അവകാശികൾ

ചൊരിയുന്ന മഴയിലും
എരിയുന്ന വയറുമായ്
കുളിരിലും പൊള്ളിക്കും
ഹൃത്തിലെ ചിതയിൽ വെന്ത്
തോലൊട്ടും തോളിലായ്
യാതനാഭാരം പേറും മാറാപ്പുമേന്തി
വഴിവക്കിൽ വീടെന്നുപമിച്ച മരച്ചോട്ടിൽ
അനന്തവിഹായസ്സിൻ മേൽക്കൂരക്കീഴിൽ
അവകാശികളലയുന്നു…
ഭൂമിതൻ അവകാശികൾ.

ആധാരരേഖകൾ ചമഞ്ഞൊരു
തുണിക്കീറു
മുഷിഞ്ഞു നാറി കിടപ്പുണ്ടാ
തെരുവീഥിയിൽ.

അന്നതിനവകാശിയൊന്നുണ്ടീ ഭൂവിൽ
ആമാശയം നീറി വിശക്കുന്നവരത്.
എങ്കിലും നിറയുന്നു ചവറ്റുകൊട്ടകൾ
എച്ചിലെന്ന പേരിൽ ധാരാളികളെറിയും
ആയിരം വിഭവങ്ങൾ.

അവകാശികൾ ചിലർ
നാൽക്കാലികളുമിരുകാലികളും
അതിൽ മാന്തി തേടുന്നു
നേടുന്നു അവകാശമായന്നം.

ആരോഗ്യമവകാശം
ആയിരമാശുപത്രി കൂണുപോലുയരിലും
തെരുവിൽ മരിക്കുന്നു ജന്മങ്ങൾ
ചികിത്സ രുചിക്കാതെ.

വിദ്യയവകാശമെന്നുച്ചത്തിൽ
മുഴങ്ങും പ്രസംഗം തെരുവീഥിയിൽ
ബോധവത്കരണ പ്രഹസനവേദിയിൽ
അവകാശപ്രസംഗവും നിയമത്തിൻ
അവബോധവും വാരിവിതറി
കൈകഴുകിയവർ പോയാൽ
എച്ചിലും കരിങ്കല്ലും
പിന്നെയും ചുമക്കും ബാല്യം.

നോവും പെരുവയർ പത്തുമാസം പേറുമെന്നാകിലും
മക്കൾതൻ പേരിലിടമില്ലാ പെണ്ണവൾക്ക്.
സ്നേഹമതുപിന്നെ അവകാശമല്ല,
നിയമപുസ്തകമൊന്നിലും ഒരുതാളിലും
കാണില്ലയങ്ങനെ..!
എങ്കിലോ, അഖിലസാരമൂഴിയിലെന്നഹംഭാവിപ്പൂ
സ്നേഹമത് ലഭിക്കാതായിരമൊടുങ്ങുന്നു
കയർ തുമ്പിൽ.

അവകാശം അവകാശം
ആർത്തുവിളിക്കുക
ഉച്ചത്തിൽ വീണ്ടും വീണ്ടും.
അന്ധവിശ്വാസമൊന്നായ് അവശേഷിക്കുമതുമുലകിൽ.

പാലക്കാട്‌ സ്വദേശി. NISER ഭുവനേശ്വറിൽ ഗണിതശാസ്ത്രത്തിൽ ഗവേഷണവിദ്യാർത്ഥി. 'രാത്രിവെയിൽ' എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലും എഴുതാറുണ്ട്.