അളമുട്ടിയ വാക്ക്

പൊന്തി വരാൻ തുനിഞ്ഞ വാക്കും
ഇറങ്ങാനോങ്ങിയ കാളകൂടത്തോടൊപ്പം,
അധികാര കരങ്ങളിൽ കുടുങ്ങി
തൊണ്ടക്കുഴിയിൽ പിടഞ്ഞമർന്നു.

പിടിവിട്ടെണീറ്റ് തുള്ളിച്ചാടി പുറത്തെത്തിയ വാക്ക്
കവിയുടെ തൂലികത്തുമ്പിൽ പറ്റിച്ചേർന്നു.

തന്നെയണിയിച്ചൊരുക്കി മധുരമൂട്ടി
രണ്ടു കൈയും പിടിച്ച് പുറത്തേക്കാനയിക്കുന്നതും കാത്ത്,
വാക്ക് ജാഗ്രതയോടെയിരുന്നു

കാലമേറെ കാത്തിട്ടും കവിയുടെ പേനയിൽ
മഷി നിറഞ്ഞതേയില്ല,
പേനത്തുമ്പ് വെളിച്ചം കണ്ടതേയില്ല.

“നിൻ്റെ ഹൃദയം നിറയെ സ്നേഹമാണല്ലൊ!
കരൾ നിറയെ കരുണയുണ്ടല്ലൊ!
നിൻ്റെ മനസ്സുനിറയെ കോറിയിട്ടിട്ടുണ്ടല്ലൊ!
ചങ്കോളം, ദേഷ്യം നുരഞ്ഞുപൊന്തുന്നുണ്ടല്ലൊ!
എന്നിട്ടുമെന്തേ പേനത്തുമ്പ് പിടയാത്തതെന്ന്” വാക്ക്

“വാക്കേ, വിസ്തൃതമായ മനസ്സുനിറയെ
ചോര പൊടിയുന്ന ദൃശ്യങ്ങളാണ്.
പിടയുന്ന ചങ്ക് ചെമ്പരത്തിപ്പൂ കണക്കേ ചുവന്നിരിക്കുന്നു.
ഹൃദയത്തിൽ സ്നേഹം നിറഞ്ഞു കവിയുന്നുണ്ട്.
കരൾ വെണ്ണ പോലെ കരുണയാലുരുകുന്നു.

പക്ഷെ, എൻ്റെ കൈകൾ!
നീ കാണുന്നില്ലേ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടത്?
കണ്ണുകൾ ചൂഴ്ന്നെടുത്ത് അധികാരികൾക്ക് ബലി കൊടുത്തത്
നീ അറിഞ്ഞില്ലെന്നോ?
എൻ്റെ കാതുകളിലീയമുരുക്കിയൊഴിച്ചത്
നീ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

ഇനിപ്പറയൂ……
ചിറകൊടിഞ്ഞ പക്ഷിയെങ്ങിനെ പാറാനാണ്!
ചങ്ങലബന്ധിച്ച കാലുകളാൽ
മയിൽ നൃത്തം ചെയ്യുന്നതെങ്ങനെ?
ചങ്കുതകർന്ന കുയിലിന്  പാടാനാവുമോ?

വാക്കേ…
നീയെന്നോട് പൊറുക്കുക!
നിൻ്റെയാഗ്രഹങ്ങളെനിക്കറിയാഞ്ഞല്ല.
നീ യുദ്ധം ചെയ്തു നേടിയ സ്വാതന്ത്ര്യം പാഴായിപ്പോവുന്നത് ഞാനുമറിയുന്നു.

ഈ വിശാലലോകത്ത്,
വീണ്ടും നമ്മൾ പോരാടുക തന്നെ ചെയ്യും.
മനക്കണ്ണാൽ കാണും,
ഉൾക്കാതുകളാൽ കേൾക്കും,
പറയാതെയറിയും,
പൊട്ടിത്തെറിക്കും,

ആ പൊട്ടിത്തെറിയിൽ പലതും തകരും
പുതു പുലരി പുലരുക തന്നെ ചെയ്യും

അതുവരെ വാക്കെ,
നീ ക്ഷമയോടെയിരിക്കുക.

എന്നോട് പൊറുക്കുക.

സ്വദേശം കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കടുത്ത് കൊല്ലം. ജി എച്ച് എസ് എസ് ആഴ്ചവട്ടം യു.പി വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു. നെരൂദ പബ്ലിക്കേഷൻസിൻ്റെ "മന്ത്രികത്തെരുവ്" , പേരക്ക ബുക്സിൻ്റെ 'പ്രണയത്തിൻ്റെ വേദപുസ്തകം' എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.