“കാറ്റിലാടിയും പാടിയുമെങ്ങും
കൂറ്റു കാട്ടും മരങ്ങൾ, ഫലത്തിൽ
ചുംബനം കൊണ്ടു ബന്ധുത്വമോതി
വെമ്പിടുന്നിഴജന്തുക്കൾ പോലും “
‘പ്രിയയെ അനുനയിച്ചിടുന്നു സിംഹം
പ്രിയതമനീയണയാഞ്ഞു ഞാൻ വലഞ്ഞു’
എന്ന് കുമാരനാശാൻ ‘ലീല’യിലെഴുതുന്നുണ്ട്. വിരഹദു:ഖത്തിന്റെ കാഠിന്യത്തിൽ അജ്ഞാതനായ കാമുകനെ കാണാതെ നില മറന്നു വിലപിക്കുന്ന ലീലയെ വരച്ചുകാട്ടുകയാണ് ഇവിടെ കുമാരനാശാൻ. സിംഹം പോലും പ്രിയയോടൊത്ത് ഉല്ലസിക്കുമ്പോൾ നിന്റെ അസാന്നിധ്യം പകരുന്ന വേദന എനിക്കെത്ര എത്ര വലുതാണെന്ന് ലീല എല്ലാ ഔപചാരിതകളും മറന്ന് വനമധ്യത്തിൽ വെച്ച് ചോദിക്കുകയാണ്. ലീലയെഴുതി ഒരുനൂറ്റാണ്ടിനു ശേഷം ഒരു കവി ആ ചോദ്യത്തിൽ നിന്ന് പുറത്തുകടക്കുന്നത്, ഇഴജന്തുക്കളെക്കൊണ്ട് കായ്കനികളിൽ ചുംബിച്ച് ബന്ധുത്വം പ്രഖ്യാപിച്ചു കൊണ്ടാണ്!. ഇതു പക്ഷേ, വിരഹ വേദനയിൽ കാമുക സമാഗമം ആഗ്രഹിക്കുന്ന വിരഹസന്ദർഭത്തിലല്ല. ഭാരതേതിഹാസത്തിലെ അത്യപൂർവ്വവും അസാധാരണവുമായ ഒരു കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ്. ഭാരതയുദ്ധത്തിനു മുമ്പ് കൃഷ്ണനും കർണ്ണനും തമ്മിൽ വനമധ്യത്തിൽ നടക്കുന്ന കൂടിക്കാഴ്ചയുടെ വൈകാരികവും ദാർശനികവുമായ സമസ്യകൾ മുഴുവൻ ഒരു ഇമേജറിയിലേക്ക് അന്വയിച്ചിരിക്കുകയാണ് ഈ കവി. കാറ്റിലാടിയും പാടിയും മരങ്ങൾ കൂറ്റുകാട്ടി സന്തോഷം പങ്കിടുന്ന അതേ വനത്തിൽ, അതേ മരത്തിന്റെ കായ്കനികളിൽ ഇഴജന്തുക്കൾ ചുംബനം കൊണ്ട് ബന്ധുത്വം പ്രഖ്യാപിക്കുന്നു ! ഇഴജന്തുക്കൾ പൊതുവേ മണ്ണിലൂടെ സഞ്ചരിക്കുന്നവരാണ്. അവ മരങ്ങളിലെ ഫലങ്ങളിൽ ചുംബിക്കുന്നുവെന്ന വൈരുധ്യ കൽപ്പനയിലൂടെ കൃഷ്ണ – കർണ്ണ സമാഗമത്തിന്റെ വിരുദ്ധാർത്ഥങ്ങൾ മുഴുവൻ സഞ്ചയിക്കാൻ ഈ കവിക്ക് കഴിയുന്നു.
മിത്തും ചരിത്രവും ഇഴ പിരിച്ച് മിത്തേത് ചരിത്രമേത് എന്ന് തിരിച്ചറിയാത്തവിധം കലർപ്പുകൾ സൃഷ്ടിച്ച് ഇതിഹാസകാവ്യഭാവനകളെ ചരിത്രമെന്ന മട്ടിൽ അവതരിപ്പിക്കുന്ന കാലത്ത്, പുരാവൃത്തം നമ്മുടെ സാമൂഹ്യചിന്തയിൽ നിർവ്വഹിക്കുന്ന ധർമങ്ങളെക്കുറിച്ച് ധാരാളം ചിന്തകൾ ഉണ്ടായിട്ടുണ്ട്. പുരാവൃത്തം മുന്നോട്ടു വെയ്ക്കുന്ന ദാർശനിക പാഠങ്ങൾ ഏതുവിധത്തിലാണ് മനുഷ്യരിൽ പ്രവർത്തിക്കുന്നത് അല്ലെങ്കിൽ പ്രവർത്തിക്കേണ്ടത് എന്ന സംവാദവിഷയമാണ് ഈ ചിന്തയ്ക്ക് ആധാരം. ഈ സംവാദത്തിൽ ഇതിഹാസ കഥനങ്ങൾക്ക് സമൂഹത്തിൽ നിർവ്വഹിക്കാനുള്ള ധർമ്മങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കുന്നുണ്ട് അവസാനത്തെ സൈന്യാധിപൻ.
ഭാരതേതിഹാസത്തിലെ നൂറായിരം കഥാപാത്രങ്ങൾക്കിടയിൽ നിന്നും അശ്വത്ഥാമാവിന്റെ തെരെഞ്ഞെടുപ്പ് തന്നെ ഈ നിലപാടിന്റെ പ്രഖ്യാപനമാണ്. അവസാനിക്കാത്ത യുദ്ധങ്ങളിൽ അഭിരമിക്കുന്ന രാഷ്ട്ര നേതൃത്ത്വങ്ങൾ മനുഷ്യകുലത്തിന്റെ ഭാവി നിർണ്ണയിക്കുന്ന കാലത്ത്, അശ്വത്ഥാമാവിനെ തെരെഞ്ഞു പിടിച്ച്, അതിന്റെ സങ്കീർണ്ണമായ ജീവിതത്തെ വർത്തമാനത്തിൽ വിടർത്തിക്കാണിക്കുന്നിടത്താണ് അവസാനത്തെ സൈന്യാധിപൻ എന്ന പത്മനാഭൻ കാവുമ്പായിയുടെ കാവ്യാഖ്യായിക രാഷ്ട്രീയം സംസാരിക്കുന്നത്.
ഈ കാവ്യാഖ്യായിക മലയാള കവിത നിശ്ചയമായും സഞ്ചരിക്കേണ്ട വഴികളെക്കുറിച്ച് ചില ഓർമ്മപ്പെടുത്തലുകൾ നടത്തുന്നുണ്ട്. വാക്കുകൾ മുറിച്ച് താഴെത്താഴെ എഴുതിവെയ്ക്കുന്നതെന്തും കവിതയായി തെറ്റിദ്ധരിക്കുന്നതു പോലെ, ഈണമുള്ളതെന്തും കവിതയാണെന്ന് കരുതുന്ന കാലമാണിത്. അങ്ങനെയൊരു കാലത്ത് രണ്ടിനോടും കലഹിച്ചു കൊണ്ട് കവിത അതിന്റെ തനതു വഴി കണ്ടെത്തുന്നത് ശ്രമകരമായ പരീക്ഷണങ്ങളെ നേരിട്ടു കൊണ്ടാണ്. പൂർവ്വഗാമികളുടെ രചനാസങ്കേതങ്ങളോട് കലഹിക്കുമ്പോൾത്തന്നെ, അവരുടെ സമർപ്പണവും ഏകാഗ്രതയും കൈവെടിയേണ്ടതല്ല. ദളിതനുഭവങ്ങളും ഗോത്രാനുഭവങ്ങളും സ്ത്രീപക്ഷ നിലപാടുകളും കൊണ്ട് സമ്പന്നമായ പുതുകവിതാ കാലം ചിലപ്പൊഴെങ്കിലും വാക്കുകളുടെ കേവല കൗതുകങ്ങളാണ് കവിത എന്ന് തെറ്റിധരിക്കുന്നുണ്ട്. കേവലമായ അനുഭവങ്ങളെ അനുഭൂതിയാക്കി മാറ്റുന്നിടത്താണ് കല മനുഷ്യകുലത്തെ മുന്നിൽ നിന്ന് നയിക്കുന്നത്. വായനയ്ക്കിടയിലും വായനയ്ക്കൊടുവിലും നമ്മുടെ വിചാരലോകങ്ങളെ ഏതെങ്കിലും വിധത്തിൽ അഴിച്ചു പണിയാനുതകുന്ന ചില കൊള്ളിയാൻ മിന്നലുകൾ പായിക്കാൻ ഒരു ആവിഷ്കാരത്തിനു കഴിയുമ്പൊഴാണ് അത് കവിതയായി മാറുന്നത്. അത് സാധ്യമാകാത്തതൊന്നും കവിതയുടെ ഗണത്തിൽ വരില്ല.
ഇവിടെയാണ് അവസാനത്തെ സൈന്യാധിപൻ പ്രസക്തമാകുന്നത്. ദീർഘകാലത്തെ സമർപ്പണവും ഏകാഗ്രതയും മാത്രമല്ല, ഒരു ഇതിഹാസ ഭാവനയെ വർത്തമാനത്തിലേക്ക് പുനരാനയിക്കാനാവശ്യമായ ഭാവനാവിലാസവും പദസമ്പത്തും ഈ കവിക്കുണ്ട്. ആളും അർത്ഥവും ആയുധങ്ങളുമേന്തി കുതിച്ചു പായുന്ന യുദ്ധമുന്നണിയെ അതിഗംഭീരമായി ആവിഷ്കരിക്കുന്നതിനിടയ്ക്ക്, യുദ്ധത്തിന്റെ നിഷ്ഫലതയെ മുഴുവൻ രണ്ടേ രണ്ടുവരിയിൽ സഞ്ചയിക്കുന്നതിങ്ങനെയാണ് ;
“ആന,യശ്വ, മാൾ ലക്ഷങ്ങളപ്പോൾ
ലക്ഷ്യവേദി തിരിഞ്ഞു കുതിപ്പൂ
മൃത്യുവാം മഹാവാരിധി തേടും
സത്യമാകുന്നു ജീവിതമപ്പോൾ . “
മരണമെന്ന മഹാസമുദ്രം തേടുന്ന സത്യമാണ് ജീവിതം. മരണമെന്ന കടലിനെ നോക്കി ഒഴുകുന്ന നദിയാണിവിടെ ജീവിതം. ചരിത്രത്തിലും വർത്തമാനത്തിലും ലക്ഷ്യവേധിയായി കുതിക്കുന്ന എല്ലാ യുദ്ധസന്നാഹങ്ങളെയും നോക്കി നിസ്സഹായരാകുന്ന മനുഷ്യർക്ക് അത്രയും നിസ്സഹായതയോടെ പറയാനാകുന്നതാണ് പത്മനാഭൻ ഇതിലെ അവസാനത്തെ രണ്ടു വരിയിലൂടെ പറയുന്നത്.
“ആയിരങ്ങൾ മരിച്ചൊരാക്ഷേത്രം
അന്നു നിശ്ശബ്ദമായതേയില്ല
കാഹളങ്ങൾക്ക് കാതോർത്തപോലെ
ഓരിയിട്ടു കുറുനരിക്കൂട്ടം.”
ഇവിടെ ആയിരങ്ങൾ മരിച്ചൊരാക്ഷേത്രം എന്ന് കേൾക്കുമ്പോൾ തെറ്റിദ്ധാരണ വേണ്ട. അത് ക്ഷേത്രമല്ല, കുരുക്ഷേത്രമാണ്. പക്ഷേ, കുരുക്ഷേത്രം എന്ന പദത്തിലെ കുരു എന്ന വംശനാമപദം ഉപേക്ഷിച്ച് അതിലെ ക്ഷേത്രത്തെ മാത്രമെടുത്ത് ക്ഷേത്രത്തെയും മരണത്തെയും ഇങ്ങനെ മുഖാമുഖം നിർത്തുമ്പോൾ നമ്മൾ പെട്ടെന്ന് വർത്തമാനത്തിലേക്ക് കുതറി വീഴുന്നുവെങ്കിൽ, ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും മരണത്തെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ, അത് ആഖ്യാനത്തിന്റെ മിടുക്കാണ്. യുദ്ധമില്ലാത്ത ഇടം എന്നാണ് അയോധ്യ എന്ന വാക്കിനർത്ഥം! എന്നാൽ ഇന്നോ? കലാപത്തിന്റെയും അശാന്തിയുടെയും പേരായി അത് വർത്തമാനത്തെ പൊളിക്കുന്നു ! അവിടെയാണ് ‘ആയിരങ്ങൾ മരിച്ചൊരാക്ഷേത്രം’ എന്ന പ്രയോഗം അതിന്റെ രാഷ്ട്രീയമായ അർത്ഥഗരിമ കൈവരിക്കുന്നത്. ഇനി അടങ്ങാത്ത യുദ്ധവീര്യം ഉള്ളിലൊതുക്കി യുദ്ധമധ്യേ ശിബിരത്തിൽ വിശ്രമിക്കുന്ന യോദ്ധാക്കളെ വർണ്ണിക്കുന്ന ഒരു രൂപകം നോക്കൂ;
“താരകാന്തിത്തിളക്കത്തിൽ മുങ്ങി
ചേലു ചാർത്തിയ പുള്ളിപ്പുലികൾ
ശാന്തരായ് ശൗര്യമൂർച്ച മിനുക്കി
പൊന്ത പറ്റി മയങ്ങിക്കിടപ്പൂ.”
ഇവിടെ ‘താരകാന്തിത്തിളക്കം’ എന്ന പ്രയോഗത്തിന് എത്ര അർത്ഥങ്ങളാണ്! അനിവാര്യമായ ഇരുട്ടിൽ അവസാനിക്കേണ്ടി വരുന്ന സന്ധ്യയുടെ നിമിഷായുസ്സ് മാത്രമേ യുദ്ധത്തിനു വേണ്ടി ശൗര്യമൂർച്ച കൂട്ടുന്ന യോദ്ധാക്കൾക്കുമുള്ളൂ എന്ന് അനുഭവിപ്പിക്കാൻ ഒരു കവിക്ക് ചെയ്യാവുന്നതിന്റെ പരമാവധിയാണീ കൽപ്പന. ഇങ്ങനെ ഉടനീളം സമ്പന്നമായ കാവ്യഭാവനകൾ കൊണ്ട് നിറഞ്ഞതാണ് അവസാനത്തെ സൈന്യാധിപൻ. അശ്വത്ഥാമാവെന്ന ചിരഞ്ജീവിയായ ദുർവിധിയെ അതിന്റെ സമസ്ത ഭാവങ്ങളോടെ ആ വിഷ്കരിക്കുന്ന ഭാഗം ഒരു ഇരുത്തം വന്ന കവിയുടെ ഗണത്തിലേക്ക് പത്മനാഭനെ ചേർക്കുന്നുണ്ട്.
“ഇവനൊരാൾ !
ഇരുളാണ്ട പർവ്വങ്ങളിൽ
പുകയടങ്ങാത്തതാം പാളയങ്ങളിൽ
കുരുതി കൊണ്ടും കൊടുത്തും യുഗങ്ങളിൽ
വ്രണിത ദേഹിയായ് വെന്തുനീറുന്നവൻ “
അടങ്ങാത്ത പകയുടെ പ്രതിനിധിയായി കുട്ടികൃഷ്ണമാരാർ ഭാരതപര്യടനത്തിൽ വിശേഷിപ്പിച്ച അശ്വത്ഥാമാവിനെ ഇതിൽപ്പരം അർത്ഥവത്തായി എങ്ങനെ ആ വിഷ്കരിക്കും! ഇങ്ങനെയുള്ള അസംഖ്യം കവികൽപ്പനകൾ എത്ര വേണമെങ്കിലുമുണ്ട് ഈ കാവ്യാഖ്യായികയിൽ. ഭാരത കഥയിലെ നിരവധി വൈകാരിക മുഹൂർത്തങ്ങൾ ഗംഭീരമായ കൈയ്യടക്കത്തോടെ ഈ കവിതയിൽ വിടർന്നു വരുന്നുണ്ട്.
“ഓർക്കുകെന്നും തുറന്നു കിടപ്പാ –
ണാർത്തനാദമുയർന്ന മൈതാനം “
എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഈ കാവ്യാഖ്യായിക അവസാനിക്കുന്നത്. അനാഥരായ മനുഷ്യരുടെ ആർത്തനാദമുയരുന്ന മൈതാനമാണ് നമ്മൾ കുരുക്ഷേത്രമെന്ന് ഓമനപ്പേരിട്ടു വിളിച്ച യുദ്ധഭൂമി ! പൈശാചികമായ അറും കൊലയാണതിന്റെ ബാക്കിപത്രം. ജാതിവെറിയും മതവൈരവും വളർന്ന് തിടം വെച്ച വർത്തമാനകാല ഭാരതത്തെ നോക്കിയാണ് ആ മൈതാനം ഇപ്പൊഴും തുറന്നു കിടപ്പുണ്ടെന്ന് കവി പറയുന്നത്. മുപ്പത്തിരണ്ട് അധ്യായങ്ങളുള്ള, ഇവ ഓരോന്നും ഭാവപ്പൊരുത്തം കൊണ്ടും ഔചിത്യഭംഗി കൊണ്ടും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ഒരു പുതുതലമുറക്കവിയിൽ നിന്ന് സാധാരണ പ്രതീക്ഷിക്കാത്ത ഇത്തരമൊരു കാവ്യാഖ്യായിക മലയാള കവിതയെ ഒരു പുതു പ്രതലത്തിൽ കൊണ്ടു നിർത്തുന്നുവെന്ന് നിശ്ചയമായും പറയാം.