ആം സോർ (നോവൽ – ഭാഗം 5 )

‘എന്നിട്ട്, ആ ഗന്ധം പിന്നീട് തന്നെ തേടി വന്നോ?’ ഏപ്രിലിന് ആകാംക്ഷ അടക്കാനായില്ല. ആൽബി അനുകൂലാർത്ഥത്തിൽ തലകുലുക്കിക്കൊണ്ട് മുഖംകുനിച്ചു. അയാൾ ദീർഘനിശ്വാസത്തോടെ വിദൂരതയിലേക്ക് നോക്കി കുറേ നേരം മിണ്ടാതിരുന്ന ശേഷം തുടർന്നു.

ഒരു വർഷത്തിനു ശേഷം ലിസിയുടെ പിറന്നാളാഘോഷിക്കാനായാണ് ആൽബി മംഗലാപുരത്തെത്തിയത്. ടൗണിന് നടുക്കുള്ള ഷെട്ടീസ് റസ്റ്റ്‌റ്റോറന്റിന്റെ മുകളിലെ വലിയ പാർട്ടിഹാളിലേക്കുള്ള ഡോർ തുറക്കുമ്പോൾ, അതിനു നടുവിൽ കടുംനീലക്കളറിൽ മുട്ടിൽ നിന്നും വളരെ മുകളിലേക്ക് കയറിക്കിടക്കുന്ന നീല വെൽവെറ്റ് ഫ്രോക്കിട്ട ലിസിയും അവളുടെ നാലഞ്ചു കൂട്ടുകാരികളും കൂടിനിൽക്കുകയായിരുന്നു. അതിലൊരാൾ ലിസിയെ മുറുകെ പുണരുന്നതിനിടയിലാണ് അവൾ ആൽബിയെ കണ്ടത്. ലിസി അവളോടെന്തോ പറഞ്ഞ് അയാളുടെ അടുത്തേക്കോടി. അവൾ സഹോദരനെ സന്തോഷത്തോടെ മുറുകെ കെട്ടിപ്പിടിച്ചു.
‘ഹാപ്പി ബർത്ത്ഡേ ലിറ്റിൽ സിസ്റ്റർ.’ അയാൾ ലിസിയുടെ തോളിൽ പിടിച്ച് കൈയ്യകലത്തിൽ നീക്കി നിർത്തി. അയാളുടെ കണ്ണുകളിൽ ഗൗരവം നിറഞ്ഞു. അയാൾ ഇഷ്ടക്കേട് പ്രകടിപ്പിക്കാൻ മടിച്ചില്ല.
‘ഇതൊക്കയായിരുന്നു ഇങ്ങോട്ട് വരുമ്പോഴുള്ള കണക്കുകൂട്ടലുകൾ അല്ലേ? ബർത്ത്ഡേയൊക്കെ ആണെന്നുള്ളത് സമ്മതിച്ചു. ഡ്രസ്സിന് നീളം കുറയാം, പക്ഷേ ഇത് കുറച്ചധികം കുറവാണ്. ഇതൊക്കെ ഇടുന്നവരുണ്ടായിരിക്കാം, പക്ഷേ ആൽബിയുടെ അനിയത്തി എവിടെ പോയാലും ഇനി ഇതുപോലത്തെ ഡ്രസ്സ്‌ ഇടില്ല. മനസ്സിലായോ?’. അയാൾ ലിസിയോട് കനത്ത സ്വരത്തിൽ ചോദിച്ചു. അവളുടെ മുഖം മങ്ങി.

‘ആൽബീ, തന്റെ സഹോദരിക്ക് അന്ന് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സില്ലേ ആ സമയത്ത് ? എന്നിട്ടാണോ അവളിടുന്ന വസ്ത്രങ്ങളെക്കുറിച്ച് താൻ ഇങ്ങനെയുള്ള അഭിപ്രായം പറയുന്നത്.’ ഇടയ്ക്ക് സംസാരിക്കില്ലെന്ന് കരുതിയതാണെങ്കിലും ആ പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിൽ സഹോദരൻ നടത്തിയ കൈകടത്തലിലുള്ള തന്റെ അഭിപ്രായാവ്യത്യാസം പ്രകടിപ്പിക്കാതിരിക്കാൻ ഏപ്രിലിനായില്ല. പക്ഷേ അവളുടെ ഇടപെടൽ അയാളെ ചൊടിപ്പിച്ചു.
‘ഞാൻ കുറച്ച് യാഥാസ്ഥിതിക ചിന്താഗതിയുള്ള ആളാണെന്ന് കരുതിക്കോ.’ അയാൾ നെറ്റി ചുളിച്ചുകൊണ്ട് ഗൗരവത്തോടെ ഏപ്രിലിനെ നോക്കി.
‘ തന്റെ സഹോദരിയെന്നല്ല, മുതിർന്ന ഏതൊരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതും അപമര്യാദയാണ് മിസ്റ്റർ ആൽബർട്ട്. ഇനിയെങ്കിലും അത് മനസ്സിലാക്കണം. ഓരോ വ്യക്തിയുടെയും താല്പര്യങ്ങൾ വ്യത്യസ്തമാണ്. അത് നമ്മൾ മാനിച്ചേ പറ്റൂ.’ ഏപ്രിൽ വളരെ ഗൗരവത്തോടെ പറഞ്ഞു.
‘ഇവിടെയിപ്പോ അതാണോ ഏപ്രിൽ, വിഷയം?’. അയാൾക്ക് പെട്ടന്ന് ദേഷ്യം വന്നു.
‘ആൽബി, പറഞ്ഞു കൊണ്ടിരിക്കുന്ന വിഷയം എന്തായാലും, എനിക്കിത് പറയാതിരിക്കാൻ ആവില്ല. യു ഷുഡ് ലേൺ ടു റെസ്‌പെക്ട് ബൗണ്ടറീസ് ഓഫ് അതേർസ്.’ ഏപ്രിലിന് തർക്കിക്കാതിരിക്കാനായില്ല.
‘ ഇനിയിപ്പോ തന്റെ വ്യക്തിസ്വാതന്ത്ര്യത്തേക്കുറിച്ചുള്ള ലെക്ചർ കൂടെ ഞാൻ കേട്ടിരിക്കണോ? എനിക്ക് സൗകര്യം ഇല്ല. ഇയാള് പോയി വലിയ മര്യാദക്കാരെ ആരെയെങ്കിലും കണ്ടുപിടിക്ക് സംസാരിക്കാൻ. ഈ പറയുന്ന ആള് മറ്റുള്ളവരുടെ അതിരുകളെ ബഹുമാനിക്കുന്നത് കൊണ്ടാണല്ലോ ഇപ്പോൾ എന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നത്. അല്ലേ? അവനവനെക്കൊണ്ട് പറ്റുന്ന കാര്യങ്ങളെ മറ്റുള്ളവരോടും ഉപദേശിക്കാൻ പോകാവൂ.’ ആൽബി എഴുന്നേറ്റ് കസേര ശക്തിയായി പുറകോട്ട് ചവിട്ടി.
‘എനിക്ക്‌ ഇങ്ങനെ സ്ത്രീകളുടെ മേൽ മേധാവിത്വം കാണിക്കുന്ന പുരുഷന്മാരെയേ ഇഷ്ടമല്ല. തന്റെ ഈ സ്വഭാവം കാരണം തന്നെയായിരിക്കും ആരും കൂടെയില്ലാത്തത്. ഇപ്പൊ, ഞാൻ തന്നെയല്ലെ ഉള്ളൂ ആകെ തന്നോട് സംസാരിക്കാൻ.’ ഏപ്രിൽ തിരിച്ചും അതേ രോഷത്തിൽ മറുപടി പറഞ്ഞു. അത് ആൽബിയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവുണ്ടാക്കി. പക്ഷേ, അത് അതിയായ ദേഷ്യമായാണ് പുറത്ത് വന്നത്.
‘എങ്കിൽ താൻ പോടോ. എനിക്ക് സംസാരിക്കാൻ ജീവനുള്ള ആളുകളെ കിട്ടാഞ്ഞിട്ടല്ല. പിന്നെ, ഞാൻ വിളിച്ചിട്ടൊന്നുമല്ലല്ലോ താൻ എന്നോട് സംസാരിക്കാൻ വന്നത്. തന്നോട് സംസാരിച്ചില്ലെന്ന് കരുതി എനിക്കൊന്നും സംഭവിക്കാനും പോകുന്നില്ല. ഇയാള് പോയി ഇതുപോലെ ഗതി കിട്ടാതെ അലഞ്ഞു നടക്കുന്ന വല്ല ആത്മാക്കളുമുണ്ടോന്ന് നോക്ക് സൗഹൃദം സ്ഥാപിക്കാൻ.’ ഏപ്രിലിന്റെ മുഖത്ത് പരിഹാസം നിറഞ്ഞു.
‘തന്റെയത്ര ഗതി കിട്ടാതെ നടക്കുന്ന ആരെയും ആത്മാക്കളുടെ ലോകത്ത് ഞാൻ കണ്ടിട്ടില്ല.’ അവളുടെ വാക്കുകളിലുള്ള തീവ്രമായ പരിഹാസം അയാളെ പൊള്ളിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ആൽബി കാപ്പിയുള്ള കപ്പെടുത്ത് ഏപ്രിലിനു നേരെ വലിച്ചെറിഞ്ഞ് അകത്തു കയറി വാതിലടച്ചു. എന്നിട്ടും തന്റെ കോപമടങ്ങാത്തത്തിൽ അസ്വസ്ഥനായ അയാൾ ബൈക്കിന്റെ താക്കോലുമെടുത്ത് ഫ്ലാറ്റിനു പുറത്തിറങ്ങി. അന്നങ്ങോട്ട് തിരിച്ചു പോയില്ല.
പിറ്റേന്ന് ഓഫീസിൽ ചെന്നപ്പോഴും അയാളിൽ രോഷത്തിന്റെ കനലണഞ്ഞിരുന്നില്ല. എന്തിനെന്നറിയില്ലെങ്കിലും മനസ്സിൽ ദേഷ്യം പുകഞ്ഞു കൊണ്ടിരുന്നു. ദീർഘകാലമായി പ്രകടിപ്പിക്കാതെ അടച്ചു വെച്ച മനസ്സിന്റെ മൂടി തുറന്നതാവാം കാരണം, പുറത്തേക്ക് വരുന്നത് എന്തൊക്കെയാണെന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല. പക്ഷേ, അത്‌ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. വീണ്ടും എല്ലാം അകത്തിട്ട് വായ് മൂടിക്കെട്ടി കൂഴിച്ചു മൂടണമെന്ന് അയാളാഗ്രഹിച്ചു. അതിനായി, ഏപ്രിലിനെ ഇനി കാണരുതെന്ന് മനസ്സ്‌ താക്കീത് കൊടുത്തു കൊണ്ടിരുന്നു. ഓഫീസിൽ ഒരാഴ്ചത്തെ ലീവിഴുതിക്കൊടുത്ത് അയാൾ ബൈക്കുമെടുത്ത് യാത്ര തിരിച്ചു, എങ്ങോട്ടെന്നില്ലാതെ. ക്ഷീണം തോന്നും വരെ ബൈക്ക് ഓടിക്കും, വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ നിർത്തും. രാത്രിയാകുമ്പോൾ ഏതെങ്കിലും ബീവറേജ് ഔട്ലെറ്റിൽ കയറി മദ്യവും വാങ്ങി എവിടെയെങ്കിലും മുറിയെടുത്ത് ബോധം മറയും വരെ കുടിച്ച് കിടന്നുറങ്ങും. നാലു ദിവസം കഴിഞ്ഞപ്പോഴേക്കും മനസ്സ്‌ മരവിച്ചു തുടങ്ങുന്നത് അയാൾ അറിഞ്ഞു. അഞ്ചാം ദിവസം ഉറക്കമെഴുന്നേറ്റപ്പോൾ ആരുടെയെങ്കിലും സാമീപ്യം അയാളാഗ്രഹിച്ചു. ഡോക്ടർ പറഞ്ഞത് പോലെ മനസ്സ്‌ ഒരു കൂട്ടാഗ്രഹിക്കുന്നു. പക്ഷേ, അത് മറ്റാരുടെയും അല്ല. ഏപ്രിൽ. അവളുടെ സാന്നിധ്യം പതുക്കെ ഒരു ശീലമായി മാറുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തരങ്ങൾ അയാളെ അലട്ടാൻ തുടങ്ങി. ആൽബി നാളുകൾക്ക് ശേഷം വീണ്ടും വല്ലാതെ അസ്വസ്ഥനായി. അതടക്കാൻ കൂടുതൽ വീര്യമുള്ള ലഹരികൾ വേണമെന്ന് അയാൾക്ക് തോന്നി. മയക്കുമരുന്നുകളിലേക്കൊരു തിരിച്ചു പോക്കുണ്ടായാൽ വീണ്ടും ജീവിതത്തിലേക്കൊരു മടക്കമുണ്ടാവില്ല ചിലപ്പോൾ എന്ന് ആൽബിക്കറിയാം. പക്ഷേ അതല്ല, ഇപ്പോൾ ആശ്വാസം കണ്ടെത്താൻ താൻ ആഗ്രഹിക്കുന്ന ലഹരി അവളാണ്.
അയാൾ ശ്രദ്ധ തിരിക്കാനായി ഹോട്ടൽ മുറിയിലെ ടെലിവിഷൻ സ്വിച്ച് ഓൺ ചെയ്തു. ചാനലുകൾ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്നൊരു ഇംഗ്ലീഷ് ചാനലിൽ ഏപ്രിലിന്റെ ഇന്റർവ്യൂ കണ്ടു. ആൽബിക്ക് അത്ഭുതം തോന്നി. അങ്ങനെയൊരു വ്യക്തി ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്ന് താനറിഞ്ഞിട്ട് ഒരു മാസം പോലുമായില്ല, പക്ഷേ അതിനു മുൻപ് രേഖപ്പെടുത്തിയ അവളുടെ അടയാളങ്ങൾ ഇന്ന് തന്റെ മുൻപിൽ വന്നു നിൽക്കുന്നു.
‘ഏപ്രിൽ, വാട്ട്‌ ഈസ്‌ യുവർ കോൺസെപ്റ്റ് ഓഫ് ഡിസയർ?’ അവളുടെ അഭിമുഖം നടത്തിക്കൊണ്ടിരിക്കുന്ന അവതാരകൻ ചോദിച്ചു. അവൾ പുഞ്ചിരിച്ചു. തനിക്ക് പരിചിതമായ മനോഹരമായ ആ പുഞ്ചിരി. അയാളുടെ മനസ്സിലെ അസ്വസ്ഥതകൾക്ക് പെട്ടന്നൊരയവ് വന്നത് പോലെ. ആൽബി അവളെത്തന്നെ നോക്കിയിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കണ്ട സന്തോഷം, ആശ്വാസം.
‘ Well Jim, For me desires are a part of our destiny. Whether it is for a person, interests, ambitions or anything else; it is the fuel that drives us towards the destiny. And the destiny is not static, its dynamic.’
എത്ര ശരിയാണ് അവൾ പറഞ്ഞത്. അടുത്തെത്തുമ്പോഴേക്കും അകന്നുപോകുന്ന ലക്ഷ്യസ്ഥാനങ്ങൾ തന്റെ മാത്രം വിധിയാണെങ്കിൽ അവൾക്കെങ്ങനെ അത്‌ പറയാനാകും? ആൽബി ആ വാക്കുകളെ മനസ്സിൽ കുറിച്ചിടാനായി കണ്ണുകളടച്ചു. എന്തൊക്കെയോ മാറ്റങ്ങൾ തന്നിൽ സംഭവിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി തിരയാൻ ശ്രമിക്കാത്ത, ഒരുപക്ഷെ, തന്റെ മുപ്പത്തിരണ്ടു വർഷത്തെ ജീവിതത്തിനിടയിൽ തിരയാൻ ശ്രമിക്കാത്ത പല ഉത്തരങ്ങളും തേടിപ്പോകണമെന്ന് മനസ്സിൽ തോന്നിത്തുടങ്ങുന്നു. ഏപ്രിൽ പറഞ്ഞത് പോലെ, അവൾ തന്റെയടുത്ത് എത്തിപ്പെട്ടതിന് ഒരു കാരണമുണ്ടാവാം. അതിനായി അവിടെ അവൾ കാത്തിരിക്കുന്നുണ്ടെന്ന ഒരു പ്രതീക്ഷയുടെ കണിക അയാളിൽ സ്ഫുരിച്ചു. അന്നുച്ചയ്ക്ക് അയാൾ കൊച്ചിയിലേക്ക് തിരിച്ചു. ഫ്ലാറ്റിലെത്തി ഒരു ദിവസം മുഴുവൻ കിടന്നുറങ്ങി. ക്ഷീണമകന്നപ്പോൾ ശാന്തനായിരുന്നെങ്കിലും, ഫ്ലാറ്റിലെ ശൂന്യത അയാളെ നിരാശനാക്കി. ആൽബി അടുക്കളയിൽ ചെന്ന് കോഫി മേക്കർ ഓണാക്കി. വെള്ളം തിളച്ച് കാപ്പിയുടെ മണമുയർന്നപ്പോൾ അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.
‘ ഏപ്രിൽ, ഞാൻ നിനക്കും കൂടി കോഫി ഉണ്ടാക്കുന്നുണ്ട്.’ അയാൾ ചുറ്റും നോക്കി. ശൂന്യം. .
‘ ഏപ്രിൽ, ഐ ആം സോറി. ഞാൻ പെട്ടന്നു വന്ന ദേഷ്യത്തിൽ….’ അയാൾ ഒന്നു നിർത്തിയിട്ട് ദീർഘനിശ്വാസമയച്ചു.
‘താൻ പറഞ്ഞത് ശരിയാണ്. ഞാൻ പറയുന്നത് താൻ മാത്രം കേട്ടിരിക്കണമെന്നാണ് ഞാനിപ്പോളാഗ്രഹിക്കുന്നത്. ഞാൻ പഴയത് പോലെ ദേഷ്യം പിടിക്കാറും ഇല്ലയിപ്പോൾ. തന്നോട് തോന്നുന്ന സ്വാതന്ത്ര്യം കൊണ്ടാവും അന്നങ്ങനെ പെരുമാറിയത്. യു ആർ മൈ ഒൺലി ഫ്രണ്ട് നൗ.’ ആൽബിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഒരു നിമിഷം, നിശ്ശബ്ദത ആൽബിയ്ക്ക് ചുറ്റും തിരിഞ്ഞു.
‘എന്നിട്ടാണോ താൻ എന്റെ നേരെ കാപ്പിയൊഴിച്ചതും എന്നെ കൂട്ടാതെ ബൈക്കെടുത്ത് നാടുചുറ്റാൻ പോയതും?’. ഏപ്രിലിന്റെ ശബ്ദം കേട്ട് ആൽബി ചിരിച്ചു കൊണ്ട് തലയുയർത്തി നോക്കി. അയാൾ വിരൽ കൊണ്ട് കണ്ണിലെ നനവ് തുടച്ചു. അയാൾക്ക് ആശ്വാസവും ഉന്മേഷവും തോന്നി.
‘ചിരിച്ചുകൊണ്ട് നിൽക്കാതെ കാപ്പിയെടുത്തിട്ട് വാ. ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. എന്റെ വഴിക്ക് ഞാനും പോയാലോ എന്ന് കരുതിയതാ പക്ഷേ, ഇനിയിപ്പോ കഥ ബാക്കി കേൾക്കാതിരുന്നാൽ ഞാൻ ഗതികിട്ടാത്ത ആത്മാവായി അലയേണ്ടി വരും.’ ഏപ്രിൽ ചിരിച്ചു. അവളുടെ മുഖത്ത് ആൽബിയെ കണ്ടതിലുള്ള അതിയായ സന്തോഷം പ്രകടമായിരുന്നു. അവർ ലിവിങ് റൂമിലെ താഴ്ന്ന ജനാലയ്ക്കരികിൽ നിലത്തിട്ടിരിക്കുന്ന കുഷ്യനുകളിൽ ചെന്നിരുന്നു.
ആൽബി കാപ്പി രണ്ടു സിപ്പ് എടുത്ത ശേഷം കഥ പറഞ്ഞു നിർത്തിയിടത്ത് നിന്ന് തുടർന്നു.
‘ അന്ന് എന്റെയടുത്ത് നിന്നും രക്ഷപ്പെടാൻ വേണ്ടി ലിസി പെട്ടന്ന് അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.’ മംഗലാപുരത്തെ ഷെട്ടീസ് റെസ്‌റ്റോറന്റിലെ പാർട്ടി ഹാളും കടുംനീല ഫ്രോക്കിട്ട ലിസിയും ആൽബിയുടെ കണ്ണുകളിൽ വീണ്ടും തെളിഞ്ഞു.
‘ നിന്റെ കൂട്ടുകാരികളൊക്കെ സുന്ദരിമാരണല്ലോടി’. അയാൾ ലിസിയുടെ ചെവിയിൽ പറഞ്ഞു. അവൾ കണ്ണുകൾ മേൽപ്പോട്ടുരുട്ടി. ‘ താങ്ക്സ്. വാ അവരെയൊക്കെ പരിചയപ്പെടുത്തിത്തരാം. പക്ഷേ ഡീസന്റായിട്ടൊക്കെ പെരുമാറിയേക്കണം. എന്നെ മാനം കെടുത്തരുത്. ‘ സുഹൃത്തുക്കളുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ ലിസി താക്കീത് നൽകി.
‘ ഗേൾസ്, ഇതാണെന്റെ വൺ ആൻഡ് ഒൺലി ചേട്ടൻ, ആൽബി.’ ലിസി സഹോദരനെ പരിചയപ്പെടുത്തി. ‘ ഇത് ശ്രുതി, അവനി, പ്രിയങ്ക, സോനാലി. ഒരാൾ കൂടെയുണ്ട്, മായ. അവൾ നേരത്തെ പോയി.’ അവൾ സുഹൃത്തുക്കളെ ഉത്സാഹത്തോടെ പരിചയപ്പെടുത്തി.
‘ഹലോ, ഐ ആം ആൽബർട്ട്. ‘ അയാൾ ഓരോരുത്തരെയായി കൈകൊടുത്ത് പരിചയപ്പെട്ടു. അതിൽ അവനിയുടെ കണ്ണുകൾ ഒരു നിമിഷത്തിലേറെ തന്നെ പിടിച്ചു നിർത്തിയോ? ആൽബിക്ക് അങ്ങനെയൊരു സംശയം തോന്നി. അതോ അത്‌ തന്റെയൊരു ദുരാഗ്രഹമാണോ? സ്വയം ചോദിച്ചു. മറ്റുള്ളവരുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ അയാൾ അവനിയുടെ കണ്ണുകളിലേക്ക് നോക്കി. താൻ പോലുമറിയാതെ അയാളുടെ പുരികം ചോദ്യഭാവത്തിൽ അവനിയുടെ കണ്ണുകൾക്ക് നേരെ ഉയർന്നു. ആൽബിയിൽത്തന്നെ നോട്ടമുറപ്പിച്ചിരുന്ന അവനിക്ക് അപ്രതീക്ഷിതമായി തന്റെ കണ്ണിലുടക്കിയ ആ നോട്ടവും ആ ചോദ്യചിഹ്നവും പതർച്ചയുണ്ടാക്കിയെങ്കിലും കണ്ണുകൾ പിൻവലിക്കാനായില്ല. കണ്ണെടുക്കരുതെന്ന് വിചാരിച്ചതല്ല, പക്ഷേ ആ ചോദ്യച്ചിഹ്നം ആദ്യത്തെ കാഴ്ച്ചയിൽ അവൾക്ക് അയാളോട് തോന്നിയ ആകർഷണത്തിന് മുകളിലാണെന്ന് വ്യക്തമായിരുന്നു. ആ നോട്ടം ഹൃദയത്തിലാണ് കൊളുത്തിയത്. ആൽബിയ്ക്ക് തന്റെ മനസ്സിലെ ചോദ്യത്തിന് കിട്ടിയ ഉത്തരത്തിൽ സംതൃപ്തിയും ഒപ്പം കൗതുകവും തോന്നി. അയാൾ കണ്ണിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അവനിയെ സൂക്ഷ്മമായി വീക്ഷിച്ചു. ഞെരമ്പുകൾ പോലും തെളിഞ്ഞു കാണും വിധത്തിൽ വെളുത്ത മൃദുലമായ ചർമ്മം. നീണ്ടു വിടർന്ന തെളിഞ്ഞ കണ്ണുകളിൽ കറുത്ത തിളങ്ങുന്ന മുത്തുകൾ പതിപ്പിച്ച പോലെയുള്ള കൃഷ്ണമണികൾ. ചെറിയ മൂക്ക്. ഭംഗിയുള്ള ചുണ്ടുകളിൽ ഡ്രസ്സിന്റെ അതേ ചുവപ്പ് നിറം. അഴിച്ചിട്ട കൊലുന്നനെയുള്ള കറുത്ത തലമുടി. താൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആ ഡ്രസ്സിന്റെ ചുവപ്പ് അവളുടെ കവിളുകളിലേക്ക് പടരുന്നതായി ആൽബിയ്ക്ക് തോന്നി, ആ ചുവപ്പിന്റെ ചൂട് തന്റെ ചുണ്ടിലേക്കും. അയാളുടെ വിരലുകൾ അറിയാതെ തന്റെ ചുണ്ടുകളെ തിരഞ്ഞു. അതിൽ അവനിയുടെ മനസ്സിലെ അസ്വസ്ഥത മുഖത്ത് പ്രകടമായി. ആൽബിയുടെ ചുണ്ടിൽ ചിരിപടർന്നതും അവനി ആ കുരുക്കിൽ നിന്നും തന്റെ കണ്ണുകൾ അഴിച്ചെടുത്തു.
അവൾ പെട്ടന്ന് ശ്രദ്ധ തിരിക്കാനായി ലിസിയ്ക്ക് നേരെ തിരിഞ്ഞു.
‘കേക്ക് മുറിക്കാറായില്ലേ? ഇനി ലേറ്റ് ആക്കണ്ട.’ പാർട്ടിഹാളിലെ കേക്ക് ഇരിക്കുന്ന മേശയുടെ അടുത്തേക്ക് അവനി ലിസിയെ പിടിച്ചു വലിച്ചു കൊണ്ടുപോയി. ലിസിയുടെ ഇറക്കം കുറഞ്ഞ ഡ്രസ്സിനുള്ള പ്രചോദനം അവനിയായിരിക്കുമെന്ന് അവളിട്ടിരിക്കുന്ന ഡ്രസ്സ് ആൽബിയോട് ഉണർത്തിച്ചു. അയാൾ മനസ്സിലുണ്ടായ പുത്തനുണർവിനിടയിലും സ്വല്പം നീരസത്തോടെ തലയാട്ടിക്കൊണ്ട് അവരെ പിന്തുടർന്നു. മനപ്പൂർവമല്ലെങ്കിലും, അവനി ലിസിയ്ക്കും ആൽബിയ്ക്കും ഇടയിലാണ് നിന്നത്. ആൽബിയ്ക്ക് അവനിയുടെ അടുത്തേക്ക് നീങ്ങി നിൽക്കണമെന്ന് തോന്നി. ഒരോർമ്മയിലെന്നപോലെ ഏതോ ഗന്ധം തിരഞ്ഞ് അയാൾ ശ്വാസം അകത്തേക്കെടുത്തു.
‘ ആൽബി സ്വപ്നത്തിലറിഞ്ഞ അതേ ഗന്ധമായിരുന്നോ അവൾക്ക്?’ ഏപ്രിൽ ആകാംക്ഷ തടഞ്ഞു നിർത്തിയില്ല. ആൽബി ചിരിച്ചു കൊണ്ട് അല്ലെന്ന അർത്ഥത്തിൽ തലയാട്ടി.
‘പിന്നെ?, അപ്പൊ ആൽബിക്ക് അവനിയോട് പ്രണയം തോന്നിയില്ലേ?’. ഏപ്രിൽ സംശയം പ്രകടിപ്പിച്ചു. അയാളുടെ മുഖം പ്രസന്നമായി.
‘ അന്ന് അവനിക്ക് പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു. പക്ഷേ, എന്നെ കൊരുത്തിട്ട അവളുടെ പതറാത്ത കണ്ണുകളായിരിക്കണം എന്റെ ഹൃദയത്തെ ഞാനറിയാതെ ആദ്യം കീഴടക്കിയത്.’ ആൽബിയുടെ മുഖത്തെ ഗൗരവത്തിനിടയിലും ഒരു നേർത്ത പുഞ്ചിരി മങ്ങിക്കിടന്നത് ഏപ്രിൽ ശ്രദ്ധിച്ചു. പിന്നീടൊന്നും ഇടയ്ക്ക് ചോദിക്കില്ലെന്ന് തീരുമാനിച്ചു. അയാൾ പിറകിലേക്ക് ചാരി കണ്ണുകളടച്ചു. ആ പനിനീർപ്പൂക്കളുടെ ഗന്ധത്തിലേക്ക് മടങ്ങി.
അവനിയുടെ ഗന്ധത്തിന്റെ അപരിചിതത്വം, ആൽബിയുടെ ഒരൊറ്റ നിമിഷത്തെ തന്റെ തിരച്ചിലുകളിലേക്കുള്ള തിരിച്ചുപോക്കിൽ നിന്നും പുറത്തെത്തിച്ചു. അയാൾ തന്നോട് തന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി. മനസ്സ് പനിനീർത്തുള്ളികൾ വീണതിന്റെ ഉണർവ്വാസ്വദിച്ചു.
‘അവനി, യു സ്മെൽ സോ ഗുഡ് ‘. ആൽബിയുടെ പരുക്കൻ ശബ്ദവും തന്റെ കവിളിൽ വീണ നിശ്വാസത്തിന്റെ ചൂടും അവനിയുടെ തലച്ചോറിൽ തുളച്ചു കയറി. പാർട്ടി ഹാളിലെ എയർകണ്ടീഷനറിൽ നിന്ന് ചൂടുകാറ്റ് ഒഴുകുന്നതുപോലെ. ഒരുമിച്ചുയർന്ന ബർത്ത്ഡേ ഗാനത്തിന്റെ ശ്രുതിക്കിടയിൽ ചില ഹൃദയമിടിപ്പുകൾ താളംതെറ്റിക്കിടന്നു. ഉള്ളിലേക്കെടുത്ത ശ്വാസം അനായാസകരമായി പുറത്തേക്ക് വിടാൻ പറ്റാത്ത വിധത്തിൽ ഒരു ശ്വാസതടസ്സം നേരിടുന്നതായി അവനിക്ക് തോന്നി.
പെട്ടന്നൊരു ബലൂൺ പൊട്ടി. ഒരു ഞെട്ടലിലൂടെയാണെങ്കിലും ഒറ്റ ശബ്ദത്താൽ ലോകം പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. അവനി ശക്തിയായി പുറത്തേക്ക് ശ്വാസമയച്ചു. ഒരു ഹൃദയസ്തംഭനത്തിന്റെ വക്കിൽ നിന്നാണ് രക്ഷപ്പെട്ടത്! കേക്ക് മുറിക്കലും കഴിപ്പിക്കലും കഴിഞ്ഞ് കൂടി നിന്നവർ വീണ്ടും ചിതറിത്തുടങ്ങി. അരക്ഷണം മാത്രമൊതുങ്ങിയ ഒരു നോട്ടം ആൽബിയിലേക്ക് പായിച്ച ശേഷം ആശ്വാസത്തിന്റെ പൊട്ടിച്ചിരിയോടെ അവൾ ലിസിയെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.
‘ ഹാപ്പി ബർത്ഡേ വൺസ് എഗൈൻ മൈ ഡിയർ.’
‘ഞാനൊന്നും കാണുന്നില്ലെന്ന് വിചാരിക്കണ്ട.’ തന്നെ കെട്ടിപിടിച്ചു നിൽക്കുന്ന അവനിയോട് ലിസി പതുക്കെ ചെവിയിൽ പറഞ്ഞു.
‘എന്ത് കാണുന്നില്ലെന്ന്?’ അവനി സംശയത്തോടെ ചോദിച്ചു.
‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്?’ പിടുത്തം വിടുവിച്ച് ലിസി അവനിയുടെ മുഖത്ത് നോക്കി ചോദിച്ചു.
‘ ആരു പറഞ്ഞു?’ മുഖത്ത് ഭാവവ്യത്യാസം വരാതിരിക്കാൻ അവനി ശ്രദ്ധിച്ചു.
‘കാറ്റ് പറഞ്ഞു.’ ലിസി ചിരിച്ചു, പക്ഷേ അടുത്ത ചോദ്യം ഉടനെ വന്നു. ‘ആൽബിയെന്താ നിന്റെ ചെവിയിൽ പറഞ്ഞത്.?’ തന്റെ ഹൃദയമിടിപ്പ് പെട്ടന്ന് ഉയർന്നത് അവനി ശ്രദ്ധിച്ചു. അവൾ സംശയഭാവത്തോടെ ലിസിയെ നോക്കി. ആ കടന്നു പോയ നിമിഷങ്ങളിൽ ചുറ്റുമുള്ള ലോകം അദൃശ്യമായിരുന്നെന്നാണ് അവൾ കരുതിയിരുന്നത്. പക്ഷേ ആൽബി പറഞ്ഞത് ലിസി കേട്ടിരിക്കാനിടയില്ലെന്ന് അവൾക്കറിയാമായിരുന്നു.
‘ പറഞ്ഞതല്ല, ചോദിച്ചതാ. കേക്ക് ഏതാ ഫ്ലേവറെന്ന്. ചോക്ലേറ്റ് ബ്രൗണി എന്ന് പറഞ്ഞു. അല്ലാതെന്താ.’ അവനി നിഷ്ക്കളങ്ക ഭാവത്തോടെ പറഞ്ഞു. പക്ഷേ ലിസി വിടാൻ ഭാവമില്ലായിരുന്നു.
‘ അതൊന്നുമല്ലെന്ന് എനിക്കറിയാം മോളേ. ഞാൻ എന്റെ ചേട്ടനെയോ നിന്നെയോ ആദ്യമായിട്ട് കാണുകയൊന്നും അല്ലല്ലോ. ഞാൻ നേരിട്ട് ചോദിച്ചോളാം. അതും പറഞ്ഞ് ലിസി തിരിഞ്ഞ് ആൽബിയെ കണ്ടുപിടിക്കാനായി മുൻപോട്ട് നടന്നു.
‘ ഉം…. ചെന്ന് ചോദിക്ക്. എന്നിട്ടെന്നോട് കൂടെ പറയണേ ഉത്തരം.’ അവനി പരഹാസത്തോടെ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു. തൽക്കാലം ലിസിയെ ഒഴിവാക്കിയെങ്കിലും തന്റെ മനസ്സിലുദിച്ച ചോദ്യങ്ങൾക്കടിയിൽ അവളൊരു ചുവന്ന വര വരച്ചിട്ടാണ് പോയതെന്ന് അവനിക്ക് തോന്നി. തന്റെ കൈകളിൽ അപ്പോഴും എഴുന്നേറ്റ് നിന്നിരുന്ന രോമാകൂപങ്ങളെ ഒളിപ്പിക്കാനെന്നവണ്ണം അവൾ അമർത്തിത്തടവി. ഹൃദയത്തിലെവിടെയോ ഒരു ചെറിയ വിടവ് രൂപപ്പെട്ടതായും അതിലൂടെ ഒരുറവ ഗതി അറിയിക്കാതെ പുറത്തേക്ക് ഒഴുകുന്നതും അവൾ അറിഞ്ഞു. ആൽബിയുടെ നിശ്വാസത്തിന്റെ ചൂട് കവിളിൽ അപ്പോഴും നിലനിൽക്കുന്നത് അവൾ തൊട്ടറിഞ്ഞു. ലിസി പോയ ദിശയിലേക്ക് തിരിഞ്ഞു നോക്കാൻ മനസ്സ്‌ പ്രേരിപ്പിച്ചെങ്കിലും അവനി സ്വയം വിലക്കി.
ലിസി തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിനിടയിൽ നിന്ന് ആൽബിയെ പുറത്തേക്ക് വിളിച്ചു. ‘ചേട്ടനെന്താ അവനിയുടെ ചെവിയിൽ പറഞ്ഞത്?’ അവൾ ഒരു പുരികമുയർത്തി ഗൗരവത്തോടെ സഹോദരനെ നോക്കി.
‘അവനി എന്തെങ്കിലും പറഞ്ഞോ?’ ആൽബി ലിസിയുടെ ഭാവത്തിന്റെ പ്രതിഫലനം പോലെ അതേ ഗൗരവത്തിൽ ഒരു പുരികമുയർത്തി ചോദിച്ചു.
‘അവളെന്തെങ്കിലും പറഞ്ഞോ എന്നുള്ളത് അവിടെ നിൽക്കട്ടെ. ഞാൻ കണ്ടു ആ തിരക്കിനിടയിൽ അവളുടെ ചെവിയിൽ എന്തോ പറഞ്ഞത്. ‘ ലിസിയുടെ ഗൗരവം വിടാത്ത മുഖം കണ്ട് ആൽബി ചിരിച്ചുകൊണ്ട് ചുറ്റും നോക്കി അവൾക്ക് മാത്രം കേൾക്കാനെന്ന ഭാവത്തിൽ ശബ്ദം താഴ്ത്തി.
‘ അതേ, പറഞ്ഞതല്ല. ചോദിച്ചതാ. ഞാൻ അവളെ കല്യാണം കഴിച്ചോട്ടേ എന്ന്. നിനക്ക് വല്ല എതിർപ്പും ഉണ്ടോ?’ ലിസി കണ്ണുകൾ മേല്പോട്ട് ഉരുട്ടി.
‘എനിക്ക് മനസ്സിലായി. നിങ്ങൾ രണ്ടാളും സത്യം പറയുന്നില്ലെങ്കിൽ അപ്പൊ പുറത്ത് പറയാൻ പറ്റാത്ത എന്തെങ്കിലും ആയിരിക്കും.’ അവൾ സഹോദരനെ പിറകോട്ട് തള്ളിമാറ്റി തിരിഞ്ഞു നടന്നു. അവനി ലിസിയോട് പരിഭവമൊന്നും പറഞ്ഞില്ലെന്നറിഞ്ഞപ്പോൾ ആൽബിക്ക് ആശ്വാസമായി.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്