മലയാളത്തിന് ഒട്ടേറെ മറക്കാനാവാത്ത കഥാപാത്രങ്ങളെ സംഭാവന ചെയ്ത മികച്ച ഒരെഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍ . അദ്ദേഹത്തിന്റെ നോവലുകളും കഥകളും ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നവയാണ് . അന്യം നിന്നുപോയ നായര്‍ തറവാടുകള്‍, ക്ഷയിച്ചു പോയ തറവാടുകളുടെ ഉള്ളില്‍ ചിതലരിച്ച് പോയ ജീവിതങ്ങള്‍, മാനുഷിക വികാരങ്ങളുടെ തുറന്ന പുസ്തകങ്ങള്‍ ഒക്കെയായി ഓരോ കഥയും നോവലുകളും മലയാളി വായനക്കാരെ ആകര്‍ഷിച്ചവയാണ്. താന്‍ ജനിച്ചു വളര്‍ന്ന കാലത്തിലും ചുറ്റുപാടിലും കണ്ട, കേട്ട അനുഭവിച്ച കാര്യങ്ങളെ മനോഹരമായ ഭാഷയുടെ കൈത്തഴക്കം കൊണ്ട് വായനക്കാരില്‍ എത്തിക്കാന്‍ കഴിഞ്ഞ പ്രതിഭ തന്നെയാണ് എം ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ എഴുത്തുകാരന്. ഇന്ന് മലയാളത്തില്‍ ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍ ബഹുമാന്യമായ ഒരു സ്ഥാനം അദ്ദേഹത്തിന് കരഗതമായത് എഴുത്തില്‍ അദ്ദേഹം നല്കിയ സംഭവനകള്‍ കൊണ്ടുതന്നെയാണല്ലോ . തറവാടിത്വം ഒരു ഭാരമായി ചുമന്നു നടക്കേണ്ടി വന്ന നായര്‍ സമുദായത്തിന്റെ പതനവും കിതപ്പും കുതിപ്പും ഒക്കെ മനസ്സിലാക്കാന്‍ ഭാവികാലത്തെ സഹായിക്കുന്ന എഴുത്തുകള്‍ ആണ് അദ്ദേഹത്തിന്റെ . ഒരുകാലത്ത് സമൂഹത്തില്‍ നിലനിന്ന മതമൈത്രിയും മണ്ണിനോടും മനുഷ്യരോടും ഉള്ള പരസ്പര ബഹുമാനവും സ്നേഹസമ്പര്‍ക്കങ്ങളും പച്ച മനുഷ്യരായി നിന്ന ജീവിതങ്ങളും ഒക്കെ എം ടിയുടെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും ആയി വായിക്കാന്‍ കഴിയും. മലബാറിന്റെ സംസ്കാരം എഴുത്തിന്റെ ലോകത്ത് നല്കിയ സംഭാവനകള്‍ അനവധിയാണ് .
ഒരു പക്ഷേ മലയാളത്തില്‍ ആദ്യമായിട്ടാകാം രണ്ടു പ്രഗല്ഭര് ചേര്‍ന്ന് ഒരു നോവല്‍ എഴുതുന്നതു . അതിനും എം ടി ഒരു ഭാഗമായിരുന്നു എന്നത് കൌതുകകരമായ ഒരു കാഴ്ചയാണ് . ഇത്തരത്തില്‍ പ്രഗല്ഭരായ മിക്ക എഴുത്തുകാരെയും പുസ്തക പ്രസാധകര് നല്ല രീതിയില്‍ വിറ്റ് കാശാക്കാറുണ്ട് . എഴുത്തിലൂടെ അവര്‍ ഉയര്‍ത്തിക്കൊണ്ട് വന്നവരും സ്വയം ഉയര്‍ന്നു വന്നവരുമായ മിക്കവരുടെയും പേരില്‍ ഒന്നുകില്‍ അവര്‍ മരണപ്പെടുമ്പോ അല്ലെങ്കില്‍ അവര്‍ ഒരു പ്രശസ്തമായ അംഗീകാരം ലഭിക്കുന്ന അവസരത്തില്‍ ഇപ്പറയുന്ന പുസ്തകകച്ചവടക്കാര്‍ പുറത്തിറക്കുന്ന ചില ബ്രാന്‍ഡ് ടൈറ്റിലുകള്‍ ഉണ്ട് . ആ വ്യക്തി ഇഷ്ടപ്പെട്ട കഥകള്‍ , ആ വ്യക്തി വായിച്ച കഥകള്‍ , ആ വ്യക്തിയുടെ തിരഞ്ഞെടുത്ത കഥകള്‍ , ആ വ്യക്തി ഉറങ്ങാന്‍ തലയിണയായി വയ്ച്ച പുസ്തകങ്ങള്‍ ആ വ്യക്തിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ , ആ വ്യക്തി കുളിക്കാന്‍ പോയപ്പോഴൊക്കെ സംഭവിച്ചവ ഇങ്ങനെ ഇങ്ങനെ അത് നീണ്ടു പോകും . മലയാളത്തിലെ മിക്ക പ്രമുഖരുടെയും ഇത്തരം ഓര്‍മ്മകള്‍ ഇറങ്ങാറുണ്ട് . ഇതിലെ തമാശ ഇത്തരം പുസ്തകങ്ങള്‍ ഒരാള്‍ അല്ല ഇറക്കുക പലരായിട്ടു ഒരേ കാര്യം പല ടൈറ്റിലുകളില്‍ ഇറക്കും . വായനക്കാര്‍ ഒരേ കാര്യം പല പുസ്തകത്തില്‍ വായിക്കും .
കറന്റ് ബുക്സ് ഇറക്കിയ എം.ടി.യുടെ, “അമ്മയ്ക്ക്” എന്ന ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യം ഇതാണ് . എം.ടി.യുടെ തന്നെ പല പല കഥകളിലും കുറിപ്പുകളിലും പറഞ്ഞിട്ടുള്ള ഓര്‍മ്മകള്‍ . പഠിക്കാന്‍ പോയ കാലം , എഴുതിത്തുടങ്ങിയ അനുഭവങ്ങള്‍ , സിലോണില്‍ ജോലി ചെയ്യുന്ന അച്ഛന് അവധിക്കു വരുമ്പോള്‍ കൂടെവന്ന പെങ്ങള് തുടങ്ങിയ ബാല്യകാലത്തെയും കൌമാരകാലത്തെയും ഓര്‍മ്മകള്‍ . ഇവയൊക്കെ ആവര്‍ത്തനങ്ങള്‍ ആയി തോന്നിയത് എവിടെയോ ഒക്കെ ഇവ വായിച്ചിട്ടുണ്ടല്ലോ എന്നുള്ളതുകൊണ്ടാണ് . അടുത്ത വരി , പേജില്‍ പറയാന്‍ പോകുന്നത് ഇതാണ് എന്ന ബോധത്തോടെ വായിക്കുന്ന അവസ്ഥയായിരുന്നു ഇതിന്റെ വായനയില്‍ ഉടനീളം. പ്രസാധകര് ശ്രദ്ധിക്കേണ്ട കാര്യം വായനക്കാരുടെ ക്ഷമയെ പരീക്ഷിക്കരുത് എന്നുള്ളതാണ് . പുതുതായി എന്താണ് തരാന്‍ കഴിയുക എന്നു നോക്കുക. അതിനു നല്ല വായനാബോധമുള്ള എഡിറ്റര്‍മാരെ നിയമിക്കുന്നതുകൊണ്ടു ശരിയാക്കാന്‍ കഴിയും എന്നു കരുതുന്നു . എം.ടി.യെ നന്നായി അറിയാന്‍ കഴിയുന്ന ഒരു പുസ്തകം ആണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അവയൊക്കെ ആവര്‍ത്തനവിരസത നല്കിയ വായന ആയെന്നതിനാല്‍ മാത്രമാണു ഇങ്ങനെ ഒന്നു പറയേണ്ടി വരുന്നതെന്നു മാത്രം. എം.ടി.യുടെ നോവലുകള്‍, കഥകള്‍ മാത്രം വായിച്ചിട്ടുള്ള, എം.ടി. ആരെന്നും എന്തെന്നും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം കുറേയൊക്കെ സഹായകമാകും.
അമ്മയ്ക്ക് (ഓര്‍മ്മകള്‍ )
എം ടി വാസുദേവന്‍ നായര്‍
കറന്റ് ബുക്സ്
വില : 70 രൂപ