അവസ്ഥാന്തരങ്ങൾ

സ്നേഹത്തിൽ പൊതിഞ്ഞ
ഓർമകളുടെ നിറം മങ്ങുമ്പോഴാണ്
ചില ഈണങ്ങളുടെ ഈരടികൾ
അവയ്ക്ക് മയിൽപീലി വർണം നൽകുന്നത്

പുസ്തകത്തിൽ നിന്നും ഇറങ്ങിവന്നവർക്ക്
തിമിരം ബാധിക്കുമ്പോഴാണ്
കണ്ടുമുട്ടുന്ന ചില മുഖലക്ഷണങ്ങൾ
ഭൂതക്കണ്ണാടികളാകുന്നത്

വന്നുചേർന്ന ലാഭങ്ങളുടെ
പെരുക്കപട്ടിക പരിശോധിക്കുമ്പോഴാണ്
നഷ്ടവസന്തങ്ങൾ
പൂത്തു തളിർത്ത് മോഹിപ്പിക്കുന്നത്

പോയകാലത്തെ
മറവിയുടെ അടരുകളിൽ
വലിച്ചെറിഞ്ഞപ്പോഴാണ്
ജീവിതസുഗന്ധങ്ങൾ
എന്നെന്നേക്കുമായി നഷ്ടമായതറിയുന്നത്

സുഖദുഃഖ സമ്മിശ്ര ജീവിതമാണ്
കഴിച്ചു തീർക്കേണ്ടെതെന്ന
തിരിച്ചറിവിലാണ്
ആകാശനിറം ആത്മാവിൽ
ജലഛായം തീർക്കുന്നത്

കണ്ടകാഴ്ചകളുടെ യാഥാർത്ഥ്യം
മറനീക്കുമ്പോഴേക്കും
വരും ജന്മത്തിലേക്കുള്ള പുതുനാമ്പുകൾ
തലനീട്ടിത്തുടങ്ങിയിട്ടുണ്ടാകും

മലപ്പുറം ജില്ലയിലെ കാട്ടുങ്ങൽ സ്വദേശി. ഇരുമ്പുഴി ജി.എം.യു.പി .സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു