്ങിയ സങ്കടം അയാളിൽ ശ്വാസതടസ്സം സൃഷ്ടിച്ചു, കണ്ണുകളെ ഈറനണിയിച്ചു.
മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ലാപ്ടോപ്പ് നിവർത്തി, കേട്ടുകൊണ്ടിരുന്ന ആ ഹിന്ദുസ്ഥാനി ഡുംരി വീണ്ടും വച്ചു. ആഹിർ ഭൈരവ് രാഗത്തിൽ ഉള്ളതായിരുന്നു അത്. എന്താണെന്നറിയില്ല, ഈ രാഗത്തിനോട് ഒരു പ്രത്യേക ആകർഷണം എപ്പോഴും തോന്നിയിരുന്നു. ജീവിതത്തിൽ അയാളുടെ സ്ഥായി ഭാവമായിരുന്ന വിരക്തിയെ ആ രാഗം പലപ്പോഴും ഉത്തേജിപ്പിക്കുന്നതായി തോന്നി. അതൊരു പ്രത്യേക തരം വേദന അയാളിൽ നിറച്ചു, ഒറ്റപ്പെടലിന്റെ ഒരുതരം തീവ്രമായ ആനന്ദം അയാൾ അനുഭവിച്ചു. വേനൽ ചൂടിൽ ലക്ഷ്യമില്ലാത്ത ട്രെയിൻ യാത്രകൾ, വറ്റിയ പുഴയുടെ തീരത്ത് എന്തിനെന്നറിയാതെ കാത്തിരിപ്പ്, മദ്യപിച്ചു അലഞ്ഞു തീർത്ത ദിനരാത്രങ്ങൾ എന്നിങ്ങനെ എല്ലാം മനസ്സിലൂടെ കടന്നു പോകും. വിഷാദം നിറച്ച ഒരു സന്ധ്യയിൽ, വിദൂരതയിൽ ഉള്ള ഒറ്റപ്പെട്ട ഒരു തുരുത്തിൽ ഇരുന്ന് ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ചോർത്ത് വേവലാതി പൂണ്ടിരിക്കുന്ന തന്റെ ചിത്രം ഓർമ്മ വരും. ആ സംഗീതത്തിൽ അലിഞ്ഞപ്പോൾ മനസ്സ് എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞുകൊണ്ടിരുന്നു. നഷ്ടപ്പെട്ട ഒരു പ്രണയത്തെക്കുറിച്ചുള്ള ഓർമ്മകൾ ഒരു സിറിഞ്ചു നിറയെ ഗൃഹാതുരത്വം അയാളുടെ ഞരമ്പുകളിൽ നിറച്ചു. അയാൾ കണ്ണടച്ച് കിടന്നുകൊണ്ട് ഓർമ്മകളിലേക്ക് കുതിച്ചു.
വർഷങ്ങൾക്ക് മുമ്പ്, വേനൽ കത്തി നിന്ന ഒരു നട്ടുച്ചക്കായിരുന്നു സ്കൂൾ യുവജനോത്സവത്തിലെ ലളിതഗാന മത്സരം കണ്ടു നിന്നത്. ട്യൂബ് ലൈറ്റ് കെട്ടി വച്ച മുളങ്കാലിൽ ചാരി വായും പൊളിച്ച് അവൾ പാടുന്നതും നോക്കി എല്ലാം മറന്നു നിന്നത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. അവൾ അടുത്ത് വരുമ്പോളൊക്കെ ഹൃദയത്തിന്റെ താളം മുറുകുന്നതായി തോന്നിയിരുന്നു. യുഗങ്ങളായി ആ മുഖം മനസ്സിൽ പതിഞ്ഞ പോലെ. വരണ്ടുണങ്ങിയ പുഴയുടെ നടുക്ക്, ശേഷിച്ച ചെളിവെള്ളത്തിൽ മീൻ പിടിക്കാൻ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പോകേണ്ടി വന്നപ്പോഴും അവൻ ഏകാന്തതയുടെ തുരുത്തിൽ ഇരുന്ന് അവളെ സ്വപ്നം കണ്ടു. അരളിയുടെയും കൈതപ്പൂവിന്റെയും ഗന്ധം എവിടെന്നൊക്കെയോ വന്നപ്പോൾ പ്രണയഭാരം താങ്ങാനാവാതെ ആ പുഴവരമ്പിൽ കിടന്നു.
രാവിലെ ഉണ്ടായിരുന്ന ട്യൂഷൻ മാത്രമായിരുന്നു അവളെ കാണാനുള്ള അവസരം. പുലരിയിലെ ഇളം മഞ്ഞ് മൂടിക്കിടക്കുന്ന വഴികളിലൂടെയും മഞ്ഞ് വീണു നനഞ്ഞു കിടക്കുന്ന മൺവഴികളിലൂടെയും ആവേശത്തിൽ സൈക്കിൾ ചവിട്ടി സമയത്തിന് മുമ്പേ ട്യൂഷൻ സെന്ററിൽ എത്തി അവൾ വരുന്നതും കാത്തിരിക്കും. പിന്നീട്, പോകാനും വരാനും അവളുടെ വീടിനു മുമ്പിലൂടെയുള്ള വളഞ്ഞ വഴി സ്വീകരിച്ച് തുടങ്ങി. നിറയെ പൂക്കളും മരങ്ങളും ഒക്കെയുള്ള ഒരു കൊച്ചു വീട്. അവിടെയെത്തുമ്പോൾ അറിയാതെ തൊണ്ട വരളും, ഹൃദയമിടിപ്പ് അതിവേഗത്തിലാകും. നിന്നുകൊണ്ട് സൈക്കിൾ ചവിട്ടി പതുക്കെ എത്തി നോക്കും – അവൾ ഇറങ്ങിയോ ? അതോ ഒരുങ്ങുന്നതേയുള്ളോ ? മുറ്റത്തൊരു ചെമ്പക മരം നിന്നിരുന്നു. അതിന്റെ താഴെയെത്തുമ്പോൾ ആ സുഗന്ധത്താൽ അവളുടെ സാന്നിദ്ധ്യം അനുഭവിച്ചിരുന്നു. പച്ചപ്പ് നിറഞ്ഞ തൊടിയുടെ നടുക്ക് നിന്നിരുന്ന ഓടിട്ട ആ മനോഹര ഭവനം മനസ്സിൽ നിറഞ്ഞു നിന്നു.
പിന്നീട് കൂടുതൽ അടുക്കാൻ കാരണങ്ങൾ കണ്ടെത്തി തുടങ്ങി. പാഠങ്ങളിലെ സംശയം തീർക്കൽ, നോട്ട് കറക്റ്റ് ചെയ്യൽ തുടങ്ങി അവളുടെ വീട്ടിൽ പോകാനുള്ള എല്ലാ വഴികളും തേടി. അവളുടെ സ്നേഹമയിയായ അമ്മ മിക്കവാറും ചായ തരും, എന്നിട്ടു വാത്സല്യത്തോടെ ചോദിക്കും “പഠിപ്പെല്ലാം എങ്ങനെയുണ്ട് മക്കളെ ?”. ഒരിക്കൽ അവൾ നോട്ട് പുസ്തകം തന്നപ്പോൾ ഏറ്റവും പുറകിലെ പേജിൽ വടിവൊത്ത ഉരുണ്ട കയ്യക്ഷരത്തിൽ എഴുതിയ നാലുവരി കവിത കണ്ടു. രാത്രി ഉറക്കം വരാതെ കിടന്നപ്പോൾ എഴുന്നേറ്റു ആ കവിത വീണ്ടും വീണ്ടും വായിച്ചു.
“ചേട്ടായീ…” ആ വിളി അയാളെ ഐസിയുവിന്റെ തണുപ്പിലേക്ക് തിരിച്ചു കൊണ്ട് വന്നു. വിന്നിയാണ്. അയാൾ കണ്ണുകൊണ്ടു വാതിലിനടുത്തേക്ക് നോക്കി. ഒരു ട്രേയുമായി അവൾ വരുന്നു. കിടക്കയിൽ വീണുകിടക്കുന്ന കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് വിന്നി ചോദിച്ചു “നമുക്ക് കൊറച്ചു മരുന്ന് കഴിക്കാം..?” കഴുത്തിലെ ദ്വാരങ്ങളിൽ അവൾ തുണി ചേർത്ത് വച്ച്, ഗുളികകൾ അയാളുടെ വായിലേക്കിട്ട്, വെള്ളം ഒഴിച്ചു കൊടുത്തു. വശങ്ങളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർചാലുകൾ ഒപ്പിയെടുത്തുകൊണ്ട് അവൾ ശാസിച്ചു “എന്നതാ ചേട്ടായീ ഇത് ? കൊറച്ച് ദിവസോം കൂടെ കഴിഞ്ഞാൽ ഉഷാറാവത്തില്ല്യോ ? എന്നിട്ടു വേണ്ടേ വീണ്ടും ചുറ്റിസഞ്ചാരം തുടങ്ങാൻ. ഈ പാവത്തിനെ വല്ലപ്പോഴും ഓർക്കണം കേട്ടോ… ” അയാളുടെ കവിളിൽ തട്ടി ചിരിച്ചുകൊണ്ട് വിന്നി തിരിഞ്ഞു നടന്നു. ഐസിയുവിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ അവൾ കണ്ണാടി വാതിലിൽ ഒന്ന് നോക്കി, കണ്ണുകൾ കലങ്ങിയിട്ടുണ്ടോ ?
ഡ്യൂട്ടി റൂമിൽ ഇരുന്ന് വിന്നി ഓർത്തു. ഒരു നഴ്സിന് രോഗിയോടു തോന്നുന്നതിനേക്കാൾ വാത്സല്യവും അടുപ്പവും ഈ മനുഷ്യനോട് തോന്നിയിരുന്നു. ആരോരുമില്ലാത്ത കാൻസർ രോഗികളെ ഏറ്റെടുക്കുന്ന ഒരു സംഘടനയായിരുന്നു ഇവിടേയ്ക്ക് റെഫർ ചെയ്തത്. എന്തൊക്കെയോ പ്രത്യേകതകൾ അയാളിൽ തോന്നിയിരുന്നു. ആ കണ്ണുകളിൽ നോക്കുമ്പോളൊക്കെ സ്നേഹം തുളുമ്പി നിൽക്കുന്നതായി തോന്നിയിരുന്നു. മെഡിക്കൽ ഫയലിനു മുകളിൽ “ഹരി” എന്ന് പേര് എഴുതിയിരുന്നെങ്കിലും സ്ഥലത്തിന്റെ സ്ഥാനത്ത് ഒന്നും എഴുതിയിരുന്നില്ല. എവിടെ നിന്നോ വന്നു എവിടേക്കോ പോകുന്നയാൾ. ഈ ആശുപത്രിയുടെ ഐസിയുവിൽ കിടക്കുമ്പോൾ ഇദ്ദേഹം ആരൊക്കെയോ ആണെന്ന തോന്നൽ. എങ്ങിനെയാണ് ഒറ്റപ്പെട്ടത് ? തനിച്ചുള്ള ഈ അലച്ചിൽ സ്വയം തിരഞ്ഞെടുത്തതാണോ ? ഡ്യൂട്ടി റൂമിൽ തനിച്ചിരിക്കുമ്പോൾ വിന്നിയുടെ ചിന്തകൾ ഈ വഴിക്കൊക്കെ പോകാറുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു മടങ്ങിപ്പോക്ക് ഇല്ലെന്നു രണ്ടാൾക്കും അറിയാമെങ്കിലും ഒരിക്കലും അതിനെക്കുറിച്ച് സംസാരിക്കാറില്ല. അസുഖം മാറിയാൽ പോകാനുള്ള സ്ഥലങ്ങളെകുറിച്ച് ഒരാഴ്ച മുമ്പ് കൂടി സംസാരിച്ചിരുന്നു. പെട്ടെന്നൊരു ദിവസം നാവു വഴങ്ങാതെയായി. പറയുന്നതൊന്നും വ്യക്തമാകാതെയായി. തുടക്കത്തിലൊക്കെ പറയാനുള്ള ശ്രമം നടത്തിയിരുന്നു. പിന്നെ പിന്നെ അതും നിന്നു. വളരെ അത്യാവശ്യമുള്ളതെന്തെങ്കിലും ആണെങ്കിൽ പറയാൻ ശ്രമിക്കും. പരാജയപ്പെട്ടു ദയനീയമായി നോക്കും. ഇപ്പോൾ പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റുന്നു.
വീര്യം കൂടിയ മരുന്നിന്റെ തളർച്ചയിൽ ഹരി മയങ്ങി കിടക്കുകയായിരുന്നു. പെട്ടെന്ന് ആരോ മൂർച്ച കൂടിയ ഒരായുധം കഴുത്തിലേക്ക് കുത്തിയിറക്കുന്നു. രണ്ടു തലയും മൂർച്ചയുള്ള ആ വാൾ കഴുത്തിലേക്ക് ഇറക്കിയതിനു ശേഷം അത് ഒറ്റ തിരിക്കൽ. ജീവൻ പോകുന്ന പ്രാണ വേദനയിൽ ഹരി അമ്മേ എന്ന് നിലവിളിച്ചു. ആ വിളി ആരും തന്നെ കേട്ടില്ല. കഴുത്തിലൂടെ അത് വായുവിൽ വിലയം കൊണ്ടു. ഒരു ഞെട്ടലോടെ ഹരി കണ്ണ് തുറന്നു. അതൊരു സ്വപ്‌നമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. കഴുത്തിൽ ചോര വിറങ്ങലിക്കുന്ന വേദന. അത് നട്ടെല്ലിലേക്ക് കടന്ന് ശരീരമാസകലം വ്യാപിക്കുന്ന പോലെ തോന്നി. നട്ടെല്ലിന് ചുറ്റും തുരു തുരാ കുത്തുന്നു. ഒന്നുറക്കെ കരയാനുള്ള അയാളുടെ എല്ലാ ശ്രമവും പരാജയപ്പെട്ടു.
ഡ്യൂട്ടി റൂമിൽ വിന്നിയുടെ മുമ്പിൽ തലകുനിച്ചിരിക്കുകയായിരുന്നു പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിലെ സുഷമ. വിന്നി അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു “മോർഫിൻ എത്ര ആംപ്യൂൾ കൊടുത്തിട്ടും റിലീഫ് ഇല്ല. ഈ അസുഖത്തിന്റെ ഈയൊരു അവസ്ഥയാണ് കാണാൻ പറ്റാത്തത്.” വേദനയിൽ പുളഞ്ഞു കിടക്കുകയായിരുന്നു ഹരി. അതിൽ നിന്നും ഒരു താൽക്കാലിക ശമനത്തിനെന്നോണം അയാൾ കൗമാരത്തിലെയും യൗവനത്തിലെയും ഓർമ്മകളിലേക്ക് ഊളിയിട്ടു.
ചാരുവിനോട് കൗമാര കാലത്ത് തോന്നിത്തുടങ്ങിയ അനുരാഗം കാലത്തിന്റെ ചാപല്യമാണെന്നു സ്വയം വിശ്വസിക്കാൻ ആദ്യമൊക്കെ ശ്രമിച്ചിരുന്നു. ഒരിക്കലും മാറാത്ത ഒരു പനി പോലെ അവളെ കുറിച്ചുള്ള ചിന്തകൾ ശരീരം മുഴുവൻ വ്യാപിച്ചു തുടങ്ങിയപ്പോൾ അതിന്റെ തീവ്രത മനസ്സിലായി. രാത്രികളിൽ ഇരുട്ടിൽ ഒറ്റപ്പെട്ട നിൽക്കുമ്പോൾ നിശാഗന്ധികളുടെ സുഗന്ധം ഹരി ആസ്വദിക്കാൻ തുടങ്ങി. നിലാവ് കാണുമ്പോൾ പതിവില്ലാത്ത വണ്ണം അവന്റെ മനസ്സ് ത്രസിച്ചു. മുകളിൽ മഴക്കാറ് കാണുമ്പോഴേക്കും ഹരിയിൽ എന്തെന്നില്ലാത്ത സന്തോഷം അലതല്ലാനും ഒരു കാരണവും ഇല്ലാതെ അവൻ മഴ നനഞ്ഞു നടക്കാനും തുടങ്ങി. പുതുമഴയുടെ ഗന്ധം അവന്റെ സിരകളിൽ പടർന്ന് ചാരുവിനെ കുറിച്ചുള്ള ചിന്തകളാൽ അവനിൽ പ്രളയങ്ങൾ സൃഷ്ടിച്ചു. ചാരു അവന് പ്രകൃതി തന്നെയായിരുന്നു. ചുറ്റിനും കാണുന്ന എല്ലാത്തിലും അവൾ നിറഞ്ഞു നിൽപ്പുണ്ടെന്നു ഹരി വിശ്വസിച്ചു. ഇതെല്ലാം അവളോട് തുറന്നു പറയണമെന്ന് ഹരി പലപ്പോഴും ആഗ്രഹിച്ചു. താൻ ഒരു ചപലനായി ചാരു കരുതിയാലോ എന്ന് അവൻ പേടിച്ചു. അതൊരു സാധാരണ പ്രേമം ആയി കണക്കാക്കാൻ അവന് കഴിഞ്ഞില്ല. ചാരുവിനെ ദൂരെ നിന്ന് നോക്കി അവൻ നിഗൂഢമായി പ്രണയിച്ചു.
വേനലവധിക്ക് സ്കൂൾ അടച്ചു. അടച്ചിട്ട ക്‌ളാസ് മുറികളിൽ ഏകാന്തതയുടെ ചുടു നിശ്വാസങ്ങൾ പടർന്നു. അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞ റിസൾട്ടിനായുള്ള കാത്തിരിപ്പ് തുടങ്ങി. കടുത്ത വേനൽ ചൂടിലും ചാരു ഒരു മഴയായി പെയ്തിറങ്ങി അവനെ നനച്ചുകൊണ്ടിരുന്നു. അഞ്ചു കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലായിരുന്നു ചാരുവിന്റെ വീട്. അവധിക്കാലത്തെ പകൽസമയങ്ങളിൽ ആ ഗ്രാമത്തിലേക്ക് ഹരി തന്റെ സൈക്കിളുമായി വെറുതെ പോകാറുണ്ടായിരുന്നു. പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതെ അവളുടെ വീടിനു മുമ്പിലൂടെ കടന്നു പോകും. ചാരു പുറത്തെവിടെയെങ്കിലും നിൽക്കുന്നുണ്ടോ എന്ന് ഹൃദയമിടിപ്പോടെ നോക്കും. രണ്ടേ രണ്ടു പ്രാവശ്യം മാത്രം അവളെ കണ്ടു. അതിൽ ഒരു വട്ടം അവൾ തന്നെ കണ്ടതുമില്ല. രണ്ടാം തവണ കാണുമ്പോൾ അവൾ ചെമ്പകപ്പൂ പറിക്കുകയായിരുന്നു. ഒന്നും പറയാനാകാതെ ശൂന്യമായ മനസ്സോടെ നിന്നപ്പോൾ അവൾ ചോദിച്ചു. “എവിടെക്കാ ഈ വഴി ? ” പ്രതീക്ഷിക്കാതെ അവൾ ഈ ചോദ്യം ചോദിച്ചപ്പോൾ പെട്ടെന്ന് പരുങ്ങി. ആ ഭാഗത്തുള്ള ഒരു സുഹൃത്തിന്റെ പേര് പറഞ്ഞു തടി തപ്പി. അവൾ വീട്ടിനകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് കയറുന്ന വഴി ഉറക്കെ വിളിച്ച് പറഞ്ഞു “അമ്മേ..ദാ ഹരി വന്നേക്കുന്നു”. ചെറുതെങ്കിലും മനോഹരമായ ഒരു വീട്. ഒരുപാട് ചെറിയ മുറികൾ ഉണ്ടായിരുന്നു അതിൽ. അവൾ ഒരു മുറിയിലേക്ക് ക്ഷണിച്ചു. പുസ്തകങ്ങളുടെ പഴകിയ ഗന്ധം. അതവളുടെ പഠന മുറിയായിരുന്നു. പാഠപുസ്തകങ്ങൾ അല്ലാതെ ധാരാളം മറ്റ് പുസ്തകങ്ങൾ ആ മുറിയിൽ ഉണ്ടായിരുന്നു. ഒരു മൂലയ്ക്ക് പഴയ പത്രങ്ങൾ അടുക്കി അട്ടിയായി വച്ചിരിക്കുന്നു. ആ മുറിയിലെ അഴിയിട്ട കൊച്ചു ജനലിലൂടെ സൂര്യകിരണങ്ങൾ അവളുടെ മേൽ പതിക്കുന്നുണ്ടായിരുന്നു. സന്ധ്യയുടെ ശോണിമ അവളുടെ മുടിയിഴകളിൽ പ്രതിഫലിച്ചു. ആ മുറിയും, അതിലെ പഴമയേറിയ ഗന്ധവും, മയങ്ങി തുടങ്ങിയ സന്ധ്യയുടെ ആ ചിത്രവും അവൻ എന്നോ സ്വപ്നങ്ങളിൽ കണ്ടതായി തോന്നി. അത്രമാത്രം പരിചിതമായിരുന്നു അതെല്ലാം. “മക്കളെ ഹരീ.. വാ ചായ കുടിക്കാം” ചാരുവിന്റെ അമ്മയുടെ വിളി ചിന്തകളിൽ നിന്നും ഉണർത്തി. ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ, അവർ അടുത്തിരുന്ന് മുടിയിഴകളിൽ തഴുകികൊണ്ടിരുന്നു. കുട്ടിക്കാലത്തേ അമ്മ നഷ്ടപെട്ട ഹരിക്ക് പെട്ടെന്ന് ആ വാത്സല്യം ഓർമ്മകളുടെ മുലപ്പാൽ ചുരത്തി, കണ്ണുകൾ ഈറനണിഞ്ഞു. എല്ലാം കെട്ടുകഴിഞ്ഞപ്പോൾ താടിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു “അമ്മയെ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഇങ്ങോട്ടു വരണം കേട്ടോ” യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരു മഴപെയ്തൊഴിഞ്ഞ പ്രതീതിയായിരുന്നു. ജീവിതത്തിൽ പുതിയതായി ആരൊക്കെയോ ഉണ്ടെന്ന തോന്നൽ. പിന്നീട് എന്തെങ്കിലും ഒക്കെ കാരണം ഉണ്ടാക്കി പലപ്പോഴായി അങ്ങോട്ട് പോയി. ആ വീട് ജീവിതത്തിന്റെ ഒരു ഭാഗമായ പോലെ ഹരിക്ക് തോന്നി.
വേനലവധി കഴിയാറായി. പത്താം ക്ലാസ്സ് റിസൽറ്റ് വരാനുള്ള ദിവസം അടുത്തു. ചാരുവും ഹരിയും നല്ല മാർക്കോടെ തന്നെ ജയിച്ചു. രണ്ടു പേരും അടുത്തുള്ള കോളേജിൽ പ്രീ ഡിഗ്രിക്ക് ചേർന്നു. രണ്ടു പേരും എടുത്ത വിഷയം സയൻസ് തന്നെയായിരുന്നു. അവളും തന്റെ ക്‌ളാസ്സിലാണെന്നു അറിഞ്ഞതോടെ ഹരി സന്തോഷം കൊണ്ട് മതിമറന്നു. ക്ലാസ് തുടങ്ങി. പുതിയ പാഠങ്ങൾ, പുതിയ അന്തരീക്ഷം, അധ്യാപകർ, ചിട്ടകൾ. എല്ലാം അവർക്കു പുതുമയായിരുന്നു. ഗ്രാമത്തിലെ സ്കൂളിൽ നിന്നും വ്യത്യസ്തമായി പഠന മാധ്യമം ഇംഗ്ലീഷ് ആയത് അവരെ തുടക്കത്തിൽ ബുദ്ധിമുട്ടിച്ചു. പിന്നീട് രണ്ടു പേരും പഠനത്തിൽ മുഴുകി. ക്ലാസ് മുറിയിലും, ലാബിലും, ക്യാന്റീനിലും ഒക്കെ നിൽക്കുമ്പോൾ ചാരു തന്റെ കൂടെ ഉണ്ടെന്നുള്ളത് അവന്റെ ആത്മവിശ്വാസം വളർത്തി. മാസങ്ങൾ കടന്നു പോയി. ഞാറ്റുവേലയും കർക്കിടകവും, വർഷവും വസന്തവും കടന്നു പോയി. എന്നിട്ടും ഹരി തന്റെ മനസ്സിലുള്ളതൊന്നും ചാരുവിനോട് തുറന്നു പറഞ്ഞില്ല. ആ സൗഹൃദം നഷ്ടമായാലോ എന്ന് അവൻ ഭയന്നു. അവളുടെ അമ്മയുടെ വാത്സല്യം നഷ്ടമാവുന്നത്, ആ വീടുമായുള്ള ബന്ധം വിച്‌ഛേദിക്കപ്പെടുന്നത് ഹരിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. രണ്ടുപേരിലും സമാനമായ എന്തോ ഒക്കെ ഉള്ളത് അവൻ തിരിച്ചറിഞ്ഞിരുന്നു. സംഗീതം, സാഹിത്യം, പ്രകൃതി. അങ്ങനെ ഒരുപാട് പൊതുതാൽപ്പര്യങ്ങൾ അവർക്കിടയിൽ ഉള്ളതുകൊണ്ട് അവർ തമ്മിൽ സ്വാഭാവികമായ ഒരടുപ്പം ഉടലെടുക്കുമെന്ന് അവൻ കരുതി. പ്രണയം എന്നത് ഒരു പൂ വിരിയുന്ന പോലെ തികച്ചും സ്വാഭാവികമായി വിടർന്നു വരേണ്ടതാണ് എന്നതായിരുന്നു ഹരിയുടെ പ്രണയ സങ്കല്പം.
രണ്ടാം വർഷം പരീക്ഷ അടുക്കുന്നതിനു മുമ്പുള്ള ഒരു ദിവസം. ഒരു ഇടവേള സമയത്ത് കോളേജ് മൈതാനത്തിനോട് ചേർന്നുള്ള കശുമാവിൻ തോപ്പിൽ കൂട്ടുകാരുമായി ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ഇടിവെട്ട് പോലെ ആ വാർത്ത കേട്ടത്. കൂട്ടത്തിലൊരാളാണ് പറഞ്ഞത്:ചാരു ക്‌ളാസ്സിലെ ഒരാളുമായി ഇഷ്ടത്തിലാണ് !! അവളുടെ വീടിനടുത്തു നിന്നും വരുന്ന ഒരാൾ. അവർ ഒരുമിച്ചാണത്രെ ദിവസവും കോളേജിലേക്ക് വരുന്നത്. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ ഹരിക്ക് തോന്നി. എത്ര നേരം അവിടെ ഇരുന്നുവെന്ന് ഓർമ്മയില്ല. കൂട്ടുകാർ പിരിഞ്ഞു പോയിരുന്നു. ക്ലാസ്സ് തുടങ്ങിയിട്ട് വളരെ നേരം ആയെന്ന് തോന്നുന്നു. തലയിൽ ഒരു തരിപ്പ് കയറുന്നതു പോലെ. ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല. കൂട്ടുകാർ എപ്പോഴാണ് ക്ലാസ്സിലേക്ക് പോയത് ? അവർ തന്നെ വിളിച്ചില്ലേ ? എന്ത് ചെയ്യണമെന്നറിയാതെ അവൻ മൈതാനത്തിന്റെ ഓരത്തു കൂടെ നടന്നു. ഒരു ഹവർ കഴിഞ്ഞെന്നു തോന്നുന്നു. ക്ളാസുകളിൽ നിന്നും ആരവം ഉയരുന്നു. ദൂരെ വരാന്തകളിൽ കുട്ടികൾ നടക്കുന്നത് കാണാം. അവൻ കോളേജിന് പുറകിൽ ഉള്ള കുന്ന് ലക്ഷ്യമാക്കി നടന്നു. മനസ്സ് ചെറുതായ പോലെ. ആരെയും നോക്കാൻ പറ്റാത്ത ഒരു അന്യഥാ ബോധം !
പെട്ടെന്ന് പുറകിൽ നിന്നും ഒരു വിളി കേട്ടു “ഹരീ..”. ഗിരീശനാണ്. തന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആത്മാർത്ഥ സുഹൃത്. അവനോടു മാത്രമേ ചാരുവിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ളൂ. അവൻ അടുത്ത് വന്ന് തോളിൽ പിടിച്ച് ഒന്നും മിണ്ടാതെ നോക്കി നിന്നു. “ഞാൻ നിന്നോട് സാവകാശം പറയണമെന്ന് കരുതിയതാണ്. ആ ഗ്രൂപ്പിൽ വച്ച് അവൻ അത് പറയുമെന്ന് കരുതിയില്ല. നിന്റെ കാര്യം അവർക്കാർക്കും അറിയില്ലല്ലോ “. ഹരി ഒന്നും മിണ്ടാതെ ദൂരെ കാണുന്ന കുന്നിലേക്ക് നോക്കി നിന്നു. “ഹരീ… എന്തെങ്കിലും ഒന്ന് പറ. പോട്ടെടാ. അത് മറന്നേക്ക്”. അണ പൊട്ടിയ നദി പോലെ പൊട്ടിക്കരഞ്ഞു കൊണ്ട് ഹരി ഗിരീശനെ കെട്ടിപ്പിടിച്ചു. ആ കരച്ചിൽ നിലക്കാൻ ഏറെ സമയം എടുത്തു. എന്ത് ചെയ്യണമെന്നറിയാതെ ഗിരീശൻ കുഴങ്ങി.
ഹരി പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ കുന്നിനു മുകളിലേക്ക് നടന്നു. എവിടെയൊക്കെയോ കറങ്ങി ഒടുവിൽ ഒരു പനച്ചുവട്ടിൽ ചെന്നിരുന്നു. സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. എവിടെയും പോകാൻ തോന്നാത്തതുകൊണ്ട് അവിടെ തന്നെ ഇരുന്നു. നേരം ഏറെ ഇരുട്ടിയിരിക്കുന്നു. വീട്ടിൽ അച്ഛൻ അന്വേഷിക്കുന്നുണ്ടാകും. താൻ പോകാൻ സാധ്യതയുള്ള വീടുകളിൽ പോയി ചോദിക്കുന്നുണ്ടാകും “മോൻ ഇവിടെ വന്നോ ?” തന്നെ അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞു നടക്കുന്ന അച്ഛന്റെ വിഷാദം നിറഞ്ഞ മുഖം ആലോചിച്ചപ്പോൾ അവൻ എഴുന്നേറ്റ് കുന്നിന്റെ മറു ചെരുവിൽ കണ്ട ചെറിയ വെളിച്ചം ലക്ഷ്യമാക്കി നടന്നു. നടന്നലഞ്ഞു ക്ഷീണിതനായി രാത്രി ഏറെ വൈകിയാണ് വീട്ടിൽ എത്തിയത്. മുറ്റത്ത് അങ്കലാപ്പോടെ നിന്ന അച്ഛനെ നോക്കാതെ അകത്തേക്ക് കയറി കിടക്കയിൽ വീണു.
പെരുമഴ. നിനക്കാതെ വന്ന വേനൽ മഴയിൽ മുറ്റത്തേക്ക് വെള്ളം ഇരച്ചു കയറി. നാട്ടിൻപുറത്തെ മൺവഴികൾ നീർച്ചാലുകൾ ആയി മാറി. അപ്രതീക്ഷിതമായ മഴയിൽ വഴിനടക്കാർ നനഞ്ഞു. അവർ വഴിയരുകിലുള്ള മരച്ചോടുകളിൽ അഭയം പ്രാപിച്ചു. മരച്ചില്ലകളിലൂടെ മഴവെള്ളം ഉതിർന്നു വീണു തുടങ്ങിയപ്പോൾ വഴിയരുകിൽ കണ്ട വലിയ ഇലകൾ ചേർത്ത് തലക്കുമുകളിൽ വച്ച് അവർ യാത്ര തുടർന്നു. വരാന്തയിൽ ഇരിക്കുകയായിരുന്നു ഹരി. തൂവാന അടിച്ച് കയറി അവൻ ആകെ നനഞ്ഞിരുന്നു. കണ്ണിൽ നിന്നും ധാര ധാരയായി ഒഴുകിയിരുന്ന കണ്ണുനീർ മഴവെള്ളത്തിൽ അലിഞ്ഞു ചേർന്നു. ആരോ പടി കയറി വരുന്നത് പോലെ. അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ചാരു !! മഴ നനഞ്ഞാണ് അവൾ വരുന്നത്. അവൾ അടുത്ത് വന്ന് ഹരിയോട് ചേർന്നിരുന്നു. തോളിൽ കൈ വച്ച് ഒരു കൈകൊണ്ടു താടി പിടിച്ച് ഉയർത്തി ചോദിച്ചു “അയ്യേ ഇത്ര വലിയ കുട്ടി കരയേ ? എന്താ ഹരിക്കുട്ടാ എന്നോട് തുറന്നു പറയാഞ്ഞേ ? ഞാൻ എവിടേം പൂവ്വില്ല. കൂടെ തന്നെ ഉണ്ടാവും ട്ടോ”. അവന്റെ മുഖം പിടിച്ച് താഴ്ത്തി അവൾ നെറ്റിയിൽ ചുംബിച്ചു. നനഞ്ഞു കുതിർന്ന അവളുടെ മുടിയിഴകളിൽ നിന്നും മഴവെള്ളം ഹരിയുടെ മടിയിലാകെ പടർന്നു. അവന്റെ നെറ്റിയിൽ കൈ വച്ചുകൊണ്ടു അവൾ പറഞ്ഞു “നല്ല പനിയുണ്ടല്ലോ ചെക്കാ. എന്നിട്ടാണോ ഉമ്മറത്തിരുന്ന മഴച്ചാറ്റൽ മുഴുവൻ കൊള്ളണത് ?” ഹരിക്ക് മേലാസകലം പൊള്ളുന്ന പോലെ തോന്നി. ഒരു വലിയ തീക്കുണ്ഡത്തിനടുത്ത് ഇരിക്കുന്ന പോലെ… തൊണ്ട വലിഞ്ഞു മുറുകുന്നു.. ഉമിനീർ ഇറക്കാൻ പോലും പറ്റുന്നില്ല. തൊണ്ട പഴുത്ത പോലെ. ഇതെങ്ങനെ ഇത്ര പെട്ടെന്ന് സംഭവിച്ചു ? ശരീരമാസകലം തളരുന്നപോലെ തോന്നിയതും, അവൻ കുഴഞ്ഞു കൊണ്ട് ചാരുവിന്റെ മടിയിലേക്ക് വീണതും ഒരുമിച്ചായിരുന്നു. “ഹരികുട്ടാ.. ഹരികുട്ടാ…എഴുന്നേൽക്ക്” നെറ്റിയിൽ ഒരു തണുത്ത സ്പർശം തട്ടിയപ്പോൾ ഹരി കണ്ണ് തുറന്നു. താൻ കട്ടിലിലാണ് കിടക്കുന്നത്. തൊട്ടടുത്ത് അച്ഛനിരിക്കുന്നു. “എന്താ മോനെ ഇത് ? ഇങ്ങനെയും ഉണ്ടോ ഉറക്കം. ഉച്ചയാവാറായി. നല്ല പനിയുണ്ടല്ലോ. ചുട്ടു പൊള്ളുന്നു. ഇന്നലെ എന്താ മോന് പറ്റിയത് ?” ഹരി തുറന്നു കിടന്ന ജനലിലൂടെ പുറത്തേക്കു നോക്കി. പൊള്ളുന്ന വെയിൽ. നനഞ്ഞു കുതിർന്ന് സ്നേഹോഷ്മളമായ ഒരു സ്വപ്നം മുറിഞ്ഞ നിരാശയോടെ അവൻ വരാന്തയിലേക്ക് നോക്കി കിടന്നു. “വാ മോനെ. എഴുന്നേറ്റ് പല്ലുതേച്ച് കഞ്ഞി കുടിക്ക്. എന്നിട്ട് അച്ഛൻ മരുന്ന് തരാം” ഹരി അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി പതുക്കെ എഴുന്നേറ്റു. അവന് ചുറ്റും വലിയൊരു നിശബ്ദത തളം കെട്ടി നിന്നു.
നാലഞ്ചു ദിവസം ഹരി ക്ലാസ്സിൽ പോയതേയില്ല. ഒരു ദിവസം ഗിരീശൻ കയറി വന്ന് അവനെ നിർബന്ധിച്ച് കൂട്ടി കൊണ്ടുപോയി. ക്ലാസ്സിൽ അവന് ആരുടേയും മുഖത്തു നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ മറ്റുള്ളവർ ഇതൊന്നും തിരിച്ചറിയാത്തതു കൊണ്ട് അസുഖം മൂലം ആണെന്ന് കരുതി. ലാബിലേക്ക് പോകുന്ന വഴി ചാരുവിനെ കണ്ടു. ചിരിച്ചുവെന്നു വരുത്തി, അവളുടെ മുഖത്തേക്ക് നോക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. “എന്താ ഇത്ര നാളും ക്ലാസ്സിൽ കാണാതിരുന്നത് ? ഹരിക്ക് സുഖമില്ലേ ?” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു. “നല്ല ക്ഷീണമുണ്ടല്ലോ മുഖത്ത്. ശരിക്കും മാറീട്ട് വന്നാ മതിയായിരുന്നു. അമ്മ ഹരിയെ അന്വേഷിക്കാറുണ്ട് കേട്ടോ”. അവൻ എല്ലാത്തിനും മൂളുക മാത്രം ചെയ്തു. അപരിചിതമായ ഏതോ സ്ഥലത്തു ചെന്ന് പെട്ട ഒരാളുടെ പോലെ… അവിടന്ന് എത്രയും പെട്ടെന്ന് മാറിയില്ലെങ്കിൽ തകർന്നുപോയേക്കുമെന്ന് തോന്നി. “ശരി ഹരീ… ഒരു ദിവസം വീട്ടിലേക്ക് വരൂ” അവൾ യാത്ര പറഞ്ഞു പോയി. ഹരി ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു. മൈതാനത്തിനോട് ചേർന്നുള്ള കശുമാവിൻ തോപ്പ്, അവിടന്ന് തുടങ്ങുന്ന കുന്നുകൾ, അവിടവിടെയായി പാറക്കൂട്ടങ്ങൾ, കരിമ്പനകൾ. വേനലിൽ പഴുത്തുണങ്ങിയ പുല്ലുകളുടെ തിളക്കം കുന്നുകൾക്ക് ഒരു സ്വർണ്ണ നിറം പകർന്നു. കുന്നിന്റെ വലതു താഴ്വാരത്തായി ഒരു മാന്തോപ്പ്. അതിനിടയിലൂടെയുള്ള ഇടവഴി ചെന്നിറങ്ങുന്നത് ഒരു പാടശേഖരത്തിലേക്കാണ്. കോളേജ് നിൽക്കുന്നത് ഒരു ഉയർന്ന സ്ഥലത്തായതിനാൽ ഇതെല്ലാം വളരെ വ്യക്തമായി കാണാം. ആ പാടത്തിലൂടെ അര മണിക്കൂർ നടന്നാൽ ഒരു വലിയ കളം. അതിന്റെ ഓരത്തുകൂടെ മുകളിലേക്ക് കയറിയാൽ റോഡായി. അതിലൂടെ കുറെ നടന്നാൽ തന്റെ ഗ്രാമത്തിൽ എത്തും. എത്രയോ പ്രാവശ്യം ആ വഴിയിലൂടെ കോളേജിലേക്ക് വന്നിരിക്കുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഇത്തരം വഴികളും യാത്രകളും ആണെന്ന് ഹരിയോർത്തു. ഒരിക്കൽ ചാരുവിനോടും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ആ മാവിൻതോപ്പിലൂടെ പോകാൻ അവളും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവളെ കൈപിടിച്ച് ആ വഴിയിലൂടെ തന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നത് ഹരി പകൽക്കിനാവ് കണ്ടിരുന്നു.
കോളേജിൽ ചേർന്നപ്പോൾ മുതൽ രാജേഷിനെ ശ്രദ്ധിച്ചിരുന്നു. എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെയും വെടുപ്പോടെയും ചെയ്യുന്ന വൃത്തിയുള്ള കയ്യക്ഷരത്തിന്റെ ഉടമ. ഒരു ‘നേരെ വാ നേരെ പോ’ നയക്കാരൻ. അളന്നും മുറിച്ചും സംസാരിക്കുന്നയാൾ. പുസ്തകങ്ങളും വസ്ത്രങ്ങളും അവൻ വളരെ വൃത്തിയായി സൂക്ഷിച്ചു. എണ്ണയിട്ട മുടി വളരെ മനോഹരമായി ചീകി വച്ച് നെറ്റിയിൽ ഒരു ചന്ദനക്കുറി തൊട്ടിട്ടേ രാജേഷിനെ എപ്പോഴും കണ്ടിട്ടുള്ളൂ. ലാബിൽ സിമ്പിൾ പെൻഡുലവും റെസൊണൻസ് ട്യൂബും മറ്റും ചെയ്യുമ്പോൾ അവൻ അടുത്ത് വന്ന് പലപ്പോഴും സഹായിച്ചിട്ടുണ്ട്. ചാരുവിനെപ്പോലെ ഉള്ള ഒരാൾ രാജേഷുമായി എങ്ങനെ പ്രണയത്തിലായി എന്ന് ഹരി അത്ഭുതപ്പെട്ടു. ഒരു പക്ഷെ നല്ലതിനായിരിക്കാം. ജീവിതത്തിലങ്ങോളം അവൻ പാലിക്കാൻ സാധ്യതയുള്ള കൃത്യത, ചാരുവിന് ഒരു നല്ല ജീവിതം കൊടുക്കും എന്ന് ഹരി ആശ്വസിച്ചു. ചാരുവിന്റെ സാമീപ്യം ഒഴിവാക്കാൻ ഹരി മനഃപൂർവ്വം ശ്രമിച്ചു. അവൾ ഉണ്ടാവാൻ ഇടയുള്ള സ്ഥലങ്ങളിൽ നിന്നൊക്കെ അവൻ ഒഴിഞ്ഞുമാറി. എന്നിട്ടും അവൾ രാജേഷുമായി നടക്കുന്നത് ഒന്ന് രണ്ടു തവണ കാണാൻ ഇടയായി. അതെല്ലാം അവനിൽ ഒരു തരം നിർവികാരത സൃഷ്ടിച്ചു. എത്രയും പെട്ടെന്ന് ക്ലാസ്സ് അവസാനിക്കാനും പരീക്ഷകൾ തുടങ്ങാനും ഹരി ആഗ്രഹിച്ചു.
വേനൽ ചൂട് പോലെ തന്നെ പരീക്ഷ ചൂട് എല്ലാവരിലും പടർന്നു. അധ്യായങ്ങൾ തീർക്കാനായി അധ്യാപകർ നെട്ടോട്ടം തുടങ്ങി. റെക്കോർഡ് സബ്മിഷൻ, റിവിഷൻ എന്നിവക്ക് ചുറ്റും വിദ്യാർത്ഥികൾ കറങ്ങി തിരിഞ്ഞു. ഹരിയും രാപ്പകലില്ലാതെയുള്ള പഠനത്തിലേക്ക് തിരിഞ്ഞു. ഒരുകണക്കിന് ചാരുവിനെക്കുറിച്ചുള്ള ചിന്തകളിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു അത്. പരീക്ഷ കഴിഞ്ഞ് കോളേജ് അടച്ചു. ഹരിയുടെ നിർബന്ധത്തിനു വഴങ്ങി ദൂരെ നഗരത്തിലുള്ള കോളേജിൽ ഡിഗ്രിക്ക് ചേർത്താൻ അച്ഛൻ സമ്മതിച്ചു. അവർ നഗരത്തിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചു. പോകുന്നതിന്റെ തലേ ദിവസം മാന്തോപ്പ് വഴി നടന്ന് ഹരി കോളേജിലേക്ക് അവസാനമായി എത്തി. ശൂന്യമായ അവിടം പകലിലും ഒരു പ്രേതഭവനം പോലെ തോന്നിച്ചു. ആരവങ്ങൾ ഒഴിഞ്ഞിരിക്കുന്നു. എങ്കിലും അതിന്റെ പ്രകമ്പനങ്ങൾ ആ വരാന്തകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നതായി ഹരിക്കു തോന്നി. എന്തിന്റെയൊക്കെയോ നിഴലുകൾ ക്ലാസ് മുറികളിൽ കറങ്ങിത്തിരിയുന്ന പോലെ ! ചാരു അവിടെ നിറഞ്ഞു നിൽക്കുന്നതായി തോന്നി. പഴയ ഒരു വേനൽമഴയിൽ അനുഭവപ്പെട്ട ഈറൻ മുടിയുടെ തണുപ്പും, ചുംബനത്തിന്റെ ചൂടും അവന് വീണ്ടും അനുഭവപ്പെട്ടു. ഓർമ്മകളുടെ ഭാരം താങ്ങാനാവാതെ വന്നപ്പോൾ ഇറങ്ങി മാന്തോപ്പ് ലക്ഷ്യമാക്കി നടന്നു.
നഗരത്തിലെ കോളേജ് തികച്ചും വ്യത്യസ്ത അനുഭവമായിരുന്നു ഹരിക്ക്. തലങ്ങും വിലങ്ങും കെട്ടിടങ്ങൾ, ആയിരക്കണക്കിന് വിദ്യാർത്ഥികൾ, വസ്ത്ര ധാരണത്തിലെ വൈവിധ്യം ! ക്യാന്റീനിലും മൂത്രപ്പുരയിലും സിഗരറ്റിന്റെ പുകമണം തങ്ങി നിന്നു. ക്ലാസ് മുറികളിൽ വിവിധ തരം പെർഫ്യൂമുകളുടെ ഗന്ധം. സ്വന്തം വാഹനങ്ങളിൽ വരുന്ന കുട്ടികൾ, താടിയും മുടിയും നീട്ടി വളർത്തിയ ചില സ്വപ്ന സഞ്ചാരികൾ, കൂട്ടം കൂടിയിരുന്നു തർക്കിക്കുകയും ഇലക്ഷൻ ക്യാമ്പയിനിങ്ങിനു മാത്രം ക്‌ളാസിൽ കയറുകയും ചെയ്യുന്നവർ, മരച്ചോടുകളിലും വരാന്തകളിലും ഇരുന്നു നിരന്തരം ചർച്ച ചെയ്യുന്ന സാഹിത്യകുതുകികൾ, മുഴുവൻ സമയവും ക്ലാസ് മുറിയിലും ഡിപ്പാർട്മെന്റിലുമായി കഴിയുന്ന പുസ്തകപ്പുഴുക്കൾ, പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ പെൺമണിമാരുമായി സല്ലപിച്ചും ക്‌ളാസിൽ കയറാതെ സിനിമക്കു പോയും മരച്ചോടുകളിൽ പകലുറക്കം നടത്തിയും ദിവസം തള്ളിനീക്കുന്നവർ. ആ ക്യാമ്പസിന്റെ ഇത്തരത്തിലുള്ള വൈവിധ്യം ഹരിയെ ആകർഷിച്ചു. അവിടെ അയാൾ ഒരു ഒറ്റയാനായിരുന്നു. അയാൾ പഠനത്തിൽ തന്നെ ശ്രദ്ധയൂന്നി. പല ഘട്ടങ്ങളിലും ചാരുവിനെ കുറിച്ചുള്ള ചിന്ത അയാളെ മൗനിയാക്കി. മഴക്കാർ കാണുമ്പോഴും, ഇളം കാറ്റ് വീശുമ്പോഴും, പ്രഭാതങ്ങളിലും, ചില രാഗങ്ങൾ കേൾക്കുമ്പോഴും ഒക്കെ അയാൾ അവളെ കുറിച്ചോർത്തു. ആ സാന്നിധ്യം പലപ്പോഴും ആഗ്രഹിച്ചു. ഒരിക്കൽ ആഹിർ ഭൈരവ് രാഗത്തിൽ ഭീം സെൻ ജോഷി പാടിയ ഒരു ധ്രുപദ് കേട്ടപ്പോൾ ചാരുവിന്റെ ഓർമ്മകൾ അയാളെ തീവ്രമായി അലട്ടി. അന്ന് ക്‌ളാസിൽ പോയില്ല. ആ പകൽ മുഴുവൻ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നു. പലതരം മദ്യങ്ങളുടെ പുളിച്ച് തികട്ടുന്ന സമ്മിശ്ര ഗന്ധമുള്ള, സിഗരറ്റും വിയർപ്പും നാറുന്ന, ഇടുങ്ങിയ ഒരു ബാറിൽ ചെന്ന് പെട്ടു. അന്നാദ്യമായി ഹരി മദ്യത്തിന്റെ ലഹരിയറിഞ്ഞു. ഓർമ്മകൾ ഏറുപടക്കങ്ങൾ പോലെ അയാളുടെ തലച്ചോറിൽ നിന്നും പുറത്തേക്ക് തെറിച്ച് പൊട്ടിച്ചിതറി. പിന്നീട് അയാൾ അതൊരു ശീലമാക്കാൻ തുടങ്ങി. മദ്യം ചാരുവിന്റെ ഓർമ്മകളിൽ നിന്നും ഒരു മുക്തി നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും, നേരെ തിരിച്ചായിരുന്നു സംഭവിച്ചത്.
പലപ്പോഴായിട്ടുള്ള അലച്ചിൽ നിമിത്തം ക്ലാസുകൾ പലതും നഷ്ടമായെങ്കിലും, വീട്ടിലിരുന്നു പഠിച്ചും, ലൈബ്രറിയിൽ പോയിരുന്ന് നോട്ടുകൾ കുറിച്ചെടുത്തും ഹരി പരീക്ഷകൾ പാസ്സായി. അവസാന വർഷ പരീക്ഷകൾ കഴിഞ്ഞ് ക്ലാസ് അടച്ചതോടെ ഹരി ഏകാന്തതയുടെ തടവറയിൽ ആയി. ഒരു നീണ്ട യാത്രക്ക് അയാൾ മാനസികമായി തയ്യാറെടുത്തു. ഒരു മഴക്കാലത്തു അയാൾ വീട് വിട്ടിറങ്ങി. വളരെ നീണ്ട ഒരു യാത്ര പോകുന്നുവെന്നും, കുറച്ചുകാലത്തിനു ശേഷമേ വരൂവെന്നും അച്ഛനോട് പറഞ്ഞു. ഇക്കാലത്തിനിടക്ക് അച്ഛൻ ഹരിയെ നന്നായി മനസ്സിലാക്കിയിരുന്നു. അയാളിൽ സ്ഥായിയായ ഒരു പ്രവാസി ഉണ്ടെന്നും അയാൾ ഒരിടത്തും നിൽക്കാൻ സാധ്യതയില്ലെന്നും അച്ഛന് തോന്നി. അദ്ദേഹം ഒരു നിർവികാരതയോടെ എല്ലാം മൂളിക്കേട്ട് ഹരിയെ യാത്രയാക്കി. “എവിടെയാണെങ്കിലും ഇടക്കൊന്നു വിളിക്കണേടാ മോനെ “. ഹരി ഒന്ന് മൂളുക മാത്രം ചെയ്തുകൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നകന്നു.
ലക്ഷ്യമില്ലാതെ അലഞ്ഞുകൊണ്ടിരുന്ന അയാളിൽ എപ്പോഴും ഒരു ആഹിർ ഭൈരവിന്റെ ആലാപ് നിറഞ്ഞൊഴുകി. വരണ്ടു പോയേക്കാവുന്ന ആ മനസ്സിൽ എല്ലായ്പ്പോഴും ഒരു ഊർവ്വരത നിലനിർത്താൻ അതിനു കഴിഞ്ഞു. പല സ്ഥലങ്ങൾ, പലതരം ജോലികൾ… എള്ള് പാടങ്ങൾ, കരിമ്പിൻ തോട്ടങ്ങൾ, ഗോതമ്പു പാടങ്ങൾ.. പകൽ മുഴുവൻ എവിടെയെങ്കിലും പണിയെടുത്ത്, വൈകുന്നേരം ഏതെങ്കിലും ബാറിൽ ഒതുങ്ങി കൂടും. ഏറ്റവും വീര്യമുള്ള ഏതെങ്കിലും മദ്യം മോന്തിക്കൊണ്ട് അവിടെ വരുന്നവരെ നിരീക്ഷിക്കും… ഓർമ്മകൾ വീണ്ടും ചാരുവിലേക്ക് പോകും… നഷ്ടബോധം അലട്ടുമ്പോൾ വീണ്ടും കുടിക്കും. കാലത്ത് എഴുന്നേൽക്കുമ്പോൾ ഒരു ബ്രിന്ദാവൻ സാരംഗിയോ, മാർവ്വയോ, ഭൂപാളിയോ കേൾക്കും. പുതിയൊരു ദിവസം തുടങ്ങാനുള്ള ഊർജ്ജം അയാളിൽ നിറക്കാൻ അത്രയും മതിയായിരുന്നു. ഇതൊരു പതിവായി മാറി. ഒന്ന് രണ്ടു പ്രാവശ്യം അയാൾ അച്ഛനെ വിളിച്ചിരുന്നു. അച്ഛനെ കൂടാതെ ബന്ധം നിലനിർത്തിയിരുന്ന ഒരേയൊരാൾ ഗിരീശനാണ്. പുതിയ ജോലി കിട്ടി ബോംബെയിലേക്ക് പോവുകയാണെന്ന് പറഞ്ഞു മെയിൽ അയച്ചിരുന്നു അവൻ. അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് നിർബന്ധിക്കുന്നുണ്ട്. എന്തിനാണ് വെറുതെ.. അതവന് ഒരു ബുദ്ധിമുട്ടാവുകയേ ഉള്ളൂ. കഴിഞ്ഞ വട്ടം അവൻ അയച്ച മെയിലിൽ ചാരുവിനെ കുറിച്ച് എഴുതിയിരുന്നു. അവളും രാജേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞ് അവർ ഇപ്പോൾ ചെന്നൈയിലാണ്. ഗിരീശനും അവിടെയായിരുന്നല്ലോ. അവർ തമ്മിൽ ഒന്ന് രണ്ടു വട്ടം കണ്ടുമുട്ടിയിരുന്നുവത്രെ. അവർ തമ്മിൽ കണ്ടപ്പോൾ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക ! തന്നെ ഓർമ്മ കാണുമോ ? ഇനി അതിനൊന്നും പ്രസക്തിയില്ലല്ലോ… അങ്ങിനെയൊന്നും ചിന്തിച്ചു കൂടാ.
പകൽ, അന്ന് മുഴുവൻ ചാറിപ്പെയ്ത മഴക്കൊടുവിൽ എരിഞ്ഞടങ്ങുകയായിരുന്നു. കൊൽക്കൊത്തയിലെ ഒരു തെരുവിൽ പുളിച്ച ഭാങ് മോന്തിക്കൊണ്ടിരിക്കുകയായിരുന്ന ഹരിയുടെ പോക്കെറ്റിൽ കിടന്നിരുന്ന ഫോൺ പെട്ടെന്ന് ചിലച്ചു. കസ്റ്റമർ കെയർ ആയിരിക്കും. അവർ മാത്രമേ ഇതിലേക്ക് വിളിക്കാറുള്ളൂ. ഫോണെടുത്തപ്പോൾ അപ്പുറത്ത് നിശബ്ദത. കുറച്ചു നേരത്തേക്ക് ശബ്ദം ഒന്നും കേൾക്കാതായപ്പോൾ ആരോ തെറ്റി വിളിച്ചതാണെന്നു കരുതി കട്ട് ചെയ്യാനായി ഫോൺ എടുക്കുമ്പോളേക്കും ഒരു ചിലമ്പിച്ച സ്ത്രീ ശബ്ദം. “ഹരിയല്ലേ..?”. ഒരു നിമിഷത്തേക്കൊന്നു പതറി. ആരായിരിക്കാം ? മനസ്സിൽ ഒരു ആശങ്ക മുളപൊട്ടി. “അതെ ഹരിയാണ്” . “ചാരു….ഇത് ചാരുവാണ്” ഹരിയുടെ ആശങ്ക ശരിവച്ചുകൊണ്ടു മറുപടി വന്നു ! അയാൾ മറുപടി ഒന്നും പറയാനാവാതെ ഇരുന്നു. “ഹരീ… സുഖല്ലേ ?” ആ ചോദ്യത്തിന്റെ അർത്ഥതലങ്ങൾ അയാൾ തേടിക്കൊണ്ടിരുന്നു.
“ഹരി ഇപ്പൊ എവിടെയാണ് ?”
“ഞാൻ… ഇവിടെ… ഇവിടെ കൊൽക്കൊത്തയിൽ. ചാരു ഇപ്പൊ… എങ്ങനെ വിളിച്ചു ?”
“ഞാൻ ഗിരീശനെ കണ്ടിരുന്നു. ഞങ്ങൾ ഒരു കല്ല്യാണത്തിന് കണ്ടു മുട്ടിയപ്പോ കുറെ സംസാരിച്ചു, പ്രത്യേകിച്ചും പഴയ കാര്യങ്ങൾ. ഗിരീശനാണ് മെയിൽ ഐഡിയും നമ്പറും തന്നത്. ഞാൻ വിശദമായിട്ട് ഒരു മെയിൽ അയച്ചിരുന്നു. കിട്ടിയില്ലേ ?”
“അത്… ഞാൻ മെയിൽ നോക്കിയിട്ട് കുറെ നാളായി”
“അത് നോക്കിയിട്ട് മറുപടി അയക്കുമോ?”
“നോക്കാം” ഹരി വളരെ നിർവികാരതയോടെ മറുപടി പറഞ്ഞു.
“നോക്കിയാ പോരാ, അയക്കണം. ഹരി എന്താ കല്ല്യാണം കഴിക്കാത്തത് ?”
“പ്രത്യേകിച്ച് ഒന്നുമില്ല… തോന്നിയില്ല”
“ഹരിയോട് കുറെ കാര്യങ്ങൾ പറയണമെന്ന് തോന്നിയിരുന്നു. നേരിട്ട് പറയാനുള്ള മടികാരണമാണ് മെയിൽ അയച്ചത്. അതൊന്നു വായിക്കൂ. ഞാൻ നാളെ ഈ നേരത്ത് വിളിക്കാം”
എന്ത് പറയണമെന്നറിയാതെ ഹരി കുഴങ്ങി. എന്താണ് പറയാനുള്ളത്.
ചാരുവിന്റെ മെയിൽ വായിക്കാനുള്ള വ്യഗ്രതയിൽ അയാൾ ഇറങ്ങി നടന്നു. ധൃതിയിൽ ലോഗിൻ ചെയ്തു നോക്കിയപ്പോൾ കണ്ടു ; “ചാരുലത” എന്ന പേരിൽ ഒരു മെയിൽ ! അയാൾ ഹൃദയമിടിപ്പോടെ അത് തുറന്നു. ഇതേ മാനസികാവസ്ഥയല്ലേ ചാരുവിനെ കാണുമ്പോഴോ അവളുടെ വീടിനടുത്തുകൂടെ പോകുമ്പോഴോ തനിക്ക് തോന്നിയിട്ടുള്ളത്.
“ഹരി, പേരിൽ നിന്നും മനസ്സിലായി കാണുമെന്ന് കരുതുന്നു. ചാരുവാണ്. എവിടെയാണ് ഇപ്പോൾ ? ഞങ്ങൾ ഇപ്പൊ ചെന്നൈയിലാണ്. ഇവിടെ വച്ച് ഗിരീശനെ കണ്ടിരുന്നു. കുറെ കാര്യങ്ങൾ സംസാരിച്ചു. ഹരി ഇപ്പൊ നോർത്തിൽ പലയിടത്തായി അലച്ചിലിൽ ആണെന്ന് പറഞ്ഞു. ഇതുവരെ വിവാഹം കഴിച്ചില്ല അല്ലെ. ഞങ്ങൾക്ക് ഒരു മോളുണ്ട്. കല്യാണി എന്നാണു അവളുടെ പേര്. ഇപ്പൊ പത്ത് വയസ്സായി അവൾക്ക്. എന്താ ഹരി ആരുമായും ഒരു ബന്ധവും ഇല്ലാത്തത് ? എന്ത് പറ്റി മാഷേ ? എങ്ങനെ പറയണം എന്നറിയില്ല ഹരീ.
ഗിരീശൻ കുറെ കാര്യങ്ങൾ പറഞ്ഞു. അതൊക്കെ സത്യമാണോ ? തന്റെ മനസ്സിൽ ഇത്രമാത്രം ഞാൻ ഉണ്ടായിരുന്നോ ? എന്താ ഹരി ഒരു സൂചന പോലും തരാതിരുന്നത് ? ഞാൻ അറിഞ്ഞിരുന്നേയില്ല. എന്റെ മനസ്സിലെ ഹരി, പ്രായത്തേക്കാൾ വളരെ പക്വതയുള്ള, വളരെ നന്നായി പഠിക്കുന്ന, നന്നായി വായിക്കുന്ന വളരെ സീരിയസ് ആയ ഒരു കുട്ടിയായിരുന്നു. സത്യത്തിൽ എനിക്ക് ഒരുതരം ആരാധനയായിരുന്നു തന്നോട്. സൗഹൃദത്തിനപ്പുറം ഒരു ബന്ധം ഹരിയുമായിട്ട് വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. പക്ഷെ എനിക്ക് ആ തരത്തിലൊരു സമീപനം നടത്താൻ പേടിയായിരുന്നു. വളരെ യാദൃശ്ചികമായിട്ടായിരുന്നു രാജേഷുമായി അടുത്തത്. രാവിലെയും വൈകിട്ടുമുള്ള ഒരുമിച്ചുള്ള യാത്ര ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർത്തി. ഇടക്ക് ഉണ്ടായ വഴക്കുകൾ ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. എപ്പോഴോ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ ഇഷ്ടങ്ങൾ എല്ലാം വേറെയാണെങ്കിലും രാജേഷിന്റെ നിഷ്കളങ്കത എന്നെ ആകർഷിച്ചു. കോളേജിൽ ചേർന്നതിന് ശേഷം നമ്മൾ തമ്മിൽ അധികം അടുത്തിരുന്നുമില്ലല്ലോ.
ഇതൊക്കെ എത്രയോ കാലം പഴക്കമുള്ള കാര്യങ്ങൾ. ഇതിനൊന്നും ഇപ്പോൾ യാതൊരു പ്രസക്തിയും ഇല്ല. എന്നെ പോലെ ഒരു പെണ്ണിന് വേണ്ടി ഹരി ജീവിതം നശിപ്പിക്കുന്നതെന്തിനാണ് ? ജീവിതം ഇനിയും ബാക്കിയാണ് ഹരീ. ജീവിതത്തിൽ ഒരു കൂട്ട് വരുമ്പോൾ പഴയതെല്ലാം മറക്കും. മറക്കണം. ജീവിക്കാനുള്ള അവസരം ഒരിക്കലേയുള്ളൂ. പ്ളീസ്. പഴയ ചാരുവാണ് പറയുന്നതെന്ന് കരുതൂ. സമ്മതിച്ചു കൊണ്ട് മറുപടി അയക്കുമല്ലോ ?
സ്നേഹപൂർവ്വം …. ചാരു ”
ജനലിലൂടെ പുറത്തേക്കു നോക്കി എത്ര നേരം നിന്നുവെന്ന് ഹരിക്കോർമ്മയില്ല. അവൾ അയച്ച മെയിലിലെ വരികൾ മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു. എവിടെയാണ് തെറ്റുപറ്റിയത് ? തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു കണ്ടുമുട്ടലിൽ, ഒരു വാചകത്തിൽ, ഒരു പക്ഷെ ജീവിതം മാറി മറിയുമായിരുന്നു. അയാൾ ജനലഴികളിൽ പിടിച്ച് നിസ്സഹായതയോടെ നോക്കി നിന്നു. സന്ധ്യ മയങ്ങിക്കഴിഞ്ഞു. ഹൂഗ്ലി നദിയിൽ നിന്നുള്ള തണുത്ത കാറ്റ് ശക്തമായി അടിച്ചുകൊണ്ടിരുന്നു. അകലെ മാർക്കറ്റിൽ നിന്നുള്ള ബഹളം. കൂടണയാൻ വെമ്പുന്ന ആളുകൾ. അയാൾ തെരുവിലേക്കിറങ്ങി. എവിടെയൊക്കെയോ അലഞ്ഞു. മദ്യപിച്ച് ബോധമില്ലാതെ വീട്ടിലെത്തി കിടക്കയിലേക്ക് വീണു.
വീര്യമേറിയ റമ്മിന്റെ രൂക്ഷ ഗന്ധം ആ മുറിയിലെങ്ങും നിറഞ്ഞു നിന്നു. ഉറക്കത്തിലും, ഹരി എവിടെയൊക്കെയോ അലഞ്ഞുകൊണ്ടിരുന്നു. പഴുത്തു തുടങ്ങിയ നെല്ലിന്റെ ഗന്ധം. പഴയ പുസ്തക കെട്ടുകളുടെ ചിതൽ മണം. ഒരു ചെമ്പക പൂ പറിച്ച് കയ്യിൽ തരുന്ന ചാരു. ഉഷ്ണമേറിയ രാവുകളിൽ ഉമ്മറത്തെ വരാന്തയിൽ ചാരുവിന്റെ മടിയിൽ തല വച്ച് കിടക്കുന്ന ഹരി. എങ്ങും രാപ്പൂക്കളുടെ ഗന്ധം. പാടങ്ങൾ വരണ്ടുണങ്ങി കട്ട ചിന്നിയ ദിനങ്ങൾ… പെട്ടെന്ന് പെയ്ത വേനൽ മഴ. ഉമ്മറത്തിരിക്കുന്ന ഹരിയുടെ നെറ്റിയിൽ മഴയിൽ നനഞ്ഞ ഒരു ചുംബനം നൽകുന്ന ചാരു. അയ്യേ ഇത്ര വലിയ കുട്ടി കരയേ ? എന്താ ഹരിക്കുട്ടാ എന്നോട് തുറന്നു പറയാഞ്ഞേ ? ഞാൻ എവിടേം പൂവ്വില്ല. കൂടെ തന്നെ ഉണ്ടാവും ട്ടോ”
ഹരി ഞെട്ടി കണ്ണ് തുറന്നു. ചുറ്റും ശൂന്യത, കടുത്ത വേദന. താൻ രോഗശയ്യയിൽ ആണെന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു. കൊൽക്കത്തയിലെ ആ രാത്രിയിൽ കണ്ട സ്വപ്നം അയാളിൽ തീർത്ത ശൂന്യതയുടെ വലയം ആ ആശുപത്രി മുറിയിലും പിന്തുടർന്നു. കണ്ണ് തുറന്നു നോക്കിയപ്പോൾ മുഖത്തേക്ക് നോക്കികൊണ്ട് വിന്നി നിൽക്കുന്നു” ചേട്ടായീ, ഒരു ഇൻജെക്ഷൻ എടുക്കുവാ കെട്ടോ. വേദനക്ക് കുറവുണ്ടാകും”. അയാൾ വിന്നിയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല. മുഖത്താകെ ഒരു മരവിപ്പ്. തൊണ്ടയിൽ നിന്നും വേദന ശരീരം മുഴുവൻ വ്യാപിച്ചിരിക്കുന്നു. വേദന അതിന്റെ പരിധികൾ ഭേദിച്ച് അയാളിൽ ഒട്ടാകെ മരവിപ്പ് സൃഷ്ടിച്ചിരിക്കുന്നു. ചരിച്ച് വച്ച ബെഡിൽ പതുക്കെ ചാരിയിരുന്ന് ലാപ്ടോപ്പ് എടുത്തു മടിയിൽ വച്ച് തളർന്ന കൈകൊണ്ടു എന്തോ ടൈപ്പ് ചെയ്യാൻ ശ്രമിച്ചു. ഓർമ്മകൾ വീണ്ടും കൊൽക്കൊത്തയിലെ ആ പഴയ മുറിയിലേക്ക് തിരിച്ച് പോയി.
അന്നത്തെ ചാരുവിന്റെ മെയിലിന് ഹരി മറുപടി അയച്ചില്ല. പിറ്റേ ദിവസം അവൾ വിളിക്കുമെന്ന് കരുതി, പക്ഷെ വിളിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു ഉച്ചക്ക് അവളുടെ വിളി വന്നു.
“ഹരീ, തിരക്കിലാണോ”
“അല്ല. പറയൂ”
“മെയിൽ വായിച്ചില്ലേ ?”
“കണ്ടിരുന്നു”
“എന്നിട്ടെന്താ മറുപടി അയക്കാതിരുന്നത് ?”
“അതിനൊന്നും ഇപ്പൊ പ്രസക്തി ഇല്ലല്ലോ ? അന്ന് അങ്ങിനെ ഒക്കെ പറ്റി. കാലത്തിനെ തിരിച്ചു വിടാൻ പറ്റില്ലല്ലോ.”
“പ്രസക്തിയുള്ള ഒരു കാര്യം പറയട്ടെ ?”
“എന്താ… ?”
“ഹരിയുടെ വിവാഹം”
“അതും അപ്രസക്തമാണ് ചാരു”
“എന്താ ഹരി…”
“പ്ലീസ്. ഞാൻ അതിൽ നിന്നൊക്കെ അകന്നു പോയി. ഇനിയിപ്പോ ഒരു വിവാഹം കഴിച്ചാലും ആ കുട്ടിക്ക് എന്നും ദുരിതം മാത്രം ആയിരിക്കും”
“എന്താ ഇങ്ങനെ ? ഞാൻ ഇപ്പോഴും മനസ്സിലുണ്ടോ ?”
“അതെന്തു ചോദ്യം ? പഴയതിനേക്കാൾ ശക്തമായി…”
“ഹരീ…”
“ഉം ?”
“എന്നെ ധർമ്മസങ്കടത്തിൽ ആക്കല്ലേ”
“എന്നെ ഓർത്തു സങ്കടപ്പെടണ്ട. എനിക്കൊരു ദേഷ്യവും ഇല്ല. ഇതെന്റെ മാത്രം തെറ്റ്. എന്റെ നിയോഗം. ഞാൻ ഈ ജീവിതം ആസ്വദിക്കുന്നു”
“എന്നോട് എപ്പോഴെങ്കിലും എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോൾ മെയിൽ അയക്കൂ. ഞാൻ ഫ്രീ ആവുമ്പോൾ വിളിക്കാം”
“ഉം…”
“ശരി. വെക്കട്ടെ”
“ശരി ചാരു”
അന്ന് ഹരി ഏറെ ഊർജ്ജസ്വലനായിരുന്നു. അന്ന് മദ്യപിച്ചില്ല. വൈകിട്ട് തെരുവുകളിലൂടെ സന്തോഷവാനായി അലഞ്ഞു നടന്നു. എല്ലാവരോടും ഉറക്കെ വിളിച്ച് പറയണമെന്ന് തോന്നി “ഞാൻ ഒറ്റക്കല്ല… ”
അദൃശ്യമായിട്ടാണെങ്കിലും തന്റെ ജീവിതത്തിൽ അവൾ ഉണ്ടെന്ന തോന്നൽ ഹരിയുടെ ജീവിതത്തെ കുറെയേറെ മാറ്റിമറിച്ചു. ഏറെക്കാലത്തെ ശീലമായ മദ്യപാനം തീർത്തും ഒഴിവാക്കാൻ അയാൾക്ക് കഴിഞ്ഞില്ലെങ്കിലും, അത് ഒരു പരിധി വരെ കുറഞ്ഞു. അതിരാവിലെ എഴുന്നേൽക്കുക എന്ന ഒരു പുതിയ ശീലം തുടങ്ങി. പുലരികളിലെ നടത്തം ആസ്വദിച്ചു. എങ്കിലും, ചിലപ്പോഴൊക്കെ അയാൾ വിഷാദത്തിൽ അകപ്പെടാറുണ്ട്. ചാരു മറ്റൊരാളുടെ ആണെന്നും, തന്നോട് കൂടെ ഉണ്ട് എന്നുള്ളത് ഒരു തോന്നൽ മാത്രമാണെന്നും ഉള്ള ചിന്ത അയാളെ ശക്തമായി വേട്ടയാടും. അപ്പോഴൊക്കെ അയാൾ ചാരുവിന് മെയിൽ അയച്ചിരുന്നു. ആശ്വസിപ്പിച്ചുകൊണ്ട് അവൾ മറുപടി അയക്കും. ചിലപ്പോഴൊക്കെ വിളിച്ച് സാന്ത്വനിപ്പിക്കും.
അവർ തമ്മിൽ കൂടുതൽ മനസ്സിലാക്കി തുടങ്ങി. പരസ്പരം ഇത്ര മാത്രം സമാനതകൾ ഉണ്ടെന്നുള്ളത് രണ്ടു പേരെയും അത്ഭുതപ്പെടുത്തി. സാഹിത്യം, സംഗീതം, മറ്റു കലാരൂപങ്ങൾ, പ്രകൃതിയിലെ ചെറു സ്പന്ദനങ്ങൾ എന്നിങ്ങനെ പല മേഘലകളെക്കുറിച്ചും അവർ തമ്മിൽ ആശയ വിനിമയം നടത്തി. മെയിലുകൾ വഴി അവർ കൂടുതൽ അടുത്തു. ഒരിക്കൽ ചാരു തമാശയായി പറഞ്ഞു “നമ്മൾ തമ്മിൽ ഒരുമിച്ച് ജീവിക്കാതിരുന്നത് നന്നായി. അതൊരു പ്രകൃതി ദുരന്തമായി മാറിയേനെ.” കുറെ നാളായി നാട്ടിൽ പോകണമെന്ന ചിന്ത ഹരിയിൽ ശക്തമായി. അച്ഛൻ പലവട്ടം വിളിച്ചിരുന്നു. ഒരു വെള്ളിയാഴ്ച്ച വൈകിട്ടത്തെ ട്രെയിനിൽ അയാൾ നാട്ടിലേക്ക് തിരിച്ചു. ആ യാത്ര തികച്ചും വ്യത്യസ്ത അനുഭവമായിരുന്നു ഹരിക്ക്. ജാലകത്തിനോട് ചേർന്നായിരുന്നു അയാൾ ഇരുന്നത്. പുറകിലേക്ക് മാഞ്ഞു പോകുന്ന പ്രകൃതിയെ നോക്കി ഒരു കൊച്ചു കുഞ്ഞിനെ പോലെ കൗതുകം കൂറി ഇരുന്നു. ഇടയ്ക്കു മഴ ചാറിയപ്പോൾ ഷട്ടർ ഇടാതെ മഴ ആസ്വദിച്ചു. എതിർവശത്തിരുന്ന കാവി വസ്ത്രധാരി തുറിച്ചു നോക്കിയപ്പോൾ മഴയെ തടഞ്ഞു കൊണ്ടയാൾ ഷട്ടർ ഇട്ട്, കാഴ്ചകളിൽ നിന്നും കണ്ണെടുത്ത്, ഫോണിൽ തന്റെ ഇഷ്ട രാഗമായ ആഹിർ ഭൈരവ് ഇയർ ഫോൺ വച്ച് കേട്ടു. ഭൂപ്രകൃതി മാറിക്കൊണ്ടേ ഇരുന്നു. സംഗീതത്തിൽ മുഴുകിയിരുന്നപ്പോഴും ചാരുവായിരുന്നു മനസ്സ് നിറയെ. അവളുടെ വീട്ടിൽ തീർച്ചയായും പോണം. അമ്മയെ കാണണം. കോളേജിന് പുറകിലുള്ള കുന്ന്, മാന്തോപ്പ് എല്ലാം പഴയപോലെ തന്നെ ആയിരിക്കുമോ ? അയാളോർത്തു. ഏറെ നാളുകൾക്ക് ശേഷമുള്ള ആ തിരിച്ചുപോക്ക് അയാളിൽ ഗൃഹാതുരത്വം നിറച്ചു.
വീട്ടിലേക്ക് കയറിചെന്നപ്പോൾ, മേല് മുഴുവൻ കുഴമ്പു തേച്ച് പിടിപ്പിച്ച് ഇരിക്കുകയായിരുന്നു അച്ഛൻ. “എടാ ബംഗാളീ… എന്ത് വേഷമാടാ നിന്റെ ?” സ്വതവേയുള്ള നർമ്മത്തിൽ ആണ് അച്ഛൻ ചോദിച്ചതെങ്കിലും ആ കണ്ണുകൾ ചുവന്ന ഇരുന്നത് ഹരി ശ്രദ്ദിച്ചു. രാത്രിയായപ്പോൾ, അയാൾ കൊണ്ട് വന്ന ഓൾഡ് മോങ്ക് റം നുകർന്നുകൊണ്ട് രണ്ടുപേരും മുറ്റത്തിരുന്നു. കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം അച്ഛൻ ചോദിച്ചു :”നിന്റെ അടുത്ത യാത്ര എങ്ങോട്ടാ ?”
ഹരി ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതായിരുന്നു : “തീരുമാനിച്ചിട്ടില്ല”
“എവിടേക്കാണെങ്കിലും ആരോഗ്യം ശ്രദ്ദിക്ക്. എല്ലാ ദിവസവും വലിച്ച് വാരി കുടിക്കണ്ട. ആഴ്ചയിൽ രണ്ടോ മൂന്നോ ഡ്രിങ്ക്. അത് മതി. നിന്റെ മുഖം കണ്ടാൽ അറിയാം നല്ല വീശാണെന്ന്”
ഹരി ഒന്ന് മൂളുക മാത്രം ചെയ്തു.
“മോനെ …കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോഴും ഞാൻ സൂചിപ്പിച്ചിരുന്നു, കല്യാണത്തിന്റെ കാര്യം. നീ ഒന്നും പറഞ്ഞില്ല.”
“അതിനി ശരിയാവുമെന്ന് തോന്നുന്നില്ല അച്‌ഛാ”
“ചാരുവിനെ നീ ഇതുവരെ മറന്നില്ലേ”
ഹരി മറുപടി ഒന്നും പറഞ്ഞില്ല, പകരം ഒരു പെഗ് റം എടുത്ത് ഒറ്റ മോന്തിന് കുടിച്ചു”
“പതുക്കെ കുടിയെടാ, കരളു കത്തിപ്പോകും… ഞാൻ ഒന്നും പറയുന്നില്ല. നിന്റെ ഇഷ്ടത്തിന് ജീവിക്കൂ. പക്ഷെ ഒരു കാര്യം ; ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു പശ്ചാത്താപമോ നഷ്ടബോധമോ തോന്നരുത്. അങ്ങനെ ഒരു ഉറപ്പുണ്ടെങ്കിൽ മാത്രം ഈ വഴി തിരഞ്ഞെടുക്കുക”
പതിയെ അച്ഛനും മകനും ഈ വിഷയങ്ങളൊക്കെ വിട്ടു. രാഷ്ട്രീയം, സിനിമ അങ്ങനെ പലതും ചർച്ച ചെയ്‌ത് പാതിരാ വരെ അവർ ഇരുന്നു.
അതിരാവിലെ തന്നെ ഹരി, താൻ ബാല്യവും കൗമാരവും കഴിച്ചുകൂട്ടിയ ഗ്രാമത്തിലേക്ക് യാത്ര പുറപ്പെട്ടു. തന്റെ പ്രിയപ്പെട്ട ഗ്രാമം ! ശിഥിലമായ സ്വപ്‌നങ്ങൾ ഉറഞ്ഞ് മറവിയിലായ ഫോസ്സിലുകളിൽ നിന്ന്, ഓർമ്മകളെ അയാൾ കുഴിച്ചെടുത്തു. വാടി ചിതറി പാറപ്പുറത്ത് വീണു കിടക്കുന്ന അരളിപ്പൂക്കളുടെ മാസ്മര ഗന്ധം അയാളെ വീണ്ടും തേടിയെത്തി. വഴിയരുകിൽ മഞ്ഞരളികൾ കണ്ടു തുടങ്ങി. വെയിൽ പൊതിഞ്ഞ ഒരു കാറ്റ് വീശിയടിച്ചപ്പോൾ അയാൾ കുളിരണിഞ്ഞു ! സൂര്യൻ ഉച്ചിയിലെത്തും മുമ്പേ കോളേജിന് മുൻവശത്തെത്തി. വലിയ മാറ്റങ്ങളൊന്നുമില്ല ! വഴിയരുകിൽ കൊടിതോരണങ്ങൾ കൂടിയിട്ടുണ്ട്. മുൻവശത്തുണ്ടായിരുന്ന പുളിമരങ്ങൾ നിറഞ്ഞ വലിയ പറമ്പിൽ ഒരു പുതിയ കെട്ടിടം വന്നിരിക്കുന്നു. എതിർവശത്തുണ്ടായിരുന്ന മൂസക്കായുടെ ചായക്കട അങ്ങിനെ തന്നെ ഉണ്ട് ! ഈ കോളേജും അതിന്റെ പരിസരവും തന്റെ ജീവിതത്തിൽ എത്ര മാത്രം പ്രധാനപ്പെട്ടതാണെന്ന് ഹരി ഓർത്തു. അയാൾ ചിന്തകളിൽ വ്യാപൃതനായി. ബസ് പ്രധാന പാത പിന്നിട്ട് ചെറിയ ഒരു റോഡിലേക്ക് കയറി. പണ്ട് മൺപാതയായിരുന്ന ഈ വഴി ഇപ്പോൾ ടാർ ചെയ്തിരിക്കുന്നു. ഹരി താമസിച്ചിരുന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴി തുടങ്ങുന്നിടത്ത് ബസ്സിറങ്ങി നടന്നു. കാഴ്ചകൾ എല്ലാം മാറിയിരിക്കുന്നു. ഇടതുവശത്തുണ്ടായിരുന്ന വിശാലമായ നെൽപ്പാടങ്ങൾ മറച്ചുകൊണ്ട് വീടുകൾ വന്നിരിക്കുന്നു. വഴിയുടെ വലതുവശത്ത് ഇരുട്ട് പിടിച്ച് ഇടതൂർന്ന തെങ്ങിൻതോപ്പുകളും കാടുപിടിച്ച വളപ്പുകളും ആയിരുന്നു. കുട്ടിക്കാലത്ത് ഇവിടെ എത്തിയാൽ പേടിയായിരുന്നു. അവിടെ നിന്ന് തുടങ്ങുന്ന ഓട്ടം ഗ്രാമത്തിലെ ചെറിയ കവലയിൽ എത്തിയാലെ നിർത്താറുള്ളൂ. അവിടെ ഇപ്പോൾ വലിയൊരു രണ്ടുനില മാളിക വന്നിരിക്കുന്നു. വിളർച്ച ബാധിച്ച് രോഗാവൃതമായ ചില തെങ്ങുകളും ഇടക്ക് കാണാം. കുറെ കുട്ടികൾ ആ വീടിനു മുമ്പിൽ ഓടിക്കളിക്കുന്നുണ്ട്. ഹരിയെ കണ്ടപ്പോൾ അവർ ഗേറ്റിനടുത്തേക്ക് വന്ന് അപരിചിതത്വത്തോടെ നോക്കി നിന്നു.
കവലയും വല്ലാതെ മാറിയിരിക്കുന്നു. ഓടിട്ട പഴയ കെട്ടിടങ്ങൾക്കു പകരം കോൺക്രീറ്റ് കടമുറികൾ വന്നിരിക്കുന്നു. പണ്ടുണ്ടായിരുന്ന വലിയ കിണർ തൂർത്തിരിക്കുന്നു. അതിനു മുകളിൽ ഒരു രക്തസാക്ഷി മണ്ഡപം ! എല്ലാം വളരെ അപരിചിതം. കുഞ്ഞേട്ടന്റെ മുടിവെട്ടുകട പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുന്നു. അതിനു മുമ്പിലൂടെ കടന്നുപോയപ്പോൾ അകത്തേക്കൊന്നു നോക്കി. കുഞ്ഞേട്ടൻ അവിടെയുണ്ട്. തലയാകെ നര കേറിയിരിക്കുന്നു. അയാൾ തിരക്കിൽ നടന്നു. ആരെയും നേരിടാൻ വയ്യ.
മൂന്നും കൂടിയ ഇടവഴിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞപ്പോൾ ഹരിയുടെ ഓർമ്മകൾ കുട്ടിക്കാലത്തേക്ക് വീണ്ടും തിരിച്ചുപോയി. താൻ ഓടി നടന്നിരുന്ന ഇടവഴികൾ ! അയാൾക്ക് അമ്മയെ കാണാൻ തോന്നി. ചെറിയൊരു വളവു തിരിഞ്ഞതോടെ വീടെത്തി. അവിടത്തെ ഒരു പഞ്ചായത്ത് മെമ്പർ ആയിരുന്നു ആ വീട് വാങ്ങിയിരുന്നത്. മുൻവശത്തെ ഇരുപ്പുമുറിയിലെ ഓട് മാറ്റി കോൺക്രീറ്റ് ആക്കിയിട്ടുണ്ട്. മതിൽ കെട്ടിയിരിക്കുന്നു. തൊടിയിൽ നിറയെ വാഴ വച്ചിട്ടുണ്ട്. ഉമ്മറത്തു ആരെയും കാണാനില്ല. കുറച്ചു നേരം ആ വീട് നോക്കി നിന്നിട്ടു ഹരി വീണ്ടും നടന്നു.
ചാരുവിന്റെ വീട്ടിൽ പോകണം, അമ്മയെ കാണണം. അയാൾ കവലയിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു. അവളുടെ വീടിനടുത്തുള്ള ക്ഷേത്രത്തിനോട് ചേർന്ന് പോകുന്ന വഴി തിരിഞ്ഞതും അയാളുടെ ഹൃദയമിടിപ്പ് കൂടി. എന്തൊക്കെയോ സമ്മിശ്ര വികാരങ്ങൾ കാരണം നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപെട്ടു. ഈ ക്ഷേത്ര നടയിൽ വച്ച് അവളെ ഒരിക്കൽ കണ്ടിരുന്നു. ഭസ്മത്തിന്റെയും തുളസിയുടെയും സമ്മിശ്ര ഗന്ധമുള്ള ആ അന്തരീക്ഷത്തിൽ കാണുമ്പോൾ പട്ടു പാവാടയായിരുന്നു ഉടുത്തിരുന്നത്. ഒരു വെളുത്ത മുത്തുമാല അണിഞ്ഞിരുന്നു. മുത്തുമാല അവൾക്ക് വലിയ ഇഷ്ടമായിരുന്നു എന്ന് അയാൾ ഓർത്തു. ക്ഷേത്രത്തിനോട് ചേർന്നുള്ള അഗ്രഹാരം കടന്നു. ഒരു മാറ്റവുമില്ല. ഈ വഴിയാണ് പ്രണയ വിവശനായി പലതവണ സൈക്കിൾ ചവിട്ടി പോയിരുന്നത്. അഗ്രഹാരം കടന്നതോടെ അവളുടെ വീട്ടിലേക്കുള്ള ഇടവഴി എത്തി. ഹരിക്ക് ഹൃദയം നിലക്കുമെന്ന് തോന്നി.
ഒരു വലിയ വളവ് തിരിഞ്ഞ ഉടനെയാണ് അവളുടെ വീട്. അയാൾ വണ്ടിയിൽ നിന്നിറങ്ങി മതിൽക്കെട്ട് ലക്ഷ്യമാക്കി നടന്നു. മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണിരുന്നു. മുൻവശത്ത് ചെമ്പക മരം കാണാനില്ല. പണ്ട് വളവു തിരിഞ്ഞ ഉടൻ ചെമ്പക പൂക്കളുടെ ഗന്ധം അടിക്കുമായിരുന്നു. അയാൾ പതുക്കെ തുരുമ്പിച്ച പടി തള്ളിത്തുറന്ന് അകത്തേക്ക് കയറി. ആ വീട് പഴകി വേർപെടാറായ ഒരു അസ്ഥിപഞ്ജരം കണക്കെ തോന്നിച്ചു. അതിന്റെ മേൽക്കൂര അകത്തേക്ക് വളഞ്ഞിരുന്നു. കാലം ആ വീടിന് ഏൽപ്പിച്ച ക്ഷതം അയാൾക്ക് താങ്ങാനായില്ല. പണ്ട്, ഇടതുവശത്തായി ഒരു പവിഴമല്ലി നിന്നിരുന്നു. ആ സ്ഥാനത്ത് ഉണങ്ങി വാടിയ ഒരു റോസാച്ചെടി നിൽപ്പുണ്ട്. തന്റെ നഷ്ട പ്രണയത്തിന്റെ ഒരു സ്മാരകം പോലെ തോന്നിച്ചു അത്. മുൻവശത്തെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. അയാൾ അകത്തേക്ക് കയറി. അകത്ത് കുഴമ്പിന്റെയും കഷായത്തിന്റെയും സമ്മിശ്ര ഗന്ധം. അയാൾ അമ്മയെ ഒന്നുരണ്ടു വട്ടം വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. അകത്തെ ഇടനാഴിയിലേക്ക് കയറി അയാൾ ഒന്ന് കൂടെ ഉറക്കെ വിളിച്ചു. അകത്തെ ഏതോ ഒരു മുറിയിൽ നിന്നും “ആരാ മക്കളെ ” എന്ന് മറുപടി വന്നു. അകത്തെ കട്ടിലിൽ കിടക്കുകയായിരുന്നു അമ്മ. അടുത്തിരിക്കുന്ന സ്റ്റൂളിൽ മരുന്നുകൾ നിരത്തി വച്ചിരിക്കുന്നു. ഒരു പാത്രത്തിൽ കഴിച്ചതിന്റെ ബാക്കി കഞ്ഞി ഇരിക്കുന്നുണ്ട്. അയാളെ കണ്ടതും അമ്മ എഴുന്നേൽക്കാൻ ശ്രമിച്ചു. ഹരി അവരുടെ അടുത്ത് ചെന്നിരുന്നു.
“മനസ്സിലായില്ലല്ലോ… കുഞ്ഞുമോൻ ആണോ” ‘അമ്മ ഓർമ്മയുടെ കെട്ടുപോയ കനലുകൾ ചികഞ്ഞെടുത്ത് കത്തിക്കാൻ നോക്കി.
“ഇത് ഹരിയാ അമ്മെ. ഓർമ്മയുണ്ടോ”
പറഞ്ഞത് വിശ്വാസം ആവാത്തവണ്ണം അവർ കുറച്ച് നേരം ഹരിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. പിന്നീട് അയാളുടെ കൈ പിടിച്ച് തലോടി, കവിളിൽ ഒന്ന് തൊട്ടു. അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. രണ്ടു പേരും നിശബ്ദരായി കുറച്ച് നേരം ഇരുന്നു. തൊണ്ടയിലൂടെ നിറഞ്ഞു കനത്ത സങ്കടം ഹരി കടിച്ചമർത്തി.
“നീ ഇപ്പൊ എവിടെയാ കുഞ്ഞേ ?”
“ഇപ്പൊ ബംഗാളിലാ അമ്മെ ”
“ഭാര്യേം കുഞ്ഞുങ്ങളേം എന്താ കൊണ്ടുവരാതിരുന്നേ ? അവരൊക്കെ എവിടെയാ ?”
ആ ചോദ്യത്തിൽ നിന്നും ഹരി ഒഴിഞ്ഞുമാറി മറുചോദ്യം ചോദിച്ചു : “അതൊക്കെ പറയാം. അമ്മയുടെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ട്”
“അങ്ങനൊക്കെ പോകുന്നു മക്കളെ. വയസ്സായില്ലേ ? ഈ ഇരിക്കുന്ന മരുന്നുകളൊക്കെ കണ്ടില്ലേ ? ഇതാ ഇപ്പൊ എന്റെ കൂട്ട്. അടുത്തുള്ള ഒരു കുട്ടി വന്ന് കഴിക്കാൻ ഉണ്ടാക്കിവച്ചിട്ട് പോകും. വൈകിട്ട് അവൾ എന്തേലും ഉണ്ടാക്കി കൊണ്ടുവരും.”
ഹരി അവരുടെ കാലിനോട് ചേർന്ന് മിണ്ടാതെ ഇരുന്നു. അമ്മയും എന്തൊക്കെയോ ചിന്തകളിൽ മുഴുകി. കുറച്ച് കഴിഞ്ഞ എന്തോ ഓർത്തെടുത്ത പോലെ അവർ ചോദിച്ചു “ചാരു വിളിക്കാറില്ലെ മോനെ ?”
“ഉണ്ടമ്മേ. അവൾ വിളിക്കാറുണ്ട്. ഇടക്ക് മെയിലും അയക്കാറുണ്ട്.”
“നല്ലത്. നിങ്ങൾ രണ്ടു പേരും എന്റെ മക്കളാ. എന്റെ വയറ്റിൽ പിറന്നില്ലെന്നേയുള്ളൂ. നീ എന്റെ മോൻ തന്നെയാ” അവർ അയാളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടിരുന്നു. വര്ഷങ്ങള്ക്ക് മുമ്പ് അനുഭവിച്ച വാത്സല്യം അയാൾ വീണ്ടും അനുഭവിച്ചു.
“ചാരു ഒന്നരാടം വിളിക്കും മക്കളെ. അവൾക്ക് ഇവിടെ വന്നു നിൽക്കാൻ നിവൃത്തിയില്ലല്ലോ. അവൻ നല്ലൊരുത്തനാ. അവളേം മോളേം നന്നായി നോക്കും”
വാർദ്ധക്യത്തിലെ ഒറ്റപ്പെടലിനെക്കുറിച്ച് അവർ കുറെ സംസാരിച്ചു. താൻ ആ അവസ്ഥയിലേക്ക് നേരത്തെ എത്തിപ്പെട്ടുവെന്ന് ഹരി ഓർത്തു. അമ്മയുടെ കൈപിടിച്ച് ഇരുന്നു സമയം പോയതറിഞ്ഞില്ല. വെയിൽ ചാഞ്ഞു തുടങ്ങി. ഹരി യാത്ര പറഞ്ഞ ഇറങ്ങി. അയാളുടെ ഉള്ളിൽ ഒടുങ്ങാത്ത പ്രവാസത്തിന്റെ അലകൾ ഉയർന്നു.
അയാൾ നടന്നു. പാടങ്ങളും, മാന്തോപ്പും, അരളിപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന ഇടവഴികളും പിന്നിട്ട് തന്റെ പ്രിയപ്പെട്ട കുന്നിനുമുകളിൽ ഒരു പാറയുടെ താഴെ അയാൾ കണ്ണടച്ചിരുന്നു. പളുങ്കുമണി പോലുള്ള ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ച് അയാൾ ചിന്തിച്ചു. ഫോണിൽ നിന്ന് ഒരു ആഹിർ ഭൈരവ് ഒഴുകുന്നുണ്ടായിരുന്നു. താൻ ജീവിതത്തിന്റെ സായന്തനത്തിലാണെന്ന് അയാൾക്ക് തോന്നി. സന്ധ്യ മയങ്ങി തുടങ്ങി. ഹരി ഫോണെടുത്ത് ചാരുവിന് ഒരു മെസ്സേജ് അയച്ചു “ഞാൻ നാട്ടിലാണ്. വീട്ടിൽ പോയി അമ്മയെ കണ്ടിരുന്നു. പറ്റുമെങ്കിൽ വിളിക്കുക.”
കുറച്ച് സമയത്തിനകം ചാരുവിന്റെ ഫോൺ വന്നു. അയാൾ അമ്മയെ കണ്ട കാര്യവും വർഷങ്ങൾക്ക് ശേഷം ആ വീട് കണ്ടപ്പോൾ തനിക്ക് തോന്നിയ അനുഭൂതിയും സങ്കടവും എല്ലാം പങ്കുവച്ചു. ഏറെ നേരം മറുവശത്തുനിന്ന് നിശ്ശബ്ദതയായിരുന്നു. അയാൾ ചോദിച്ചു : “ചാരു… എന്താ ഒന്നും മിണ്ടാത്തെ”
ഒരു കരച്ചിലായിരുന്നു മറുപടി. മുമ്പൊരിക്കൽ അവൾ മോളെയും കൊണ്ട് അമ്മയെ കാണാൻ വീട്ടിൽ വന്നപ്പോൾ ഇതേ അനുഭവം ഉണ്ടായിരുന്നു. അന്ന് സങ്കടത്തോടെ രാജേഷിനെ വിളിച്ചിരുന്നു, ഒരു ആശ്വാസത്തിനായി. അപ്രതീക്ഷിതമായി രാജേഷ് അവളെ ശാസിക്കുകയാണ് ചെയ്തത്. പൊടിയും ചെളിയും ഉള്ള ആ അന്തരീക്ഷത്തിൽ മോളെ താമസിപ്പിക്കുന്നതിനെ അയാൾ എതിർത്തു. അന്നുമുതൽ അടക്കിപ്പിടിച്ച സങ്കടമെല്ലാം ഹരിയോട് അവൾ കരഞ്ഞു തീർത്തു.
ഹരി ഉത്തരേന്ത്യയിലേക്ക് വീണ്ടും പുതിയ ഒരു യാത്ര പുറപ്പെട്ടു. അയാൾ ഹിമാചൽ പ്രദേശിലെത്തി, ടിബറ്റിനോട് ചേർന്നുള്ള ഗ്രാമങ്ങളിൽ തങ്ങി. അവർ നിരന്തരം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഓരോ ദിവസത്തെ അനുഭവങ്ങളും അയാൾ ചാരുവിനെ അറിയിച്ചുകൊണ്ടിരുന്നു. പെട്ടെന്നൊരുനാൾ അവളുടെ ഫോൺ വിളി നിലച്ചു ! അയാൾ അവളെ വിളിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ ഫോൺ സ്വിച് ഓഫ് ആയിരുന്നു. ദിവസങ്ങൾ കടന്നു പോയി. എന്തുചെയ്യണമെന്നറിയാതെ വേവലാതി പൂണ്ടു. ഉറക്കം നഷ്ടപ്പെട്ടു. എന്ത് പറ്റിയതായിരിക്കും ? ഒരു സൂചന പോലും അവൾ തന്നിരുന്നില്ലല്ലോ. ഇത്ര നാളും കൂടെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്ന് കൊഴിഞ്ഞു പോയ പോലെ തോന്നി. ഹരി തന്റെ മെയിൽ ബോക്സ് തുറന്നു നോക്കി. അവളുടെ മെയിലുകൾ ഒന്നും ഇല്ല. അയാൾ അവൾക്കൊരു മെയിൽ അയച്ചു. മൂന്നു നാല് ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടി ഇല്ല. പെട്ടെന്ന് ഗിരീശന്റെ കാര്യം ഓർമ്മ വന്നു. അവനു ചിലപ്പോൾ അറിയാൻ സാധ്യത ഉണ്ട്. പക്ഷെ ഗിരീശൻ അവിടന്ന് പോയതിനു ശേഷം അവർ തമ്മിൽ സംസാരിച്ചിരുന്നില്ലത്രെ. അയാൾ എങ്ങനെയെങ്കിലും അവളെ കോണ്ടാക്ട് ചെയ്തിട്ട് അറിയിക്കാം എന്ന പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗിരീശന്റെ ഫോൺ വന്നു. ചെന്നൈയിലുള്ള അയാളുടെ മറ്റൊരു സുഹൃത്ത് വഴി ചാരുവിനോട് സംസാരിക്കാൻ സാധിച്ചു. താൻ അയച്ച ഒരു മെസ്സേജ് രാജേഷ് കാണാനിടയായിയാത്രെ. ഫോൺ കൂടുതൽ പരിശോധിച്ച അയാൾക്ക് ചാരു തന്നെ പലതവണ വിളിച്ചതായി കാൾ ലിസ്റ്റിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ ഹരിയുമായി ഉടലെടുത്ത ബന്ധം അവൾക്ക് സമ്മതിക്കേണ്ടി വന്നു. എല്ലാം വിശദമായി മനസ്സിലാക്കിയ അയാൾ ഒരു നിബന്ധന വച്ചു. ചാരു ഇനി എപ്പോഴെങ്കിലും ഹരിയുമായി ഫോണിലോ, മെയിലിലോ, നേരിട്ടോ ബന്ധപ്പെട്ടുവെന്ന് അറിഞ്ഞാൽ ഉറപ്പായും അയാൾ ആത്മഹത്യ ചെയ്തിരിക്കും. ഹരിയുമായുള്ള സൗഹൃദമാണോ താനാണോ വലുതെന്ന് അവൾക്ക് തീരുമാനിക്കാം.
ഇത്രയും കാര്യങ്ങൾ ഗിരീശനിൽ നിന്ന് അറിഞ്ഞതോടെ ഹരി അക്ഷരാർത്ഥത്തിൽ തകർന്നു പോയി. കൂട്ടിലടച്ച ഒരു മൃഗത്തെ പോലെ അയാൾ ഉഴറി നടന്നു. അയാളുടെ മുറിയിൽ കുപ്പികളുടെ എണ്ണം പെരുകി. ഉറക്കം നഷ്ടപ്പെട്ട അയാൾ രാത്രി മുഴുവൻ കുടിച്ചുകൊണ്ടിരുന്നു. ഹിമാചലിലെ തണുത്തുറഞ്ഞ ഒരു ഗ്രാമത്തിൽ അയാൾ ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു. ഇടക്കിടെ അയാൾ ജംഗ്ഷനിലുള്ള ഒരു ചെറിയ ഇന്റർനെറ്റ് കഫേയിൽ പോയിരുന്ന് മെയിൽ ബോക്സ് തുറക്കും, നിരാശനായി വീണ്ടും അലയും. ഒരിക്കൽ ചാരുവിന്റെ മെയിൽ തിരയുന്നതിനിടെ യാദൃശ്ചികമായി ഒരു മെയിൽ കണ്ടു ! പരിചയമില്ലാത്ത ഒരു ഐഡിയിൽ നിന്നായിരുന്നു അത്. പക്ഷെ സബ്‌ജെക്ടിൽ “ചാരു ഹിയർ” എന്ന് കണ്ടപ്പോൾ ഹൃദയമിടിപ്പോടു കൂടി അയാൾ ആ മെയിൽ തുറന്നു.
“ഹരിക്കുട്ടാ, നമ്മൾ തമ്മിൽ കണ്ടുമുട്ടേണ്ടിയിരുന്നില്ല. എന്നോട് ക്ഷമിക്കുക. ആ ജീവിതത്തിൽ ഒരു കൂട്ട് തരാൻ എനിക്ക് കഴിയില്ല, അതൊരു സൗഹൃദമാണെങ്കിൽ പോലും… ഗിരീശൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു. ഈ മെയിൽ മറ്റൊരു ഐഡിയിൽ നിന്നാണെങ്കിൽ പോലും എന്റെ കൈവിറക്കുന്നു. എനിക്ക് പേടിയാണ്. ഇത് എന്റെ അവസാനത്തെ മെയിൽ ആയിരിക്കും. എന്റെ ഫോൺ നമ്പർ രാജേഷ് മാറ്റി. പഴയ ഐഡിയിലേക്ക് ഇനി മെയിൽ അയക്കരുത്. അതിന്റെ പാസ്സ്‌വേർഡ് രാജേഷ് മാറ്റി. നമ്മൾ തിരിച്ചറിയാൻ വൈകിയെന്നത് ശരിയാണ്. പക്ഷെ അതിനിപ്പോൾ വേറെ സൊല്യൂഷൻ ഇല്ലല്ലോ. നമ്മൾ തമ്മിൽ അടുത്ത ഈ കുറച്ച് കാലം എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതാണ്. വളരെ മനോഹരമായ ഒരു സ്വപ്നമായിരുന്നു അതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മറക്കാൻ കഴിയില്ലെങ്കിലും പരസ്പരം മറന്നതായി നമുക്ക് അഭിനയിച്ചെ പറ്റൂ. വേറെ വഴിയില്ല. എപ്പോഴെങ്കിലും എന്നെ കാണണമെന്ന് തോന്നിയാൽ കണ്ണടച്ച് ഇരുന്നാൽ മതി. എന്റെ സാമീപ്യം ഉണ്ടാവും. എന്റെ ഇവിടത്തെ അവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല. എന്നെങ്കിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ ജീവിക്കാം. എന്നോട് ക്ഷമിക്കൂ.”
വലിയൊരു ഷോക്ക് ആയിരുന്നു ഹരിക്ക് ആ മെയിൽ നൽകിയത്. മുമ്പൊന്നും ഇല്ലാത്തവിധം അത് ഹരിയെ തളർത്തി. അന്ന് വൈകിട്ട് തന്നെ ഹരി ആ സ്ഥലത്ത് നിന്ന് പുറപ്പെട്ടു, എങ്ങോട്ടെന്നറിയാതെ.
നീണ്ട യാത്രകൾ… മുഷിഞ്ഞു നാറിയ വസ്ത്രവും വളർന്ന അലങ്കോലമായ മുടിയും താടിയും അയാളെ ഒരു ഭിക്ഷക്കാരനെ പോലെ തോന്നിച്ചു. ആളുകൾ പലപ്പോഴും ആട്ടിപ്പായിച്ചു. കറങ്ങിത്തിരിഞ്ഞ് അയാൾ ഡൽഹിയിലെത്തി. കയ്യിലുണ്ടായിരുന്ന കാശ് തീർന്നപ്പോൾ, നഗരത്തിനു പുറത്ത് ചേരിയോട് ചേർന്നുള്ള ഒരു ചെറിയ മദ്യശാലയിൽ എടുത്തുകൊടുക്കാനായി നിന്നു. രാത്രി ഏറെ വൈകുമ്പോൾ ബാക്കി വരുന്ന പലതരം മദ്യം ചേർത്തുള്ള ഒരു ദ്രാവകം കുടിച്ച് ബോധം കെട്ടുറങ്ങും. രാവിലെ വീണ്ടും മദ്യപാനത്തോടെ ദിവസം തുടങ്ങും. കാലങ്ങൾ കടന്നുപോയി. കടുത്ത മഞ്ഞ് പെയ്യുന്ന ഒരു ഡിസംബർ രാത്രിയിൽ അറിഞ്ഞു – അച്ഛൻ മരിച്ചു! തികച്ചും നിർവികാരനായി അയാൾ ഇരുന്നു. നാട്ടിൽ പോകാൻ ഗിരീശൻ പലതവണ നിർബന്ധിച്ചെങ്കിലും അയാൾ പോയില്ല.
ഋതുക്കൾ മാറിമറിഞ്ഞുകൊണ്ടിരുന്നു. ശരത്കാലത്തിൽ ഇലകൾ കൊഴിയുന്ന പോലെ ദിവസങ്ങൾ കൊഴിഞ്ഞു വീണു. അപ്രതീക്ഷിതമായി ഒരു ദിവസം ഗിരീശന്റെ ഫോൺ വന്നു “എടാ ചാരുവിന്റെ അമ്മ മരിച്ചു. ഹാർട്ട് അറ്റാക്കായിരുന്നു”. അന്ന് ഹരി മുറിയിൽ പോയിരുന്ന് കുറെ നേരം കരഞ്ഞു. താൻ തികച്ചും അനാഥനായ പോലെ അയാൾക്ക് തോന്നി.
ഹരി തന്റെ യാത്ര തുടർന്നു. അയാൾക്ക് വളരെ പെട്ടെന്ന് വാർദ്ധക്യം ബാധിച്ചു. രാജസ്ഥാനിലെ മൌണ്ട് അബുവിൽ ഉള്ളപ്പോളാണ് അയാൾക്ക് ഒരു തൊണ്ട വേദന വന്നത്. ഒരു സന്യാസി നടത്തിയിരുന്ന സത്രത്തിലായിരുന്നു അയാൾ താമസിച്ചിരുന്നത്. കുറെ നാടൻ ചികിത്സകൾ നടത്തി നോക്കിയെങ്കിലും വേദന കുറഞ്ഞില്ല. തൊണ്ട പഴുത്ത് ഉമിനീർ പോലും ഇറക്കാൻ പറ്റാതായപ്പോൾ അടുത്തുള്ള പട്ടണത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ പോയി. ഒരു മലയാളി ഡോക്ടർ ആ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം അയാൾ തിരിച്ചറിഞ്ഞു – നിർജ്ജീവമായ ഒരു കൂട്ടം കോശങ്ങൾ തന്റെ തൊണ്ടയിൽ വളർന്നു വരുന്നു. ദയാലുവായ ആ ഡോക്ടർ തനിക്കു പരിചയമുള്ള ഒരു സംഘടന വഴി നാട്ടിൽ കൊണ്ടുപോയി ഹരിയെ വിശദമായി ചികിൽസിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. വർഷങ്ങൾക്കു ശേഷം ഹരി വീണ്ടും നാട്ടിലേക്ക് വണ്ടി കയറി.
ചികിത്സയുടെ പല ഘട്ടങ്ങൾ കഴിഞ്ഞുവെങ്കിലും രോഗത്തിന് കുറവുണ്ടായില്ല. മാത്രമല്ല അത് കൂടുതൽ വ്യാപിച്ച് ഗുരുതരമായികൊണ്ടിരുന്നു. രോഗം അവസാന ഘട്ടത്തിലായപ്പോൾ ഡോക്ടർമാർ വേദന സംഹാര ചികിത്സക്ക് വിധിയെഴുതി. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു ക്ലിനിക്കിലേക്ക് അയാളെ മാറ്റി. ഓർമ്മകളിൽ നിന്നും തിരിച്ച് വന്ന്ഹരി മുകളിലേക്ക് നോക്കി കിടന്നു. കഴിഞ്ഞ കാലങ്ങൾ അയാൾക്ക് മുമ്പിൽ ശൂന്യതയുടെ ഒരു വലിയ സൗരയൂഥം തീർത്തു. എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യൽ തുടർന്നു. “പ്രിയപ്പെട്ട ചാരു, ഞാൻ നാട്ടിൽ ഒരു ആശുപത്രിയിൽ ആണ്. ജീവിതത്തിന്റെ അവസാന ഘട്ടമായി. ഒരേ ഒരു കാര്യം മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ. ഒന്ന് കാണാൻ പറ്റുമോ ? ഒരിക്കൽ മാത്രം. പറ്റുമെങ്കിലും ഇല്ലെങ്കിലും ഒരു മറുപടി അയക്കുക”. അത്രയും ടൈപ്പ് ചെയ്ത് അയച്ചു കഴിഞ്ഞപ്പോഴേക്കും അയാൾ തളർന്നിരുന്നു. പർവീൻ സുൽത്താനയുടെ ഒരു ആലാപ് വച്ച് അയാൾ ലാപ്ടോപ് മാറ്റിവച്ചു. തന്റെ പ്രിയപ്പെട്ട ആഹിർഭൈരവ് രാഗത്തിലുള്ളതായിരുന്നു അത്.
ഹരിക്കു ചുറ്റും ശൂന്യത കൂടുതൽ കനത്തുകൊണ്ടിരുന്നു. മുറിക്കുള്ളിലെ തണുപ്പും എല്ലു തുളയ്ക്കുന്ന വേദനയും അയാളെ വലിച്ച് ആ സൗരയൂഥത്തിലെ ഏതോ ഒരു ഭ്രമണ പഥത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. വേദനയുടെ മരവിപ്പ് സിരകളിലേക്ക് പടർന്നു കയറി.
നഴ്സുമാർ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. അവർ ഫോണെടുത്ത് ആരെയൊക്കെയോ വിളിക്കുന്നു. ഡ്യൂട്ടി റൂമിന്റെ മൂലയിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നു. തണുത്ത് വിറച്ച ആ മുറിയിൽ മരണത്തിന്റെ മണം പടർന്നു. കട്ടിലിൽ ഇരുന്നിരുന്ന അയാളുടെ ലാപ്ടോപ്പിൽ നിന്ന് ഉയർന്ന ആഹിർഭൈരവിന്റെ ധ്വനികൾ അവിടെങ്ങും നിറഞ്ഞു “സാജൻ അബ് ബന് ജാവോ മേരെ സാത്തി…”. തുറന്നു കിടന്ന അയാളുടെ മെയിൽ ബോക്സിൽ ഒരു ഡെലിവറി നോട്ടിഫിക്കേഷൻ വന്നു : “സോറി, വീ വേർ അനേബിൾ റ്റു ഡെലിവർ യുവർ മെസ്സേജ് റ്റു ദ ഫോളോയിങ് അഡ്രസ്.”