ലോങ്ങ് വാ മലനിരകളിലെ കുളിരിൽ ആകാശം ഇരുൾ പുതച്ച് താഴേക്ക് ഇറങ്ങി വന്നു.
‘അരുണിമയെ എന്ന് എനിക്ക് കാണാൻ കഴിയും ….?’
ഒന്നും മനസിലാകാത്ത മുഖഭാവത്തോടെ ആ വൃദ്ധൻ അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു. വളർന്നിറങ്ങിയ താടിരോമങ്ങൾ തടവി അരുൺ വീണ്ടും ചോദിച്ചു, ‘ അരുണിമയെ എന്ന് കാണും ?’
വിറക് കമ്പ് പോലെ കറുത്തുണങ്ങിയ കൈ കൊണ്ട് കെട്ടുപോയ അടുപ്പിലേക്ക് ഇത്തിരി കരി വാരി എറിഞ്ഞ് വൃദ്ധൻ ഒന്ന് ഇളകിയിരുന്നു. രണ്ട് രാജ്യങ്ങളുടെ അദൃശ്യമായ വേർതിരിവ് ആ രണ്ട് മനുഷ്യരുടെ ചിന്തകളേയും പകുത്ത് മാറ്റിയിരുന്നു. എരിഞ്ഞു തുടങ്ങിയ അടുപ്പ് പിന്നെയും ചുട് പകർന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി ആ കുടിലിൻ്റെ ഉമ്മറത്ത് അവർ ഇങ്ങിനെയിരിക്കുന്നു. അരുൺ പറയുന്നത് പലപ്പോഴും മനസിലാകാതെ അയാൾ നിശ്ശബ്ദം അവന്റെ മുഖത്തേയ്ക്ക് നോക്കും. ഇടയ്ക്ക് എഴുന്നേറ്റ്, അരയിൽ ഉടുത്ത പഴയതുണി ഒന്നുകൂടി വാരിച്ചുറ്റി അകത്ത് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന ഭാര്യയുടെ അടുത്ത് പോയി അടക്കം പറയും.
ലാങ്ങ് വാ ! ഇന്ത്യയിലെ അവസാന ഗ്രാമം. മ്യാൻമറിലെ ആദ്യ ഗ്രാമം. വന്യവും ചെങ്കുത്തായ മലനിരകളും ഹിമഗൃംഗങ്ങളും ഇടതിങ്ങിയ മഴക്കാടുകളും ചേർന്ന് പുറംലോകത്ത് നിന്ന് പൊതിഞ്ഞു സൂക്ഷിക്കുന്ന മഹാമേരുക്കളായ ഗോത്രവർഗ്ഗക്കാരുടെ ഗ്രാമം.
ശത്രുക്കളെ ആക്രമിച്ച് കീഴ് പ്പെടുത്തി കഴുത്തറുത്ത് അവരുടെ രക്തമൂറുന്ന ശിരസും ഊരിയെടുത്ത അസ്ഥികളും കൊണ്ട് വീടുകൾ അലങ്കരിച്ച് മലമടക്കുകളിൽ വിരിവെച്ച ആദിമ ഗോത്രവർഗ്ഗക്കാരായ മാഞ്ഞാനികളുടെ ഗ്രാമം. ഇന്ത്യയും മ്യാൻമറും ഏതെന്ന് തിരിച്ചറിയാൻ കഴിയാത്ത ലാങ്ങ് വാ എന്ന ആ അതിർത്തി ഗ്രാമത്തിൽ അരുൺ എത്തിയിട്ട് അഞ്ച് നാളായി.
അതിർത്തി നിർണ്ണയിച്ച വേലികളോ മതിൽ കെട്ടുകളോ ഇല്ല. കാലങ്ങൾക്ക് മുമ്പ്, ആരോ നിർണ്ണയിച്ച അതിർവരമ്പ് അദൃശ്യമായ ഒരു രേഖയിൽ രണ്ട് രാജ്യങ്ങളെ വേർതിരിച്ചിരിക്കുന്നു. വീടും പറമ്പും പാടങ്ങളും മരങ്ങളും മലനിരകളും മനുഷ്യനും രണ്ടു രാജ്യങ്ങളായി പകുത്ത് മാറ്റിയത് അറിഞ്ഞും അറിയാതെയും ഉപേക്ഷിക്കപ്പെട്ട സമൂഹമായി ആ ഗോത്രമനുഷ്യർ രണ്ട് രാജ്യങ്ങളിലുമായി അതിർത്തികളറിയാതെ ജീവിക്കുന്നു.
മഞ്ഞും കുളിരും നേർത്ത വെളിച്ചത്തെ ഒളിപ്പിച്ച് താഴേക്ക് പോകുകയാണ്. അരുൺ താഴേക്ക് നോക്കി. അങ്ങ് താഴെ കുത്തിയൊലിച്ചു പോകുന്ന കാട്ടാറിനപ്പുറം റംഗൂണിലേക്കുള്ള ചെറിയ പാതയിൽ നിഴൽ വീഴ്ത്തി പതുങ്ങികിടന്ന പട്ടാള വാഹനം ഇപ്പോൾ കാണുന്നില്ല. കാട്ടാറിന് കുറുകെ ഇന്ത്യാ-മ്യാൻമാർ ഫ്രണ്ട്ഷിപ്പ് റോഡ് എന്ന തലക്കെട്ടുയർത്തിയ ഇരുമ്പ്പാലം ഇരുളിലാണ്ടിരിക്കുന്നു.
ആ ഇരുളിലേക്ക് ഒരിക്കൽ കൂടി ഓടിയിറങ്ങിയാലോ? പാലത്തിനപ്പുറത്തെ റോഡിലുടെ ഇരുണ്ട് മൂടിയ കാടുകളും മലനിരകളും കടന്ന് തണുത്തുറയുന്ന ഇരാവതി നദിയുടെ തീരത്തേക്ക് ഓടിയാലോ?
അവിടെ ആ നദിക്കരയിൽ അവളുണ്ട് , അരുണിമ.
തനാക്ക തേച്ച് സുന്ദരമാക്കിയ മുഖവും ആയിരം നക്ഷത്രങ്ങൾ വിരിയുന്ന കണ്ണുകളുമായി അവൾ കാത്തിരിക്കുന്നുണ്ട്.
തുടരും …..