ആരുമില്ല

ആരുമില്ല..,
ഏകാന്തതയുടെ
കാർമേഘങ്ങൾ നാഗങ്ങളെപ്പോലെ
വിഴുങ്ങുമ്പോൾ..

നിലാവെളിച്ചം നഷ്ടപ്പെട്ട
ഇരുട്ടിന്റെ ആത്മാക്കൾ
തേങ്ങുന്നതറിയാതെ
ഋതുഭേദങ്ങൾ
കടന്നുപോയി

തിരയെ സ്നേഹിച്ച കടലും
തീരങ്ങളെ പുണർന്ന
പുഴയും
നിർജീവമായി

പ്രതീക്ഷകൾ
കൈവെടിയാതെ
പകലോൻമാത്രം
സാക്ഷിക്കൂട്ടിൽ
പ്രകാശം വിതറി

അണപൊട്ടിയോഴുകുന്ന
വികാരങ്ങൾ
നിയമക്കുരിശുകളിൽ
ഇരുമ്പാണികളാൽ
ബന്ധിതരായി

മൂളാതെ വീശിയ
കാറ്റിനുപോലും
ചുടുചോരയുടെ
ഗന്ധമാണെന്ന്
ആരോ പിറുപിറുത്തു

മർമ്മരങ്ങൾ
കാറ്റിൽ
ഉച്ചഭാഷിണികളായി
രൂപാന്തരം പ്രാപിക്കുന്നതറിയാതെ,
ദിക്കറിയാതെ,
മേഘങ്ങൾ പ്രയാണം തുടർന്നു.

കണ്ണൂർ ജില്ലയിലെ മാത്തിൽ ആലപ്പടമ്പ് ഗ്രാമത്തിൽ താമസിക്കുന്നു. സോഷ്യൽ മീഡയകളിൽ ബ്ലോഗുകൾ എഴുതാറുണ്ട്.