ആശയടക്കം

1.

പ്രായമാകാൻ പോകുന്നു
പക്വത പേറേണ്ടിയിരിക്കുന്നു

നീയിനി,
ചിരിക്കുമ്പോൾ ചിന്തിക്കണം
കാര്യങ്ങൾ കണ്ടറിയണം
നടക്കുമ്പോൾ നാണിക്കണം
കേൾക്കുമ്പോൾ കരുതണം
പറയുമ്പോൾ പേടിക്കണം
പലതും,
കാണുമ്പോൾ കണ്ണടക്കണം

പഠിച്ചില്ലെങ്കിലും പറയിപ്പിക്കരുത്
കുടുംബപ്പേര്  കുട്ടിച്ചോറാക്കരുത്
സംസ്കാരം മറന്ന് സന്തോഷിക്കരുത്
അയൽപക്കം കേൾക്കെ ആലോചിക്കരുത്
മറ്റൊരുവീട്ടിൽ മരുമോളാകേണ്ടവളാണ്
മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കേണ്ടവളാണ്

കാര്യങ്ങളൊക്കെ
കാരണവന്മാര് കണക്കാക്കിയിട്ടുണ്ട് !
കരയിലാരും കാണാത്ത കല്യാണമാവണം!
കാണുന്നവരെയൊക്കെ ക്ഷണിക്കണം!
ഇതുവരെ കാത്തുവെച്ചതെല്ലാം ഇതിനാണ്!
എനിക്കുള്ളതെല്ലാം നിനക്കാണ് !

നാളെനീ നന്നായിട്ടൊരുങ്ങണം!
നാലാളറിയണം-
നൂറ്റൊന്ന് പവൻ വേണം!
ചിലർക്കെങ്കിലും വേണ്ടി
ചിന്തിക്കാതെ ചിരിക്കണം
പുതിയബന്ധുക്കളോട്
കുശലം പതറാതെ പറയണം
കാണികൾ കണ്ടുനിൽക്കേ
കണ്ണ്നനയാതെ കരയണം
അപ്പോഴും അച്ഛന്റെ
അഭിമാനം കാക്കണം!

2.

വന്നിട്ട് വർഷമൊന്നായില്ലേ ?
അടുക്കള അടുക്കിക്കൂടെ?
അമ്മയെ അനുസരിച്ചൂടെ?
തറ തുടച്ചൂടെ?
തുണിയെല്ലാം തിരുമ്മിക്കൂടെ?

നീ പ്രായമായവളല്ലേ?
പക്വത പണ്ടേവേണ്ടേ?
പെരുമാറേണ്ടവിധമൊന്നും
പണ്ടാരും പറഞ്ഞിട്ടില്ലേ?

കൊഞ്ചിച്ച് നടന്നതല്ലേ
ഇങ്ങനെ,
ആയില്ലെങ്കിലേ അത്ഭുതമുള്ളൂ!

വല്യ ബന്ധങ്ങൾ വന്നുപോയതല്ലേ
വയ്യാവേലി വലിച്ചു കേറ്റീതല്ലേ
എല്ലാരുംപറഞ്ഞത് എതിർത്തിട്ടല്ലേ
പറഞ്ഞിട്ടെന്ത് പറ്റിപ്പോയില്ലേ
മുടിഞ്ഞവൾ വീടുമുടിച്ചില്ലേ
പണ്ടാരമിനീം പോയിത്തുലഞ്ഞില്ലേ

മിഴിച്ച് നോക്കാതൊന്ന് മിണ്ടിക്കൂടെ?
മെനക്കെടുത്താതൊന്ന് മരിച്ചൂടെ?
നാവില്ലേടീ.. നായിന്റെമോളെ
നാളെനീ നേരം വെളുപ്പിക്കില്ലാ

3.

ആദ്യവുമവസാനവുമായി
അനുസരണക്കേട് കാട്ടി..

പറയാനെന്നും പേടിച്ച്..
കാണുമ്പോൾ കണ്ണടച്ചടച്ച്..
കണ്ണുനനയാതെ കരഞ്ഞുകരഞ്ഞ്..
അവസാനം ആശയടക്കിയടക്കി..
തൂക്കം കുറഞ്ഞ
താലിമാലയറുത്തു മാറ്റി
കനത്തൊരു
കയർമാല കഴുത്തിലേറ്റി!

പെരുമ്പാവൂരിനടുത്ത് ഐരാപുരത്ത് ജനനം. ഇംഗ്ലണ്ടിൽ നാഷണൽ ഹെൽത്ത് സർവീസിൽ ബിസിനസ്സ് ഇന്റലിജിൻസ് മാനേജരായി ജോലി ചെയ്യുന്നു.