ആവർത്തന സിദ്ധാന്തം

ദൈവത്തിന്റെ കൈയ്യിലുള്ള കാലമെന്ന പുസ്തകത്തിലെ
പേജാണ് ദിവസം

ദൈവം കാലമെന്നപുസ്തകം നിവർത്തി ആവർത്തിച്ചു വായിക്കുന്നു

ഇന്ന്,
പണ്ടെന്നോ കഴിഞ്ഞുപോയ ഒരു ദിവസത്തിന്റെ ആവർത്തനം

പണ്ടെന്നോ കുതിരപ്പുറത്തു യാത്ര ചെയ്ത ഒരാളുടെ യാത്രയുടെ ആവർത്തനമായാണ് നീ ഇന്ന് കാറിൽ സഞ്ചരിച്ചത്

എപ്പോഴോ,ആർക്കോ മുറിഞ്ഞ മുറിവാണിന്നൊരാളിൽ
ചോരയൊഴുക്കുന്നത്

അന്ന് ആർക്കോ വച്ച കെണിയുടെ
ആവർത്തനമാണിന്നിരയാക്കപ്പെട്ടത്

ആരോ ഒരിക്കൽ അനുഭവിച്ച സന്തോഷമാണാ
പാട്ടിലിപ്പോൾ നിറയുന്നത്

ആർക്കോ, ആരോടോ തോന്നിയ പ്രണയമാണ്
നിനക്കവളോട് തോന്നുന്നത്
(അവൾക്ക് നിന്നോടും)

മുൻപ് കഴിഞ്ഞു പോയതിന്റെ ആവർത്തനമല്ലാത്ത ഒന്നുമില്ല

അന്ന് പൂത്ത മരങ്ങളുടെ ആവർത്തനമാണിന്ന് പൂവിടുന്നത്

അന്ന് പറന്നതിന്റെ ആവർത്തനമാണിന്ന് ചിറകടിക്കുന്നത്

അന്നത്തെ ഒഴുക്ക് തന്നെയാണിന്നും അലയടിക്കുന്നത്
അന്നത്തെ ഇരമ്പം തന്നെയാണിന്നും കടലിലിരമ്പുന്നത്

അന്ന് പെയ്ത മഴയാണിന്നും നനയുന്നത്

അന്ന് ആരാകും നിന്റെ പകരമിവിടെ ജീവിച്ചത്!
അയാളിൽ നിന്നാകുമോ നിന്റെ മോഹങ്ങളുടെ വിത്ത് മുളച്ചത്
അതോ അയാൾക്ക് മുൻപുള്ളയാളിൽ നിന്നായിരിക്കുമോ?

നിറവേറാതെ പോകുന്ന നിന്റെ മോഹങ്ങളൊക്കെ
ആർക്കായിരിക്കും നല്കപ്പെടുക
അയാൾക്കതിന്റെ
ഭാരം താങ്ങാനാകുമോ?

കോഴിക്കോട് ജില്ലയിൽ വാണിമേൽ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. സുനാമി, ചുവന്ന മഷി കൊണ്ടൊരടി വര എന്നീ കഥാ സമാഹാരങ്ങൾ. ആനുകാലികങ്ങളിൽ ധാരാളം കഥകളും, കവിതയും, അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്