പോസ്റ്റ് ഗ്രാജുവേഷന്റെ ഫസ്റ്റ് ഇയർ പരീക്ഷ അടുത്ത് നിൽക്കുന്ന സമയത്താണ് അവനിയും ആൽബിയും പ്രണയത്തിലാവുന്നത്. അവളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയേണ്ടെന്നു കരുതി ഫോൺകോളുകൾ പോലും ആഴ്ചയിലൊരിക്കൽ മതിയെന്ന് അയാൾ കർക്കശമായി പറഞ്ഞു. മനസ്സിലാമനസ്സോടുകൂടിയാണെങ്കിലും അവൾ അത് സമ്മതിച്ചു. ലിസിയോട് അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത് ആൽബി ഒരു മാസത്തിനു ശേഷം മംഗലാപുരം ചെന്നപ്പോഴാണ്. സിറ്റി സെന്റർ മാളിലെ ഫുഡ് കോർട്ടിൽ ഒന്നിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ. അവൾക്ക് അത്ഭുതമൊന്നും തോന്നിയില്ല.
‘ഇത് ഞാൻ അന്ന് എന്റെ ബർത്ഡേ പാർട്ടിയുടെ അന്നേ വിചാരിച്ചതാ. അന്നെന്തായിരുന്നു രണ്ടു പേരുടേം ഡയലോഗ്. നിന്റെ ചേട്ടൻ വെറും ജാഡയാണെന്നും, നീ പഠിച്ചിറങ്ങിയാൽ ചേട്ടനെ തന്നെ ചികിത്സിക്കാമെന്നുമൊക്കെയല്ലേ പറഞ്ഞത്. എന്താ അതൊന്നും ഇപ്പൊ പ്രശ്നമല്ലേ?’ ലിസി അവനിയെ ചോദ്യഭാവത്തിൽ നോക്കി. അവനി ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ കൈമലർത്തിക്കാണിച്ചു.
‘ചേട്ടൻ അവളെ നോക്കണ്ട. പെണ്ണുങ്ങളായാൽ കുറച്ചു നിയന്ത്രണം വേണമെന്നൊക്കെയല്ലേ അന്ന് പറഞ്ഞത്. ഇപ്പൊ ആരാ നിയന്ത്രണം പഠിച്ചത്?’. ലിസി ആൽബിയെയും വെറുതെ വിട്ടില്ല. ‘എന്തായാലും ഇനി ഷോപ്പിംഗിന് പോവുമ്പോഴുള്ള ചേട്ടന്റെ ക്ഷമകേട് സഹിക്കേണ്ടല്ലോ.’ ലിസി വളരെ സന്തോഷവതിയായിരുന്നു അവരുടെ തീരുമാനത്തിൽ.
‘എങ്കിൽ പെട്ടന്ന് വീട്ടിൽ പറഞ്ഞൂടെ? ‘ അവൾക്ക് ധൃതിയായി.
‘ എടീ, ഒരു വർഷം എന്ന് പറയുന്നത് അത്ര ചെറിയ കാലയളവല്ല. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും സ്വഭാവച്ചേർച്ച വെച്ച് ഇത് അത്രയൊക്കെ നീണ്ടുപോയാൽ പോരെ വീട്ടിലൊക്കെ പറയുന്നത്.?’ ആൽബി ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അങ്ങനെ ഒത്തുപോവില്ലെന്ന സംശയമുണ്ടെങ്കിൽ വെച്ചു നീട്ടണ്ട കാര്യമൊന്നുമില്ല.’ അവനിയെ ചൊടിപ്പിക്കുന്നതിൽ അയാൾ പരാജയപ്പെടാറില്ല. ‘നിങ്ങൾ പിരിയുകയോ ഒന്നിച്ചു ജീവിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോ, ഞാൻ ഈ കോഴ്സ് കഴിഞ്ഞു ഹയർ സ്റ്റഡിസിന് യു എസിൽ അപ്ലൈ ചെയ്യും. പിന്നെ രണ്ടുപേരും എന്നെ വിളിച്ചു ശല്യം ചെയ്യാതിരുന്നാൽ മതി.’ പിന്നീടങ്ങോട്ട് ആൽബിയുടെയും അവനിയുടെയും പിണക്കത്തിലും ഇണക്കത്തിലും അവളും പങ്കാളിയായി.
എക്സാം കഴിഞ്ഞ അവധിക്ക് ടൈഫോയ്ഡ് ബാധിച്ചത് കാരണം ഒരു മാസം വൈകിയാണ് ലിസി മംഗലാപുരത്തേക്ക് തിരിച്ചു പോയത്. ആൽബി അവളെ കാറിൽ കൊണ്ടുവിടാൻ പോയി. വൈകുന്നേരത്തോടെ അവർ മംഗലാപുരത്തെത്തുമ്പോൾ അവനി കോളേജ് ഓഡിറ്റോറിയത്തിൽ ഇന്റർകോളേജിയേറ്റ് കോമ്പറ്റിഷനുള്ള പ്രാക്റ്റീസിലാണ്. അവളെയും കൂട്ടി അപാർട്ട്മെന്റിലേക്ക് പോകാമെന്നു വിചാരിച്ച് അവർ അങ്ങോട്ട് പോയി. ലിസിയും ആൽബിയും ഓഡിറ്റോറിയത്തിലേക്ക് കടക്കുമ്പോൾ പ്രണയാർദ്രമായ ഒരു ഗാനം അതിനുള്ളിൽ മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു.
അവനിയും അവളുടെ കൂടെ ലിസിയുടെ ബർത്ത്ഡേയ്ക്ക് ഡാൻസ് ചെയ്ത ചെറുപ്പക്കാരനും, ആ ഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വെച്ചുകൊണ്ടിരിക്കുകയായിരുന്നു. അവനിയെ കാണാനുള്ള അതിയായ സന്തോഷത്തിൽ വന്ന ആൽബിക്ക് ആ രംഗം അസ്വസ്ഥതയുണ്ടാക്കി. അത് വെറുമൊരു ഡാൻസ് പ്രാക്റ്റീസാണെന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കാൻ അയാൾ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രോഗ്രമുണ്ടെന്ന കാര്യവും കൂടെ ഡാൻസ് ചെയ്യുന്ന പയ്യൻ സീനിയറായ കാർത്തിക് ജെയിൻ ആണെന്നും, ഡാൻസ് കണ്ടെമ്പററി സ്റ്റൈലിലാണ് കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത് എന്നൊക്കെ അവൾ പറഞ്ഞിരുന്നതാണ്. പക്ഷേ, താൻ പ്രതീക്ഷിച്ചതിനേക്കാൾ പരസ്പരമിഴുകിച്ചേർന്നാണ് അവർ നൃത്തം ചെയ്യുന്നത്. അവനി ആ നൃത്തത്തിൽ മുഴുകിയിരിക്കുകയാണ്. അവൾ മറ്റൊന്നും കാണുന്നില്ല, കൂടെ നിൽക്കുന്ന ആളെപ്പോലും അവൾ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. താൻ വന്നതും അവളറിഞ്ഞിട്ടില്ല. പക്ഷേ, അയാളുടെ കണ്ണുകൾ മുഴുവൻ അവളുടെ ദേഹത്താണെന്നുള്ളത് തനിക്ക് മാത്രമാണോ തോന്നുന്നതെന്ന് ആൽബിക്ക് സംശയം തോന്നി. പക്ഷേ, ആ തോന്നലുകളെ അപ്പോൾ തന്നെ ശരിവെച്ചു കൊടുക്കുന്ന രീതിയിൽ ആ ചെറുപ്പക്കാരന്റെ കണ്ണുകൾ തന്റെ കണ്ണുകളിലുടക്കുകയും അടുത്ത നിമിഷം അവന്റെ കൈകൾ അവനിയുടെ അരക്കെട്ടിൽ ആവശ്യത്തിലധികം മുറുകിയതായി ആൽബിക്ക് തോന്നി. ശരീരത്തിലേക്ക് ചൂടുകാറ്റടിച്ചത് പോലെ ആൽബി ആകെ ചുവന്നു, പേശികൾ വലിഞ്ഞു മുറുകി. അയാൾക്ക് ശരീരം അടിമുടി വിറയ്ക്കുന്നതായി തോന്നി, അയാൾ പല്ലു കടിച്ചു. മുൻപോട്ട് ഒരു കാൽ എടുത്തു വെക്കാൻ തുടങ്ങിയതും, അടുത്ത നിമിഷം അവനി ഡാൻസ് നിർത്തി. ഉടനെ പാട്ടു നിന്നു. അവൾ അയാളോട് എന്തോ പറഞ്ഞു. അയാൾ തിരിച്ചും.കുറച്ചു നേരം അവരെന്തൊക്കെയോ സംസാരിച്ച ശേഷം വീണ്ടും പാട്ടു പ്ലേ ചെയ്യാൻ പറഞ്ഞു. അവർ വീണ്ടും ഡാൻസ് ചെയ്തു തുടങ്ങി. ആൽബി പല്ലു കടിച്ചു കൊണ്ട് താഴെ നോക്കി, ദേഷ്യം നിയന്ത്രിക്കാനായി താഴെ നോക്കി ഒരു കൈ കൊണ്ട് കഴുത്തിനു പിറകിൽ ശക്തിയായി നഖങ്ങളാഴ്ത്തി. തന്റെ ശ്വാസത്തിന്റെ വേഗത നിയന്ത്രണത്തിലേക്കെത്തുന്നില്ല. അയാൾ ഓഡിറ്റോറിയത്തിന്റെ പുറത്തിറങ്ങി കാറിൽ കയറി എ സി ഓൺ ചെയ്തു. പത്തു വരെ എണ്ണി. ഇല്ല, തന്റെ രോഷം ഒരു തരി പോലും കുറഞ്ഞിട്ടില്ല.
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സ്റ്റേജിലെ ഡാൻസ് പ്രാക്റ്റീസ് കഴിഞ്ഞു. ലിസിയെക്കണ്ടതും അവനി സന്തോഷത്തോടെ സ്റ്റേജിൽ നിന്നും ചാടിയിറങ്ങി ഓടിവന്നു കെട്ടിപ്പിടിച്ചു. ‘ലിസി ഡാർലിംഗ്…നിന്നെ വല്ലാതെ മിസ്സ് ചെയ്തു ഞങ്ങൾ.’ അവനി നിറഞ്ഞ പുഞ്ചിരിയോടെ ലിസിയുടെ മുഖത്തേക്ക് നോക്കി. ‘ഞാനും നിങ്ങളെ നന്നായി മിസ്സ് ചെയ്തു, ഒന്നു വേഗം തിരിച്ചത്തിയാ മതിയെന്നായി എനിക്ക്. പ്രത്യേകിച്ച് ഈ പ്രാവശ്യം ഡോക്ടർ ഫുഡ് റെസ്ട്രിക്ഷനും പറഞ്ഞത് കാരണം മമ്മിയും പപ്പയും നല്ല ഭക്ഷണം പോലും കഴിക്കാൻ സമ്മതിച്ചില്ല.’ ലിസി വിഷമത്തോടെ പറഞ്ഞു. ‘ മായ എവിടെ?’ അവൾ തിരക്കി. ‘മായ ഫ്ലാറ്റിലുണ്ട്. എവിടെ എന്റെ ഹാൻഡ്സം ബോയ്ഫ്രണ്ട്?’ അവൾ ചിരിച്ചുകൊണ്ട് ലിസിയുടെ പിറകിലേക്ക് നോക്കി. ‘ ഉം. ഇന്ന് കാണുമ്പോ അത്ര ഹാൻഡ്സം ആയിട്ട് തോന്നിക്കോളണമെന്നില്ല, നീയും കാർത്തിക്കും കൂടെയുള്ള പ്രണയാർദ്രമായ നൃത്തരംഗം കണ്ട് പല്ലുകടിച്ചുകൊണ്ട് പുറത്തേക്ക് പോകുന്നത് കണ്ടു.’ ലിസി ചിരിച്ചുകൊണ്ട് പറഞ്ഞു. അവനിയുടെ കണ്ണുകളുരുണ്ട് വന്നു. ‘പ്രശ്നമായോ?’ അവൾ അന്വേഷിച്ചു. ലിസി അതെയെന്ന അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു.’ ഞാൻ ആൽബിയുടെ അടുത്ത് പറഞ്ഞിരുന്നതാണല്ലോ. പിന്നെന്താ?’ അവനി ലിസിയെ നോക്കി.
‘ പാവം എന്റെ ചേട്ടൻ, ഗേൾഫ്രണ്ട് മറ്റൊരുത്തന്റെ കൂടെ റൊമാന്റിക് കണ്ടമ്പററി ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.’ ലിസിക്ക് ചിരിയടക്കാനായില്ല. അവനി കണ്ണുകൾ മേല്പോട്ടുരുട്ടി രണ്ടു കൈയ്യും മുകളിലേക്കുയർത്തി. ‘ദൈവമേ, ഇവളുടെ കോപാക്രാന്തനായ സഹോദരനെ നേരിടാൻ എനിക്ക് ശക്തി തരൂ. അവന്റെ തല തണുപ്പിച്ച് മാനസാന്തരമുണ്ടാക്കാൻ ഒരു കുളിർമഴ പെയ്യിക്കൂ.’ അവനിയുടെ പ്രകടനം കണ്ട് ലിസി പൊട്ടിച്ചിരിച്ചു.
‘ ഉം… ഇത് ഞാൻ ഡീൽ ചെയ്തോളാം. അപാർട്ട്മെന്റിൽ എത്തുന്ന വരെ ഇതിനെക്കുറിച്ച് ഒന്നും മിണ്ടേണ്ട. എത്തിയാൽ കാറിൽ നിന്ന് നീ ഇറങ്ങിയോടി നിന്റെ ജീവൻ രക്ഷിച്ചോളണം.’ അവനി ചിരിച്ചുകൊണ്ട് ലിസിയെ ചട്ടംകെട്ടി.
‘എനിക്കും അത്രയേ വേണ്ടൂ. ബാക്കി നിന്റെ വിധി. ആൾ ദ ബെസ്റ്റ്.’ ലിസി ചിരിച്ചുകൊണ്ട് സുഹൃത്തിന് ആശംസകളേകി. അവനി ബാഗുമെടുത്ത് ലിസിയുടെ കൂടെ പോയി. അവൾ ആൽബിയുടെയടുത്ത് കാറിന്റെ മുൻ സീറ്റിൽ കയറി.
‘ ഹായ് ആൽബി.’ അവൾ നിറഞ്ഞ പുഞ്ചിരിയോടെ ആൽബിയുടെ നേർക്ക് കൈനീട്ടി. അയാൾ തന്റെ നീരസം മറയ്ക്കാൻ ശ്രമിക്കാതെ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. അയാളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയിരുന്നു. അവനി ആശ്ചര്യഭാവത്തിൽ പുരികങ്ങളുയർത്തിക്കൊണ്ട് ലിസിയെ നോക്കി. ഒന്നും മിണ്ടരുതെന്ന് ലിസി ആംഗ്യം കാണിച്ചു. ആൽബി കാർ സ്റ്റാർട്ട് ചെയ്തു. വഴിയിലുടനീളം അവനി ഒന്നുമറിയാത്തത് പോലെ പിറകോട്ടു തിരിഞ്ഞിരുന്നു ലിസിയോട് സംസാരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ അവൾ അയാളുടെ ഭാവഭേദങ്ങൾ ആസ്വദിക്കുന്നുണ്ടായിരുന്നു പക്ഷേ, അയാൾ അവളെയൊന്ന് നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. അപാർട്ട്മെന്റിലെ കാർ പാർക്കിങ്ങിൽ വണ്ടി നിർത്തി. ആൽബി ഡിക്കി തുറന്നു പെട്ടിയെടുത്ത് പുറത്തു വെച്ചു.
‘ ഞാൻ കൊണ്ടുപൊയ്ക്കോളാം ചേട്ടാ. ഇവിടെ പാർക്കിങ്ങ് വരെ ലിഫ്റ്റ് ഉണ്ട്. നിങ്ങൾ ഒന്ന് കറങ്ങിയിട്ട് വാ. ഇവിടെയെത്തുമ്പോൾ എന്നെ വിളിച്ചാൽ മതി.’ അവർക്കിടയിൽ മിണ്ടാതെ കിടന്ന സംഘർഷത്തെ ഇല്ലാതാക്കാനുള്ള വഴി നോക്കി. ‘വേണ്ട, നിന്റെ പെട്ടി മുറിയിൽ കൊണ്ടുവെച്ചിട്ട് ഞാൻ തിരിച്ചു പോകും.’ ആൽബി ശക്തിയായി വലിച്ചടച്ചു ഡിക്കിയോട് ദേഷ്യം പ്രകടിപ്പിച്ചു. ‘ചേട്ടാ… ഇവിടെ വരെ വന്നിട്ട് അവളോട് ഇത്തിരി നേരം സംസാരിക്കാതെയാണോ പോവുന്നത്?’. ലിസി സഹോദരനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ‘നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ, എനിക്ക് നിൽക്കാൻ സമയമില്ലെന്ന്?’ ആൽബി ലിസിയോട് കയർത്തു. അവനിക്ക് ദേഷ്യം വന്നു. ‘ ആൽബി വെറുതെ ആ കൊച്ചിനെ ഒച്ചയിട്ട് പേടിപ്പിക്കണ്ട. എന്നോടാണ് ദേഷ്യമെങ്കിൽ എന്നോട് സംസാരിക്ക്. ‘ അവൾ ഗൗരവത്തോടെ പറഞ്ഞു.
‘ വേറാരും ഇതിൽ ഇടപെടണ്ട.’ ആൽബി അവളുടെ മുഖത്ത് പോലും നോക്കാതെ പറഞ്ഞു. ‘ വേറെയാരും എന്ന് പറഞ്ഞാൽ, അപ്പൊ ആൽബിക്ക് ഞാൻ ആരും അല്ലേ?’ അവനിക്ക് ദേഷ്യവും സങ്കടവും വന്നു. പക്ഷേ, അവൾ ആൽബിയെ വെറുതെ വിടാൻ തീരുമാനിച്ചില്ല. അവൾ കാറിൽ തിരിച്ചു കയറി വാതിലടച്ച് ഡോർലോക്കിട്ട് സീറ്റ്ബെൽറ്റും ധരിച്ചു കൈകെട്ടിയിരുന്നു. ലിസി അതിനിടെ പെട്ടിയുമെടുത്ത് ലിഫ്റ്റിൽ കയറി. ലിസി പോയെന്ന് ഉറപ്പിച്ച ശേഷം ആൽബി ഡ്രൈവർ സൈഡിലെ ഡോർ തുറന്നു. ‘ അവനീ, എനിക്കിതിന് നിൽക്കാൻ നേരമില്ല. ഞാൻ നിന്നാൽ ഇന്ന് നമ്മൾ പിരിയുന്നത് എങ്ങനെയായിരിക്കുമെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട്, നീ ഇറങ്ങി പോ. ഞാൻ അവിടെയെത്തീട്ട് വിളിക്കാം.’ തന്നിലവശേഷിക്കുന്ന ബാക്കി നിയന്ത്രണം മുഴുവനെടുത്ത് അയാൾ പറഞ്ഞു. ‘ സമയമില്ലെങ്കിൽ ആൽബി വേഗം കയറി വണ്ടിയെടുക്കാൻ നോക്ക്. എന്താ സംഭവിക്കുന്നതെന്ന് എനിക്കും അറിയണം.’ അവൾ അനങ്ങിയില്ല. ആൽബി ദേഷ്യത്തോടെ കാറിനു മുകളിൽ ശക്തിയായി ഇടിച്ചശേഷം ദീർഘമായി ശ്വാസം പുറത്തേക്ക് വിട്ടു. ഇനി തനിക്ക് നിയന്ത്രിക്കാനാവില്ലെന്ന് ആൽബിക്ക് നന്നായി അറിയാമായിരുന്നു. അയാൾ കാറിനകത്തു കയറി വണ്ടി സ്റ്റാർട്ടാക്കി. കാർ അപാർട്മെന്റിന്റെ കോമ്പൗണ്ടിൽ നിന്ന് പുറത്തെത്തും വരെ അവനി കാത്തുനിന്നു.
‘ ആൽബി ഇത്ര പൊസ്സസ്സീവ് ആണോ?’ അവൾ ഗൗരവത്തോടെ ചോദിച്ചു. മറുപടി പറയും മുൻപ് ആൽബി വഴിയരികിലേക്ക് കാറൊതുക്കി. ‘ പൊസ്സസ്സീവ്നെസ്സോ? നിന്റെ ദേഹത്ത് ഒരുത്തൻ ആവശ്യമില്ലാതെ കൈവെച്ചത് കണ്ടിട്ട് എനിക്ക് പിന്നെ എന്താടീ തോന്നണ്ടത്? ഇതിനെയാണ് നീ പൊസ്സസ്സീവ്നെസ്സെന്ന് വിളിക്കുന്നതെങ്കിൽ, അതെ ഞാൻ പൊസ്സസ്സീവ് ആണ്.’ അയാൾ അവനിയുടെ മുഖത്ത് നോക്കി ദേഷ്യത്തോടെ അലറി. അയാളുടെ ആളിക്കത്തുന്ന ദേഷ്യം കണ്ട് അവനി ഒരു നിമിഷം പകച്ചു പോയി. പക്ഷേ, അടുത്ത നിമിഷം അവൾക്ക് ഭയമല്ല ദേഷ്യമാണ് തോന്നിയത്.
‘ അവനെന്റെ ദേഹത്ത് കൈ വെച്ചത് മാത്രമേ ആൽബി കണ്ടുള്ളൂ? ഞാൻ തിരിച്ചൊന്നും പറഞ്ഞത് കണ്ടില്ലേ?’ അവൾ തിരിച്ചും ശബ്ദമുയർത്തി. അതയാളെ കൂടുതൽ ചൊടിപ്പിക്കുകയാണ് ചെയ്തത്. പെട്ടന്ന് ആൽബി അവളുടെ മുഖത്ത് ഇരുകവിളിലും വിരലുകളമരും വിധം ശക്തിയായി ഒരു കൈകൊണ്ട് ഇറുക്കിപിടിച്ചു. ‘ഒരാഴ്ചയായില്ലെടി നീ അവന്റെ കൂടെ ഡാൻസ് ചെയ്യാൻ തുടങ്ങീട്ട്?’. ആൽബിയുടെ രോഷത്തിനൊപ്പം അവനിയുടേതും ഉയർന്നു. അവൾ ആൽബിയുടെ കയ്യിൽ നഖങ്ങളാഴ്ത്തി. ഒരു നിമിഷം അതേ ദേഷ്യത്തോടെ ഇരുവരും മുഖത്തേക്ക് നോക്കി. രണ്ടു പേരും പിടി മുറുക്കി.
‘വിടെടീ…’ വേദനയെടുത്തപ്പോൾ ആൽബി പല്ലു കടിച്ചുകൊണ്ട് പറഞ്ഞു. പക്ഷേ, അവനി ഒന്നുകൂടി നഖമാഴ്ത്തി. അയാൾ അവളുടെ മുഖത്ത് നിന്ന് കയ്യെടുത്ത് തന്റെ കയ്യിൽ ഇറുക്കിയ കൈ പിടിച്ചു തിരിച്ചു. ‘ മോളെ… നിനക്കിപ്പോഴും ആൽബിയെ ശരിക്ക് മനസ്സിലായിട്ടില്ല. ഇത്രയും നേരം ഞാൻ കാണിച്ചത് തന്നെ ക്ഷമ. അതും നീയായത് കൊണ്ടു മാത്രം.’ ആൽബിയുടെ സ്വരത്തിലെ ഭാവം മാറി. അവനിയ്ക്ക് കൈവേദനയെടുത്തു. താനത്രയും നാൾ കണ്ട ആൽബിയെ കാണണമെന്ന് അവൾക്ക് തോന്നി. അവൾക്ക് സങ്കടം വന്നു. അവളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവളുടെ പ്രതിരോധങ്ങൾക്ക് പെട്ടന്ന് അയവ് വന്നത് ആൽബി ശ്രദ്ധിച്ചു. അയാൾ കൈ വിട്ടു. അവനി മുഖം തിരിക്കാതെ ആ കൈ നിവർത്തി കാറിന്റെ ചില്ലിൽ പതിച്ചു വെച്ചു. അതിനടുത്തായി അവൾ നെറ്റി അമർത്തി. ആ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ മുഖം കണ്ടില്ലെങ്കിലും ആൽബിയ്ക്കും പെട്ടന്ന് ഭാവമാറ്റമുണ്ടായി. അവനിയോട് ക്ഷമ ചോദിക്കണമെന്ന് തോന്നി. പക്ഷേ, അതിനു മുൻപ് അവൾ സംസാരിച്ചു.
‘ വേണ്ട. എനിക്ക് ആൽബിയെ ഇതിൽ കൂടുതൽ അറിയണ്ട. കാരണം, ആൽബിക്കെന്നെ വിശ്വാസമില്ലാത്തത് കൊണ്ടാ ഇന്നിത്രയൊക്കെ നടന്നത്.
ആൽബി എന്നെ മാത്രമല്ല, ഞാൻ ആൽബിയെയും സ്നേഹിക്കുന്നുണ്ടെന്ന് കൂടി ഓർക്കണമായിരുന്നു.’ ആൽബിയ്ക്ക് പ്രതികരിക്കാൻ സമയം കൊടുക്കാതെ അവൾ ഡോർ തുറന്ന് പുറത്തിറങ്ങി. ആൽബിയുടെ ദേഷ്യം ആവിയായിത്തുടങ്ങി. ഡ്രൈവർ സൈഡിനോട് ചേർന്നു വാഹനങ്ങൾ പോകുന്നത് കൊണ്ട് ആൽബിക്ക് പുറത്തിറങ്ങാനായില്ല. തിരിഞ്ഞു നോക്കിയപ്പോൾ അവൾ അപാർട്ട്മെന്റിലേക്ക് കയറിപ്പോകുന്നത് കണ്ടു. ആൽബി തന്റെ കയ്യിലേക്ക് നോക്കി. അവളുടെ നഖത്തിന്റെ ആകൃതിയിൽ ചോര പൊടിഞ്ഞ മൂന്നു മുറിവുകൾ. അയാളതിനു മുകളിലൂടെ വിരലുകളോടിച്ചു. അവളിൽ താനുണ്ടാക്കിയ കാണാത്ത മുറിവുകളെക്കുറിച്ച് അയാൾ ബോധവാനായി. കുറച്ചു നേരം തല കയ്യിൽ താങ്ങി അവിടെയിരുന്ന ശേഷം കാർ സ്റ്റാർട്ട് ചെയ്ത് റോഡിലേക്കെടുത്തു.
ലിഫ്റ്റിൽ കയറി ഡോർ അടഞ്ഞപ്പോൾ അവൾ ഏങ്ങലടിച്ചു കരഞ്ഞു. ലിഫ്റ്റ് രണ്ടാം നിലയിൽ നിർത്തിയപ്പോൾ അവൾ കണ്ണു തുടച്ചു. അപാർട്മെന്റിലെ ഡോർബെല്ലടിച്ചപ്പോൾ ലിസി വാതിൽ തുറന്നു. അവനി കൊടുങ്കാറ്റ് പോലെ റൂമിലേക്ക് കയറി കയ്യിലെ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു. ‘അവനീ, എന്തു പറ്റി?’ അവനിയുടെ കരഞ്ഞു ചുവന്ന കണ്ണുകൾ കണ്ട് ലിസി ആധിയോടെ ചോദിച്ചു. അവനിയുടെ മുൻപിൽ ചെന്ന് നിന്നതും അവളുടെ ഫോൺ ബെല്ലടിച്ചു. അവനി ഫോണിലേക്ക് നോക്കി. ആൽബിയുടെ പേര് കണ്ടതും അവൾ ദേഷ്യത്തോടെ പല്ലുകടിച്ചു കൊണ്ട് ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു. അത് കഷ്ണങ്ങളായി ചിതറി വീണ് നിർജീവമായി. ലിസി തരിച്ചു നിന്നു. ‘ എന്താ അവനി? ‘ മായയാണ് ഇത്തവണ ചോദിച്ചത്. അവനി അതിന് ഉത്തരം പറഞ്ഞില്ല. പെട്ടന്ന് ലിസിയുടെ ഫോൺ ബെല്ലടിച്ചു. അവനി ലിസിയെ നോക്കി. ‘ നിന്റെ ചേട്ടനോട് പറഞ്ഞേക്ക് ഇനി അവനിയെ വിളിക്കണ്ടെന്ന്’. അതും പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി അപാർട്മെന്റ് ലിഫ്റ്റിലേക്ക് കയറി.
ഭാഗം : 9.2
അവനിക്ക് എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു പക്ഷേ, ആൽബി അപാർട്മെന്റിലേക്ക് വന്നാലോ എന്ന് വിചാരിച്ചാണ് അവൾ അവിടെ നിന്നിറങ്ങിയത്. ലിഫ്റ്റിലെ ബട്ടനുകൾ ഒരു നിമിഷം നോക്കി നിന്ന ശേഷം അവൾ റൂഫ്ടോപ്പിലേക്കുള്ള ബട്ടൺ അമർത്തി. റൂഫ്ടോപ്പിലെത്തിയപ്പോഴേക്കും വീണ്ടും അവളുടെ ദേഷ്യം സങ്കടമായി മാറി അവൾ ടെറസിലെ കൈവരിയിൽ ചാരി നിലത്തിരുന്നു. അവളുടെ കണ്ണുകളിൽ നിന്ന് വെള്ളമൊഴുകിത്തുടങ്ങി. ഒരു വിടവ് തുറന്നു കിട്ടിയ അവളുടെ ദുഃഖം പുറത്തേക്ക് കുത്തിയൊഴുകി. അവൾ ഉറക്കെ കരഞ്ഞു. അവളുടെ ജീവിതത്തിലാദ്യമായാണ് ആരെങ്കിലും അവളോട് ഇത്രയുമധികം ദേഷ്യം പ്രകടിപ്പിക്കുന്നത്. അവൾക്ക് സഹിക്കാനായില്ല. അതും ആൽബി. അതോർത്തപ്പോൾ തന്നെ അവളുടെ വേദനയുടെ ആഴം കൂടി. അവൾ നിർത്താതെ ഏങ്ങലടിച്ചു കരഞ്ഞു.
താഴെ അപാർട്മെന്റിൽ ലിസി ഫോൺകോൾ അറ്റൻഡ് ചെയ്തു. ‘ എന്താ ചേട്ടാ, അവനിയെന്താ വല്ലാതെ വിഷമിച്ച് കരഞ്ഞു കൊണ്ടാണല്ലോ വന്നത്.? ചേട്ടന്റെ കോൾ വന്നപ്പോ ഫോണും നിലത്തെറിഞ്ഞു പൊട്ടിച്ചു.’ ലിസി ചോദിച്ചു. ‘അവളെന്തെങ്കിലും പറഞ്ഞോ നിന്നോട്?’ അയാൾ അന്വേഷിച്ചു ‘ ചേട്ടനോട് ഇനി അവളെ വിളിക്കണ്ടെന്ന് പറയാൻ പറഞ്ഞു.’ ആൽബി ഒരു നിമിഷം മൗനം പാലിച്ചു. ‘ ഞാൻ അങ്ങോട്ട് വരാം.’ അയാൾക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായില്ല. ‘വേണ്ട, ചേട്ടനിപ്പോ വരണ്ട. അവള് റൂമിൽ നിന്ന് ഇറങ്ങിപ്പോയി. ചിലപ്പോ റൂഫ്ടോപ്പിലുണ്ടാവും. ഒന്ന് തണുക്കട്ടെ. അല്ലെങ്കിൽ കൂടുതൽ പ്രശ്നമാവും. ഞങ്ങൾ പോയി സംസാരിച്ചിട്ട് വിളിക്കാം.’ ലിസിയ്ക്ക് സഹോദരന്റെ ഇടറിയ ശബ്ദം കേട്ട് ദുഃഖം തോന്നി. ആൽബിയെ അവളങ്ങനെ കണ്ടിട്ടില്ല.
‘ വേണ്ട, എനിക്കിപ്പോ അവളെ കണ്ടേ പറ്റൂ.’ ആൽബി അക്ഷമനായി. ‘ ഇപ്പൊ കയറി വന്ന് രണ്ടു പേരും കൂടി ഇവിടെക്കിടന്ന് അടികൂടിയാൽ ഞങ്ങളെ ഇവടന്ന് ഇറക്കിവിടും. കുറച്ചു വെയിറ്റ് ചെയ്യ്. സ്വന്തം ഉണ്ടാക്കി വെച്ചതല്ലേ ഈ പ്രശ്നങ്ങളൊക്കെ.’ ലിസി താക്കീത് നൽകി. ‘ദേ, നീയിതിനിടയിലൂടെ എന്നെ ചൊറിയാൻ വന്നാൽ, എന്റെ സ്വഭാവം അറിയാലോ?’ അയാൾ സഹോദരിയെ ചീത്ത പറഞ്ഞു. ‘എന്നോട് ചൂടാവണ്ട. കാര്യം നടക്കുകയും വേണം, മര്യാദയ്ക്ക് സംസാരിക്കാനും പറ്റില്ല. ചേട്ടനാദ്യം ഈ ദേഷ്യം കുറച്ചൊന്നു നിയന്ത്രിക്കാൻ പഠിക്ക്.’ അവൾ തിരിച്ചു ശാസിച്ചു.
‘ലിസീ… സമയം കളയാതെ നീ അവളെ പോയൊന്നു സമാധാനിപ്പിക്ക്. ‘ ആൽബി ശാന്തനായി പറഞ്ഞു. ലിസിക്ക് അത്ഭുതം തോന്നി, തന്റെ സഹോദരന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ. തന്നോട് ഇത്ര വീനീതമായി സംസാരിക്കുന്നത് പതിവുള്ളതല്ല. ‘ഉം… ഞാൻ പോയി നോക്കട്ടെ.’ അവളുടെ മുഖത്ത് ചിരി പരന്നു.
‘എന്താ ലിസി. അവളെന്താ ഇത്ര സങ്കടപ്പെട്ടിരിക്കുന്നത്? ആൽബിയുമായി അടികൂടിയോ?’. മായ ചോദിച്ചു. ‘ ഉം. വാ പറയാം, അവളെവിടെയാണെന്ന് നോക്കാം.’ പോകും വഴി ലിസി, അവൾ കാറിൽ നിന്നിറങ്ങും വരെയുള്ള കാര്യങ്ങൾ വിശദീകരിച്ചു. അവർ റൂഫ്ടോപ്പിലെത്തുമ്പോഴും അവനി കരഞ്ഞുകൊണ്ടിരിക്കുകയാണ്. മായയും ലിസിയും അവളുടെ മുൻപിലും വശത്തുമായി നിലത്തിരുന്നു. ഒരു വർഷം കൂടെക്കഴിയുന്നതിനിടയിൽ ഒരിക്കൽ പോലും അവനിയെ വിഷമത്തോടെ കണ്ടിട്ടില്ല.
‘അവനീ….’ അവൾ പതുക്കെ വിളിച്ചു. ‘കരയാതെ. എന്താ ഉണ്ടായതെന്ന് പറ.’ അവനിയുടെ ഏങ്ങലുകൾ കേട്ട് ലിസിയ്ക്ക് വല്ലാത്ത വിഷമം തോന്നി. അവനി മുഖമുയർത്തി നോക്കിയില്ല. അവളുടെ എങ്ങലുകളുടെ ശക്തിയേറി. ലിസിയുടെ കണ്ണിലും വെള്ളം നിറഞ്ഞു. ‘ ലിസീ, നീ താഴെ പൊയ്ക്കോ. ഞാൻ അവളോട് സംസാരിക്കാം.’ മായയ്ക്ക് ലിസിയുടെ മുഖത്തെ നിസഹായത കണ്ടപ്പോൾ വല്ലായ്ക തോന്നി. ലിസി തലയാട്ടി. ‘ ചേട്ടൻ ചെയ്തതെന്താണെങ്കിലും, അതിന് ഞാൻ നിന്നോട് ക്ഷമചോദിക്കുന്നു. ‘ അവൾ അവനിയുടെ തലയിൽ തലോടി. അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും വെള്ളം പുറത്തേക്ക് ചാടി. അവളത് തുടച്ചു കൊണ്ട് എഴുന്നേറ്റ് തിരിഞ്ഞു നടന്നു.
ലിസി ലിഫ്റ്റിൽ കയറി വാതിലടച്ചപ്പോൾ മായ അവനിയുടെ തോളത്ത് കയ്യിട്ട് ചേർത്തു പിടിച്ചു. അവനി മുഖമുയർത്തി മായയെ കെട്ടിപ്പിടിച്ചു കരഞ്ഞു. മായ അവളെ കരയാനനുവദിച്ചു കൊണ്ട് മുറകെ പുണർന്നു. അവനിക്ക് രണ്ടുപേരോടും ഒരുപോലെ അടുപ്പമുണ്ടെങ്കിലും, പ്രാധാന്യമുള്ള കാര്യങ്ങൾക്ക് മായയെ ആണ് ആദ്യം സമീപിക്കുന്നത്. മായ അവളുടെ വീട്ടിലെ മൂത്ത കുട്ടിയായതുകൊണ്ടാവാം അവൾക്ക് തന്നേക്കാളും ലിസിയെക്കാളും പക്വത കൂടുതലാണ്. അവളുടെ വീടും കൊച്ചിയിൽ തന്നെയാണ്. അതും ലിസിയുടെ വീട്ടിൽ നിന്നും ഇരുപത് മിനിറ്റ് ദൂരമേ ഉള്ളൂ. പക്ഷേ, ലിസിയും മായയും ആദ്യമായി കാണുന്നത് മംഗലാപുരത്ത് വെച്ചാണ്. മായയുടെ പപ്പ ബിസിനസ്സുകാരനായിരുന്നു. മായ മംഗലാപുരത്തേക്ക് വന്ന് നാലു മാസം തികയുന്നതിനിടയിലാണ് മായയുടെ പപ്പ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചത്. അതോടെ അവൾ ആകെ മാറി. വന്നപ്പോഴുള്ള മായ ഇങ്ങനെയൊന്നുമായിരുന്നില്ല. എപ്പോഴും ഉല്ലാസവതിയായിരുന്ന അവൾ മുറിയിൽ തന്നെ ഒതുങ്ങിക്കൂടാൻ തുടങ്ങി. അവളുടെ വിഷയം ഇംഗ്ലീഷ് ലിറ്ററേച്ചറാണ്. പൂർണമായും ആ ലോകത്താണെങ്കിലും, അവളുടെ ദുഃഖത്തിൽ കൂടെയുള്ളത് കൊണ്ട് ആ സംഭവത്തിന് ശേഷം തന്നോടും ലിസിയോടുമുള്ള അടുപ്പം ഏറുകയാണ് ചെയ്തത്. മായയുടെ മമ്മി ടീച്ചറാണ്. അവൾക്ക് താഴെ ഒരനിയനും അനിയത്തിയും ഉണ്ട്. അനിയൻ പ്ലസ്ടുവിന് പഠിക്കുന്നു. അനിയത്തി ഒൻപതാം ക്ലാസ്സിലും. മായയ്ക്കൊരു ബോയ്ഫ്രണ്ട് ഉണ്ട്, റോയ്. ബോയ്ഫ്രണ്ട് എന്ന് പറയാൻ പറ്റില്ല, ഫിയാൻസി, അവരുടെ വിവാഹം നേരത്തേ പറഞ്ഞുറപ്പിച്ചതാണ്. അയാൾ അവളുടെ അകന്ന ബന്ധുവും കൂടിയാണ്. റോയ് യു എസിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ്.
അവനിയ്ക്ക് മായയുടെ സാന്നിധ്യം ആശ്വാസം നൽകി. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളുടെ ഏങ്ങലുകൾക്ക് ശക്തി കുറഞ്ഞു. ‘ അവനീ, മതി കരഞ്ഞത്. ഇനി കാര്യം പറയ്.’ മായ അവൾക്ക് ചുറ്റുമുള്ള പിടുത്തം വിട്ട് അവനിയുടെ മുഖത്ത് നോക്കി. അവനി കണ്ണുകൾ അമർത്തി തുടച്ചശേഷം കാര്യങ്ങൾ പറഞ്ഞു. എല്ലാം കേട്ടശേഷം മായ ഒരു നിമിഷം അവനിയുടെ മുഖത്ത് നിന്നും ശ്രദ്ധ മുൻപിലെ ചുമരിലേക്ക് തിരിച്ച് മടങ്ങി വന്നു. ‘ അവനീ, കാർത്തിക്കിന്റെ പെരുമാറ്റത്തെക്കുറിച്ച് നിന്നോട് സീനിയേർസ് തന്നെ പറഞ്ഞിട്ടുള്ളതല്ലേ, പിന്നെ കോളേജിൽ നിന്നുള്ള സെലെക്ഷൻ ആയത് കൊണ്ടല്ലേ നീ ട്രൈ ചെയ്തിട്ട് പറ്റില്ലെങ്കിൽ പറയാമെന്നു പറഞ്ഞത്.?’ മായ തുറന്നു ചോദിച്ചു.
‘ പക്ഷേ, പ്രാക്ടീസ് തുടങ്ങുന്നതിനു മുൻപ് തന്നെ എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്നും അത് ലിസിയുടെ ചേട്ടനാന്നും ഒക്കെ ഞാൻ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച ഒരു കുഴപ്പവും ഇല്ലായിരുന്നു. കൃത്യം ആൽബി വന്നു നിന്നപ്പോ തന്നെ ഇതൊക്കെ നടക്കുമെന്ന് ആരെങ്കിലും വിചാരിക്കുമോ മായാ? അതും അവനെന്റെ ദേഹത്ത് പിടി മുറുക്കിയപ്പോത്തന്നെ ഞാൻ ഡാൻസ് നിർത്തി അവനെ ചീത്തയും പറഞ്ഞു. എന്നോട് സോറി പറഞ്ഞതിന് ശേഷമാണ് വീണ്ടും പ്രാക്ടീസ് തുടങ്ങിയത്. അതിന് ആൽബിയെന്നോട് ഇത്രയും ചൂടായതെന്തിനാ? അതും മായാ, ആൽബി ഞാൻ ഇതുവരെ കണ്ട ആൽബിയേ അല്ല. വെറുതെയല്ല ലിസി ആൽബിയെ പേടിച്ച് ജീവിക്കുന്നത്. പക്ഷേ, എനിക്കവളെപ്പോലെയാവാൻ കഴിയില്ല മായാ. ഇത്രയും സങ്കടം വന്ന ഒരു അനുഭവം എന്റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല.’ അവനി തന്റെ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു. ‘ എന്നിട്ട് നിനക്ക് ആൽബിയെ സ്നേഹിക്കാതിരിക്കാൻ കഴിയുമോ, ഈയൊരു സംഭവത്തിന്റെ പേരിൽ.?’ മായ ചോദിച്ചു. ആ ചോദ്യം അവനിയുടെ മനസ്സിൽ നോവുണ്ടാക്കി. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
‘ അവനീ, നീ ലിസിയെപ്പോലെയല്ല. കുറെയൊക്കെ നീ ആൽബിയെപ്പോലെ തന്നെയാണ്. അതു തന്നെയാ പ്രശ്നം. ആൽബിയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ അയാൾക്ക് ദേഷ്യം വന്നതിനു കാരണമുണ്ട്. ആൽബിക്ക് ദേഷ്യം വന്നാൽ നിയന്ത്രണമില്ലെന്ന് നിനക്കും അറിയാം. കാർത്തിക്കിനെ തല്ലാത്തിരുന്നത് തന്നെ ഭാഗ്യം. ആ സമയത്ത് നീ പെരുമാറിയത് പോലെ പെരുമാറിയാൽ അയാൾ ചെയ്തത് പോലെയൊക്കെയേ മറ്റാരും പ്രതികരിക്കൂ. നിനക്ക് ആൽബിയുടെ മൂഡ് മനസ്സിലാക്കി അതൊന്ന് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. എരിതീയിലേക്ക് എണ്ണയൊഴിച്ചാൽ അത് ആളികത്തുകയേ ഉള്ളൂന്ന് വെറുതെ പറയുന്നതല്ലെന്ന് മനസ്സിലായില്ലേ?’ മായ വളരെ സത്യസന്ധമായി അഭിപ്രായം പറഞ്ഞു.
‘ ഇപ്പൊ ഞാനായോ കുറ്റക്കാരി?’ അവനിയുടെ ദേഷ്യം സങ്കടവും, സങ്കടം ദേഷ്യവുമായി മാറുന്നത് സ്വിച്ചിട്ട പോലെയാണ്. ‘ ആൽബി ചെയ്തത് തെറ്റാണ്. അയാൾ നിന്നോടങ്ങനെ പെരുമാറാൻ പാടുള്ളതല്ല, എത്ര സ്വാതന്ത്ര്യമുണ്ടെങ്കിലും. പക്ഷേ, നീ തിരിച്ച് മിണ്ടാതിരിക്കുകയോ ഉപദ്രവിക്കാതിരിക്കുകയോ ഒന്നും ചെയ്തിട്ടില്ലല്ലോ.’ മായ പുരികമുയർത്തി. ‘ഇല്ല.’ അവനി മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. ‘അപ്പോപ്പിന്നെ ആൽബിയെ മാത്രം കുറ്റം പറയാൻ പറ്റുമോ അവനി. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നവരല്ലേ, അപ്പൊ രണ്ടുപേരും കുറച്ച് ക്ഷമ ശീലിച്ചു തുടങ്ങുന്നത് നന്നായിരിക്കും.’ അവൾ അവനിയെ ഉപദേശിച്ചു. ‘ എനിക്കിത്ര ക്ഷമയൊക്കെയേ ഉള്ളൂ.’ അവനിയുടെ മുഖത്തെ കുറുമ്പുള്ള ഭാവം കണ്ട് മായ മേല്പോട്ട് കണ്ണുരുട്ടി. ‘ഒന്നുകിൽ അടിച്ചു പിരിയുക. അല്ലെങ്കിൽ പോയി സമാധാനത്തോടെ സംസാരിച്ച് പിണക്കം തീർക്ക്. ആളവിടെ വിഷമിച്ച് താഴെ പാർക്കിങ്ങിൽ കാറിലിരിപ്പുണ്ട്.’ മായ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘ അടിച്ചു പിരിയാനൊന്നും പോവുന്നില്ല, സമാധാത്തോടെ സംസാരിക്കാനും.! ‘ അവനി ഇരുന്നിടത്ത് നിന്നെഴുന്നേറ്റു .
അവനി, പാർക്കിങ്ങിൽ നിർത്തിയിട്ട കാറിൽ കയറിയിരുന്ന് ആൽബിയെ നോക്കാതെ സീറ്റ്ബെൽറ്റിട്ട് മുൻപോട്ട് നോക്കിയിരുന്നു. ആൽബി രണ്ടു നിമിഷം അവളെത്തന്നെ നോക്കിയിരുന്ന ശേഷം കാർ സ്റ്റാർട്ട് ചെയ്തു. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന മുഖവും അയാളുടെ മനസ്സിനെ വല്ലാതെ നോവിച്ചു. കാറിനുള്ളിലെ അന്തരീക്ഷത്തിന്റെ കനം കുറഞ്ഞു, പകരം പുറത്ത് അന്തരീക്ഷം കനത്തു. മഴ ചാറിത്തുടങ്ങി. അഞ്ചു നിമിഷം വീണ്ടും നിശ്ശബ്ദമായി കടന്നു പോയി.
അവനിയാണ് മൗനത്തിന് വിരാമമിട്ടത്. ‘ഒരു സ്റ്റേജിൽ പത്തു നൂറുപേര് കണ്ടുകൊണ്ടിരിക്കുന്ന ഡാൻസ് പ്രാക്ടീസിനിടയിൽ, മറ്റൊരാളുടെ തെറ്റ് കൊണ്ട് സംഭവിച്ച, ഒരു നിമിഷത്തെ കാരണം കൊണ്ട് തകർന്നു വീഴുന്നതാണോ ആൽബിക്ക് എന്റെ മേലുള്ള വിശ്വാസം? ‘ അവൾ ആൽബിയുടെ മുഖത്തേക്ക് നോക്കി ഗൗരവത്തോടെ ചോദിച്ചു. ആൽബി അവനിയിലേക്ക് തീവ്രമായ ഒരു നോട്ടം പായിച്ചിട്ട് റോഡിലേക്ക് ശ്രദ്ധ തിരിച്ചു. ‘ അവനീ, ഇത് വിശ്വാസത്തിന്റെ കാര്യമല്ലാന്ന് നിനക്കും അറിയാം.’ ആൽബിയുടെ ദേഷ്യമടങ്ങിയിരുന്നെങ്കിലും അവനിയുടെ ചോദ്യം അയാളുടെ മുഖത്ത് വീണ്ടും ഗൗരവം നിറച്ചു. ‘പിന്നെ?’ അവൾ ആൽബിയുടെ വിശദീകരണത്തിനായി കാത്തുനിന്നു. ‘നീ അവന്റെയടുത്ത് നിന്ന് ഇറങ്ങിപ്പോരണമായിരുന്നു അവൻ നിന്നോട് മോശമായി പെരുമാറിയപ്പോ, ആ നിമിഷം. അല്ലാതെ അവന് ഉപദേശവും കൊടുത്ത് അവന്റെ കൂടെ വീണ്ടും ഡാൻസ് കളിക്കാൻ നിൽക്കുകയല്ലായിരുന്നു വേണ്ടത്.’ ആൽബി തനിക്ക് ശരിയെന്നു തോന്നിയത് പറഞ്ഞു. ‘ഇതിനിനി ഞാൻ ദേഷ്യം പിടിച്ചത് എത്ര വലിയ തെറ്റാണെന്ന് നീ പറഞ്ഞാലും ഞാൻ പറഞ്ഞതൊന്നും എനിക്ക് മാറ്റിപ്പറയാനാവില്ല അവനീ. അതെ, നിന്റെ കാര്യത്തിൽ ഞാൻ പൊസ്സസ്സീവ് ആണ്.’ അയാൾ ഒന്ന് നിർത്തിയിട്ട് അവനിയെ നോക്കി. അവൾ മുഖം കുനിച്ചു.
‘സ്റ്റേജിൽ അത്രെയും ആളുകളുടെ ഇടയിൽ വെച്ച് ഒരു സീനുണ്ടാക്കണ്ടെന്ന് വെച്ചാണ് ഞാനിറങ്ങിപ്പോരാഞ്ഞത്. പക്ഷേ, ആൽബി ഒരു നിമിഷമെങ്കിലും ചിന്തിച്ചോ, അങ്ങനെയൊരു അനുഭവം കടന്നു പോകുമ്പോൾ എനിക്കെന്തായിരിക്കും തോന്നിയിട്ടുണ്ടാവുകെന്ന്? ആ നിമിഷം ഞാൻ ആൽബിയെ മാത്രമാണ് ഓർത്തത്. ആൽബി വന്നിരുന്നെങ്കിൽ ഒന്ന് ഓടി വന്നു കെട്ടിപ്പിടിച്ചാൽ ഒരാശ്വാസമായേനെയെന്നാ ഞാൻ ഓർത്തത്. ആൽബി വന്നിട്ടെന്താ, ആൽബിക്ക് ആൽബിയെ മാത്രല്ലേ മനസ്സിലാകുള്ളൂ. ആൽബിയുടെ നിയന്ത്രിക്കാനാവാത്ത ദേഷ്യത്തെയും, അല്ലാതെ എന്റെ ഫീലിംഗ്സ് ഒന്നും ആൽബിക്ക് ബാധകമല്ലല്ലോ’. അവനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവളുടെ വാക്കുകൾ ആൽബിയുടെ ഹൃദയത്തിൽ പോറലുണ്ടാക്കി. അയാളുടെ കണ്ണുകൾ ചുവന്നു, കണ്ണിന്റെ കോണുകളിലായി നേർത്ത ജലാശയമുണ്ടായി. അയാൾ കണ്ണുകളടച്ചു. പല്ലുകൾ കടിച്ച് തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചു. മഴ ശക്തിയായി പെയ്തു. കേരളത്തിലെ മഴപോലെയല്ല മംഗലാപുരത്തെ മഴ. മഴത്തുള്ളികൾക്ക് വലിപ്പം കൂടുതലാണ്. കാറിന്റെ ചില്ലിന്മേൽ ആലിപ്പഴം വീഴുകയാണെന്ന് തോന്നും. മുൻപിലേക്ക് കാണാനും ബുദ്ധിമുട്ട്. ഇരുട്ടിയത് കൊണ്ട് എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചമാണ് ആകെയുള്ള രക്ഷ. ആൽബി കാർ പാർക്ക് ചെയ്യാനൊരു സ്ഥലം തിരഞ്ഞു. അവനി ഏങ്ങലടിച്ചു കരയുകയാണ്. അവളെയൊന്ന് സമാധാനിപ്പിക്കാനുള്ള അവസരം പോലും കിട്ടുന്നില്ല. ഒരു സർക്കിൾ കഴിഞ്ഞപ്പോൾ തിരക്കൊഴിഞ്ഞു തുടങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ ഏതോ കടൽത്തീരമെത്തി. കടലിലേക്ക് മുഖം തിരിച്ച് ആൽബി കാറൊതുക്കി. മഴ നല്ല ശക്തിയായി തുടർന്നു.
‘അവനീ…’ ആൽബി അവളുടെ കയ്യിൽ പിടിച്ചു. അവൾ മറ്റേ കൈകൊണ്ട് കണ്ണുകൾ തുടച്ചു. ‘അവനി, ഇങ്ങോട്ട് നോക്ക്. നിന്നെ വിഷമിപ്പിക്കണമെന്ന് കരുതിയല്ലല്ലോ ഞാനങ്ങനൊന്നും പെരുമാറിയത്. നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് നീ പറയണ്ട ആവശ്യമൊന്നും ഇല്ല. നീയെന്റെ സ്വന്തമാണെന്നുള്ള സ്വാതന്ത്ര്യമെടുക്കുമ്പോ, അതും ദേഷ്യം വന്നിരിക്കുമ്പോ, നിനക്കത്രയും വിഷമമാവുമെന്നൊന്നും എനിക്ക്ചിന്തിക്കാൻ കഴിയില്ല. ഒരാൾക്ക് സ്നേഹം മാത്രമായിട്ട് ആരോടെങ്കിലും പ്രകടിപ്പിക്കാൻ പറ്റുമോ അവനി?’ അവനിയുടെ കണ്ണിൽ നിന്ന് വെള്ളമൊഴുകിക്കൊണ്ടേയിരുന്നു. പക്ഷേ ആൽബിയുടെ സത്യസന്ധമായ വികാരപ്രകടനങ്ങളും അയാൾ കാണിക്കുന്ന സ്വാതന്ത്ര്യവും അവളെ ആൽബിയിലേക്ക് കൂടുതൽ വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, തന്നെ വേദനിപ്പിക്കുന്ന കാര്യങ്ങൾ മറച്ചു വെക്കാൻ അവൾ തയ്യാറായില്ല.
‘എന്റെയടുത്താരും ഇതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല.’ അവൾ ഏങ്ങലുകൾക്കിടയിൽ പറഞ്ഞു. ആൽബിയ്ക്ക് കുറ്റബോധം തോന്നി. ‘ ഐ ആം സോറി.’ അയാൾ അവനിയെ തലോടിക്കൊണ്ട് പറഞ്ഞു. അവനി കണ്ണ് തുടയ്ക്കുന്നുണ്ട്, പക്ഷേ അവളുടെ കണ്ണിലെ ജലധാര നിൽക്കുന്നില്ല. അയാൾ അവളുടെ കൈവിടാതെ സീറ്റിന്റെ ഹെഡ്റെസ്റ്റിലേക്ക് ചാരി അവളെത്തന്നെ നോക്കിയിരുന്നു, ഒന്നും മിണ്ടാതെ. ആദ്യമായാണ് ലിസിയല്ലാത്ത ഒരു പെൺകുട്ടി കരയുന്നത് താനിത്ര നേരം കണ്ടു കൊണ്ടിരിക്കുന്നത്. പക്ഷേ, തന്നോട് അടികൂടി അവൾ കരയുമ്പോൾ ഒരു ദാക്ഷിണ്യവും കാണിക്കാറില്ല. അധികവും അവളുടെ വാശികൾ ജയിക്കാൻ വേണ്ടിയുള്ള കരച്ചിലുകളാണ്. പിന്നെ പിണങ്ങിപ്പോയ ഗേൾഫ്രണ്ട്സിനെയൊന്നും സമാധാനിപ്പിക്കാൻ പോയിട്ടുമില്ല.
അവനി ചെറിയ കുട്ടികൾ കരയുന്നത് പോലെ സംഭവം ഓർത്തോർത്ത് ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരിക്കുകയാണ്. അവളുടെ കരച്ചിൽ തന്നെയും വല്ലാതെ സങ്കടപ്പെടുത്തുന്നു. പക്ഷേ, പരസ്പരം സംസാരിച്ചു കഴിഞ്ഞപ്പോൾ കുറേ ആശ്വാസം. അടികൂടാതെ, ആ പിണക്കം മാറ്റാതെ പോയിരുന്നെങ്കിൽ ചിലപ്പോൾ തങ്ങൾക്കിടയിൽ ഒരു വിടവ് നിലനിന്നേനെ. ആദ്യമായിട്ടാവും ഒരു പിണക്കം മാറ്റാൻ താനും ശ്രമിക്കുന്നത്. അവൾ ഇത്ര പെട്ടന്ന് തന്നിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ അയാൾക്ക് അത്ഭുതം തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവനിയുടെ കരച്ചിലടങ്ങി. അവൾ കണ്ണ് തുടച്ച് ആൽബിയെ നോക്കി. കണ്ണും മുഖവും വേർതിരിച്ചറിയാനാവാത്തത് പോലെ ചുവന്നിരിക്കുന്നു.
അവളുടെ കണ്ണിൽ ഒരു ഭയത്തിന്റെയോ വേദനയുടെയോ ദേഷ്യത്തിന്റെയോ ഒരു വിടവ് നിലനിൽക്കുന്നുണ്ടെന്ന് ആൽബിക്ക് തോന്നി. അതയാളെ വേദനിപ്പിച്ചു. അയാൾ മറ്റൊന്നുമാലോചിച്ചില്ല, അവളെ ഒരുകൈകൊണ്ട് തന്നിലേക്കടുപ്പിച്ച് ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ആൽബിയുടെ അപ്രതീക്ഷിതമായ ചുംബനം അവൾക്ക് ഒരു നിമിഷം അമ്പരപ്പുണ്ടാക്കി. പുറത്തെ മഴയും കാറിലെ എസിയും കൂടിസൃഷ്ടിച്ച മരവിപ്പിക്കുന്ന തണുപ്പിൽ ആൽബിയുടെ ചുണ്ടുകൾ അവളുടെ ശരീരമൊട്ടാകെ ചൂട് പകർന്നു. ആദ്യചുംബനം. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം പുറത്തേക്കൊഴുകി. ഹൃദയത്തിൽ തറച്ചു നിന്ന ഒരു മുള്ള് അടർത്തിയെടുത്ത ആശ്വാസം. അവൾക്ക് തളർച്ചയനുഭവപ്പെട്ടു. അവനിയുടെ ശരീരത്തിന് വന്ന അയവ് ആൽബിയെ പരിസരത്തേക്കുറിച്ച് ബോധവാനാക്കി. ആൽബി, തന്നെ അവളിൽ നിന്നും ബലമായി അടർത്തിയെടുത്തു. രണ്ടുപേരും ഹെഡ്റെസ്റ്റിൽ തലചായ്ച്ചു. പരസ്പരം കണ്ണുകളിലേക്ക് നോക്കി. അവരുടെ കണ്ണുകളിലെ പ്രണയവും ശ്വാസത്തിന്റെ ഗതിയും ഹൃദത്തിന്റെ താളവും ഒരു പ്രതിഫലനം പോലെ ആ കാറിനുള്ളിലെ തണുപ്പിൽ നിറഞ്ഞു നിന്നു. ആൽബി അവളുടെ കൈ പിടിച്ചു.
‘ ഇനി എനിക്ക് ദേഷ്യം വരുമ്പോ ഓടിവന്ന് നീയെന്നെ കെട്ടിപ്പിടിച്ചൊരുമ്മ തന്നാൽ മതി. ‘ അയാൾ പുഞ്ചിരിയോടെ പറഞ്ഞു. അവനി ആൽബിയുടെ കൈപിടിച്ച് താനേൽപ്പിച്ച മുറിവുകളിൽ ചുണ്ടമർത്തി. ആ കയ്യിലേക്ക് തലചായ്ച്ചു കണ്ണുകളടച്ചു. കുറച്ചു നേരം അങ്ങനെ മിണ്ടാതിരുന്നു. ആൽബിയുടെ ഫോൺ ബെല്ലടിച്ചു, ലിസിയാണ്. ‘ എന്തായി ചേട്ടാ?’ അവൾ ആകാംക്ഷയോടെ ചോദിച്ചു. ‘ ഇവിടെ പ്രശ്നമൊന്നുമില്ല.’ ഞങ്ങൾ ഇപ്പൊ തിരിച്ചു വരും. ഭക്ഷണം എന്താ വേണ്ടതെന്നു വെച്ചാൽ പറയ്. പാർസൽ വാങ്ങാം.’ ആൽബി ശാന്തമായി മറുപടി പറഞ്ഞു. ലിസി ഫോൺ വെച്ചശേഷം അവർ തിരിച്ചു ടൗണിൽ പോയി ഭക്ഷണവും കഴിച്ച്, തിരിച്ചുപോയി അപാർട്മെന്റിന്റെ കാർ പാർക്കിങ്ങിൽ ലിസി വരാൻ കാത്തിരുന്നു.
‘ ആ പയ്യന്റെ പേരെന്താന്നാ പറഞ്ഞത്?’ ആൽബി ചോദിച്ചു. ‘എന്തിനാ ഇനി അവനെ തല്ലാനോ? എന്റെ പൊന്ന് ആൽബി, അതവിടെ തീർന്നു. തീരണം.’ അവനി താക്കീത് നൽകി. ‘അവൻ ചെയ്തത് ഞാൻ വിട്ടുകളയണം എന്നാണോ?’ ആൽബി താടിയിലൂടെ വിരലോടിച്ചു. അവനി ദീർഘനിശ്വാസമയച്ചു. ആൽബിയുടെ കൈപിടിച്ച് തന്റെ തലയിൽ വെച്ചു.
‘ആൽബി, എന്നോട് സത്യം ചെയ്യണം ഇനി ഇതിന്റെ പിന്നാലെ പോവില്ലെന്ന്. എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ, ആൽബിക്ക് ഇവിടെത്തന്നെ നിൽക്കാൻ കഴിയില്ല. ഞാൻ മാത്രമല്ല, ലിസിയും ഇവിടെത്തന്നെയാ പഠിക്കുന്നത്. ‘ ആൽബി അവളെ ഗൗരവത്തോടെ നോക്കി. അവൾ പറഞ്ഞത് ശരിയാണെങ്കിലും അയാൾക്കത് മറന്നുകളയാൻ ബുദ്ധിമുട്ടായിരുന്നു.
‘ ആൽബി, ഞാനവന്റെ കൂടെ ഡാൻസ് ചെയ്യുന്നില്ല. ആൽബിയുമായി അടിയുണ്ടായപ്പോൾ തന്നെ തീരുമാനിച്ചതാ അത്. ഇനിയതിന്റെ പിറകെ പോകരുത്.’ അവൾ ആൽബിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ‘ഓ. കെ.’ ആൽബി ദീർഘനിശ്വാസമയച്ചു കൊണ്ട് ശരിയെന്ന അർത്ഥത്തിൽ തലയാട്ടി. ലിഫ്റ്റ് താഴെ നിർത്തിയ ശബ്ദം കേട്ടപ്പോൾ അവനി ആൽബിയെ നോക്കി. ‘ആൽബി, ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ?’ അവൾ ചോദിച്ചു. എന്താണെന്ന അർത്ഥത്തിൽ അയാൾ രണ്ടു പുരികവും ഉയർത്തി. ‘കാർത്തിക്ക് ഇന്ന് അങ്ങനെ പെരുമാറിയില്ലായിരുന്നെങ്കിൽ ആൽബി എന്നോട് അടികൂടാൻ വരില്ലായിരുന്നോ?’ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. ആൽബി ഉത്തരം പറഞ്ഞില്ല, കുസൃതി നിറഞ്ഞ പുഞ്ചിരി അയാളുടെ മുഖമാകെ പടർന്നു. അപ്പോഴേക്കും ലിസി വന്ന് ചില്ലിൽ തട്ടി.