സൗഹൃദത്തെ വെറുമൊരു അവസരമായി കാണരുതെന്നും അതിനെ എല്ലായ്പ്പോഴും മധുരമയമായ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നും പറഞ്ഞത് ഖലീല്‍ ജിബ്രാനാണ്. നിങ്ങളാകുന്നതിലേക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു നല്കുന്നവരില് ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ആത്മസുഹൃത്തെന്ന് പ്രസ്താവിച്ചതാകട്ടെ, അമേരിക്കന്‍ കവിയും ഗായകനുമായ ജിം മോറിസണും. അങ്ങനെ ഈ രണ്ട് കാഴ്ചപ്പാടുകളും ആവോളം പ്രസരിപ്പിച്ച് പലവട്ടം മോഹിപ്പിക്കികയും സാന്ത്വനങ്ങള്‍ ചൊരിയുകയും ചെയ്ത വി.സി. ഹാരിസിനെ അടുത്ത കൂട്ടുകാരനായ ദേശാഭിമാനി അസ്സി. എഡിറ്റർ അനിൽ കുമാർ എ.വി. ഓർക്കുകയാണ്
രംഗബോധമില്ലാത്ത കോമാളിയെപ്പോലെ പതുങ്ങിയെത്തുന്ന ചില മരണങ്ങള് കാണാനും കേള്‍ക്കാനും ഞെട്ടാനും വലിയ മട്ടില്‍ ഉണ്ടാവില്ലെങ്കിലും അവ അഗാധങ്ങളായ ആന്തരിക ശൂന്യതകള്‍ തീര്ക്കാറുണ്ടെന്നതാണ് സത്യം. ഡോ.വി സി ഹാരിസ് എന്ന എന്റെ പ്രിയ മിത്രത്തിന്റെ അകാല വിയോഗം അത്തരമൊരു അവസ്ഥയുടെ നീറ്റുന്ന വേദനയാണ് ഞങ്ങളില്‍ പലരിലും ആത്യന്തികമായി അവശേഷിപ്പിച്ചത്. അനുരഞ്ജനരഹിതമായ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ അപരന്റെ വ്യക്തിത്വത്തെ സമ്മതിച്ചു കൊടുക്കുകയും ചെയ്ത ആ ധിഷണാശാലി എപ്പോള്‍ കണ്ടുപിരിയുമ്പോഴും ഉടന്‍ അടുത്തൊരു കൂടിക്കാഴ്ച മോഹിക്കുമായിരുന്നു. കാന്തത്തിലേക്കെന്നവണ്ണം പിടിച്ചുവലിക്കപ്പെടുന്ന ആകര്‍ഷണത്വം എത്രയോ അപരിചിതരെപ്പോലും സ്തംഭിപ്പിച്ചിട്ടുണ്ട്. എല്ലാ തൊങ്ങലുകള്ക്കുമുപരി മനുഷ്യനെന്ന സാധാരണ യാഥാര്‍ഥ്യത്തില്‍ മാത്രം ചാരിനില്ക്കുകയും അകമഴിഞ്ഞ് വിശ്വസിക്കുകയും ചെയ്തു അദ്ദേഹം. എത്ര സംസാരിച്ചാലും ചര്‍ച്ചകള്‍ നടത്തിയാലും സമുദ്രം കണക്കെ പ്രക്ഷുബ്ധമാകുമായിരുന്ന ആ മനസ്സ്, ഇതുവരെ നിര്‍വചിച്ചെടുക്കാന്‍ കഴിയാത്ത ഏതല്ലാമോ പ്രത്യേകതകളാല്‍ നിബിഡമായിരുന്നു.
സൗഹൃദത്തെ വെറുമൊരു അവസരമായി കാണരുതെന്നും അതിനെ എല്ലായ്പ്പോഴും മധുരമയമായ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നും പറഞ്ഞത് ഖലീല്‍ ജിബ്രാനാണ്. നിങ്ങളാകുന്നതിലേക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു നല്കുന്നവരില് ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ആത്മസുഹൃത്തെന്ന് പ്രസ്താവിച്ചതാകട്ടെ, അമേരിക്കന്‍ കവിയും ഗായകനുമായ ജിം മോറിസണും. അങ്ങനെ ഈ രണ്ട് കാഴ്ചപ്പാടുകളും ആവോളം പ്രസരിപ്പിച്ച് എന്നെ പലവട്ടം മോഹിപ്പിക്കികയും സാന്ത്വനങ്ങള്‍ ചൊരിയുകയും ചെയ്ത അടുത്ത കൂട്ടുകാരനാണ് ഹാരിസ്. നവസിദ്ധാന്തങ്ങള്‍ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുകയും അക്കാദമിക ഗവേഷണങ്ങള്‍ക്ക് പുതുവഴികള്‍ തേടുകയും ചെയ്ത അധ്യാപകന് എന്നതിനെക്കാള്‍ അറിവിന്റെ സാമൂഹ്യ പ്രയോഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച പോരാളിയായാണ് ഞാന്‍ അദ്ദേഹത്തിന്റെ സംഭാവനകളെ വരവുവെക്കുന്നത്. രചനകളും പാരായണവും വിമര്‍ശനവും എങ്ങനെയാകണമെന്ന് നിരന്തരം വഴികാട്ടിയ അപൂര്വപ്രതിഭകളില് ഒരാള്‍. ആക്ടിവിസ്റ്റ്, സാമൂഹ്യ സാഹിത്യ വിമര്ശകന്, നാടകകാരന്, ചലച്ചിത്ര നിരൂപകന്, അഭിനേതാവ്, മികച്ച അധ്യാപകന്, വിവര്ത്തകന് തുടങ്ങിയ തുറകളിലെല്ലാം അതിശ്രദ്ധേയങ്ങളും ഗൗരവതരങ്ങളുമായ ഇടപെടലുകളാണ് ഹാരിസില്‍ നിന്നുണ്ടായത്. അതിലെല്ലാമുപരി പരിമിതികളുള്ള സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. അക്കാദമിക സാംസ്കാരിക മണ്ഡലങ്ങളില്‍ കിടയറ്റ സംഭാവനകള്‍ നല്കിയപ്പോഴും ശ്രദ്ധ മിക്കപ്പോഴും ജീവിതം ഇരമ്പുന്ന തെരുവുകളുടെ പിടച്ചിലുകളിലേക്കായിരുന്നു. അധികാര ശക്തികളുടെ ദയാരാഹിത്യത്തിനുനേരെ ഉറച്ച ശബ്ദത്തില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു ആ സാന്നിധ്യമറിയിക്കലുകള്. വേണ്ടുന്നിടത്തെല്ലാം കൈത്താങ്ങ് നീട്ടുവാനും ക്രൂരതകളുടെ മരുപ്പറമ്പുകളിലെല്ലാം ദയ ചുരത്താനും എപ്പോഴും സന്നദ്ധനുമായി.
ഒരു നവവത്സര ദിനത്തില്‍ ദില്ലിയില്‍ കൊലചെയ്യപ്പെട്ട നാടക പ്രതിഭ സഫ്ദര്‍ ഹാശ്മിയുടേത് മുതല്‍ ഏറ്റവുമൊടുവില്‍ ബംഗലൂരുവിലെ വീട്ടില്‍ വെടിയുണ്ടയേറ്റ് പിടഞ്ഞു മരിച്ച പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വരെ കൊലപാതകത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ ആ സര്‍വകലാശാലാ അധ്യാപകന് ഒരു മടിയുമുണ്ടായില്ല. അത്തരം സാംസ്കാരിക പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹം സ്വയം നിവര്‍ന്നുനിന്നു. ഗൗരി ലങ്കേഷിന്റെ ദാരുണമായ വധത്തില്‍ പ്രതിഷേധിച്ച് കോട്ടയം നഗരത്തില്‍ നടന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധമായിരുന്നു അതില്‍ ഒടുവിലത്തേത്.
സര്‍വകലാശാലകളുടെ ഉള്ഭിത്തികള്ക്കകത്ത് വരേണ്യവാദം തീര്‍ത്ത മാന്യതാസങ്കല്പ്പങ്ങളെ തകര്‍ത്തുകൊണ്ടായിരുന്നു അവയെന്നതും മറക്കാനാവില്ല. അതുകൊണ്ടുതന്നെ ഔചിത്യങ്ങള്‍ പാലിക്കാത്തവന്, അരാജകവാദി തുടങ്ങി മറ്റൊരു ഘട്ടത്തില്‍ ധിക്കാരി എന്നെല്ലാമുള്ള ശകാര വിശേഷണങ്ങളില്‍ അറിയപ്പെടാനുള്ള അവസരവും ഹാരിസിനുണ്ടായി. അത് ആ വ്യക്തിത്വത്തിനുള്ള അംഗീകാരമായേ കണക്കാക്കപ്പെട്ടുള്ളു. അധ്യാപനം, പരിഭാഷ, നാടകം, സിനിമ, സാഹിത്യ വിമര്‍ശം എന്നിങ്ങനെ വ്യാപരിച്ച മേഖലകളെല്ലാം അദ്ദേഹത്തിന് വിപ്ലവ പ്രവര്‍ത്തനത്തില്‍ കുറഞ്ഞ ഒന്നുമല്ലായിരുന്നു.
സര്‍ഗാത്മകതയുടെ അന്തകരായ പാരമ്പര്യോപജീവികളുടെ വിദ്യാഭ്യാസ രീതികളോട് എന്നും കലഹിച്ച ഹാരിസ്, നവവിജ്ഞാന ശാഖകളുടെ ഉള്‍ബലത്താല്‍ ബഹുശാഖീ സമ്പ്രദായത്തിന്റെ പിന്തുണയാല്‍ പുതിയ രീതിശാസ്ത്രത്തിനുതന്നെ തുടക്കമിട്ടു. ക്ലാസ് മുറികളെ സംവാദമണ്ഡലമായി ഉയര്‍ത്തുകയായിരുന്നു അതിലൂടെ. ഉത്തരാധുനിക ചിന്തകളെ ക്യാമ്പസിന്റെ തുറസുകളിലേക്ക് തുറന്നുവിട്ട് ജാഗ്രതയ്ക്കും ഉത്തരവാദിത്തത്തിനും കാവല്‍നിന്ന അധ്യാപകനെന്ന പേരും പെരുമയും നേടുകയും ചെയ്തു. അതിവിപുലമായ ആശയലോകത്തെ പ്രതിനിധാനം ചെയ്ത് ധൈഷണിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹം ക്ലാസുകളുടെ അതിരുകള്ക്കപ്പുറത്തെ പ്രഭാഷണ വേദികളെയും പ്രകാശമയമാക്കി. ആ ലക്ഷ്യബോധത്തിന് അതില്‍ക്കവിഞ്ഞ സ്വാധീനമുണ്ടാക്കാനും കഴിഞ്ഞു. ടി.ടി. ശ്രീകുമാര്‍ ശരിയാംവണ്ണം നിരീക്ഷിച്ചതുപോലെ, കേരളത്തിലെ ധൈഷണിക സംവാദങ്ങള്‍ കേവലമായ ഫോര്‍മലിസ്റ്റ് പോസിറ്റിവിസ്റ്റ് ചട്ടക്കൂടുകളില്‍ ഒതുങ്ങിപ്പോവാതിരിക്കാന്‍ ഹാരിസ് ഉത്തരാധുനികതയുടെയും പോസ്റ്റ് കൊളോണിയല്‍ അന്വേഷണങ്ങളുടെയും നവീന ധാരകളെ തന്റെ അധ്യാപനത്തിന്റെയും എഴുത്തിന്റെയും അവിഭാജ്യ ഘടകമാക്കി. ചിന്തയുടെയും വായനയുടെയും ഭാവനയുടെയും അപൂര്‍വമായ സംയോജനത്തില്‍ ആ പ്രഭാഷണങ്ങളും പഠനങ്ങളും ഭാഷയെയും സംസ്കാരത്തെയും നവസാമൂഹികതയുടെ രാഷ്ട്രീയത്തെയും ഒരേസമയം ആദരിക്കുകയും അവയെയൊക്കെ സമ്പുഷ്ടമാക്കുകയുംചെയ്തു.
താന്‍ ജീവിക്കുന്ന കാലത്തെയും സമൂഹത്തെയും ചൂഷണ വിമുക്തമാക്കണമെന്ന ലക്ഷ്യത്തിലൂന്നിയുള്ളതായിരുന്നു ഹാരിസിന്റെ ഇടപെടലുകളെല്ലാം. താല്‍ക്കാലിക ലാഭങ്ങള്‍ക്കുവേണ്ടി അതിലൊന്നും ഒരുവിധത്തിലുള്ള സന്ധി ചെയ്യലിനും മുതിര്‍ന്നതുമില്ല. അതിന് ഏറെക്കുറെ ആശ്രയിച്ചത് തനിക്ക് ശരിയെന്ന് നന്നായി ബോധ്യപ്പെട്ട വഴികളായിരുന്നുവെന്നു മാത്രം.
ഒരാളെയും അന്ധമായി പകര്‍ത്തിവെക്കാനുള്ള ശീലവും പുലര്‍ത്തിയില്ല. എന്നാല്‍ സ്വഭാവത്തില്‍ ജോണ്‍ എബ്രഹാമിനെപ്പോലെയായിരുണെന്ന അഭിപ്രായം പരിചിതര്‍ക്കിടയില്‍ പ്രബലമായിരുന്നു. അദ്ദേഹത്തെപ്പോലെ അരാജകവാദം ആഘോഷിച്ച ജൈവപണ്ഡിതന് എന്ന് ചില സുഹൃത്തുക്കള്‍ ഹാരിസിനെ ആത്മാര്‍ഥമായി വിശേഷിപ്പിക്കാറുണ്ടായിരുന്നു. സിനിമയെ അടിമുടി ജനകീയമാക്കി നാട്ടിന് പുറങ്ങളിലേക്കും തെരുവുകളിലേക്കും പടര്‍ത്തിയ ‘ഒഡേസ’ ഫിലിം സൊസൈറ്റിയുടെ മാതൃക ഏറ്റെടുത്ത് ആ വഴിക്ക് നീങ്ങുകയുമുണ്ടായി അദ്ദേഹം. അതില്‍മാത്രം ഒതുങ്ങിയില്ല ചലച്ചിത്ര പ്രണയവും പ്രവര്‍ത്തനങ്ങളും. എക്കാലവും ബദല്‍ സിനിമയുടെ ആരാധകനായി നിലകൊണ്ട ഹാരിസ് ബലിഷ്ടമായ നിരൂപണ പന്ഥാവും വെട്ടിത്തെളിച്ചു. സിനിമയിലെ സാന്നിധ്യങ്ങള്‍ക്കൊപ്പം അസാന്നിധ്യങ്ങളും തിരഞ്ഞ അത് സൗമ്യവും സ്വാഭാവികവുമെന്ന മട്ടില്‍ പ്രസരിപ്പിക്കപ്പെടുന്ന ചിഹ്നങ്ങളുടെയും പ്രതീകങ്ങളുടെയും രാഷ്ട്രീയ ഉള്ളടക്കമടക്കം വേര്‍തിരിച്ചെടുത്തു.
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ നിറഞ്ഞ് തുണച്ച ഹാരിസ് ചലച്ചിത്ര അക്കാദമി പോലുള്ള ഔദ്യോഗിക സംവിധാനങ്ങളുടെയും ഭാഗമായിനിന്ന് നല്ല സിനിമകളെ ആവോളം പ്രോത്സാഹിപ്പിക്കുകയുമുണ്ടായി. ഈ അഭിരുചികള്‍ക്ക് ബാല്യ കാലത്തോളം പഴക്കമുണ്ട്. മയ്യഴിയില്‍ പിറന്ന ഹാരിസ് പന്ത്രണ്ടാം വയസ്സില്‍ കുടുംബത്തോടൊപ്പം തലശ്ശേരിയിലേക്ക് താമസം മാറിയതാണ് വഴിത്തിരിവായത്. അക്കാലംതൊട്ട് സിനിമാക്കോട്ടകള് അനൗപചാരികാധ്യയനത്തിന്റെ ഇടമായി. അവിടുത്തെ വീനസ്, പ്രഭ, ലോട്ടസ്, മുകുന്ദ് തിയറ്ററുകളാണ് അതിന് അസ്ഥിവാരമിട്ടത്. ഹോളിവുഡ് ബോളിവുഡ് വിസ്മയങ്ങളിലേക്കുള്ള വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടതാകട്ടെ വീനസും. അതിന് അപ്രതീക്ഷിതമായി താഴുവീണതോടെ ലോക സിനിമയിലേക്കുള്ള വഴി മുടങ്ങി. അക്കാലത്താണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഒരു പ്രസ്ഥാനത്തിന്റെ ചുറുചുറുക്കോടെ ഫിലിം സൊസൈറ്റികള്‍ ഊര്‍ജം വിതറാന്‍ തുടങ്ങിയത്. തലശ്ശേരി പട്ടണത്തില്‍ ഉത്സാഹശാലികളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ അതിന്റെ ശാഖ തുടങ്ങി. ആ ഫിലിം സൊസൈറ്റി മാസത്തിലൊരിക്കല്‍ ലോക ക്ലാസിക്കുകള്‍ പ്രദര്‍ശനത്തിനെത്തിച്ചു. അതിലെ പ്രധാന കാഴ്ചക്കാരനായി ഹാരിസും. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ സ്ഥിരം പ്രേക്ഷകനായി വളര്‍ത്തിയതും ആ ബാല്യ-യൗവനകാല അനുഭവങ്ങളാണ്. തിരുവനന്തപുരം മേളയിലെ സംവാദങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും മുഖ്യസംഘാടകനായി നിന്നതിലെ കാലുറപ്പും ആദ്യകാലത്ത് ആര്ജിച്ചതുതന്നെ. ഒട്ടേറെ നാടകങ്ങളില്‍ ഭാഗഭാക്കായ ഹാരിസ് കുറച്ച് സിനിമകളിലും വേഷമിട്ടു. പരിഗണനാര്‍ഹങ്ങളായ കുറേ ഹ്രസ്വചിത്രങ്ങളും എടുത്തു. 1595-96 കാലത്ത് വില്യം ഷേക്സ്പിയര് പൂര്‍ത്തിയാക്കിയ എ മിഡ്സമ്മര്‍ നെറ്റ്സ് ഡ്രീം നാടകം, മധ്യവേനല്ക്കിനാവില്’എന്ന പേരില്‍ എം ജി യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം അവതരിപ്പിക്കുകയുണ്ടായി. സാമുവല്‍ ബെക്കറ്റിന്റെ ക്രാപ്സ് ലാസ്റ്റ് ടേപ്പ് നാടകം ബക്കറ്റും ക്രാപ്പും കുറുപ്പും എന്ന ശീര്‍ഷകത്തില്‍ മലയാളത്തിലേക്ക് മൊഴിമാറ്റവും സംവിധാനവും നിര്‍വഹിച്ചു. അതുമാത്രമല്ല, അതില്‍ ക്രാപ്പായി വേഷമിടുകയുംചെയ്തു. ആ അവതരണം അതേപേരില്‍ പുസ്തകവുമാക്കി. ടി കെ രാജീവ്കുമാറിന്റെ ജലമര്‍മരം, സുമാജോസിന്റെ സാരി, ശിവപ്രസാദിന്റെ സ്ഥലം, സിദ്ധാര്‍ഥ് ശിവയുടെ സഖാവ്, അബി വര്‍ഗീസിന്റെ മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്.
കേരള സര്‍വകശാലാ ഇംഗ്ലീഷ് വിഭാഗത്തില്‍ ഡോ. കെ അയ്യപ്പപണിക്കരുടെ ഇഷ്ട ഗവേഷണ വിദ്യാര്‍ഥികളിലൊരാളായിരുന്ന ഹാരിസ്, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഗവേഷണം ഏറ്റെടുത്തതു മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷയത്തിന്റെ ഹൃദയംതൊട്ട ആഴവും പരപ്പും എല്ലാക്കാലത്തെയും സഹഅധ്യാപകര്‍ക്ക് പാഠവും പാഠപുസ്തകവുമായി. 19-ാം നൂറ്റാണ്ടിലെ അമേരിക്കന്‍ കവയിത്രി എമിലി ഡിക്കന്സണിന്റെയും 20-ാം നൂറ്റാണ്ടിലെ അമേരിക്കന്‍ കവയിത്രി സില്‍വിയ പ്ലാത്തിന്റെയും രചനകളുടെ താരതമ്യവിശകലനമായിരുന്നു ആ പഠനം. ഫ്രഞ്ച് സൈദ്ധാന്തികനായ ജാക്വസ് ദറിദയുടെ കാഴ്ചപ്പാട് അടിസ്ഥാനമാക്കിയുള്ള ആ അന്വേഷണത്തിലൂടെ ഹാരീസ് ‘കേരള ദറിദ’ എന്നും അറിയപ്പെട്ടിരുന്നു.