
കുഞ്ഞുമോന്ക്ക തന്റെ പഴയ മാളികവീടിന്റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പഴയ ഓരോ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ അടുത്തിരുന്ന പാത്തു മുറുക്കാന്ചെല്ലത്തില്നിന്നും നല്ലൊരു വെറ്റിലയെടുത്ത് അതില്‍ ഒരുതുണ്ട് പുകലയുo വാസനച്ചുണ്ണാമ്പും തേച്ച് അയാള്‍ക്കുനേരെ നീട്ടി.
‘’എന്തേ ഞമ്മളെ രാമൂനെ ഇതുവരേയും കണ്ടില്ലല്ലോ ?“ കുഞ്ഞുമോന്ക്ക വെറ്റില ചുരുട്ടി വായിലേക്ക് കൊണ്ടുപോകുന്നേരം പാത്തു ചോദിച്ചു . ”ഉം” ഒന്നിരുത്തിമൂളി പിന്നെ അല്പനേരത്തെ മൗനത്തിനുശേഷം തുടര്‍ന്നു ,.” ഞാന്‍ വെഷമിച്ചീലേ അതുപോലെ അവനുംണ്ടാവൂലെ വെഷമം ,പത്തോ ? .” അയാളുടെ വാക്കുകളില്‍ വല്ലാത്ത വേദനയുണ്ടായിരുന്നു . അത് മനസ്സിലാകിയ പാത്തു പറഞ്ഞു ” ഇങ്ങള് ബേജാറാവണ്ട ഞമ്മക്കോനെ പറഞ്ഞുമനസ്സിലാക്കാ ,മീനാച്ചിനോടു ഓന് പറഞ്ഞുമനസ്സിലാക്കിക്കൊളും .” അയാളൊരു
ദീര്‍ഘനിശ്വാസത്തോടെ മൂളി.
തന്റെ കളിക്കൂട്ടുകാരനും അയല്‍ക്കാരനുമായ രാമുവിനെ കുഞ്ഞുമോന്ക്ക സ്വന്തം സഹോദരനായെ എന്നും കണ്ടിരുന്നുള്ളു. ഒരു ബഞ്ചില്‍ ഒന്നിച്ചിരുന്നു പഠിച്ചും ഒരു ഇലയില്‍നിന്ന് ഒന്നുചേര്‍ന്നു ഭക്ഷണം കഴിച്ചും വളര്‍ന്നുവന്നവര്‍. ഇതുവരെ ആ ബന്ധത്തിനു വിള്ളലുണ്ടായിട്ടില്ല. ഇനിയും അങ്ങനെതന്നെ വേണം.
കുഞ്ഞുമോന്ക്ക ദൂരേക്ക് നോക്കി. പടിഞ്ഞാറന്‍ ചക്രവാളം ചെമന്നുതുടുത്തിട്ടുണ്ട്. വൃക്ഷത്തലപ്പിലൂടെ വരുന്ന കുങ്കുമരാശികള് മുറ്റത്തെ പൂഴിമണലില്‍ കുങ്കുമം വാരിവിതറുന്നുണ്ട് . കൂടുതേടി തിരിച്ചുപറക്കുന്ന പക്ഷികളുടെ ആവലാതിപറച്ചിലും ചിരികളുമെല്ലാം പടിഞ്ഞാറന്‍കാറ്റില്‍ ഒഴുകിവരുന്നുണ്ട് . കുഞ്ഞുമോന്ക്കയുടെ മനസ്സിലെ ചിന്തകള്‍ കിളികളെപ്പോലെ തിരിച്ചുപറക്കാന്‍ തുടങ്ങി .
പെരുന്നാളിന് രാമുവും കുടുംബവും തന്റെ വീട്ടിലും ഓണവും വിഷുവും വരുമ്പോള്‍ പാത്തുവും താനും മക്കളും രാമൂന്റെ വീട്ടിലും ഒരു കുടുംബമായിട്ടായിരുന്നു ആഘോഷിച്ചിരുന്നത്. ഓരോ സുഖത്തിലും ദു:ഖത്തിലും ഇഴപിരിയാതെ നിന്നതാണ്. മൈലാഞ്ചിയിട്ടതും പടക്കംപൊട്ടിച്ചതും വിഷുക്കണി കണ്ടതും അത്തക്കളമിട്ടതും എല്ലാം ഒരുമിച്ചായിരുന്നു. കുഞ്ഞുമോന്ക്കാന്റെ പറമ്പിലെ ജോലിയെല്ലാം രാമുതന്നെയാണ് ചെയ്യുന്നത്. അന്നന്നെടുക്കുന്ന ജോലിയുടെ കൂലിമാത്രമേ രാമു വാങ്ങൂ. കടം വാങ്ങുന്നതും അടുത്തദിവസത്തെ കൂലി മുന്‍കൂറായി വാങ്ങുന്നതും രാമുവിന് ഇഷ്ടമല്ല. പണം സ്നേഹത്തിന്റെ ശത്രുവാണെന്ന് അയാളെപ്പോഴും പറയും. ജോലി കഴിഞ്ഞാലും ജോലിയില്ലാത്തപ്പോഴും രാമു തന്റെ തൊടിയിലും കന്നുകാലികളുടെ കൂടെയുമായിരിക്കും. എല്ലാവർക്കും രാമു പ്രിയപ്പെട്ടനാണ്. സ്നേഹത്തിന്റെ നിറകുടമായിരുന്നു രാമുവെങ്കില് ബന്ധങ്ങള്‍ക്ക് ജീവന്റെ വിലകല്‍പ്പിക്കുന്ന വ്യക്തിയായിരുന്നു കുഞ്ഞുമോന്ക്ക. അതിന്നിടയിലേക്കാണ് കാട്ടുതീപോലെ ആ വാര്‍ത്ത പടര്‍ന്നത്.
കുഞ്ഞുമോന്ക്കാക്ക് മൂന്ന് ആണ്മക്കളാണ്. മൂത്തവര്‍ രണ്ടുപേരും വിദേശത്ത് നല്ല, ജോലിയിലാണ്. താഴെയുള്ളവനാണ് ആഷിഖ്. മൂത്തവര്‍ രണ്ടുപേരും നാട്ടില്നില്ക്കാന് താല്പര്യമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ പലപ്പോഴായി കുഞ്ഞുമോന്ക്ക പാത്തുമ്മയോട് പറഞ്ഞിട്ടുണ്ട് ”പത്തോ ഞമ്മളെ മുത്തോരെ രണ്ടാളീം ഞമ്മക്ക് കൂടെ കിട്ടുംന്ന് തൊന്നുന്നില്ല്യ…. ഞമ്മക് ഞമ്മളെ അസിമൊനെ കിട്ടൂ ..” അതുകൊണ്ടുതന്നെ ആഷിഖിന് അയാള്‍ അളവില്‍ക്കവിഞ്ഞ സ്നേഹവും നല്‍കിയിരുന്നു .
ആഷിഖിന്റെ കളിക്കൂട്ടുകരിയായിരുന്നു രാമുവിന്റെ ഇളയമകള്‍ ശാരിക. അവനും അവളും തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസംമാത്രം. ആരാറുമാറിയാതെ അവര്തമ്മില് ഒരിഷ്ടം ചെറുപ്പത്തിലെ വളര്‍ന്നു വന്നിരുന്നു. ആഷിഖ് കാണാന്‍ സുമുഖനായിരുന്നുവെങ്കിലും അവന്റെ ഭംഗിക്ക് അത്രതന്നെ മേച്ചായിരുന്നില്ല ശാരിക. എന്നിട്ടും അവര്‍ക്കിടയില്‍ ആരുമാറിയാത്ത ഒരിഷ്ടം മൊട്ടിട്ടുനില്ക്കുകയും പൂക്കുകയുമൊക്കെ ചെയ്തു.
ഒരു ദിവസം മഗ് രിബ് നമസ്കാരത്തിനുശേഷം കുഞ്ഞുമോന്ക്ക മുറ്റത്ത് ചാരുകസേരയിലിരുന്നു ജീവിതത്തിന്റെ ഏറ്റക്കുറിച്ചിലുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോളാണ് പള്ളിപിരിഞ്ഞു ഖതീബും നാലഞ്ച് നാട്ടുപ്രമാണിമാരുംകൂടി വീട്ടിലേക്ക് വന്നത്. കുഞ്ഞുമോന്ക്ക തന്റെ ചുറ്റും നിരന്നിരുന്ന കസേരകള്ചൂണ്ടിപ്പറഞ്ഞു ”കുത്തിരിക്കീം .. ഞമ്മള് ചായ പറയാം . ആരും എതിര്പ്പൊന്നുംപറയാതെ കസേരകളില്‍ ഇരുന്നു . അയാള്‍ അകത്തേക്കുനോക്കി നീട്ടിവിളിച്ചു ” ‘ പാത്തോ… ഒരഞ്ചാറു കട്ടന്‍ കൊണ്ടായോ .” അതിനുശേഷം ഖതീബിന്റെ മുഖത്തുനോക്കി ചോദിച്ചു ” എന്തേപ്പം എല്ലാരുംകൂടി ? “”. കൂട്ടത്തില്‍നിന്നും ഹസ്സനാജി പറഞ്ഞു ” ഞങ്ങള്‍ പറയുമ്പം കുഞ്ഞുമോന്ക്കു മറ്റൊന്നും തോന്നരുത് . അന്റെ ആഷിഖും രാമൂന്റെ മോളും പ്രേമത്തിലാന്നും ഓന് ഓളെ കല്ല്യാണം കായിക്കുന്നും ഒക്കെ നാട്ടിലൊരു സംസാരയിട്ടുണ്ട്. ഇജ്ജിതൊന്നും കേട്ടിട്ടില്ലേ ? . ”
കുഞ്ഞുമോന്ക്ക വിയര്‍ത്തു .ഒന്നും മിണ്ടാതെ കുറച്ചുനേരം ഇടിവെട്ടേറ്റവനെപ്പോലെ ഇരുന്നു . ” ഒന്നും അറിഞ്ഞില്ല. ഓനും ഓളും ആങ്ങളയും പെങ്ങളുമായേ ഞാന്‍ കണ്ടിട്ടുള്ളൂ. അങ്ങനെ.. പാടു. അതാണ് സരിയും. ഞാന്‍ നോക്കിക്കോളാം .” അയാളുടെ കണ്ഠം ഇടറിയിരുന്നു. ചായകുടിയും കഴിഞ്ഞു എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ പാത്തു അയാളുടെ അരികിലേക്ക് ഓടിവന്നു. ” എന്താപ്പം എല്ലാരുംകൂടി ഒരു വരവ് ?” കുഞ്ഞുമോന്ക്ക പറഞ്ഞതുകേട്ട് പത്തു മൂക്കത്ത് വിരല്‍വച്ച് അയാളെത്തന്നെ നോക്കിനിന്നു .
നിലാവിനെ മറച്ചുകൊണ്ട് ആകാശംനിറയെ കാര്മേഘമുണ്ടായിരുന്നതുകൊണ്ട് അകത്തും പുറത്തും ഒരുപോലെ ഇരുട്ടായിരുന്നു. ഭക്ഷണം, കഴിച്ചു കിടക്കാന്പോകുന്നതിന്നുമുന്പ്, കുഞ്ഞിമോന്‍ക്ക ആഷിഖിനെ, വിളിച്ചു. ആഷിഖ് മുറിയുടെ വാതിലിനു പിറകില്‍ നിന്നപ്പോള്‍ അയ്യാള് സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു. അടുത്തുവന്നു തലതാഴ്ത്തിനില്,ക്കുന്ന ആഷിഖിനോടയി അയാള്‍ വളരെ സൌമ്യമായിപ്പറഞ്ഞു ”മോനേ… ഉപ്പ അന്നേയും രാമുന്റെ മോളെയും, സഹോദരങ്ങളായിട്ടാണ് കണ്ടിട്ടുള്ളത് . അങ്ങനെ കാണാവൂ. അതുകൊണ്ടാണ് ഉപ്പ ഇങ്ങളെ കളിചിരികളും കുസൃതികളുമൊന്നും കാണാത്തെപോലെ പോയത്. പെങ്ങന്മാരേ ആരേലും കല്ല്യാണം കഴിക്കോ ? .”
സ്നേഹത്തോടെയുള്ള ആ വാക്കുകള്‍ക്കുമുമ്പില്‍ അവന് അമ്പേ തോല്‍ക്കുകയായിരുന്നു. ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ കുട്ടിക്കാലം. എന്തിലും സൌന്ദര്യം കണ്ടെത്തിയ ബാല്യകാലം എല്ലാം ഒരുനിമിഷം കണ്ണിലൂടെ മിന്നിമറഞ്ഞു. ഇളം പ്രായത്തിലുള്ള നെല്ലിന്റെ കതിര് പറിച്ചുനല്‍കിയത് , അരക്കൊപ്പം ചെളിയിലിറങ്ങി പൂന്തക്ക പറിച്ചുനല്‍കിയത് , ഒരു കടിച്ചാപറിച്ചി വാങ്ങി അത് രണ്ടായി കടിച്ചുതിന്നത് . ഓണത്തിന്, തലേന്നാള്‍ തെക്കേ പറമ്പിലെ പുളിമാവിന്റെ ചോട്ടില്വച്ച് ആരും കാണാതെ ഉമ്മനല്കിയത് … എല്ലാമെല്ലാം ഒരു മിന്നല്‍പ്പിണര്‍പോലെ ….
പിറ്റേന്ന് പണിക്കുവന്ന രാമു വല്ലാത്തൊരു സങ്കോചതോടെ ഒരു നില്‍പ്പായിരുന്നു .അതുകണ്ടപ്പോള്‍ അയാളുടെ നെഞ്ചും ഒന്നു പിടച്ചു. വഴിയില്‍ വച്ച് ആരോ രാമുവിനോട് വിഷയം, ധരിപ്പിച്ചിട്ടുണ്ടെന്ന് അയാള്‍ മനസ്സിലാക്കി. കുഞ്ഞുമോന്ക്ക രാമുവിനെസമാധാനിപ്പിച്ചു. ആ സ്നേഹബന്ധത്തിന് കോട്ടം തട്ടാതെ കാലം കടന്നുപോയി. ആഷിഖ് ഒരു അദ്ധ്യാപകനാവുകയും റസിയ എന്ന നല്ലൊരു കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ശാരിക അവളും വിവാഹത്തിലൂടെ അവളുടെ ജീവിതം തുടര്‍ന്നു.
ആദ്യമാദ്യം ആഷിഖിന് റസിയയെ ഉള്ക്കൊള്ളനായിരുന്നില്ല. എപ്പോഴും ശാരികയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. തനിക്കുവേണ്ടി കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയെ ഇനിയും വേദനിപ്പിക്കരുതെന്ന ചിന്തയോ റസിയയുടെ പ്രാര്‍ത്ഥനയോ ഏതാണെന്നറിയില്ല, അവന് അവളോടു കൂടുതല്‍ ഇഴുകിച്ചേരാന്തുടങ്ങി. താനും ശാരികയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഇടക്കെപ്പോഴോ അവന് റസിയയോട് പറഞ്ഞു. അവളത് കൌതുകത്തോടെ കേട്ടുവെന്നല്ലാതെ ഒന്നും പറഞ്ഞില്ല. അത് വലിയൊരു ആശ്വാസമായി ആഷിഖിന്. മഞ്ഞും മഴയും വെയിലുമായി കാലം ഇലകള്പൊഴിച്ചും പുതുനാമ്പുകള്‍ തളിര്‍പ്പിച്ചും പൂക്കളും കായ്കളും നല്‍കിയും കടന്നുപോയി .
ആഷിഖ് തനിക്ക് രണ്ടു പെണ്മക്കളുണ്ടായതോടെ ഏറെക്കുറെ ശാരികയെക്കുറിച്ചുള്ള ചിന്തകളില്‍നിന്നും മോചിതനായിരുന്നു. ഇതിന്നിടയിലാണ് ഒരു ദിവസം കോളേജിന്റെ വട്സാപ്പ് കൂട്ടായിമയില്‍ സുഹൃത്തായ രാമദാസ് ” ഇവരെ അറിയുമോ ” എന്ന തലക്കെട്ടോടെ ഒരു ഭ്രാന്തിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്. ഫോട്ടോ കണ്ടപ്പാടെ ആഷിഖിന്റെ ഉള്ളു പിടഞ്ഞു. ഒരിക്കല്‍ തന്റെ എല്ലാമെല്ലാമായിരുന്ന ശാരിക. വല്ലാത്തൊരു കോലമായിരിക്കുന്നു. അവന് രാമദാസിനെ വിളിച്ച് അവളുള്ള ഹോസ്പിറ്റല്‍ ചോദിച്ചറിഞ്ഞു. പിറ്റേ ദിവസം രാവിലെത്തന്നെ വീട്ടില്‍നിന്നിറങ്ങി. പോകുമ്പോള്‍ റസിയയോടു പറഞ്ഞു .
”എല്ലാം ഞാന്‍ വന്നിട്ട് പറയാം ” .
ഹോസ്പിറ്റലിലെത്തിയ ആഷിഖ് ഡോക്ടറോട് എല്ലാം ചോദിച്ചറിഞ്ഞു. വിവാഹത്തിനുശേഷം ശാരികയ്ക്ക് കുട്ടികളുണ്ടായിരുന്നില്ലന്നും അതില്‍ ചെറിയ തോതിലുള്ള മാനസ്സികാസ്വസ്ഥയോടെ ജീവിക്കുന്നതിന്നിടയില്‍ ഭര്‍ത്താവ് കാന്‍സെര്‍ പിടിപെട്ടു മരിച്ചുവെന്നും അതിന്നുശേഷമാണ് അവള് തീര്‍ത്തൂം ഭ്രാന്തിയായതുമെന്നുള്ള സത്യം അവന് ഡോക്ടറില്‍നിന്നും മനസ്സിലാക്കി. എന്നാല്‍ ഇപ്പോള്‍ ഏറെക്കുറെ അസുഖം ഭേദമായിട്ടുണ്ടെന്നും ആരും കൊണ്ടുപോകാന്ഇല്ലാത്തതിനാൽ ഹോസ്പിറ്റലില്‍തന്നെ തുടരുന്നതുന്നുമാറിഞ്ഞപ്പോള് അവന് ഉടനെത്തന്നെ റസിയയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു .
മീനാക്ഷി മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാര്‍ ആക്സിഡെന്റില്‍ കൊല്ലപ്പെട്ടിരുന്നു. അതിന്നുശേഷം രാമു തനിച്ചാണ്. ശാരികയുടെ ചേച്ചിമാര് വല്ലപ്പോഴും വന്നുനിന്നെങ്കിലായി. അതുകൊണ്ടുതന്നെ അവന് ശാരികയേയുംകൂട്ടി നേരെ തന്റെ വീട്ടിലേക്കാണ് പോന്നത്. കാറിലേക്ക് കയറുമ്പോള്‍ അവളുടെ കണ്ണുകളില്‍നിന്നും മുഴുത്ത കണ്ണീര്‍ത്തുള്ളികള്‍ പിടഞ്ഞുവീഴുന്നുണ്ടായിരുന്നു. അതുകണ്ടപ്പോള്‍ അവന്റെ കണ്ണും നിറഞ്ഞു. ആരും കാണാതെ കണ്ണീര് തുടക്കുമ്പോള്‍ പഴയൊരു പ്രണയത്തിന്റെ തേങ്ങല്‍ നെഞ്ചിലുണ്ടായിരുന്നു. വീട്ടില്‍ ഉപ്പയും ഉമ്മയും റസിയയും മക്കളുമെല്ലാം അവരെയുംകാത്ത് കോലായില്‍ത്തന്നെ നില്‍പ്പുണ്ടായിരുന്നു. റസിയ അവളേയുംകൂട്ടി അകത്തേക്കുപോയപ്പോള്‍ കുഞ്ഞുമോന്ക്ക കസേരയിലും അടുത്തായി പാത്തുവും അടുത്തവീട്ടിലെ കാര്‍ത്തുവിനെ രാമുവിനെ വിളിക്കാന്‍ പറഞ്ഞയച്ച് അവന്റെ വരവും കാത്തിരിപ്പായിരുന്നു. പെട്ടെന്നാണ് കാര്‍ത്തു കരഞ്ഞുകൊണ്ട് ഓടിക്കിതച്ചെത്തിയത് . ”കുഞ്ഞോന്മാപ്പളെ ഞമ്മളെ രാമു മരിച്ചു കിടക്കുന്നു. ”.
കാര്‍ത്തു ഗദ്ഗദകണ്ഠയായി പറഞ്ഞപ്പോള്‍ ആകാശം മേഘാവൃതമാവുകയും ഇടിയോടുകൂടി മഴപെയ്യുകയും ചെയ്തു. ആ മഴപ്പെയ്ത്തില്‍ ശാരികയുടെ നെഞ്ചിലെ ഇടിമുഴക്കം ആഷിഖുമാത്രം കേട്ടു.
