ആമ്പർ ഗ്രീസ്

സർവീസിൽ നിന്നും വിരമിച്ചിട്ട് രണ്ടു മാസമായി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സർവീസിൽ ഉണ്ടായിരുന്നപ്പോൾ എന്തൊരു പ്രതാപമായിരുന്നു! കാലത്ത് ആറുമണി ആകുമ്പോളേക്കും ശ്രീമതി വന്ന് മൃദുവായി തോളിൽ തട്ടും, ‘ചേട്ടാ എണീര്’ എന്ന് ഭവ്യതയോടെ വിളിച്ചുണർത്തും. കുളിച്ചൊരുങ്ങി മുടിയിൽ തുളസിക്കതിരും ചൂടി കയ്യിൽ ഒരു വെട്ടുഗ്ലാസ് നിറയെ കട്ടൻ കാപ്പിയുമായി നിൽക്കുന്നുണ്ടാവും. പുഞ്ചിരിച്ചുകൊണ്ട് ശ്രീമതി നൽകുന്ന കട്ടൻ കാപ്പി വാങ്ങി പാമ്പൻ പാലം പോലുള്ള തന്റെ മീശ കഷ്ടപ്പെട്ട് വശങ്ങളിലേക്ക് പിടിച്ചൊതുക്കി കാപ്പി മൊത്തിക്കുടിച്ചു കഴിയുമ്പോഴേക്കും ശ്രീമതി കുളിക്കാനുള്ള ചൂടുവെള്ളം കുളിമുറിയിൽ എത്തിച്ചിട്ടുണ്ടാവും. അടർന്നു കുറ്റിയായ ഷൂ ബ്രഷ് പോലുള്ള താടി കഷ്ടപ്പെട്ട് വടിച്ചിറക്കി കഴിയുമ്പോഴേക്കും വിയർത്തു കുളിച്ചിരിക്കും. കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അടുക്കളയിൽ കടുക് പൊട്ടുന്നതിന്റെ ശബ്ദവും നെയ് ദോശയുടെ നറുമണവും നാവിനെ ത്രസിപ്പിച്ചു തുടങ്ങും. വേഗം ഫോണെടുത്ത് ആരെങ്കിലുമൊക്കെ അയച്ചുതന്ന മെസ്സേജുകളിൽ ഒരു നാലെണ്ണം തപ്പിയെടുത്ത് ഗ്രൂപ്പിലേക്ക് കീച്ചും. യൂണിഫോം ഷർട്ട് എടുത്തിട്ട് ബട്ടൺ ഇടാൻ അറിയാത്ത ഭാവത്തിൽ ഞെളിഞ്ഞു നിൽക്കും. അപ്പോളേക്കും തീൻ മേശയിൽ ദോശയും ചട്ണിയും ഏത്തപ്പഴം പുഴുങ്ങിയതും എടുത്തുവെച്ച് സാരിത്തുമ്പിൽ കൈ തുടച്ചു ശ്രീമതി ഓടിവന്നു ബട്ടൺ ഇട്ടുതരും. ചേട്ടനെ ഇപ്പോൾ കണ്ടാൽ കമ്മീഷണർ സിനിമയിലെ സുരേഷ് ഗോപി മാറി നിൽക്കും എന്ന് പറയും! അത് കേൾക്കുന്ന താൻ അഭിമാനത്തോടെ ഊറിച്ചിരിക്കും.

അതൊക്കെ ഒരു കാലം! ഗോപി സാർ നെടുവീർപ്പിട്ടു. സെന്റോഫ് പരിപാടിക്ക് സഹപ്രവർത്തകർ പറഞ്ഞ വാക്കുകൾ ഇപ്പോളും ഇടയ്ക്കിടെ കാതുകളിൽ മുഴങ്ങാറുണ്ട്. ‘കേരള പോലീസിലെ ഒരു യുഗപുരുഷനാണ് ഗോപി സാർ’ എന്ന് ഒരാൾ അടിവരയിട്ട് പറഞ്ഞപ്പോൾ മറ്റൊരാൾ ‘ആചാര്യൻ’ എന്നാണ് വിശേഷിപ്പിച്ചത്. അന്ന് എണീറ്റു നിന്ന കൈകാലുകളിലെ ചില രോമങ്ങൾ ഇപ്പോളും താഴ്ന്നിട്ടില്ല!

റിട്ടയർ ആയശേഷം ശ്രീമതിയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ എന്നൊരു സംശയം!

ചേട്ടാ! ദേ! എന്നുള്ള വിളികൾ ഒന്നും ഇപ്പോൾ കേൾക്കാനില്ല. പകരം ഇതിയാൻ, അതിയാൻ, മനുഷ്യൻ എന്നൊക്കെയായി. പെൻഷൻ കൊണ്ട് എങ്ങും എത്തുന്നുമില്ല. പതിനഞ്ചാം തീയ്യതി ആകുമ്പോളേക്ക് കീശ സർക്കാർ ഖജനാവ് പോലെയാകും. ഇപ്പോൾ കാലത്ത് വെട്ടുഗ്ലാസിൽ ഉള്ള കട്ടൻ കാപ്പി വരവ് ഇല്ല. മെല്ലെ അടുക്കളയിലേക്ക് ചെന്നാൽ ശ്രീമതി കാതരയായി ഇങ്ങനെ മൊഴിയും. ‘ദേ! ആ പാത്രമൊക്കെ ഒന്ന് കഴുകി വെച്ചേ!’, ‘ഈ സാമ്പാറിന്റെ പച്ചക്കറി ഒന്ന് അരിഞ്ഞേ മനുഷ്യാ!’

പണവും പദവിയുമുണ്ടെങ്കിലേ മനുഷ്യന് ഒരു വിലയുള്ളു, അത് കുടുംബത്തിലായാലും, നാട്ടിലായാലും!

എങ്ങിനെയും എന്തെങ്കിലും പണി കണ്ടുപിടിച്ച് പുറത്തു കടക്കണം. ഗോപി സാർ തല പുകഞ്ഞു ആലോചിക്കാൻ തുടങ്ങി.

ദിവാൻ കോട്ടിൽ കിടന്ന് റിമോട്ട് ഞെക്കിക്കളിക്കുമ്പോളാണ് വാർത്താ ചാനലിൽ ഒരു സ്ക്രോളിംഗ് കണ്ടത്. ആമ്പർ ഗ്രീസുമായി രണ്ടുപേർ കൊച്ചിയിൽ പിടിയിൽ!

ഇതെന്താ ഈ ആമ്പർ ഗ്രീസ്?

ഗോപി സാർ ഗൂഗിൾ അമ്മാവനെ കൂട്ടുപിടിച്ചു തെരഞ്ഞു നോക്കി. തിമിംഗലങ്ങളുടെ ഛർദിൽ ആണത്രേ!

യ്യേ!

ഗോപി സാറിന്റെ ചിറി കോടി. ഇവന്മാർക്കൊന്നും ഒരു പണിയും ഇല്ലേ? അതിന്റെ ഉപയോഗം നോക്കിയ ഗോപി സാർ ഒന്ന് ഞെട്ടി! കയറ്റുമതിക്കാണത്രെ! വില ഔൺസിന് രണ്ടുലക്ഷം രൂപാ!!! കൊള്ളാമല്ലോ! എങ്ങിനെയെങ്കിലും കുറച്ച് സംഘടിപ്പിക്കണം. ആരും കാണാതെ വിറ്റു കിട്ടിയാൽ രക്ഷപെട്ടു. പക്ഷെ എങ്ങിനെ?

പെട്ടെന്ന് ഗോപി സാറിന്റെ തലയ്ക്കുള്ളിൽ ഒരു വെളിച്ചം മിന്നി. രമണനോട് ചോദിക്കാം. രമണൻ ഗോപി സാറിന്റെ അയൽവാസിയാണ്. ആത്മാർത്ഥതയുടെ നിറകുടമാണ്. എന്തിനും ഏതിനും കൂടെ നിൽക്കും. കൂടാതെ കാഞ്ഞ ബുദ്ധിയുമാണ്. പക്ഷെ, ആ സാധനം കായണമെങ്കിൽ രണ്ടെണ്ണം അകത്ത് ചെല്ലണം. ഗോപി സാർ മെല്ലെ എണീറ്റു. അലമാരിയിൽ തപ്പിയപ്പോൾ പി.ടി.സി. യിൽ ഉണ്ടായിരുന്നപ്പോൾ ഉപയോഗിച്ച വട്ടക്കഴുത്തുള്ള നരച്ച ഒരു ബനിയൻ കയ്യിൽ തടഞ്ഞു. അതുമെടുത്തിട്ട് പുറത്തിറങ്ങി. ആലിന്റെ ചുവട്ടിൽ എത്തി രമണനെ വിളിച്ചു.

“നീ എവിടാ? ഒരു കാര്യമുണ്ട്. വേഗം വാ!”

“ദേ എത്തി!” രമണൻ ഉവാച.

രമണനെ കൂട്ടി ബീവറേജിൽ പോയി. കുറഞ്ഞ വിലയുടെ ഒരു പൈന്റ് വാങ്ങി. രണ്ട് തീ ഗോളങ്ങൾ അകത്ത്‌ ചെന്നപ്പോൾ രമണൻ ഉണർന്നു. കാര്യം അവതരിപ്പിച്ചപ്പോൾ രമണന് ആദ്യം മനസ്സിലായില്ല. പറഞ്ഞ് മനസ്സിലാക്കാൻ കുറച്ച് സമയമെടുത്തു. സംഗതി മനസ്സിലായപ്പോൾ അവന്റെ കണ്ണ് തള്ളി. തള്ളിയ കണ്ണിൽ പാമ്പൻ പാലം പോലുള്ള ഗോപി സാറിന്റെ മീശ പ്രതിഫലിച്ചു.

“കൊച്ചിയിൽ ബോട്ട് വാടകയ്ക്ക് കിട്ടും. നമുക്ക് അതെടുത്തു കടലിൽ പോയാലോ?”
രമണന് മുമ്പ് ബോട്ടോടിച്ച് പരിചയമുണ്ട്.

“പക്ഷെ?” ഗോപി സാർ മീശയിൽ തടവി. കൈ വേദനിച്ചപ്പോൾ പെട്ടെന്ന് തടവൽ നിർത്തി.

“ഇത് കിട്ടാൻ അത്ര എളുപ്പമല്ല. തിമിംഗലങ്ങൾ അങ്ങനെയൊന്നും ഛർദ്ദിക്കാറുമില്ല.”

“അതിന് പണിയുണ്ട്.” രമണന്റെ ബുദ്ധി, അടിച്ച സാധനത്തിന്റെ ബലത്തിൽ നൂറിരട്ടി സ്പീഡിൽ കറങ്ങി.

“തിമിംഗലത്തിന് കുറെ ബ്രാണ്ടി വാങ്ങിക്കൊടുത്താൽ പോരെ? ഓവർ ആയാൽ അവനല്ല അവന്റെ അപ്രത്തോനും വാളുവെക്കും.”

അതൊരു നല്ല ഐഡിയ ആയി ഗോപി സാറിനും തോന്നി. ‘കൊട് കൈ’ എന്ന് വിളിച്ചു പറഞ്ഞ് രമണന്റെ കയ്യിൽ ചാടിപ്പിടിച്ചു.

“പക്ഷെ ഒരു കാര്യം.” രമണൻ ഒരു പ്രശ്നം എടുത്തിട്ടു.

“തിമിംഗലത്തിന് വാള് വെക്കണമെങ്കിൽ ഒത്തിരി ബ്രാണ്ടി കൊടുക്കേണ്ടി വരില്ലേ? “

“വേണ്ടി വരും.” ഗോപി സാർ ഗൗരവത്തിലായി.

“പക്ഷെ, ആമ്പർ ഗ്രീസിന് നല്ല വിലയുണ്ട്. കുറച്ച് പണം മുടക്കിയാലും നഷ്ടം വരില്ല.”

“അതിനും ഐഡിയ ഉണ്ട്.” രമണൻ വീണ്ടും ഉഷാറായി.

“ഗോത്തുരുത്തിൽ നാടൻ വാറ്റുന്ന സ്ഥലം ഉണ്ട്. അവിടെ നിന്നും നമുക്ക് നാടൻ ചാരായം വാങ്ങാം.”

ഗോത്തുരുത്തിലെ കൂരകളിലൊക്കെ ഗോപി സാറും രമണനും കൂടെ ചാരായം അന്വേഷിച്ചു നടന്നു. ഗോപി സാറിന്റെ മീശ കണ്ടിട്ടോ എന്തോ ആരും ചാരായം കൊടുത്തില്ല. പകരം ‘ഇയാളെ വിളിച്ചോണ്ടുവന്ന് ഒറ്റുകൊടുക്കുന്നോടാ’ എന്ന് ചോദിച്ച് ഒരാൾ രമണന്റെ ചെകിടത്ത് ഒരെണ്ണം വച്ചു കൊടുത്തു.

“ഇനി എന്തു ചെയ്യും?” ഗോപി സാർ നിരാശനായി.

“വഴിയുണ്ട്.” രമണൻ വീണ്ടും രക്ഷകനായി.

“നാടന്റെ വിലയ്ക്ക് തന്നെ ജവാൻ ബിവറേജിൽ കിട്ടും. നമുക്ക് അത് വാങ്ങാം.”

രമണന്റെ ബുദ്ധിയിൽ ഗോപി സാറിന് അഭിമാനം തോന്നി. ഇവനെ കൂട്ടുപിടിക്കാൻ തോന്നിയത് നന്നായി.

ചാക്ക് കണക്കിന് ജവാനുമായി ഗോപി സാറും രമണനും ബോട്ടിൽ കയറി പുറപ്പെട്ടു. ബോട്ടോടിക്കാനുള്ള രമണന്റെ കഴിവിൽ ഗോപി സാറിന് അതിശയം തോന്നി. ഇവൻ ഒരു മൊതല് തന്നെ. ഇനി എവിടെങ്കിലും പ്രസംഗിക്കാൻ പോകുമ്പോൾ ഇവനെപ്പറ്റിയും രണ്ടുവാക്കു പറയണം. അല്ല, ഇനി എവിടെ പ്രസംഗിക്കാൻ പോകാൻ, ആര് പ്രസംഗിക്കാൻ വിളിക്കാൻ? ആമ്പർ ഗ്രീസ് വിറ്റ് കോടികൾ നേടിക്കഴിഞ്ഞാൽ താനൊരു ബിസിനസ് മാഗ്നെറ്റ് ആകാൻ പോകുവല്ലേ! യൂസഫലിയുടെ ലുലു മാൾ പോലെ ഗോപിയുടെ ‘ഗോപു മാൾ!’ ഗോപി സാറിന്റെ സ്വപ്‌നങ്ങൾ റോക്കറ്റ് പോലെ കുതിക്കാൻ തുടങ്ങി.

ആഴക്കടലിലേ തിമിംഗലങ്ങൾ ഉണ്ടാകാറുള്ളു. അതിന് കിലോമീറ്ററുകളോളം സഞ്ചരിക്കണം. ഉപ്പ് കാറ്റ് കൊണ്ട് ഗോപി സാറിന് ഛർദ്ദിക്കാൻ വന്നു. പക്ഷെ, തന്റെ ഛർദ്ദിലിന് ഒരു വിലയുമില്ലാത്തതിനാൽ കഴുത്തും തടവി അനങ്ങാതിരുന്നു.

കടൽ ഏറെക്കുറെ നിശ്ചലമായിരുന്നു. ചാക്കുകണക്കിന് കോഴിക്കുടൽ രമണൻ ബോട്ടിൽ കരുതിയിരുന്നു, ജവാന്റെ കൂടെ ടച്ചിംഗ്സായി തിമിംഗലങ്ങൾക്ക് കൊടുക്കാൻ! കൊച്ചിയിലെ കോഴിക്കടകളിൽ നിന്നും കഷ്ടപ്പെട്ട് സംഘടിപ്പിച്ചതാണ്. അതും രമണന്റെ ഐഡിയ!!!

ബോട്ട് നിശ്ചലമായി നിറുത്തിയിട്ട് രമണൻ ചുറ്റും പരതി. തിമിംഗലം പോയിട്ട് ഒരു നത്തോലിയെപ്പോലും കാണാനില്ല. കോഴിക്കുടൽ ചാക്കിൽ നിന്നും കടലിലേക്ക് കുടഞ്ഞു മറിച്ചു. ചില മീനുകൾ വന്ന് അവയെല്ലാം അടിച്ചുമാറ്റിക്കൊണ്ട് പോകുന്നു.

മണിക്കൂറുകൾ കഴിഞ്ഞു. കോഴിക്കുടൽ തീർന്നതല്ലാതെ തിമിംഗലം ഒന്നുപോലും അതുവഴി വന്നില്ല. രമണൻ നിരാശനായി ജവാന്റെ കുപ്പികൾ പൊട്ടിച്ച് കുറേശ്ശേ വെള്ളം കൂട്ടാതെ അടി തുടങ്ങി.

ഇരുൾ പരന്നു തുടങ്ങി. പെട്ടെന്നാണ് ഒരു സേർച്ച്‌ ലൈറ്റ് ബോട്ടിലേക്കു മിന്നിയത്. കോസ്റ്റ് ഗാർഡ് ആണ്. ഗോപിസാറിന്റെ തലയ്ക്കുള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി! ബോട്ടിൽ നിറയെ ജവാൻ ആണ്. അവർ അത് പിടിച്ചാൽ അഴിയെണ്ണേണ്ടി വരും. പെട്ടെന്ന് ചാക്കോടെ തന്നെ അതെല്ലാം കടലിലേക്ക് തള്ളി. ഗോപി സാറിനോട് യാത്ര പറയുംപോലെ അവ ഒരു നിമിഷം കടൽപ്പരപ്പിൽ ആടിയുലഞ്ഞശേഷം കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടുപോയി.

“ദൈവമേ!”

ഗോപി സാർ നെഞ്ചു തടവി. പതിനായിരം രൂപയുടെ ജവാനാണ് കടൽ കൊണ്ടുപോയത്. ഇവന്റെ ഒരു പുത്തി! ഗോപി സാർ രമണനെ പ്രാകി. ഇതൊന്നും അറിയാതെ ജവാൻ അടിച്ച് കോൺതെറ്റിയ രമണൻ സ്രാങ്ക്, ബോട്ടിന്റെ ഒരു മൂലയിൽ നനഞ്ഞ ചണച്ചാക്ക് പോലെ ചുരുണ്ടു കിടന്നു.

ബോട്ടോടിക്കാൻ തനിക്കറിയില്ല. രമണനാണെങ്കിൽ ഉടനെയെങ്ങും എണീക്കാനും പോകുന്നില്ല. ബോട്ടിന്റെ ഒരു മൂലയിൽ ഗോപി സാറും ആസനത്തിൽ കയ്യും തിരുകി കിടന്നു.

പിറ്റേന്ന് നേരം വെളുത്തപ്പോളേക്കും രമണന് ബോധം വന്നു. അയാളുടെ തലയ്ക്ക് ചുറ്റും ഫോട്ടോയിൽ കാണുന്ന ദൈവങ്ങളുടെ ദിവ്യവലയം പോലെ രമണൻ ഗ്രീസ് പരന്നു കിടന്നിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കോരി കൊണ്ട് അതെല്ലാം കോരി കടലിലെറിഞ്ഞു. അവന്റെ പ്രവർത്തി നോക്കി ആശയറ്റവനെപ്പോലെ ഗോപി സാർ നിറകണ്ണുകളോടെ ഇരുന്നു.

തിരിച്ചു തീരത്തേക്ക് മടങ്ങുമ്പോൾ വെയിലിന് കനം കൂടിത്തുടങ്ങിയിരുന്നു. ദൂരെ ഒരു കൊച്ചു വള്ളം കിടക്കുന്നു. അതിൽ ആരെയും കാണുന്നില്ല. എങ്ങുനിന്നോ ഒഴുകി വന്നതായിരിക്കും! അടുത്തേക്ക് ചെന്നപ്പോൾ ഒരാൾ കടലിൽ നീന്തിപ്പതച്ചു നിൽക്കുന്നു. ദൂരെ നിന്ന് നോക്കിയപ്പോൾത്തന്നെ, നല്ല കണ്ടുപരിചയം! അടുത്തേക്ക് വിടാൻ രമണനോട് പറഞ്ഞു. ബോട്ട് അടുത്തെത്തുന്നതിനു മുമ്പ് തന്നെ ആളെ മനസ്സിലായി.

“അയ്യോ! അത് നമ്മുടെ ദാസപ്പൻ സാറല്ലേ?” രമണൻ വിളിച്ചു കൂവി.

വെള്ളത്തിൽ തുഴഞ്ഞു പതച്ചു നിന്നയാൾ “മിണ്ടാതിരിയെടാ &*$#@@കളെ” എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അങ്ങോട്ട് സൂക്ഷിച്ചു നോക്കിയ ഗോപി സാർ ഞെട്ടിപ്പോയി. തിമിംഗലത്തിന്റെ അണ്ണാക്കിൽ കയ്യിട്ട് ഛർദ്ദിപ്പിക്കുന്ന ദാസപ്പൻ സാർ!!!

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ സ്വദേശി. വയനാട് അഡ്മിനിസ്ട്രേഷൻ, കാഞ്ഞങ്ങാട്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പി. ആണ്.