ആഘോഷങ്ങൾക്കിടയിൽ ചോദ്യങ്ങളും ഉത്തരങ്ങളും മായ്ഞ്ഞു പോയെങ്കിലും ഭക്ഷണം കഴിക്കാൻ ലിസിയുടെ ഇരുവശത്തിരിക്കുമ്പോഴും ഒരു ലോകത്തിനിടയിൽ മറ്റൊരു ലോകം അദൃശ്യമായി നിലകൊണ്ടു.
‘അവനി എന്താ സബ്ജെക്ടായി ഫിലോസഫി തിരഞ്ഞെടുക്കാൻ കാരണം?’ ആൽബി സൗഹൃദസംഭാഷണത്തിന് തുടക്കമിടാൻ ശ്രമിച്ചു. പക്ഷേ, അപ്രതീക്ഷിതമായുണ്ടായ അസന്തുലിതാവസ്ഥയോട് അവനിയുടെ മനസ്സ് പ്രതിരോധിച്ചു തുടങ്ങിയിരുന്നു. പുറത്ത് നിന്നും കയറിക്കൂടിയ അണുക്കളെ ഇല്ലായ്മ ചെയ്യാൻ ശരീരം പൊരുതും പോലെ, എന്തിനോ എതിരെ പോരാടണമെന്നുള്ള തോന്നൽ മനസ്സിൽ ഉടലെടുത്തു കഴിഞ്ഞു. എന്തിനെന്നില്ലാത്ത ദേഷ്യം.
‘ഫിലോസഫി എനിക്കിഷ്ടമായത് കൊണ്ട്.’ അവനി പ്ലേറ്റിൽ നിന്നും മുഖമുയർത്താതെ തർക്കുത്തരം പോലെ മറുപടി പറഞ്ഞതിന് ശേഷം ഭക്ഷണത്തെ ഫോർക്ക് കൊണ്ട് കുത്തി നോവിക്കുന്നത് തുടർന്നു. അതേ അസന്തുലിതാവസ്ഥയുടെ മറുതലയ്ക്കൽ നിന്ന ആൽബിയുടെ മനസ്സ് മറ്റൊരു തരത്തിലാണ് പ്രതികരിച്ചുകൊണ്ടിരുന്നത്. ഈ കണ്ടുമുട്ടലിന്റെ പര്യവസാനം എങ്ങനെയെന്നു ഉറപ്പിക്കാനാവില്ലെങ്കിലും, കടന്നു പോകുന്ന നിമിഷങ്ങളും അതിൽ നിറയുന്ന പുതിയ സുഗന്ധവും അയാൾ നന്നായി ആസ്വദിക്കുകയായിരുന്നു. അവനിയുടെ ഉത്തരത്തിൽ മറഞ്ഞിരുന്ന അസ്വസ്ഥത അയാൾക്ക് പ്രചോദനമാവുകയാണ് ചെയ്തത്. അവൾക്കുണ്ടായ ആ ദൗർബല്യത്തിന്റ ആഴമളക്കണമെന്ന് തോന്നി. അയാളുടെ മുഖത്ത് കുസൃതി നിറഞ്ഞു.
‘ഓ. കെ. പക്ഷേ, അവനിക്ക് എന്റെ ചോദ്യം മനസ്സിലായില്ലെന്ന് തോന്നുന്നു. ഇത്ര ബോറിങ്ങായൊരു സബ്ജക്ട് പഠിക്കാനായി എന്തിന് തിരഞ്ഞെടുത്തു എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇഷ്ടമാണെങ്കിൽ ഫിലോസഫി പുസ്തകങ്ങൾ വായിച്ചാൽ പോരെ. അല്ലാതെ ഒരുപകാരവും ഇല്ലാത്ത ഒരു വിഷയം പഠിക്കാനായി തിരഞ്ഞെടുത്തിട്ട് എന്ത് ചെയ്യാനാണ്? മനുഷ്യർക്ക് മനസ്സിലാവാത്ത ഭാഷയിൽ പുസ്തകങ്ങളെഴുതാനാണോ പ്ലാൻ?’ തന്റെ സഹോദരൻ അവനിയെ മനപ്പൂർവം ശുണ്ഠി പിടിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മനസ്സിലാക്കിയ ലിസി അയാളെ നോക്കി കണ്ണുരുട്ടി. ഇടപെടാൻ തുടങ്ങിയപ്പോഴേക്കും അവനിയുടെ പ്രതികരണം വന്നു. ശക്തമായി.
അവൾ അയാളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി, ഒട്ടും പതർച്ചയില്ലാതെ. ‘ആൽബി സബ്ജക്ടായി തിരഞ്ഞെടുത്ത മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ലോകത്തുള്ള മനുഷ്യർക്ക് മൊത്തം അത്ര വല്ല്യ കൗതുകമുണർത്തുന്നതാണെന്നാണോ വിചാരം? മനുഷ്യർക്ക് യാത്ര ചെയ്യണം, സാധനങ്ങൾ കൊണ്ടു പോകണം അത്രയല്ലേ ഉള്ളൂ ആവശ്യം. അതിനായി പല രൂപത്തിലും കോലത്തിലും കുറേ വാഹനങ്ങൾ ഉണ്ടാക്കുന്നതെന്തിനാണെന്ന് എനിക്കിതു വരെ മനസ്സിലായിട്ടില്ല. ഇത്രയധികം മോഡലുകളിലുള്ള വണ്ടികൾ യഥാർത്ഥത്തിൽ ആവശ്യമുണ്ടോ? വെറുതെ മനുഷ്യർക്ക് അധികച്ചിലവുണ്ടാക്കാനുള്ള പുതിയ പുതിയ മാർഗങ്ങൾ കണ്ടുപിടിക്കലല്ലേ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കൊണ്ട് നിങ്ങൾ ചെയ്യുന്നത് ?’ തന്റെ ജീവിതലക്ഷ്യങ്ങളെ തന്നെ നിസ്സാരവൽക്കരിച്ചു കൊണ്ടുള്ള അവനിയുടെ രോഷപ്രകടനം ആൽബിയെ ക്ഷുഭിതനാക്കി.
‘ അതേ, ഈ പഠിക്കുന്ന സമയത്ത് ഉഴപ്പി നടന്ന്, എൻട്രൻസിനും നല്ല റാങ്കില്ലാതെ, നല്ല ഗ്രൂപ്പ് തിരഞ്ഞെടുക്കാനുള്ള മാർക്കും ഇല്ലാതെ, ആർക്കും വേണ്ടാത്ത വിഷയമൊക്കെ നിവൃത്തികേടുകൊണ്ട് എടുക്കുന്നവർക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും ഉണ്ടായിരിക്കണമെന്നില്ലെന്ന് ഞാൻ ആലോചിച്ചില്ല. എന്റെ മാത്രം തെറ്റാണ്, കുട്ടി ക്ഷമിക്കൂ. ഞാൻ ചോദ്യം പിൻവലിച്ചിരിക്കുന്നു.’ ആൽബി തന്റെ അസ്വാരസ്യം പരിഹാസവാക്കുകളിൽ ഒതുക്കിയെങ്കിലും അയാളുടെയുള്ളിൽ ക്രോധം നുരഞ്ഞു പൊന്തി.
‘ചേട്ടാ….’ ലിസി അവിശ്വസനീയമെന്ന മട്ടിൽ ആൽബിയെ നോക്കി. പക്ഷേ അവനി വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവളുടെ സ്വരം കൂടുതൽ തീക്ഷണമായി.
‘ ഓ. വല്ല്യ മാർക്കും റാങ്കും വാങ്ങി പാസായിട്ടും മെക്കാനിക്കൽ എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കാനുള്ള മാനസിക വികാസമേ ഉള്ളൂ എന്നുള്ളത് ആൽബിയുടെ തെറ്റല്ല ആൽബീ. യൂ ആർ ജസ്റ്റ് അനദർ പോപ്പറ്റ് ഓഫ് ദി സൊസൈറ്റി. മാർക്കില്ലാഞ്ഞിട്ടല്ല അവനി ഫിലോസഫി എടുത്തത്. പ്ലസ് ടുവിന് ഫുൾ എ പ്ലസ്സോടെ പാസ്സായ ആളാണ് ഞാൻ. ഫിലോസഫി തിരഞ്ഞെടുത്തത് എനിക്ക് അതിനോടുള്ള അതിയായ ഇഷ്ടം കൊണ്ടാണ്. ജീവനില്ലാത്ത യന്ത്രങ്ങളോട് ഇടപഴകുന്നത് പോലെയല്ല അത്. എന്തിനെക്കുറിച്ചുള്ള അറിവും ഫിലോസഫിയാണ്. ജീവൻ നിലകൊള്ളുന്ന ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള എന്തറിവും ഫിലോസഫിയാണ്. അത് മനസ്സിലാക്കണമെങ്കിൽ കുറച്ച് മെറ്റീരിയലിസത്തിനപ്പുറത്തേക്ക് ചിന്തിക്കാനുള്ള സെൻസിബിലിറ്റി കൂടി വേണം.’ ഇത്തവണ ലിസി അവനിയെ നോക്കിയാണ് കണ്ണുരുട്ടിയത്. ഇരുപക്ഷവും ചേരാൻ നിവൃത്തിയില്ല. ഈ വാഗ്വാദത്തിന് തടസ്സം വരുത്താൻ ശ്രമിട്ടും കാര്യമില്ലെന്ന് അവൾക്ക് നന്നായിട്ട് അറിയാം.
ആൽബിയുടെ മുഖത്തെ വലിഞ്ഞു മുറുകുന്ന പേശികളിൽ നിന്ന് അയാളുടെ കോപത്തിന്റെ ഊഷ്മാവുയർന്നു.
‘ഹലോ മാഡം, ഇയാളീ പറഞ്ഞ സൊസൈറ്റിയുടെ എന്നെ പോലെയുള്ള പാവകൾ തന്നെയാണ് രാജ്യത്തിന്റെ സാമ്പത്തികവും ശാസ്ത്രീയവും പ്രതിരോധപരവുമായ ഉയർച്ചയിൽ ആഗോളതലത്തിൽ തന്നെ വലിയ പങ്കു വഹിക്കുന്നത്, അല്ലാതെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നു വെച്ചാൽ ലക്ഷ്വറി വാഹനങ്ങൾ മാത്രമല്ല. മാൻപവർ പരാജയപ്പെടുന്നിടത്ത് ഫിലോസഫി അല്ല മെക്കാനിക്സ് ആണ് വർക്ക് ചെയ്യുന്നത്. എവടെ, ഈ സ്വപ്നജീവികളോടൊക്കെ ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം. പിന്നെ ആഗോളതലത്തിലൊന്നും ചിന്തിച്ചില്ലെങ്കിലും സ്വന്തം കാര്യത്തിലേക്ക് വന്നാൽ ഞാൻ ചെയ്യുന്ന പണിക്ക് എന്റെ ഇഷ്ടത്തിന് ജീവിക്കാനുള്ള നല്ല ശമ്പളവും കിട്ടുന്നുണ്ട്. ഇയാൾ പഠിച്ചിറങ്ങിയാൽ ഫിലോസഫി തന്നെ പുഴുങ്ങി തിന്നേണ്ടി വരും.’ അവനിയുടെ കോപത്തിന്റെ ആഴമളക്കാൻ ഇറങ്ങിത്തിരിച്ച അയാൾക്ക് തർക്കം നിർത്തി കരകയറാനായില്ല.
അവനിയുടെ മുഖമാകെ ചുവന്നിരുന്നു. ഇത്തവണ ദേഷ്യം കൊണ്ട്. ‘ആഗോളതലത്തിലെ യന്ത്രശാസ്ത്രത്തെക്കുറിച്ച് മാത്രം അറിയുന്നവർ മറ്റു വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഈ ലോകത്ത് മനുഷ്യമനസ്സുകളെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് ആൽബിയൊന്നു ഇന്റർനെറ്റിൽ സർച്ച് ചെയ്തു നോക്കിയാൽ മതി. മനുഷ്യർക്ക് വേണ്ടി മാത്രമല്ല ഈ ഭൂമിയ്ക്കും പ്രകൃതിക്കും വേണ്ടി പ്രയത്നിക്കുന്നത് അതേക്കുറിച്ചൊക്കെ ചിന്തിക്കാൻ കഴിവുള്ളവരാണ്, അല്ലാതെ സ്വന്തം ശമ്പളത്തിന്റെ ലക്ഷ്വറിയും ആസ്വദിച്ച് അതിന്റെ ജാഡയും കാണിച്ച് നടക്കുന്നവരല്ല. പിന്നെ, ഫിലോസഫി പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞാൽ വേറെയും ഒരുപാട് കരിയർ ഓപ്ഷൻസ് ഉണ്ട്. ഇതൊക്കെ മനുഷ്യരെ പോലെ ചിന്തിക്കുന്നവർക്ക് പറഞ്ഞിട്ടുള്ളതാ.!’ അവനിയ്ക്ക് പറഞ്ഞ വാക്കുകൾ മതിയാവാതെ മുൻപിൽ ഇരിക്കുന്ന പ്ലേറ്റ് എടുത്ത് ആൽബിയുടെ തലയ്ക്ക് എറിയണം എന്ന് തോന്നി. ആൽബിയ്ക്ക് തിരിച്ചും. അതുകൊണ്ടു തന്നെ ആ സംവാദം അവിടെ അവസാനിപ്പിച്ചില്ലെങ്കിൽ തന്റെ നിയന്ത്രണം വിടുമെന്ന് ആൽബിയ്ക്ക് തോന്നി. അയാൾ അവനിയെ ഒരു നിമിഷം തറപ്പിച്ചു നോക്കിയ ശേഷം ലിസിയെ നോക്കി. സഹോദരന്റെ ഉദ്ദേശം മനസ്സിലായ ലിസി തലയാട്ടി.
‘എക്സ്ക്യൂസ് മീ.’ ആൽബി ആ സംവാദം അവിടെ അവസാനിപ്പിച്ച് കയ്യിലിരുന്ന സ്പൂൺ ശക്തിയായി പ്ലേറ്റിലേക്കിട്ടുകൊണ്ട് എഴുന്നേറ്റു. അവനിക്ക് എന്തോ വിജയം നേടിയ സന്തോഷം തോന്നി. അവൾ ലിസിയെ നോക്കി പല്ലിളിച്ചു കാണിച്ചു.
‘നിനക്ക് എന്തിന്റെ കേടാ അവനീ. ഇനി ഇതിന്റെ ബാക്കി ഞാൻ കേൾക്കണം.’ അവനി, താൻ എന്തു ചെയ്തു എന്ന മട്ടിൽ കൈമലർത്തി.
‘ നിന്റെ ചേട്ടനല്ലേ തുടങ്ങി വെച്ചത്. അപ്പൊ ഞാൻ മിണ്ടാതിരിക്കണോ?’. ലിസി മേല്പോട്ട് നോക്കി ശക്തിയായി ശ്വാസമയച്ചു.
‘ചേട്ടൻ തമാശയ്ക്ക് നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ എന്തെങ്കിലും പറഞ്ഞെന്നു വെച്ച്, നീ എന്തിനാ അങ്ങനെയൊക്കെ പ്രതികരിച്ചത്?’ അവനി പരിഭവത്തോടെ നെറ്റിച്ചുളിച്ചു.
‘ഓ, ഇപ്പൊ ഞാൻ ചെയ്തതായി തെറ്റ്. ചേട്ടന്റെ ഈഗോയെ കുത്തി നോവിച്ചത് അനിയത്തിക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കും.’ ലിസി പരാജയഭാവത്തിൽ അവനിയെ നോക്കി.
‘ഉം. ആൽബിയെ നിനക്ക് അറിയില്ല. . ദേഷ്യം വന്നാൽ ഇങ്ങനെ എഴുന്നേറ്റ് പോകുന്ന പതിവൊന്നും ഇല്ല. ഇന്ന് നിയന്ത്രിച്ചത് എനിക്ക് വേണ്ടിയാ, അതെനിക്കറിയാം. ‘ ലിസി ഒന്ന് നിർത്തിയ ശേഷം തുടർന്നു. ‘ആൽബിക്ക് കുറച്ചു മുൻകോപം ഉണ്ടെന്നേ ഉള്ളൂ. ആള് പാവമാണ്. പക്ഷേ അത് അധികമാരും മനസ്സിലാക്കാറില്ല.’ അവനിയുടെ കോപം തണുത്തു തുടങ്ങി. ലിസി ആൽബിയെക്കുറിച്ച് കൂടുതൽ പറയണമെന്നവളാഗ്രഹിച്ചു, പക്ഷേ അത് പ്രകടിപ്പിക്കാൻ തയ്യാറായില്ല.
‘വല്ല്യ കാര്യമായിപ്പോയി. നിന്റെ ചേട്ടന്റെ മുൻകോപം കുറയാത്തത് ആരും തിരിച്ചൊന്നും പറയാത്തത് കൊണ്ടാ. ചേട്ടനെ കുറച്ചു ദിവസം നമ്മുടെ അപാർട്മെന്റിൽ കൊണ്ട് നിർത്ത്. ഞാൻ ശരിയാക്കിത്തരാം.’ അവനി ചിരിച്ചു കൊണ്ട് ഫോർക്കിൽ ഭക്ഷണമെടുത്ത് വായിലിട്ടു.
‘എന്റെ ചേട്ടനെ ഒരു കൊലപാതകിയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല മോളെ.’ ലിസി ഭക്ഷണം കഴിക്കൽ നിർത്തി എഴുന്നേറ്റു. ‘ മിസ്സ് എലിസബത്ത് റോസ്, യുവർ ബ്രദർ ഈസ് എ മെയിൽ ഷോവനിസ്റ്റ്.’ അവനി വിളിച്ചു പറഞ്ഞു.
‘ഓ… ഞാൻ സഹിച്ചു.’ ലിസി തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് സഹോദരനെ തിരഞ്ഞു പോയി.
അവനിയുടെ പെരുമാറ്റത്തിൽ ഖേദിച്ച് ലിസി ആൽബിയോട് ക്ഷമ ചോദിച്ചു.’ പെണ്ണുങ്ങളായാൽ സ്മാർട്നെസ്സ് ഒക്കെ ആവാം പക്ഷേ കുറച്ചു നിയന്ത്രണവും വേണം.’ ആൽബി പല്ലിറുമ്മിക്കൊണ്ട് ലിസിയെ അടിമുടി നോക്കി. ‘ലിസി നിന്റെ ഈ കൂട്ട് അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല.’ സഹോദരന്റെ സ്വഭാവം അറിയാവുന്ന ലിസി അയാളെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ‘അതൊക്കെ ചേട്ടന് വെറുതെ തോന്നുന്നതാ. ചേട്ടനെപ്പോലെ കുറച്ചു മുൻകോപം ഉണ്ടെന്നേ ഉള്ളൂ. അവനി നല്ല കുട്ടിയാ. നല്ല സ്നേഹമാണ് എന്നോട്.’ ലിസി സുഹൃത്തിനെ ന്യായീകരിച്ചു. ‘ അതിന് ഞാനെന്ത് വേണം, പോയി കെട്ടിപ്പിടിച്ച് ഉമ്മ വെക്കണോ? നിന്റെ പാർട്ടിയ്ക്കിടയിലായി പോയി. അല്ലെങ്കിൽ കാണാമായിരുന്നു അവൾടെ ഒരു ഫിലോസഫി.’ ആൽബിയുടെ കോപം അപ്പോഴും അടങ്ങിയില്ലായിരുന്നു.
പാട്ടും ഡാൻസുമായി പാർട്ടി നീണ്ടു പോയെങ്കിലും ആൽബി അവനിയെ പാടേ തഴഞ്ഞു. അയാൾ കുറച്ചു നേരം ലിസിയോടൊത്ത് നൃത്തം ചെയ്ത ശേഷം ഒരു ടേബിളിൽ മാറിയിരുന്നു. ലിസിയുടെ ഓരോ സുഹൃത്തുക്കളായി മാറി മാറി അയാളുടെ അടുത്ത് ചെന്നിരുന്നു സംസാരിച്ചുകൊണ്ടിരുന്നു. സമയം കടന്നുപോകുന്നതിനനുസരിച്ച് അവനിയ്ക്ക് തന്റെ വിജയഭാവത്തിൽ വിഷാദം കലരുന്നതായി തോന്നി. അവൾ മറ്റൊരു കോണിലെ ടേബിളിൽ ചെന്നിരുന്നതും കോളേജിലെ തന്റെ ഒരു സീനിയർ വന്ന് അവളെ ഡാൻസ് ഫ്ലോറിലേക്ക് വിളിച്ചു. അന്നേരം അതിനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും, എന്തോ ആൽബിയോട് എങ്ങനെയെങ്കിലും പകരം വീട്ടണമെന്ന് അവൾക്ക് തോന്നി. പക്ഷേ, അയാൾ തന്നെ ശ്രദ്ധിക്കുന്നു പോലുമില്ല. ചിലപ്പോൾ താൻ മനസ്സുകൊണ്ട് ആൽബിയിലേക്ക് സഞ്ചരിച്ചത് പോലെ ആൽബി തിരിച്ചു സഞ്ചരിച്ചിട്ടുണ്ടാവില്ല. വെറുതെ കുറച്ച് സമയം കൊണ്ട് എന്തൊക്കെയോ ചിന്തിച്ചുകൂട്ടിയതിൽ അവനിക്ക് തന്നോട് തന്നെ അമർഷം തോന്നി. എല്ലാം തോന്നൽ മാത്രമായിരുന്നിരിക്കണം. ഏതായാലും അവിടെ വെറുതെയിരുന്നു വിഷമിക്കുന്നതിലും ഭേദം ഡാൻസ് ചെയ്യാനുള്ള ക്ഷണം സ്വീകരിക്കുന്നതാണെന്ന് തോന്നി. അവൾ ആ ചെറുപ്പക്കാരന്റെ കൈ പിടിച്ചു. അയാളവളെ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നവരുടെ ഇടയിലേക്ക് നയിച്ചു. അയാൾ ഡി ജെ യോട് സ്ലോ മ്യൂസിക് എന്ന് വിളിച്ചു പറഞ്ഞു. അടുത്ത നിമിഷം, ‘എഡ് ഷീരാന്റെ’ മാന്ത്രിക ശബ്ദത്തിൽ ‘പെർഫെക്ട്’ എന്ന ഗാനം ഒഴുകിത്തുടങ്ങി. തനിക്കായി മാത്രം കാത്തിരുന്ന ഒരു പെണ്ണിനുവേണ്ടി ഒരാൾ കരുതിവെച്ച പാട്ട്. ആ പാട്ടിന്റെ മാസ്മരികതയാവാം ആൽബിയുടെ കണ്ണുകൾ അറിയാതെ അവനിയെത്തിരഞ്ഞു. അവളെ മറ്റൊരു ചെറുപ്പക്കാരന്റെയൊപ്പം കണ്ടപ്പോൾ അയാളുടെ ഹൃദയസ്പന്ദനങ്ങളുടെ വേഗത കുറഞ്ഞു. അവർ രണ്ടുപേരും നൃത്തം ആസ്വദിക്കുന്നുണ്ട്, പക്ഷേ പരസ്പരസാന്നിധ്യം ആസ്വദിക്കുന്നുണ്ടാവുമോ? ആൽബിയ്ക്ക് നേരെ ചെന്ന് അവനിയെ അയാളിൽ നിന്നും വേർപെടുത്തി അവളുടെ കൈപിടിച്ചു ആ മനോഹരഗാനത്തിനും ഹൃദയതാളങ്ങൾക്കുമൊപ്പം നൃത്തം ചെയ്യണമെന്ന് തോന്നി. അവളിൽ നിന്നുയരുന്ന, തന്നെയുരുക്കിക്കൊണ്ടിരിക്കുന്ന ആ ഊഷ്മാവിൽ ലോകം മുഴുവൻ മുഴുവൻ അലിഞ്ഞില്ലാതാവുമ്പോൾ അവളെ ചുംബിക്കണം. സമാന്യദിശ തെറ്റി സഞ്ചരിക്കുന്ന മനോവ്യാപരങ്ങളെക്കുറിച്ച് ബോധവാനാകും മുൻപ് അവനിയുടെ കണ്ണുകൾ ആൽബിയിലുടക്കി. ഒരു നിമിഷം കണ്ണെടുക്കാതെ ആൽബിയെത്തന്നെ നോക്കിയ ശേഷം അവൾ മുൻപിൽ നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി ചിരിച്ചു. അവൾ തന്നെ മനപ്പൂർവം തിരസ്കരിച്ചത് പോലെ ആൽബിക്ക് തോന്നി. അങ്ങനെയൊരനുഭവം ജീവിതത്തിലാദ്യമായാണ്. അയാളുടെ മനസ്സ് പടച്ചട്ട നഷ്ടപ്പെട്ട പോരാളിയെപ്പോലെ പതറി. ആൽബിയ്ക്ക് ആ പാർട്ടിഹാളിന് പുറത്തു കടക്കണമെന്ന് തോന്നി, അയാൾ പുറത്തേക്കുള്ള വാതിൽ തിരഞ്ഞു.
ഒരു നിമിഷത്തിന് ശേഷം അവനി ഡാൻസ് പാർട്ണറിൽ നിന്നും ശ്രദ്ധ തിരിച്ച് ആൽബിയെ നോക്കി. പക്ഷെ മുൻപ് നിന്നിടത്ത് അയാളില്ല. അവനി കണ്ണുകൾ കൊണ്ട് ആ മുറി മുഴുവൻ പരതി. ഇല്ല, ആൽബി അവിടെയെങ്ങുമില്ല. തന്റെ പ്രതികരണം ആൽബിയെ വീണ്ടും പ്രകോപിപ്പിച്ചിട്ടുണ്ടാകുമോ? അയാൾ തന്നോട് യാത്രപോലും പറയാതെ തിരിച്ചു പോയോ? പോയിരിക്കരുതേയെന്ന് അവൾ പ്രാർത്ഥിച്ചു. എന്തിനു വേണ്ടിയാണ് മനസ്സ് അയാളെ തിരയുന്നതെന്ന് സ്വയം ചോദിച്ചു. ആൽബിയെ കാണാനുള്ള അവളുടെ ആഗ്രഹം ശക്തമായി. അവനിയുടെ ഹൃദയമിടിപ്പിന് വേഗതയേറി. ആൽബി അടുത്തു വന്ന് നിന്നപ്പോഴുണ്ടായ അതേ ശ്വാസതടസ്സം അയാളുടെ അഭാവത്തിലുമുണ്ടായി. ഒരു നിമിഷം പോലും അധികം അവിടെ നിൽക്കാൻ കഴിയില്ലെന്ന തോന്നലുണ്ടായപ്പോൾ നൃത്തമവസാനിപ്പിച്ച് ആ ചെറുപ്പക്കാരനോട് റൂമിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അവൾ ലിസിയെ തിരഞ്ഞു പോയി.
‘ലിസി, ഞാൻ ആകെ ക്ഷീണിച്ചു. എനിക്ക് നാളെ ജനറൽ സെമിനാറിന്റെ ഡിപ്പാർട്മെന്റ് പ്രസന്റേഷൻ ഉള്ളതല്ലേ, ഒന്നുകൂടി നോക്കണം, ഞാൻ പോട്ടെ.’ അവനിയുടെ മുഖം കണ്ട് ലിസി നെറ്റി ചുളിച്ചു. ‘അതിന് നീ നന്നായി തയ്യാറെടുത്ത് എന്നെയും മായയെയും പറഞ്ഞു കേൾപ്പിച്ചതല്ലേ, പിന്നെന്താ?’ ലിസി മുഖത്ത് ഗൗരവം വരുത്തി കൈകെട്ടി നിന്നു. ‘എന്താ മുഖത്തിനൊരു വാട്ടം? നേരത്തെ നടന്ന ചേട്ടനുമായുള്ള അടിയുടെ പ്രത്യാഘാതം ആണോ, അതോ വീണ്ടും പോയി കൊളുത്തിയോ ?’ ലിസിയുടെ ചോദ്യം മർമ്മത്തിൽ കൊണ്ടെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല.
‘ഇവിടെ ബാക്കിയുള്ളവർക്ക് നിന്റെ ചേട്ടൻ എന്തു പറഞ്ഞെന്ന് ആലോചിച്ചിരിക്കലല്ലേ പണി. നിന്റെ ചേട്ടൻ വെറും ജാഡയാണ്. നീ സൈക്യാട്രി തിരഞ്ഞെടുത്തത് നന്നായി, നിന്റെ ചേട്ടനെത്തന്നെ ചികിത്സിക്കാം.’ അവളും ഗൗരവഭാവത്തിൽ കൈകെട്ടി. ‘ ബൈ ദ ബൈ, അയാൾ സ്ഥലം വീട്ടിട്ടില്ലെങ്കിൽ ഞാൻ യാത്ര പറഞ്ഞിട്ട് പൊയ്ക്കോളാം. നിന്റെ സുഹൃത്താണെന്നുള്ള മര്യാദ നിന്റെ ചേട്ടനില്ലെങ്കിലും, ഞാനത് തിരിച്ചു കാണിക്കരുതല്ലോ. ‘ ലിസി കൈയ്യഴിച്ച് അരയ്ക്ക് കൊടുത്ത് അവനിയെ നോക്കി തലയാട്ടി. ‘ അവിടെ ടെറസിലുണ്ട്, ചെല്ല്.’ അവനിയുടെ മുഖത്ത് ചിരി വിരിഞ്ഞു. അവൾ ലിസിയുടെ കവിളത്ത് ഉമ്മവെച്ച് അവളെ നോക്കി കണ്ണിറുക്കിയ ശേഷം ടെറസിലേക്ക് നടന്നു.
അവനി ചെല്ലുമ്പോൾ ആൽബി ടെറസിൽ നിന്നും താഴെ റോഡിലേക്ക് നോക്കി സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാളുടെ മനസ്സിൽ ദേഷ്യം മാറി ആശയക്കുഴപ്പമായി. അതിൽ അയാളാകെ അസ്വസ്ഥനായിരുന്നു. ചെരുപ്പിന്റെ ഹീലുകൾ അവനിയുടെ ആഗമനം വിളിച്ചോതിയെങ്കിലും ആൽബി തിരിഞ്ഞു നോക്കിയില്ല.
‘ ആൽബീ…’ അവനി താഴ്ന്ന ശബ്ദത്തിലാണ് വിളിച്ചത്. ആൽബി തിരിഞ്ഞു നിന്ന് ചോദ്യഭാവത്തിൽ ഗൗരവത്തോടെ ഒരു പുരികമുയർത്തുക മാത്രം ചെയ്തു. ‘ഞാൻ റൂമിലേക്ക് പോവുന്നു. നാളെയൊരു സെമിനാർ പ്രസന്റേഷനുണ്ട്.’ അവനിയുടെ മുഖത്തെ ഭാവമെന്തെന്ത് വായിച്ചെടുക്കാൻ ആൽബി ശ്രമിച്ചില്ല.
‘ഓ. കെ. ബൈ. ഗുഡ്നൈറ്റ്.’ അത്രെയും പറഞ്ഞ് ആൽബി സിഗരറ്റ് ചുണ്ടോടാടുപ്പിച്ചു. അയാളുടെ ദേഷ്യം മാറിയിട്ടില്ലെന്ന് തോന്നിയപ്പോൾ അവനിയ്ക്ക് വല്ലായ്ക തോന്നി. അവൾ രണ്ടാമതൊന്നാലോചിക്കാതെ ആൽബിയുടെ കഴുത്തിലൂടെ കയ്യിട്ട് മുറുകെ പുണർന്നു. അവനിയ്ക്ക് ആശ്വാസവും അസ്വസ്ഥതയും തോന്നി. ആൽബിയ്ക്ക് അമ്പരപ്പും. ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ ലഹരി കലർന്ന ആ ഗന്ധത്തിന് താൻ അടിമപ്പെടുന്നതായി അവൾക്ക് തോന്നി. അതിൽ നിന്ന് സ്വയം സംരക്ഷിക്കാനായി അവൾ പിടിവിട്ട് പുറകോട്ട് മാറി. ഒരൊറ്റ നിമിഷം കൊണ്ട് ആൽബിയുടെ ആശയക്കുഴപ്പങ്ങൾ ആവിയായായി. അയാൾക്ക് അവളെ മുറുകെ പുണരണമെന്ന് തോന്നി. പക്ഷേ ആൽബിക്ക് പ്രതികരിക്കാനാവും മുൻപ് അവൾ തിരിയാതെ പിറകോട്ട് അടിവെച്ച് ആൽബിയുടെ കണ്ണുകളിലേക്ക് നോക്കി.
‘സീ. യൂ. ആൽബി. ഗുഡ് നൈറ്റ്.’ അവളുടെ കണ്ണുകൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖം ആ ഇരുട്ടിലും ചുവന്നിരുന്നു. തന്നെ ഒന്നും പറയാനനുവദിക്കാതെ അവൾ പോയ്മറയുന്നത് ഹൃദയത്തിലൊതുക്കിയ ഒരു പുഞ്ചിരിയോടെ ആൽബി നോക്കി നിന്നു.