അരുണിമ – 7

ലാങ്ങ് വോയിലെ മലനിരകളിൽ സൂര്യനുദിച്ചു വരുമ്പോഴേക്കും യാത്ര തുടങ്ങി. അഞ്ച് നാൾ മുമ്പ് മ്യാൻമർ സൈനികർ വല്ലാതാക്കിയ ശരീരത്തിൻ്റ ആലസ്യം അരുണിൽ നിന്ന് മാഞ്ഞ് പോയിരുന്നു. ഉടുത്തുമാറാനുള്ള വസ്ത്രങ്ങൾ നിറഞ്ഞ തോൾ ബാഗുമായി അരുൺ ഇറങ്ങിയപ്പോഴേക്കും മുന്നിലായി പാച്ചെയും മൂന്ന് മാഞ്ഞാനി യോദ്ധാക്കളും.

പാച്ചെയെക്കാൾ പ്രായം കുറഞ്ഞവരെങ്കിലും അസ്ഥി എഴുന്ന് നിൽക്കുന്ന അവരുടെ ശരീരങ്ങളിൽ സഹനതയുടെ വാർദ്ധക്യം വന്ന് ചേർന്നിരുന്നു. അമ്പും വില്ലും വാളും കത്തിയും മുള കൊണ്ടുള്ള ചെറു പാത്രങ്ങളുമായി ഗോത്രവർഗത്തിൻ്റെ എല്ലാ ശീലുകളുമേന്തിയ കരുത്തരായ മനുഷ്യർ മുന്നിൽ നടന്നു. ഉടുത്ത് മാറാൻ കരുതിയ വസ്ത്രങ്ങളുള്ള തോൾ ബാഗുമായി അരുണും.

അരുണിമയെ തേടിയുള്ള യാത്രയിൽ കരുണയും ആർദ്രതയും നെഞ്ചേറ്റിയ ആ നാലു മനുഷ്യർ അരുണിന് വഴി കാട്ടികളായി. നിനച്ചിരിക്കാത്ത പകലിൽ വന്ന് ചേർന്ന അതിഥിയുടെ ഹൃദയത്തിലിടം പിടിച്ച ഒരു പെൺകുട്ടിയെ തേടിയുള്ള യാത്രക്ക് അവരും ഒരുങ്ങിയിരിക്കുന്നു.

അദൃശ്യമായി വരച്ചുവെച്ച ഇന്ത്യ-മാൻമാർ അതിർത്തിയിൽ മലമുകളിലെ പുരാതനതയുടെ പുക ഉയരുന്ന ഗോത്ര കുടിലുകൾക്ക് പിന്നിലെ ചെറു വഴിയിലൂടെ ഇരുണ്ട് മൂടിയ മലമുകളിലേക്ക് അവർ നടന്നു.

മലഞ്ചെരിവിന് താഴെ ഇരുമ്പുപാലത്തിനപ്പുറം ഇരുളിൽ പതിയിരിക്കുന്ന തന്മഡാ സൈനികർക്ക് മഞ്ഞിൽ പുതഞ്ഞ് നീങ്ങുന്ന അവരെ കാണാൻ കഴിയില്ലെന്ന് ഉറപ്പുണ്ടായിരുന്നു. മലനിരകളിലെ മഞ്ഞിലുറഞ്ഞ് കൂടിയ തണുപ്പ് ശരീരം തുരന്ന് ഉള്ളിലൊഴുകുന്നത് പോലെ തോന്നി അരുണിന് . അർദ്ധനഗ്നരായി മുന്നിൽ നടക്കുന്ന മനുഷ്യർക്ക് അതൊരു തണുപ്പല്ലായിരുന്നു.

വെയിൽ ഉറയ്ക്കുമ്പഴേക്കും മലനിരകൾ പലതും അവർ പിന്നിലാക്കിയിരുന്നു. എങ്കിലും നീളെ നീളെ അന്തമില്ലാതെ കിടക്കുന്ന ഗിരിശൃംഗങ്ങൾ അരുണിന് വേവലാതിയുണ്ടാക്കി. എവിടെയാണ് ഇരാവതി.. എവിടെയാണ് പൂത്ത വാകമരങ്ങൾ .. എവിടെയാണ് അരുണിമ … നെഞ്ചിലൂറുന്ന പ്രണയവുമായി അവൾ കാത്തിരിക്കുന്നുവോ ? വല്ലാത്തൊരു വിർപ്പ് മുട്ടലോടെ അരുൺ മുന്നിലെ നിറങ്ങളില്ലാത്ത മനുഷ്യരുടെ പിറകെ നടന്നു.

മുളകളും ഈറ്റയും മറച്ച കാടിലേക്ക് ഇറങ്ങുമ്പോൾ അരുണിന് പേടി തോന്നി. അരുകിലെ കാട്ടുപൊന്തകളിൽ വളർന്ന് നിന്ന കാട്ടുവാഴകൾ പോലൊന്ന് ഒരാൾ വെട്ടിമറിച്ചു താഴേ വീണ വാഴത്തണ്ട് തുരന്ന് അതിൻ്റെ വെള്ളം എടുത്ത് എല്ലാവരും കുടിച്ചു … കുറച്ച് മുമ്പ് കഴിച്ചതേൻ പുരട്ടിയ പയർ മണികൾക്കുള്ളതിനേക്കാൾ സ്വാദ് തോന്നി അരുണിന് ആ വെള്ളത്തിന്.

വെയിൽ മറഞ്ഞു തുടങ്ങി. ഇല്ലിയും മുളയും വലിയ മരങ്ങളും ഇടതൂർന്ന ബർമയുടെ ആ ഇരുണ്ട വനഭൂമി മങ്ങിയ വെളിച്ചത്തിൽ അവരുടെ യാത്ര തടസ്സപ്പെടുത്തി. ഇത്തിരി ഉയർന്ന ഒരു പാറയുടെ വിരിപ്പിൽ അവർ യാത്ര അവസാനിപ്പിച്ചു. വെട്ടി നിരത്തിയ ഈറ്റത്തണ്ടുകൾക്ക് മുകളിൽ വഴുതി വീണത് പോലെ അരുൺ കിടന്നു. ചാഞ്ഞ മരക്കൊമ്പുകൾക്കിടയിൽ ചിരിതൂകി നിന്ന നക്ഷത്രം അവൻ്റെ കൈകളിൽ കൂട്ടിപ്പിടിച്ചു.

അരുൺ ഒരു പകലും ഒരു രാവും നിനക്കായ് കാത്തിരിക്കില്ല… പക്ഷെ ഓരോ പകലും ഓരോ രാവും പുതുതായി പിറന്ന് വീഴുമ്പോഴും അവൾ, അരുണിമ നിനക്കായ് കാത്തിരിക്കും ….

(തുടരും …)

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.