സൗരയൂഥങ്ങളും കോടാനുകോടി നക്ഷത്രങ്ങളും അവയെ ചുറ്റിക്കറങ്ങി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കൊള്ളിമീൻപോലെ പായുന്ന വാൽനക്ഷത്രങ്ങളും ഉൽക്കകളും പിന്നെ കണ്ടുംകേട്ടും ഇല്ലാത്ത പല അത്ഭുതങ്ങളും നിറഞ്ഞ ബ്രഹ്മാണ്ഡത്തിലെ, ഭൂമിയെന്ന ഒരു കൊച്ചു ഗ്രഹത്തിന്റെ ഏതോ ഒരു കോണിലാണ് കഥ നടക്കുന്നത്. വീട്ടുപേര്, ഗ്രാമം, പഞ്ചായത്ത് ഒന്നും ഇവിടെ പ്രസക്തമല്ലാത്തതിനാൽ സൂചിപ്പിക്കുന്നില്ല. മുഴുവനായി നിവർത്തിപ്പിടിച്ച ഒരു പത്രത്തിന്റെ മറവിൽ കണ്ണുകൾ മൂടപ്പെട്ട് വായടഞ്ഞ് ചെവികൾ മാത്രം പ്രവർത്തിക്കുന്ന ഒരു വിചിത്ര ജീവിയെപ്പോലെ പ്രകാശൻ കസേരയിൽ അമർന്നിരിക്കുകയാണ്. ചെവികൾ അയാളെ വിട്ട് ഉമ്മറത്ത് കറങ്ങാൻ തുടങ്ങിയിട്ട് കുറച്ച് സമയമായി. വീട്ടിന്റെ മുറ്റത്ത് നടക്കുന്ന എന്തോ അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. അടുക്കളയിൽ ഇരുട്ടിൻ്റെ മറവിൽ, ഏതാണ്ട് ഇതേ അവസ്ഥയിൽ തന്നെയാണ് അയാളുടെ ഭാര്യയും. അസ്വസ്ഥത സുനിതയുടെ മുഖത്തും പ്രകടമാണ്.
ആ വീടിന്റെ മുറ്റത്ത്, നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നതുപോലെ, പ്ര്യത്യേകമായി എന്തെങ്കിലും സംഭവിക്കുന്ന പ്രതീതിയില്ല. ആൾകൂട്ടമില്ല, ശബ്ദ കോലാഹലങ്ങളില്ല, പട്ടികളുടേയോ പൂച്ചകളുടേയോ കടിപിടിയോ, പക്ഷികളുടെ കലപിലയോ ഇല്ല. തികച്ചും ശാന്തമായ അന്തരീഷം. അവിടെ ഒരു വാഗ്വാദം, അല്ല ഒരു സംവാദം നടക്കുകയാണ്. രണ്ടു പേർ മാത്രം പങ്കെടുക്കുന്ന ഒരാശയക്കൈമാറ്റം. ഒന്ന് ഒരു പതിനൊന്ന് വയസ്സുകാരി, മറുഭാഗത്ത് ഒരു മദ്ധ്യവയസ്കൻ. പതിനൊന്ന് വയസ്സുകാരി അയാളുടെ മകളാണ്, മറ്റേത് അയാളുടെ സഹപാഠിയും ഉറ്റ സുഹൃത്തുമായ ഡോക്ടർ.
പ്രകാശൻ്റെ വീട്ടുമുറ്റത്ത് ഇതു പോലുള്ള ചർച്ചകൾ പതിവില്ലാത്തതല്ല. പലപ്പോഴും സംവാദങ്ങളിലെ സജീവ സാനിദ്ധ്യമായി പ്രകാശനുമുണ്ടാവും. പക്ഷെ അന്നൊന്നും അയാൾ അസ്വസ്ഥനായിരുന്നില്ല. കോളേജിൽ പഠിക്കുന്ന കാലത്ത് രാഷ്ട്രീയവും യുക്തിവാദവും തലക്ക് പിടിച്ച് നടക്കുമ്പോഴും പ്രസംഗവും സംവാദവും പ്രകാശനൊരു ലഹരിയായിരുന്നു. അറിവിന്റെ പുതിയ അർത്ഥതലങ്ങളിലേക്കു തുറക്കുന്ന വാതിലുകളാവണം ഓരോ സംവാദവും എന്ന് അയാൾ വിശ്വസിച്ചു. അന്നേയുള്ള കൂട്ടാണ് ഡോക്ടർ ഹരീഷ്, ആശയപരമായി എതിർ ചേരികളിലായിരുന്നെങ്കിലും. കോളേജ് ഓഡിറ്റോറിയത്തിൽ പ്രകാശൻ്റെ പ്രസംഗമുണ്ടെങ്കിൽ കസേരകൾ മതിയാകാതെ വരുന്ന ഒരു കാലമുണ്ടായിരുന്നു യൂണിവേർസിറ്റി കോളേജിന്. യുക്തിക്ക് നിരക്കാത്തതൊന്നും വിശ്വസിക്കരുത് എന്ന ഉറച്ച വിശ്വാസം, അതിലൂന്നിയായിരുന്നു പ്രകാശൻ്റെ പ്രസംഗങ്ങളും വാദവും പ്രതിവാദവും. യുക്തിക്ക് പുറത്തുള്ള ഒരു ലോകം പ്രകാശന് സങ്കൽപ്പിക്കാൻ പോലും പറ്റുമായിരുന്നില്ല.
കർമ ബന്ധങ്ങളും ലൗകിക സുഖങ്ങളും വെടിഞ്ഞ് ആത്മസാക്ഷാത്കാരത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന അവധൂതൻമാരാണ് ഇന്നത്തെ ചർച്ചാ വിഷയം. ഒരു പക്ഷെ അതു തന്നെയായിരിക്കണം പ്രകാശനെ അസ്വസ്ഥനാക്കുന്നതും. വായനയിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ആർജ്ജിച്ച അറിവിലൂടെ ആദ്ധ്യാത്മികതയ്ക്കും തത്വചിന്തകൾക്കും നിറം പകരുകയായിരുന്നു ഡോക്ടർ. കേട്ടിരിക്കാൻ നല്ല സുഖം. ശാസ്ത്രത്തെ കൂട്ടുപിടിച്ച് പ്രായോഗിക ചിന്തകളിലൂന്നിയ യുക്തിവാദത്തിലൂടെ തന്റെ അഭിപ്രായങ്ങളെ സമർത്ഥിക്കാൻ ശ്രമിക്കുന്ന മകൾ. ശരിക്കും ഇതിനുരണ്ടിനുമിടയിൽ എവിടെയെങ്കിലുമായിരിക്കണം സത്യം മറഞ്ഞിരിക്കുന്നത്.
സമൂഹ മദ്ധ്യത്തിൽ, എന്നാൽ ഒറ്റപ്പെട്ട്, ജീവിക്കുന്ന അവധൂതൻമാരുടെ ലോകം തുറന്നു കാട്ടാൻ ശ്രമിക്കുകയാണ് സോക്ടർ.
“പല രൂപത്തിൽ പല ഭാവത്തിൽ, ഇവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. നമുക്ക് ചിലപ്പോൾ ഇവർ അലസരെന്നോ, വിഡ്ഡികളാണെന്നോ, എന്തിന് മനോരോഗമുള്ളവരാണെന്നോ ഒക്കെ തോന്നിയേക്കാം.” ഡോക്ടർ നല്ല ആവേശത്തിലാണ്.
“അങ്ക്ൾ, സ്കൂളിന്റെ മുന്നിൽ നായ്ക്കള പുറകേ ഓടുന്ന ഒരു ഭ്രാന്തനുണ്ട്. അതും അവധൂതനാണോ” നിഷ്കളങ്കമായ മോളുടെ പെട്ടെന്നുള്ള ചോദ്യം ഡോക്ടറെ ഒരു നിമിഷത്തേക്ക് മൗനിയാക്കിയോ…..
“ആണോ, ലക്ഷ്മി തന്നെ പറയൂ…”
ആകണ്ടേ അങ്കിൾ, പ്രത്യേകിച്ച് ലക്ഷ്യങ്ങളില്ല, ആഗ്രഹങ്ങളില്ല… മോളുടെ ഉത്തരത്തിൽ ഒരൽപം പരിഹാസം കലർന്നത് പോലെ.
“ആകാം, ആകാതിരിക്കാം.. അങ്കിൾ മോൾക്ക് അത് ഒരു കഥയിലൂടെ പറഞ്ഞു തരാം. ഡോക്ടർ ഡിപ്ലൊമാറ്റിക് പാതയിലാണ്. ഇതിപ്പോഴൊന്നും അവസാനിക്കുന്ന മട്ടില്ല.
എന്നാണു താൻ അവധൂതൻമാരെ പറ്റി ആദ്യമായി കേട്ടത്? ഇന്നലെകളിൽ നിന്നെങ്ങോ, അടച്ചു വെച്ച ചില ഓർമ്മകൾ പ്രകാശൻ പോലുമറിയാതെ അയാളുടെ ഉപബോധമനസ്സിന്റെ വാതിലുകൾ പതുക്കെ തള്ളിത്തുറക്കുകയായിരുന്നു.
“നിങ്ങളറിഞ്ഞിനാ, ടൗണിലേതോ അത്ഭുത സിദ്ധിയുള്ള സ്ത്രീ വന്നിട്ടുണ്ട് പോലും.”
അതിന്? അയാളുടെ മറുപടി കുറച്ചു രൂക്ഷമായിരുന്നു. കാരണം സുനിതയുടെ അടുത്ത ഡയലോഗ് പ്രകാശന് ഊഹിക്കാവുന്നതേയുള്ളൂ.
കല്യാണം കഴിഞ്ഞ് വർഷം അഞ്ചു കഴിഞ്ഞിട്ടും സുനിത വിശേഷമറിയിക്കാത്തതിലുള്ള സന്തോഷം പരിഭവരൂപത്തിൽ കാപട്യം കലർന്ന ആശങ്കയോടെ നാട്ടുകാരും ബന്ധുക്കളും പുറത്തു കാണിച്ചു തുടങ്ങിക്കഴിഞ്ഞിരുന്നു. “ഞാനപ്പഴേ പറഞ്ഞില്ലേ വേണ്ടാത്ത പണിയൊക്കെ ചെയ്ത് ഡിലേ ആക്കണ്ടാന്ന്!! ” ഇത് ദൈവം തന്ന ശിക്ഷ തന്നെയാന്ന്.. സുനിതയുടെ ഈ കുറ്റപ്പെട്ത്തലാണ് പ്രകാശന് സഹിക്കാൻ പറ്റാത്തത്, അതും ദൈവമില്ലാത്ത തന്നെ ദൈവത്തിൻ്റെ പേരും പറഞ്ഞ്.
പിന്നെ കുട്ടിയെ കിട്ടാനുള്ള ശ്രമമായി. ഉള്ള അറിവും കേട്ട അറിവും ഉപദേശങ്ങളും വെച്ച് എല്ലാ വിധത്തിലുള്ള ശ്രമവും നടത്തി. മടിച്ചു മടിച്ചിട്ടാണെങ്കിലും വൈദ്യ സഹായവും തേടി. പല വിധത്തിലുള്ള പരിശോധനകൾക്കുശേഷം ഡോക്ടറുടെ വിധി പ്രസ്ഥാവന വന്നു. പ്ര്യത്യേകിച്ച് കുഴപ്പമൊന്നും കാണാനില്ല.. കീപ് ട്രൈയിംഗ്. പിന്നെ എല്ലാത്തിനും ഒരു സമയമുണ്ട്… പ്രാർത്ഥിക്കുക. അതോടെ സുനിത പ്രാർത്ഥനയെന്ന വള്ളിയിൽ കയറിപ്പിടിച്ചു. അമ്പലങ്ങൾ, വഴിപാടുകൾ, നേർച്ചകൾ അങ്ങനെ കുറേക്കാലം. സുനിത തളർന്നു തുടങ്ങുകയായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടേയും കുത്തിക്കുത്തിയുള്ള ചോദ്യം കൂടി ആയപ്പോൾ അവൾ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടി. പുറമെ ധൈര്യം കാണിച്ചുവെങ്കിലും പ്രകാശനും പ്രതീക്ഷ കൈവിട്ടുതുടങ്ങിയിരുന്നു. ഇഷ്ടത്തോടെയല്ലെങ്കിലും പുതിയ പുതിയ അമ്പലങ്ങളും വഴിപാടുകളും അന്യേഷിക്കുകയായി പ്രകാശൻ്റെ പ്രധാന പരിപാടി. ഭാര്യാ സ്നേഹത്തിനും പുത്രകാംക്ഷക്കും മുന്നിൽ യുക്തിവാദം താൽക്കാലിക അവധിയെടുത്തു.
പ്രതീക്ഷിച്ചതുപോലെ തന്നെ സുനിത കാര്യത്തിലേക്ക് കടന്നു. നമ്മക്കൊന്ന് പോയി നോക്കിയാലോ ഏട്ടാ. പല അത്ഭുത പ്രവൃത്തികളും നടക്കുന്നുണ്ട് പോലും. നാണിയമ്മ സന്തോഷിച്ചനുഗ്രഹിച്ചാൽ ഫലം ഉറപ്പ്. അപ്പോൾ നാണിയമ്മ എന്നാണ് അവതാരത്തിന്റെ പേര്. ആളില്ലാതെ പൂട്ടാനായ കണാരേട്ടന്റെ ഹോട്ടലില് ഇപ്പോ ഊണ് കഴിക്കണെങ്കിൽ ക്യൂ നിൽക്കണം. വിശന്നു വലഞ്ഞ് ഹോട്ടലിന് മുമ്പില് നിന്ന നാണിയമ്മയെ വിളിച്ച് ഊണു കൊടുത്തു പോലും കണാരേട്ടൻ. പിന്നെ നിന്ന് തിരിയാൻ സമയം കിട്ടീറ്റ്ല, തിരക്കോട് തിരക്ക്. അതു പോലെ വേറെയുമുണ്ട് അത്ഭുതങ്ങൾ.
“സുനീ, അമ്പലത്തിൽ പോകുന്നതും പൂജ കഴിക്കുന്നതും ഒക്കെ ശരി.. എന്നാൽ ഇത് അതുപോലെയാണോ, ആൾക്കാരെന്ത് പറയും?” പ്രകാശനിലെ യുക്തിവാദിക്ക് സഹിക്കാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങിക്കഴിഞ്ഞു തുടങ്ങിയിരുന്നു.
ഒരു മണിക്കൂർ ബസ്സ് യാത്ര കഴിഞ്ഞ് ടൗണിലെത്തിയപ്പോൾ സാമാന്യം നല്ല തിരക്ക്. ഇതിപ്പോൾ ആരോട് അന്യേഷിക്കും, പ്രകാശന് സ്വയം പുച്ഛം തോന്നി. മടിച്ച് മടിച്ച് ഖാദറിന്റെ കടേല് കയറി. ഖാദറാവുമ്പാ ഒരു മയമുണ്ടാവും ചീത്തക്ക്. ആരോടും വിളിച്ച് പറയാൻ നിൽക്കില്ല. ഒന്നിച്ച് പഠിച്ചതിന്റെയും ചങ്ങാത്തത്തിന്റെയും മെച്ചം. എന്താ പ്രകാശാ നിനക്കല്ലം വട്ടെന്നെയാ? അതൊര് പ്രാന്തിത്തള്ളയല്ലേ? എന്തല്ലോ കൂവി വിളിച്ച് നടക്കുന്നു. പിറകിൽ സുനിതയെ കണ്ടതുകൊണ്ടാണെന്ന് തോന്നുന്നു, ഖാദറ് കൊറച്ച് മയപ്പെട്ടു. നീ ബാ, നമ്മക്ക് പോയി നോക്കാം. നിങ്ങള കിസ്മത്തില്ണ്ടെങ്കില് കാണാ. അതെന്താ ഖാദറേ അങ്ങനെ പറഞ്ഞത്?
അതങ്ങനയാന്നപ്പാ, ഒരു പ്ര്യതേകതരം ഇബ് ലീസാന്ന്… കണ്ടാ കണ്ടു. ചെലപ്പം ടൗണില് വന്നിരിക്കും.. ഭാണ്ഡത്തിൽനിന്നെന്തെക്കെയോ എടുക്കുന്നതും വെക്കുന്നതും കാണാം. ഏട്ന്നാ വര്ന്ന് ഏടയാ പോന്ന്ന്ന് പടച്ചോന് മാത്രം അറിയ. ചിലപ്പൊ വായിത്തോന്നിയതൊക്കെ വിളിച്ചു പറയും. അത് കണ്ട് ആള് കൂടും. നമ്മള ആൾക്കാരിക്ക് വേറ പണിയൊന്നുമില്ലല്ലാ. അതിന്റെടേല് ആരെയെങ്കിലും വിളിച്ച് കായി ചോയ്ക്കും. അങ്ങന പൈശീം സഹായും കൊടുത്തവരിക്കല്ലിപ്പം വെല്യ നെല ആന്ന്ന്ന് പറയ്ന്ന്ണ്ട്. അവാരാന്നിപ്പം ഇതല്ലം പറഞ്ഞിണ്ടാക്കീനി. പക്ഷെ ഉള്ള ഒര് കാര്യം പറയാലാ, കണാരന്റെ പീട്യേല് ഇപ്പം വല്യ കച്ചോടാന്ന്. നിങ്ങളും പോയ് നോക്ക് ധൈര്യായിറ്റ്, നഷ്ടപ്പെടാനൊന്നുല്ലല്ലാ. ഏതായാലും അന്ന് നാണിയമ്മയെ കാണാനൊത്തില്ല. പിന്നെയും മുന്നു നാലു പ്രാവിശ്യം വന്നു, ഒറ്റക്കും ഭാര്യയുമായും… നിരാശതന്നെ ഫലം. ഒന്നു രണ്ടു പ്രാവിശ്യം കാണാനായെങ്കിലും ഒന്നും സംസാരിക്കാനായില്ല. അല്ലെങ്കിലും മുഖത്ത് പോലും നോക്കാതെ പിച്ചും പേയും പറയുന്നൊരാളോട് എന്ത് സംസാരിക്കാൻ. ഏതായാലും പ്രകാശനൊന്നുറപ്പിച്ചു. ഒരിക്കൽ കൂടി പോയി നോക്കും, കണ്ടാലും ഇല്ലെങ്കിലും പിന്നെയൊരു പോക്കില്ല. ഏതായാലും ഇപ്രാവിശ്യം സുനിതയെ കൂട്ടാൻ നിന്നില്ല.
ബസ്സിറങ്ങിയപ്പോൾ തന്നെ കണ്ടു, ആൾക്കൂട്ടം, നടുവിൽ എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന നാണിയമ്മയും. പെട്ടെന്നാണ് പ്രതീക്ഷിക്കാതെയെത്തിയ വേനൽ മഴ അലോസരമായി ആൾക്കാരെ കൂട്ടം തെറ്റിച്ചത്. ആൾക്കൂട്ടം ഷെൽട്ടറുകൾ തേടി പഴവഴിക്കായി നീങ്ങിത്തുടങ്ങി. എന്തോ പ്രകാശന് ഒന്നും ചെയ്യാൻ തോന്നിയില്ല… മഴ നനഞ്ഞു വെറുതെ നിന്നു. ആശകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട് സ്വന്തം ആദർശവും അഭിമാനവും വരെ പണയം വെച്ചവന് എന്ത് മഴ എന്ത് വെയിൽ.
പെട്ടെന്ന് ആരോ കൈയ്യിൽ പിടിച്ചത് പോലെ, മോനേ അമ്മയെ കൂടെ കൂട്ട്.. പ്രതീക്ഷിക്കാതെ നാണിയമ്മ തൊട്ടു മുന്നിൽ. പ്രകാശനൊന്ന് ഞെട്ടി.. നാണിയമ്മ പ്രകാശനെ മുറുക്കിപ്പിടിച്ചു കുഞ്ഞിനെപ്പോലെ.. മാസങ്ങളായി കഴുകാത്ത വസ്ത്രങ്ങളുടേയും കുളിക്കാത്തതിൻ്റെയും വൃത്തികെട്ട മണം. പ്രകാശന് ഓക്കാനം വന്നു. കുതറി മാറി ഓടി രക്ഷപ്പെടാനാണ് ആദ്യം തോന്നിയത്. പക്ഷെ അയാൾ പതുക്കെ നാണിയമ്മയെ ചേർത്തു പിടിച്ച് യാന്ത്രികമായി അടുത്തുള്ള ബസ് ഷെൽട്ടറിലേക്ക് നീങ്ങുകയാണ് ചെയ്തത്, ആരോ ചെയ്യിക്കുന്നതുപോലെ. ബാഗിൽ നിന്നും വെള്ളമെടുത്ത് കുടിക്കാൻ കൊടുത്തു. നാണിയമ്മ ആർത്തിയോടെ വെള്ളം വാങ്ങിക്കുടിച്ചു, പ്രകാശനെ ഒന്നു കൂടി കെട്ടിപ്പിടിച്ചു, പിന്നെ വീണ്ടും പഴയ ഭ്രാന്തിത്തള്ളയായി എന്തൊക്കയോ വിളിച്ച് പറഞ്ഞ് എവിടേക്കോ ഓടി മറഞ്ഞു. കുറച്ച് സമയം വേണ്ടി വന്നു പ്രകാശന് സമനില വീണ്ടെടുക്കാൻ. പിന്നെ കുറെ സമയം അവിടത്തന്നെ ഇരുന്നു. പോകാനായ് എഴുന്നേറ്റപ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്നത് ശ്രദ്ധിച്ചത്.. സുനിതയാണ്..
“പിന്നേയ് ഒരത്ഭുതമുണ്ടായി, നാണിയമ്മ ഇവിടെ വന്നിരുന്നു. ഊണു കഴിച്ച് വിശ്രമിച്ച് ചായയും കുടിച്ചിട്ടാണ് പോയത്.” പോകുമ്പോൾ എൻ്റെ തലയിൽ കൈവച്ചനുഗ്രഹിച്ചു. സുനിതേ ഞാനിപ്പോ ഇവിടെ നാണിയമ്മയെ… വേണ്ട ഏട്ടൻ ഒന്നും പറയണ്ട, വേഗം വാ. നല്ല സന്തോഷത്തിലായിരുന്നു സുനിത.
പിന്നെ ഒരിക്കൽ കൂടി നാണിയമ്മയെ കണ്ടു. കൃത്യം ഒരു വർഷത്തിനു ശേഷം, മോളുടെ ഡെലിവറിക്ക് തലേ ദിവസമായിരുന്നു അത്. ഖാദറാണ് വിളിച്ച് പറഞ്ഞത് നാണിയമ്മ അവശയായി ഹോസ്പിറ്റലിലാണെന്ന്. സുനിതയുടെ നിർബന്ധത്തിനു വഴങ്ങി വിവരം കേട്ട ഉടനെ പുറപ്പെട്ടു. കാണുമ്പോൾ നന്നേ ക്ഷീണിതയായിരുന്നു അവർ. ഒന്നും പറഞ്ഞില്ല, വെറുതെ അയാളുടെ മുഖത്തു നോക്കി, പിന്നെ കണ്ണുകളടച്ചു. ആ മുഖം ഇപ്പൊഴും മായാതെ കൺമുന്നിൽ തന്നെയുണ്ട്…
അച്ഛാ.. എന്തൊരുറക്കമാണിത്? എണീക്കൂ..കണ്ണുകൾ തുറന്നപ്പോൾ മുഖത്ത് ഒരു പുഞ്ചിരിയുമായി മോൾ തൊട്ടു മുന്നിൽ. പിറകിൽ തന്നെ സൂക്ഷിച്ച് നോക്കി നിൽക്കുന്ന ഡോക്ടർ. എപ്പോഴാണ് താൻ മയങ്ങിപ്പോയത്, പത്രം കൈയ്യിൽ നിന്ന് വീണു പോയിരിക്കുന്നു.
തന്റെ മകൾ ഒരു സംഭവം തന്നെ .. ഒരു രക്ഷയുമില്ല. രണ്ടു മൂന്നു സിറ്റിംഗും കൂടി കഴിഞ്ഞാ ഞാനൊരു യുക്തിവാദി ആകുമോ എന്നാ ഇപ്പോൾ എൻ്റെ പേടി. ഡോക്ടറുടെ ശബ്ദത്തിൽ വാത്സ്ല്യത്തിൽ പൊതിഞ്ഞ ആരാധന. ഷി വിൽ മെയ്ക് ഇറ്റ് ബിഗ് ഇൻ ലൈഫ് ആൻ്റ് യു വിൽ ബി പ്രൌഡ് ഓഫ് ഹെർ വൺഡേ.
പ്രകാശനൊന്നും മിണ്ടിയില്ല, വെറുതെ മോളുടെ മുഖത്തു നോക്കിച്ചിരിച്ച് വാത്സല്യത്തോടെ പിടിച്ച് മടിയിലിരുത്തി. പിന്നെ മനസ്സിൽ പറഞ്ഞു മൈ ഡീയർ ചൈൽഡ്, ആൾവേയ്സ് ഡു ജസ്റ്റിസ് റ്റു യുവർ മൈൻ്റ് ആൻ്റ് ബി ട്രു റ്റു യുവർ സെൽഫ്. കോടാനുകോടി നക്ഷത്രങ്ങളും, അവയെ ചുറ്റിക്കറങ്ങുന്ന ഗ്രഹങ്ങളും കൊച്ച് കൊച്ച് ഉപഗ്രഹങ്ങളും ഉള്ള ഈ പ്രപഞ്ചത്തിൽ ഉറങ്ങിക്കിടക്കുന്ന അനേകം അത്ഭുതങ്ങളിലൊന്നായി നാണിയമ്മയെയും മനസ്സിൽ ഉറക്കിക്കിടത്താനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ അയാൾ.