ആറാം കൂദാശ

”What therefore God has joined together, let no man put asunder”.
–Catechism of the Catholic Church 1614”

ഫ്ലാറ്റിൽ മറ്റുള്ളവരെല്ലാം വാരാന്ത്യ ആഘോഷം തുടങ്ങിയിരുന്നു. ഒരു ഭാഗത്ത് ടെലിവിഷനിൽ വാർത്ത. മഹാമാരിയുടെ പ്രതിസന്ധികളെയും ആശങ്കകളെയും കുറിച്ചാണ് ചതുരക്കളത്തിലിരുന്നുള്ള ചർച്ച. എൻ്റെ റൂംമേറ്റ് സഞ്ജയ് ഒഴിച്ച്, മറ്റു മുറികളിൽ താമസിക്കുന്ന രതീഷ്, സുഹാസ് , ഹാറൂൺ, മധു എന്നിവരെല്ലാം പറഞ്ഞതു തന്നെ പറഞ്ഞു തർക്കിച്ചുകൊണ്ടിരുന്നു. സഞ്ജയെ അതിനൊന്നും കിട്ടത്തില്ല. അവനെപ്പോഴും കംപ്യൂട്ടർ തിന്നുകൊണ്ടിരിക്കുകയാണ്.

കൂട്ടുകാരുടെ മുന്നിൽ ഇതിനകം ‘ബെക്കാർഡി’യുടെ ഒരു ഫുൾ ബോട്ടിൽ കാലിയായിക്കഴിഞ്ഞു. മറ്റൊരു ബോട്ടിൽ പൊട്ടിക്കാതെ വച്ചിട്ടുണ്ട്. ‘അൽ റവാബി’യുടെ നോ ഷുഗർ ആഡഡ് ഒാറഞ്ച് ജ്യൂസും പാതിയിരിപ്പുണ്ട്. ‘ആരാമ’ത്തിൽ നിന്ന് വീണ്ടും ബീഫ് ഫ്രൈ ഒാര്‍ഡർ ചെയ്തത് എത്തും വരെ പിടിച്ചുനിൽക്കാനാണ് അവരുടെ ശ്രമമെന്ന് തോന്നി. സത്യം പറയാല്ലോ, എനിക്കവന്മാരോടെ കൂടെ കൂടുന്നത് ഒ‌ട്ടും ഇഷ്ടമല്ല. എനിക്കേ, ഹോട്ട് ശരിയാവില്ലെന്നേ. കൂടിപ്പോയാ രണ്ട് ചെറിയ ബിയറ്. അതോടെ ഞാൻ ഫ്ലാറ്റാകും. പിന്നെ, അവരു‌ടെ കളിയാക്കൽ വെറുതെ കേൾക്കേണ്ടി വരും. അതുകൊണ്ടുകൂടിയാ ഞാൻ പതുക്കെ സ്കൂട്ടായത്.

ദുബായിൽ നിന്ന് *ബറാക്കുഡയിലേയ്ക്ക് പുറപ്പെട്ടതു മുതല്‍ മരുഭൂമിയിലെ പൊടിക്കാറ്റുപോലെ എന്നെ മൂടിയിരുന്നത് എൻ്റെ പോയകാലമാണ്. ഇന്നായിരുന്നു ഞാനും മീരയും തമ്മിലുള്ള കേസ് കുടുംബ കോടതീല് ഒത്തുതീർന്നത്. അതിൻ്റെ ചെറുതല്ലാത്തൊു ആശ്വാസം എന്നിൽ സന്തോഷം പകർന്നിരുന്നു. കാരണം, നാട്ടിൽ പോയിട്ട് ശരിക്കും പറഞ്ഞേച്ചാ ഇന്നേയ്ക്ക് നാല് കൊല്ലോം രണ്ട് മാസോം നാല് ദിവസോമായി. ഇനി സമാധാനമായി നാട്ടില്‍ ചെന്ന് വീണ്ടുമൊരു ജീവിതപങ്കാളിയെ തേടണം. ആലോചിച്ചപ്പോ ഉള്ളിൽ ആഹ്ളാദക്കടൽ അലയടിച്ചെങ്കിലും തകർന്നുപോയ ദാമ്പത്യ ജീവിതം നഗ്നമായ മരുഭൂമി കണക്കെ എല്ലാവരുടെയും മുന്നിൽ തുറക്കപ്പെട്ടതിൻ്റെ ഒരിത് എനിക്കില്ലാതില്ല. ദുരന്തമായിത്തീരുന്ന പ്രണയകഥകൾ പറയാനും കേൾക്കാനും മറ്റുള്ളവർക്ക് വലിയ താത്പര്യമാണല്ലോ. എൻ്റെയും മനസ്സ് ആ ജീവിതകഥയുടെ നിമ്നോന്നതങ്ങളിലൂടെ കയറിയിറങ്ങിക്കൊണ്ടേയിരുന്നു.

ഞാനവളെ, മീരയെ വെരി ഫസ്റ്റ് ടൈം കാണുന്നത് എൻ്റെ ജൂനിയറായിട്ട് എന്‍റെ തന്നെ കോളജിൽ പഠിക്കാൻ വന്നപ്പോഴാണ്. അവള്‍ എംഎ മൾട്ടി മീഡിയാ, ഞാനെമ്മേ ഫിലിം. ഞാൻ രണ്ടായിരത്തി പതിനഞ്ച് ബാച്ച്. അവള് പതിനാറ് ബാച്ച്. ഇൗ പറഞ്ഞപോലെ ആദ്യത്തെ ഒരു വർഷം ഞാനാ പെങ്കൊച്ചിനെ കണ്ടിട്ടുപോലുമില്ല. കാരണം എനിക്ക് വേറെ കൂട്ടുകെട്ടുകളുണ്ടായിരുന്നു. നല്ല കൂട്ടുകാരികളും കൂട്ടുകാരന്മാരുമുണ്ടായിരുന്നു. ‌അതെല്ലാം കഴിഞ്ഞ് ഒരു ദിവസം ഒരു മൂവ് മെൻ്റില് ഞാൻ ഞങ്ങളുടെ ഡിപാർടമെൻ്റിന് മുൻപില് ബൈചാൻസിലിങ്ങനെ ചോറുണ്ടിരിക്കാൻ നേരത്ത്, അവളതിലെ നടന്നുപോയി. കോളജില് അവള് നന്നായി പാട്ടുപാടുമായിരുന്നു. അവള് പ്രാർഥനാ ഗീതം പാടുന്നത് ഞാൻ കേട്ടിരുന്നു. പള്ളിയിലൊക്കെ പാടുമായിരുന്നു. മീര മറിയം ജോർജ് എന്നായിരുന്നു അവളുടെ ഫുൾ നെയിം. മീര എന്ന് മാത്രം ഞാനാദ്യം കേട്ടപ്പം വിചാരിച്ചു, അവള് ഹിന്ദുവായിരിക്കുമെന്ന്. അന്നേരം ഞാനവളെ വിളിച്ചിട്ട് നീ ഹിന്ദുവാണോടീന്ന് ചോദിച്ചു. അപ്പോളവള് പറഞ്ഞു, ക്രിസ്ത്യാനിയാടാ..
അപ്രതീക്ഷിത ടാ വിളിയിൽ ഞാനൊന്ന് പതറിയെങ്കിലും, അതു പുറത്തുകാണിക്കാതെ പറഞ്ഞു: ഹൊ, ആണല്ലേ… നീയേതായാലും നന്നായി പാട്ടുപാടുന്നുണ്ട്. അവളപ്പോ െഎശ്വര്യാ റായിയെപ്പോലെ മനോഹരമായി ചിരിച്ചു. ഞാനെൻ്റെ കൂട്ടുകാരൻ സുധിയുടെ കാതിൽ ചുണ്ട് ചേർത്ത് ചേദിച്ചു: ‍ടാ, സുധീ… നെനക്കെന്ത് തോന്നുന്നെടാ? ക്രിസ്ത്യാനിക്കൊച്ചാ..?

ങാ, കൊഴപ്പോന്നൂല്ലല്ലോ കാണാൻ എന്ന് സുധി വല്യ താത്പര്യമില്ലാതെ പറഞ്ഞു. ഞാനപ്പോ അവളോട് എന്നാ കൊച്ച് പൊക്കോന്ന് പറഞ്ഞു.

അന്ന് എനിക്ക് നല്ല വാല്യു ഉണ്ടായിരുന്നു. ഞാനന്ന് സിനിമേല് ക്യാമറാ അസിസ്റ്റൻ്റായിരുന്നു. അത്യാവശ്യം ആക്ടേഴ്സിനേം സംവിധായകരേം എല്ലാം അറിയാം. ഇങ്ങനെ കുറേ ഡോക്യുമെൻ്ററീസൊക്കെ ചെയ്യുന്നു. പിന്നെ കോളജ് ഇലക് ഷനിലും ജയിച്ചു. പിജി റെപ്. കോളജില്‍ ആറ് വർഷത്തിന് ശേഷം എൻ്റെ പാർട്ടി ജയിക്കുന്നു. പിന്നെ എനിക്കൊരു ബുള്ളറ്റുമുണ്ടായിരുന്നു. അതൊക്കെ കൊണ്ടായിരിക്കണം, ഇവള് ഭയങ്കര താത്പര്യമൊക്കെ പ്രകടിപ്പിച്ചു.
ഇങ്ങനെ നടക്കുന്ന സമയത്ത് ഒരു ദിവസം എൻ്റ‌ടുത്ത് വന്നിട്ട് അവള് ചോദിച്ചു, എനിക്കെന്തെങ്കിലുമൊന്ന് ഷൂട്ട് ചെയ്തു തരാവോന്ന്. പഠനത്തിൻ്റെ ഭാഗമായുള്ള ഷൂട്ടാണ്. എനിക്ക് ആവേശമായി. ഞാനൊരു കോൺസെപ്റ്റൊക്കെ ഉണ്ടാക്കി. രണ്ട് പെൺകുട്ടികളുടെ ആത്മാർഥ സ്നേഹം ലെസ്ബിയനെന്ന് തെറ്റിദ്ധരിക്കുന്ന കഥ. അക്കാലത്ത് ലെസ്ബിയൻ വിവാദം ചൂടുപിടിച്ചിരുന്നു. അത് രണ്ട് കൂട്ടുകാരികളെ വച്ച് ഷൂട്ട് ചെയ്തു. അതെല്ലാവർക്കും ഇഷ്ടമായി. അങ്ങനെ ഞാനിവളുമായിട്ട് നല്ല കൂട്ടായി. പിന്നെന്നും ചാറ്റിങ്ങായി.

ഞാൻ ഇഷ്ടംപോലെ ഫ്രീലാൻസ് വർക് ചെയ്തു തുടങ്ങിയ കാലം. കല്യാണ വർക്കൊക്കെ കിട്ടിത്തുടങ്ങി. ഇവളാണെങ്കി എല്ലാ ദിവസോം ഭയങ്കര കെയറിങ്. നൈറ്റ് രണ്ട് മൂന്ന് മണി വരെയൊക്കെ സംസാരിക്കുന്നു. അങ്ങനെയീ കൈൻഡ് ഒാഫ്…എന്താ പറയ്യാ. അന്നത്തെയൊരു ക്രൂക്ക് ഡ് മെൻ‍ഡാലിറ്റി. നമ്മുടെയൊരു ഗേള്‍ഫ് ഫ്രണ്ടായിട്ട് വരും എന്നൊരു തോന്നല്. നമുക്കും ഒരു ആഗ്രമുണ്ടായിരിക്കുമല്ലോ. അങ്ങനെ ഇവള് ഒരു ദിവസം എന്നോ‌ട് ചോദിച്ചു:
റിതേഷിന് ഇഷ്ടപ്പെട്ട പാട്ടേതാ?. അപ്പോ ഞാൻ പറഞ്ഞു: പഴേ ഒരു തമിഴ് പടത്തിലെ ജാനകിയമ്മേടെ ‘ഉൗരു സനം തൂങ്കിറുച്ച്’ എന്നൊരു പാട്ടുണ്ട്. നല്ല ഇതാ ആ പാട്ടു കേക്കാൻ. അപ്പോ അവള് വെറുതെ ചിരിച്ചു. നെക്സ്റ്റ് കോളജില് ഒാണാഘോഷമായിരുന്നു. അപ്പത്തേനും കോളജിലെല്ലാവരും നോട്ട് ചെയ്തു തുടങ്ങി, ഇൗ പെണ്ണെന്തിനാ എപ്പോഴും ഇവൻറെ കൂടെ നടക്കുന്നേ?, ഇവനെന്തിനാ എപ്പഴും ഇൗ പെണ്ണിൻ്റെ കൂടെ നടക്കുന്നേ?. ഞങ്ങളെ പല സ്ഥലത്തു വച്ചും സ്പോട് ചെയ്യുന്നു. ഞങ്ങള് സിനിമയ്ക്ക് പോയിത്തുടങ്ങി. എവിടെയെങ്കിലും ഷോർട് ട്രിപ്പും പോകും. എപ്പഴുമെപ്പഴും മീറ്റ് ചെയ്യും. മോറോവർ, ഞാൻ ഹോസ്റ്റലില് നിക്കുന്നതുകൊണ്ട് ഇവള് ഹോംലി ഫൂഡ് കൊണ്ടുവരും. എനിക്കത് വല്യൊരു ആശ്വാസായിരുന്നു. കാരണം, ഡിഗ്രി മുതല് ഹോസ്റ്റലില് നിക്കുന്നതോണ്ട് വീട്ടിലുണ്ടാക്കിയ ഫൂഡ് കഴിക്കാൻ ഭയങ്കര ആഗ്രഹായിരുന്നു.

അങ്ങനെ പോകുമ്പം, ഒരോണാഘോഷത്തിന് ഇവള് ആ പാട്ടുപാടി. ‘ഉൗരു സനം തൂങ്കിറുച്ച്, ഉൗതക്കാറ്റും അടിച്ചിറുച്ച്…’. അപ്പോ എനിക്ക് ഭയങ്കര സന്തോഷായി. നല്ല രസാ ആ പാട്ടു കേക്കാൻ. ഇതുവരെ എനിക്കിങ്ങനെ.. ങാ, അതുപോട്ടെ, അങ്ങനെ ഞങ്ങള് തമ്മി നല്ല കൂട്ടായി. നല്ല കൂട്ടായി, ഗ്രാജ്വലി അതു അത്യാവശ്യം എനിക്ക് ചെറിയ ചെറിയ ഉമ്മകളും കാര്യങ്ങളുമൊക്കെ കിട്ടിത്തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം അവള് സുന്ദരിയായിരുന്നു. പിന്നെ ഒാരോരുത്തരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രസ്പെക്ടീവാണല്ലോ.

അങ്ങനെ ഞങ്ങള് തുടങ്ങി, കാരണം ഇൗ പറഞ്ഞപോലെ ലേറ്റ് നൈറ്റ് ചാറ്റിങ്. പത്ത് മണി കഴിഞ്ഞാപ്പിന്നെ ഞങ്ങൾക്ക് ഗ്ലോബൽ കാര്യങ്ങളൊന്നും ചർച്ച ചെയ്യാനില്ല. പിന്നെ ഗ്രാജ്വലി, എൻ്റെ ഉള്ളിലത്തേയും പുറത്തേക്കിറങ്ങും. നമ്മുടെ മാന്യമായ മുഖം മാറിത്തുടങ്ങും. അങ്ങനെ വല്യ സിറ്റ്വേഷനൊന്നുമില്ല. അന്നെനിക്ക് അത്യാവശ്യം കൺട്രോളിങ് ആയി ഫീല് ചെയ്തു. അങ്ങനെയങ്ങനെ ഞങ്ങള് തമ്മിൽ പ്രണയിക്കാൻ തുടങ്ങി. പ്രണയം കോളജ് മൊത്തം പാട്ടായി. അപ്പഴത്തേക്കും എൻ്റെ ബാക്കിയുള്ളതെല്ലാം പോയി. ഒാഹോ, നീയിത് ഹൈഡ് ചെയ്തുവച്ചൂന്ന് പറഞ്ഞുംകൊണ്ട് ബാക്കി കൂട്ടുകാരികളെല്ലാം എൻ്റെ പിന്നാലെ കൂടി.

എല്ലാത്തിനുമപ്പുറം എനിക്ക് മീരയെ വല്യ ഇഷ്ടായിരുന്നു. ഇവള് നന്നായി പാടുന്നത് കണ്ട് എനിക്ക് ഭയങ്കര അത്ഭുതായിരുന്നു. അങ്ങനെ നന്നായി ഒണ്ടായിരുന്ന കാലം ഞാൻ ആത്മാർഥായി പ്രണയിച്ചു. കോളജ് കഴിഞ്ഞിട്ട് ഞാനാ കോളജില് മൂന്ന് മാസം കണ്ടിന്യൂ ചെയ്തു. ഇൗ പഠിപ്പീരും ഡിപാർ‌ട്മെൻ്റിൻ്റെ കുറേ ഷൂട്ടുകളുമാന്നേ. ഇവള് പുറത്ത് പാടാൻ പോകുന്നോണ്ട് ഇവളുടെ കൈയില് അത്യാവശ്യം പോക്കറ്റ് മണിയൊക്കെ ഉണ്ട്.
ഡെന്നിസൺ. അവനാണ് ഇൗ കഥയിലെ വില്ലൻ. അവൻ കാരണമാ ഞങ്ങള് തമ്മിൽ അകൽച്ച തുടങ്ങിയത്. അവള്‍ക്ക് ഇവനുമായി അന്നേ ഒരു കൂട്ടുകെട്ടുണ്ട്. അവനാണെങ്കി ഹൺട്രഡ് പേഴ്സൻ്റേജ് അലവലാതി. ഇൗ ഡ്രഗ്, ആൽക്കഹോൾ… ഇൗ വക കാര്യങ്ങളെല്ലാം. ലിറ്ററലി മെൻ ഫോർ കോഴിത്തരം. ഞാനന്നേ ചോദിച്ചിട്ടുണ്ട്, എന്തിനാ ഇൗ കൂട്ടുകെട്ടെന്ന്. ഞാനൊരു പ്രണയത്തീപെട്ടിരുന്ന സമയത്ത് അവനെന്നെ ഒത്തിരി ഹെൽപ് ചെയ്തിട്ടുണ്ടെന്ന് അവളപ്പോ പറഞ്ഞു. അപ്പോ ഞാൻ ഇനിയത് വേണ്ടെന്ന് തീർത്തങ്ങ് പറഞ്ഞു. അപ്പോൾ അവള് എന്നോട് ഒാപണായിട്ട് ആ കഥ പറഞ്ഞു, അവക്ക് ‍ഡിഗ്രി ടൈമില് ഒരു പ്രണയമുണ്ടായിരുന്നുവെന്നും, അവനെ ഒാൾമോസ്റ്റ് കെട്ടാനൊരു പ്ലാനിട്ടുവെന്നും. പക്ഷേ, അവനവളെ തേച്ചു.

സീ, അന്നെ‍ന്റെ മനസ്സില് ഞാനും മീരയും തമ്മീ കെട്ടും എന്നൊരു ചിന്തയൊന്നുമില്ല. കോളജിലെ ഒരു അഫയർ. ദാറ്റ് വിൽ ഗോ ആഫ്റ്റർ ദാറ്റ് എന്നൊക്കെ രീതിയിലായിരുന്നു ചിന്ത. ബേസിക്കലി എൻ്റെ കോളജ് കഴിഞ്ഞു. എനിക്കാണേല് ഒരു വരുമാനോമില്ല. സിനിമയിൽ സ്വതന്ത്ര ക്യാമറാമാൻ എന്ന മോഹവുമായി നടക്കുന്ന കാലം. അപ്പോ, അതുകഴിഞ്ഞപ്പോ ഒരുദിവസം ഇവള് എൻ്റടുത്തു പറഞ്ഞു:‌ അന്നേ, വാലൻ്റൈൻസ് ഡേയ്ക്ക് ഡെന്നിസൺ എനിക്ക് തന്ന ഒരു മോതിരം എൻ്റെ കൈയിലിരിപ്പുണ്ട്. എനിക്ക് എന്നാ ചെയ്യേണ്ടതെന്ന് അറിയത്തില്ല. അപ്പോ ഞാൻ പറഞ്ഞു:ങാ.. അത് നമുക്ക് വിറ്റ് വല്ല ധർമക്കാർക്കോ പാവപ്പെട്ടവർക്കോ, ആര്‍ക്കെങ്കിലും കാശ് കൊടുക്കാം. അല്ലാണ്ടിപ്പോ എന്ത് ചെയ്യാനാ.

അവളതെന്നെ ഏൽപിച്ചിട്ട് പോയി. എനിക്കാണേല് ക്യാഷിന് നല്ല ടൈറ്റുമായിരുന്നു. ആലോചിച്ചപ്പോ ഞാനുമൊരു ധർമക്കാരനല്ലേ എന്ന് തോന്നി. ഒരു നാലായിരം രൂപയ്ക്ക് വിറ്റു. റൂമിൻ്റെ റെൻ്റടച്ചു. പെട്രോൾ, വണ്ടീടെ മെയിൻ്റനൻസ്… പിന്നീട് ഞാനതവളോട് പറയുകയും ചെയ്തു, ഏതൊരു ധർമക്കാരൻ്റത്രയും ദാരിദ്ര്യത്തിലായിരുന്ന് ഞാനുമെന്ന്. അവളപ്പോ ചിരിച്ചുമരിച്ചു.

അതിനിടയ്ക്ക് ഒരു ദിവസം ഞാനവളുടെ ഫാമിലീസിനെയെല്ലാം മീറ്റ് ചെയ്തു. അവളുടെ അപ്പൻ ചക്കരക്കൽ തോബിയാസ് ഒരു ഗവൺമെൻ്റ് ഉദ്യോഗസ്ഥനായിരുന്നു. ജോലി ബോറടിച്ചപ്പോ ചോദിച്ചുവാങ്ങി റിട്ടയര്‍ ചെയ്തതാ. മമ്മിക്ക് പണിയൊന്നുമില്ല. ഇവള് മൂത്തമോളാ. ഇളയത്തൂങ്ങള് ഒരു അനിയനും അനിയത്തിയും. കാസർകോട് ബന്തടുക്കയിൽ ഏക്കർ കണക്കിന് റബർ തോട്ടമുണ്ട് ഇവർക്ക്. പണ്ടേ വാങ്ങിച്ചിട്ടതാ. അപ്പൻ എന്നെക്കുറിച്ച് അന്വേഷിച്ചു, ഹാപ്പിയായി. ഇൗ ഡെന്നിസണുമായി എനിക്കും നല്ല കൂട്ടുകെട്ടുണ്ടായിരുന്നു. ഡാ, അവക്ക് പണ്ട് ഏതാണ്ടൊക്കെ ഒരഫയറൊക്കേണ്ടായിരുന്ന് എന്ന് പറഞ്ഞ് അവൻ വിലക്കാൻ വന്നു. ഏയ്, അതോക്കെ പഴയകാര്യങ്ങള്. നമ്മളധികം ചികയേണ്ട ആവശ്യമില്ലെഡാ. സോ ഫാർ അവൾ എൻ്റടുത്ത് നല്ലതാ എന്നങ്ങ് ഞാൻ കാച്ചി. ആ മുഖത്ത് ചെറിയൊരു നിരാശ പടരുന്നത് പോലെ എനിക്ക് തോന്നിയതോ എന്തോ. പക്ഷേ, പിന്നീടാണ് മനസ്സിലായത്, ഇവനും മീരക്കും അന്നുമുതലേ റിലേഷൻഷിപ്പുണ്ട്. അന്നുമുതൽ ഇവൻ അവളെ മിസ്യൂസ് ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞു ഇവള് തന്നെ എൻ്റടുത്ത് ചോദിച്ചു, റീക്ക് എന്നോടുള്ള താത്പര്യമെന്താണെന്ന്. സീരിയസായിട്ടാണോ, അതോ ഇതെല്ലാം റീക്കുള്ളിലെ ഒരു ഫാൻ്റസിയാരുന്നോ? എന്നെ അറിയാനും പെണ്ണിനെ അറിയാനുമുള്ള..?. ഞാനപ്പോ ഒന്നും മിണ്ടിയില്ല.

ഇൗവൻതോ, ഞങ്ങൾ തമ്മിൽ ചെറിയ സെക് ഷ്വൽ റിലേഷൻഷിപ്പ് വരെയുണ്ടായിരുന്നു, കല്യാണത്തിന് മുൻപ്. എക്സീഡ് ചെയ്തുപോയിട്ടില്ലെങ്കിലും, ഇൻ എ മിനിമൽ വേ. ഇവള് സെക്കൻഡ് ഇയറായപ്പോൾ ഞാൻ എറണാകുളത്ത് ഒരു റൂമൊക്കെയെടുത്തിരുന്നു. എൻ്റെ വർക്കും കാര്യങ്ങൾക്കുമൊക്കെയായിട്ട്. ഇവള് വല്ലപ്പോഴുമൊക്കെ അവിടെ വരുമായിരുന്നു. പിന്നെ, ഞങ്ങള് ക്ലാസ് കട്ട് ചെയ്ത് ട്രിപ്പും പോകുമായിരുന്നു. അങ്ങനെ ഞങ്ങൾ എൻജോയ് ചെയ്ത ഒരു മൊമെൻ്റില് അവള് എന്നോടൊരിക്കൽ ചോദിച്ചു, റീ എന്നെ ഇട്ടേച്ച് പോകുവോന്ന്.

അന്ന് ഞാൻ പ്രോമിസ് ചെയ്തു, ഒരിക്കലുമില്ല. ഇനി നീയത് ഏത് അധ്യായത്തില് വേണേലും എഴുതിവച്ചോ , ഞാൻ കെട്ടുന്നുണ്ടെങ്കീ നിന്നേ കെട്ടത്തുള്ളൂ. വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും നീ എന്നെ ഇട്ടേച്ച് പോയില്ലെങ്കിലും നിന്നേ കെട്ടത്തുള്ളൂ. അതൊരിക്കലും ഉണ്ടാകത്തില്ലെന്ന് അപ്പോൾ അവളെനിക്ക് ഉറപ്പുതന്നു, ആ വാക്കുകൾ എനിക്ക് ആശ്വാസം പകർന്നു. ഞാൻ കുറച്ചുകൂടി വിശദമാക്കി: നീ ഇൗ തേപ്പ് അങ്ങനത്തെ വാക്കൊക്കെ എറണാകുളം വരുമ്പം കേക്കുന്ന കാര്യങ്ങളാ. എനിക്കെങ്ങനെയാന്ന് വച്ചാ, ഞാനൊരാളെ ഇഷ്ടപ്പെട്ടു. അവൾക്ക് വാക്കുകൊടുത്തു. വാക്കിനാണ് വില. നിന്നെ ഞാൻ വിശ്വസിക്കുന്നുണ്ട്.

അവളപ്പോൾ ആശ്വാസത്തോടെ ചിരിച്ചു.

അവളും എൻ്റെ ഫാമിലിയെക്കുറിച്ച് അന്വേഷിച്ചു. ചേട്ടൻ പള്ളീലച്ചൻ, ചേച്ചി എൻജിനീയറ്, ഞാൻ എളേത്. അപ്പം, ഒരു ബേസിക് ബാലൻസ് വച്ചുനോക്കുമ്പം ഹി ഇൗസ് ഗുഡ്. പിന്നെ എനിക്ക് നല്ലൊരു കരിയറുണ്ട്. അങ്ങനെ കുറേ സാധനങ്ങളൊക്കെ ഒണ്ട് എന്നൊക്കെ അവക്കും മനസ്സിലായി. അതുകൊണ്ടായിരിക്കാം അവളും ഭയങ്കര സെക്യുറായി നിന്നേ.

അവള് തന്നെ ഒരു മൊമൻ്റില് പറഞ്ഞതാണ്, ഒരീസം ഞാൻ സിനിമാക്കാരനാന്ന് പറയുമ്പം അവൾടെ അപ്പൻ പറഞ്ഞത്രെ, അവൻ വെറും ക്യാമറാ അസിസ്റ്റൻ്റ് , അങ്ങനെ കെട്ടിച്ചുവിടാൻ പറ്റിയ ഒരിനമല്ലെന്ന്. അവക്ക് റിപ്ലൈ ഇല്ലായിരുന്നുവത്രെ.

ഒരു ജോബിലേയ്ക്ക് ചിന്തിച്ചുകൂടെ?. ഫാമിലിയാകുമ്പോ ചെലവില്ലേ, റീ അതാഗ്രഹിക്കുന്നില്ലേ? എന്നൊക്കെ അവൾ ഇച്ചരെ നിരാശയോടെ ചോദിച്ചപ്പോൾ ഞാൻ നോക്കാമെന്ന് പറഞ്ഞു തടിതപ്പി.
ഇവള് എന്നെ നന്നായി കെയർ ചെയ്യുമായിരുന്നുവെന്ന് പറഞ്ഞല്ലോ. അങ്ങനെ വേറൊരു റിലേഷൻഷിപ്പ് എനിക്കിതുവരെ ഉണ്ടായിട്ടില്ല. അതിന് മുൻപും ആരുമായും ഉണ്ടായിട്ടില്ല. അതാണ് എനിക്ക് പറ്റിപ്പോയെ. ആരെയും ജീവിതത്തില് ഇതിന് മുൻപ് പ്രണയിച്ചിട്ടില്ല. അല്ലേല് പ്രണയിച്ച് ഒഴിവാക്കി, പ്രണയിച്ച് ഒഴിവാക്കി ഒരീസിയായിരുന്നു. സംഭവം ഇൗ താടിയും മുടിയും ഇൗ റഫ് വോയിസും കണ്ടപ്പോ എല്ലാരും വിചാരിച്ചു, ഞാനൊരു കലിപ്പനായിരിക്കുംന്ന്. പക്ഷേ, ഒന്നുമല്ലായിരുന്നു. ആർക്കുമത് മനസ്സിലായില്ല. ഞാനാണേല് മുട്ടിനിൽക്കുവായിരുന്നു, ഏതെങ്കിലും ഒരു പെൺകുട്ടി എന്നോട് ചിരിച്ചിരുന്നേല് ആഹാ, സമാധാനമായീന്ന് പറയാം. പക്ഷേ, രൂപവും പ്രകൃതവും കണ്ട് പേടിച്ചാരും മിണ്ടിയിട്ടില്ല. പലർക്കും താത്പര്യമുണ്ടായിരുന്നുവെന്നാണ് പിന്നീട് മീര തന്നെ എന്നോട് പറഞ്ഞേ. പെൺകുട്ട്യോളുടെ ഇടയില് അങ്ങനെയൊരു ടോക്കുണ്ടായിരുന്നു. ഞാനറിഞ്ഞില്യാ, ആരും പറഞ്ഞുംല്യ.. എന്ന് ഇച്ചരെ സന്തോഷത്തോടെ നെടുമുടി സ്റ്റൈലിൽ പറഞ്ഞുനിന്നു.

അങ്ങനെപോകുമ്പം ഒരു പോയിൻ്റിൽ മീര എന്നോട് പറഞ്ഞു, കല്യാണത്തിന് വീട്ടിൽ നിന്ന് പ്രഷർ വരുന്നുണ്ടെന്ന്. അവൾക്കും വലിയ താത്പര്യമായിരുന്നു വിവാഹത്തിന്. ഭാര്യയായി വീട്ടിലേയ്ക്ക് വരാനും സ്നേഹിക്കാനും. ഞാനപ്പോ എൻ്റെ പ്രോസ്പെക്ടീവ് പറഞ്ഞു, മീ, ഞാനത്യാവശ്യം നല്ല ദാരിദ്ര്യത്തീന്ന് കേറിവന്നയാളാണ്. ക്യാഷ് എനിക്ക് വളരെ ഇംപോർട്ടൻ്റാണ്. അപ്പോന്താ, എനിക്കൊരു ജോലി വേണം.

കോളജ് കഴിഞ്ഞതുമുതൽ അവളും ജോലി ചെയ്തുതുടങ്ങി. പഠിച്ച പ്രഫഷൻ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. പ്ലസ് ടു കൊമേഴ്സെടുക്കുന്നു. ഡിഗ്രി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷെടുക്കുന്നു. പിജി, എന്നിട്ട് മൾട്ടിമീഡിയയെടുക്കുന്നു. ഒന്നും ഒന്നുമായിട്ട് മാച്ചില്ല. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എടുത്തിട്ട് ലാംഗ്വേജ് വാവൗ എന്ന് പറയാൻ മാത്രമില്ല. മൾട്ടിമീഡിയ പഠിച്ചിട്ട് മീഡിയയിൽ എന്തു ചെയ്യണമെന്നറിയത്തില്ല. അതാണ് ടൗണിലെ ആശുപത്രിയിൽ അവൾ അഡ്മിൻ ഡിപാർട്മെൻ്റില് വർക്ക് ചെയ്തുതുടങ്ങിയത്. മീൻടൈമിൽ ജോബ് പ്ലേസ്മെൻ്റിലൂടെ നാടെല്ലാം വിട്ട് ഞാൻ ദുബായിലേയ്ക്ക് ചേക്കേറി. പ്രതിമാസം എഴുപതിനായിരം രൂപ ശമ്പളം! ഞാൻ ഞെട്ടി. അന്ന് പ്രമുഖ ചാനലിൻ്റെ ക്യാമറാമാന് പോലും ആകെ പതിനെണ്ണായിരം രൂപയേ ശമ്പളമുള്ളൂ. ഞാനവളോട് സന്തോഷമടക്കാനാകാതെ പറഞ്ഞു: വി വിൽ ലീഡ് ആൻ ഒാസം ലൈഫ്. അവൾക്കും ഏറെ സന്തോഷമായി.

അങ്ങനെ ഞാനിവിടെ പറന്നെത്തി, ഒരു പരസ്യ കമ്പനീല് ക്യാമറാമാനായി വർക് തുടങ്ങി. എല്ലാദിവസോം ഞങ്ങള് തമ്മിൽ നെറ്റിലൂടേം ഫോണിലൂടേം കോൺടാക്ട് ചെയ്തു. എൻ്റെ എല്ലാ വർക്കും അവള് മോണിറ്റർ ചെയ്തു. ഞാനിപ്പോഴും മിസ് ചെയ്യുന്ന അവൾടെ കൊറേ നല്ല ക്വാളിറ്റീസുണ്ട്. അവള് നല്ല ജ‍ഡ്ജ്മെന്‍റ് പറയും. ഞാൻ ചെയ്യുന്ന കാര്യങ്ങളില്, എൻ്റെ വർക്ക് എത്രമാത്രം നന്നായി, എത്രമാത്രം മോശമായി… അത് വിതൗട്ട് ഒരു ഇമോഷനില്ലാണ്ട് അവള് പറയുവായിരുന്നു. ഞാനെന്തായിരുന്നു എന്ന നല്ലൊരു ധാരണയും അവൾക്കുണ്ടായിരുന്നു. ഞാനെത്രമാത്രം വീക്കാണ്, ഏത് കാര്യങ്ങളിൽ. ഏത് കാര്യങ്ങളിൽ സ്ട്രോങ്ങാണ്. ഇൗ കാര്യങ്ങളിലൊക്കെ ഞാനവൾക്ക് മുൻപിൽ ഒരു അശുവാണ്. ഇൗ കാണുന്ന രൂപേള്ളൂ. ഇമോഷനലി ഞാൻ ഡൗണാണ്. എല്ലാത്തിനുമപ്പുറം ഞങ്ങളെന്ത് അടിയുണ്ടായാലും എൻഡ് ഒാഫ് ദ് ഡേ ഒരു ലവ് യു പറഞ്ഞ് കഴിഞ്ഞാ അത് തീരാവുന്ന വിഷയമേയുണ്ടായിരുന്നുള്ളൂ. പിന്നെ, ഞങ്ങള് തമ്മിൽ ഒരു എഗ്രിമെൻ്റുമുണ്ടായിരുന്നു– വാട്ടെവർ ഇറ്റീസ്, എന്തു സംഭവിച്ചാലും ആ ഒരു നൈറ്റിനപ്പുറം അതിന് വാല്യു ഉണ്ടാകരുത്. ആരുടെ ഭാഗത്ത് നിന്ന് സംഭവിച്ചാലും അത് മറന്നേക്കണം. ഞങ്ങള് തമ്മിൽ മാത്രം ഒരു വാട്സാപ്പ് ഗ്രൂപ്പൊക്കെ ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും തമ്മിൽ കെട്ടിപ്പിടിച്ച ഫോട്ടോ കല്യാണത്തിന് മുൻപ് വാട്സാപ്പിലിടാൻ അതേ വഴിയുണ്ടായിരുന്നുള്ളൂ. എല്ലാ ദിവസവും ഞങ്ങൾ ഗ്രൂപ്പിൻ്റെ പേര് മാറ്റും. ഇൗ ഗ്രൂപ്പിലാ ആദ്യമായി അവളെന്നെ റീന്ന് വിളിച്ചേ. റിതേഷിന്‍റെ റി. ഞാനവളെ മീരേടെ മീ എന്നും വിളിച്ചു. ‘റിമി’ ഭയങ്കര ഫേമസായിരുന്നു കോളജിൽ.

അങ്ങനെ, രണ്ടായിരത്തി പതിനാറ്, പതിനേഴ് വര്‍ഷം ഞാൻ ഇവിടെ, ദുബായിൽ വർക്ക് ചെയ്തു. പിന്നെ എൻ്റെ ഫസ്റ്റ് വെക്കേഷന് നാട്ടിലെത്തി. അന്നു തന്നെ അവളുടെ എല്ലാവരും എൻ്റെ വീട്ടീ വന്നു. ഞങ്ങള് തമ്മില് മീറ്റ് ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ചാച്ചൻ ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ: എന്തുകൊണ്ട് മീര?.
കൂടുതൽ ആലോചിച്ചുനിൽക്കാതെ ഞാൻ പറഞ്ഞു: ഒന്നാമത്, ഞാനെന്താണെന്ന് അവക്കറിയാം. ചാച്ചൻ പിന്നൊന്നും ചോദിച്ചില്ല. എനിക്ക് വേണമെങ്കിൽ നഴ്സിനെ കെട്ടാം, ടീച്ചറെ കെട്ടാം… അതല്ലെങ്കിൽ വേറെ ആരെ വേണേലും കെട്ടാം. പക്ഷേ, അവർ മനസ്സിലാക്കണം, ഞാനെന്തിനാണ് രാത്രി എഴുന്നേറ്റിരിക്കുന്നതെന്നും സിനിമ ചെയ്യുന്ന ആളാണെന്നും.
എന്‍ഡോഫ് ദ ഡേ എൻ്റെ സ്വപ്നം സിനിമ തന്നെയാ. മീരയുടെയും സ്വപ്നം അതു തന്നെ. അവളുടെ ഏറ്റവും വലിയ ആഗ്രഹം ഞാൻ ചെയ്യുന്ന സിനിമയിൽ പാട്ടുപാടണോന്നായിരുന്നു. ഭയങ്കര ആഗ്രഹായിരുന്നു. ഞാനപ്പോൾ പ്രോമിസ് ചെയ്തിട്ടുമുണ്ട്. ‌ഇപ്പോഴും എൻ്റെ മനസിൽ അതുണ്ട്. പക്ഷേ, ഫിസിക്കലി അതെന്നക്കൊണ്ടിനി പറ്റില്ല. കാരണം ഞങ്ങൾ തമ്മിൽ അത്രയ്ക്കും ഒടക്കിപ്പോയതോണ്ട്.

ചാച്ചൻ നോക്കിയപ്പോ ഞാൻ പറഞ്ഞതിലാണ് കാര്യമെന്ന് മനസ്സിലായി. പിന്നെ ഞങ്ങടെ ജാതിയാണ്. മതമാണ്. അത്യാവശ്യം ഫെയ്ത്തൊക്കെയുണ്ട്. നെനക്ക് ശരിക്കും താത്പര്യമുണ്ടല്ലോ എന്ന് ചാച്ചൻ അവസാനം വീണ്ടുമൊന്നു ചോദിച്ചു.

നൂറ് ശതമാനം എന്ന എൻ്റെ മറുപടി കേട്ട് വൈകാതെ അവരത് പ്രൊസീഡ് ചെയ്തു. അങ്ങനെ കൊച്ചിക്കാര് ഇടുക്കീലോട്ട് വരുന്നു.

അവൾടെ അപ്പൻ ചക്കരക്കൽ തോബിയാസ് ജിമ്മനാ. ഭയങ്കര ബോഡിയാ. കണ്ടാ നോക്കി നിന്നുപോകും. ഞാൻ വൈകാതെ ലോണൊക്കെയെടുത്തു. എൻ്റെ എല്ലാ സേവിംഗ്സുമെടുത്ത് വീട് രണ്ട് നെലയാക്കി. മിറ്റം മാറ്റി. പിന്നെ, അതുമാറ്റി, ഇതുമാറ്റി. ആൾട്ടോ കാറ് മാറ്റി ഹോണ്ടാ സിറ്റിയാക്കി. കാരണം നമുക്കും കുറയ്ക്കാൻ പറ്റില്ലല്ലോ. ഇൗ കൊച്ചിക്കാരെങ്ങനേന്ന് വച്ചാ, അവർ നൂറ് രൂപേണ്ടെങ്കി നൂറു രൂപ പുറത്തുകാണിക്കും. അല്ലെങ്കി ഒരു എഴുപത്തഞ്ച് രൂപേങ്കിലും കാണിക്കും, അവർക്കുണ്ടെന്ന്. നമുക്കെങ്ങനേന്ന് വച്ചാ നൂറു രൂപേണ്ടെങ്കി ഇരുപത് മാത്രേ പുറത്ത് കാണിക്കത്തുള്ളൂ. അതും ബുദ്ധിമുട്ടി കാണിക്കും. ബാക്കിയെല്ലാം സേവിങ്സിലേയ്ക്ക്. ഇപ്പം അവരത് കാണിക്കുമ്പം നമുക്ക് പേടി. ഹൊ, നമ്മള് കുറഞ്ഞുപോയല്ലോ.

അങ്ങനെ കാര്യങ്ങളൊക്കെ ഉറപ്പിച്ചു ഞാൻ വീണ്ടും ദുബായിലെത്തി ജോലി ആരംഭിച്ചു. അതിന് ശേഷം എൻ്റെ കമ്പനി ഡീപി വേൾഡുമായുള്ള കോൺട്രാക്ട് തീർന്ന് പ്രവർത്തനം അവസാനിപ്പിച്ചതിനാൽ ഞാൻ നാട്ടിലേയ്ക്ക് തിരിച്ചുപോയി. പിന്നെ കൊച്ചി ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ ജോയിൻ ചെയ്തു.
തുടർന്ന് കല്യാണത്തിന് എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ഒരുക്കം നടത്തി. എൻ്റെ കൂട്ടുകാരന്മാര് മൊത്തം ഇൗ ബന്ധം വേണ്ടെടാന്ന് പറഞ്ഞ് എന്നെ വാൺ ചെയ്തു. അത് എനിക്ക് ഇപ്പോഴുമോർമയുണ്ട്.
ഇവളുടെ ക്ലാസില് ‘പരക്കോഴി’ ഒരുത്തനുണ്ടായിരുന്നു. ഉല്ലാസ് എന്നാ അവൻ്റെ പേര്. അവനൊരു ദിവസം എനിക്കൊരു മെസേജ് ചെയ്തു, മീരയെ ഒരിക്കലും കെട്ടരുതെന്ന്. ഞാൻ കാരണം ചോദിച്ചപ്പോ അവന്‍ പറയാണ്, റിതേഷേ, അവള് ആള് അത്ര ശരിയല്ലെന്ന്. അവൻ ഒറ്റയടിക്ക് അതു പറഞ്ഞപ്പോ ഞാനൊന്ന് വല്ലാണ്ടായി. പിന്നെ പറഞ്ഞു: പഴേ കഥകൾ ഞാൻ വിട്ടു. പലർക്കും പല അനുഭവമുണ്ടായിരിക്കും. നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ.. അത്രേ എനിക്ക് പറയാനുള്ളൂ.

വല്യ ഡയലോഗുകളൊക്കെ ഞാൻ കാച്ചി. എന്താന്ന് വച്ചാ, ഇതിനൊക്കെ മറുപടി ഞാൻ തന്നെയുണ്ടാക്കി ഞാൻ തന്നെ എന്നെ ബിലീവ് ചെയ്യിക്കും. നതിങ് റോങ് അയാം ഡൂയിങ് എന്ന രീതിയിൽ. കല്യാണം ഉറപ്പിച്ചുനിക്കുന്ന സമയത്ത് മീര എനിക്ക് മറക്കാനാവാത്തൊരു സിറ്റ്വേഷനുണ്ടാക്കി.

അവള്ടെ മമ്മി ഒരു ദിവസം എന്നെ വിളിച്ച് നീ അവളെ കെട്ടേണ്ടെന്ന് പറഞ്ഞു. അവള് ആള് ശരിയല്ല മോനേ, പോക്ക് കേസാണെന്ന് പറഞ്ഞു. എനിക്കാകെ ഞെട്ടലും അത്ഭുതവുമായി. എന്തുകൊണ്ടാ മമ്മി അങ്ങനെ പറഞ്ഞേന്ന് ഞാൻ ചോദിച്ചു.

അവളിന്ന് രാവിലെ വിളിച്ച് ഒരുത്തന് വാട്സാപ്പില്‍ ഉമ്മ കൊടുത്തു എന്നായിരുന്നു മറുപടി. അതിൻ്റെ പേരിൽ അവളും മമ്മിയും തമ്മിൽ വീട്ടിൽ പൊരിഞ്ഞ അടി നടന്നത്രെ. ഞാൻ മീരയോട് ചോദിച്ചു: അതെന്നാ പറ്റിയെടീ?. അപ്പോൾ ഇത്തിരി ഖേദത്തോടെ അവൾ പറഞ്ഞു: അതേ, ഇന്ന് രാവിലെ ഒരുത്തൻ എന്നോട് ചോദിച്ചു, എന്നാ ചെയ്യുവാന്ന്.. ഞാൻ പറഞ്ഞു കെടക്കുവാ. അപ്പോളവൻ പറഞ്ഞു, ഒാ, എനിക്ക് കെട്ടിപ്പിടിച്ച് കിടക്കാൻ തോന്നുന്നു എന്ന്. ങാ, നീ കെടന്നോന്ന് ഞാനും പറഞ്ഞു. അത് മമ്മി വേറൊരു രീതിയിലാ വായിച്ചെടുത്തേ.
പക്ഷേ, അതൊക്കെ എനിക്ക് ദൈവായിട്ട് തന്ന ഒരു സൈനായിരുന്നു, ഇവക്ക് ഇതിൻ്റെയൊരു ടെൻഡൻസിയുണ്ടെന്ന്. ഞാനത് അപ്പോ മനസ്സിലാക്കിയില്ല. ഞാൻ വിചാരിച്ചത്, ശ്ശൊ, ഇത്രയും പാവം പരിമളമായിട്ടുള്ള ഇവളെ ആ മമ്മി ‍ഡൗട്ടടിച്ചല്ലോ. സാരോല്ല, മമ്മീ. നമ്മള് പലതിനേം കണ്ടില്ലാന്നൊക്കെ നടിക്കേണ്ടേ എന്ന് ഉപദേശിച്ചു.
അതൊക്കെ കഴിഞ്ഞ് കല്യാണനിശ്ചയം. എന്നെ സംബന്ധിച്ചിടത്തോളം അതെൻ്റെ ലൈഫിലെ മറക്കാനാകാത്ത ഒരു മുഹൂർത്തമായിരുന്നു. റിലേറ്റീവ്സിനെയെല്ലാം ചാച്ചനും അളിയനും ചേട്ടായിയും അമ്മച്ചിയും ചെന്ന് ക്ഷണിച്ചപ്പോൾ, എനിക്ക് ഞാൻ പഠിച്ച കോളജിലും ഫ്രണ്ട്സിനെയും ക്ഷണിച്ചാ മതിയായിരുന്നു. അങ്ങനെ ഞാൻ പ്രിൻസിപ്പലച്ചൻ്റെ മുന്നിലെത്തി. ക്ഷണക്കത്തിൽ കണ്ണോടിച്ചുകൊണ്ട് പ്രിൻസിപ്പലച്ചൻ ഒരേ ചോദ്യം: ങാ.. കൊള്ളാം, നിങ്ങൾ ഇപ്പോഴും ഒന്നിച്ചുണ്ടല്ലേ.

എനിക്കിച്ചിരി ജാള്യത തോന്നി. അപ്പോൾ പ്രന്‍സിപ്പലച്ചൻ വീണ്ടും പറയുവാ:
അതല്ലെഡോ, നിന്നെ അവൾ… ഇപ്പോ എന്താ ഒരു പുതിയ വാക്കുണ്ടല്ലോ, തേപ്പോ ഇസ്തിരിയോ, അത് ചെയ്തൊന്നും പോയില്ലേന്ന്. സത്യം പറഞ്ഞാ, ഞാനപ്പോ ചിരിച്ചുപോയി.

മീരേടെ ഫാമിലി കൊച്ചി സ്റ്റൈലില് മാര്യേജ് എൻഗേജ്മെൻ്റ് അറേഞ്ച് ചെയ്തു. ഞാൻ കണ്ടപ്പോ ഞെട്ടിപ്പോയി. നാട്ടീന്ന് വന്നവരൊക്കെ പറഞ്ഞു, വീരാട് കോലി സ്റ്റൈലില് നിശ്ചയമാ. കാരണം, അവര് ബെൻസ് അറേഞ്ച് ചെയ്യുന്നു. ചെണ്ടമേളം പള്ളി ടു ഹോം. അവിടെ ചെന്ന് കഴിഞ്ഞപ്പോ മ്യൂസിക് ഫ്യൂഷൻ. എൽഇഡി ലൈറ്റ് കൊണ്ടുള്ള വോള്. നാന്നൂറ്റി എഴുപത് രൂപ പെർ ഹെഡ് ഫൂഡ്. എല്ലാം ഇൗ ഷോട് ഒക്കെയിട്ട പെണ്ണുങ്ങള്. ലൈവ് സ്റ്റേജ്. മ്യൂസിക് ഒാൺ ദ് സ്റ്റേജ്. കോമഡി പരിപാടികൾ. ജാഡേന്നൊക്കെ പറഞ്ഞാ, എൻ്റെ നാട്ടീന്ന് വന്ന എഴുപത് എൺപത് പേരിങ്ങനെ പ്ഫൂ…എന്നായി. അതില് ഏറ്റോം കോമഡി ഞാൻ പിറ്റേന്ന് വീട്ടീ വന്ന ശേഷം, പള്ളീല് പോയി തിരിച്ചുവരുമ്പളാ. തൊട്ടപ്പുറത്തെ വീട്ടീൽത്തെ ബേസിൽ. അവൻ എൻഗേജ്മെൻ്റിന് വന്നിരുന്നില്ല. അവൻ വഴിയിൽ നിർത്തിയിട്ട് എന്നോ‌ട് ചോദിക്കുവാണ്, അല്ല റിതേഷേ, കൊച്ചീന്ന് ഏതോ പുളിങ്കൊമ്പില് പിടിച്ചേക്കുവാ ല്ലേ? അല്ല, ഹോണ്ട സിറ്റിയെടുക്കുന്നു, വീട് രണ്ട് നിലയാക്കുന്നു… നന്നായിട്ട് ചിക്കിലി വന്നിട്ടുണ്ടല്ലേ?. എനിക്കങ്ങ് ദേഷ്യം വന്നു. ഞാൻ കലിപ്പോടെ പറഞ്ഞു:മരുഭൂമീല് അധ്വാനിച്ച എന്‍റെ ചോരേം നീരുമാ ആ കാണുന്നേ. ഒരു പോക്കും എനിക്ക് കിട്ടിയിട്ടില്ല. ങും.. എന്ന് അവൻ വിശ്വസിക്കാതെ മൂളി. പിന്നെ ഇത്തിരി മയത്തിലൊക്കെ ചോദിച്ചു: ഉഗ്രൻ കല്യാണമൊക്കേന്നാണല്ലോ കേട്ടേ? തലയില് തൊപ്പിയൊക്കെയുണ്ടായിരുന്നല്ലോ?. ഞാൻ ഒള്ള സത്യമങ്ങ് തുറന്നു പറഞ്ഞു. ടാ, അത് വാടകയ്ക്കെടുത്തതാടാ. കോട്ടുവരെ ഞാൻ വാടകയ്ക്കെടുത്തതാ.

മൂന്ന് ദിവസം കഴിഞ്ഞ് കല്യാണം. കൈയിലുണ്ടായിരുന്നത് എട്ട് ലക്ഷം രൂപ വീടിനും വണ്ടിക്കുമായി ചെലവായി. പിന്നെ ഒരു നാല് ലക്ഷം രൂപേടെ പരിപാടികൾ. മൂന്ന് കൊണ്ട് തീർക്കണം. കാരണം, എൻഗേജ് മെൻ്റ് കഴിഞ്ഞ് നാല് ദിവസമാ മീരേടെ വീട്ടീ ആഘോഷം. എൻഗേജ്മെൻ്റിന് ഇങ്ങനെ ഫൂഡ് കണ്ടും കഴിച്ചും ഞങ്ങള് തിരിച്ച് വണ്ടീല് കേറിയപ്പോ ചാച്ചൻ ഇത്തിരി വിഷാദത്തോടെ ചോദിക്കുവാ, നമ്മള് ഇനി എന്നാ ചെയ്യുമെടാ മോനേ എന്ന്. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഞങ്ങള് പെർ ഹെഡ് നൂറ്റമ്പത് കൂടിപ്പോയി എന്ന് തലേൽ കൈ വച്ചുകൊണ്ടിരിക്കുന്ന സമയത്താ. ഇടയ്ക്ക് ബേബിച്ചനളിയൻ ചാടിക്കയറി പറഞ്ഞു: പിന്നേ, പന്നീം ബീഫും ഫ്രൈ വയ്ക്കേണ്ടി വരും. ഫ്രൂട്സിൻ്റെ ഒരു കോർണറും ഒരുക്കണം. അല്ലേല് നമ്മള് നാണം കെടും.

ചേട്ടായിയും അതിനെ പിന്തുണച്ചു. അങ്ങനെ നിന്ന നിൽപിൽ ഞങ്ങൾ ഫൂഡിൻ്റെ കൂടെ പോർക്ക് ഫ്രൈയും പോത്ത് ഫ്രൈയും ഫ്രൂട്സിന് വേണ്ടി ഒരു കോർണറും അതിൻ്റെ കൂടെ അൺലിമിറ്റഡ് െഎസ്ക്രീമും ഉറപ്പിച്ചു. ചെണ്ടയും മേളവുമൊന്നും വേണ്ട. വീട്ടിനോട് ചേർന്നുള്ള ഒരു ഒാഡിറ്റോറിയത്തിലാണ് കല്യാണം. ഞങ്ങക്ക് അതേയുള്ളൂ. ഞങ്ങള് മോശമാക്കിയില്ല. കൊച്ചീന്ന് എന്‍റെ കൂട്ടുകാരന്മാര് തലേന്ന് എത്തിച്ചേർന്നു. കൂടാതെ, കോളജിലെ മ്യൂസിക് ബാൻഡ് വന്നു, പരിപാടിയാക്കുന്നു. നല്ല രീതീല് കല്യാണം കഴിഞ്ഞു.
എല്ലാരും തുടങ്ങുംപോലെ ഞങ്ങളുടെ നല്ല ജീവിതം തുടങ്ങി. ഞാൻ എറണാകുളത്ത് ഒരു ഫ്ലാറ്റെടുത്തു. അന്ന് എറണാകുളത്ത് ഇൻഫോ പാർക്കിൽ എനിക്ക് ജോലിയുണ്ടല്ലോ. താമസം തുടങ്ങി ഒരു നാല് മാസം കഴിഞ്ഞപ്പോ എനിക്ക് ഒാസ്ട്രേലിയയിൽ ജോബ് കിട്ടി. ഗുഡ് ചാൻസ്. അവിടെ സെറ്റിലാകാമല്ലോ. തിരിച്ചുവരേണ്ട. അപ്പോ ഞാനവളെ ആശുപത്രിയിലെ ജോലി റിസൈൻ ചെയ്യിപ്പിച്ച് െഎഎൽടിഎസിന് ചേർത്തു. ഇംഗ്ലീഷിൻ്റെ ഒരു കോഴ്സാണത്. അത് സെവൻ സ്കോർ ചെയ്താലേ നമുക്ക് പിആർ കിട്ടുള്ളൂ. അപ്പോ ഇവള് ബിഎ ലിറ്ററേചർ കഴിഞ്ഞതോണ്ട് ഞാനവിടെ ഏൽപിച്ചു.

ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിലും ഉണ്ടായിരുന്നു. ഇവളാണേല് പവിത്രതേൻ്റെ എക്സ്ട്രീം കളികള്! എൻ്റെ കൂട്ടുകാരന്മാരെ ആരെയും വീട്ടീ കേറ്റില്ല. രാത്രി പത്ത് മണിയായാ വീട്ടീ വന്നോളണം. അതൊക്കെ കാണുമ്പം കൂട്ടുകാരുടെ എടേല് ഞാൻ പറയും: അയാം ബ്ലോക്ക് ബ്രോ.. എന്തു ചെയ്യാൻ പറ്റും, പട്ടിലോക്കാണ്. പക്ഷേ, ഉള്ളിൻ്റെയുള്ളില് എനിക്ക് പ്രൗ‍ഡായിരുന്നു. എൻ്റെ വൈഫ് അവരെ വിളിച്ച് തെറി വിളിക്കുന്നുണ്ട്. കൊള്ളാം. അയാം സോറി ഗയ് സ്..

പിന്നെ, ഞങ്ങള് നന്നായി ട്രിപ്പ് പോകുമായിരുന്നു. എൻ്റെ എൻഫീൽഡ് ബുള്ളറ്റിനിൽ എല്ലാ ലഗ്ഗേജും കൂടെ വലിച്ചുകെട്ടി മൂന്നും നാലും ദിവസം നീളുന്ന റോ‍ഡ് ട്രിപ്പുകള്. പറ്റാവുന്ന എങ്ങനെ എൻജോയ് ചെയ്യാവോ, അങ്ങനയൊക്കെ ഞങ്ങള് എൻജോയ് ചെയ്തിട്ടുണ്ട്. പിന്നീട്, ഇവളെ പേഴ്സനലി കൂടുതൽ മനസ്സിലാക്കിയപ്പോ, ഇവക്ക് അതുമാത്രം മതി. വേറെ ഒന്നിനോടും ഒരു താത്പര്യമില്ല. എപ്പഴും ഇങ്ങനെ പാടിത്തെറിച്ച്… കാരണം ഒന്നിവളിങ്ങനെ പാട്ട് കൂത്തുമായിട്ടൊക്കെ നടന്നു. പണ്ട് എല്ലാരും ഇവളെയെടുത്ത് തലേവച്ചു. ഇവള് സംഭവാണ് സംഭവാണ്.. ഞാൻ മനസ്സിലാക്കിയത്, ഇവക്ക് സംഭവിച്ച തെറ്റുകളെ തിരുത്താൻ ആരുമില്ല. അതു കണ്ണടയ്ക്കാനായിരുന്നു ഇവൾടെ പാരൻ്റ്സും ചെയ്തത്. എൻ്റെയൊക്കെ ഒരു തെറ്റുവന്നാ ആദ്യേ ബഹളം വച്ചോണ്ടാ ചാച്ചനും അമ്മച്ചീം പോകുന്നേ. അടി എപ്പം പൊട്ടീന്ന് ചോദിച്ചാ മതി. രണ്ടാമതാണ് ബാക്കി എന്തും. പക്ഷേ, ഇവക്ക് ഒരു പേടിയില്ല, ഒന്നിനോടും. ഒരു തെറ്റു കാണിക്കാൻ പേടിയില്ല. ആരോടും തർക്കിക്കാനും ഇവക്ക് ഒരു മടിയുമില്ല. ഇൗ പറഞ്ഞപോലെ, എൻ്റെയുള്ളിൽ ഒരു അപകർഷതാ ബോധമുണ്ട്. കാരണം, കല്യാണത്തിന് മുൻപ് ഞങ്ങള് തമ്മില്, ബിഫോർ ഇത്തിരി സെക്ഷ്വലിയും.. ആസ് എ മാൻ, ഞാനവളെ പ്രൊട്ടക്ട് ചെയ്യണം എന്നുള്ള ‌ഒരു അപകർഷതാ ബോധം എൻ്റെ ഉള്ളിൻ്റെയുള്ളിൽ ഉണ്ട്. ശരിക്കും പറഞ്ഞാ, എൻ്റെയുള്ളില് നന്നായിട്ടുണ്ട് താനും. അന്ന് ഞാൻ ചെയ്തത്… സംഭവിച്ചുപോയി. അതുമാത്രമല്ല, റിപീറ്റഡായിട്ട് സംഭവിച്ചുകൊണ്ടേയിരുന്നു.

പക്ഷേ സീ, ഇപ്പോ എനിക്ക് തോന്നുന്നു, അവളും ആഗ്രഹിച്ചത് അവിടെ വച്ച് ഞാൻ നിർത്തിപ്പോകണമെന്നായിരുന്നോ എന്ന്. പക്ഷേ, ഞാൻ ഭയങ്കരമായിട്ട് സീരിയസായി, ഇവള് എൻ്റെ മാത്രമാണ് എന്ന രീതിയിൽ ഞാനവളെ പ്രൊട്ടക്ട് ചെയ്യാൻ തുടങ്ങി. മേബി, അവള് അത് എൻജോയ് ചെയ്തിട്ടുണ്ടാവും, ആ മൊമൻ്റ്. പക്ഷേ, റിയാലിറ്റിക്ക് എപ്പഴും കറുത്തമുഖമാ. ജീവിച്ച് തുടങ്ങിയപ്പോ പ്രശ്നങ്ങളായി അതായി ഇതായി, പൈസക്ക് ടൈറ്റായി. വിചാരിച്ചപോലെ, സ്വപ്നം കണ്ട പോലൊന്നും നടക്കുന്നില്ല.

രണ്ട്

അങ്ങനെ ഞാൻ ഒാസ്ട്രേലിയയ്ക്ക് പോയി; ഭയങ്കര ഹാപ്പിയായി. ഇവളും എക്സ്ട്രീം ഹാപ്പി. ഇവള് പഠിക്കുന്ന െഎഎൽടിഎസിൽ ചെറിയ ചെറിയ ഇൻസി‍ഡൻ്റുകളൊക്കെയുണ്ടായി. ഇവളേം വേറൊരുത്തനേം ഒരിക്കൽ ക്ലാസീന്ന് പുറത്താക്കി. കാരണം വർത്താനം ഒാവറായിട്ട് പറയുന്നു.
സീ, ഒരിരുപത്തേഴ് വയസ്സുള്ള ഒരു പെണ്ണിനേം ആണിനേം ക്ലാസീന്ന് പുറത്താക്കണോങ്കി, ദേയ് ഹാവ് ടു ഡു സംതിങ് എക്സ്ട്രീമിലി എഗൈൻസ്റ്റ് ദ് ക്ലാസ്. അപ്പോ ഇവര് ഒാവറായിട്ട് ക്ലാസിലിരുന്ന് വർത്താനം പറയുന്നുവെന്നും കെട്ടിപ്പിടിച്ചിരിക്കുന്നുവെന്നുമായിരുന്നു ഞാൻ ലാസ്റ്റ് അറിഞ്ഞ കംപ്ലെയിൻ്റ്. പക്ഷേ, ഇവള് എൻ്റടുത്ത് കൂസലില്ലാതെ പറഞ്ഞതെന്നാന്ന് വച്ചാ, റീ, എന്നെ പൊറത്താക്കി. ഒപ്പം തന്നെ അവിടെ തരികിട കാണിച്ച വേറൊരുത്തനേം പുറത്താക്കി എന്നു മാത്രം. അതുകഴിഞ്ഞ് ഞാനിവളെ എൽടിഎസിന് വേറൊരു സ്ഥലത്ത് ജോയിൻ ചെയ്യിപ്പിച്ചു. കാരണം, അവളെപ്പോഴും എന്നെ കൺവിൻസ് ചെയ്യിപ്പിക്കും. എന്‍ഡ് ഒാഫ് ദ ഡേ, ഒരു പ്രണയത്തിൻ്റെ രീതിയിൽ കൺവിൻസ് ചെയ്യുമ്പം ഞാനെപ്പഴും കൺവിൻസ് ഡ് ആണ്. പിന്നെ ആരു പറ‍ഞ്ഞാലും ഞാൻ വിശ്വസിക്കില്ല. എനിക്ക് അവള് പറഞ്ഞാ മതി. ഞാനവളോടേ ചോദിക്കുള്ളൂ. എന്നാ പറ്റിയവിടെ? ഇങ്ങനെ ഇതു കേട്ടു എന്ന് പറഞ്ഞപ്പോൾ അവള് പറഞ്ഞു: ഞാൻ മടുത്തു. ഞാൻ ചെയ്യുന്നതൊന്നും ശരിയായില്ല. ഞാൻ കുറച്ച് ഒഴപ്പിയിരുന്നു. എനിക്കൊന്നും മനസ്സിലാകുന്നുമില്ല. അങ്ങനെ എന്നെ പുറത്താക്കി. ഞാൻ ഇറങ്ങിപ്പോന്നു. വേറൊരുത്തനേം കൂടി പുറത്താക്കീല്ലേ, അതാരാന്ന് ഞാൻ.

ങാ, അതാരാന്ന് എനിക്കറിയത്തില്ലെന്ന് അവൾ യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞൊഴിഞ്ഞു. അക്ച്വലി അതല്ലായിരുന്നു. ഒന്നിച്ച് പുറത്താക്കിയതാ. അതും ആ ഏജില്. പത്താം ക്ലാസ്സോ പ്ലസ് വണ്ണോ പ്ലസ് ടുവോ അല്ല. അവളപ്പോ മാരീഡാണ്. അതെല്ലാം കഴിഞ്ഞു. കല്യാണം കഴിഞ്ഞ സമയത്ത് തന്നെ രണ്ട് ഇൻസിഡൻസ് എൻ്റെ ലൈഫിലുണ്ടായിരുന്നു. ഒരുദിവസം ഞാൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരും നേരം പുലർച്ചെ മൂന്ന് മണിക്ക് അവളുടെ ഫോണിൽ മെസേജ് വന്നു. ഞാനപ്പോ ഫ്രഷാവുകയായിരുന്നു. ഇവള് ഉറങ്ങിയപോലെ പ്രിറ്റൻഡഡായിരുന്നു. പക്ഷേ, അവളുറങ്ങിയിട്ടില്ല. ആ മെസേജ് ഞാൻ ഒരിക്കലും നോക്കേണ്ട ആവശ്യമില്ല. പക്ഷേ, ഞാൻ നോക്കി.
‘ലവ് മി ദ് വേ, െഎ ലവ് ഡ് യു ബിഫോർ..’

ആരാ? ഇവളുടെ പഴയ ആശുപത്രി മാനേജര്. ഞാനവനെ അന്നേ നോട്ട് ചെയ്തതായിരുന്നു. കല്യാണ സമയത്ത് ഇവന് ഒാവർ കളിക്കുന്നു. എന്നെ തോണ്ടുന്നു, എടുക്കാൻ നോക്കുന്നു. ഞാൻ പറഞ്ഞു, വേണ്ട, വേണ്ട. ആ പരിപാടിയൊന്നും വേണ്ട. എനിക്ക് താത്പര്യല്ല. അങ്ങനെ റോങ്ങായിട്ടൊന്നുമല്ല, ബ്രോ, എനിക്ക് താത്പര്യല്ല. റോജിൻ എന്നാ അവൻ്റെ പേര്. മാരീഡായി രണ്ടു കൊച്ചുമുണ്ട്. മെസേജ് വായിച്ച് ‍ഞാനവളെ വിളിച്ചെണീപ്പിച്ച ശേഷം ചോദിച്ചു: ഇതെന്നാ ഇത്? ആരാ ഇൗ മെസേജ് അയച്ച റോജിൻ ലൂയിസ് ?. എനിക്കറിയത്തില്ല എന്ന് പെട്ടെന്ന് തന്നെ അവള് പറഞ്ഞു. ഇതിന് തൊട്ടുമുൻപിലത്തെ നിൻ്റെ മെസേജ് എന്ത്യേ? എന്തിൻ്റെയൊന്ന് റിപ്ലൈയാണ് അവൻ തന്നേ. അതെന്തിനാ നീ ഡിലീറ്റ് ചെയ്തേന്നായി ഞാൻ. എനിക്കപ്പോ മുതല് ഒരു സംശയം മണത്തുതുടങ്ങി. അവളൊന്നും മിണ്ടിയില്ല. നാളെ അവനോട് എന്നെ വിളിപ്പിച്ചിട്ട് നീ ഒാഫീസീ പോയാ മതിയെന്ന് ഞാൻ സ്വരം കടുപ്പിച്ച് പറഞ്ഞു. ഇവള് രാവിലെ അവനെ വിളിച്ചു. അവനോട് ഞാൻ ചോദിച്ചു:

ചേട്ടന്‍റെ കല്യാണം കഴിഞ്ഞതല്ലേ, തൻ്റെ ഭാര്യക്ക് പുലർച്ചെ മൂന്ന് മണിക്ക് ലവ് മി ദ് വേ, യു ലവ് ഡ് ബിഫോർ എന്ന് ഞാൻ മെസേജയച്ചാ ആണെന്ന നിലയിൽ തൻ്റെ ചിന്താഗതി എന്തായിരിക്കും?. അപ്പോ അവനൊന്നും മിണ്ടീല്ല. താൻ മിണ്ടാണ്ടിരിക്കുന്ന അതേ ചിന്താഗതി തന്നെയാണ് എൻ്റെയും. അതുകൊണ്ട് ഇനി ഇങ്ങനൊരു സീനുണ്ടാക്കിയാ ഞാൻ തൻ്റെ ഹോസ്പിറ്റലിലേയ്ക്ക് വരുമെന്ന് കടുപ്പിച്ചു പറഞ്ഞു. എനിക്കറിയാം എന്നാ ചെയ്യേണ്ടേന്ന്. അയ്യോ, അങ്ങനെയൊന്നും ചെയ്യരുത്. ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല എന്ന് കരഞ്ഞുകാലു പിടിക്കുംപോലെയവൻ പറഞ്ഞു. നിങ്ങടെ കല്യാണം കഴിഞ്ഞ ശേഷം അവള് എൻ്റടുത്ത് ഒന്നു മിണ്ടാറ് പോലൂംല്ലന്ന് കള്ളവും കൂട്ടിച്ചേര്‍ത്തു. വാട്ടെവർ ഇറ്റീസ്. പുലർച്ചെ മൂന്നുമണിക്ക് അല്ല മെസേജ് ചെയ്യേണ്ടേ. തൻ്റെ ഭാര്യ അടുത്തില്ലേ, എന്തെങ്കിലുമൊരു സത്യസന്ധത അതിനോട് കാണിക്കെടോ. ദേഷ്യത്തോടെയുള്ള എന്‍റെ വാക്കുകൾ കേട്ട് ഇവളാണേല് ഭയങ്കര കരച്ചില്. ഇടയ്ക്ക് മൂക്ക് ചീറ്റിയ ശേഷം പറഞ്ഞു, താനിനി ആ ഹോസ്പിറ്റലിലേയ്ക്ക് പോവത്തില്ല. അവൻ വൃത്തികെട്ടോനാ. വെറും കോഴിയാ എന്നൊക്കെ. കോഴിക്ക് മുന്‍പിൽ കുരയ്ക്കാൻ നിന്നിട്ടല്ലേ. എനിക്കുമറിയാം പല കോഴികളേം. പെടേനെ കാണുമ്പം പെട റെഡിയാണെങ്കിലേ കൊക്കാറുള്ളൂ. അല്ലെങ്കി അതിന് നിക്കില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ മിണ്ടാണ്ടിരുന്ന് തടിതപ്പി.

അങ്ങനെ അതെല്ലാം കഴിഞ്ഞു കുറച്ച് ദിവസം പിന്നിട്ടപ്പോ പഴയ ഡെന്നിസണിൻ്റെയടുത്ത് ഇവള് ചാറ്റിങ്; ഹായ് ഡെന്നിച്ചാ, ഹൗ ആർ യൂന്ന്. നിനക്ക് എന്തിൻ്റെ ആവശ്യമാണ്? രാത്രി പതിനൊന്ന് മണിക്ക് അവൻ്റടുത്ത് നിനക്ക് ഹൗ ആർ യൂന്ന് ചോദിക്കേണ്ടതെന്നിനാ? അവൻ ഫൈൻ ആണേലും അല്ലേലും നിനക്കെന്നാ? അവനുമായി നിൻ്റെ റിലേഷൻഷിപ്പെന്നാ? നിൻ്റെ പ്രശ്നങ്ങളെന്തൊക്കെയാ? അവനെത്ര പെണ്ണ് കേസുണ്ട്? ഇതൊക്കെ അറിഞ്ഞിട്ടാണോ നീയിത് ചെയ്യുന്നേ എന്ന് ഞാൻ ചൂടായി. നല്ല ഫ്രണ്ടാണ് എന്ന് മാത്രമേ അവൾ മറുപടി പറഞ്ഞുള്ളൂ. ഞാൻ നിൻ്റടുത്ത് പറഞ്ഞിരിക്കുന്നെ, ഒന്നോ രണ്ടോ വ്യക്തികളെ നിൻ്റെ ലൈഫിൽ നിന്ന് അവോയിഡ് ചെയ്യണമെന്നാ. ഒന്നു നിന്‍റെ ക്ലാസിൽ പഠിച്ച കോഴി, ഉല്ലാസ്. പിന്നെ ഇൗ ഡെന്നിസൺ.

കോളേജ് മൊത്തം ഉല്ലാസിനെ കോഴീന്നാ വിളിച്ചോണ്ടിരുന്നേ. ഇവളുടെ ബെസ്റ്റ് ഫ്രണ്ട്. വാ തുറന്ന വൃത്തികേടേ അവൻ പെണ്ണുങ്ങളെക്കുറിച്ച് പറയാറുണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞാ ഇൗ ഡെന്നിസൺ. അവൻ്റെ ഉദ്ദേശ്യം തന്നെ സെക്ഷ്വലി എല്ലാരേം കളിക്കുക എന്നായിരുന്നു. ഇഷ്ടംപോലെ കാശ് മുടക്കും. ഹോട്ടലെടുക്കും. ഇതുതന്നെ പരിപാടി. ഒരു ബാച് ലർ ലൈഫായി‌ട്ട് നടക്കുമ്പം ഇതൊക്കെ കാണാനും കേക്കാനും ആളുണ്ട്. കാരണം ഒരുത്തൻ്റേന്ന് നമുക്ക് കാറ് കിട്ടുന്നു, ബൈക്ക് കിട്ടുന്നു. പൈസ കിട്ടുന്നു. മദ്യം കിട്ടുന്നു. നല്ല രസാ. എത്ര വേണ്ടാന്ന് വച്ചാലും ഒരിതായിക്കഴിയുമ്പം നമുക്ക് അതിലൊക്കെ താത്പര്യം വരും.

അതെല്ലാം കഴിഞ്ഞ് അന്ന് ഞാനവളുടെയടുത്ത് വാൺ ചെയ്തു:വാട്ടെവർ ഇറ്റീസ്, ആ വ്യക്തിയുമായിട്ട് ഇനി ഒരു ബന്ധമുണ്ടായാ. ഞാൻ നന്നായിട്ട് ചൂടായി: മീ, നിനക്ക് വേറെ ആരേലും വിളിക്കണോങ്കി നമുക്ക് വിളിക്കാം. ഇനി ഇങ്ങനെ ഇത് മുന്‍പോട്ട് ഞാൻ എങ്കറേജ് ചെയ്യില്ല. ഇത് ആദ്യത്തേതല്ല. മൂന്നാമത്തെ ഇൻസിഡൻ്റാണ് ഇൗ രീതീല് ഞാൻ ഫെയ്സ് ചെയ്യുന്നേ. ഒട്ടും നല്ലതല്ലിത്. നിന്നിലുള്ള എൻ്റെ കോൺഫിഡൻസ് പൂവാണ്. എനിക്കതൊട്ടും സഹിക്കാൻ പറ്റുന്നില്ല.

അവളെല്ലാം മിണ്ടാതെ കേട്ടുനിന്നു. അതുകഴിഞ്ഞ് ഒാസ്ട്രേലിയക്ക് പോകാൻ നേരത്ത് ഞാൻ മാക്സിമം അവളെ കെട്ടിപ്പിടിച്ച് സ്നേഹിച്ചേച്ച് ‍പറഞ്ഞു: മീ, ഞാൻ നിന്നെ ഇട്ടേച്ച് പൂവാല്ല. ജസ്റ്റ് ഫോർ ഫ്യൂ മൻത് സ്. അതിന് മുൻപ് നിൻ്റെ വീസ ഞാൻ റെഡിയാക്കും. അതുവരെ നീ മെയിൻ്റൈൻ ചെയ്യണം. അതെനിക്കറിയാം റീ.. അങ്ങനെയാണോ നമ്മള് തമ്മിൽ എന്ന അവളുടെ ചോദ്യത്തിൽ പ്രണയത്തിൻ്റെ എക്സ്ട്രീം ഞാൻ കണ്ടു. അതുകഴിഞ്ഞായിരുന്നു ടോപ് കോമഡി. അതോർക്കുമ്പം ഞാനിപ്പോഴും ചിരിച്ചുചാകും. ഞാൻ അന്നിട്ട ഷേർട് ഇവള് പിന്നെ കഴുകിയിട്ടില്ലെന്ന്. വിയർപ്പിൻ്റെ മണമടിച്ചാലേ അവക്ക് ഒറങ്ങാൻ പറ്റൂംന്ന്!.
അങ്ങനെ ഒാസ്ട്രേലിയ പോയി മീരയെ കൊണ്ടുപോകാൻ ഞാൻ സകല കളീം കളിച്ചു. പക്ഷേ, ഇവളുടെ സർടിഫിക്കറ്റ് മിസ്സാകുന്നു. യൂണിവേഴ്സിറ്റി പോകാൻ പറ്റുന്നില്ല. പേര് മാറിപ്പോകുന്നു… കുറേ ഇഷ്യൂസ്. അങ്ങനെ എട്ട് മാസം കൊണ്ട് കാര്യം നടന്നില്ല. ഞാൻ നാട്ടിൽ തിരിച്ചെത്തി, എനിക്ക് പറ്റുന്നില്ലെന്നും പറഞ്ഞ്. ഞാൻ മാനസികമായി ഭയങ്കര ഡൗൺ ആയിപ്പോയി. ഇവളവിടെ. ഞാൻ ഇങ്ങനെയൊരു കല്യാണവും കഴിഞ്ഞ് മാറി നിൽക്കുന്നു. തിരിച്ചുവന്ന ശേഷം ‍ഞാനും കുറേ ട്രൈ ചെയ്തു, അവളുടെ യാത്രാ രേഖകള്‍ ശരിയാക്കാൻ. നടന്നില്ല. ഞാൻ വീണ്ടും പോയി. വീണ്ടും തിരിച്ചുവന്നു. അപ്പോഴേക്കും, ഒരു വർഷവും ഒരു മാസവും കൊണ്ട് ‍ഞാനാ പ്രൊജക്ട് കംപ്ലീറ്റ് ചെയ്തിരുന്നു.

ഞങ്ങള് വീണ്ടും ഫ്ലാറ്റെടുത്തു. വന്നപ്പോ തന്നെ ഞാനവളുടെ മൊബൈല് ചെക്ക് ചെയ്തു.
അതാ, അവൻ്റെ മെസേജ് വീണ്ടും. ഇവളാ ആദ്യം അങ്ങോട്ട് മെസേജ് ചെയ്തിരിക്കുന്നേ. അപ്പോ അവൻ ചോദിക്കുന്നു, റിതേഷ് അവിടുണ്ടോന്ന്. ഉണ്ടെന്ന് അവള് റിപ്ലൈ ചെയ്യുന്നു. എനിക്കപ്പോ പേഴ്സനലീ ഫീല് ചെയ്തുതുടങ്ങി, ഇവള് ലോട്ടോഫ് തിങ്സ് എന്നീന്ന് ഹൈഡ് ചെയ്യുവാന്ന്. കല്യാണത്തിന് മുൻപ് ഒാക്കെ, അവള് ചെയ്തോട്ടെ. അതിന് ശേഷം പാടില്ലായിരുന്നു. ഞാനവളോട് ചോദിച്ചു: മീ, നീ എൻ്റെ ഫോണെടുക്ക്, ആരുടേങ്കിലും ഒരു മെസേജ് ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ടോന്ന് നോക്ക്. നീയെന്തീ കാണിക്കുന്നേ? നീ എന്താണ് എന്നില്‍ നിന്ന് ഹൈഡ് ചെയ്യുന്നേ?. അവനെനിക്ക് എപ്പോഴും മെസേജുകളയക്കുന്നു. റീ എന്നോട് ചൂടാവണ്ടല്ലോ എന്നോർത്ത് ഞാൻ ഡിലീറ്റ് ചെയ്യുന്നതാ എന്നായിരുന്നു മറുപടി.

അന്നുമുതല് എൻ്റെ മനസ്സ് പറയുന്നു, ഇവക്ക് അവനുമായി റിലേഷൻഷിപ്പുണ്ടെന്ന്. അതെല്ലാം കഴിഞ്ഞ് ഞാൻ ദുബായിലേയ്ക്ക് വന്നത് ഞാനവളെ ഇങ്ങോട്ട് കൊണ്ടുവരാനും അവക്ക് എൻ്റെ കമ്പനീ തന്നെ ജോലിയാക്കാനും ഉദ്ദേശിച്ചായിരുന്നു. ഇംഗ്ലീഷിൽ കുറച്ചൂടെ അവൾ പാകമാകട്ടെ എന്ന് കരുതി ഞാൻ
ആലുവായിൽ നല്ലൊരു ഇൻസ്റ്റിറ്റ്യൂട്ട് കണ്ടു. എല്ലാം ഒാക്കെ. പക്ഷേ, ഞാനവളോട് പറഞ്ഞു: മീ.. ഇൗ സ്ഥലം ഒരൊറ്റ കാരണം കൊണ്ട് ഞാൻ സിലക്ട് ചെയ്യുന്നില്ല. എന്താന്നറിയോ?. ‍ഡെന്നിച്ചൻ്റെ വീട് ഇവിടെ അടുത്തായതോണ്ടായിരിക്കുമെന്ന് കൃത്യമായി, ഒട്ടും അമാന്തിക്കാതെ അവള്‍ മറുപടി പറഞ്ഞു. ഞാനൊന്ന് മൂളി.
എനിക്കാ സിറ്റ്വേഷൻ ഫെയ്സ് ചെയ്യാൻ പറ്റത്തില്ല.

ഞാൻ ഒാസ്ട്രേലിയേന്ന് വന്നതിൻ്റെ ക്ഷീണത്തില് ഞങ്ങള് ഒരു മാസം തായ് ലാൻഡിൽ പോയിക്കിടന്നു. തായ് ലൻഡ് ഫുക്കറ്റ് മീരേടെ ഡ്രീം ഡെസ്റ്റിനേഷനായിരുന്നു. അതിലൂടെ ബീച്ചീക്കൂടെ ബിയറൊക്കെ അടിച്ച്.. വേറൊരു കൺട്രിയല്ലേ. നമുക്ക് ഇടാവുന്ന ഏറ്റോം ഷോർട് ഡ്രസ്സൊക്കെയിട്ട്. ഷർട്ടിടാണ്ട് നടക്കാം. ബിക്കിനിയാണേല് ബിക്കിനി. ആരും മൈൻ‍ഡ് ചെയ്യുന്നില്ല. നമ്മുടെ സ്വന്തം രാജ്യം എന്ന ഫീല്. അങ്ങനെ മാക്സിമം ഞങ്ങള് എന്‍ജോയ് ചെയ്തു. മൂന്നര ലക്ഷത്തോളം രൂപ പൊടിയായി. തിരിച്ച് വന്ന് എയർപോട്ടീന്ന് ഇവളെ ഞാൻ വീട്ടീക്കൊണ്ടാക്കിയിട്ട് പറഞ്ഞു:മീ, ജസ്റ്റ് വെയിറ്റ് ഫോർ വൺ മൻത്. ദുബായിലേയ്ക്ക് താനെത്തും. അങ്ങനെ ഞാൻ ദുബായീ വന്നതിൻ്റെ നെക്സ്റ്റ് ഡേ അവള് ‍ഡെന്നിസൻ്റെ വീട്ടീപ്പോയി. ഇവര് തമ്മീ ഡ്രഗെടുത്തു. എംഡിഎമ്മേന്നു കെമിക്കൽ നെയിമുള്ള, സെക്ഷ്വലി എക്സ്റ്റൻസീന്നാ അതിൻ്റെ പേര്. അത് കപ്പിൾസെടുക്കുന്നത് അവർക്ക് ഉത്തേജകം കൂടാൻ. ഇവരുമതെടുത്തു. ഇവര് അതു ചെയ്യുന്നു. എന്നിട്ടോ, എൻ്റടുത്ത് റീ, െഎ ലവ് യു, െഎ മിസ് യൂന്ന്.

അങ്ങനെ, അവള് ഒാരോന്ന് പറയുംനേരത്ത് എനിക്ക് ഡൗട്ട് കൂടിക്കൂടി വരുന്നു. കാരണം, ഞാനാണേ ഇവിടെ പൊരിവെയിലത്ത് ഒാടുവാ. ഫ്ലാറ്റന്വേഷിക്കാൻ പോകുന്നു. അതു കിട്ടുന്നില്ല. ഒടുക്കത്തെ റെൻ്റ്. ഒരു ടു ബിഎച്ച് കെയ്ക്ക് സെവൻ്റി തൗസൻ്റ് ദിർഹമാ പറേന്നെ. വൺ ബിഎച്ച് കെ ഫിഫ്റ്റി. പോസിബിളില്ല. എനിക്കാണേല് രണ്ട് മാസത്തെ സാലറി സ്റ്റേറ്റ്മെൻ്റ് കാണിക്കണം. ഇവക്ക് ജോലി അന്വേഷിച്ചും ഞാൻ വലഞ്ഞു. കാരണം, എങ്ങനേലും ഒരു ത്രീ തൗസൻ്റിനെങ്കിലും എനിക്കിവളെയിവിടെ എവിടേലും കേറ്റണം. എനിക്ക് സെവൻ കെ ആയിരുുന്നു സാലറി. പ്ലസ് ത്രീ ഇൗക്വൽ ടു ടെൻ. ടെന്നായാലേ ബാലൻസ് ചെയ്ത് പോവത്തുള്ളൂ.
എന്തൊക്കെയോ ഇഷ്യൂല് ഞാനിങ്ങനെ നിക്കുന്നി‌‌ടത്ത് ഇവക്ക് ഒന്നും അറിയത്തില്ല. അവളാ സമയം പറയുവാ: റീ, എനിക്ക് ഉമ്മ വേണം.. എനിക്കടുത്ത് വേണം നിന്നെ.

അപ്പോ എൻ്റെ മനസ്സ് പറഞ്ഞുതുടങ്ങി, ഇവള് വേറെ എന്തിലോ ആണ്. അതെങ്ങനെ കണ്ടുപിടിക്കും? ഡൽഹിക്കാരനായ ഹാക്കറായിരുന്നു എൻ്റെ ഇവിടുത്തെ റൂംമേറ്റ്. –സഞ്ജു അംബികാ ദഹികർ. ഞാനിങ്ങനെ എപ്പഴും ടെൻഷനടിച്ച് നിൽക്കുന്നത് കണ്ട് ഒരു ദിവസം പുള്ളിക്കാരൻ എന്നോട് എന്താ പ്രശ്നമെന്ന് ചോദിച്ചു. ആരോടെങ്കിലും പറഞ്ഞ് മനസ്സിലെ ഭാരമിറക്കണമെന്ന് തോന്നിയിരുന്ന എനിക്കത് പിടിവള്ളിയായി. ഞാന്‍ പുള്ളിയോട് കാര്യങ്ങളെല്ലാം ഒരിൻസിഡൻസും വിടാതെ പറഞ്ഞു. ഇതാണോ ഇപ്പോ ഇത്ര വലിയ കാര്യം? താനവളുടെ വാട്സാപ്പ് ഇവിടെ ഡെസ്ക് ടോപ്പിൽ ലോഗിൻ ചെയ്യാനാകുവോന്ന് നോക്ക് എന്ന് അവൻ ഉപദേശിച്ചു.
അവൾ മണ്ടിയായതുകാരണം, ഉദ്ദേശിച്ചതിലും ഇൗസിയായി എൻ്റെ ഡെസ്ക്ടോപ്പില് ഞാനവളുടെ വാട്സാപ്പ് ലോഗിൻ ചെയ്തു. അവൾക്കൊരു ഒടിപി ചെന്നു. വൺടൈം പാസ് വേർഡ്. അവളെനിക്കത് പറഞ്ഞു തന്നു. ഞാനത് ലോഗിൻ ചെയ്തു. അവളുടെ വാട്സാപ്പിൽ ഡിലിറ്റ് ചെയ്തതും അല്ലാത്തുമായ മുഴുവനും സഞ്ജു തോണ്ടിയെടുത്തു തന്നു. എനിക്ക് ഫുൾ ഡിറ്റെയിൽസ് കിട്ടി. ഞാൻ നോക്കിയപ്പോ എന്നാ, എത്ര പ്രാവശ്യം ‘ഡെന്നിച്ചാ, െഎ കാൻ്റ് ലീവ് യു, െഎ വാണ്ട് ലിവ് വിത് യു റൈറ്റ് നൗ, ലോട്ടോഫ് ഉമ്മകൾ, നാളെ വരുന്നു’ എന്നൊക്കെ മെസേജ് ചെയ്തിരിക്കുന്നു.‌
എന്നോട് സംസാരിക്കാൻ നേരത്തിലും ഇവള് അവനോട് ചാറ്റ് ചെയ്തോണ്ടിരിക്കുവാ. ഇവര് ഡ്രഗിനെക്കുറിച്ച് സംസാരിക്കുന്നു. എന്തൊക്കെ കാര്യങ്ങളാ ഇവര് ചെയ്യുന്നേ. അപാരൻ്റ്ലി ദാറ്റ്സ് ഫെയ്ക്ക്.. എൻ്റടുത്തും സംസാരിക്കുന്നു. ഞാനാകെ തിളച്ചുമറിഞ്ഞു.

ഡ്രഗെടുത്തതിൻ്റെ സൈഡ് എഫക്ടായിരിക്കും, ഒരു ദിവസം രാത്രി ഇവക്ക് സെക്ഷ്വലി എന്തേലും ചെയ്യണം. അപ്പോ ഞാൻ പറഞ്ഞു: മീ.. ഞാനിവിടെ ദുബായിലല്ലേടീ, നീ അഡ് ജസ്റ്റ് ചെയ്യ്. അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യാൻ നോക്ക്. തനിക്ക് കൺട്രോൾ ചെയ്യാൻ പറ്രുന്നില്ലെന്ന് പറഞ്ഞ്, ഒരു മറ്റേ ആൾക്കാരെ പോലെ അവൾ ചിണുങ്ങി. അവിടെ പില്ലോ ഒക്കെയില്ലേ, കെട്ടിപ്പിടിച്ച് കിടക്ക്. അല്ലെങ്കി എന്തേലും ട്രഡീഷനൽ മെതേഡ് അറിയാങ്കി അതു ചെയ്യ്. അല്ലാണ്ട് ഇപ്പോ എന്നാ ചെയ്യാമ്പറ്റുമെന്ന് ഇത്തിരി കളിയാക്കലിൻ്റെ സ്വരത്തോടെ പറഞ്ഞതൊന്നും അവൾക്ക് മനസിലായില്ലെന്ന് തോന്നുന്നു.

അതൊക്കെ ഇൗ ഡ്രഗിൻ്റെ സൈഡ് എഫക്ടുകളായിരുന്നു. അന്ന് മുതലായിരുന്നു എനിക്കിവളെ ഡൗട്ടടിച്ച് തുടങ്ങുന്നേ. ശരിക്കും പറഞ്ഞാ ഞാൻ വീക്കായിപ്പോയി. െഎ മീൻ എനിക്കൊരു ബോധോല്ല. എൻ്റേത് ഹാഫ് മൈൻഡാ. എൻ്റെ കൈയൊക്കെ ചലിക്കുന്നുണ്ടോന്ന് പോലും അറിയത്തില്ല. ഞാനെങ്ങനെയോ ഫ്ലൈറ്റ് കേറി നാട്ടിലെത്തി. ഞാനെൻ്റെ ചാച്ചനോടും മമ്മിയോടും ഒറ്റയൊന്നേ പറഞ്ഞുള്ളൂ: തൊണ്ണൂറ്റിയെട്ട് ശതമാനോം എനിക്കുറപ്പാ, മീര ഹാവിങ്ങേ റിലേഷൻഷിപ്പ്. പിന്നെയീ രണ്ട് ശതമാനം. ആ രണ്ടു കൂടി ഇല്ലെങ്കിൽ എനിക്ക് അറിയത്തില്ല എന്നാ ചെയ്യേണ്ടേന്ന്. നിങ്ങള് തീരുമാനിച്ചോളൂ. ഇരുവരും മൗനം കുടിച്ച് നിന്നു. ഞാനെൻ്റെ പാകപ്പിഴകൾ സമ്മതിച്ചു:തെറ്റെൻ്റെ ഭാഗത്ത് നിന്നാണ്. ഞാനാണിത് കൊണ്ടുവന്നേ. പക്ഷേ എനിക്കിപ്പോഴും വിശ്വാസം അവളത് ചെയ്തിട്ടില്ലെന്നാ.

അപ്പോഴും അവരൊന്നും മിണ്ടാതെ സങ്കടം അടക്കി. ചാച്ചനും അമ്മച്ചിയും ബേബിച്ചനളിയനും ചേട്ടായിയും അവളുടെ അപ്പനോടും മമ്മിയോടും സംസാരിച്ചു.

അപ്പൻ വിറച്ചുകൊണ്ട് പറഞ്ഞതെന്തെന്നോ, അങ്ങനെയാണേല് ഇപ്പം അറിയണം. ഞാനവളോട് ചോദിക്കട്ടെ എന്ന്,
മീര ക്ലാസിനാണെന്ന് പറഞ്ഞ് പോയിരിക്കുവായിരുന്നു. അവരവളെ വിളിച്ചുവരുത്തി. ഞാൻ നാട്ടിൽ വന്നുവെന്ന് അവളറിയാതെ അവളപ്പോഴും എനിക്ക് മെസേജ് ചെയ്യുവാ. റീ, ഞാൻ ക്ലാസിന് പൂവാട്ടോ. റീക്കൊരുമ്മ.
ഇവള് വന്ന് ചേട്ടായിയോട് തർക്കിച്ചു. ചേട്ടായുടെ പള്ളിയേലിരുത്തിയാ ചേട്ടായി സംസാരിച്ചേ, അതും മറ്റു അച്ചന്മാരുടെ മുൻപീന്ന്. അവള് പറഞ്ഞു:
റിതേഷിന് എപ്പോഴും ഡൗട്ടാണ്. ആ ഡെന്നിസൺ എന്നാ തെറ്റാ ചെയ്തേ? എൻ്റെ നല്ലൊരു ഫ്രണ്ടായിരുന്നു. പക്ഷേ, റിതേഷിന് ഇഷ്ടമല്ല. ഇതെന്നാ ഇങ്ങനെ?.

അപ്പോ ചേട്ടായി ഞാൻ കൊടുത്തിരുന്ന അവളുടെ മെസേജുകളുടെ സ്ക്രീൻ ഷോട് കാട്ടി ചോദിച്ചു: ഒാക്കെ. അപ്പോ ഇൗ മെസേജ് എന്നാ? ഇതെന്നാ, ഇൗ ഒാഡിയോ എന്നാ? ഞങ്ങളൊക്കെ കൂട്ടുകാർക്ക് തുണിയൂരിക്കൊടുക്കാറില്ല. അതിനെ കൂട്ടുകെട്ടെന്നല്ല വിളിക്കുന്നേ. അതിന് പേര് വേറെയാ. അപ്പോ അവള്, പറ്റിപ്പോയെന്ന് പറഞ്ഞ് കരച്ചിലായി. പറ്റിപ്പോയതല്ല, പിടിക്കപ്പെട്ടു എന്ന് പറഞ്ഞ് ചേട്ടായി നന്നായി തിളച്ചു. താനിനി എന്ത് ചെയ്യണമെന്നായി അവൾ.
എനിക്കറിയത്തില്ല, റിതേഷ് തീരുമാനിക്കും. അവനാ കാറിലിരിപ്പുണ്ടെന്ന് ചേട്ടായി പറഞ്ഞപ്ലത്തേക്കും ഇവളുടെ കൺട്രോള് പോയി. ഞാൻ കാറീന്ന് ഇറങ്ങിവന്നതും ഇവള് ഒാടി. ഞാനവളെ തടഞ്ഞുനിർത്തിയപ്പോൾ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു:

എനിക്കിനി റീയുടെ മോത്തേക്ക് നോക്കാനൊക്കത്തില്ല. എനിക്ക് തന്നോട് രണ്ടുമൂന്ന് കാര്യം ചോദിക്കാനുണ്ട്. അതു പറഞ്ഞപ്പോൾ ബാക്കിയെല്ലാവരും മാറി നിന്നു. അപ്പോളിവളെൻ്റെ കാലേല് വീണു കെഞ്ചി:തെറ്റുപറ്റിപ്പോയി. തെറ്റുപറ്റിയതല്ല, നീ ഇത് മൂന്നാമത്തെ പ്രാവശ്യാ. രണ്ട് തവണ നിനക്ക് ഞാൻ വാണിങ് തന്നു. എൻ്റെ ഭാഗത്ത് നിന്ന് എന്തു തെറ്റുണ്ടായിട്ടാണ് നീ ഇതെന്നോട് ചെയ്തേ? ഞാനിനി എന്തുകണ്ടിട്ടാണ് നിന്നെ കെട്ടിപ്പിടിക്കേണ്ടേ? ഇനിയെങ്ങനെയാ നിന്നെ സ്നേഹിക്കാ? നീയെന്നെ ചതിക്കുവല്ലേ ചെയ്തേ? നിനക്ക് കുറച്ചെങ്കിലും ഉളുപ്പുണ്ടായിരുന്നേല് എൻഗേജിൻ്റെ ഫോട്ടോ അവന് അയച്ചുകൊടുക്കില്ലായിരുന്നു. അതേല് നീ എഴുതി. യു ഒാൾവേയ്സ് വിത്ത് മി, ഇൗവൻ ദിസ് ടൈം എന്ന് പറഞ്ഞപ്പോ നിൻ്റെ അപ്പുറത്തെ കൈ പിടിച്ച് ‍ഞാനുണ്ടായിരുന്നെടീ. നിനക്ക് എന്തിൻ്റെ കുറവായിരുന്നു? സെക് ഷ്വലിയാണോ?. ഞാൻ മനസിൽ തളംകെട്ടി നിർത്തിയ അരിശപ്പുഴയുടെ തടയണ പൊട്ടിച്ചു. അപ്പോളവളിടപെട്ടു. സെക് ഷ്വലി റീയല്ലാതെ ആരും എന്നെ തൊട്ടിട്ടില്ലെന്ന് പറഞ്ഞു കരഞ്ഞു. എന്നോട് മാത്രം അതു പറയരുതെന്ന് ഞാൻ വാണിങ് കൊടുത്തു. ഞാനവന് ഹാൻഡ് ജോബ് ചെയ്തുകൊടുത്തിട്ടേയുള്ളൂ എന്നവൾ കൂസലില്ലാതെ പറഞ്ഞു കളഞ്ഞു!.‌

എനിക്കറിയാമായിരുന്നു, കുറച്ചൂടെ പറഞ്ഞാ എൻ്റെ നാക്ക് അത്രയ്ക്കും വൃത്തികെട്ടതായിപ്പോകും. ഞാൻ പറയുന്നില്ലെന്നേയുള്ളൂ. ഒരിക്കലെങ്കിലും നീ എന്നെക്കുറിച്ച് ഒന്നാലോചിച്ചുനോക്കിയോ. നീയെന്നാ വിചാരിച്ചേ, ‍ഞാൻ പൊട്ടനാണെന്നോ?. ഞാനപ്പോ വായീ തോന്നിയതെല്ലാം പറഞ്ഞു.

അപ്പോളവള് സൂയിസൈഡ് ചെയ്യാൻ വേണ്ടി പള്ളീടെ പിന്നിലേയ്ക്ക് ഒറ്റയോട്ടം. അപ്പോ ചാച്ചൻ പറഞ്ഞതെന്താന്നോ, ഇതെല്ലാം അഭിനയം. ഇതൊക്കെയവള് രക്ഷപ്പെടാൻ ചെയ്യുന്നതാ.

അപ്പോ പള്ളീലച്ചൻ ഇടപെട്ടു. പള്ളീടെ പിറകുവശം ഇരുന്ന് കരയുകയായിരുന്ന അവളെ കൂട്ടിക്കൊണ്ടുവന്നു. അപ്പോളിവളിങ്ങനെ എനിക്കറിയില്ല, എനിക്ക് ചാവണം എന്ന് പറഞ്ഞു കിതയ്ക്കുന്നു. ഞാൻ പറഞ്ഞു: നീ ചത്തോ.. എനിക്കെന്നാ എന്ന് പറഞ്ഞു, ആ സ്പോട്ടിൽ ചാച്ചൻ കേറി പറഞ്ഞു: എടീ, നെൻ്റെ വെളച്ചില് ഇവിടെ നടക്കില്ല. നിൻ്റെ അപ്പൻ്റടുത്ത് പോയി പറഞ്ഞോ. എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോ ചേട്ടായി പറഞ്ഞു: ഇതിങ്ങനെ വിട്ടാ പറ്റില്ല. ഇവള് നാളെ എന്തേലും ചെയ്താ എൻ്റെ അനിയൻ പെട്ടുപോകും. നമ്മള് ഒരു വെള്ളപ്പേപ്പറിൽ ഇതെഴുതണം.

നടന്നസംഭവം മൊത്തം ഞാൻ ഒരു വെള്ളപ്പേപ്പറിലെഴുതി. പള്ളീലച്ചൻ ഒപ്പിട്ടു. അവളുടെ അന്നത്തെ സംസാരം മുഴുവൻ ഞാൻ രഹസ്യമായി ഒാ‍ഡിയോ റെക്കോർഡും ചെയ്തിരുന്നു. കാരണം എല്ലാത്തിനും എനിക്ക് പ്രൂഫ് വേണം.
ഇതെല്ലാം വായിച്ചിട്ട് ഇവളുടെ അപ്പൻ പറഞ്ഞു:ഇതെൻ്റെ മോൾടെ ആത്മഹത്യാ കുറിപ്പാണ്. എൻ്റെ മോള് ചത്താ നിങ്ങളാർക്കും ഉത്തരവാദിത്തമില്ലെന്ന് ഞാനെങ്ങനെ ഒപ്പിടുക?. ആ കടലാസ് മുഖത്തേയ്ക്ക് ചേർത്തുപിടിച്ചു, ഹൃദയഭേദകമായി അയാൾ പറഞ്ഞു: പക്ഷേ, അച്ചോ, റിതേഷേ, നിങ്ങളല്ല തെറ്റുകാര്. എൻ്റെ മോളാണ്. നിങ്ങക്കൊന്നും വരില്ല. ഇത് ചക്കരക്കൽ തോബിയാസിൻ്റെ വാക്കാണ്. അപ്പോൾ പള്ളീലച്ചൻ ഇത് ‍താൻ സോൾവ് ചെയ്തുതരുമെന്നും ദൈവത്തെയോർത്ത് ഒരുമാസത്തേന് അടങ്ങിയിരിക്കണമെന്നും എന്നോട് പറഞ്ഞു. ഇത് പുറത്താക്കിയാ നാല് ശവമാ ഇവിടെ പൊന്തുക. നിങ്ങള് ദയവുചെയ്ത് ഒരു കുടുംബത്തെ ഇല്ലായ്മ ചെയ്യരുത്. അതു കേട്ടപ്പോ എനിക്കും അങ്ങ് വല്ലാണ്ടായി. ഞാൻ സമ്മതിച്ചുകൊണ്ട് പറഞ്ഞു;പക്ഷേ, ഫാദർ എനിക്കിതിനകത്ത് നീതി വേണം. അതു ‍ഞാൻ തരും, എന്താണേലുമെന്നായി ഫാദർ.

ഞാനവിടുന്ന് പോന്നു. ചാച്ചനും മമ്മിയും എൻ്റെ കൂടെയുണ്ട്. ഞാൻ രണ്ട് ദിവസമായിരുന്നു എന്തെങ്കിലും കഴിച്ചിട്ട്. വിശക്കുന്നുണ്ട്, പക്ഷേ, ഇറങ്ങത്തില്ല. അങ്ങനെയൊരവസ്ഥ. ഇടുക്കി ടൗണിലിറങ്ങിയ ഞാൻ വീട്ടീ പോയില്ല. അവിടെ ചേട്ടയീടെ കൂടെ പള്ളീല് കൗൺസലിങ്. പ്രാർഥന, കൈ മുത്തല്‍.

കല്യാണം കഴിഞ്ഞിട്ട് ഞാൻ സിംഗപ്പൂര്, മലേഷ്യ എന്നിവിടങ്ങളിലൊക്കെ പോയിട്ടുണ്ട്. എനിക്ക് പലരോടും പല ഫാൻ്റസിയും തോന്നിയിട്ടുണ്ട്. മാനുഷികപരമായും തോന്നിയിട്ടുണ്ട്. പക്ഷേ, അതൊരു തോന്നലില് മാത്രമായി ഞാൻ ഒതുക്കിയിട്ടുണ്ട്. ഞാനതിന് പോയാ പിന്നെ അവള് പോകുന്നതിനൊന്നും എനിക്ക് പറയാനില്ല. അതല്ലല്ലോ അതിൻ്റെയൊരിത്. നമ്മള് ഒരു കമ്മിറ്റ്മെൻ്റെടുക്കുവല്ലേ. ഏത് യൂറോപ്യൻ്റെ ലൈഫാണേലും വൺസ് നമ്മൾ ടു ബി കമ്മിറ്റഡ് ജസ്റ്റിസ് കാണിക്കണം. കാര്യങ്ങൾ കേട്ടവരെല്ലാം പറഞ്ഞത്, എടുത്ത ഡിസിഷന് ഒരു തെറ്റുമില്ല. നെവർ കം ബാക്ക്. ഗോ ഫോർവേർഡ് എന്നുള്ള രീതീ പറഞ്ഞു. പിന്നെ ഇൗ അച്ചനെന്നെ വിളിച്ച് കൺവിൻസ് ചെയ്യാൻ ശ്രമിച്ചു:

ഇത് പ്രണയമല്ല. പ്രണയമില്ല റിതേഷിനോട്. മറ്റേതിന്‍റെ പേര് ലൗ സിക്കെന്നാണ്. റിതേഷില്ലാത്തപ്പം റിതേഷിനെ കിട്ടണോന്ന് തോന്നി. നീ അപ്പുറമായതോണ്ട് വേറെ ഒരുത്തനെ വച്ച് അഡ് ജസ്റ്റ് ചെയ്തു. എനിക്ക് കലികയറി. ഫാദർ, പറയാൻ മടിയുണ്ടെങ്കിലും പറയാതിരിക്കാനാവില്ല. ഇതിന് ഞങ്ങടെ നാട്ടീ വിളിക്കുന്ന പേര് വെടി, പടക്കം, ശൂ, ഠോ എന്നൊക്കെയാണ്. കുർബാന ചൊല്ലുന്ന നാക്കുകൊണ്ട് നിങ്ങക്കെങ്ങനെ അത് പറയാൻ തോന്നുന്നു, ഫാദർ. ഏതൊരു യുവാവിൻ്റെ ലൈഫിലാണേലും കല്യാണത്തിന് ശേഷം ഭാര്യ വേറെ വല്ലോൻ്റേം വീട്ടീപ്പോയി നിന്നിട്ട് തുണിയുരിഞ്ഞ് കൊടുക്കുന്നുണ്ടെങ്കി അതിനൊരറ്റ മീനിങ്ങേയുള്ളൂ. അതിനെ ലവ് സിക്ക് എന്നൊന്നും പറഞ്ഞോണ്ട് ദയവുചെയ്ത് എൻ്റടുത്ത് വരരുത്. ഞാൻ പറയാനുള്ളത് പറഞ്ഞു, ബാക്കിയുള്ളത് ഫാദറിൻ്റെ ഇഷ്ടം. അച്ചൻ മറുത്തൊരക്ഷരം ഉരിയാടിയില്ല.

അവളുടെ അപ്പൻ ഇപ്പോ എന്തിനാണിങ്ങനെ ജീവിക്കുന്നതെന്ന് എനിക്കൊട്ടു മനസിലാകുന്നുമില്ല. എനിക്കും തോന്നിയിട്ടുണ്ട്, ഇവക്ക് ഇവളുടെ അപ്പന്‍റെ നേച്ചറുമായി ഒരു ബന്ധവുമില്ല. വേറെ ആരുടെയോ സ്വഭാവം. കാരണം, ഇവളുടെ അപ്പൻ നല്ല തങ്കപ്പെട്ട വ്യക്തിയാ, കാര്യായിട്ടും. ചക്കരക്കൽ തോബിയാസ് എന്ന വ്യക്തിയോട് എനിക്കെപ്പോഴും സ്നേഹവും ബഹുമാനവുമാണ്. കാരണം, എപ്പോ കണ്ടാലും ഒാടിവന്നെന്നെ കെട്ടിപ്പിടിക്കും. പുള്ളി വേഗം പോയിട്ട് രണ്ട് ബിയറൊക്കെ വാങ്ങിയിട്ട് വരും. ആരും കാണാതെ എന്നെ കൂട്ടിപ്പോയിട്ട് വിറകുപുരയുടെ അടുത്ത് നിർത്തി ചോദിക്കും: മോന് സുഖം തന്നെയാണോ? എങ്ങനെയൊക്കെ പോകുന്നു കാര്യങ്ങളൊക്കെ? നന്നായിട്ട് ജീവിക്കണം, കേട്ടോ എന്നൊക്കെ. ഹി ഇൗസ് എ ജെൻ്റിൽ ഗയ്. പുള്ളി. ഇദ്ദേഹവും ഭാര്യയുമായുള്ള ഇഷ്യു വളരെ വലുതായിരുന്നു. ഇടയ്ക്ക് ഞാൻ കോംപ്രമൈസ് ചെയ്യാൻ പോയിട്ടുണ്ട്. ബേസിക്കലി, ഒന്നുകിൽ അവൾ വളർന്നുവന്നത്, അല്ലെങ്കിൽ കണ്ടു വളർന്നത്.. എന്തിലോ ഒന്നിൽ ഒരു തെറ്റുണ്ട്. അല്ലെങ്കി ചെറുപ്പം മുതലേ അവളെ ആരോ മിസ് യൂസ് ചെയ്തിട്ടുണ്ട്.

പക്ഷേ, കാര്യങ്ങൾ തിരിഞ്ഞുമറിയാൻ ഏറെ നാൾ വേണ്ടി വന്നില്ല. ഇതെല്ലാം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോ എനിക്കെതിരെ അവളുടെ അപ്പൻ്റെ കേസ്–ഡൊമസ്റ്റിക് വയലൻസ്. ഞാൻ കത്തികൊണ്ട് കുത്താൻ നോക്കി. മൂന്ന് മാസം പട്ടിണിക്കിട്ടു. സംശയരോഗം കാരണം, ജോലി റിസൈൻ ചെയ്ത് അവളോട് വീട്ടിലിരിക്കാൻ പറഞ്ഞു. അപ്പനേം മമ്മിയേം തല്ലി.

കേസിട്ടു. ഞാനിവിടെയായതുകാരണം വലിയ ഭയം തോന്നിയില്ല. പക്ഷേ, എന്തിനെന്നറിയാത്ത ഒരു ടെൻഷൻ എന്നെ പിടികൂടി. അതിനിടയ്ക്ക് അൽ െഎനിലുള്ള ഇവളുടെ അപ്പൻ്റെ ചേ‌ട്ടനെ ഞാൻ പോയി കണ്ടു. കാര്യങ്ങൾ സംസാരിച്ചു. ഞാനിതൊന്നും അറിഞ്ഞുപോലുമില്ല മോനേ എന്നായി അയാൾ. സ്വന്തം അപ്പൻ്റെ ചേട്ടനാ. എനിക്കിതിൽ നിന്ന് നീതിവേണമെന്നും എന്നെയൊന്ന് ഒഴിവാക്കിത്തരണമെന്നും പറഞ്ഞു. പുള്ളി എന്നെ കെട്ടിപ്പിടിച്ചു. നെക്സ്റ്റ് വീക്ക് പുള്ളി എന്നെ വിളിച്ചിട്ട് പറയാണേ, മോനേ, ഇരുപത് ലക്ഷമാ അവർ ചോദിക്കുന്നേ. പതിനഞ്ചിന് ഞാൻ തീർത്തു തരാം എന്ന്.

നല്ല ബിസിനസാ. ഇങ്ങനെ കുറേ ബിസിനസുണ്ടോ? വേറെ ആരൊക്കെയാണ് ഇൗ കളത്തിലുള്ളേ? കല്യാണം കഴിപ്പിക്കുക, വേറെയുള്ളവൻ്റെ വീട്ടീ കൊണ്ടുപോയി കൊടുക്കുക. എൻ്റേന്ന് കാശുവാങ്ങുക. നിങ്ങള് മറ്റവൻ്റടുത്തൂന്നാ വാങ്ങിക്കണ്ടേ, അല്ലാതെ എൻ്റയടുത്തൂന്നല്ല. പിന്നെ, നിങ്ങൾ ഉണ്ടാക്കിക്കൂട്ടിയതെല്ലാം ഇൗ രീതിയിലാണെങ്കില്, കൊള്ളാം, നല്ല ഇത്. നോക്കിയിരുന്നോ, എൻ്റേന്ന് ഇപ്പം കിട്ടും. എൻ്റെ വാക്കു കേട്ട് അയാളെന്നെ വെല്ലുവിളിച്ചു. ഞാൻ കൊച്ചീ കാലുകുത്തിയാ തട്ടുമെന്നു ഭീഷണിയും. നിങ്ങള് ഇങ്ങനെയൊന്നും എനിക്ക് ഭീഷണി തരല്ലേ. നിങ്ങൾ വീട്ടിലേയ്ക്കൊന്ന് വിളിച്ചുനോക്ക്, അവള് കാശിന് വേണ്ടി പുറത്തുവല്ലോം ആണോ ഉള്ളേ? പാരമ്പര്യമതാണല്ലോ. എനിക്ക് വായീത്തോന്നിയതെല്ലാം ഞാൻ വിളിച്ചുപറഞ്ഞു. അപ്പോളയാളെന്നെ പച്ചത്തെറി വിളിച്ചു.

കേസ് തുടങ്ങി. എൻ്റെ കൂട്ടുകാരന്മാര് പലോരും ഇതിൽ ഇടപെട്ടു. മീരേ‌ടെ വീട്ടീ പോയി. എൻ്റെ കോളജീന്ന് പ്രിൻസിപ്പലച്ചൻ അടക്കം സാറന്മാര് പോയി. അങ്ങനെ എത്രയോ പേർ ഇതിലിടപെട്ടു. കോടതീല് എൻ്റെ അഡ്വക്കേറ്റ് സഫ്രീനാ സുൾഫിക്കർ. പുള്ളിക്കാരി ആണുങ്ങക്ക് വേണ്ടി വക്കാലത്തെടുക്കാത്തയാളാ. എന്നിട്ടും എൻ്റെ ആൻ്റീടെ ഫ്രണ്ടായതിനാൽ ഇൗ കേസെടുത്തു. ഇൗ കേസ് കോംപ്രമൈസാക്കിക്കൂടെ എന്ന് അദാലത്തിൽ ജഡ്ജ് ചോദിച്ചു. പുള്ളിക്കാരി പറഞ്ഞു:

അങ്ങനെ പതിനഞ്ചോ ഇരുപതോ ലക്ഷം നൽകി ഇൗ കേസ് ഒത്തുതീർപ്പാക്കാൻ അറീലാഞ്ഞിട്ടല്ല. ഇൗ കേസിനെ ഇങ്ങനെ പ്രോത്സാഹിപ്പിച്ച് വിട്ടാ ഇവള് വേറെ ഒരുത്തന്‍റെ തലയിൽകേറി നെരങ്ങും. ഇവള് കാരണം ഇനിയൊരു കുടുംബം കൂടി നശിക്കും. അതിന് ഞാൻ കൂട്ടുനിൽക്കില്ല. എത്രവലിയ ഒാഫറിട്ടാലും ഞാനിതും കൊണ്ട് മുന്നോട്ടുപോകും. ഇതത്രനല്ല പ്രവണതയല്ല, പുതിയൊരു ലേണിങ്ങാണ്. ഒരാളെ പറ്റിക്കുക, ഒരാളുടെ ജീവിതം കുളമാക്കുക. എന്നിട്ട് കാശും വാങ്ങിക്കുക. അഡ്വക്കറ്റിൻ്റെ ഡയലോഗ് എല്ലാവരെയും കിടുക്കി.നിങ്ങളിനി എന്ത് കളിച്ചിട്ടും കാര്യമില്ല. ഞാനിത് വെറുതെ പറയുന്നതല്ല എന്നു കൂടി പറഞ്ഞു അവർ മടങ്ങി.
ഒടുവിൽ കഴിഞ്ഞ ദിവസം കേസെടുത്തു. കുടുംബകോടതി ജഡ്ജി പ്രായമുള്ള ഒരാളായിരുന്നു. അയാൾ ചാച്ചനെയും അവളുടെ അപ്പനേയും രണ്ടുപേരുടെയും അഡ്വക്കേറ്റ്സിനെയും കോടതിയിലെ അടച്ചിട്ട മുറിയിലേയ്ക്ക് വിളിച്ചുവരുത്തി. മറ്റു കോടതികൾ പോലെ വലിയ തിക്കും തെരക്കുമില്ലാത്ത കോടതി. അവളും അവളുടെ മമ്മിയും കോടതിയുടെ വരാന്തേല് നിന്നു. ഇൗ കേസ് ഇവിടെ വച്ച് തീർക്കുന്നതല്ലേ നല്ലതെന്ന് എല്ലാവരോടുമായി ജഡ്ജി ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. അപ്പോ ജഡ്ജി തന്നെ പറഞ്ഞു: ഞാനൊരു റെസലൂഷൻ പറയാം, ഒരു പത്ത് ലക്ഷം രൂപ റിതേഷ് മീരയ്ക്ക് നഷ്ടപരിഹാരമായി നൽകും. കേസ് അതോടെ ഒത്തുതീർപ്പാകും. അവളുടെ വക്കീല് പൊട്ടിത്തെറിച്ചില്ലെന്നേയുള്ളൂ. ഉള്ളില്‍ നുരഞ്ഞുപൊന്തിയ രോഷമടക്കി, ബഹുമാനഭിനയിച്ച് പുള്ളി പറഞ്ഞു:
സർ, ഇരുപത്തഞ്ച് ലക്ഷമാണ് മീര നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. അതിൽ ഒട്ടും കുറയില്ലത്രെ. എന്നാ ഒരു കാര്യം ചെയ്യ്. കേസുമായി മുന്നോട്ടുപോകാം. എൻ്റെ മോൻ തെറ്റുകാരനാണെങ്കി ശിക്ഷ അനുഭവിക്കട്ടെ എന്ന് പറഞ്ഞ് ചാച്ചൻ അവിടെ നിന്നിറങ്ങി.

അത്രേം തുക ഒരിക്കലും നൽകേണ്ടതില്ലെന്ന് ഞാനും പറഞ്ഞു. ചേട്ടായിയും ബേബിച്ചനളിയനും അതേ അഭിപ്രായക്കാരായിരുന്നു.

രണ്ട ് ദിവസം കഴിഞ്ഞ്, അതായത് ഇന്നലെ ജ‍ഡ്‍ജി വീണ്ടും എല്ലാവരേയും കോടതിയിലേയ്ക്ക് വിളിപ്പിച്ചു. എതിർപാർട്ടി പതിനഞ്ച് ലക്ഷത്തിന് ഏതാണ്ട് സമ്മതിച്ചിട്ടുണ്ട്. അതു നൽകി കേസ് തീർപ്പാക്കുന്നതല്ലേ നല്ലതെന്ന് ചാച്ചനോട് ചോദിച്ചു. സർ, എന്നോടൊന്നും തോന്നിയേക്കരുത്. അവർ റിതേഷിന് വിവാഹസമയത്ത് സമ്മാനായി നൽകിയ അഞ്ച് ലക്ഷം രൂപേം പിന്നെ, ഒരു ഇരുപത്തയ്യായിരം അതിൻ്റെ കൂടെ കൂട്ടിയും നൽകും. അതയാത് അഞ്ചേക്കാൽ. അതിലും ചില്ലിക്കാശ് കൂടുതൽ നൽകില്ല. റിതേഷ് ദേ, ഇപ്പോൾ എന്നെ വിളിച്ച് പറഞ്ഞതേ ഉള്ളൂ. ഇതിൻ്റെ പേരിലുള്ള കോൺസിക്വൻസ് അവൻ നേരിടുമത്രെ. ചാച്ചൻ പറഞ്ഞപ്പോള്‍ ജ‍ഡ്ജി മിണ്ടാണ്ടിരുന്നു. മീരയുടെ അഭിഭാഷകൻ എന്തു പറയണമെന്നറിയാതെ ഇത്തിരി നേരം ഇരുന്ന ശേഷം ജ‍ഡ്ജിയോട് അനുവാദം ചോദിച്ച് എണീറ്റ് പുറത്തേയ്ക്ക് നടന്നു. അയാൾ മീരയുടെ അപ്പനും മമ്മിയുമായി കുടുംബകോടതിയുടെ വരാന്തയിൽ കുശുകുശുത്തു. ചാച്ചൻ അപ്പപ്പോ എന്നേം വിളിച്ചു കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു. ഇടയ്ക്ക് ചേട്ടായിയും വിളിച്ചു എന്നതാടാ ചെയ്യാന്ന് ഇത്തിരി ആശങ്കയോടെ ചോദിച്ചു. ഇവിടെ തന്നെ കേസ് തീർക്കുന്നതാ ഏത് നിലയ്ക്കും നമുക്ക് നല്ലത്. നിനക്ക് പുതിയൊരു ജീവിതം തുടങ്ങേണ്ടടാ. ഞാനൊന്നും മിണ്ടിയില്ല. എനിക്കതിലൊന്നും അത്ര ടെൻഷനുമില്ലാരുന്നു. ഒരു പത്തിന് അവമ്മാര് സമ്മതിക്കുവാണേല് നമുക്കങ്ങ് ഒാക്കെയാക്കിയാലെന്നാ എന്നായിരുന്നു ചേട്ടായിയുടെ അടുത്ത ചോദ്യം. എൻ്റെ കൈയീ അത്രയ്ക്കൊന്നും കാശില്ലെന്നേ എന്ന് ഞാൻ. എന്നാ ഒരു കാര്യം ചെയ്യാം, ഒരെട്ടു ലക്ഷം വരുവാണേല് നമുക്ക് ഇൗ ഇഷ്യു അങ്ങ് തീർക്കാമെന്നായി ചേട്ടായി. ഇൗ കേസിന് പിന്നാലെ ഒാടാനും ടെൻഷനടിക്കാനും ചാച്ചന് വയ്യാണ്ടായടടാ എന്ന് പറഞ്ഞപ്പം ഞാനാകെ ട്രാപ്പിലായി.
കുറച്ച് കഴിഞ്ഞ് ചാച്ചനെ ജഡ്ജി വിളിച്ചു കാര്യം വിശദീകരിച്ചു. മീരയുടെ വീട്ടുകാരെ താൻ ചില കാര്യങ്ങൾ പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ടെന്നും പത്ത് രൂപ നൽകിയാ അവര് കേസ് പിൻവലിക്കാൻ തയ്യാറാണെന്നും അറിയിച്ചു. ചാച്ചൻ ഒന്നും മിണ്ടിയില്ല. സമ്മതമില്ലെന്ന അർഥത്തിൽ കൈകൾ കൂട്ടിത്തിരുമ്മി, മറ്റെവിടെയോ ദൃഷ്ടികൾ പായിച്ചു. ജഡ്ജിക്ക് കാര്യം മനസിലായി. പുള്ളി കീശേന്ന് കർചീഫെടുത്തു. പിന്നെ കണ്ണടയെടുത്ത് മേശമേല് വച്ചിട്ട് മുഖം അമർത്തിത്തുടച്ചു. അദ്ദേഹം വല്ലാതെ സമ്മർദമനുഭവിക്കുന്നതുപോലെ തോന്നി. കുറച്ച് നിമിഷം ആരും ഒന്നും മിണ്ടിയില്ല. പിന്നെ എന്തോ ഒാർത്തെന്ന പോലെ മീരയുടെ അഭിഭാഷകനെ ഇത്തിരി നേരം പുറത്ത് നിൽക്കാൻ പറഞ്ഞ് ജഡ്ജി ചാച്ചനെ ഉപദേശിച്ചു:

അതേയ്, ഇങ്ങനെ വിലപേശൽ നടത്താൻ ഇത് ചന്തയൊന്നുമല്ല, കോടതിയാ.. ഇത്തരം കേസ് ഇവിടെയും മറ്റു കോടതികളിലുമൊക്കെ കെട്ടിക്കെടക്കുവാ. തീരാൻ അഞ്ചാറ് കൊല്ലമെങ്കിലുമെടുക്കും. രണ്ട് ചെറുപ്പക്കാരല്ലേ, പ്രശ്നം തീർത്ത് പുതിയ ലൈഫ് തുടങ്ങിക്കോട്ടേന്ന് കരുതി ഇതിന് നിക്കുവാണ്.

ചാച്ചന്‍ ആകെ ബ്ലാ അടിച്ചു. പിന്നെ, ഒരു മിനിറ്റിനകം വരാമെന്ന് പറഞ്ഞേച്ച് പുറത്തോട്ട് ചെന്നു. അവിടെ ബേബിച്ചനളിയനും ചേട്ടായിയും കൂടിയുണ്ടായിരുന്നു. ചാച്ചൻ കാര്യം പറഞ്ഞു. അവര്‍ രണ്ട് പേരും പത്തിന് മുറിച്ചേക്ക് എന്ന് പറഞ്ഞെങ്കിലും ചാച്ചൻ അപ്പോഴും ഡൗട്ടടിച്ച് നിക്കുവാണേ.

അപ്പോൾ മീരേടെ വക്കീലിനെ വീണ്ടും ജഡ്‍ജി അകത്തോട്ട് വിളിപ്പിച്ചു. നേരത്തെ കണ്ടേലും ഇച്ചിരി ഗൗരവത്തിലായിരുന്നു പുള്ളി. അദ്ദേഹം വക്കീലിനോട് എന്തൊക്കെയോ കുശുകുശുത്തു. തുടർന്ന് വക്കീൽ മീരേടെ അപ്പനെ വിളിച്ചു മാറ്റിനിർത്തി അക്കാര്യമങ്ങ് വെട്ടിത്തുറന്ന് പറഞ്ഞു: പിന്നേ, ജഡ് ജി ഒരെട്ട് അവരടത്തൂന്ന് വാങ്ങിക്കും. അവരത് നൽകും. നിങ്ങക്ക് ആറ് ലക്ഷം ഞാൻ തരും, മനസ്സിലായല്ലോ.
ഇൗ കേക്കുന്നതെന്തുവാന്നറിയാതെ മീരേടെ അപ്പൻ വാ പൊളിച്ചു നിന്നു. പിന്നെ, വയലേലെ നോക്കുകുത്തി നല്ല കാറ്റ് വന്നാ ആടുംപോലെ യാന്ത്രികമായി തലയാട്ടി.

ഇനിയെനിക്കൊരു നല്ല ജീവിതം തുടങ്ങണം. ബറാക്കുഡയിൽ നിന്ന് ബിയറും വാങ്ങി തിരിച്ചുപോരുമ്പോൾ, അത് കഴിക്കാതെ തന്നെ ഞാൻ പുതു ഭാവിയോർത്തുള്ള ലഹരിയിലായിരുന്നു.

* ആറാം കൂദാശ– കത്തോലിക്ക വിഭാഗക്കാരുടെ കൂദാശയിൽ ആറാമത്തേത് വിവാഹത്തേക്കുറിച്ചാണ്.
*ബറാക്കുട– യുഎഇയിലെ പ്രശസ്തമായ മദ്യവിൽപന കേന്ദ്രം. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന നീളമുള്ള മത്സ്യമാണ് ബറാക്കുട.

ദുബായിൽ മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റ്. ഔട്ട്പാസ് (നോവൽ–ഡിസി ബുക്സ്), ഖുഷി ( കുട്ടികൾക്കുള്ള നോവൽ–ഡിസി ബുക്സ്) എന്നിവയടക്കം ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.