അവസ്ഥാന്തരം

അത്യാഗ്രഹത്തിന്റെ
ചിറകുമുളപ്പിച്ചു പറന്നു പോയവർക്ക്
ആകാശം കാണിച്ചു കൊടുക്കുക
അവർ പരന്നു പറക്കട്ടെ.

മനസ്സ് മനസ്സിലാക്കിയവർക്ക്
ആത്മാവിനെ കൊടുക്കുക
അവർ അറിഞ്ഞു സ്നേഹിച്ചു മദിക്കട്ടെ.

യാഥാർഥ്യങ്ങളിൽ നിന്നും
ഒളിഞ്ഞു നിന്നവന്
ഇരുളിന്റെ തടവറയിൽ
ഒരു ഇരിപ്പിടം ഒരുക്കുക
അവർ വെളിച്ചത്തിലേയ്ക്കുള്ള
വഴി അന്വേഷിക്കട്ടെ.

വിഷാദബാധയേറ്റ,
മറക്കാൻ കഴിയാത്ത വേദനകളെ
കൂർത്തകോമ്പല്ലുകൾ കൊണ്ട്
മെല്ലെ മെല്ലെ കടിച്ചു കൊല്ലുക
അവ ഞെരിഞ്ഞമർന്നു മരിക്കട്ടെ.

മലപ്പുറം മുണ്ടുപറമ്പിലാണ് സ്വദേശം. ഇരുമ്പുഴി ഹൈസ്കൂളിൽ ഗസ്റ്റ്‌ പോസ്റ്റിൽ ഹിന്ദി അദ്ധ്യാപികയായി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട് .