അമ്മ വാക്ക്

പലായനങ്ങൾക്കെപ്പോഴും
മുറുക്കി കെട്ടിയ
പഴന്തുണിഭാണ്ഡത്തിന്റെ പ്രതീക്ഷയാണ്.
ഒരു കടൽ ദൂരത്തിനപ്പുറം  
അഭയത്തിന്റെ വാഗ്ദത്ത ഭൂമി
സമാധാനത്തിന്റെ വെള്ളമണൽത്തരികൾവിരിച്ച്
പരന്നുകിടക്കും.

കടലാവട്ടെ, കപ്പൽച്ചേതങ്ങളുണ്ടാവില്ലാ –
യെന്ന് ഇരമ്പിയാവർത്തിക്കും.

വെടിയുണ്ടകളേറ്റ് കരിഞ്ഞ
ഒരുകാറ്റ് കരയിറങ്ങിവന്നിരുന്നു
കാറ്റാണ് പായ്ക്കപ്പലിന് തുഴയെറിഞ്ഞത്
പൂത്തുലഞ്ഞ ഒരു വസന്തമായിരുന്നു
കാറ്റിന്റെ കനവ് ……
പലായനത്തിന്റെ പടകിലിരിക്കുമ്പോഴാണ്
കടലിന്
ആകാശത്തിനെ ചുംബിക്കണമെന്ന് തോന്നിപ്പോയത് .
അമ്മിഞ്ഞ നുണഞ്ഞു കിടന്ന
അവന്റെ കണ്ണുകളിൽ
ആകാശം നീലിച്ചു കിടന്നു.

പ്രണയം മുറിഞ്ഞ
തിരകളവനെയുമെടുത്താണ്
കടലിലേക്കമർന്നത് ……
കടലപ്പോഴുമാകാശത്തെ  
പ്രണയിച്ചു കൊണ്ടേയിരുന്നു….
എന്റെ കണ്ണുകളിൽ
ആകാശമുണ്ടായിരുന്നില്ല ,
ഭൂമിയും ..

എന്റെ ഒറ്റമുലക്കണ്ണപ്പോഴുമവന്റെ
ചുണ്ടുകൾക്കിടയിലായിരുന്നു
ചുരന്നു തീരാത്ത വാത്സല്യം ….
അമ്മച്ചുംബനങ്ങളൊഴിയാത്ത ചുണ്ടുകൾ …..

ആഴങ്ങളിലേക്കവനാഴ്ന്നാഴ്ന്നു പോകവേ
മുറുകി മുറുകിപ്പോകുന്ന നാഭിച്ചുറ്റുകൾ.
ഉടലാകെയുമൊരു പാൽപ്പുഴയാക്കി
ഞാനൊഴുകിയിറങ്ങിയത് കടലിലേക്ക് ..

ഒരു പാൽ ചുഴിയായി
ചുഴലി പോലവനെയുമെടുത്ത്
കടലിൽ നിന്നും കരയിലേക്കെന്റെ
വിരുദ്ധസഞ്ചാരപഥം

ഒരു കള്ള  കടൽചുഴിയാലെന്നിലെ
വാത്സല്യച്ചുഴലികളെ വിടർത്തി
വിടർത്തിയവനെയുമെടുത്ത്
കടൽ ആഴങ്ങളിലേക്കൂളിയിട്ടു.
ഞാനോ, കരുത്തില്ലാത്ത ഓളങ്ങളാ-
ലലംകൃതമായ വെറുമൊരു പുഴ !

മുത്തശ്ശിക്കഥകളിലൂടെ ഞാനവന്
പറഞ്ഞുറപ്പിച്ച കടൽക്കൊട്ടാരങ്ങളിൽ
കടലമ്മയുടെ താരാട്ടു കേട്ട്
നല്ല സ്വപ്നങ്ങൾ കണ്ടവനുറങ്ങുമെന്നതാ –
യിരുന്നെന്റെ അമ്മക്കിനാവ്

അവന്റെ സ്വപ്നങ്ങളാകട്ടെ പ്രാചീനമായ
കടൽ ഫലകങ്ങൾ പോലെ
അതിരുകളില്ലാതെയൊരൊറ്റ
സമുദ്രത്തിനു മീതെ ഒഴുകി നടന്നവയായിരുന്നു…..

പക്ഷെ ……., പക്ഷേ…..
മൂന്നാം ദിനം ,കടലവനെയും തിരസ്ക്കരിച്ചു !
ആകാശം നിറഞ്ഞു കിടന്ന
അവന്റെ കണ്ണുകൾ കളവു പോയിരുന്നു !
പാൽ മണച്ചുണ്ടുകളെ ,മുത്തി
മുത്തിയടർത്തിയെടുത്തത്
കുഞ്ഞു മീനുകളാവണം ……?
എന്റെ മുലക്കണ്ണ് …… ?

വാഗ്ദത്തഭൂവിന്റെ വെള്ളിമണലിൽ
കാഴ്ച കമഴ്ത്തി വച്ച് അവൻ കിടന്നു…
ഒരു കടൽ മത്സ്യത്തിന്റെ നനഞ്ഞ
പള്ളയിൽ കിടന്നവന്റെ കണ്ണുകൾ……
യുദ്ധമില്ലാത്ത സ്വപ്നങ്ങൾ കണ്ടു .

എന്റെ വറചട്ടിയിൽ പൊള്ളിയടർന്ന
മത്സ്യങ്ങൾക്കൊക്കെയും പിന്നെ
എന്റെ അമ്മ മണമായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ ആര്യനാട് സ്വദേശിനി. സർക്കാർ ജീവനക്കാരിയാണ്