2015 ജൂലൈ ..
“ശ്യാം, ലുക്ക്.. ദിസ് ഈസ് ദ തേർഡ് കോൺസിക്യുട്ടീവ് മന്ത് യുആർ നോവേർ നിയർ ടാർഗറ്റ്… വീ കാണ്ട് കൺടിന്യൂ ലൈക്ക് ദിസ്.. ഐവിൽ വെയിറ്റ് ടിൽ ക്യൂത്രീ… ഈഫ് തിങ്സ് ഡോണ്ട് ഇംപ്രൂവ്, യൂഷുഡ്ഡ് സ്റ്റാർട്ട് ലുക്കിങ് ഫോർ ഓപ്ഷൻസ്..” റിവ്യൂ മീറ്റിംഗിൻ്റെ അവസാനം CEO ശ്യാമിനോട് പറഞ്ഞു.
“ഐൽഡൂ ബെറ്റർ സർ.. താങ്ക്യൂ.” എഴുന്നേറ്റു കൊണ്ട് ശ്യാം പറഞ്ഞു
CEO ടെ ക്യാബിന് പുറത്ത് ഇറങ്ങിയതും സിംഹത്തിൻ്റെ മടയിലേക്ക് കയറാനെന്ന പോലെ റോഷൻ നിൽപാണ്.
“ഡേയ് മച്ചാ.. എന്തായി..?”
“ബെസ്റ്റ് കണ്ണാ… യു വിൽ എൻജോയ്.. മാർക്ക് മൈ വേർഡ്സ്”
“ടെൻഷനായിറ്റ് വയ്യ.. പറേടാ..”
“CEO വല്ല്യ പ്രശ്നല്ല, നമ്മടെ ഈജിപ്ഷ്യൻ ബോസ്സും… പക്ഷേ ആ CFO, തിരോന്തരക്കാരൻ മൊട്ട.. തനി മലയാളീൻ്റെ സ്വഭാവം കാണിക്കും, സായിപ്പിനെ ഇൻസ്റ്റിഗേറ്റ് ചെയ്യും.. അപ്പോ അങ്ങേര് കെടന്ന് ചൂടാവും. എന്നെങ്കിലും കോഴിക്കോട് എയർപ്പോട്ടില് എറങ്ങും.. അപ്പൊ ഞാൻ കൂലിക്ക് ആളെ വിട്ട് തല്ലിക്കും.. നീ കണ്ടോ..”
“അപ്പോ എൻ്റെ കാര്യം…”
“തിക്ക് സ്മോക്ക്.. കട്ടപ്പൊക.. ഹ്ഹ ഹഹ…”
“ദുഷ്ടാ…”
“ടേക്കിറ്റ് കൂൾ.. ദേ വോൺട് ഹാങ്ങ്യൂ… ജസ്റ്റ് ഫേസിറ്റ്…” റോഷൻ്റെ ചുമലിൽ ഒന്ന് തട്ടി ശ്യാം നടന്നു.
പതിനൊന്ന് മണിക്കാണ് ക്ലൈൻ്റ് മീറ്റിംഗ്. അരമണിക്കൂർ മതി ജബേൽ അലി ഗാലറീസിലേക്ക്. താഴെ ചെന്ന് ഒരു സിഗരറ്റ് വലിക്കാൻ ഇഷ്ടം പോലെ സമയുണ്ട്. ഇപ്പോ അനുഭവിച്ചോണ്ടിരുന്ന ടെൻഷനെ മുഴുവനും പുറത്തേക്ക് ചാടിക്കണെങ്കിൽ കുറച്ച് പുക അകത്തേക്കു വലിച്ചേ പറ്റൂ.
ടേബിളിൽ നിന്നും ബാഗും ഫോണും എടുത്തു. നാല് മിസ്സ്ഡ് കാളുകൾ, അമ്മയുടെ..! എന്തായിരിക്കും ഇത്രേം കോളുകൾ..?
“ഹലോ..അമ്മേ, വിളിച്ചോ… ഞാനൊരു മീറ്റിംഗിലായിരുന്നു, ഓക്കേ അല്ലേ ..?”
“മോനേ കിച്ചൂ… ആ കുട്ടീടെ വീട്ടുകാര് വിളിച്ചോണ്ടിരിക്കുന്നു… ഞാനെന്താ പറയാ.. “
“ഇതിനാണോൻ്റമ്മേ നാലോട്ടം വിളിച്ച് മനുഷ്യരെ പേടിപ്പിച്ചേ… “
“വയസ്സ് മുപ്പതാവും നിനക്ക്…”
“ഓ.. ഞാൻ സഹിച്ചോളാം… പണ്ട് സ്വാതീനെ കെട്ടണംന്ന് പറഞ്ഞപ്പോ അമ്മ എന്താ പറഞ്ഞേ…? സുസ്ഥിരമായ ഒരു ജോലി ആവട്ട്ന്ന്.. അവളിപ്പം അമേരിക്കേല് സുസ്ഥിരമാക്ക്യ ഫോട്ടം ഇട്ന്നത് കാണുമ്പം സഹിക്കണില്യ”
“ബീട്ടെക്കില് സപ്ലി ഇല്ലായിരുന്നെങ്കി നിനക്കും പോവായിരുന്നു അമേരിക്കേലോ ഇംഗ്ലണ്ടിലോ.. “
“അതേയ്.. അമ്മേ.. പഴയ മലയാളം ടീച്ചറോടുള്ള ബഹുമാനം കൊണ്ട് ചോദിക്ക്യാ.. ഒന്ന് ഫോൺ വെക്കാവോ..?”
“ശരി.. ശരി.. ഞാനീ പരിപാടി നിർത്തി. ഞാൻ ഏട്ടനോട് പറയും, പെണ്ണന്വേഷണം മതിയാക്കാൻ..”
“യൂ ആർ ഏ സ്വീറ്റ്ഹേർട്ട് മോം.. രാത്രി വിളിക്കാട്ടോ… പിന്നേയ്, BP ൻ്റെ മരുന്ന് കഴിക്കാൻ മറക്കരുത്..”
ശ്യാം ബാഗുമെടുത്ത് നടക്കാനൊരുങ്ങുമ്പോൾ പീറ്റർ കംപ്യൂട്ടറിൽ മുഴുകി ടൈപ്പ് ചെയ്തോണ്ടിരിക്കുന്നു, ഇടയ്ക്ക് നെറ്റി തടവിക്കോണ്ട്. കണ്ടാലേ അറിയാം, പീറ്ററും നല്ല ടെൻഷനിലാണ്..
” ഹേയ് പീറ്റ്.. വാണ ജോയിൻ ഫോറേ ക്വിക്ക് ഫാഗ്..?”
“നോ മാൻ.. ഇറ്റ്സ് മൈ റിവ്യൂ ആഫ്റ്റർ റോഷൻസ്.. വിൽ മീറ്റ് ഫോർ ലഞ്ച്..”
“ഗുഡ് ലക്ക് ബ്രദർ, സീയാ.. “
31- മത്തെ നിലയിലാണ് ഓഫീസ്. സിഗരറ്റ് വലിക്കാൻ താഴെ പാർക്കിംഗിനടുത്ത് സ്മോക്കേഴ്സ് റൂമുണ്ട്. അവിടെ മാത്രമേ വലിക്കാവൂ. ലിഫ്റ്റിൽ കയറുമ്പോൾ എത്രയും പെട്ടെന്ന് താഴെ എത്തിയാൽ മതീന്നായി ശ്യാമിന്. നിക്കോട്ടിന് താൻ അത്രമാത്രം അടിമയായത് ശ്യാം ഓർത്തു. കോളേജിൽ ആദ്യ സിഗരറ്റ് കൊളുത്തി തന്നത് സീനിയർ രാജീവായായിരുന്നു. ചെയിൻ സ്മോക്കർ. പക്ഷേ, കല്യാണം കഴിഞ്ഞ അന്ന് നിന്നു, പുള്ളീടെ വലി. ഒരു വിത്ത്ഡ്രാവൽ സിംപ്റ്റവുമുണ്ടായില്ല. ദേഹത്ത് തൊടണെങ്കിൽ സിഗരറ്റ് നിർത്തണംന്ന് ജയയുടെ ഭീഷണി. അതില് വീണു പുള്ളി. നാളെ ഇനി എൻ്റെ അവസ്ഥയും ഇതാവുമോന്നായി ശ്യാമിൻ്റെ ചിന്ത.
ലിഫ്റ്റ് എവിടെയും നിൽക്കാതെ ഇരുപത്തി രണ്ടാം നില കഴിഞ്ഞപ്പോൾ ശ്യാമിന് ആശ്വാസമായി. ഇങ്ങനെ പെട്ടെന്ന് താഴെ വരെ എത്തിയാൽ മതിയായിരുന്നു. ആ ചിന്തയിൽ നിന്നും പുറത്ത് വരുമ്പോഴേക്കും ഇരുപതാം നിലയിൽ ലിഫ്റ്റ് നിന്നു.
കാഴ്ചയിൽ ഒരു ഇരുപത്തി അഞ്ച് വയസ്സുള്ള പെൺകുട്ടി ലിഫ്റ്റിൽ കയറി. സുന്ദരിയാണ്, കണ്ടാൽ മലയാളിയാണെന്ന് തോന്നും. അധികം മേക്കപ്പില്ല. ഇളം പർപ്പിൾ ടോപ്പ് ധരിച്ചിരിക്കുന്നു. മുടി മുന്നോട്ട് രണ്ടു ഭാഗത്തായി ഇട്ട്, ഒരു ഫോൾഡർ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു.
G പ്രസ്സ് ചെയ്തിരിക്കുന്നോന്ന് ഉറപ്പ് വരുത്തി, പെൺകുട്ടി താഴേക്ക് നോക്കി നിന്നു.
ഇരുപത് നിലകൾ ഒന്നിച്ച് ഇറങ്ങേതല്ലേ, ചെറിയൊരു ഐസ് ബ്രേക്കിംഗ് അയാലോ..?
“ഇൻ്റർവ്വൂന് വന്നതാണോ..? ശ്യാം ചോദിച്ചു.
പെൺകുട്ടി പക്ഷേ മറുപടി പറഞ്ഞില്ല.
“ജോലി കിട്ടാത്തേൻ്റെ ചൂടായിരിക്കും… ” ശ്യാം പെൺകുട്ടി കേൾക്കെ പറഞ്ഞു. കേട്ടത് രസിക്കാത്ത പോലെ ശ്യാമിനെ പെൺകുട്ടി നോക്കി.
“ഓ.. മലയാളി.. അതാ ഇത്രേം ഗമ “
പെൺകുട്ടി മറുപടി പറയാതെ താഴേക്ക് നോക്കിത്തന്നെ നിന്നു.
ലിഫ്റ്റ് ഗ്രൗണ്ട് ഫ്ലോറിൽ നിന്നു. ശ്യാം ആദ്യം ഇറങ്ങി പാർക്കിംഗിലേക്ക് നടന്നു.
റിസപ്ഷനിലേക്ക് നടന്ന പെൺകുട്ടി ഒരു നിമിഷം എന്തോ ആലോചിച്ച് നിന്നു. തിരിഞ്ഞ് ശ്യാമിൻ്റെ പിന്നാലെ ഓടി.
“അതേയ്.. പുറത്ത് പോവ്വാണോ.. എന്നെ ഒന്ന് മെട്രോ വരെ വിട്വോ..?”
“ഓ.. സംസാരിക്കാനറിയോ..? ഞാനോർത്തു…. “
“ടാക്സിക്ക് പൈസയില്ല, ഈ ചൂടത്ത് നടക്കാൻ… പ്ലീസ് ഒന്ന് വിടാവോ..?”
പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ ആ ചോദ്യത്തിലുണ്ടായിരുന്നു. സിഗരറ്റ് വലിക്കാനിറങ്ങിയതാണെന്ന് ശ്യാം ഒരു നിമിഷം മറന്നു.
“ശരി വരൂ.. P2 വിലാണ് വണ്ടി “
“താങ്ക്സ്.. “
തിരിച്ച് ലിഫ്റ്റിൽ കയറി P2 ഫ്ലോറിൽ ഇറങ്ങി. ശ്യാമിന് പിന്നാലെ പെൺകുട്ടി നടന്നു.
ശ്യാം കാർ സ്റ്റാർട്ട് ചെയ്ത് ആ പെൺകുട്ടി കയറാനായി കാത്ത് നിന്നു. ആളെ പുറത്തൊന്നും കാണാനില്ല. നോക്കിയപ്പോ തൻ്റെ പിറകിലെ സീറ്റിലിരിക്കുന്നു.
“പിന്നേയ്… ഞാനിയാൾടെ ഡ്രൈവറൊന്നും അല്ലല്ലോ..?”
കുട്ടിക്ക് ചോദ്യം മനസ്സിലായില്ല. അവൾ ശ്യാമിനെ നോക്കി.
“മുന്നിലിരിക്ക്.. എങ്കിലേ പോണുള്ളൂ, ഇരുപതിനായിരാ ഫൈൻ, ഇല്ലീഗൽ ടാക്സിക്ക്.. “
അവൾ ഇറങ്ങി മുൻ സീറ്റിലിരുന്നു. ശ്യാം വണ്ടി മെല്ലെ P2 വും P1 ഉം കഴിഞ്ഞ് റോഡിലേക്ക് ഇറക്കി.
“എൻ്റെ പേര് ശ്യാം സുന്ദർ.. ഇവിടെ ഒരു കമ്പനിയിൽ സെയിൽസ് എഞ്ചിനീയറാണ്. നാട് കോഴിക്കോട്.”
“സോറി.. ആ ജോലി കിട്ടൂലാന്ന് മനസ്സിലായി.. ടെൻഷൻ കാരണാ നേരത്തെ മിണ്ടാതിരുന്നത്. എൻ്റെ പേര് ആയിഷ.. വൈക്കത്തിനടുത്താണ് “
“വിസിറ്റിലാണോ..?”
“ഉം.”
“എത്ര നാളായി..?”
“രണ്ടു മാസം കഴിഞ്ഞു.. ഏഴാമത്തെ ഇൻ്റർവ്വ്യൂ ആണ്.. “
“എന്താ പഠിച്ചത്..?”
“BTech.. കംപ്യൂട്ടർ സയൻസ് “
“അവിടെ കണ്ട സെക്യൂരിറ്റി ഇല്ലേ… പുള്ളി ബീട്ടെക്കാ… വേറെ വഴിയില്ലാത്തോണ്ട് കിട്ടിയ ജോലി ചെയ്യേണ് പാവം.. അതാ ഇവിടത്തെ സ്ഥിതി”
“ഉം.. മനസ്സിലായി എനിക്ക് നല്ലോണം.. “
“നാട്ടിലൊന്നും നോക്കീലേ…”
“ടെക്നോപാർക്കില് ജോലി ചെയ്തതാ.. ഒരു കാൾസെൻ്ററിൽ.. “
“താമസം..?”
“റിഗ്ഗ..”
“ബന്ധുക്കളുടെ കൂടെയാണോ…?”
ആയിഷ മറുപടി പറഞ്ഞില്ല.
“ഫ്രണ്ട്സാണോ കൂടെ..”
മറുപടി ഇല്ലാത്തോണ്ട് ശ്യാം ആയിഷയെ നോക്കി. ആയിഷയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. എന്തോ പറയാൻ ശ്രമിച്ച് ചുണ്ടുകൾ വിറയ്ക്കുന്നു.
“മുസ്തഫ.. അയാളുടെ ഫ്ലാറ്റിലാണ്.. ഇറ്റ്സേ ബ്രോതൽ.. “
“എക്സ്ക്യൂസ്മീ…” ശ്യാമിന് വിശ്വസിക്കാനായില്ല.
“ഐ വാസ് ട്രാഫിക്ക്ഡ്… ” അയിഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ശ്യാം സൂപ്പർമാർക്കറ്റിന് മുന്നിൽ വണ്ടി നിറുത്തി. അവിടുന്ന് മസാഫിയുടെ രണ്ട് ബോട്ടിലും ബിസ്കറ്റും എടുത്തു.
ക്യാഷ് കൗണ്ടറിൽ വെയിറ്റ് ചെയ്യുമ്പോൾ പതിനൊന്ന് മണിയുടെ മീറ്റിംഗിനെ പറ്റി ഓർത്തു. എറിക്സൻ്റെ പർച്ചേസ് ഹെഡ്, Mr. ടാൽബോട്ട് ഐർലൻ്റ്കാരനാണ്. ഒടുക്കത്തെ സമയനിഷ്ഠയാണ് പുള്ളിക്ക്. കൃത്യസമയത്ത് എത്തിയില്ലെങ്കിൽ കാണാൻ കൂട്ടാക്കില്ല. ഇന്ന് ഏതായാലും വൈകും, സെക്രട്ടറിയോട് വിളിച്ച് പറയുന്നതാവും ബുദ്ധി.
“ഹലോ റബേക്കാ.. ദിസ് ഈസ് ശ്യാം. ഐ ഹാവേ മീറ്റിംഗ് വിത്ത് Mr. ടാൽബോട്ട് അറ്റ് ലെവൻ.. കാന്യൂ പുഷ് ഇറ്റ് ഫോർവേർഡ് ബൈ ഏനവർ..? ഐ ഹാവെനെമർജൻസി..”
“ദാറ്റ്സ് ഓക്കേ ശ്യാം.. ഐവിൽ ലെറ്റ് ഹിം നോ.. ആർയൂ ഓൾറൈറ്റ്..?”
“യാ.. ആം ഗുഡ്.. താങ്ക്യൂ… സീയൂ അറ്റ് ട്വെൽവ്.”
തിരിച്ച് കാറിൽ കയറി, വെള്ളം ആയിഷക്ക് കൊടുക്കാനായി നീട്ടി.
“ഓ..താങ്ക്യൂ..; സോറി.. ബുദ്ധിമുട്ടിക്ക്ന്നേല് “
“ഡോണ്ട് വറി..”
“ശരിക്കും ഞാൻ കരയില്ലാന്ന് പ്രതിജ്ഞ എടുത്തതാണ്.. ആദ്യമായിട്ട് ഒരാളോട് പറഞ്ഞപ്പോ…”
“മനസ്സില് കരയുന്നതിലും നല്ലത്, ഉറക്കെ കരയുന്നതാ…”
നൂർബാങ്ക് മെട്രോ സ്റ്റേഷനും കഴിഞ്ഞ് കാർ മുന്നോട്ട് പോയി.
“അയ്യോ മെട്രോ കഴിഞ്ഞു..” ആയിഷ ഓർമ്മിപ്പിച്ചു.
“ഇറ്റ്സോക്കേ… ഞാൻ റിഗ്ഗയിൽ വിടാം..”
“ബുദ്ധിമുട്ടാവില്ലേ…?”
“ഞാൻ സഹിച്ചോളാം…” ചെറുതായി ചിരിച്ചുകൊണ്ട് ശ്യാം പറഞ്ഞു.
“എങ്ങനെ ഇവരുടെ കയ്യിൽ….?”
“അതോ.. അത് കുറേ പറയാനുണ്ട്..”
“ഈ ട്രാഫിക്ക് അങ്ങ് മക്ത്വം ബ്രിഡ്ജ് വരെ കാണും. ഇഷ്ടം പോലെ സമയമുണ്ട്. ബട്ട് ഐ വോണ്ട് പുഷ്യൂ.. “
ആയിഷ സീറ്റിൽ ചാരി, കണ്ണുകളടച്ച് ദീർഘശ്വാസം വലിച്ചു.
“പറയാം..
‘ഉപ്പേം ഉമ്മേം അനിയനും ഞാനും ഉള്ള ചെറിയ കുടുംബായിരുന്നു ഞങ്ങൾടേത്. ഉപ്പാൻ്റെ പുന്നാര മോളായിരുന്നു ഞാൻ. പഠിപ്പിച്ച് ഒരെഞ്ചിനീയറാക്കുംന്ന് എപ്പഴും പറയും. കുഞ്ഞുനാളിൽ സൈക്കിളിൻ്റെ പിറകിലിരുത്തി ഉപ്പ കാണിക്കാത്ത കാഴ്ചകളില്ല. പള്ളീലെ ഉറൂസിനും, വൈക്കത്തമ്പലത്തിലെ എഴുന്നള്ളത്തിനും നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കാനും.. അങ്ങനെ എല്ലാറ്റിനും ഉപ്പ കൊണ്ടു പോകും. രാവിലെ സ്കൂളിൽ പോവുന്നതും ഉപ്പാൻ്റെ സൈക്കിളിൽ. അബു മുന്നിലും ഞാൻ പിന്നിലും. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ ഞാൻ ഉപ്പാനോട് പറഞ്ഞു….’
‘ഉപ്പാ, നിക്ക് ഇനി നടന്ന് പോയാ മതി സ്കൂളിൽ, സൈനബേൻ്റീം ബെസ്റ്റീൻ്റീം കൂടെ. എന്ത് രസായിരിക്കും ചെടികളോടും പൂക്കളോടും പക്ഷികളോടും വർത്താനം പറഞ്ഞ് ഇങ്ങനെ പോവാന്.. !’
എനിക്കും കുഞ്ഞ് കുഞ്ഞ് സ്വപ്നങ്ങളുണ്ടെന്ന് മനസ്സിലാക്കിയ ഉപ്പ അന്നുമുതൽ കൂട്ടുകാരികളോടൊപ്പം സ്കൂളിൽ പോകാൻ സമ്മതം തന്നു. പിന്നീടങ്ങോട്ട് പുസ്തകങ്ങളായാലും വസ്ത്രങ്ങളായാലും മറ്റെന്തായാലും എനിക്കിഷ്ടമുള്ളവ തിരഞ്ഞെടുക്കാൻ പറയും. സ്കൂളിൽ പുതിയതായി വന്ന ലളിതടീച്ചർ ഡാൻസ് പഠിപ്പിക്കുന്നുന്ന് ഉപ്പയോട് വെറുതെ പറഞ്ഞതേ ഉളളൂ, മോൾക്ക് ഇഷ്ടാണെങ്കി ചേരാൻ പറഞ്ഞു. എന്തിനും പ്രേരണയായി കൂടെ നിൽക്ക്വായിരുന്നു ൻ്റുപ്പ…” പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോഴും ആയിഷയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
‘പത്താം ക്ലാസ്സില് പഠിക്കുമ്പോഴാണ് ഉപ്പക്ക് സുഖമില്ലാതാവുന്നത്. സ്റ്റേജ് ടൂ ആണ്, ചികിത്സിച്ചാ മാറുംന്ന് ഡോക്ടർമാർ പറഞ്ഞു. ഉള്ളതെല്ലാം വിറ്റു പെറുക്കി ഉമ്മ ചികിത്സക്ക് പണമുണ്ടാക്കാൻ നോക്കി. നാല് സെൻ്റും വീടും വിൽക്കാൻ ഉപ്പ കൂട്ടാക്കീല. ഞാൻ പോയാ, മക്കള് വഴിയിലാവാൻ പാടില്ലാന്ന് പറയും. എൻ്റെ പത്താം ക്ലാസ്സ് റിസൾട്ട് അറിയാൻ നിൽക്കാതെ ഉപ്പ പോയി’
‘പട്ടിണിയില്ലാതെ നോക്കാൻ ഉമ്മ വീടുകളിൽ പണിക്ക് പോവുമായിരുന്നു. ഒര് ദിവസം ആരോ പറഞ്ഞറിഞ്ഞ് ഉമ്മയുടെ കൂടെ പഠിച്ച മൂന്ന് നാല് പേർ വീട്ടിൽ വന്നു. ഉമ്മക്ക് തയ്യൽ അറിയാവുന്നതോണ്ട് അവരെല്ലാം ചേർന്ന് ഒരു മെഷീൻ വാങ്ങി തന്നു. ഉപ്പാൻ്റെ സൈക്കിളെടുത്ത് അബു വീടുകളിൽ പോയി തയ്ക്കാനുള്ളത് വാങ്ങി വരും. കുട്ടികൾക്ക് ട്യൂഷനെടുത്ത് പഠിത്തത്തിനുള്ളത് ഞാനും കൂട്ടിവെയ്ക്കും. ഉപ്പ ആഗ്രഹിച്ചത് പോലെ എഞ്ചിനീയറാവണംന്നായി എനിക്ക്. ഞങ്ങടെ മെമ്പർ ഇടപെട്ട് ഒരു ലോൺ ശരിയാക്കി തന്നു.
കോളേജിൽ ചേർന്നതോടെ ഹോസ്റ്റലിലായി ഞാൻ. ഒരു ദിവസം വീട്ടിൽ വന്നപ്പോ, ഉമ്മയുടെ കാല് നീര് വെച്ചിരിക്കുന്നു. തയ്യല് നിർത്താൻ ഡോക്ടർ പറഞ്ഞു. ആകെയുള്ള വരുമാനോം ഇല്ലാണ്ടായാലോന്ന് പറഞ്ഞ് ഉമ്മ നിർത്താൻ കൂട്ടാക്കീല. അബു പത്താം ക്ലാസ്സിലാണ്. പഠിത്തം നിർത്തി ഹോട്ടലിൽ പണിക്ക് പോകാന്ന് അവൻ പറഞ്ഞു. അന്നവനെ ഉമ്മ നല്ല വഴക്ക് പറഞ്ഞു…’
‘പ്രതീക്ഷച്ചതിലും നല്ല മാർക്കോടെ ഞാൻ പാസ്സായി. പ്ലസ്ടൂ കുട്ടികൾക്ക് ട്യൂഷനെടുക്കുന്ന സെൻ്ററിൽ ടീച്ചറുടെ ജോലി കിട്ടി, തൽക്കാലത്തേക്ക്’.
‘ടെക്നോപാർക്കില് ജോലി കിട്ടിയിട്ട് രണ്ടു കൊല്ലായി. …ന്നാലും കിട്ടുന്ന ശമ്പളം ലോണടക്കാനും ഉമ്മേടെ ചികിത്സക്കും അബൂൻ്റെ പഠിത്തത്തിനും തികയൂല. എത്രയായിട്ടും കടം ബാക്കി. അപ്പോഴാണ് മുസ്തഫ വീട്ടിൽ വന്ന് ഉമ്മയോട് പറയുന്നത്, എനിക്ക് ദുബായിൽ ജോലി ശരിയാക്കി തരാംന്ന്.. “
“ആരാ മുസ്തഫ… ?”
“ഉപ്പാൻ്റെ അകന്ന ബന്ധുവാണ്. കുറേ കാലായി ദുബായിലാണ്. നാട്ടുകാർക്ക് വല്യ കാര്യാണ് അയാളെ. കുറേ ആൾക്കാരെ സഹായിച്ചിട്ടുണ്ട്, ചികിത്സക്കും വീടെടുക്കാനുമെല്ലാം. എന്തൊക്കെയോ ബിസിനസ്സാണ്ന്ന് മാത്രേ നാട്ടുകാർക്കെല്ലാം അറിയൂ. നാട്ടിൽ വന്നാ അധികം ആരും കാണില്ല. മൂന്നോ നാലോ ദിവസം. ഉപ്പാക്ക് സുഖമില്ലാത്ത ദിവസം വീട്ടിൽ വന്നിരുന്നു. അന്നാ ഞാൻ അയാളെ ആദ്യം കണ്ടത്. പോകാൻ നേരം ഉപ്പയുടെ കയ്യിൽ കുറേ പൈസ വെച്ചുകൊടുത്തെങ്കിലും ഉപ്പ വാങ്ങിയില്ല. ആവശ്യം വന്നാ ചോദിക്കാംന്ന് പറഞ്ഞ് വിലക്കി.
ഉമ്മ ഞങ്ങളെ പഠിപ്പിക്കാൻ കഷ്ടപ്പെടുന്നത് കാണുമ്പോ അടുത്ത വീട്ടിലെ ചേച്ചി പറയും-
“നമ്മള് കഷ്ടപ്പെട്ട് പിള്ളേര പഠിപ്പിച്ചിട്ടൊന്നും കാര്യുല്ല. ആ മുസ്തഫേന നോക്ക്യേ… പത്താം ക്ലാസ്സ് വരെ പോയിട്ടുണ്ടാവില്യ, എന്തോരം ബിസിനസ്സാ.. “
ഒന്ന് നിർത്തി, ആയിഷ ചിരിച്ചു.
“മുസ്തഫേൻ്റെ ബിസിനസ്സ് എന്താന്ന് ആ നാട്ടിലുള്ളവരിൽ ഇപ്പോ എനിക്കേ അറിയൂ…
ദുബായിലൊരു ജോലി ശരിയായാ കടങ്ങളെല്ലാം പെട്ടെന്ന് വീട്ടാം.. അബൂൻ്റെ പഠിത്തോം നടക്കും, അമ്മക്ക് റെസ്റ്റാവും. ഇതെല്ലാം കരുതി ഞാനാ അമ്മയെ കൊണ്ട് സമ്മതിപ്പിച്ചത്. വിസയും ടിക്കറ്റുമെല്ലാം മുസ്തഫ തന്നെ ശരിയാക്കി.
മെയ് 10 ന് വൈന്നേരം കൊച്ചീന്നായിരുന്നു ഫ്ലൈറ്റ്. ഉമ്മക്കും അബൂനും എയർപോർട്ട് വരെ വരണംന്ന് നിർബന്ധം. യാത്ര പറയുമ്പോ അബുവാണ് കരഞ്ഞത്. എന്നെ കെട്ടിപ്പിടിച്ച് കുറേ നേരം പൊട്ടിക്കരഞ്ഞു അവൻ. അവസാനം ചിരിച്ചോണ്ട് പറഞ്ഞു. “മൊഞ്ചത്തി പോയി വാ…, ഖുദ ഹാഫീസ്..”
വിമാനം പറന്നുയരുമ്പോൾ, അങ്ങ് സൂര്യൻ ഒരു ചുവന്ന ഗോളമായി കടലിലേക്ക് മറിഞ്ഞില്ലാതാവാൻ ഒരുങ്ങി നിൽപ്പാണ്. ഈ ഇല്ലാതാവാൻ പോവുന്നത് ഞങ്ങളുടെ കഷ്ടപ്പാടുകളാണെന്ന് സമാധാനിച്ചു. എനിക്ക് പറന്നുയരാൻ ചിറകുകളായെന്ന് ഞാൻ കരുതി, സന്തോഷിച്ചു. തീയിലേക്ക് പറന്നിറങ്ങാൻ പോവുന്ന വെറും ഈയാംപാറ്റയാണ് ഞാനെന്നും വലിയ തീക്കുണ്ഡം കൂട്ടി ഇവിടെയൊരാൾ കാത്ത് നിൽപ്പുണ്ടെന്നും ഞാൻ അറിഞ്ഞില്ല..” അയിഷ പറഞ്ഞു നിർത്തി
“എന്നിട്ട്..?
“മുസ്തഫ എയർപ്പോർട്ടിൽ കാത്ത് നിൽപ്പുണ്ടായിരുന്നു. വന്ന ഉടനെ ഫോണും പാസ്പോർട്ടും വാങ്ങി. നാളെ പുതിയ നമ്പർ കിട്ടുംന്ന് പറഞ്ഞു. ആദ്യം പോയത് മുസ്തഫയുടെ ഫ്ലാറ്റിലാണ്. രണ്ട് ബെഡ്റൂമുകളുള്ള വലിയ ഫ്ലാറ്റ്. ഫാമിലി തൽക്കാലം നാട്ടിൽ പോയിരിക്കാണെന്ന് പറഞ്ഞു.
എന്നോട് പോയി കുളി കഴിഞ്ഞ് വരാൻ പറഞ്ഞു. കുളി കഴിഞ്ഞ് ഞാൻ ഡ്രസ്സ് മാറി വന്നപ്പോഴേക്കും അയാൾ ഭക്ഷണം വരുത്തിയിട്ടുണ്ടായിരുന്നു. ഉമ്മയെ അറിയിക്കണം. ഫോൺ ചോദിച്ചപ്പോൾ മുന്നേ വിളിച്ച് പറഞ്ഞൂന്നും ഇനി നാളെ വിളിച്ചാ മതീന്നും പറഞ്ഞു. ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ ഉമ്മയെക്കുറിച്ചും അബൂൻ്റെ പഠിത്തത്തെക്കുറിച്ചും ചോദിച്ചു. ഇനി പേടിക്കണ്ട, ഞാനില്ലേന്ന് ഇടക്കിടെ പറഞ്ഞോണ്ടിരുന്നു. പഠിത്തം കഴിഞ്ഞ ഉടനെ അബൂനേം കൊണ്ടു വരാംന്നും പറയുന്നുണ്ടായിരുന്നു അയാൾ.
ഭക്ഷണം കഴിഞ്ഞപ്പോ അയാള് എൻ്റെ അടുത്ത് വന്നിരുന്നു. എൻ്റെ കൈയ്യിൽ പിടിച്ച് ഞാൻ അയാളെ കല്ല്യാണം കഴിക്കണംന്നും, അങ്ങനെയെങ്കിൽ എൻ്റെ കുടുംബത്തെ നോക്കിക്കൊള്ളാംന്നും ആരും അറിയാതെ രണ്ടാം ഭാര്യയായി സുഖായി ജീവിക്കാന്നും പറഞ്ഞു.
പെട്ടിരിക്കുന്നതൊരു ചതിയിലാണെന്ന് മനസ്സിലായി എനിക്ക്. ഞാൻ പാവമാണെന്നും ഞങ്ങളെ തകർക്കരുതെന്നും കരഞ്ഞ് പറഞ്ഞോണ്ടിരുന്നു. അയാൾ സ്വരം കടുപ്പിച്ചു സംസാരിക്കാൻ തുടങ്ങി. കൈ തട്ടിമാറ്റി റൂമിലേക്കോടി വാതിലടച്ച് കുറേ കരഞ്ഞു ഞാൻ. രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.
രാവിലെ അയാൾ വന്ന് വാതിലിൽ മുട്ടി. ധൈര്യം സംഭരിച്ച് വാതിൽ തുറന്നു. അയാൾ കൂടുതലൊന്നും പറഞ്ഞില്ല. പത്ത് മണിയാവുമ്പോഴേക്കും റെഡിയാവാൻ പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ല.
പത്ത് മണിക്ക് ഒരു ഡ്രൈവർ വന്നു. ഞാൻ കരഞ്ഞ് ചോദിച്ചു, മുസ്തഫയോട്.. എവിടേക്കാ എന്നെ കൊണ്ടുപോവുന്നേന്ന്..
“മര്യാദക്ക് ചോദിച്ചപ്പോ കേട്ടില്ല.. ഇനി നീ പഠിക്കും” ന്ന് മാത്രം പറഞ്ഞു. എന്നിട്ട് ഡ്രൈവറോട് അറബിയിൽ എന്തോ പറഞ്ഞു. വേറെ വഴിയില്ലാതെ ഞാൻ ഡ്രൈവറോടൊപ്പം ഇറങ്ങി.
ഡ്രൈവർ, തൻ്റെ പേര് ജൈനുൾ എന്നാണെന്നും, ബംഗ്ലാദേശിയാണെന്നും യാത്രക്കിടയിൽ പറഞ്ഞു. അറിയാവുന്ന ഹിന്ദിയിൽ എന്നെ എവിടേക്കാണ് കൊണ്ടുപോവുന്നതെന്ന് ചോദിച്ചെങ്കിലും ചിരി മാത്രായിരുന്നു മറുപടി.
“ഇപ്പോഴുള്ള ഫ്ലാറ്റിലേക്കാണോ വന്നേ… ” ശ്യാം ചോദിച്ചു.
“അതെ… ഞാൻ വരുമ്പോൾ വേറെയും ഇരുപത്തിനാലോളം പെൺകുട്ടികൾ ആ ഫ്ലാറ്റിലുണ്ടായിരുന്നു. നാല് ബെഡ്റൂമുകളുള്ള വലിയൊരു ഫ്ലാറ്റ്. ഒരു റൂമിൽ ആറും ഏഴും പെൺകുട്ടികൾ. ഹാളിൻ്റെ പകുതി ഭാഗം ഓഫീസ് പോലെ തിരിച്ചിരിക്കുന്നു. മുസ്തഫ വന്നാൽ അവിടെയാണ് ഇരിക്കുന്നത്.
ജൈനുൾ എനിക്ക് മുറി കാണിച്ച് തന്നു. അതിനുള്ളിൽ രണ്ട് തട്ടുകളുള്ള നാല് കട്ടിലുകൾ. പതിനൊന്ന് മണിയായിട്ടും അഞ്ച് പെൺകുട്ടികൾ ഉറങ്ങുകയാണ്. ഒരാൾ മാത്രം കട്ടിലിൽ ഇരുന്ന് ഫോണിൽ എന്തോ കാണുന്നു. ഏഴാമത്തെ ആളാണ് ഞാൻ. എന്നെ കണ്ടിട്ടും ഭാവഭേദം ഇല്ലാതെ വീണ്ടും ഫോണിൽ തന്നെ നോക്കിയിരുന്നു അവൾ.
“നയീ വാലീ ആയീ ഹേ” ആരോടെന്നില്ലാതെ അവൾ പറഞ്ഞു.
“അരേ.. സോനേ ദോനാ യാർ..” ഉറങ്ങിക്കിടന്ന ഒരു പെൺകുട്ടിക്ക് ദ്യേഷ്യം വന്നു.
ഒഴിഞ്ഞ ബെഡ്ഡിൽ എൻ്റെ ബാഗും മടിയിൽ വെച്ച് ഞാൻ ഇരുന്നു. മണിക്കൂറുകളോളം ഉമ്മയേയും അബൂനേയും ആലോചിച്ച് കിടന്നു. അതിനിടയിൽ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. വൈകുന്നേരം ആ പെൺകുട്ടികളുടെ ശബ്ദം കേട്ടാണ് ഉണർന്നത്. ഒന്നിനൊന്ന് സുന്ദരികളായ ആറ് പെൺകുട്ടികൾ. എല്ലാവരും മേക്കപ്പിട്ട് പളപളാന്ന് തിളങ്ങുന്ന സാരിയും ചൂരിദാറും ധരിച്ച് എവിടേക്കോ പോവാൻ തയ്യാറാവുന്നു.
“കിധർ ജാത്തീ…?” ഒരാളോട് ഞാൻ ചോദിച്ചു.
“തൂ ചീസ് ബഡീഹേ മസ്ത് മസ്ത്.. തൂ ചീസ് ബഡീഹേ മസ്ത്..” ഈ പാട്ടും പാടിക്കൊണ്ട് അവൾ കണ്ണുകളും കൈകളും കൊണ്ട് ആംഗ്യം കാണിച്ചു. ഇത് കണ്ട് മറ്റു പെൺകുട്ടികൾക്ക് ചിരി വന്നു.
“ബേച്ചാരി.. സബ് ആദത്ത് ഹോജായേഗാ ധീരേ ധീരേ.. ” അവരിലൊരാൾ എന്നോട് പറഞ്ഞു.
“മുസ്തഫാ ബുലാ രഹേഹേ..” പുറത്തേക്ക് പോകാനിറങ്ങിയ ആറു പേരിൽ ഒരു പെൺകുട്ടി തിരിച്ച് വന്ന് എന്നോട് പറഞ്ഞു.
ഞാൻ ചെല്ലുമ്പോൾ മേശമേൽ കാല് രണ്ടും കയറ്റി ചാരി ഇരിപ്പാണ് മുസ്തഫ. അഞ്ചാേ ആറോ മൊബൈൽ ഫോൺ മുന്നിൽ വെച്ചിരിക്കുന്നു.. എന്നോടുള്ള ദ്യേഷ്യം മുഖത്ത്.
“നീ ഡാൻസ് പഠിച്ചതല്ലേ. നാളെ മുതൽ ഇവളുമാരുടെ കൂടെ പോയ്ക്കോണം… “
“എവിടെ.. ഏത് ഡാൻസിന്..?”
“ബാറില്.. “
ഞാൻ ഓടിച്ചെന്ന് അയാളുടെ കാല് പിടിച്ചു.
“ഇക്കാ.. ൻ്റുപ്പാനെ ഓർത്തെങ്കിലും എന്നോടിത് പറയരുത്. ഞങ്ങളെങ്ങനെയോ ജീവിച്ചോളാം. എന്നെ ഒന്ന് നാട്ടിലേക്ക് തിരിച്ചയക്ക്.. പ്ലീസ്..”
മുസ്തഫ കാലെടുത്ത് എൻ്റെ നെഞ്ചത്ത് തൊഴിച്ചു. ഓടി വന്ന് പുറകിൽ സോഫയിൽ വീണ എൻ്റെ മുടിക്ക് കുത്തിപ്പിടിച്ച് അലറി.
“നിന്നോട് ഇന്നലെ മര്യാദക്ക് പറഞ്ഞതല്ലേ.. കേട്ടില്ല.. ഇനി നീ അനുഭവിക്കും.. നിക്കാഹ് കഴിക്കാന്ന് പറഞ്ഞപ്പോ, നിനക്ക് വേണ്ട.. ഇനി ദിവസവും നിക്കാഹായിരിക്കും നിനക്ക്.” എന്നെ സോഫയിലേക്ക് വീണ്ടും തള്ളിയിട്ട് മുസ്തഫ കസേരയിൽ പോയി ഇരുന്നു, എന്നെ തുറിച്ച് നോക്കിക്കൊണ്ട്. ഉപ്പയുടെ കട്ടിലിനരികിൽ ബഹുമാനം നടിച്ചിരുന്ന മുസ്തഫയുടെ ഇപ്പോഴത്തെ ഭീകരമുഖം എന്നെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഞാൻ തിരിച്ച് മുറിയിൽ വന്ന് കുറേ നേരം കരഞ്ഞു. ഇടയ്ക്ക് ജനാലയ്ക്കരികിൽ കാഴ്ചകൾ നോക്കി നിന്നു. താഴെ റോഡിൽ നല്ല തിരക്കാണ്. ദൂരെയായി മെട്രോ സ്റ്റേഷൻ കാണാം, ജോലി കഴിഞ്ഞ് ട്രെയിനിറങ്ങി വരുന്ന പെൺകുട്ടികളെ കണ്ടപ്പോൾ, എനിക്കെപ്പോഴെങ്കിലും അതിന് ഭാഗ്യമുണ്ടാവുമോന്ന് ഓർത്ത് പോയി.
താഴോട്ട് നോക്കിയപ്പോ, ചാടി എല്ലാത്തീന്നും രക്ഷപ്പെട്ടാലോന്ന് ചിന്തിച്ചു. ഉമ്മയുടെ മുഖം ആലോചിച്ചതോടെ പിന്നെ ആ ചിന്ത വന്നതേയില്ല. ഉപ്പ എപ്പോഴും പറയുമായിരുന്നു പ്രതിസന്ധികളിൽ തളരരുത് പൊരുതണംന്ന്.
രാത്രി ഏഴെട്ട് മണിയായപ്പോൾ ഒരു തമിഴ്പെൺകുട്ടി, എൻ്റെ റൂമിൽ വന്നു. എന്നെക്കാളും ഒന്ന് രണ്ട് വയസ്സ് അധികം കാണും അവൾക്ക്. അവളും എവിടെയോ പോകാൻ തയ്യാറായി നിൽക്കുന്നു.
“എൻ പേര് മല്ലിക. നീ പുതുസാ വന്തതാ..?”
അതേന്ന് ഞാൻ പറഞ്ഞു. മല്ലിക പിന്നീട് പറഞ്ഞ കാര്യങ്ങൾ എനിക്ക് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു..
ബ്യൂട്ടീഷൻ ജോലിയാണെന്ന് പറഞ്ഞാണ് ഏജൻ്റ് പൈസ വാങ്ങിയത്. വന്നു പെട്ടത് ഇവിടെ. മൂന്ന് മാസായിട്ട് കാൾഗേളാണ്.
ഇരുപത്തി ആറ് പേരിൽ പകുതി പേരാണ് ബാറിൽ ഡാൻസ് ചെയ്യാൻ പോവുന്നത്. ബാക്കിയുള്ളവർക്ക് വിലപേശി റേറ്റ് ഫിക്സ് ചെയ്യുന്നത് മുസ്തഫയാണ്. അതിനാണ് ഇത്രയും ഫോണുകൾ. അവരെ കസ്റ്റമേഴ്സിൻ്റടുത്ത് എത്തിക്കുന്നത് ജൈനുളാണ്.
ജനലിൻ്റെ അരികത്ത് നിന്നാണ് മല്ലിക സംസാരിച്ചത്. ഇടക്ക് താഴെക്ക് നോക്കി എന്നോട് പറഞ്ഞു…
“നാൻ റൊമ്പ നാളാ നിനച്ചിട്ടേ ഇരുക്ക്.. കീളേ ചാടട്ടുമാന്ന്.. ആനാ എന്നാലെ മുടിയലെ.. അവ്ളവു പ്രച്ചനൈകൾ ഊരിലെ.. എനക്ക് ഏതാവത് ആച്ചാൽ..”
പറയുമ്പോൾ മല്ലികയുടെ കണ്ണുകളിൽ മരവിപ്പ്. ഒരു നിമിഷം ആ നിൽക്കുന്നത് ഞാൻ തന്നെയാണെന്ന് തോന്നിപ്പോയി. മല്ലികയെപ്പോലെ എൻ്റെ ജീവിതവും ഹോമിക്കേണ്ടി വരുമോ എന്ന പേടിയായി എനിക്ക്.
“ചലോ ചലോ.. കോൾ ആയാ.. അബ് ജാനാഹേ..” ജെെനുൾ വന്ന് മല്ലികയെ വിളിച്ചു.
“കാലയിലേ പാക്കലാം.. ” എന്നോട് പറഞ്ഞ് മല്ലിക പോയി. ഇന്നേക്ക് ഏത് പ്രശ്നക്കാരനാണാവോന്ന് സ്വയം പറയുന്നുണ്ടായിരുന്നു, മല്ലിക.
എത്ര ഭീകരമാണ് ഇവരുടെ ജീവിതം എന്ന് രണ്ടു ദിവസം കൊണ്ടെനിക്ക് മനസ്സിലായി. മല്ലികയെ പിറ്റേ ദിവസം ഉച്ചക്കാണ് കാണുന്നത്. മുറിയിൽ നിന്നും അവളുടെ കരച്ചിൽ കേട്ടാണ് ഞാൻ പോയത്. ദേഹം മുഴുവൻ അടി കൊണ്ട പാടുകൾ എനിക്ക് കാണിച്ചു തന്നു. തലേന്ന് രാത്രി കൊണ്ടുപോയ കസ്റ്റമർ അവളെ കെട്ടിയിട്ട് അടിച്ചതാണത്രെ. പുലരും വരെ അടികൊണ്ട അവൾക്ക് ഇടയ്ക്ക് ബോധം പോയിരുന്നു. ഈ പേരും പറഞ്ഞ് മുസ്തഫ അയാളുടെ കയ്യിൽ നിന്ന് കൂടുതൽ പണം വാങ്ങിയതല്ലാതെ, അവളെ ഒന്ന് ഡോക്ടറെ കാണിക്കുക കൂടി ചെയ്തില്ല…” ആയിഷ പറഞ്ഞു നിർത്തി.
“എങ്ങനെയാണ് പിന്നെ ഇയാൾക്ക് പുറത്ത് വരാൻ സമ്മതം തന്നത് അയാൾ ..?” ശ്യാം ചോദിച്ചു.
“അത് കേട്ടാൽ ശ്യാമിന് വിശ്വാസം വരില്ല. എനിക്കെൻ്റള്ളാ കാണിച്ച വഴിയാ. മുങ്ങാൻ നേരം കിട്ടിയ കച്ചിത്തുരുമ്പ്…
രക്ഷപ്പെടാൻ എന്തെങ്കിലും ഒരു വഴി ആലോചിക്കുകയായിരുന്നു ഞാൻ. ലാപ്ടോപ്പ് കൂടെ കരുതിയിരുന്നു. രണ്ടാം ദിവസം രാത്രി, ഏതെങ്കിലും വൈഫൈ കണക്ട് ചെയ്താ, ആരെയെങ്കിലും അറിയിക്കാലോന്ന് കരുതി. കണക്ഷൻ ഒന്നും കിട്ടിയില്ല. പക്ഷേ എൻ്റെ ലാപ്ടോപ്പിൽ നേരത്തേ ഉള്ള ഒന്ന് രണ്ട് മെയിൽ ഞാൻ ശ്രദ്ധിച്ചു. വരുന്നതിന് രണ്ടു ദിവസം മുൻപ് എന്തോ ആവശ്യത്തിന് ഓഫീസ് ഈമെയിലിൽ നിന്നും ഫോർവേർഡ് ചെയ്തതാണ്. ടെക്നോപാർക്കിൽ ഒരു IT സൊല്യൂഷൻ കമ്പനിയുടെ കാൾ സെൻ്ററിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ ഒരു ഡിവിഷൻ, കേരള പോലീസിൻ്റെ IT സെല്ലിന് വേണ്ടി ഒരു പ്രൊജക്ട് ചെയ്ത് വരികയായിരുന്നു. രണ്ടു മാസമായി ഞാനാ പ്രൊജക്ടിലായിരുന്നു. അതുമായി ബന്ധപ്പെട്ട മെയിലുകളായിരുന്നു ലാപ്ടോപ്പിൽ ഉണ്ടായിരുന്നത്. അത് വെച്ച് ഒരു നാടകം കളിക്കാൻ തീരുമാനിച്ചു ഞാൻ..”
“ഈമെയിൽ വെച്ച് എന്ത് ചെയ്യാൻ…?” ശ്യാം ചോദിച്ചു.
“അടുത്ത ദിവസം ഉച്ചക്ക് മുസ്തഫ വന്ന സമയം ലാപ്ടോപ്പുമെടുത്ത് മുന്നിൽ ചെന്നു. കേരള പോലീസിൻ്റെ IT സെല്ല്, ഒറ്റയ്ക്ക് വിദേശത്ത് പോകുന്ന പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തീന്നും, ഞാൻ അതിൽ രജിസ്ട്രർ ചെയ്തിട്ടാണ് വന്നതെന്നും പറഞ്ഞു. മൂന്ന് ദിവസത്തിലൊരിക്കൽ എൻ്റെ ഈമെയിലിൽ നിന്നും OK ആണെന്ന് മെയിൽ പോയില്ലെങ്കിൽ, ഇവിടത്തെ ലോക്കൽ കോൺടാക്റ്റ് ആരാണോ അയാൾക്ക് IT സെല്ലിൽ നിന്നും അന്വേഷണം വരും എന്നും, എൻ്റെ ലോക്കൽ കോൺടാക്റ്റായി ഞാൻ പേര് കൊടുത്തത് മുസ്തഫയുടേതാണെന്നും പറഞ്ഞു. ഇത് കേട്ടതും മുസ്തഫ എന്നെ തുറിച്ച് നോക്കി. ഇന്നലെ എന്നെ നോക്കി വിറപ്പിച്ച കണ്ണുകളിൽ ആദ്യമായി ഭയത്തിൻ്റെ നിഴലാട്ടം കണ്ടു. ലാപ്ടോപ്പ് തുറന്ന് ഈമെയിലിൽ കേരളാപോലീസ് എന്നെഴുതിയത് കാണിച്ചു കൊടുത്തു. എട്ടാം ക്ലാസ്സ് തോറ്റ മുസ്തഫ അത് വിശ്വസിച്ചൂന്ന് എനിക്ക് തോന്നി. പിന്നെ ഒന്നും പറയാൻ നിൽക്കാതെ ഞാൻ റൂമിൽ പോയി ഇരുന്നു. അര മണിക്കൂർ കഴിഞ്ഞ് അയാൾ എന്നെ വിളിപ്പിച്ചു, ഒരു ഡീൽ പറയാൻ.
‘എല്ലാ മൂന്നാം ദിവസവും അര മണിക്കൂർ Wifi കണക്റ്റ് ചെയ്ത് തരും. പോലീസിലേക്ക് ഈമെയിൽ അയക്കണം. അയാൾ വേറെ ജോലി വാങ്ങിത്തരാൻ ശ്രമിക്കും. മൂന്ന് മാസം കൊണ്ട് ജോലി ശരിയായാൽ ശമ്പളം കിട്ടുമ്പോൾ അയാൾക്ക് ഇരുപത്തിഅയ്യായിരം ദിർഹം കൊടുക്കണം. ജോലി ശരിയായില്ലെങ്കിൽ മല്ലിക ചെയ്യുന്നതെന്തോ അത് ചെയ്ത് കാശ് ഉണ്ടാക്കി കൊടുക്കണം’
തൽക്കാലം പിടിച്ചുനിൽക്കാമല്ലോ, ഞാൻ സമ്മതിച്ചു. വേറെ വഴിയില്ലെങ്കിൽ അവസാനം ഞാൻ താഴേക്ക് ചാടും എന്നാലും ഞാനത് ചെയ്യില്ല.
മുസ്തഫ എനിക്ക് വേണ്ടി ജോലിക്കൊന്നും ശ്രമിക്കില്ലാന്ന് ഉറപ്പുണ്ടായിരുന്നു. ഞാൻ തന്നെ ബയോഡാറ്റ അയക്കും, അതിന് ഒരു സിംകാർഡ് തരണമെന്നും ഞാൻ പറഞ്ഞു. അവസാനം, ആരെയും വിളിക്കാതിരിക്കാൻ സീറോ ബാലൻസുള്ള ഒരു സിംകാർഡ് തന്നു. ഇത്രേം മതിയായിരുന്നു എനിക്ക്. കുറഞ്ഞത് ജോലിക്ക് ശ്രമിക്കാലോ.
“സിംകാർഡും വാങ്ങി റൂമിലേക്ക് പോകാൻ നേരം അയാൾ ഫോണിൽ ഒരു ഫോട്ടോ കാണിച്ചു, അബു പഠിക്കുന്ന കോളേജിൻ്റെ ഫോട്ടോ. ഇവിടത്തെ കാര്യങ്ങൾ നാട്ടിലെങ്ങാനും അറിഞ്ഞാൽ അബൂനെ പിന്നെ കാണില്ലാന്ന് ഭീഷണിപ്പെടുത്തി.”
“ഇപ്പോ രണ്ടു മാസത്തിലധികായി, കുറേ അപ്പ്ളൈ ചെയ്തു. ഏഴ് കമ്പനീന്ന് വിളിച്ചു. ആദ്യത്തെ രണ്ട് സ്ഥലങ്ങളിൽ ഇൻ്റർവ്യു ന് പോകാനേ വിട്ടില്ല. കാൾ വന്നാ അയാള് തിരിച്ച് വിളിച്ചേ വിടത്തുള്ളൂ. മലയാളിയാണ് സംസാരിക്കുന്നതെങ്കിൽ പിന്നെ വിടൂല.. “
” ആയിഷ എന്തുകൊണ്ട് പോലിസിലോ മറ്റോ അറിയിക്കുന്നില്ല..?” ശ്യാം ചോദിച്ചു.
“പോലീസിൽ പോയാൽ അവർ കോൺസുലേറ്റിൽ എത്തിക്കും. ന്യൂസാവും. ഉമ്മയുടെ ചെവിയിലെങ്ങാനും എത്ത്യാ പിന്നെ ജീവിച്ചിരിക്കൂല..”
“ഇന്ന് ഏത് കമ്പനിയിലായിരുന്നു ഇൻ്റർവ്യു ..?”
“ട്യൂഷ് കോം.. ആരെയെങ്കിലും അറിയോ അവിടെ..?”
“ഇല്ല.. ഞാൻ വേറെ ശ്രമിക്കാം.. CV തരൂ.. “
ആയിഷ ഫോൾഡറിൽ നിന്നും CV എടുത്ത് ഗ്ലോവ് കംപാർട്ട്മെൻ്റിൽ വെച്ചു.
“ഇവിടെ വെച്ചിട്ടുണ്ട്.. “
“ഞാനെടുത്ത് വെച്ചോളാം.. റിഗ്ഗ എത്തി, ബിൽഡിംഗ് ഏതാ..?”
“എനിക്കറിഞ്ഞൂടാ… മെട്രോ സ്റ്റേഷനിൽ വിട്ടാ മതി.. മിസ്സ്ഡ് കാൾ കൊടുത്താ ഒരു പയ്യനെ അയക്കാ ചെയ്യാ.. “
ശ്യാം മെട്രോയ്ക്ക് സമീപം കാർ നിർത്തി. ഇറങ്ങാനായി ചുറ്റും നോക്കി ആയിഷ ഡോർ തുറന്നു.
“താങ്ക്യൂ… ശ്യാം..”
“മൈ പ്ലഷർ… “
ആയിഷ കാറിൽ നിന്നും ഇറങ്ങി ഡോർ അടക്കുന്നേരം ശ്യാം..,
“ആയിഷാ.. യൂ ആർ എ ബ്രേവ് ഗേൾ. ഹാവ് ഫെയിത്ത്.. യുവർ അള്ളാ വിൽ ഫൈന്റ് എ വേ.. “
“ഇൻഷ അള്ളാ.. ” ചിരിച്ചു കൊണ്ട് ആയിഷ പറഞ്ഞു.
“ഇതെൻ്റെ കാർഡാണ്.. എന്തെങ്കിലും ആവശ്യം വന്നാ വിളിക്കാൻ മടിക്കേണ്ട..”
“താങ്ക്സ്.. ” കാർഡ് വാങ്ങി ആയിഷ മെട്രോ സ്റ്റേഷനിലേക്ക് നടന്നു.
തിരിച്ച് ജബേൽ അലി വരെ ഡ്രൈവ് ചെയ്യുമ്പോൾ ശ്യാമിൻ്റെ ചിന്ത മുഴുവൻ ആയിഷയെ കുറിച്ചായിരുന്നു. വാർത്തകളിലും സിനിമകളിലും മുൻപെന്നോ കണ്ട കഥാപാത്രത്തെ നേരിട്ട് കണ്ടത്, ആ ജീവിതം അടുത്തറിഞ്ഞത് ശ്യാമിനെ വല്ലാതെ വേദനിപ്പിച്ചു. ആയിഷയെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാനായെങ്കിലെന്ന് മനസ്സാലെ ആഗ്രഹിച്ചു.
അര മണിക്കൂറിലധികം സമയം എടുത്തു, Mr. ടാൽബോട്ട്മായുള്ള മീറ്റിംഗ്. നാലഞ്ച് മാസമായി ഫോളോ അപ്പ് ചെയ്ത്, കിട്ടില്ലാന്ന് ഉറപ്പിച്ച ഓർഡർ കൺഫേം ആയത് ശ്യാമിനെ അത്ഭുതപ്പെടുത്തി. ലഞ്ചിന് എവിടെ കാണാമെന്ന് ചോദിച്ച് പീറ്റർ വിളിച്ചുവെങ്കിലും വേരൊരു ദിവസമാവാം എന്ന് പറഞ്ഞ് ഒഴിഞ്ഞു. വിശക്കുന്നെങ്കിലും കഴിക്കാനൊരു മൂഡില്ല. തിരിച്ച് ഓഫീസിൽ എത്തി, പാൻട്രിയിൽ ചെന്ന് ഒരു ബ്ലാക്ക് കോഫിയുണ്ടാക്കി. തിരിച്ച് സീറ്റിൽ വന്നിരുന്ന് ഓരോ സിപ്പ് എടുക്കുമ്പോഴും ആയിഷയെ കുറിച്ചായിരുന്നു ചിന്ത.
“റോഷൻ, ക്യാൻ യു കം ഫോറെ മിനുറ്റ്..” ശ്യാം റോഷനെ കാബിനിലേക്ക് വിളിച്ചു.
റോഷനോട് നടന്നതും ആയിഷ പറഞ്ഞതുമായ കാര്യങ്ങൾ മുഴുവനും പറഞ്ഞു. ശ്യാമിൻ്റെ മനസ്സിലെന്താന്ന് റോഷന് മനസ്സിലായി.
“സോ.. വാട്ട്സ് യുവർ പ്ലാൻ..?” റോഷൻ ചോദിച്ചു
“എങ്ങനെയെങ്കിലും ആ കുട്ടിയെ…”
ദ്യേഷ്യം വന്ന റോഷൻ ചാടിയെണീറ്റു
“മേൻ.. യൂ ആർ ഔട്ടോഫ് യുവർ മൈൻ്റ്.. ദീസ് ഗയ്സ് ആർ മാഫിയ… ചുമ്മാ ആവശ്യമില്ലാത്ത പണിക്ക് പോവല്ലേ … “
“റോഷൻ.. ലെറ്റ്സ് അറ്റ്ലീസ്റ്റ് മേക്ക് എ ട്രൈ… ഒര് പെൺകുട്ടി രക്ഷപ്പെട്ടെങ്കിലോ..?”
“എന്ത് വേണേലും ആയ്ക്കോ… ജസ്റ്റ് ലീവ്മീ ഔട്ടോഫ് ദിസ്..”
“ഓക്കേ..ഡോണ്ട് ഗെറ്റ് ഇൻവോൾവ്ഡ്… എന്തെങ്കിലും ഐഡിയ പറ..”
“കരാമയിൽ പോയാ സ്പൈഡർമാൻ്റെ കോസ്റ്റ്യൂം കിട്ടും.അത് വാങ്ങി ഇട്ട്, ആ ബിൽഡിംഗിൻ്റെ മോളീന്ന് ബാൽക്കണീലേക്ക് ചാട്… എന്നിട്ട് ആ പെണ്ണിനേം എടുത്ത് താഴേക്കും… എനിക്ക് വേറേം പണീണ്ട് ” വാതിൽ ശക്തിയായി തുറന്ന് റോഷൻ പോയി. ശ്യാമിന് ചിരിയാണ് വന്നത്.
അഞ്ച് മിനുറ്റായിക്കാണും, ശ്യാമിൻ്റെ ഇൻ്റർകോമിൽ ഫോൺ വന്നു, റോഷനാണ്.
“ഡാ ശ്യാമേ.. നാല് മണിക്ക് ഒമർ ഓഫീസിലെത്തും. ഞാനൊന്ന് സംസാരിക്കാം. ഒമർൻ്റെ ബ്രദർ CID യിൽ ആണ്.. മേ..ബീ.. ഹീ കാൻ ഹെൽപ്പ്.. “
“യൂനോ സംതിംഗ്.. യൂ ആർ ഏൻ ഏഞ്ചൽ.. “
“ഓ..ഓ..ശരി, ഇത് കുറേ കേട്ടതാ.. ഒമർ വന്നാ ഞാൻ വിളിക്കാം.. “
കമ്പനിയിലെ PRO ആണ് ഒമർ. സ്വദേശിയാണ്. ഹിന്ദി സിനിമകളുടെ പ്രത്യേകിച്ച് അമിതാബ് ബച്ചൻ്റെ വലിയ ആരാധകനാണ്. ആരേയും സഹായിക്കാൻ ഒരു മടിയും കാണിക്കില്ല. മലയാളികളോട് എല്ലാ സ്വദേശികൾക്കും പോലെ വലിയ കാര്യമാണ് ഒമറിന്. ചിലപ്പോൾ പാൻട്രിയിൽ വെച്ച് ശ്യാമിനെയും രോഷനെയും ഒന്നിച്ച് കണ്ടാൽ, ഒമർ സ്നേഹപൂർവ്വം കളിയാക്കി പാടുന്ന പാട്ടുണ്ട്..
“മൽബാറീ.. മൽബാറീ ജാനാ നഹീ.. ദുബൈ ഛോഡ്ക്കേ…” ചിരിയുടെ പൂരമാണ് പിന്നീട്.
“വെൻ ഹീ ടോൾഡ്മീ ദാറ്റ് ടൂ മൽബാറീസ് വാണ്ട് ടു സീമീ, ഐ ന്യൂ ദേറീസ് ബിഗ് ട്രബ്ൾ വെയിറ്റിംഗ്..” തമാശയായിട്ടാണ് ഒമർ പറഞ്ഞത്
“കമോൺ… വീ വോണ്ട് പുട്ട് യൂ ഇൻ ട്രബ്ൾ..” ശ്യാം പറഞ്ഞു
“ഐനോ.. ഐവാസ് ജസ്റ്റ് കിഡ്ഡിങ്.. റോഷൻ ടോൾഡ്മീ എവ്വ് രി തിങ്… ആർയൂ ഷൂർ.. യൂ വാണ ഡൂ ദിസ്… “
“യാ.. ഒമർ, ഐ ജസ്റ്റ് ഫെൽട്ട് ലൈക്ക് ഹെൽപ്പിംഗ്.. “
“സീ… അലി ഈസ് മൈ കസിൻ. ഐ നെവർ ആസ്ക്ഡ് ഹിം ഫോർ എനിതിങ് ലൈക്ക് ദിസ് ബിഫോർ. ഹീ വിൽ നോട്ട് ഡൂ സംതിങ് എഗൈൻസ്റ്റ് ദ ലോ… ; വിതിൻ… യാ..മേബീ.. “
“താങ്ക്സ് ഒമർ..”
“വീ ആർ മീറ്റിംഗ് ഫോർ ഡിന്നർ അറ്റ് സഫാദി ഓൺ റിഗ്ഗ സ്ട്രീറ്റ് അറ്റ് എയ്റ്റ്. യൂ ജോയ്ൻ.. ലെറ്റ്സ് ആസ്ക് ഹിം.”
“ഗ്രേറ്റ്.. വീ വിൽബീ ദേർ..”
“നോട്ട് വീ, ജസ്റ്റ് യൂ.. അയാം ഔട്ട് ഓഫ് ദിസ്” റോഷൻ പറഞ്ഞു. ഇത് കേട്ട് ഒമറിന് ചിരി വന്നു.
സഫാദി അറിയപ്പെടുന്ന ലബനീസ് റെസ്റ്റോറൻ്റാണ്. പൊതുവെ എല്ലാ ദിവസവും രാത്രിയിൽ നല്ല തിരക്കാണ്. ഇന്ന് വ്യാഴാഴ്ച.. പിന്നെ പറയാനേ ഇല്ല. എല്ലാ രാജ്യക്കാരും വരുമെങ്കിലും കൂടുതലും അറബികളാണ് കസ്റ്റമേഴ്സ്. ഷീഷയും ഭക്ഷണവുമായി ഏറെ നേരം ചിലവഴിക്കാൻ പറ്റിയ സ്ഥലം.
വ്യാഴാഴ്ച ദെയ്റയിലേക്കുള്ള ട്രാഫിക്കിനെ പറ്റി നന്നായി അറിയാവുന്നത് കൊണ്ട് ശ്യാം നേരത്തേ പുറപ്പെട്ടു. റിഗ്ഗ സ്ട്രീറ്റിന് അടുത്ത് തന്നെയാവണം ആയിഷ താമസിക്കുന്ന ബിൽഡിംഗ്. പൊതുവേ തിരക്ക് കൂടിയ റോഡാണ് റിഗ്ഗ സ്ട്രീറ്റ്. രണ്ട് ഭാഗത്തും നിറയെ ഭക്ഷണശാലകളാണ്. അധികവും അറബിക് – കോണ്ടിനൻ്റൽ വിഭങ്ങൾ വിളമ്പുന്നവ. DSF ൻ്റെ ഭാഗമായി ഘോഷയാത്രകളും മറ്റുമായി പല പ്രധാന പരിപാടികളും നടക്കുന്നത് റിഗ്ഗ സ്ട്രീറ്റിലാണ്. ഇന്ന് സമ്മർ സർപ്രൈസ്സിൻ്റെ ഉദ്ഘാടനത്തിനായി പാത മുഴുവൻ അലങ്കരിച്ചിരിക്കുന്നു. റിഗ്ഗയിലേക്ക് വണ്ടി തിരിച്ചതും, ഒരു വല്ലാത്ത ഊർജ്ജം തോന്നി ശ്യാമിന്. പല വർണ്ണങ്ങളിലുള്ള പ്രകാശം ചൊരിഞ്ഞ പാത തന്നെ എതോ നല്ലതിലേക്ക് നയിക്കും പോലെ.
വ്യാഴാഴ്ചയായത് കാരണം റസ്റ്റോറൻ്റിൽ നല്ല തിരക്കാണ്. പല രാജ്യക്കാരായ അറബികൾ കുടുംബസമേതം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. വലത് ഭാഗത്തെ വലിയ ടേബിളിലിരുന്ന കുടുംബം ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവരുടെ കൂടെയുള്ള ഏകദേശം രണ്ട് വയസ്സുള്ള കുട്ടി റസ്റ്റോറൻ്റിൽ ഓടി നടക്കുകയാണ്. വെയിറ്ററിൽ ഒരാൾ അവനെയെടുത്ത് ആ കൂട്ടത്തിലെ സ്ത്രീയെ ഏൽപ്പിക്കുന്നു.
“മേർസി റ്റീർ..” സ്ത്രീ വെയ്റ്ററോട് പറഞ്ഞു. കുഞ്ഞിനെ മടിയിലിരുത്തി അവർ നെറ്റിയിൽ ചുംബിച്ചു കൊണ്ടിരുന്നു.
ഒമർ ശ്യാമിനെ കണ്ട് കൈ ഉയർത്തി വിളിച്ചു. സാധാരണ തൂവെള്ള കന്ദൂറയിൽ കാണാറുള്ള ഒമർ ഇന്ന് ജീൻസും ടീഷർട്ടിലുമാണ്. ഷീഷ വലിച്ചോണ്ടിരിക്കുകയാണ് പുള്ളി.
“ഗുഡ് ഈവ്.. യൂ ലുക്ക് ലൈക്കേ ലെബനീസ് സ്റ്റാർ ഒമർ… ”
ഒമർ ചിരിച്ചു. ശ്യാമിനോട് ഇരിക്കാൻ പറഞ്ഞു.
“അലി വിൽബീ ഹിയർ എനി മൊമൻ്റ്… ഡുയൂ വാണ്ട്റ്റു എൻജോയ് ഷീഷ..”
“നോ താങ്ക്യൂ.. എ സുലൈമാനി വിൽ ഡൂ ഫോർ മീ..”
ഒമർ വെയിറ്ററെ വിളിച്ച് സുലൈമാനിക്ക് ഓർഡർ കൊടുത്തു.
“ഹേ.. ഒമർ..താങ്ക്യൂ ഫോർ ഡൂയിങ് ദിസ്… മീൻസ് എലോട്ട്…”
“പ്ലഷർ.. ഈഫ് ഇറ്റ് ഹെൽപ്സ് എ ഗേൾ, നതിംഗ് ലൈക്കിറ്റ്..”
പറഞ്ഞ് തീർന്നതും മുന്നിലേക്ക് നോക്കി ഒമർ കൈ ഉയർത്തി വിളിച്ചു.
“ഹേ.. അലി.. താൽ.. താൽ”
അലിക്ക് ഒമറിനെക്കാളും പ്രായം തോന്നും. എമറാത്തികളുടെ പരമ്പരാഗത വസ്ത്രമായ കന്തൂറയും ഗുത്രയും ധരിച്ചിരിക്കുന്നു. ഒമറിനെ കണ്ടതും അലി ചിരിച്ചു കൊണ്ട് നടന്നു വന്നു. ഒമർ എഴുന്നേറ്റ് അലിയെ സ്വീകരിക്കാനായി മുന്നോട്ട് പോയി
“അസ്ലാമുഅലൈക്കും..”
“വഅലൈക്കും അസ് ലാം.. “
ഹസ്തദാനം ചെയ്ത് കൊണ്ട് രണ്ട് പേരും മൂക്കുകൾ തമ്മിൽ മൂന്ന് പ്രാവശ്യം ചുംബിച്ചു.
“കീഫ് ഹാലക്ക്..? “
“തമാം.. അൽ ഹംന്ദുലില്ലാ.”
“ഷക്ബാറിക്…?”
“അൽ ഹംന്ദുലില്ല”
“കൈഫ കാന യൗമുക്.? “
“തമാം, അൽ ഹംന്ദുലില്ല..”
എത്ര വിസ്തരിച്ചാണ് ഇവരുടെ സ്നേഹപ്രകടനം, ശ്യാമിന് തോന്നി.
“ഹാദ റബീയയ് ശ്യാം.. ” ശ്യാമിനെ പരിചയപ്പെടുത്തി ഒമർ.
“ശ്യാം.. ഹൗ ആർയൂ..? .. “
“അയാം ഗുഡ് താങ്ക്യൂ, ആൻ്റ്യൂ.. “
“അൽ ഹംന്ദുലില്ല..
ശ്യാം യൂ ഫ്രം കേരള..?”
ശ്യാമിന് ചിരി വന്നു.. “യെസ്..സർ.. “
“കേരള.. ഗുഡ് പ്ലേസ്.. ഗുഡ് പീപ്പൾ..ഐ വെൻ്റ് ടൂ ടൈം..”
“റിയലീ..! അയാം ഹാപ്പി ദാറ്റ് യൂ ലൈക്ക്ഡ്…”
“ശ്യാം വാണ്ട്സ് യുവർ ഹെൽപ്പ്.. ” ഒമർ അലിയോട് പറഞ്ഞു.
“വാട്ട് ഹെൽപ്പ് ശ്യാം.. വാട്ടീസ് ദ പ്രോബ്ലം.. “
“സർ..മൈ… “
“നോ..നോ; നോ.. സർ, ഒമാർ ഫ്രണ്ട് ഈസ് മൈ ഫ്രണ്ട്.. കാൾ മീ അലി ” അലി ചിരിച്ചു.
“ഓക്കേ അലീ, ആക്ച്വലി.. വണ്ണോഫ് മൈ ഫ്രണ്ട് ഈസ് സ്റ്റക്ക് ഇൻ ഏ ബ്രോതൽ…”
“ഷു യാനി ബ്രോതൽ..?” ഒമറിനോട് അലി ചോദിച്ചു.
“ബെയ്ത്തു ദയാര..” ഒമർ പറഞ്ഞു
“യാ.. അള്ളാ.. ” അലി ദീർഘശ്വാസം വലിച്ചു.
“യുവർ ഹബീബീ…?”
“നോ അലി.. ഷീ ഈസ് ജസ്റ്റേ ഫ്രണ്ട്. അയാം ജസ്റ്റ് ട്രയിംഗ് റ്റു ഹെൽപ്പ് “
രാവിലെ സംഭവിച്ച കാര്യങ്ങളെല്ലാം ശ്യാം അലിയോട് വിവരിച്ചു. ഒരു പെൺകുട്ടി രക്ഷപ്പെടാൻ അലി വിചാരിച്ചാൽ സാധിക്കുമെന്ന് പറഞ്ഞു. അലി എന്തൊക്കെയോ ഒമറിനോട് അറബിക്കിൽ സംസാരിച്ചു. ഒടുവിൽ ശ്യാമിനോട് പറഞ്ഞു.
“ശ്യാം.. ഐനോ വാട്ട് യൂ ആർ എക്സ്പെക്ടിങ്. യൂ തിങ്ക് ദാറ്റ് വീ വിൽഡൂ ഏ റെയ്ഡ്. ആൻ്റ് ബ്രിങ് ദ ഗേൾ റ്റു യൂ… ; നോ.. നോട്ട് പോസ്സിബ്ൾ.
ഈഫ് ദേറീസ് ഗേൾ.. വീ വിൽ ടേക്ക് ഹേർ റ്റു പ്രൊസിക്യൂഷൻ. ഏൻ്റ് ഈഫ് ഷീ ഈസ് നോ ഗിൽറ്റി, വീ വിൽ ഗിവ് ഹേർ റ്റു യുവർ കോൺസുലേറ്റ്…”
“ഐ ക്യാൻ അണ്ടർസ്റ്റാൻ്റ്… ബട്ട്..ഈസ്ദേർ എനി അദർ വേ…?”
“ലുക്ക് .. ഐ വിൽ ഹെൽപ്പ്.. ഐ വിൽ ഇൻഫോം യൂ.. മേ..ബീ .. ടൂ അവർസ് ബിഫോർ, മേക്ക് ഷുവർ ഷീ ഈസ് നോട്ട് ഇൻ ദ ഫ്ലാറ്റ് വൈൽ വീ ഗോ…”
“ഹേർ പാസ്പോർട്ട് ഈസ് വിത്ത് ദെം… “
“ഡോണ്ട് വറി.. ഈഫ് ഇറ്റ്സ് ദേർ… യൂ വിൽ ഗെറ്റിറ്റ്… വേർ ഈസ്ദ ബിൽഡിംഗ്..?”
“ഐ ഡോണ്ട്നോ…”
“വല്ല യാഹീ… ഫി ഫോൺ നമ്പർ …?”
“ഉം…യെസ്.. ഐ ഹാവിറ്റ് ഇൻ ഹേർ CV… ഒമർ, ഐ വിൽ ടെക്സ്റ്റ്യൂ ദ നമ്പർ… “
“ഗുഡ്.. മേക്ക് ഷുവർ ഷീ ഈസ് നോട്ട് ദേർ വെൻ വീ ഗോ… ഐ വിൽ ഇൻഫോം ഒമർ ടൂത്രീ അവർസ് ബിഫോർ..”
“താങ്ക്യൂ അലി… താങ്ക്യൂ ഒമർ.. ഐ വിൽ ലീവ് നൗ..”
“ശ്യാം.. ജോയ്നസ് ഫോർ ഡിന്നർ, ആൻ്റ് വീയാർ ഗോയിങ് ഫോർ ഡയനാ ഹദ്ദാദ് ഷോ ലേറ്റർ.. യൂ വിൽ എൻജോയ്..”
“നോ ഒമർ.. ഐ റിയലീ നീഡ് റ്റു ഗോ… താങ്ക്യൂ സോമച്ച്.. ഖുദ ഹാഫീസ് “
സഫാദിയിൽ നിന്നും ഇറങ്ങുമ്പോൾ ശ്യാമിൻ്റെ മനസ്സിന് തെല്ലൊരാശ്വാസം തോന്നി. എങ്കിലും എന്താവും സംഭവിക്കാൻ പോവുന്നത് എന്ന ആശങ്ക ശ്യാമിനെ ഇടക്കിടെ അസ്വസ്ഥനാക്കി.
CV എടുത്ത് അയിഷയുടെ നമ്പർ ഒമർന്ന് മെസ്സേജ് ചെയ്തു. തിരിച്ച് ഡ്രൈവ് ചെയ്യുമ്പോൾ റോഷനെ വിളിച്ച് അലിയുമായി സംസാരിച്ച കാര്യങ്ങൾ വിവരിച്ചു.
“റോഷാ..താങ്ക്യൂ.. എനിക്ക് തോന്നുന്നു ആ കുട്ടി രക്ഷപ്പെടുംന്ന്.. “
“ശ്യാമേ.. ഞാനിപ്പഴും കൺവിൻസ്ഡ് അല്ല. പ്രശ്നായാ നീ പെട്വേ…”
“ഒന്നും സംഭവിക്കില്ല.. ഡോണ്ട് വറീ.. “
“ശരി.. നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കും.. ഡിന്നറിന് ഇങ്ങട്ട് പോന്നോ. മൊത്തം പരീക്ഷണാ രശ്മീടെ വക..”
“ഇന്നേതായാലും വേണ്ട.. മൂഡില്ല.. “
“ന്നാ.. പോയി രണ്ടെണ്ണം വിട്. ഗുഡ് നൈറ്റ്..”
തിരിച്ച് ഫ്ലാറ്റിലെത്തിയ ശ്യാം ഡ്രസ്സ് മാറി ഷോർട്ട്സും ടീഷർട്ടുമിട്ട് മിനി ബാറിൽ നിന്നും തൻ്റെ പ്രിയപ്പെട്ട ഡ്രിങ്ക്, ലഫ്രോയ്ഗ് ഗ്ലാസ്സിൻ്റെ കാൽഭാഗം നിറച്ചു. നിറയെ ഐസ്കട്ടകളിട്ട് സോഫയിൽ വന്നിരുന്നു. ഏതെങ്കിലും ഒരു സിനിമ കാണാംന്ന് കരുതി TV ഓൺ ചെയ്ത് സ്റ്റാർമൂവീസ് സെലക്ട് ചെയ്തു. ലിയാം നീസൻ്റെ ‘ടേക്കൺ’ എന്ന സിനിമയിലെ ട്രക്കിലകപ്പെട്ട പെൺകുട്ടിയുള്ള രംഗം ശ്യാമിനെ വല്ലാതെ അലോസരപ്പെടുത്തി. TV ഓഫാക്കിയത് ശേഷം ഗ്ലാസ്സ് ഒറ്റ വലിക്ക് കാലിയാക്കി, സോഫയിലേക്ക് ചാരി, കണ്ണുകളടച്ചു.
ശനിയാഴ്ച വൈകുന്നേരം ശ്യാം ജിമ്മിൽ നിന്ന് ഇറങ്ങുമ്പോൾ ഏഴു മണിയോടടുത്തിരുന്നു. സൗത്ത് ആഫ്രിക്കക്കാരൻ ഇൻസ്ട്രക്ടർ ക്രിസ് സംസാരിച്ച് വൈകിപ്പിച്ചു. ഫിറ്റ്നസ് ഫ്രീക്കായ ക്രിസ്, ആഴ്ചയിൽ രണ്ടു ദിവസം മാത്രം ശ്യാം ജിമ്മിൽ വരുന്നതിൽ എപ്പോഴും അതൃപ്തി കാണിക്കുമായിരുന്നു. അടുത്ത മാസം മുതൽ മെമ്പർഷിപ്പ് ക്യാൻസൽ ചെയ്യുമെന്ന് തീർത്തു പറഞ്ഞു ഇപ്പോൾ. കാറിൽ കയറി ഫോൺ നോക്കിയപ്പോൾ നാല് മിസ്സ്ഡ് കാൾ ഒമറിൻ്റെ. ശ്യാമിന് ആകാംക്ഷയായി, പെട്ടെന്ന് തിരിച്ച് വിളിച്ചു.
“ഹലോ ഒമർ, സോറീ ഐ മിസ്സ്ഡ് യുവർ കോൾസ്.. ഐ വാസ് അറ്റ് ദ ജിം.. “
“ദാറ്റ്സ് ഒക്കേ.. ശ്യാം. അലി കാൾഡ്.. ഐ ഹാവേ ന്യൂസ്..”
“വാട്ട് ഡിഡ്ഹീ സേ…?”
“ദേ ലൊക്കേറ്റഡ് ദ ബിൽഡിംഗ്… വിൽ ഗോഇൻ റ്റുമോറോ അറ്റ് ടെൻ.. സീ വാട്ട് യൂ കാൻ ഡൂ..”
ശ്യാമിന് എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥ. ഒമറിനോട് നന്ദി പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ഒരു മിനിറ്റ് നേരം ആലോചിച്ച് റോഷന് ഫോൺ ചെയ്തു.
“ഡാ.. നാളെ രാവിലെ പത്ത് മണിക്കാ റെയ്ഡ്. ഇപ്പോ തന്നെ മണി ഏഴാവാറായി. ഈ രാത്രിയിലിപ്പോ എന്താ ചെയ്യാ.. നീ എന്തെങ്കിലും ഒരു ഐഡിയ പറ.. “
“ശ്യാം… ഹോണസ്റ്റ്ലീ ബ്രദർ.. ഐ ഹാവ് നോ ഐഡിയ…”
ജൈനുൾ ക്ലോക്കിലേക്ക് നോക്കി. സമയം വൈകുന്നേരം ഏഴരയാവുന്നു. ഇന്നെങ്കിലും നേരത്തേ ഉറങ്ങണം. ഇവിടെ വന്നതിന് ശേഷം മര്യാദക്കൊന്ന് ഉറങ്ങിയിട്ടില്ല. ഏത് നേരവും പെൺകുട്ടികളെ കൊണ്ടുവിടാനോ തിരിച്ച് കൊണ്ടുവരാനോ പോകേണ്ടി വരും. എന്നാലും പരാതിയില്ല. പഴയ ശമ്പളത്തെക്കാളും മൂന്നിരട്ടിയാണ് മുസ്തഫ തരുന്നത്.
മേശപ്പുറത്ത് രണ്ട് കാലും കയറ്റി വെച്ച് കസേരയിൽ ചാഞ്ഞ്, ആരോടോ സംസാരിക്കുകയാണ് മുസ്തഫ. അറബിയാണ് കസ്റ്റമറെന്ന് ജൈനുൾന് മനസ്സിലായി. രണ്ട് പേരും വിലപേശുകയാണ്.
“ലാ.. ല.. ഗെയ്ർ മുംകിൻ.. ലെയ്ല കാമില, അഖിർ.. അൽഫ് ദിർഹം.. “
പിന്നെയും സംഭാഷണം നീണ്ടു. മുസ്തഫ ഫോൺ കട്ട് ചെയ്ത് തന്നോട് എന്തോ പറയാൻ തുടങ്ങുമ്പോൾ അടുത്ത ഫോൺ അടിക്കുന്നത് ജൈനുൾ ശ്രദ്ധിച്ചു. ഇത് പക്ഷേ, ആയിഷയുടെ ഫോണാണ്. എപ്പോഴും പുറത്ത് പോയി വന്നാൽ ആയിഷയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി മുസ്തഫയ്ക്ക് കൊടുക്കേണ്ടത് തൻ്റെ ജോലിയാണ്.
മുസ്തഫ ഫോണെടുത്ത് സ്പീക്കർ ഓൺ ചെയ്തു.
“ഹലോ.. ക്യാനൈ സ്പീക്ക്റ്റു ആയ്ഷ…?” മറുഭാഗത്ത് ഒരു സ്ത്രീയാണ്
“ആരാണ്..?”
“സോറി..ഐ ഡോൻ്റ് സ്പീക്ക് മൽല്യാലം… അയാം ഫ്രം ട്യൂഷ് കോം.. “
മുസ്തഫ പിന്നീടൊന്നും ചോദിച്ചില്ല. ഫോൺ ജൈനുൾന് കൊടുത്ത്, ശബ്ദം താഴ്ത്തി…
“യേ.. ഉസ്കോ ദേദോ, ഔർ ചാന്ദ്നീ കോ റെഡി ഹോനേ ബോലോ.. “
ജൈനുൾ ഫോൺ വാങ്ങി ആയിഷയുടെ മുറിയിൽ ചെന്നു.
” ആപ്കാ ഫോൺ.. “
ആയിഷയ്ക്ക് വിശ്വാസം ഇല്ലായിരുന്നു. എന്നെ ഈ സമയത്ത് ആര് വിളിക്കാൻ.
“ഹലോ.. ആയിഷയാണ്.. “
“ഹായ് ആയ്ഷ.. സോറി ഫോർ ദ ലേറ്റ് കോൾ. അയാം ചിത്ര മദൻ ഫ്രം ട്യൂഷ് കോം. യൂ ഹാഡ് ഗിവൺ ആൻ ഇൻ്റർവ്യൂ ലാസ്റ്റ് തേഴ്സ്ഡേ..”
“യെസ് മേഡം.. “
“യൂ ഹാവ് റ്റു കം ഫോറേ ഫൈനൽ ഇൻ്റർവ്യൂ റ്റുമോറോ മോണിംഗ്, അറ്റ് ടെൻ. ദിസ് ഗോട്ട് ഫൈനലൈസ്ഡ് ജസ്റ്റ് നൗ… സോറി റ്റു കാൾയൂ ലേറ്റ്..”
“ദാറ്റ്സ് ഫൈൻ മേഡം.. താങ്ക്യൂ സോമച്ച്.. ഐ വിൽബീ ദേർ..”
“ഗുഡ് ലക്ക് ആയ്ഷ.. സീയൂ റ്റുമോറോ…”
ആയിഷയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ആദ്യമായിട്ടാണ് രണ്ടാമത്തെ ഇൻ്റർവ്യൂന് ക്ഷണമുണ്ടാവുന്നത്. ഇനി മുസ്തഫയോട് സമ്മതം വാങ്ങണം. മുസ്തഫ സമ്മതിക്കാതിരിക്കില്ല. തനിക്ക് ജോലി കിട്ടിയാൽ തരാമെന്നേറ്റ കാശിൽ മാത്രമാണ് പുള്ളിക്ക് താൽപര്യം.
രാവിലെ പതിവിലും നേരത്തേ ആയിഷ ഉറക്കമെഴുന്നേറ്റു. സത്യത്തിൽ രാത്രി ഉറങ്ങിയതേ ഇല്ല. നാളത്തെ ഫൈനൽ ഇൻ്റർവ്യൂ ആലോചിച്ച് അങ്ങനെ കിടന്നു. ഈ ജോലി കിട്ടുമെന്ന് മനസ്സ് പറയുന്നു. കണ്ണ് തുറന്ന് കാണുന്ന സ്വപ്നങ്ങൾ അങ്ങനെയാണ്. പ്രതീക്ഷകൾക്ക് ഇന്ധനമാകും, ജീവിതത്തിൽ നേടാനൊത്തിരിയുണ്ടെന്ന് കാതിൽ മന്ത്രിച്ച് കൊണ്ടേയിരിക്കും.
ജൈനുളാണ് റിഗ്ഗ സ്റ്റേഷനിൽ വിട്ടത്. ഒമ്പത് മണിയുടെ മെട്രോയിൽ കയറുമ്പോൾ പതിവില്ലാത്ത ആകാംക്ഷയായിരുന്നു. അര മണിക്കൂർ വേണം ഇൻ്റർനെറ്റ് സിറ്റിയിലെത്താൻ. പിന്നെയും പതിനഞ്ച് മിനുറ്റോളം നടക്കാനുണ്ട്. എന്നാലും സാരല്ല്യ. പത്ത് മണിക്ക് മുന്നേ എത്താം. ആയിഷ ഫോൾഡൾ തുറന്ന് സർട്ടിഫിക്കറ്റും മറ്റും ഉണ്ടെന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തി.
ബുർജ്മാൻ സ്റ്റേഷൻ എത്തിയപ്പോൾ അടുത്തിരുന്ന ആൾ എഴുന്നേറ്റു. അറുപതിലധികം വയസ്സ് തോന്നിക്കുന്ന സായിപ്പും മദാമ്മയും പരസ്പരം നിർബന്ധിക്കുന്നു, ആ ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ. ടൂറിസ്റ്റുകളാണെന്ന് കണ്ടാലേ അറിയാം. ഒടുവിൽ സായിപ്പിന് വഴങ്ങേണ്ടി വന്നു. സ്ത്രീയുടെ കയ്യിലെ ബാഗ് വാങ്ങി അയാൾ ആയിഷയുടെ അടുത്തിരുന്നു. ഇരുന്ന പാടെ താഴെ നിന്നും എന്തോ എടുത്ത് ആയിഷയുടെ നേരെ നീട്ടി.
“എക്സ്ക്യൂസ്മീ ലേഡി.. ഐ സോ ദിസ് ഫോളിങ്…”
” ഓ… താങ്ക്യൂ ” ചിരിച്ചു കൊണ്ട് ആയിഷ വാങ്ങി നോക്കി.
ശ്യാമിൻ്റെ ബിസിനസ്സ് കാർഡാണ്. കാർഡ് കണ്ടതും ആയിഷയ്ക്ക് തോന്നി, പുള്ളിയെ ഒന്ന് വിളിച്ചാലോ..? ഇൻ്റർവ്യൂൻ്റെ കാര്യം അറിയിക്കാലോ.
ആയിഷ ശ്യാമിൻ്റെ നമ്പറിലേക്ക് ഒരു പ്രാവശ്യം വിളിച്ച് കട്ട് ചെയ്തു. അങ്ങനെ ഒരിക്കൽക്കൂടി ചെയ്തു. ഒരു മിനിറ്റിനകം ശ്യാമിൻ്റെ ഫോൺ.
“ഹലോ..ശ്യാം, ഇത് ഞാൻ.. ആയിഷയാണ്. എനിക്കവിടെ സെക്കൻ്റ് ഇൻ്റർവ്യൂന്ന് കോൾ വന്നു. ഇപ്പോ രാവിലെയാണ് ഇൻ്റർവ്യൂ.. “
“റിയലീ… ദാറ്റ്സ് ഗുഡ്.. ഞാൻ പിക്ക് ചെയ്യണോ..?”
“അയ്യോ വേണ്ട.. ഞാനൊന്ന് അറിയിക്കാൻ വിളിച്ചതാ.. ഞാനിപ്പം മെട്രോയിലാണ്.. ജാഫ് ലിയ കഴിഞ്ഞു.. “
“എങ്കിൽ.. ഇൻ്റർനെറ്റ് സിറ്റി എത്തിയിട്ട് വിളിക്കൂ.. സ്റ്റേഷനീന്ന് ഞാൻ പിക്ക് ചെയ്യാം. ഓഫീസിലേക്ക് പിന്നേം നടക്കണ്ടേ..?”
“ബുദ്ധിമുട്ടണംന്നില്ല.. രാവിലെ അത്ര ചൂടില്ല.. “
“കൊഴപ്പില്ല.. എത്തിയാ വിളിച്ചാ മതി.. “
“ശരി.. ബൈ..”
അടുത്തിരിക്കുന്ന സായിപ്പ് ഇടതു കൈയ്യിൽ ഏതോ പുസ്തകം തുറന്ന് പിടിച്ച് വായിച്ചു കൊണ്ടിരിക്കുകയാണ്. വലതുകൈ കൊണ്ട് മുന്നിൽ നിൽക്കുന്ന ഭാര്യയുടെ കയ്യിൽ മൃദുവായി പിടിച്ച് കൊണ്ടിരുന്നു അയാൾ. എന്താവും വായിക്കുന്നതെന്നറിയാൻ കൗതുകം തോന്നി ആയിഷയ്ക്ക്. പുസ്തകത്തിൻ്റെ കവറിലേക്ക് ആയിഷ ഒളികണ്ണിട്ട് നോക്കി. Alchemist by Paulo Coelho, തൻ്റെ ഇഷ്ട നോവൽ. ഒരു നിമിഷം താൻ തന്നെയല്ലേ സാൻ്റിയാഗോ എന്ന കഥാപാത്രം എന്നായി ആയിഷയുടെ ചിന്ത.
മെട്രോയിൽ നിന്നിറങ്ങിയ ഉടനെ ശ്യാമിന് മിസ്സ്ഡ് കോൾ കൊടുത്തു. എസ്കലേറ്ററിൽ ഇറങ്ങി വരുമ്പോൾ ശ്യാമിൻ്റെ കാർ പാർക്ക് ചെയ്തത് കാണാമായിരുന്നു.
“ഗുഡ് മോണിംഗ്..” കാറിൻ്റെ ഡോർ തുറന്ന് ആയിഷയാണ് ആദ്യം പറഞ്ഞത്.
“ഗുഡ് മോണിംഗ് ആൻറ് കൺഗ്രാജുലേഷൻസ് “
“ഓ താങ്ക്യൂ.. ഇന്നലെ ഏഴരയായി ഫോൺ വരുമ്പോ.. പ്രതീക്ഷിച്ചതേ ഇല്ല.. ഒരു ചിത്ര മദൻ ആണ് വിളിച്ചത്..”
“മേ ബീ… HRന്നായിരിക്കും..”
“അറിഞ്ഞൂടാ.. റബ്ബേ… ഒന്ന് ശരിയായാ മതിയായിരുന്നു.. “
ശ്യാം ചിരിച്ചു.
ആയിഷ പുറം കാഴ്ചകൾ കണ്ടോണ്ടിരുന്നു. കാറ് ഒരു ടണലിലൂടെ യാത്ര ചെയ്ത് ഒരു സിഗ്നലിൽ ചെന്നു നിന്നു. പത്ത് മിനിറ്റലധികം കഴിഞ്ഞിട്ടുണ്ടാവണം. മെട്രോയിൽ നിന്നും കഷ്ടിച്ച് പതിനഞ്ച് മിനുറ്റ് നടക്കേണ്ട ദൂരം.. ഇത്രേം സമയം എന്തിനാ എടുത്തത്.
“ഇങ്ങോട്ടല്ലല്ലോ വരേണ്ടത്..? ഇതെവിടേക്കാ പോണത്..?”
“പത്ത് മണിക്കല്ലേ. ഇനിയും സമയുണ്ടല്ലോ. ജസ്റ്റേ ഷോർട്ട് ഡ്രൈവ്.. “
ആ ഉത്തരത്തിലെന്തോ ഒളിഞ്ഞിരിക്കുന്ന പോലെ ആയിഷയ്ക്ക് തോന്നി. ഒരു നിമിഷം ഭയവും സങ്കടവും ഒരേ പോലെ തന്നെ കീഴ്പ്പെടുത്തിയ പോലെ.
കാർ ഒരു സെക്യൂരിറ്റി ഗേറ്റിന് മുന്നിൽ നിന്നു. ഒരു വലിയ കമ്മ്യൂണിറ്റി ലിവിംഗിൻ്റെ പ്രധാന കവാടമാണ്. ശ്യാം ഗ്ലാസ്സ് താഴ്ത്തി. സെക്യൂരിറ്റി കേബിനിൻ്റെ ചില്ലിട്ട ജനാല തുറന്ന്, ആഫ്രിക്കക്കാരൻ സെക്യൂരിറ്റി.
“ഗുഡ് മോണിംഗ് സർ.. വേർ വുഡ്യൂ ലൈക്ക് റ്റു ഗോ…?”
” സ്ട്രീറ്റ് ഫോർ… വില്ല ട്വെൻ്റി.. “
“യുവർ നെയിം ആൻ്റ് നമ്പർ…? “
ശ്യാം പേരും ഫോൺ നമ്പരും പറഞ്ഞു കൊടുത്തു. സെക്യൂരിറ്റി റിമോട്ട് അമർത്തി ഗെയിറ്റ് തുറന്നു
ആയിഷയുടെ ഹൃദയമിടിപ്പ് ക്രമാതീതമാവുന്നത് അവൾ ശ്രദ്ധിച്ചു. കൈകൾ വിറയ്ക്കുന്നു. കാൽപാദങ്ങൾ വിയർക്കുന്നു.
“ടെൻഷനാവാതെടോ.. ജസ്റ്റ് റിലാക്സ്.. ” ചിരിച്ച് കൊണ്ട് ശ്യാം പറഞ്ഞു.
റിലാക്സാവാൻ ആയിഷയ്ക്കായില്ല. ശ്യാമിനെ വിളിക്കാൻ തീരുമാനിച്ചതോർത്ത് സ്വയം പഴിച്ചു. ഇൻ്റർവ്യൂ നഷ്ടപ്പെടുന്നതിക്കാളും തൻ്റെ സുരക്ഷിതത്വത്തെ ക്കുറിച്ചായി ആയിഷയുടെ ചിന്ത മുഴുവനും.
ഇരുപതാം നമ്പർ വില്ലയുടെ കാർപോർച്ചിലേക്ക് ശ്യാം കാർ തിരിച്ചു. അവിടെ പാർക്ക് ചെയ്തിരുന്നു BMW X6ന് തൊട്ടു പിന്നിലായി ശ്യാം കാർ നിർത്തി. എൻജിൻ ഓഫ് ചെയ്ത് ശ്യാം പറഞ്ഞു.
“ദേറീസേ സർപ്രൈസ് ഫോർ യ്യൂ… “
ആയിഷ പക്ഷേ ഇറങ്ങിയില്ല. ശ്യാം കാറിൽ നിന്ന് ഇറങ്ങി ആയിഷയുടെ ഡോർ തുറന്നു.
“ശ്യാം എന്നെ പറ്റി എന്താ വിചാരിച്ചേ…?” ഡോർ ബലമായി അടയ്ക്കാൻ ശ്രമിക്കുമ്പോൾ ആയിഷ ചോദിച്ചു.
മറുപടി പറയാതെ ശ്യാം ചെന്ന് കോളിംഗ് ബെല്ലടിച്ചു.
കുറച്ച് നിമിഷങ്ങൾക്കകം ഏകദേശം നാൽപ്പത് വയസ്സിലധികം തോന്നിക്കുന്ന സ്ത്രീ വാതിൽ തുറന്നു. കറുത്ത കരയുള്ള കേരള സാരിയും കറുപ്പിൽ മറൂൺ ഡിസൈനുള്ള കലംകാരി ബ്ലൗസ്സും ധരിച്ചിരിക്കുന്നു. വെള്ളി നിറത്തിലുള്ള വലിയ ഝുംക അവർക്ക് ഏറെ സൗന്ദര്യമേകി. മലമുകളിലെ പുലർകാലസൂര്യനെപ്പോലെ പുരികങ്ങൾക്കിടയിലെ ചുവന്ന വലിയ പൊട്ട് അവരുടെ മുഖത്തിന് പ്രഭ ചൊരിഞ്ഞു കൊണ്ടേയിരുന്നു. എന്തൊരു സൗന്ദര്യമാണ് അവരുടെ ചിരിക്ക്, ആയിഷയ്ക്ക് തോന്നി.
“ആയിഷ… ദിസ് ഈസ് ചിത്ര.. ഇന്നലെ ഫോൺ ചെയ്ത ചിത്ര മദൻ.. ട്യൂഷ്കോമിൻ്റെ അല്ല, ഞങ്ങൾടെ HR മാനേജറാണ്. ചിത്ര മദൻ മേനോൻ, ഞങ്ങൾക്ക് പക്ഷേ ചേച്ചി. ഒറ്റപ്പാലത്താണ് .. “
എന്തായിരിക്കും സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നതിന് മുമ്പേ ആ സ്ത്രീ പറയുന്നത് കേട്ടു.
“മോള് വരൂ… നമുക്ക് അകത്തിരിക്കാം…”
“അപ്പോ ഈ കുട്ട്യോട് നീ ഒന്നും പറഞ്ഞില്ല്യേ ശ്യാം …? ഹൗ ക്രൂവൽ..!” സ്വീകരണമുറിയിലേക്ക് നടക്കുമ്പോൾ ചിത്ര ചോദിച്ചു.
“ഇവിടെ എത്തീട്ട് പറയാംന്ന് കരുതീട്ടാ .”
“നിങ്ങളിരിക്കൂ.. ലെറ്റ്മീ ഗെറ്റ്യൂ സംതിംഗ് റ്റു ഡ്രിങ്ക്…”
ആയിഷ ശ്യാമിനെ നോക്കി കൊണ്ടേയിരുന്നു. ശ്യാമാണെങ്കിൽ ആ നോട്ടവും പ്രതീക്ഷിച്ച്, അതിൽ നിന്നും രക്ഷപ്പെടാൻ ചുമരിലെ പെയ്ൻ്റിംഗിൽ നോക്കിയിരിക്കുകയാണ്.
ചിത്ര രണ്ട് ഗ്ലാസ്സിൽ ജ്യൂസും ഒരു ചില്ലുപാത്രം നിറയെ ഡ്രൈഫ്രൂട്ട്സുമായി വന്നു. ജ്യൂസ് ആയിഷയ്ക്ക് നീട്ടി.
“മോള് പേടിക്കേണ്ട ട്ട്വോ.. യൂ ആറിൻ സേഫ് ഹാൻ്റ്സ്.. ശ്യാം ഈ കുട്ടിയോട് കാര്യങ്ങൾ പറയ്ണ് ണ്ടോ വേഗം ..?”
ശ്യാം അന്ന് ആയിഷയെ ഇറക്കിവിട്ടതിന് ശേഷം നടന്ന കാര്യങ്ങൾ പറഞ്ഞു. ഒമർ വഴി അലിയെ കണ്ടതും, അലി സഹായിക്കാമെന്ന് പറഞ്ഞതും, ഇപ്പോൾ അവിടെ ഏത് സമയവും CID ചെല്ലാമെന്നും, എല്ലാം.
ഇത്രയും കേട്ടപ്പോഴേക്കും ആയിഷയ്ക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. അവൾ മുഖം പൊത്തി കരഞ്ഞു കൊണ്ടേയിരുന്നു. ചിത്ര ആയിഷയുടെ അടുത്ത് ചെന്നിരുന്ന് സമാധാനിപ്പിച്ചു. തൻ്റെ ചുമലിലേക്ക് ആയിഷയുടെ മുഖം ചാരിച്ച് കൈകളിൽ അമർത്തിപ്പിടിച്ചു.
“ഒന്നും സംഭവിച്ചില്ലല്ലോ കുട്ട്യേ… ജോലി ശരിയാവും വരെ കുട്ടിക്ക് ഇവിടെ താമസിക്കാം.. ഇവ്ടെ ഞാനും മോളും മാത്രേ ഇപ്പോ ഉള്ളൂ.. മദൻനോട് ഞാൻ പറഞ്ഞിട്ടുണ്ട് .. “
“ചേച്ചീ.. എൻ്റെ പാസ്പോർട്ട് അയാളുടെ കയ്യിലാണ്..”
“അതൊക്കെ നമുക്ക് ശരിയാക്കാം.. ” ശ്യാം പറഞ്ഞു.
“അപ്പോ ഞാനിറങ്ങുന്നു.. പത്തരയ്ക്ക് മീറ്റിംഗുണ്ട്.. സീ യൂ ലേറ്റർ..”
പെട്ടെന്ന് എന്തോ ഓർത്ത് “ചേച്ചീ.. പൊന്നുന് എങ്ങനെയുണ്ട്..?”
“ഷീ ഈസ് ഓക്കേ.. ഉറങ്ങാണ്… ഞാൻ നാളെ ജോയിൻ ചെയ്യും.. ഇനി ഇപ്പോ ആയിഷയുണ്ടല്ലോ കമ്പനിക്ക്.. “
“ആയിഷ ഇപ്പോഴും ഷോക്കിലാണ്…”
“അതെനിക്ക് വിട്ടോളൂ ശ്യാം.. ഞങ്ങളൊന്ന് പുറത്ത് പോണ് ണ്ട്.. ല്ലേ കുട്ട്യേ.. ആയിഷക്ക് ഡ്രസ്സൊക്കെ വാങ്ങണം..”
ആയിഷ ശ്യാമിൻ്റെ കാറിനടുത്തേക്ക് പോയി.
“അതേയ്.. സോറി.. ഞാൻ അറിയാതെ.. “
“അതൊക്കെ വിട്ടേക്ക്.. ജസ്റ്റ് സ്മൈൽ.. “
“കേൾക്കൂ.. താങ്ക്യൂ ഫോർ ഡൂയിംഗ് ദിസ് ഫോർമീ”
ശ്യാം മറുപടി പറയാതെ ചിരിച്ചു കൊണ്ട് കണ്ണുകൾ ചിമ്മി, കാർ മുന്നോട്ടെടുത്തു.
അടുത്ത ദിവസം, തിങ്കൾ. ശ്യാം നേരത്തേ ഓഫീസിലെത്തി. ഏറെ റിപ്പോർട്ട് തയ്യാറാക്കാനുണ്ട്. സ്ക്രീനിൽ കണ്ണുംനട്ട് കീബോർഡിലൂടെ കൈവിരലുകൾ പായിച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ ഏറെ നേരം ഇരുന്നു.
“ഗുഡ് മോണിംഗ്.. മേറ്റ് “
ശ്യാം തലയുയർത്തി നോക്കി.
“ഹേയ് ബഡ്ഡി.. ഗുഡ് മോണിംഗ്.. ഐ വാസ് എബൗട്ടു കോൾയ്യൂ.. വാട്ട്സ് ദ ന്യൂസ് ഫ്രം അലി…?”
ഒമർ ബാഗിൽ നിന്നും ഒരു കവറെടുത്ത് ശ്യാമിൻ്റെ മുന്നിൽ വെച്ചു.
“ഹിയർയ്യൂ ഗോ…”
തുറന്ന് നോക്കിയതും ശ്യാമിൻ്റെ കണ്ണുകൾ തിളങ്ങി. ആയിഷയുടെ പാസ്സ്പോർട്ട്.
“താങ്ക്യൂ സോ മച്ച് ഒമർ..”
ഒമർ ചിരിച്ചു
“യൂനോ സംതിംഗ്.. ദോസ് ഗയസ് വേർ ഹ്യൂജ്.. അലി ഈസ് നൗ ആഫ്റ്റർ വണ്ണോഫ് ദ ബിഗ്ഗസ്റ്റ് ഹ്യുമൺ ട്രാഫിക്കിങ് നെറ്റ് വർക്ക്.. ഹീ വാണ്ട്സ്ടു താങ്ക്യൂ.. ഹീ ഈസ് ഗോണ മീറ്റ്യൂ സൂൺ.. “
“ഇൻഷ അളളാഹ്.. വീ വിൽ മീറ്റ്..”
“ഹൗസ് ദ ഗേൾ.. ? ബൈദ വേ..”
“ഷീ ഈസ് ഗുഡ്… അറ്റേ സേഫ് പ്ലേസ്…”
“ആൾറൈറ്റ്.. ഐ നീഡ് റ്റു ഗോ… ഓ… യാ…ലിസൻ.. ചിത്ര വാണ്ട്സ് റ്റു സീയൂ”
ആയിഷയുടെ കാര്യം പറയാനായിരിക്കും. റിപ്പോർട്ട് തീർത്തിട്ട് പോകാനിരുന്നതാണ്.
“മോണിംഗ്.. ക്യാനൈ കമിൻ..?”
“കം.. കം.. ഗുഡ് മോണിംഗ്..”
“ആയിഷ…?”
“ഓക്കേ ആണ്.. പൊന്നുവുമായി നല്ല കമ്പനിയായി.. “
“താങ്ക്യൂ ഫോർ ഹെൽപ്പിംഗ്….. “
“ഒന്ന് പോടോ.. ഞാൻ വിളിപ്പിച്ചത് വേറെ കാര്യത്തിനാ… ഡേവ് ഈസ് ഫ്യൂരിയസ്സ്. ഹീ വാണ്ട്സ് റ്റു സീയൂ.. “
“CEO എന്നെ എന്തിനാ… വൈ ഹീ ഈസ് ഫ്യൂരിയസ്സ്…?”
“ആയിഷയുടെ കാര്യത്തില്…”
“അതെങ്ങനെ CEO അറിഞ്ഞു..?”
“ഞാനാ പറഞ്ഞത്.. “
“ചേച്ചി.. എന്തിനാ ഡേവിനോട് പറയാൻ പോയ്യേ..?”
“ചേച്ചിയൊക്കെ ഓഫീസിന് പുറത്ത്, ഇവിടെ കാൾമീ ചിത്ര… ഇതിൻ്റെ പിന്നാലേ പോകുമ്പോ… ഡിഡ്യൂ എവർ തിങ്ക് വാട്ട് യൂ വേർ ഗെറ്റിംഗ് ഇൻറ്റു…? വാട്ട് ഈഫ് സംതിംഗ് ഹാഡ് ഗോൺ റോങ്ങ്… ? സ്വീഡൻ വിൽ നെവർ ടോളറേറ്റ് സച്ച് തിങ്സ്… ആസ്ദി ഹെഡ്ഡോഫ് എച്ച്.ആർ, ഐ ഹാഡ് റ്റു ഇൻഫോം… എന്തെങ്കിലും പറ്റിയാ, ഹീ വിൽ ഹെൽപ്പ് ഓൺലി ഈഫ് ഇറ്റ് വാസ് ടോൾഡ് റ്റു ഹിം ബിഫോർ…”
ശ്യാമിന് വിശ്വസിക്കാനായില്ല. CEO എങ്ങനെ പ്രതികരിക്കുമെന്ന് ഊഹിക്കാനേ കഴിയുന്നില്ല. യാതൊരു വിധ നിയമ കുരിക്കിലും പെടാൻ പാടില്ലാന്ന് Code of Conduct ൻ്റെ ഭാഗമാണ്.
ചിത്രയോട് പിന്നീട് ഒന്നും പറയാതെ ശ്യാം തിരിച്ച് നടക്കാനൊരുങ്ങി.
“ശ്യാം.. ലിസൺ.. ഈ കാബിനിലിരുന്നാലും, നിങ്ങൾ ചെയ്യുന്നത് ഞാൻ അറിയുന്നില്ല്യാന്ന് കരുതരുത്. ഐ ന്യൂ എവ് രിതിങ് ഫ്രം ഡേ വൺ. യൂ ഷുഡ് നോ… ഒമർ റിപ്പോർട്ട്സ്റ്റു മീ..”
ഒമറിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അവൻ, അവൻ്റെ ജോലി ചെയ്തതാ.. പക്ഷേ ചേച്ചിക്ക് ഡേവിനോട് പറയാതിരിക്കാമായിരുന്നു. ഒന്നുമില്ലെങ്കിലും മലയാളികളല്ലേ.. CEO യുടെ ക്യാബിനിലേക്ക് നടക്കുമ്പോൾ ശ്യാം സ്വയം പറഞ്ഞോണ്ടിരുന്നു.
“ഗുഡ് മോണിംഗ് ഡേവ്… യൂ വാണ്ടെഡ് റ്റു സീമീ…?” CEO യുടെ കാബിൻ്റെ വാതിൽ പകുതി തുറന്ന് ശ്യാം ചോദിച്ചു..
“ഓ… സൂപ്പർമാൻ… കം.. കം, ഐ തോട്ട് യൂ വിൽ കം ഫ്ലൈയിംഗ് ത്രൂ ദ വിൻ്റോ..!”
സംഗതി അത്ര പന്തിയല്ലാന്ന് ശ്യാമിന് മനസ്സിലായി.. മുഖത്തെ പരിഭ്രമം മറയ്ക്കാൻ നന്നേ പാടുപെട്ടു.
”സോ… സൂപ്പർമാൻ… വാട്ട് ഡിഡ് ഐെ ജസ്റ്റ് ഹേർഡ് ഫ്രം ചിത്ര…?”
“ഡേവ്… ദ ഗേൾ നീഡഡ് ഹെൽപ്പ്.. ഐ വാസ് ട്രയിംഗ് റ്റു…. “
“നോ വണ്ടർ… യൂ ഡോണ്ട് ഡൂ യുവർ ടാർഗറ്റ്സ്… മിസ്റ്റർ സൂപ്പർമാൻ ഈസ് ബിസി സേവിങ്ങ് ഗേൾസ്. വെൽ… അയാം സോറി, ഇറ്റ് വോണ്ട് വർക്ക് വിത്ത്മീ..”
ഡേവ് മേശപ്പുറത്തിരുന്ന ഒരു കവറെടുത്ത് ശ്യാമിന് നേരെ നീട്ടി. ഒരു നിമിഷം, ശ്യാമൊന്ന് സ്തംഭിച്ചു. ഡേവിൻ്റെ കയ്യിൽ നിന്നും കവർ വാങ്ങുമ്പോൾ ടേർമിനേഷൻ ആയിരിക്കുമെന്ന് ശ്യാം ഉറപ്പിച്ചു. താൻ ചെയ്ത കാര്യം ശരി മാത്രമാണ്ന്ന് ശ്യാം ഇപ്പോഴും വിശ്വസിക്കുന്നു. ഈ കാരണത്താൽ ജോലി പോയാൽ താൻ ഒരിക്കലും നിരാശപ്പെടില്ല.
ശ്യാം കവർ തുറന്ന് നോക്കി. പതിനയ്യായിരം ദിർഹത്തിൻ്റെ ചെക്ക്, തൻ്റെ പേരിലുള്ളത്. വിശ്വസിക്കാനാവാതെ ശ്യാം ഡേവ്നെ നോക്കി. പുഞ്ചിരിയോടെ ശ്യാമിനെ നോക്കി നിൽക്കുകയാണ് ഡേവ്.
“ശ്യാം… യൂ ഡിഡ് ദ റൈറ്റ് തിങ്ങ്. യൂ സേവ്ഡ് ദാറ്റ് ഗേൾ.. ഇറ്റ്സേ ബിഗ് തിങ്.. അയാം സോ പ്രൗഡോഫ്യൂ… ദിസീസ് യുവർ ഇൻസെൻ്റീവ് ഫോർ ലാസ്റ്റ് ക്വാർട്ടർ. യൂ ഡോണ്ട് ക്വാളിഫൈ… ബട്ട് ഐ സ്റ്റിൽ വാണ ഗിവിറ്റ്യൂ…”
“മൈ ഗോഡ്… , ഡേവ്… താങ്ക്യൂ സോ മച്ച് “
“ഐ ഹാവ് അനദർ ന്യൂസ് ഫോയ്യൂ…”
എന്താന്നറിയാൻ ശ്യാമിന് ആകാംക്ഷയായി..
“ലുക്ക്.. ഐ സ്പോക്റ്റു മൈ ഫ്രണ്ട്, ടിം ലോലിസ്. ഹീ ഈസ് ഹെഡ്ഡിങ് വോയേജർ ടെക്ക്; ആൻ്റ് ഹീ ഈസ് റെഡി റ്റു ഹയർ ഹേർ..”
“ഓ മൈ ഗോഡ്… ഓ മൈ ഗോഡ്.. ഷീ ഈസ് റിയലി ബ്ലസ്സ്ഡ്.. താങ്ക്യൂ സോ മച്ച് ഡേവ് “
“യൂ നീഡ് റ്റു താങ്ക് ചിത്ര.. ഷീ വാസ് ലിറ്റ്റലി പ്ലീഡിങ്ങ് സിൻസ് യെസ്റ്റർഡേ…..ആൻ്റ് ലിസൻ, ദേർ IT ഹെഡ് വിൽ സീ ഹേർ റ്റുമോറോ.. ഇറ്റ്സ് മോറോഫേ ഫോർമാലിറ്റി.. ടിം ഈസ് ട്രാവലിംഗ് നൗ.. ദേ വിൽ മൂവ് ദ പേപ്പേഴ്സ് വൺസ് ഹീ ഈസിൻ ടൗൺ.. “
ഇത്രയും പറഞ്ഞ് ഡേവ് ശ്യാമിനെ പുറത്തേക്ക് നടക്കാൻ ആംഗ്യം കാണിച്ചു. ശ്യാമിന് പിന്നിലായി ഡേവ് കൂടെ നടന്നു.
ഡേവിൻ്റെ കാബിൻ്റെ പുറത്തെത്തിയ ശ്യാം കണ്ട കാഴ്ച, ഓഫീസിലെ മുഴുവൻ പേരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു. എല്ലാർക്കും മുന്നിലായി ചിരിച്ചു കൊണ്ട് ചിത്ര. ജീവിതത്തിലാദ്യമായി വലിയ എന്തോ നേടിയ സന്തോഷം ശ്യാമിൻ്റെ മുഖത്ത്.
അടുത്ത ദിവസം ആയിഷയെ ഇൻ്റർവ്യൂന് ഡ്രോപ്പ് ചെയ്ത് സമയം കളയാനായി മുന്നിലെ ഷോപ്പിംഗ് മാളിൽ കറങ്ങുമ്പോഴാണ് ശ്യാമിന് ചിത്രയുടെ ഫോൺ വരുന്നത്. പെട്ടെന്ന് തോന്നിയ രണ്ടു മൂന്ന് സാധനങ്ങൾ വാങ്ങി കാറിനടുത്ത് എത്തുമ്പോഴേക്കും ഇൻ്റർവ്യൂ കഴിഞ്ഞു. ഇപ്പോ എത്താംന്നും പറഞ്ഞ്, ആയിഷയുടെ ഫോൺ വന്നു.
ആയിഷ നടന്നു വരുന്നത് ദൂരെ നിന്നേ കാണാമായിരുന്നു. പതിവിലേറെ സന്തോഷവതിയാണ്.
“അതേയ്.. ശരിയാവുംന്ന് തോന്നുന്നു… GM വന്നാ ഉടനെ പേപ്പേഴ്സ് ശരിയാക്കാംന്ന് പറഞ്ഞു.”
കാറിൽ കയറിയ ഉടൻ ആയിഷ പറഞ്ഞു.
“ശരിയാവുംന്നല്ല… ശരിയായി. ചേച്ചി വിളിച്ചിരുന്നു. ഒരു മാസമെങ്കിലും എടുക്കും വിസയ്ക്ക്. അതോണ്ട് ഇയാൾക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ചേച്ചി ബുക്ക് ചെയ്തു. മറ്റന്നാൾ രാവിലെ 5ന്, ഷാർജ- കൊച്ചി. ഇവിടെ ഇപ്പോ അധികം നിൽക്കേണ്ടാന്ന് ചേച്ചി പറഞ്ഞു. അതാ നാളെ രാത്രിയുടെ ഫ്ലൈറ്റിന് ബുക്ക് ചെയ്തേ…”
“നിങ്ങളൊക്കെ എനിക്ക് വേണ്ടി എത്ര ബുദ്ധിമുട്ടുന്നു.. “
“അതെയതേ… ശരിക്കും ബുദ്ധിമുട്ടുന്നു..” ശ്യാം ചിരിച്ചു.
ആയിഷയെ വില്ലയിൽ ഡ്രോപ്പ് ചെയ്ത്, പിറകിലെ സീറ്റിൽ നിന്നും ഒരു ഷോപ്പിംഗ് ബാഗെടുത്ത് ആയിഷയ്ക്ക് നേരെ നീട്ടി.
“ഇത് അബൂനും ഉമ്മാക്കും ചെറിയൊരു ഗിഫ്റ്റ്..”
“ഇതൊക്കെ എന്തിനാ.. അല്ലാതെന്നെ ഇത്രേം ഹെൽപ്പ്… എങ്ങനാ നന്ദി പറയാന്നറിയില്ല “
“അറിയില്ലെങ്കി പറയണ്ടാ.. പിന്നെ ഇതോ.. ഇത് എൻ്റെ സെൽഫിഷ്നെസ്സ്… സമ്മാനം കൊടുക്കുമ്പോ അനുഭവിക്കുന്ന സുഖമുണ്ടല്ലോ.. അതനുഭവിക്കാൻ..”
“ഇങ്ങ് തന്നോള്ളൂ.. ഇനി ഇപ്പോ ഞാനായിട്ട് സുഖം കുറയയ്ക്കുന്നില്ല..”
“പിന്നെ.. മറ്റന്നാൾ ഞാനുണ്ടാവില്ല എയർപ്പോർട്ടിൽ വിടാൻ.. റോഷൻ വരും, ഏർളി മോണിംഗ്.. ഐ വിൽബീ ട്രാവലിംഗ് റ്റുമോറോ..”
“ആർയ്യൂ ഷുവർ.. “
“അപ്പോ ഇനി നമ്മൾ കാണില്ല..?”
“തിരിച്ച് വന്നാ കാണാലോ..? “
“ഉം.. ഞാൻ എത്തീട്ട് വിളിക്കാം.. താങ്ക്യൂ സോമച്ച് ഫോർ എവ്.രിതിങ്..”
“ഗുഡ് ലക്ക് റ്റു യൂ.. സ്റ്റേ സേഫ്..”
ആയിഷ ചിരിച്ചു. ശ്യാമിൻ്റെ കാർ കണ്ണിൽ നിന്നും മറയും വരെ നോക്കിക്കൊണ്ടേയിരുന്നു.
രോഷനും രശ്മിയുമാണ് ആയിഷയെ ഷാർജ എയർപോർട്ടിൽ വിട്ടത്. ഇമിഗ്രേഷൻ കഴിയും വരെ പുറത്ത് കാത്തിരുന്നു രണ്ട് പേരും.
അഞ്ചര മണിയുടെ ഫ്ലൈറ്റ് ടേക്കോഫ് ചെയ്യാൻ ഇരുപത് മിനിറ്റ് വൈകി. ഈ പ്രാവശ്യം വിമാനം പറന്നുയരുമ്പോൾ എന്തെന്നില്ലാത്ത ആത്മവിശ്വാസം. തനിക്കു കിട്ടിയ പുതിയ ചിറകുകൾ ഏറെ ദൃഢമായത്. അങ്ങ് കിഴക്ക്, അറബികടലിൽ നിന്നും ഉദിച്ചുയർന്ന സൂര്യൻ പുതിയ പ്രതീക്ഷകൾ നൽകി. ചുവന്ന് തുടുത്ത ആകാശം പോലെയാണ് തൻ്റെ മനസ്സും ഇപ്പോളെന്ന് അവളറിഞ്ഞു..
2019 ജൂലൈ
ശ്യാം രാവിലെ ഓഫീസിലേക്കുള്ള തയ്യാറെടുപ്പിലാണ്. പെട്ടെന്ന് റെഡിയാവണം, തന്നെ നേരത്തേ ഡ്രോപ്പ് ചെയ്യണംന്ന് മോനെ ബേബി സിറ്റിംഗിന് വിടാൻ പോവുമ്പോഴേ ഭാര്യ പറഞ്ഞേൽപ്പിച്ചതാണ്. അതിനിടയിൽ വന്ന ഒരു ഫോൺ കോളാണ് എല്ലാം കുഴപ്പിച്ചത്. അവൾ വരുമ്പോൾ തന്നെ കണ്ണാടിക്ക് മുന്നിൽ കണ്ടാൽ ഇന്നും ദ്യേഷ്യപ്പെടുംന്നത് തീർച്ചയാണ്.
ഹാളിൽ നിന്നേ സംസാരിച്ചു കൊണ്ടാണ് അവൾ വരുന്നത്..
“പേരില് മാത്രേ സുന്ദർന്നുള്ളൂ… കണ്ണാടിക്ക് മുന്നിൽ നിന്നിട്ടൊന്നും ഒരു കാര്യുല്ല.
ദേ.. ശ്യാമേ കളിക്കല്ലേ.. എനിക്ക് രാവിലന്നെ മീറ്റിംഗുള്ളതാ.. “
“ഒരു മിനിറ്റ്…ഒരേ ഒരു മിനിറ്റ്.. ” മുടി ചീകിക്കൊണ്ട് ശ്യാം പറഞ്ഞു.
“രാവിലെ എനിക്ക് എന്തെങ്കിലും ഒരു സഹായം..?. എവിടെ..? “
“ഹലോ… ഗിവ്മീ എ ബ്രേക്ക്…. ഓക്കേ “
“ട്രീസ ആൻ്റി ചോദിക്ക്വാ… മോനെ വിടാൻ മോളെന്തിനാ ഓടിക്കിതച്ച് വരുന്നേ.. ശ്യാമിന് വിടാൻ മേലേന്ന്…”
“ആൻ്റിയോട് ഞാൻ പറഞ്ഞോളാം.. ഒരു ദുർബല നിമിഷത്തില്, എനിക്കൊര് തെറ്റ് പറ്റിയതാന്ന്.. “
“എന്ത്..? മോനുണ്ടായതോ..?”
“അല്ല…”
“പിന്നെ…?”
“പുറത്ത് നല്ല ചൂടാ… എന്നെ ഒന്ന് മെട്രോ വരെ വിട്വോന്ന് ചോദിച്ചപ്പം, എൻ്റെ മനസ്സലിഞ്ഞ് പോയത് ” പറയുമ്പോൾ ശ്യാം ചിരിച്ചു.
“അതിനിപ്പെന്താ… ലക്ഷ്മി ടീച്ചർക്ക് നല്ലൊരു മരുമോളെ കിട്ടീലേ.. ആയിഷ മോളേന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുമ്പം ആ കണ്ണിലെ സ്നേഹം ശ്രദ്ധിച്ചോ..?”
“ഈ കണ്ണിലെ സ്നേഹത്തിനെന്തെങ്കിലും കുറവുണ്ടോ..?” ആയിഷയെ പുണർന്നോണ്ട് ശ്യാം ചോദിച്ചു.
“ശൃംഗാരമൊക്കെ പിന്നെ, ഒന്ന് വന്നേ.. “
*
കാറിൽ കയറി ആയിഷ FM ഓൺ ചെയ്തു..
“… ഈഫ് യൂ ആർ ജസ്റ്റ് ട്യൂൺഡിൻ… ഇന്ന് നമ്മൾ സംസാരിക്കാൻ പോവുന്ന സബ്ജക്റ്റ്… ഹൗ യൂ മെറ്റ് യുവർ സ്പൗസ്- ന്നുള്ളതാണ്. സോ സെൻ്റിൻ യുവർ മെസ്സേജസ്റ്റു 4-0- 0-7…
… ആൻറ് കീപ്പിറ്റ് ലോക്ക്ഡ് റ്റു ഹിറ്റ് 96.7 FM… ഗുഡ് മോണിംഗ് ദിസ് ഈസ് നൈല “
“ഗുഡ് മോണിംഗ് ദിസ് ഈസ് ജോൺ…”
“ആൻറ് വെരി ഗുഡ് മോണിംഗ് ദിസ് ഈസ് അർഫാസ്…”
ആയിഷ ശ്യാമിനെ നോക്കി. ശ്യാം പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്.
ആയിഷ ഫോണെടുത്ത് ടൈപ്പ് ചെയ്തു, 4 0 0 7.