അഞ്ച് നാൾ മുമ്പ് മ്യാൻമാർ പട്ടാളത്തിൻ്റെ പിടിയിൽപെട്ട ആ ദിനം കലി തുള്ളിയ കാറ്റിൻ്റെ കലമ്പൽ ആയിരുന്നു ചുറ്റും. തുടരെ തുടരെ ചോദ്യങ്ങൾ. ബർമ്മൻ പട്ടാളം ചുറ്റും ആർത്തിരമ്പുമ്പോൾ താനൊരു സഞ്ചാരിയാണെന്ന് ബോദ്ധ്യപ്പെടുത്താൻ അരുൺ പാടുപെട്ടു. അരുൺ അവർക്കൊരിരയായിരുന്നു, ഇരുണ്ട വഴിയിൽ വീണ്കിട്ടിയ ഇര. അവൻ്റെ ശരീരത്തിൽ, ജീവവായുവിൽ, പ്രാണനിൽ എല്ലാം അവർ മേഞ്ഞു നടന്നു. നനവു വറ്റി വരണ്ട് പോയ തൊണ്ടയിൽ നിലവിളി അറ്റുപോകും വരെ ഉടയാത്ത മസിലുകൾക്ക് മീതെ അവർ ഉറഞ്ഞു തുള്ളി. പിന്നെ എപ്പഴോ അനക്കമറ്റ ഉടലിനെ ഇരുമ്പ് പാലത്തിലൂടെ വലിച്ചിഴച്ച് സൗഹൃദ കവാടത്തിൻ്റെ മുന്നിലെത്തി ഉപേക്ഷിച്ചു. നിശ്ചലമായ ശരീരത്തിൽ നിന്ന് പ്രാണൻ ഒരു പിടച്ചിലോടെ അകലേക്ക് ഊർന്ന് പോകുന്നത് അരുൺ അറിഞ്ഞു.
അടഞ്ഞ് പോയ കണ്ണുകൾക്ക് മുന്നിലൊരു പുഴ. ചുവന്ന രക്തമൊഴുകുന്ന പുഴയിലേക്ക് ആരാണ് ഇറങ്ങി പോകുന്നത്?. പരിചിതത്വത്തിൽ നിന്ന് ഓർത്തെടുക്കാൻ കഴിയാത്ത മുഖം. എന്തിനാണ് കുത്തിയൊലിക്കുന്ന പുഴയിലേക്ക് അയാൾ പോകുന്നത് ?. അയാൾ കുത്തിപിടിച്ച മരക്കൊമ്പ് വെള്ളത്തിൽ തെറിച്ച് പോയിരിക്കുന്നു.
ഒഴുക്ക് ആ ശരീരത്തെ ഇപ്പോൾ കൊണ്ടു പോകും. അയാൾ പേടിയോടെ വിളിച്ചു രക്ഷക്കായി കൈ നീട്ടി ആ കൈയ്യിൽ തൊട്ടു. തണുത്ത് മരവിച്ച കൈ. അയാൾ പുഴയിലേക്ക് അവനെ വലിച്ചിട്ടു. ചോരയുടെ മണം. മൂക്കിലും വായിലും ചോര നിറഞ്ഞു. അയാൾ അവൻ്റെ കഴുത്തിൽ കുത്തി പിടിച്ചു ആർത്തലച്ച് ഒഴുകുന്ന പുഴയുടെ ആഴങ്ങളിലേക്ക് പിടിച്ചു താഴ്ത്തി.
ശ്വാസം മുട്ടുന്നു. ഹൃദയം നുറുങ്ങി പ്രാണൻ പിടയുന്നു. വലിഞ്ഞു മുറുകിയ അവൻ്റെ ശരീരം ആഴങ്ങളിലേക്ക് ആഴ്ത്തി അയാൾ പൊട്ടിച്ചിരിച്ചു. ഇത്തിരി ശ്വാസത്തിനായി അരുൺ പിടഞ്ഞു. പ്രാണൻ അകലേക്ക് പോകുന്നു. അരുണിമാ…
അകലെ എവിടെയോ ഇത്തിരി വെളിച്ചം. അവൻ അയാളുടെ കൈ പിടിച്ച് ഒരു പിടച്ചിലോടെ കുതറി മാറി. ചോരയുടെ മണം മാറി, അയാളും പുഴയും അകലേക്ക് പോയി. ആ ഭയാനക സ്വപ്നം അരുണിൽ നിന്ന് അകന്ന് പോയി.
സ്വപനമുറങ്ങിയ കണ്ണുകൾക്ക് മുകളിൽ നെറ്റിമേൽ ഒരു ചെറിയ കുളിർ വന്ന് മൂടി. ഒരു ചെറു നനവിൻ്റെ പൊട്ട് കണ്ണുകളിൽ. എവിടെയോ പൂത്ത് വിരിയുന്ന പാരിജാതത്തിൻ്റെ ഗന്ധം. അരുകിലൊരു കാൽച്ചിലമ്പിൻ്റെ ശബ്ദം. തനാക്ക തേച്ച് സുന്ദരമാക്കിയ മുഖം. സൗമ്യതയുടെ പരിമളം വിടർന്ന ചിരിയിൽ, അരികെ അരുണിമ. അവനവളുടെ കൈ പിടിച്ചു. മഞ്ഞിൽ തൊട്ടത് പോലെ തണുത്തുറഞ്ഞ കൈ. ഒരു നേർത്ത നിലവിളിയോടെ അരുൺ കണ്ണു തുറന്നു.
പ്രായം പകുത്തെടുത്ത വരണ്ട ശാന്തമായ മുഖമായിരുന്നു തുറന്ന കണ്ണുകൾക്ക് മുന്നിൽ. ആഴത്തിലുറപ്പിച്ച മങ്ങിയ കണ്ണുകൾ. ഒരു വൃദ്ധൻ. വിറക് കമ്പുകൾ പോലുള്ള ആ കൈകളിൽ ആദിമ ഗോത്രത്തിൻ്റെ അത്ഭുത മരുന്നുകൾ അമൃതാക്കി ഒരുക്കി അവനിൽ നിന്ന് അറ്റുപോയ ജീവനെ ശരീരത്തിലുണർത്തി വെച്ചു. അഞ്ചുനാൾ കഴിഞ്ഞിരിക്കുന്നു.
തനിക്ക് ജീവനേകിയ ആ മുഖത്തേക്ക് നോക്കി അരുൺ പിന്നെയും ചോദിച്ചു. “അരുണിമയെ എനിക്ക് എന്ന് കാണാൻ കഴിയും ….? ” .
ഒന്നും മനസിലാകാത്ത മുഖഭാവത്തോടെ ആ വൃദ്ധൻ അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു.
(തുടരും )