ഒരു ദീർഘദൂരയാത്രയ്ക്കായി വിമാനത്തിന്റെ ചക്രങ്ങളുരുണ്ട് തുടങ്ങിയത് പോലെ. താൻ എങ്ങോട്ടോ പോവുന്നത് അയാൾ അറിഞ്ഞു. സഹായാത്രികരില്ലാത്ത ആ യാത്ര അയാളെ ആനന്ദിപ്പിച്ചു. മുൻപിൽ ഓരോ കപ്പ് കാപ്പിയുമായി മേശയ്ക്കപ്പുറത്തും ഇപ്പുറത്തും ഇരുന്നുള്ള ആ സൗഹൃദ സംഭാഷണത്തിന് വേണ്ടി മനസ്സ് കൊതിക്കുന്നു. മുൻപൊരിക്കൽ ഇതുപോലെയൊരു യാത്ര പോയിരുന്നു. പക്ഷേ അന്ന്, ഒന്നും ഇത്ര വ്യക്തമായിരുന്നില്ല. ഇരുട്ടും വെളിച്ചവും മാറി മാറി വരുന്നു. ഭാരങ്ങളൊന്നും തന്നെ ഇല്ലാതായിരിക്കുന്നു. എത്ര സുഖകരമായ അനുഭവം. സിറ്റി ഹോസ്പിറ്റലിന്റെ പത്താം നിലയിലെ ടെറസിന് മുകളിലൂടെ ആൽബി ഒഴുകി. തിരക്കുള്ള നഗരങ്ങൾ കടന്ന്, പുഴകൾക്ക് കുറുകെ കെട്ടിയ, കരകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ കടന്ന്. സമയത്തിന്റെ മാനത്തിന് വ്യതിയാനം സംഭവിച്ചിരിക്കുന്നു. എത്ര പെട്ടന്നാണ് ദൂരങ്ങൾ താണ്ടിയത്. ദൂരെ, മനോഹരമായ പരവതാനി വിരിച്ചത് പോലെ നിറയെ വയലറ്റ് പൂക്കളുള്ള ചെടികൾ കൃഷി ചെയ്യുന്ന പാടങ്ങൾ. ആൽബിയ്ക്ക് വളരെയധികം സന്തോഷം തോന്നി. മരിച്ചവർ കാണുന്നത് വയലറ്റ് പൂക്കളാണെന്ന് എവിടെയോ വായിച്ച ഒരോർമ്മ. അവൾ അവയ്ക്കിടയിലെവിടെയോ ഉണ്ടാകണം.
ഒരുപക്ഷേ ഇത് തന്റെ ആത്മാവിന്റെ മറുപാതിയെത്തേടിയുള്ള യാത്രയുടെയും കൂടി അവസാനമാകാം.
‘ഏപ്രിൽ…. ഏപ്രിൽ….’ ആൽബി ആ പേര് ഉറക്കെ വിളിച്ചു.
‘ആൽബർട്ട്…. കണ്ണു തുറക്കൂ, ആൽബർട്ട്….’
എവിടെയോ നിന്ന് ആരോ വിളിക്കുന്നു. ഉള്ളിലേക്കെത്താതെ, ശ്രവണേന്ദ്രിയങ്ങളുടെ പുറം പാളികളിൽ തട്ടി ആ വിളി ചിന്നിച്ചിതറി പോവുകയാണ്.
‘പ്യുപിൾസ് ആർ ഗെറ്റിംഗ് ഡയലേറ്റഡ്. ഹീ ഈസ് സിങ്കിങ്ങ്.’
ഐ സി യുവിലെ ഡോക്ടർമാർ ആൽബിയെ തിരിച്ചു വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
‘ആൽബർട്ടിന്റെ കൂടെയുള്ള ആരെങ്കിലുമുണ്ടോ?’ ദൈർഘ്യമേറിയ കുറേ നിമിഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഐ സി യുവിനു മുൻപിൽ കാത്തു നിന്ന റോസി ടീച്ചർ നേഴ്സിന്റെ ചോദ്യം കേട്ട് അടുത്തേക്ക് ചെന്നു.
‘ അമ്മയുടെ കൂടെ വേറെ ആരും ഇല്ലേ?’. ടീച്ചറുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ടിട്ടാവണം നേഴ്സ് അനുകമ്പയോടെ തിരക്കി.
‘ഉണ്ട്. അവന്റെ പപ്പ ഇവിടെ നിന്ന് കുറിച്ചു തന്ന മരുന്ന് വാങ്ങാൻ താഴെ ഫാർമസിയിൽ പോയതാണ്. അദേഹത്തിന്റെ മൊബൈൽ ഫോൺ എന്റെ ബാഗിലാണുള്ളത്.’ അവർ ഇടറിയ ശബ്ദത്തിൽ മറുപടി പറഞ്ഞു.
‘എങ്കിൽ അമ്മ വരൂ, ഡോക്ടർ വിസിറ്റിംഗ് റൂമിൽ കാത്തിരിക്കുന്നുണ്ട്.’ നേഴ്സ് റോസിടീച്ചറെ ഐ സി യുവിന് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
‘ആൽബർട്ടിന്റെ മമ്മിയാണോ?.’ ഡോക്ടർ തിരക്കി. അവർ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. ഡോക്ടർ അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
‘ രക്തം കുറച്ചധികം വാർന്നു പോയിട്ടുണ്ട്, എങ്കിലും അധികം വൈകാതെ എത്തിയത് കൊണ്ട് ആൽബർട്ടിന്റെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് സാധിച്ചു. തത്കാലം ഗുരുതരനില തരണം ചെയ്തു എന്നു തന്നെ കരുതാം. ഇരുപത്തിനാലു മണിക്കൂർ കഴിയുമ്പോഴേക്കും ഒന്നുകൂടി സ്റ്റേബിൾ ആവേണ്ടതാണ്. പക്ഷേ, അയാളിപ്പോൾ വളരെ ആഴമേറിയ അബോധാവസ്ഥയിലാണ്. അതൊന്ന് മാത്രമാണ് ഞങ്ങളെ ആശങ്കപ്പെടുത്തുന്നത്. മമ്മി നന്നായി പ്രാർത്ഥിക്കൂ.’
ഡോക്ടർ വളരെ ശ്രദ്ധപൂർവമാണ് സംസാരിച്ചത്. റോസിടീച്ചർ നിറകണ്ണുകളോടെ തലതാഴ്ത്തി. കയ്യിൽ പിടിച്ച സാരിത്തലപ്പ്കൊണ്ട് വാപൊത്തി പുറത്തേക്ക് വന്ന ഏങ്ങലുകളെ മൂടിക്കെട്ടി. ഡോക്ടർ സഹാനുഭൂതിയോടെ അവരുടെ കയ്യിൽ പിടിച്ച് ഒരു നിമിഷം മൗനം പാലിച്ചു. ആ അമ്മ കണ്ണുകൾ തുടച്ചു.
‘ആൽബർട്ടിൽ നിന്നും ഇതിനിടെ ഒരിക്കൽ മാത്രം ഒരു പ്രതികരണമുണ്ടായി. ഒരു പേര് വിളിച്ചതായാണ് ഞങ്ങൾക്ക് ഊഹിക്കാൻ കഴിഞ്ഞത്. ‘ഏപ്രിൽ. ‘
റോസി ടീച്ചർ നെറ്റി ചുളിച്ചു.
‘എന്റെ അറിവിൽ അങ്ങനെ ആരുമില്ല.’
ഐ സി യുവിൽ നിന്ന് തിരിച്ചിറങ്ങി റോസി ടീച്ചർ പുറത്തെ കസേരയിൽ ചെന്നിരുന്നു. അവർ വീണ്ടും തന്റെ ഓർമ്മയിലാകെ പരതി. ഇല്ല, ഏപ്രിൽ എന്ന പേര് ആൽബിയിൽ നിന്ന് മുൻപ് കേട്ടിട്ടില്ല. ഇനി അങ്ങനെ ആരെയെങ്കിലും അടുത്തകാലത്ത് അവൻ പരിചയപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ, താനതറിയാൻ വഴിയില്ല. ആൽബി വീട്ടിൽ നിന്നും മാറി സ്വന്തം ഫ്ലാറ്റെടുത്ത്, ഒരു തുരുത്തിലെന്നപോലെ കഴിയാൻ തുടങ്ങിയിട്ട് തന്നെ വർഷം രണ്ടു കഴിഞ്ഞു. ഇടയ്ക്ക് വീട്ടിൽ വന്നാലും അവന്റെ വിശേഷങ്ങളായൊന്നും പങ്കുവെക്കാറില്ല.
‘ അമ്മേ ചായ വേണോ?’. കാന്റീനിലെ യൂണിഫോം ധരിച്ച ഒരു പയ്യൻ കയ്യിൽ വലിയ ഫ്ലാസ്ക്കും പേപ്പർ കപ്പുകളുമായി മുൻപിൽ നിൽക്കുന്നു.
‘ഉം.’ അവർ പേഴ്സ് തുറന്ന് പത്തു രൂപയെടുത്ത് കൊടുത്തു. ചായ കപ്പിലേക്ക് പകർന്നു ടീച്ചർക്ക് കൊടുത്തശേഷം, ബാക്കി ചില്ലറ കൊടുത്ത് ആ പയ്യൻ പോയി. ആ ചില്ലറ തിരിച്ചിടുമ്പോൾ പേഴ്സിന്റെ ഫ്ലാപ്പിൽ സൂക്ഷിച്ച ഫോട്ടോയിലേക്ക് ടീച്ചറുടെ ശ്രദ്ധ തിരിഞ്ഞു. ആൽബിയും ലിസിയും. ഒരു നെടുവീർപ്പോടെ അവരാ ഫോട്ടോയിലൂടെ വിരലോടിച്ചു. അവരുടെ ഹൃദയത്തിന് ഭാരം കൂടി, കണ്ണുകൾ നിറഞ്ഞു. ഓർമ്മകൾ റോസി ടീച്ചറെ ഭൂതകാലത്തേക്ക് കൊണ്ടുപോയി.
തന്റെ മക്കൾ, ആൽബർട്ട് ഫെർനാണ്ടസ് എന്ന ആൽബിയും, എലിസബത്ത് റോസ് എന്ന ലിസിയും. പപ്പ സേവിയർ അലക്സ് നേവിയിലായിരുന്നു. മക്കളുടെ വളർച്ചയുടെ കാലഘട്ടം മുഴുവൻ കണ്ടതുകൊണ്ട് അവർക്ക് അടുപ്പവും കൂടുതൽ തന്നോടാണ്. ഹയർസെക്കന്ററി സ്കൂളിലെ അധ്യാപനവൃത്തിക്കൊപ്പം തന്റെ മക്കളെയും നല്ലവണ്ണം തന്നെയാണ് വളർത്തിയത്. ആൽബിയാണ് മൂത്തത്, ലിസി അവനെക്കാൾ അഞ്ചു വയസ്സിനു താഴെയും. തന്റെ മുൻകോപവും എടുത്തുചാട്ടവും അതേപോലെ പകർന്നു കിട്ടിയത് ആൽബിയ്ക്കാണ്. കുറുമ്പുകളൊക്കെ ഉണ്ടെങ്കിലും ലിസി അവളുടെ പപ്പയെപ്പോലെയാണ്. പെട്ടന്ന് ദേഷ്യം പിടിക്കില്ല, നല്ല കൃത്യനിഷ്ഠയുമാണ്. ആൽബിയും ലിസിയും സ്നേഹം പങ്കുവെച്ചിരുന്നത് തന്നെ അവരുടെ വഴക്കുകളിലൂടെയായിരുന്നു. ലിസിയുടെ എല്ലാ കാര്യത്തിലും പപ്പയെക്കാളും മമ്മിയെക്കാളും അധികാരം കാണിച്ചിരുന്നത് ആൽബിയാണ്. ആൽബിയുടെ അമിതമായ ഇടപെടൽ ലിസിയ്ക്കിഷ്ടമല്ലെങ്കിലും, അവനെ പേടിച്ച് മറുത്തധികമൊന്നും പറയാറില്ല. മുതിരുന്നത് വരെ അവന്റെ അനുവാദമില്ലാതെ എന്തെങ്കിലും ചെയ്യാനുള്ള ധൈര്യം പോലും അവൾക്കില്ലായിരുന്നു.
ആൽബി, ചെറുപ്പം മുതൽക്കേ ദേഷ്യം വന്നാൽ കയ്യിൽ കിട്ടുന്ന സാധനങ്ങൾ വലിച്ചെറിയുകയും വഴക്കിടുകയും ഒളിച്ചിരിക്കുകയും ചെയ്യും. അവന്റെ ആ സ്വഭാവം കൊണ്ട് നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട് കുട്ടിയായിരിക്കുമ്പോൾ. വളർന്നിട്ടും അതിന് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. വഴക്കിട്ടാൽ പിന്നെ ബൈക്കും എടുത്ത് ഒറ്റ പോക്കാണ്. ആരോടും പറയാതെ. അവൻ തിരിച്ചു വരുമ്പോൾ താൻ പിണങ്ങിയിരിക്കും, ഇനി തല്ലിയാലും അവന് പരാതിയില്ല. തന്റെ ഏത് പിണക്കവും ഞൊടിയിടയിൽ മാറ്റിയെടുക്കാനുള്ള മിടുക്കും ആൽബിയ്ക്കുണ്ട്. പക്ഷേ, മറ്റാരോടെങ്കിലും വഴക്കിട്ടാൽ, സ്വന്തം തെറ്റുകളെ അംഗീകരിക്കാനോ തിരുത്താനോ പോവില്ല. സ്വഭാവത്തിലെ ഏറ്റവും വലിയ ന്യൂനതയായി, മമ്മിയെന്ന നിലയിൽ ചൂണ്ടിക്കാണിക്കാറുള്ളത് അതു മാത്രമാണ്. പഠനകാര്യങ്ങളിൽ അവനെ ഒരിക്കലും വഴക്ക് പറയേണ്ടി വന്നിട്ടില്ല. ടീച്ചർമാർക്കൊക്കെ വലിയ ഇഷ്ടമായത് കൊണ്ട് അവന്റെ ബാക്കി കുരുത്തക്കേടുകളൊക്കെ അവർ പൊതുവെ നിസ്സാരമായി തള്ളിക്കളയാറായിരുന്നു പതിവ്. ആ കാര്യത്തിൽ ലിസിയാണ് തന്നെ വ്യാകുലപ്പെടുത്തിയിട്ടുള്ളത്. അവൾക്ക് കണക്കും ഫിസിക്സും ഒന്നും ഇഷ്ടമല്ലായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾക്കെന്തു വേണമെന്ന ധാരണയില്ലാത്തത് കൊണ്ട് ആൽബിയുടെ അഭിപ്രായപ്രകാരമാണ് സൈക്യാട്രി എടുത്തത്. പഠിച്ചുതുടങ്ങിയപ്പോൾ വളരെ രസകരമായി തോന്നിയത് കൊണ്ട് ആ തീരുമാനത്തിൽ അവൾ വളരെ സന്തുഷ്ടയായിരുന്നു.
ആൽബിക്ക് അവന്റെ ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. അവൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ്, ലോകത്തെവിടെ വേണമെങ്കിലും പ്ലെയ്സ്മെന്റ് കിട്ടുമായിരുന്നിട്ടും, കൊച്ചിയിൽ തന്നെ ജോലി തിരഞ്ഞെടുത്തു. പക്ഷേ, അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല, അവന് ആരെയും അധികം ദിവസം പിരിഞ്ഞിരിക്കുന്നത് ഇഷ്ടമല്ല, കൂടിപ്പോയാൽ ഒരു മാസം. അതിനപ്പുറത്തേക്ക് അവനിഷ്ടപ്പെട്ട യാത്രകൾ പോലും നീളാറില്ല. സുഹൃത്തുക്കളൊന്നിച്ചുള്ള പാർട്ടിയും യാത്രയുമൊക്കെയായി നടന്നാലും, തന്റെ മകനൊരു തികഞ്ഞ യാഥാസ്ഥിതികനാണ്. പ്രത്യേകിച്ചും ലിസിയുടെ കാര്യത്തിൽ. അവളിടുന്ന ഡ്രസ്സും, അവളുടെ സുഹൃത്തുക്കളും, അവളുടെ കൂട്ടുകാരൊത്തുള്ള കറക്കങ്ങളും എല്ലാം ആൽബിയുടെ റഡാറിനുള്ളിലാണ്. അവളുടെ സ്വാതന്ത്ര്യത്തിന് മുകളിലുള്ള സഹോദരന്റെ അമിതമായ കടന്നു കയറ്റം സഹിക്കാൻ പറ്റാതാവുമ്പോൾ അവളും പ്രതികരിക്കും. അവരുടെ ആ വഴക്കുകളൊക്കെ ഈ നിമിഷമെന്നത് പോലെ ഇന്ന് വീണ്ടും ചെവിയിൽ മുഴങ്ങുന്നു.
‘ യുവർ ഫ്രീഡം എൻഡ്സ് വേർ മൈ നോസ് ബിഗിൻസ്.’ അവൾ സ്ഥിരമായി അവനെതിരെ ഉപയോഗിക്കുന്ന വാചകമാണ്.
‘പൊന്നുമോള് അതങ്ങു പള്ളീൽ പോയി പറഞ്ഞാ മതി.’ അവളുടെ വാദങ്ങളെ തള്ളിക്കളയാൻ അവനൊരു പ്രയാസവുമില്ല.
‘ ചേട്ടനും ആണല്ലേ? ചേട്ടന് പെൺകുട്ടികൾ സുഹൃത്തുക്കളും ഉണ്ട്, അവരുടെ കൂടെ കറങ്ങാനും സിനിമയ്ക്ക് പോകാനുമൊന്നും പ്രശ്നമില്ല. ഞാൻ എന്റെ സുഹൃത്തുക്കളുടെ കൂടെ പോകുമ്പോ മാത്രം എന്താ ചേട്ടനിത്ര വിരോധം? യൂ ആർ എ ഹിപ്പൊക്രിറ്റ്’. ലിസി അവനോട് ഏറ്റവും അധികം വഴക്കിട്ടിട്ടുള്ളത് ആൺസുഹൃത്തുക്കളുടെ കാര്യത്തിലും, ഡ്രസ്സുകളുടെ കാര്യത്തിലുമാവണം. പക്ഷേ, അവന്റെയടുത്ത് അവളൊരിക്കലും ജയിക്കാറില്ല.
‘ അതേ, ഞാൻ ചിലപ്പോ ഹിപ്പൊക്രിറ്റൊക്കെ ആയെന്നിരിക്കും. ആണായതു കൊണ്ട് തന്നെയാടീ എനിക്ക് ആ വിരോധം. ആണുങ്ങൾ എങ്ങനെയാണെന്ന് നിനക്കറിയുന്നതിനേക്കാൾ നന്നായി എനിക്കറിയാം. എല്ലാ ആണുങ്ങളും നിന്റെ ചേട്ടനല്ല. നിന്നോടെവടെയും പോകണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ. നീ നിന്റെ സുഹൃത്തുക്കളുടെ കൂടെ പൊയ്ക്കോ, ആനെറ്റും ദിയയും ഒക്കെയില്ലേ? ആൺപിള്ളേരുടെ കൂടെ കറങ്ങാൻ ഞാനില്ലാതെ നീ പോകണ്ട എന്ന് മാത്രമേ പറഞ്ഞുള്ളൂ.’
അവൻ ചിലപ്പോളൊന്നും തന്നെയും വെറുതെ വിടില്ല.
‘ മമ്മിക്ക് ഈ ആണുങ്ങൾ തയ്ക്കുന്നിടത്ത് മാത്രമേ ബ്ലൗസ് തയ്ക്കാൻ കൊടുക്കാൻ പറ്റൂ? ‘ മകനാണെങ്കിലും അവന്റെ അത്തരം ദുർവാശികൾ സമ്മതിച്ചു കൊടുക്കാറില്ല.
‘ നീ പോടാ, എന്നെ നോക്കാൻ നിന്നെ ആരും ഏൽപ്പിച്ചിട്ടില്ല. ഈ ജെൻഡർ ബേസ്ഡ് ജഡ്ജ്മെന്റസ് ഒക്കെ മാറേണ്ട കാലം കഴിഞ്ഞു ആൽബി. അവരൊക്കെ പ്രഫഷണൽസ് ആണ്. കൊച്ചിയിൽ ഏറ്റവും നന്നായി ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നത് ഇവിടെയാണ്. നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ നീ വരണ്ട.’ തന്നെ തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് നന്നായി അറിയുന്നത് കൊണ്ട് അതൊക്കെ ചെറിയ വാദങ്ങളിലൊതുക്കും.
‘ഞാൻ വരില്ലെന്നൊന്നും വിചാരിക്കണ്ട. മമ്മിയെ നോക്കാൻ എന്നെ ആരും ഏൽപ്പിക്കേണ്ട കാര്യമൊന്നുമില്ല. അതുകൊണ്ട് എന്റെ ഒരു കണ്ണ് എപ്പോഴും മമ്മിയുടെ മേൽ ഉണ്ടാവും.’
അവന് എന്നും ജയിച്ചു മാത്രമാണ് ശീലം.
ആദ്യമായി അവന് തോൽക്കേണ്ടി വന്നതും ലിസിയുടെ കാര്യത്തിലാണ്. അവൾ പോസ്റ്റ് ഗ്രാജുവേഷനായി മംഗലാപുരത്തെ കോളേജ് തിരഞ്ഞെടുത്തത് തന്നെ സഹോദരന്റെ നിയന്ത്രണരേഖയ്ക്ക് പുറത്ത് കടക്കാൻ വേണ്ടിയാവണം. അതിന്റെ പേരിൽ വലിയ വഴക്കായിരുന്നു രണ്ടുപേരും തമ്മിൽ. പക്ഷേ, പപ്പ റിട്ടയർ ചെയ്ത് വീട്ടിൽ വന്ന സമയമായത് കാരണം ആ വിഷയത്തിൽ പപ്പ ഇടപെട്ടു.
‘ആൽബി, അവളിപ്പോൾ ചെറിയ കുട്ടിയല്ല. അവൾക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാനും ജീവിതത്തെ നേരിടാനുള്ള പ്രാപ്തിയുമുണ്ടാവണമെങ്കിൽ അവളെ നമ്മൾ എപ്പോഴും ഒരു കൂട്ടിനുള്ളിലിടുകയല്ല വേണ്ടത്. അവൾക്ക് ധാരാളം സുഹൃത്തുക്കളുണ്ടാവണം, നല്ലതും ചീത്തതുമായ അനുഭവങ്ങളുണ്ടാവണം, അതിലൂടെ ജീവിതത്തെ വീക്ഷിക്കാനുള്ള പക്വതയുണ്ടാവണം. എല്ലാ കാലത്തും നമുക്കവളെ സംരക്ഷിക്കാൻ കഴിയില്ല ആൽബി. ഇപ്പൊ എന്തത്യാവശ്യത്തിനും നമ്മളൊക്കെ ഉണ്ട്. അതില്ലാതാവുന്ന ഒരു കാലത്തെ മുൻകൂട്ടി കാണുക തന്നെ വേണം ആൽബി. മംഗലാപുരം അത്ര ദൂരെയൊന്നുമല്ല. അവൾ പോകട്ടെ.’ പപ്പയുടെ ന്യായീകരണങ്ങളൊക്കെ ശരിയായിരുന്നെങ്കിലും ആൽബിക്ക് അതത്ര സ്വീകര്യമായില്ല. പോരാത്തതിന് അത്രയും കാലം നിലനിന്നിരുന്ന അവന്റെ ഭരണതന്ത്രങ്ങൾ പപ്പ തിരുത്തിയതിന്റെ അഭിമാനക്ഷതവും. പിണക്കം കാരണം അവൾ മംഗലാപുരത്തേക്ക് പോകുന്നതിന് ഒരാഴ്ച മുൻപ് അവൻ ബൈക്കെടുത്ത് ടൂർ പോയി. അവളെ മംഗലാപുരത്ത് കൊണ്ടാക്കിയത് താനും പപ്പയും കൂടിയാണ്. പക്ഷേ, ലിസിയുടെ അഭാവം ഏറ്റവുമധികം ബാധിച്ചത് അവനെത്തന്നെയാണ്. വീട്ടിൽ വന്നാൽ പിന്നെ നേരെ അവന്റെ മുറിയിലൊതുങ്ങാൻ തുടങ്ങി. അവന്റെ യാത്രകളുടെ ഇടവേളകൾ കുറഞ്ഞു വന്നു.
‘ ഡോക്ടർ വിളിച്ചിരുന്നോ?’. ആൽബിയുടെ പപ്പയുടെ ചോദ്യം റോസിടീച്ചറെ തന്റെ മനോവ്യാപരങ്ങളിൽ നിന്നും പുറത്തെത്തിച്ചു.
‘ഉം… വിളിച്ചിരുന്നു.’ അവർ ദീർഘനിശ്വാസത്തോടെ പേഴ്സ് അടച്ചു.
(തുടരും.. )