അരുണിമ – 12

ഇരാവതിയുടെ തീരത്തെ ആ വഴി ആളും വാഹനങ്ങളും ഒഴിഞ്ഞ് വിജനമായിരുന്നു. വഴിയരികിലെ വാകമരങ്ങൾ ഇലയും പൂവും കൊഴിഞ്ഞ് വിരൂപങ്ങളായതു പോയ പോലെ. ആരുമില്ലാത്ത വഴി, ആരുമില്ലാത്ത നദി.

വിജനമായ വഴിയിലൂടെ അരുൺ യാത്ര തുടർന്നു. പട്ടാളക്കാർ പോലുമില്ല. വഴിയിൽ പട്ടാളക്കാരെത്തി തന്നെ പിടികൂടുമെന്ന് അരുൺ ഭയപ്പെട്ടിരുന്നു. വഴിയരുകിലെ കടകൾ അടച്ച് പൂട്ടപ്പെട്ട് ആരുമില്ലാതെ അനാഥമായി കിടക്കുന്നു. പിന്നിലെ ഗ്രാമങ്ങളിലും ആരുമില്ല. ഈ മനുഷ്യരൊക്കൊ എവിടെ പോയി.

കുന്നിൻപുറങ്ങളിലെ ബുദ്ധമൊണാസ്ട്രികളിൽ മന്ത്രങ്ങൾ ഉയരുന്നുണ്ട്. അവിടെ കയറി സൗമ്യരായ ബുദ്ധഭിക്ഷുക്കൾ നൽകിയ ഭക്ഷണം കഴിച്ച് വിശപ്പകറ്റി. ചോദ്യങ്ങളും ഉത്തരങ്ങളും അവിടെയും ഉണ്ടായില്ല. സാഹിങ്ങിലേക്കുള്ള വഴി അവരിൽ നിന്ന് ഒന്നുകൂടി ഉറപ്പ് വരുത്തി പതിയെ നടന്നു. പൊടിയും അഴുക്കും നിറഞ്ഞ മലമ്പാത, താഴെ ഒഴുകുന്ന ഇരാവതി അല്ലാതെ സുന്ദര കാഴ്ച്ചകൾ ഒന്നുമില്ല. തണുത്ത കാലാവസ്ഥയിൽ വെയിലിന് അത്ര ചൂടില്ല അതുകൊണ്ട് നടപ്പ് സുഖമായി. ഒരു കുന്നിനെ ചുറ്റി വഴി ഇറക്കമായി താഴെ കുറെ ചെറു വീടുകൾ ഒരു പാറ കൂട്ടത്തിത്തിന് മുകളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ കണ്ടപാടെ താഴെ വീടുകളിലേക്ക് ഓടി.

താഴേക്ക് പോകണമോ. വേണ്ടെന്ന് തീരുമാനിച്ച് പതിയെ നടന്നു. പിന്നിൽ നിന്ന് ഒരു വണ്ടിയുടെ ശബ്ദം. പൊടിപറത്തി അതിങ്ങ് പെട്ടെന്ന് എത്തി. പഴകി പതിഞ്ഞ ടെമ്പോ പോലൊന്ന്. എൻജിൻ ക്യാബിന് പിന്നിലെ പെട്ടിയിൽ പതുങ്ങിയിരുന്ന തലകൾ വണ്ടി നിർത്തിയ പാടെ ഒച്ചവെച്ച് ചാടി എഴുന്നേറ്റു. ഉയർത്തിപ്പിടിച്ച തോക്കുകളുമായവർ മുന്നിലേക്ക് ചാടി വീണു.

പട്ടാളക്കാരല്ല. ഒന്നോ രണ്ടോ ആളുകൾക്കൊഴിച്ച് ആർക്കും യൂണിഫോമില്ല. പഴകിപ്പറിഞ്ഞ ഉടുപ്പുകൾക്കുള്ളിൽ തളർച്ചയുടെ മുഖമുള്ള ഇവർ പട്ടാളക്കാരല്ലെന്ന് അരുണിന് ബോദ്ധ്യപ്പെട്ടു. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവർക്ക് ബോദ്ധ്യമായതു പോലെ. ഇവരും കാട്ടിൽ കണ്ട ഗോത്രവർഗക്കാരായ പോരാളികളെ പോലെ സർക്കാരിനെതിരെ പോരടിക്കുന്നവരാണ്.

സാഹിങ്ങിലേക്ക് ഇനിയും ദൂരമുണ്ട്. നിങ്ങൾ ഇന്ത്യക്കാരെ ഞങ്ങൾക്ക് ബഹുമാനമാണ്. നിങ്ങളുടെ യാത്ര അപകടമാണ്. വഴിയിൽ എവിടെങ്കിലും നിങ്ങൾ ആക്രമിക്കപ്പെട്ടേക്കാം. അവർ പറയുന്നത് ശരിയാണെന്ന് അരുണിനറിയാമായിരുന്നു. അരുണിമയെ കാണണം ഈ ശ്മശാന ഭൂവിൽ നിന്ന് അവളെ കൊണ്ടു പോകണം.

ഞങ്ങളുടെ കൂടെ കയറിക്കോളു വണ്ടിയുടെ മുകളിലേക്ക് ചൂണ്ടി ഒരാൾ പറഞ്ഞു. കുത്തി നിറഞ്ഞ് ഇരുമ്പ് പെട്ടിക്കുള്ളിൽ അടുക്കിയതുപോലെ തോന്നിയെങ്കിലും അരുണിന് അതൊരാശ്വാസമായി. പൊടിയും അഴുക്കും നിറഞ്ഞ മനുഷ്യർ കൈയിലുറപ്പിച്ച തോക്കുകളും സങ്കടങ്ങൾ ഊതി നിറച്ച കണ്ണുകളുമായി അവർ അരുണിന് ചുറ്റും ഇരുന്നു. അവരെയും പേറി ആടി ഉലഞ്ഞ് പൊടി വിടർത്തി ആ വാഹനം ഓടിത്തുടങ്ങി.

തനിക്ക് മുന്നിൽ തല കുമ്പിട്ടിരിക്കുന്ന ആ മനുഷ്യരോട് എന്തെങ്കിലും ചോദിക്കണമെന്ന് അരുണിന് തോന്നി. വണ്ടിയുടെ ശബ്ദവും പൊടിയും അതിന് തടസമായി. താഴെ ഇരാവതിയിലേക്കും കടന്ന് പോകുന്ന കുന്നുകളിലേക്കും നോക്കി അരുണിമയെ ഓർത്തു. പെട്ടെന്ന് വണ്ടി നിന്നു മുന്നിലെ ക്യാബിനിലിരുന്നവർ അലറി വിളിച്ചു കൊണ്ട് പുറത്തിറങ്ങി. ചുറ്റുമിരുന്നവർ എന്തൊക്കെയോ ഉറക്കെ പറഞ്ഞ് പുറത്തേക്ക് ചാടി. ഒരാൾ അരുണിനെ വലിച്ച് താഴേക്കിട്ടു. അപ്പോഴേക്കും അവർ വന്ന വാഹനം ഇരാവതിയുടെ തീരത്തേക്ക് ഒരു ചെറു വഴിയിലൂടെ അതിവേഗംപോകുന്നതും അത് ഒരു പൊന്തക്കാട്ടിൽ മറയുന്നതും കണ്ടു.

എല്ലാവരും ഓടുകയാണ് ഒരാൾ അരുണിനെ വലിച്ചുകൊണ്ട് ഒരു പാറക്കൂട്ടത്തിന് അടിയിലേക്ക് ഇട്ടു. കൂടെയുള്ളവരൊക്കെ എവിടെ പോയി . എങ്ങും ആരുമില്ല. എന്താണ് കുഴപ്പം. ഒരു ഹെലികോപ്കടറിൻ്റെ ഇരമ്പൽ. അത് അടുത്തു വരുന്നു കൂടെയുള്ള ആൾ അരുണിൻ്റെ തല പിടിച്ച്മണ്ണിലേക്ക് പൂഴ്ത്തി.

ആ പാറയിടുക്കിൽ മണ്ണിൽ മുഖം പൊത്തി എത്ര നേരമങ്ങിനെ കിടന്നുവെന്നറിയില്ല തലക്ക് മുകളിൽ ഒച്ചയിട്ട് പറക്കുന്ന ഹെലികോപ്കടറിൻ്റെ മുരളിച്ച കാതുകളിലേക്ക് അടുക്കും തോറും അരുണിനൊപ്പം ഒളിച്ച പടയാളി അവൻ്റെ തല വല്ലാതെ അമർത്തിപ്പിടിക്കും ..

കാറ്റും കോളും മറഞ്ഞത് പോലെ എല്ലാം ശാന്തമായ്. ഓരോരുത്തരും അവർ ഒളിച്ച ഇടുക്കുകളിൽ നിന്ന് ഒച്ചവെച്ച് എഴുന്നേറ്റു. ഇരാവതിയുടെ കരയിൽ പൊന്തക്കാടുകൾക്കുള്ളിൽ ഒളിപ്പിച്ച വാഹനം മേലെ റോഡിലേക്ക് കൊണ്ടുവന്നു . എല്ലാവരും വീണ്ടും അതിൽ കയറി. അവരെയും പേറി പിന്നെയും ആവാഹനം ചലിച്ചു തുടങ്ങി.

മലഞ്ചെരുവുകളെ ചുറ്റി മുന്നോട്ട് പോകുമ്പോൾ കണ്ട കാഴ്ചകൾ ഹെലികോപ്കടറിൻ്റെ ഇരമ്പിലിനെ എന്തിനാണവർ ഭയപ്പെട്ടതെന്ന് കാണിച്ചു തന്നു. ചുട്ടെരിക്കപ്പെട്ട ഗ്രാമങ്ങൾ. വഴിയും വീടും കാടും മരങ്ങളും കാട്ടുതീയിൽ വീണ് വെന്തെരിഞ്ഞതുപോലെ, ജീവനും പ്രാണനുമില്ലാതെ നിശബ്ദമായ പ്രേതഭൂമികൾ കണക്കെ ഓരോ ഗ്രാമവും കടന്നു പോകുന്നത് വിറയലോടെ അരുൺ കണ്ടിരുന്നു.

കണ്ടു മറന്ന വഴികൾ ഓർമ്മിപ്പിച്ച് സാഹിങ്ങ് മലഞ്ചെരുവുകൾ കണ്ടുതുടങ്ങി. ആളൊഴിഞ്ഞ കടകൾക്ക് മുന്നിൽ അരുണിനെ ഇറക്കി ആ വാഹനം കടന്ന് പോയി. പൂക്കളില്ലാത്ത വാകമരങ്ങൾ താത്പര്യമില്ലാതെ അവനെ സ്വീകരിച്ചു. വാകമരത്തണലിൽ മുമ്പത്തെപ്പോലെ കച്ചവടക്കാരെ ആരെയും കണ്ടില്ല. നദിയിൽ ബോട്ടുകളോ വള്ളങ്ങളോ ഇല്ല തുണികൾ അലക്കി വിരിക്കുന്ന മനുഷ്യരില്ല. കത്തിക്കരിഞ്ഞ ഗ്രാമങ്ങളിൽ ആരുമില്ലാതായിരിക്കുന്നു.

അരുണിമ… അരുണിന് പേടി തോന്നി കുറച്ച് വളവുകൾക്ക് അപ്പുറം അവളുടെ ഗ്രാമമുണ്ട്. അവളെ കണ്ട ആ വാക മരമുണ്ട്. അതുവരെയില്ലാത്ത ഹൃദയമിടിപ്പോടെ അരുൺ നടന്നു.

ആ ഗ്രാമം, അരുണിമയുടെ ഗ്രാമം നിറങ്ങളും ആരവങ്ങളുമില്ലാതെ കെട്ടു പോയിരിക്കുന്നു. കത്തിയമർന്ന കുടിലുകൾക്കിടയിൽ ജീവൻ്റെ കണികകൾ ഇല്ല. ആചാമ്പലുകൾക്കുള്ളിൽ ആരുമില്ല. എവിടെ അരുണിമ. എവിടെ അവളുടെ ബന്ധുക്കൾ. അരുൺ ആ വഴി വക്കിൽ തളർന്നിരുന്നു. അരുണിമയെ തനിക്ക് നഷ്ടമായിരിക്കുന്നു.

മനുഷ്യരില്ലാത്ത വഴിവക്കിൽ മൂകമായി ആ വാകമരം. അതിന് ചുവട്ടിൽ ഒരു ചിരി കൊണ്ട് ഹൃദയത്തിൽ ഉയിരായ അരുണിമയില്ല. അരുണിമ അത് സ്വപ്നമായിരുന്നോ? ഇരാവതിയുടെ തണുത്ത കാറ്റ് ഉള്ളിലൊരുങ്ങിയ പ്രണയത്തെ അണച്ച് കടന്ന് പോയി.
(തുടരും)

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.