മുഷിഞ്ഞു ചുരുണ്ടുകൂടി കിടക്കുന്ന ജീവിതത്തെ
സോപ്പുപൊടിയിൽ കുതിർത്തു
നന്നായൊന്ന് അലക്കി വെളുപ്പിക്കണം.
എന്നിട്ട്, ഉജാലയിൽ കുളിപ്പിച്ച് വെണ്മയുള്ളതാക്കണം.
കഞ്ഞിപ്പശയിൽ മുക്കി വടിവൊത്തതാക്കണം.
ചിന്തകളുടെ ഭാണ്ഡക്കെട്ടഴിച്ച്
ചിതലരിച്ച ഓർമ്മകളെയും,
പകപോക്കുന്ന ബന്ധങ്ങളെയും,
അവഗണിക്കുന്ന ഭ്രാന്തരേയും
പഞ്ചസാര ചാക്കുകെട്ടിനടിയിൽ കൂട്ടിയിട്ടു കത്തിക്കണം.
തട്ടിമാറ്റി കടന്നുകളയുന്നവരെ
മഞ്ഞക്കട്ടിയോടൊപ്പം ഫ്ലഷടിച്ചലിയിക്കണം.
കൂടെനിന്നു പല്ലിളിച്ചിട്ടണപ്പല്ല് ഞെരിച്ചവർക്ക്
ഒരു സെറ്റ് വെപ്പുപല്ല് സ്പോൺസർ ചെയ്യണം.
തുമ്മുമ്പോൾ പിണങ്ങുന്നവരേയും,
ചീറ്റിക്കൊണ്ടലറുന്നവരേയും
കൊത്തിയോടിക്കണം.
പിന്നിൽനിന്ന് കുത്തുന്നവരെ കണ്ടുകൊണ്ടൊരു പടച്ചട്ട തയ്ക്കണം.
കൂടെക്കൂട്ടിയിട്ടൊറ്റപ്പെടുത്തുന്നവർക്ക്
ഒറ്റപ്പെടലിന്റെ വേദന മനസ്സിലാക്കി കൊടുക്കണം.
ഭീഷണിപ്പെടുത്തുന്നവരെ ബ്ലാക്ക് മെയിൽ ചെയ്യണം.
ഒറ്റപ്പെടുത്താൻ വേണ്ടി മാത്രം നാക്ക് വളയ്ക്കുന്നവരുടെ
മൂക്കിലേക്ക് അടിവായുകൊണ്ട് അഭിഷേകം നടത്തണം
പൂരപ്പറമ്പിൽ കൂട്ടുകാരോടൊപ്പം പൊരി ഊതിപ്പറത്തി കളിച്ചപോലെ,
ട്വന്റി ട്വന്റിവൺ (2021) കലണ്ടർ നുള്ളിക്കീറി
ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് ഊതിക്കളിക്കണം.
കല്ലും കട്ടയും കളഞ്ഞു ചേറ്റിപ്പെറുക്കി വെച്ചവരെ കൂടെ കൂട്ടി
2022 – ന്റെ മാതൃഭൂമി കലണ്ടർ
വെളുത്ത ഭിത്തിയിൽ കൊളുത്തിയിട്ട് ആഘോഷിക്കണം.
എന്നിട്ട്…….,
പിന്നിൽ നിന്ന് കുത്തി വേദനിപ്പിക്കാത്ത,
മുന്നിൽ നിന്നു ചിരിച്ചു പറ്റിക്കാത്ത,
വിശ്വസിച്ചു കൂടെ കൂട്ടാവുന്ന
അക്ഷരങ്ങളെ ചേർത്തുപിടിച്ച്
പുതിയ യാത്രക്കൊരു ടിക്കറ്റ് എടുക്കണം